പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ സിനിമ 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാൻഡ് പ്രി പുരസ്‌കാരം. ഹിന്ദി, മലയാളം ഭാഷകളിൽ എടുത്ത ചിത്രത്തിൽ കനി കുസൃതിയും ദിവ്യപ്രഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഹൃദു ഹാറൂൺ, അസീസ് നെടുമങ്ങാട് തുടങ്ങിയ മലയാളി അഭിനേതാക്കളും സിനിമയിൽ പ്രധാന വേഷം ചെയ്തിട്ടുണ്ട്.
ആദ്യമായാണ് ഒരു ഇന്ത്യൻ സംവിധായിക ഗ്രാൻഡ് പ്രി പുരസ്കാരത്തിന് അർഹയാകുന്നത്. 30 വർഷത്തിനുശേഷമാണ് ഒരു ഇന്ത്യൻ ചിത്രം പാം ദോറിനു മത്സരിക്കുന്നതും.
മുംബൈയിൽ ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരുടെ കഥാപാത്രങ്ങളായ പ്രഭയും അനുവുവുമായാണ് കനി കുസൃതിയും ദിവ്യപ്രഭയും വേഷമിട്ടത്.
പായൽ കപാഡിയയുടെ ആദ്യ ഫിക്ഷൻ ഫീച്ചർ സിനിമയാണിത്. തിരക്കഥയും അവർ തന്നെയാണ്. മുംബൈയിലെ രണ്ട് നഴ്സുമാരുടെ ജീവിതവുമായി ബന്ധപ്പെട്ടതാണ്, 80 ശതമാനവും മലയാളത്തിലുള്ള സിനിമയുടെ പ്രമേയം. തന്റെ വീട്ടിൽ മുത്തശ്ശിയെ പരിചരിക്കാനെത്തിയ മലയാളി നഴ്‌സിന്റെ ജീവിതകഥയാണ് പായലിന്റെ പ്രചോദനം. 2018-ലാണ് അവർ സിനിമ എഴുതിതുടങ്ങിയത്. 2023-ൽ ചിത്രീകരണം തുടങ്ങി.
നടിയായ നടിയല്ലാത്ത കനി കുസൃതി / കനി കുസൃതിയുമായുള്ള അഭിമുഖം കാണാം
ഫ്രഞ്ച് ആസ്ഥാനമായ കമ്പനിയായ പെറ്റിറ്റ് ചാവോസിലൂടെ തോമസ് ഹക്കിമും ജൂലിയൻ ഗ്രാഫും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. ഇന്ത്യൻ കമ്പനികളായ ചോക്ക് & ചീസ് ഫിലിംസ്, അനദർ ബർത്ത് എന്നിവയായിരുന്നു കോ പ്രൊഡ്യൂസേഴ്സ്. നെതർലാൻഡിലെ ബാൽദർ ഫിലിം, ലക്‌സംബർഗിലെ ലെസ് ഫിലിംസ് ഫൗവ്‌സ്, ഇറ്റലി എന്നിവരും നിർമാണ പങ്കാളികളാണ്. മുംബൈയിൽ 25 ദിവസത്തെ ചിത്രീകരണം പൂർത്തിയാക്കിയ ശേഷം രത്‌നഗിരിയിലാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈഫി’ന്റെ പതിനഞ്ച് ദിവസത്തെ ചിത്രീകരണം നടന്നത്. രണബീർ ദാസ് ആണ് ഛായാഗ്രഹണം. എഡിറ്റിങ്: ക്ലെമന്റ് പിന്റക്‌സ്, സംഗീതം: തോപ്‌ഷേ.
കാനിൽ നിരൂപകരുടെ വൻ പ്രശംസയാണ് സിനിമ ഏറ്റുവാങ്ങിയത്. ഗ്രാൻഡ് ലൂമിയർ തിയേറ്ററിൽ ചിത്രത്തിന്റെ പ്രീമിയർ ഷോയ്ക്കു ശേഷം, തന്റെ സിനിമയുടെ ഏറ്റവും വലിയ വിജയം തന്റെ അഭിനേതാക്കളാണെന്ന് പായൽ കപാഡിയ പറഞ്ഞു. പ്രദർശനത്തിന് മുന്നോടിയായി പായൽ കപാഡിയ, ദിവ്യ പ്രഭ, കനി കുസൃതി, ഹൃദ്ദു ഹാറൂൺ, ഛായാ ഖദം എന്നിവരോടൊപ്പം രണബീർ ദാസ്, ജൂലിയൻ ഗ്രാഫ്, സീക്കോ മൈത്രാ, തോമസ് ഹക്കിം എന്നിവർ റെഡ് കാർപ്പറ്റിൽ ചുവടുവച്ചു. ഇന്ത്യൻ താരങ്ങളെ ആവേശത്തോടെയാണ് കാൻ ഫെസ്റ്റിവലിൽ സ്വീകരിച്ചത്. തുടർന്ന് പ്രധാന തിയേറ്ററായ ഗ്രാൻഡ് തിയേറ്റർ ലൂമിയറിൽ വേൾഡ് വൈഡ് സ്ക്രീനിംഗ് നടന്നു.
'All We Imagine as Light'; കനിയും ദിവ്യപ്രഭയും രാഷ്ട്രീയവും സിനിമയും പറയുന്നു
'ബാർബി' സിനിമയുടെ സംവിധായിക ഗ്രെറ്റ ഗെർവിഡ് അധ്യക്ഷയായ ജൂറിയാണ് അവാർഡിനർഹമായ സിനിമകൾ തെരഞ്ഞെടുത്തത്.
പ്രശസ്ത ചിത്രകാരിയും വീഡിയോ ആർട്ടിസ്റ്റുമായ നളിനി മലാനിയുടെയുടെ സൈക്കോ അനാലിസ്റ്റ് ശൈലേഷ് കപാഡിയയുടെയും മകളാണ്, 38 കാരിയായ പായൽ കപാഡിയ. പുനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ 2015-ൽ നടന്ന വിദ്യാർഥി സമരം പ്രമേയമാക്കി പായൽ സംവിധാനം ചെയ്ത ഹ്രസ്വചിത്രമായ 'എ നൈറ്റ് ഓഫ് നോയിങ് നതിങ്' 2021-ൽ കാൻ ഫെസ്റ്റിവലിൽ 'ഗോൾഡൻ ഐ' പുരസ്‌കാരം നേടിയിരുന്നു. 2015-ലെ സമരകാലത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറെ ഘെരാവോ ചെയ്തതിന് കേസെടുത്ത വിദ്യാർഥികളിൽ പായലുമുണ്ടായിരുന്നു.
ഛായാഗ്രഹണത്തിന് നൽകിയ മികച്ച സംഭാവനയ്ക്കുള്ള പിയർ അജെന്യു പുരസ്‌കാരം പ്രമുഖ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ ഏറ്റുവാങ്ങി. ബോളിവുഡ് നടി പ്രീതി സിന്റയാണ് അവാർഡ് സമ്മാനിച്ചത്. ഈ അവാർഡ് നേടുന്ന ആദ്യ ഏഷ്യക്കാരനാണ് സന്തോഷ് ശിവൻ. പ്രമുഖ ഛായാഗ്രാഹകരയാ എഡ്വേഡ് ലാച്മാൻ, ആഗ്‌നസ് ഗൊദാർദ്, റോജർ ഡീകിൻസ് തുടങ്ങിയവരാണ് മുമ്പ് ഈ ബഹുമതിക്ക് അർഹരായത്.
'അൺ സേർട്ടൻ റിഗാഡ്' വിഭാഗത്തിൽ മികച്ച നടിയായി കൊൽക്കത്ത സ്വദേശി അനസൂയ സെൻഗുപ്തയെയും തെരഞ്ഞെടുത്തു. ബൾഗേറിയൻ സംവിധായകൻ കോൺസ്റ്റാന്റിൻ ബൊജനോവ് സംവിധാനം ചെയ്ത 'ദ ഷെയിംലെസ്' എന്ന ഹിന്ദി സിനിമയിലെ അഭിനയമാണ് അവാർഡിനർഹമാക്കിയത്. ലൈംഗിക തൊഴിലാളികളുടെ ചൂഷണവും ദുരിതവുമാണ് പ്രമേയം. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഇന്ത്യക്കാരിയാണ്. വേറിട്ട ആഖ്യാനശൈലിയുള്ള സിനിമകൾക്കായുള്ള കാനിലെ സമാന്തര മത്സരവിഭാഗമാണ് 'അൺ സേർട്ടൻ റിഗാഡ്'. ക്വീർ സമൂഹത്തിന് ഈ പുരസ്‌കാരം സമർപ്പിക്കുന്നതായി അനസൂയ പറഞ്ഞു.