1987- ലെ ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങ്. രാഷ്ട്രപതി ആർ. വെങ്കിട്ടരാമനാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുന്നത്.
ഇന്ത്യൻ സിനിമയ്‌ക്ക് നൽകിയ ആജീവനാന്ത സംഭാവനകൾ പരിഗണിച്ച് നൽകുന്ന ദാദാ സാഹേബ് ഫാൽക്കെ അവാർഡ് വിതരണത്തിന്റെ സമയമായി. അവതാരക പുരസ്‌കാര ജേതാവിന്റെ ലഘുവിവരണം വായിക്കുന്നു. തൂവെള്ള സ്യൂട്ടിൽ പങ്കാളി കൃഷ്ണ കപൂറിനൊപ്പം എത്തിയ ജേതാവാകട്ടെ, വർഷങ്ങളായി തന്നെ അലട്ടുന്ന ആസ്തമയോട് പടവെട്ടുന്ന തിരക്കിലാണ്. രണ്ടു ദിവസം മുൻപ് പരിപാടിയ്‌ക്കായി ഡൽഹിയിലെ ചൂടിലേക്ക് വിമാനമിറങ്ങിയ ആ മനുഷ്യനെ സ്വാഗതം ചെയ്തത് തലസ്ഥാനത്തെ പൊടിക്കാറ്റായിരുന്നു. കഠിനമായ ശ്വാസതടസം മറികടക്കാൻ ഓക്സിജൻ സിലണ്ടർ ധരിച്ചാണ് അദ്ദേഹം ചടങ്ങിനെത്തിയത്. വേദിയിലെത്തി രാഷ്ട്രപതിയിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കാൻ അദ്ദേഹത്തിനാകുന്നില്ല. പങ്കാളിയുടെ കൈയിൽ അമർത്തിപ്പിടിച്ച് തന്റെ നിസ്സഹായാവസ്ഥ പ്രകടിപ്പിക്കുന്നുമുണ്ട്.
പെട്ടെന്ന്, പ്രോട്ടോകോൾ മറികടന്ന് വെങ്കിട്ടരാമൻ സദസ്സിലേക്കിറങ്ങിച്ചെല്ലുന്നു. വിയർപ്പിൽ കുളിച്ചു പരിക്ഷീണനായി ഇരിക്കുന്ന പുരസ്‌കാര ജേതാവിന്റെ ഇരിപ്പിടത്തിലെത്തി നേരിട്ട് പുരസ്‌കാരം സമ്മാനിക്കുന്നു. തന്റെ പേഴ്സണൽ ആംബുലൻസിൽ ഉടൻ ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റൂ എന്ന് നിർദേശം നൽകുന്നു.
ഇന്ത്യൻ സിനിമയെ ലോകത്തിനു പരിചയപ്പെടുത്തിക്കൊടുത്ത, ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ‘ഷോമാൻ’, രാജ് കപൂർ ആയിരുന്നു ആ പുരസ്‌കാര ജേതാവ്. മകൻ രൺധീർ കപൂറിന്റെ വാക്കുകൾ കടമെടുത്താൽ ‘സിനിമയ്ക്കായി ജീവിച്ച, സിനിമയെ ആഹരിച്ച, സിനിമ മാത്രം സംസാരിച്ച, ഉറങ്ങുമ്പോൾ പോലും സിനിമ സ്വപ്നം കണ്ട’ രാജ്കപൂറിന് ഇന്ന് 100-ാം പിറന്നാൾ.
ദേവാനന്ദ്, ദിലീപ് കുമാർ, രാജ് കപൂർ തൃത്വത്തിന്റെ സുവർണ കാലഘട്ടമായിരുന്നു, 1950 കൾ. ദേവാനന്ദ് ചോക്ലേറ്റ് റൊമാന്റിക് ഹീറോ പട്ടത്തിൽ ചുറ്റിക്കറങ്ങിയപ്പോൾ ദിലീപ് കുമാർ നഷ്ട പ്രണയത്തിന്റെ പ്രവാചകനായി. പക്ഷേ ഉള്ളിലെ വികാരങ്ങൾ സമ്പൂർണമായി പ്രകടിപ്പിക്കുന്നതിൽ ഇരുവരുടെയും കഥാപാത്രങ്ങളിൽ എവിടെയോ ഒരപൂർണതയുണ്ടായിരുന്നു. ആ വികാരങ്ങൾക്ക് സ്ക്രീനിൽ സാധ്യമായ ഏറ്റവും തീവ്രമായ ആവിഷ്കാരം നൽകിയത് രാജ് കപൂറായിരുന്നു.
ഇന്ത്യൻ ചലച്ചിത്ര മേഖലയുടെ തൊട്ടപ്പന്മാരിൽ ഒരാളായ പൃഥ്വിരാജ് കപൂറിന്റെ മൂന്ന് ആണ്മക്കളിൽ മൂത്തയാളായി 1924 ഡിസംബർ 14 ന്, ഇന്നത്തെ പാക്കിസ്ഥാനിലാണ് രാജ് കപൂറിന്റെ ജനനം. ചെറുപ്പത്തിൽ തടിച്ച ശരീരപ്രകൃതിയായിരുന്നത് രാജിനെ കുറച്ചൊന്നുമല്ല വലച്ചത്. കൂട്ടുകാരുടെ പരിഹാസങ്ങൾ കേട്ടു മടുത്തിട്ടാണ് 'സെൽഫ് മോക്കിങ് ' ആദ്യമായി പരിശീലിച്ചു തുടങ്ങിയതെന്ന് രാജ്കപൂർ ഒരിക്കൽ ബണ്ണി റൂബനോട് വെളിപ്പെടുത്തിയിരുന്നു. നീലക്കണ്ണുകളും ആകർഷകമായ ഭാവപ്രകടനവും രാജിന് ഗുണമായി ഭവിച്ചിരുന്നു എന്ന് സഹോദരൻ ഷമ്മി കപൂർ ഓർത്തെടുക്കുന്നു. ചെറുപ്പത്തിൽ വിദേശിയനെന്നു തെറ്റിദ്ധരിച്ച് ബ്രിട്ടീഷുകാർ പലവട്ടം അവന് ഭക്ഷണം വാങ്ങിക്കൊടുത്തിരുന്നുവത്രേ.
ചെറുപ്പത്തിൽ അച്ഛനോടൊപ്പം മുംബൈയിലെത്തിയ രാജ്, അദ്ദേഹത്തിന്റെ പൃഥ്വി തിയറ്റേഴ്സിൽനിന്നാണ് കലയുടെ ബാലപാഠം അഭ്യസിച്ചു തുടങ്ങിയത്. അഞ്ചാം വയസ്സിൽ മൃച്ഛഘടിക എന്ന നാടകത്തിൽ അഭിനയിച്ച രാജ് 1935- ൽ, 11ാം വയസിൽ ഇൻക്വിലാബ് എന്ന ചിത്രത്തിലൂടെ മൂവീക്യാമറക്കു മുന്നിലെത്തി. പ്രേക്ഷക മനസ്സിൽ ഇടം പിടിയ്‌ക്കുന്നത് നീൽ കമലിലൂടെയാണ് (1947). നായകനായി നിശ്ചയിച്ച ജയരാജിന്റെ അപ്രതീക്ഷിത പിന്മാറ്റത്തെ തുടർന്നാണ് സംവിധായകൻ കിദർ ശർമ്മയുടെ ക്ലാപ്പർ ബോയ് ആയ രാജിന് നറുക്ക് വീഴുന്നത്. സിനിമ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും കവിത പോലെയുള്ള സംഭാഷണങ്ങൾ ചാരുത ഒട്ടും മങ്ങാതെ സ്‌ക്രീനിലെത്തിച്ച നീലക്കണ്ണുകളും കൂർത്ത മൂക്കും ആഴമേറിയ നോട്ടങ്ങളും പേറുന്ന രാജിനെ പ്രേക്ഷകർ ശ്രദ്ധിച്ചുതുടങ്ങി.
ആദ്യ സംവിധാന സംരംഭമായ ആഗിൽ (1948), സ്വാതന്ത്ര്യാനന്തര തലമുറയുടെ ഉള്ളിൽ പുകഞ്ഞിരുന്ന അമർഷമാണ് പുറത്തുകൊണ്ടുവന്നത്. സ്വാതന്ത്ര്യം നേടിയ രാജ്യത്തെപ്പറ്റി സ്വപ്നങ്ങൾ കാണുന്ന രാജാണ് ഈ സിനിമയിലുള്ളത്. 1949- ൽ പുറത്തിറങ്ങിയ ബർസാത് ആണ് 'രാജ്കപൂർ ഫിലിം ക്ലാൻ' ഒന്നിച്ച ആദ്യ സിനിമ. സംഗീത സംവിധാനം ശങ്കർ ജൈകിഷൻ, ഗാനരചന ശൈലേന്ദ്ര, ക്യാമറ രാധു കർമ്മാക്കർ, കലാസംവിധാനം എം.ആർ. അച്‌രേക്കർ, ആലാപനം ലത മങ്കേഷ്‌കറും മുകേഷും ഒപ്പം നർഗീസും.
1951 ഡിസംബർ 14നാണ് ആവാര റിലീസായത്. ഒരൊറ്റ ദിനം കൊണ്ട് ഇതിഹാസമായി മാറിയ സിനിമ. ഇന്ത്യക്കുപുറമെ തുർക്കി, ഇറാൻ, അറബ് രാജ്യങ്ങൾ, കിഴക്കൻ യൂറോപ്പ് എന്നിവിടങ്ങളിലെല്ലാം ബോക്സ് ഓഫീസ് റെക്കോർഡുകൾ. സോവിയറ്റ് യൂണിയനിൽ ആവാര ലഹരിയായി പടർന്നു. ഉത്തര ധ്രുവത്തിൽ പരീക്ഷണങ്ങൾ നടത്തുന്ന സോവിയറ്റ് സംഘത്തിന് കാണാൻ ചിത്രത്തിന്റെ പ്രിന്റുകൾ പ്രപഞ്ചയാത്ര ചെയ്തു. റഷ്യൻ സാഹിത്യകാരൻ Aleksandr Solzhenitsyn- ന്റെ 'കാൻസർ വാർഡി’ൽ ‘Awara Hoon'പാടുന്ന സോയയെ കാണാം.
അധികാരം കയ്യാളുന്ന കഥാപാത്രങ്ങളെയാണ് അച്ഛൻ പൃഥ്വിരാജ് കപൂർ അവതരിപ്പിച്ചത് എങ്കിൽ (മുഗൾ -ഇ-അസമിലെ അക്ബർ, ആവരായിലെ രഘുനാഥ് എന്ന ജഡ്ജി), വ്യവസ്ഥിതിയോട് കലഹിക്കുന്ന സാധാരണക്കാരെയാണ് രാജ്കപൂർ സ്‌ക്രീനിലെത്തിച്ചത്. ആവരായിലെ നാടോടി, ജാഗ്തെ രഹോയിൽ ഒരു ഗ്ലാസ് വെള്ളത്തിനായി കള്ളനാക്കപ്പെടുന്ന രാജു, മേരാ നാം ജോക്കറിലെ കോമാളി അങ്ങനെയങ്ങനെ…
സ്വന്തം ജീവിതം തന്നെ സിനിമയിൽ കാണിക്കാൻ മടിക്കാതിരുന്ന കലാകാരനാണ് രാജ്‌കപൂർ. ഓരോ സിനിമയിലും രാജിന്റെ സ്റ്റോറി ബോർഡ്, ആ സമർപ്പിത ജീവിതം തന്നെയായിരുന്നു.
ബോംബെയിലെ ചെമ്പൂരിലുള്ള ആർ. കെ. സ്റ്റുഡിയോസിലാണ് ഇന്ത്യൻ സിനിമയെ ഇളക്കിമറിച്ച രാജ് കപൂർ സിനിമകളെല്ലാം പിറന്നു വീണത്. പ്രണയരസം തുളുമ്പുന്നതും സംഗീത പ്രധാനവുമായിരുന്നു ആ സിനിമകൾ. ആർ.കെ ഫിലിംസിന്റെ പ്രസിദ്ധമായ ലോഗോ തന്നെ തെളിവ്. ഒരു കൈയിൽ വയലിനേന്തി, മറുകയിൽ ഒരു സ്ത്രീയെ താങ്ങിനിൽക്കുന്ന ആ ലോഗോയിൽ തന്നെ രാജ്കപൂർ ബ്രാൻഡ് ഓഫ് സിനിമയിൽ പ്രണയത്തിനും സംഗീതത്തിനുമുള്ള പ്രാധാന്യം വ്യക്തമാണ്. എം.ആർ. അച്‌രേക്കർ രൂപകല്പന ചെയ്ത ആ ലോഗോയ്ക്ക് നിറം നൽകിയതാകട്ടെ ബാല സാഹേബ് താക്കറെയും.
പാശ്ചാത്യ ലോകത്ത്, പ്രത്യേകിച്ച് സിനിമാ മേഖലയിൽ നടക്കുന്ന മാറ്റങ്ങൾ രാജ്കപൂർ കൃത്യമായി നിരീക്ഷിച്ചിരുന്നു. Barsaat- ന്റെ ചിത്രീകരണത്തെ Orson Welles- ന്റെ ക്യാമറ വർക്ക് ഏറെ സ്വാധീനിച്ചതായി അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സിറ്റിസൺ കെയ്ൻ- ലെ വെളിച്ചത്തിന്റെയും നിഴലിന്റെയും ബുദ്ധിപൂർവമായ ഉപയോഗം പല വേദികളിലും രാജ്കപൂർ ഓർത്തെടുത്തിരുന്നു. ആവാര, ആഗ്, ബർസാത് തുടങ്ങിയ ആദ്യ സിനിമകളിലാകട്ടെ Vittorio De Sica- യോടുള്ള ആരാധന പ്രകടവുമാണ്. ബൈസൈക്കിൾ തീഫ്സും ഹിച്കോക്ക് സിനിമകളും ഇഷ്ടപ്പെട്ട രാജ്കപൂർ, Francis Ford Coppola- യുടെ ദി ഗോഡ്ഫാദറിന്റെ FDFS ടിക്കറ്റിനായി അഞ്ചു മണിക്കൂർ ന്യൂയോർക്കിൽ ക്യൂ നിന്നത് സംവിധായകൻ രാഹുൽ റവൈൽ 'രാജ്കപൂർ: ദി മാസ്റ്റർ അറ്റ് വർക്സ്' എന്ന പുസ്തകത്തിൽ ഓർത്തെടുക്കുന്നുണ്ട്. ചാർളി ചാപ്ലിനെ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജ്കപൂർ തന്റെ സിനിമകളിൽ, വേഷവിതാനങ്ങളിൽ, കഥാപാത്ര രൂപകല്പനയിൽ, ആ ആദരം കൊണ്ടുവരാനും ശ്രദ്ധിച്ചിരുന്നു.
ഹിന്ദി സിനിമയിൽ അന്നോളം പിന്തുടർന്നിരുന്ന കഥ പറച്ചിൽ രീതിയോ പ്രമേയ പരിചരണമോ ആയിരുന്നില്ല രാജ് കപൂർ നടത്തിയത്. സാധാരണക്കാർക്ക് പലപ്പോഴും അപ്രധാനമെന്നു തോന്നാവുന്ന വസ്തുക്കളിൽ നിന്നും സംഭവങ്ങളിൽ നിന്നും, എന്തിന് ഒരു പാട്ടിന്റെ വരിയിൽ നിന്നുവരെ അദ്ദേഹം സിനിമക്കാവശ്യമായ പ്രമേയങ്ങൾക്ക് രൂപം നൽകി. ഒരു പുരുഷന് സ്ത്രീയുടെ ശബ്ദത്തോടുണ്ടാകാൻ സാധ്യതയുള്ള പ്രണയമാണ് 'സത്യം ശിവം സുന്ദരം' എന്ന സിനിമയ്ക്ക് നിമിത്തമായത്.
രാജീവ് കപൂറും മന്ദാകിനിയും അഭിനയിച്ച 'രാം തേരി ഗംഗാ മൈലി', പേര് കടം കൊണ്ടതാകട്ടെ തുളസീദാസിന്റെ രാമചരിതമാനസിലെ ഒരു സംഭാഷണത്തിൽ നിന്നും.
രാജ്കപൂർ നിർമ്മിച്ച് 1954- ൽ പുറത്തിറങ്ങിയ 'ബൂട്ട് പോളിഷ്' പറഞ്ഞത്, ബോംബെ തെരുവിൽ അനാഥമാകുന്ന ബാല്യങ്ങളുടെ കഥയായിരുന്നു. സിനിമായാത്രകളിൽ അദ്ദേഹം കണ്ട ജീവിതങ്ങൾ. ജാഗ്തേ രഹോ (1956) യിൽ സമൂഹത്തിന്റെ ഇരട്ടത്താപ്പാണ് പ്രമേയം. ദാഹം ശമിപ്പിക്കാനുള്ള ശ്രമത്തിനിടെ കള്ളനായി മാറിയ നായകനൊപ്പം (രാജ്കപൂർ) സഞ്ചരിക്കുന്ന പ്രേക്ഷകർ, സാമ്പത്തികമായി ഉയർന്നനിലയിൽ കഴിയുന്ന ആളുകളുടെ ഉള്ളിലെ ഇരട്ടത്താപ്പു കണ്ട് അമ്പരക്കുന്നു.
സിനിമയിൽ നൂറു ശതമാനം പ്രതിബദ്ധതയെന്ന രാജ്കപൂറിന്റെ വാശി, 'RK സിനിമ'കളുടെ പൂർണതയിലേക്കുള്ള യാത്രകളിൽ നിർണായകമായി. Pathan എന്ന നാടകത്തിലെ വെള്ളി ആഭരണങ്ങൾക്കായി പെഷാവർ വരെ പോയ, നാടകത്തിന്റെ ആദ്യമുള്ള പ്രാർഥനാ രംഗത്തിനായി ചിരാതിലെ വെളിച്ചം വരെ ക്രമപ്പെടുത്തിയ രാജിനെ Zohra Segal ഒരിക്കൽ ഓർത്തെടുത്തിരുന്നു.
Barsaat - ലെ ‘ഹവാ മേ ഉട്താ ജായേ’ എന്ന ഗാനത്തിലാണ് ആദ്യമായി കാശ്മീർ താഴ് വര ഒരു ഇന്ത്യൻ സിനിമയിൽ ചിത്രീകരിക്കുന്നത്. വലിയ മൂലധനച്ചെലവ് ആവശ്യമായി വന്ന ഇത്തരമൊരു തീരുമാനത്തിനുപിന്നിൽ തന്റെ കാണികൾക്ക് കാശ്മീർ താഴ് വര സ്ക്രീനിൽ ആദ്യമായി കാണാൻ അവസരമൊരുക്കണം എന്ന രാജ് കപൂറിന്റെ നിർബന്ധ ബുദ്ധിയായിരുന്നു. ‘സംഗ’ത്തിലാണ് ആദ്യമായി യൂറോപ്പ് ഒരു ഇന്ത്യൻ സിനിമയ്ക്ക് ലൊക്കേഷനായി മാറുന്നത്.
സിനിമ ജനിക്കുന്നത് ക്യാമറയ്ക്ക് മുന്നിൽ മാത്രമല്ല, പിന്നിൽ നിന്നു കൂടിയാണെന്ന കൃത്യമായ ബോധ്യം രാജ്കപൂറിനുണ്ടായിരുന്നു. കഥാപാത്രങ്ങളുടെ വസ്ത്രധാരണത്തിൽ തുടങ്ങി, ഷോട്ട് സെറ്റ് ചെയ്യുന്നതിൽ വരെ ഈ ശ്രദ്ധ നീണ്ടു. ഇൻഡോർ ഷൂട്ടിംഗ് പ്രബലമായിരുന്ന അക്കാലത്ത്, സെറ്റുകൾക്ക് വലിയ പ്രാധാന്യമാണ് രാജ്‌കപൂർ നൽകിയിരുന്നത്. ‘പ്യാർ ഹുവാ ഇക്രാർ ഹുവാ’ (Shree420) എന്ന ഗാനത്തിൽ നർഗീസിനൊപ്പം രാജ് കപൂർ നടന്നുനീങ്ങുന്ന വഴിയും തെരുവും സെറ്റ് ആയിരുന്നു. 'ബോബി'യിൽ ഋഷി കപൂറും ഡിംപിൾ കപാഡിയയും തമ്മിൽ, ബോബിയുടെ വീട്ടിൽ കണ്ടുമുട്ടുന്ന രംഗം ഓർക്കുക.
ബോബിയുടെ വീടിനു പിറകിലെ കടലിലൂടെ ഒരു വള്ളം നീങ്ങുന്നുണ്ട്. പക്ഷെ ആ കടൽ തന്നെയും സെറ്റ് ആണ്. അപ്പോൾ പിന്നെ ആ വള്ളമോ, അതാണ് സിനിമയിലെ രാജ് മാജിക്.
പാൻ-ഫോക്കസ് ഷോട്ടുകൾ ഏറെ ഇഷ്ടപ്പെട്ടിരുന്ന രാജ്കപൂറിന്, ക്യാമറയ്ക്ക് തൊട്ടടുത്ത് നിൽക്കുന്ന ആളിനോളം തന്നെ ദൂരെ നിൽക്കുന്ന കഥാപാത്രങ്ങൾക്കും പ്രാധാന്യം ഉറപ്പാക്കാൻ ഇതിലൂടെ സാധിച്ചു.
പൂർണമായ തിരക്കഥകളോടെ ചിത്രീകരണം നടത്തുന്ന രീതിയായിരുന്നില്ല രാജ് കപൂറിന്റേത്. ജൈനെന്ദ്ര ജെയിൻ അടക്കമുള്ള എഴുത്തുകാർ തയ്യാറാക്കിയ സംഭാഷണങ്ങൾ മാത്രമാകും പലപ്പോഴും അദ്ദേഹത്തിന്റെ കയ്യിലുണ്ടാവുക. എന്നാൽ സീൻ എങ്ങനെ വേണം എന്നതിനെ സംബന്ധിച്ച് ധാരണ ഉണ്ടാവുക സംവിധായകനു മാത്രവും.
ഇന്ത്യൻ സിനിമയെ രാജ് കപൂറിനു മുൻപും ശേഷവും എന്ന് വിഭജിക്കാം. പ്രാദേശികമായി മാത്രം അറിയപ്പെട്ടിരുന്ന ഇന്ത്യൻ സിനിമകൾക്ക് അന്താരാഷ്ട്ര മാർക്കറ്റ് ഉണ്ടായതിൽ, പാശ്ചാത്യ സിനിമാ രൂപകല്പനാരീതികൾ കടൽ കടന്ന് ഇന്നാട്ടിൽ വരുന്നതിലൊക്കെ രാജ് കപൂറിനോട് ഇന്ത്യൻ സിനിമ ഏറെ കടപ്പെട്ടിരിക്കുന്നു.
‘‘പ്രേക്ഷകരെ കബളിപ്പിക്കാതിരിക്കുക, എങ്കിൽ അവർ നിങ്ങളോട് വളരെ ദയാവായ്‌പുള്ളവരായിരിക്കും" എന്ന് അദ്ദേഹം പറയുമായിരുന്നു. പ്രേക്ഷകരെ അത്രമാത്രം അദ്ദേഹം ചേർത്തുപിടിച്ചു. അതുകൊണ്ടുതന്നെ, ഈ നൂറാം വർഷത്തിലും അദ്ദേഹത്തിന്റെ ഓർമകൾ, ആ സിനിമകൾ പകർന്ന അതേ വികാരതീവ്രതയോടെ പങ്കുവയ്ക്കപ്പെടുന്നു. വിവിധ നാടുകളിൽ, വ്യത്യസ്ത ഭാഷകളിൽ, പലതരം മനുഷ്യരുടെ ഹൃദയങ്ങളിൽ ആ ‘ഗ്രേറ്റസ്റ്റ് ഷോമാൻ’ നുരഞ്ഞുപതഞ്ഞുകൊണ്ടിരിക്കുന്നു.