‘പരസ്പര’ത്തിലെ (1983) ജഗദീഷ് ആയി നെടുമുടി വേണു

ശൃംഗാരവേണു

ശൃംഗാരരസത്തിൽ മുങ്ങിക്കുളിച്ച നെടുമുടി വേണുവിന്റെ 10 സിനിമകളിലൂടെ, അതിൽ വേണു ആടിത്തീർത്ത 10 ഉജ്വല കഥാപാത്രങ്ങളിലൂടെ ഒരു തിരിഞ്ഞുനടത്തം

തിറ്റാണ്ടുകളോളം സിനിമാ സ്‌ക്രീനിൽ നിറഞ്ഞുനിന്ന് മനുഷ്യരെ രസിപ്പിച്ച ഒരു വ്യക്തി, മുഖത്തെ ചായമെല്ലാം അഴിച്ചുവെച്ച് അഭിനയസാധ്യത തീരെ ഇല്ലാത്ത മറ്റൊരു ലോകത്തിലേക്ക് നിശബ്ദം യാത്രയാകുമ്പോൾ, അതുവരെ ചെയ്തുവെച്ച കഥാപാത്രങ്ങളും, അവരുടെ ചുണ്ടിൽ പിറവികൊണ്ട സംഭാഷണങ്ങളും, ആ വ്യക്തിക്കുമാത്രം സ്വന്തമായിരുന്ന ചില ചേഷ്ടകളുമാണ് പിന്നീട് അയാൾക്കുവേണ്ടി സംസാരിക്കാൻ തുടങ്ങുക.

നെടുമുടിവേണു എന്ന നടൻ കാലയവനികക്കുള്ളിൽ മറയുമ്പോൾ അപ്പുണ്ണിയും, വാരിയർ മാഷും, അച്ചുവേട്ടനും, തമ്പുരാനും, ആലയ്ക്കൽ ഗോവിന്ദനും, സേവ്യറും ഒക്കെ മലയാളികൾക്കിടയിലേക്ക് ഇറങ്ങിവരുന്നതും അവർ വീണ്ടും ചർച്ചയാകുന്നതും സ്വാഭാവികം.

സ്ത്രീവിഷയത്തിൽ ദൗർബല്യമുള്ള, അല്പം കുശുമ്പും കുന്നായ്മയും പറയുന്ന, കൗശല കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ നെടുമുടിക്കുണ്ടായിരുന്ന പാടവം ആരുമങ്ങനെ ചർച്ച ചെയ്ത് കണ്ടിട്ടില്ല.

മരുതെന്ന ശ്രദ്ധേയവേഷം അവതരിപ്പിച്ച ആരവം (1978) മുതൽ 43 വർഷം നീണ്ട അഭിനയജീവിതത്തിൽ, നായകനായും പ്രതിനായകനായുമൊക്കെ നെടുമുടി വേണു ആടി തീർക്കാത്ത വേഷങ്ങളില്ല. എന്നാൽ അമാനുഷിക പരിവേഷമുള്ള സൂപ്പർ സ്റ്റാറുകൾക്ക് പിന്നാലെ മലയാള സിനിമ പായാൻ തുടങ്ങിയ തൊണ്ണൂറുകളുടെ പകുതി മുതൽ അച്ഛനായും, പ്രധാനധ്യാപകനായുമൊക്കെ അദ്ദേഹം ഒതുക്കപ്പെട്ടുതുടങ്ങി എന്നതാണ് സത്യം. ആ പ്രതിഭയുടെ മിന്നലാട്ടങ്ങൾ മാത്രമാണ് ഞാനുൾപ്പെടുന്ന തലമുറക്ക് പിന്നീട് സ്‌ക്രീനിൽ കാണാൻ കഴിഞ്ഞത്. അത് ഒരിക്കലും അയാളിലെ നടൻ വിസ്മൃതിയിലാണ്ടുപോയതുകൊണ്ടല്ല, മറിച്ച്, ഭരതനും മോഹനുമൊക്കെ സൃഷ്ടിച്ചതുപോലുള്ള 'സാധാരണ' കഥകൾക്ക് മലയാളത്തിൽ ക്ഷാമം നേരിട്ടതുകൊണ്ടാണ്.
‘ഗോപിച്ചേട്ടൻ വയ്യാതായി ഇരിപ്പ് തുടങ്ങിയതും മികച്ച വേഷങ്ങൾ പിന്നീട് ലഭിക്കുന്നതിന് എനിക്ക് തടസമായി' എന്ന നെടുമുടിയുടെ വാക്കുകളും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

ആരവത്തിലെ മരുത്

അടുത്തകാലത്ത് ഇറങ്ങിയ ആണും പെണ്ണും സിനിമയുടെ അവസാനം വന്ന് ഞെട്ടിക്കുന്ന ആ വൃദ്ധകഥാപാത്രം, അത് നെടുമുടി വേണുവെന്ന പ്രതിഭയുടെ കഴിവുകൾക്ക് മങ്ങലേറ്റിരുന്നില്ല എന്നതിന്റെ തെളിവാണ്.
പ്രായം നെടുമുടി വേണുവിന്റെ കഴിവുകളിൽ മങ്ങലേൽപ്പിച്ചുവോ എന്ന് ഇനിയും സംശയം ഉള്ളവർ ‘സർവം താളമയം' എന്ന തമിഴ് ചിത്രത്തിന്റെ സീനുകൾക്കായി യൂട്യൂബിൽ പരതുക. അവയ്ക്ക് താഴെ, വെമ്പു അയ്യരെ പ്രശംസ കൊണ്ട് മൂടുന്ന തമിഴ് /ഇംഗ്ലീഷ് കമന്റുകൾ... അത് നിങ്ങൾക്കുള്ളതാണ്...!

സ്വത്വ ഗുണങ്ങൾക്കൊപ്പം, കൗശലവും കൗടില്യവും നിറയുന്ന കഥാപാത്രങ്ങളായും നെടുമുടി വേണു തന്റെ സിനിമകളിൽ രൂപാന്തരം പ്രാപിച്ചു. എന്നാൽ സ്ത്രീവിഷയത്തിൽ ദൗർബല്യമുള്ള, അല്പം കുശുമ്പും കുന്നായ്മയും പറയുന്ന, കൗശലക്കാരനായ ‘കോഴി' കഥാപാത്രങ്ങൾ അഭിനയിച്ചു ഫലിപ്പിക്കുന്നതിൽ നെടുമുടിക്കുണ്ടായിരുന്ന പാടവം ആരുമങ്ങനെ ചർച്ച ചെയ്ത് കണ്ടിട്ടില്ല. റൊമാന്റിക് ഹീറോ, ബാദ്ഷാ ഓഫ് റൊമാൻസ് എന്ന പേരിലൊക്കെ മാധ്യമങ്ങളും പ്രേക്ഷകരും നിരവധി താരങ്ങളെ വാഴ്​ത്തിപ്പാടാറുണ്ട്. പ്രണയത്തിനോ ശൃംഗാരത്തിനോ ആസ്വാദകരിൽ സൃഷ്ടിക്കാൻ കഴിയുന്ന സ്വാധീനം അത്ര വലുതാണ് എന്നതുതന്നെയാവാം അതിനുള്ള കാരണവും. അതുകൊണ്ടുതന്നെ നെടുമുടി വേണുവിനെ ഈ ഒരു തലത്തിൽ കൂടി വിലയിരുത്തപ്പെടേണ്ടതാണ്.

‘രസരാജൻ' എന്നറിയപ്പെടുന്ന ശൃംഗാരത്തെ ഇത്ര മനോഹരമായി മലയാള സിനിമയിൽ ആവിഷ്‌കരിച്ചിട്ടുള്ള വേറൊരു നടൻ ഉണ്ടോ എന്നത് സംശയമാണ്.

കണ്ണുകൊണ്ട് കടാക്ഷിച്ച്, പുരികങ്ങളൽപം ഉയർത്തി ചലിപ്പിച്ച്, പുഞ്ചിരിച്ച അധരത്തോടെ മുഖം പ്രസന്നമാക്കിത്തീർക്കുന്നതാണ് ശൃംഗാരത്തിന്റെ അഭിനയരീതി എന്നാണല്ലോ വെപ്പ്. എന്നാൽ ഇതേ ശൃംഗാരം തന്നെ, അൽപം കൂടിയാൽ അശ്ലീലമായും, അൽപം കുറഞ്ഞാൽ തികച്ചും അനാകർഷകമായും പരിണമിക്കുകയും ചെയ്യും. ചുരുക്കത്തിൽ ക്യാമറക്കുമുന്നിൽ ശൃംഗാരം എന്നത് അഭിനയിച്ചു ഫലിപ്പിക്കുക അത്ര എളുപ്പമല്ല എന്നുസാരം. അവിടെയാണ് ശൃംഗാരരസം അതിന്റെ പൂർണതയിൽ വിളങ്ങുന്ന എണ്ണം പറഞ്ഞ കഥാപാത്രങ്ങളുമായി നെടുമുടിവേണു എന്ന കലാകാരൻ തന്റെ സഹപ്രവർത്തകരിൽ നിന്ന് വള്ളപ്പാട് അകലെ മാറി നിൽക്കുന്നത്. ‘രസരാജൻ' എന്നറിയപ്പെടുന്ന ശൃംഗാരത്തെ ഇത്ര മനോഹരമായി മലയാള സിനിമയിൽ ആവിഷ്‌കരിച്ചിട്ടുള്ള വേറൊരു നടൻ ഉണ്ടോ എന്നത് സംശയമാണ്. തന്റെ സിനിമാജീവിതത്തിൽ കൂടുതലും ‘ഉടായിപ്പ്' കഥാപാത്രങ്ങൾ ചെയ്ത മുകേഷ്, വിനീത് ശ്രീനിവാസൻ, ഫിലിം ഫാക്ടറി സംഭാവനയായ അജുവർഗീസ് എന്നിവരടക്കം പിന്നീടുവന്ന പലരും ശൃംഗാരത്തെ സ്‌ക്രീനിൽ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്, ശരിതന്നെ!

ജി. അരവിന്ദന്റെ തമ്പിലെ രംഗം (1978) / Photo: NFAI

പക്ഷെ നഗരങ്ങളിലൊ അവിടങ്ങളിലെ കോളേജ് പരിസരങ്ങളിലോ ആയി മാത്രം തങ്ങളുടെ ‘കർമമേഖല'യെ പരിമിതപ്പെടുത്തിയവരാണ് ഈ കഥാപാത്രങ്ങൾ. വേറെ ചിലപ്പോഴൊക്കെ ഇവർ ഗ്രാമങ്ങളുടെ ഇടവഴികളിൽ കൊട്ടുവടിയേയും, പരമുവിനെയുമൊക്കെ പകർത്താൻ ശ്രമിച്ചു ദയനീയമായി പരാജയപ്പെടുകയും ചെയ്തു. അപ്പോഴാണ് പറങ്കിമല തേവരുടെ താഴ്വാരത്തിൽ തുടങ്ങി, ഓടരുതമ്മാവാ ആളറിയാ മിലെ നഗര പരിസരങ്ങൾ വരെ വ്യാപിച്ചു കിടക്കുന്ന വിശാലമായ ‘റൊമാന്റിക്​ സാമ്രാജ്യ' ത്തിന്റെ അധിപനായി നെടുമുടി വേണു അവർക്കുമേൽ ഉയർന്നുപറക്കുന്നത്.

കാവാലത്തിന്റെ അഭിനയക്കളരിയിൽ പയറ്റിത്തെളിഞ്ഞ കെ.വേണുഗോപാലൻ എന്ന നെടുമുടിവേണു തന്റെ സിനിമാ ജീവിതം തുടങ്ങുന്നത് അരവിന്ദന്റെ തമ്പിലൂടെയാണ് (1978). കഥകൾ തേടി മലയാളസിനിമ ഗ്രാമങ്ങളിലേക്ക് ഊളിയിട്ടിരുന്ന 1970 കളിലും 80 കളിലും, നെടുമുടി വേണു എന്ന കുട്ടനാട്ടുകാരൻ വാണിജ്യസിനിമകളുടെ അവിഭാജ്യ ഘടകമായി. യവനികയിൽ മമ്മൂട്ടിയെക്കാൾ പ്രതിഫലം നെടുമുടി വേണുവിന് ലഭിച്ചു എന്നത് മാത്രം മതി അക്കാലത്തെ അദ്ദേഹത്തിന്റെ ബ്രാൻഡ് മൂല്യം എത്രയെന്നു തിട്ടപ്പെടുത്താൻ. ലൈംഗികത എന്നത്, രണ്ടു വ്യക്തികൾ തമ്മിൽ പരസ്പര സമ്മതത്തോടെ ലളിതവും സാധാരണവുമായി ചെയ്തിരുന്ന ഒന്നായിരുന്ന അക്കാലത്ത്, സർവതന്ത്ര സ്വതന്ത്രനായി ഗ്രാമത്തിന്റെ ഊടുവഴികളിലൂടെയും, നെടുകെയും കുറുകെയും കീറിയിട്ട പാടവരമ്പുകളിലൂടെയും മദിച്ചു നടന്നിരുന്ന കഥാപാത്രങ്ങളിലേയ്ക്ക് നെടുമുടിവേണുവിന് അനായാസം പരകായ പ്രവേശം നടത്താനായി. ശൃംഗാരത്തെ അതിന്റെ പരമമായ ഭാവത്തിൽ ആവാഹിച്ച നെടുമുടിയുടെ ഈ കഥാപാത്രങ്ങളാകട്ടെ, ആ സിനിമകൾക്ക്, അവയുടെ കഥ പറച്ചിലിന് അനിതരസാധാരണമായ മിഴിവും കാമ്പും പകർന്നുനൽകി. ശൃംഗാരം എന്ന ഭാവം പേറുന്ന, നെടുമുടിയുടെ കഥാപാത്രങ്ങളിലൂടെ കടന്നുപോകുന്നത് കഴിഞ്ഞുപോയ ഒരു കാലത്തിന്റെ ഓർമപ്പെടുത്തൽ കൂടിയാണ്.

കൊല്ലമിത്ര കഴിഞ്ഞിട്ടും രഹസ്യഗോപാലനും, റൊമാൻസ് കുമാരനും, പരമുവിനും, കള്ളൻ പവിത്രനും ഒത്ത ഒരു എതിരാളിയെ കണ്ടെത്താൻ മലയാള സിനിമക്കായിട്ടില്ല

2000 നിപ്പുറം സ്ഥിരം ചെയ്യേണ്ടിവന്ന അച്ഛൻ കഥാപാത്രങ്ങളുടെ അച്ചിൽ നിന്ന് മാറ്റിനിർത്തി അദ്ദേഹം വിലയിരുത്തപ്പെടേണ്ടതുമുണ്ട്. കാരണം മലയാള നാടും പ്രേക്ഷകരും നെടുമുടിവേണു എന്ന കലാകാരനോട് അതിലുമേറെ കടപ്പെട്ടിരിക്കുന്നു. ശൃംഗാരരസത്തിൽ മുങ്ങിക്കുളിച്ച നെടുമുടി വേണുവിന്റെ 10 സിനിമകളിലൂടെ, അതിൽ വേണു ആടിത്തീർത്ത 10 ഉജ്വല കഥാപാത്രങ്ങളിലൂടെയുള്ള ഈ തിരിഞ്ഞുനടത്തം കൊണ്ട് ഉദ്ദേശിക്കുന്നതും അതുതന്നെയാണ്.

വന്യ ശൃംഗാരി മരുത്

വലതുകൈയിൽ നാടൻ തോക്ക്, ഇടതുകൈയിൽ അന്നത്തേയ്ക്കായി വെടിവെച്ചു വീഴ്​ത്തിയ ഇര, വെള്ളം കാണാത്ത ചുരുണ്ട മുടി, ജട പിടിച്ച താടി, മുറുക്കാൻ കറ പിടിച്ചു ചുവന്ന പല്ലുകൾ, മണ്ണിലും ചെളിയിലും കിടന്നുരുളുന്ന പ്രകൃതം. ഇങ്ങനെ തികച്ചും പ്രാകൃതനായ മരുതിനെയാണ് 1978 ൽ പുറത്തിറങ്ങിയ ആരവത്തിൽ ഭരതൻ നെടുമുടിവേണുവിനായി കരുതിവച്ചിരുന്നത്. തികച്ചും പ്രാകൃതനായ, മുഖത്ത് എപ്പോഴും ശൗര്യം പേറുന്ന, ‘മുക്കുറ്റി തിരുതാളി' പാടി മലയിറങ്ങി വരുന്ന മരുത്, ഒറ്റനോട്ടത്തിൽ ആർക്കും തെല്ല് അറപ്പുളവാക്കുന്നവനാണ്. പുളിച്ച തെറി പുലമ്പിക്കൊണ്ട് കാവേരിയുടെ ‘ഈശ്വര സഹായം' ടീ ഷോപ്പിന് മുന്നിലെത്തുന്ന മരുത്, പൊടുന്നനേ ശൃംഗാരരസം പേറുന്ന ഒരു കാമുകനായി മാറുന്നു.

കാമുകിയായ കാവേരിയുടെ അടുത്തിരിക്കുന്ന അന്തോണിയെ നോക്കുമ്പോൾ രൗദ്രം വമിക്കുന്ന മരുതിന്റെ തീ പാറുന്ന കണ്ണുകൾ, കാവേരിയിലേയ്ക്ക് നീളുമ്പോൾ പക്ഷെ പ്രണയാതുരമാകുന്നു. കാടും മലയും താണ്ടി നടന്ന മരുതിന്റെ വന്യമായ ശൃംഗാര മുഹൂർത്തങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ. ആദിമനുഷ്യന്റെ മുരളലുകളിലൂടെ, അസ്ഥി തുളയ്ക്കുന്ന നോട്ടങ്ങളിലൂടെ പെണ്ണിനെ കാമിക്കുന്ന നെടുമുടിയുടെ മരുത്...

കാവേരിയും മരുതും (ആരവം- 1978)

ആസക്തനായ ചെല്ലപ്പനാശാരി

കുറച്ചുമാത്രം സംസാരിക്കുന്ന കഥാപാത്രമായിരുന്നു മരുതെങ്കിൽ തൊട്ടടുത്ത വർഷം പുറത്തിറങ്ങിയ ഭരതന്റെ തന്നെ തകര (1978) യിലെ ചെല്ലപ്പനാശാരി മറ്റൊരസ്തിത്വമാണ്. പണിസ്ഥലത്തുനിന്ന് തന്റെ അനുവാദമില്ലാതെ തടിച്ചീളുകൾ എടുത്തുകൊണ്ട് പോകുന്ന സുഭാഷിണിയോട് കലഹിക്കുന്ന ചെല്ലപ്പനാശാരിയുടെ ആ കെറുവിന് അവളുടെ ഒരു ചിരി വരെയേ ആയുസ്സുണ്ടായിരുന്നുള്ളൂ. ഉളിയുടെ വായ്ത്തല പോലെയുള്ള കൃതാവും, പിരിച്ചുവച്ച മീശയും അലങ്കരിക്കുന്ന അയാളുടെ മുഖത്ത് വിളിക്കാത്ത അതിഥിയായി ശൃംഗാരം പൊടുന്നനെ കടന്നുവരുന്നു. നാട്ടിലെ സ്ത്രീകളെ ആസക്തിയോടെ നോക്കുന്ന, അവരെ പ്രാപിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റുന്ന, അത് നടക്കാതെ വരുമ്പോൾ
ഇച്ഛാഭംഗത്തോടെ അവരെപ്പറ്റി അപവാദം പറഞ്ഞുണ്ടാക്കുന്ന അനേകം കഥാപാത്രങ്ങൾ നമുക്കുചുറ്റും അന്നും ഇന്നുമുണ്ട്. അത്തരക്കാരുടെ മധ്യസ്ഥനായി ഭരതന്റെ മുഖ്യ കാർമികത്വത്തിൽ ചെല്ലപ്പനാശാരി വാഴ്ത്തപ്പെടുകയാണ് സിനിമയിൽ പിന്നീട്.

കാര്യമായി ഒന്നും ‘തടയാത്ത' ആത്മാവാണ് ചെല്ലപ്പനാശാരി എങ്കിൽ പറങ്കിമല യിലെ കൊട്ടുവടി വേലു ഇക്കാര്യത്തിൽ അത്യാവശ്യം പട്ടിണി കൂടാതെ കഴിയുന്നവനാണ്.

പണിക്കുശേഷം പണി സാധനങ്ങളുമായി തിരികെ സുഭാഷിണിയുടെ വീട്ടുപരിസരത്തുകൂടി കടന്നു പോകവേ അവളെ പ്രാപിക്കാൻ അയാൾ നടത്തുന്ന തത്രപ്പാടുകൾ. അവളുടെ നഗ്‌നമായ കാലുകൾ കണ്ട് ആകൃഷ്ടനായി അവളുടെ അടുത്തെത്താൻ അയാൾ നടത്തുന്ന മുന്നൊരുക്കങ്ങൾ. അത് കാണേണ്ടതുതന്നെയാണ്. ചുറ്റും ഒന്ന് നോക്കി, ആരുമില്ലെന്ന് പലവട്ടം ഉറപ്പുവരുത്തി, സ്വയം ആത്മവിശ്വാസം പകർന്ന്, തെല്ലൊന്ന് പകച്ച്... അങ്ങനെയങ്ങനെ പ്രേക്ഷകനിൽ ചിരിയുണർത്തുന്ന എത്രയെത്ര ചേഷ്ടകൾ!
സുഭാഷിണിയും തകരയും പാറമടയിൽ ആലിംഗനബദ്ധരായി നിൽക്കുന്നതുകണ്ട് കൊതിക്കെറുവ് മൂത്ത ചെല്ലപ്പനാശാരി പരിതപിക്കുന്നതാകട്ടെ; 'ഞാനറിഞ്ഞോ ഈ പൊട്ടന്റെ തലേൽ ഇങ്ങനൊരു യോഗം കിടക്കുന്നുവെന്ന്' എന്നും.
കുന്നോളം പ്രതീക്ഷ വെച്ചുപുലർത്തുകയും എന്നാൽ കാര്യമായി ഒന്നും തടയാതെ ഇരിക്കുകയും ചെയ്യുമ്പോഴുള്ള ഫ്രസ്‌ട്രേഷനും, പുറമേയണിഞ്ഞിരിക്കുന്ന വീരശൂര പരാക്രമി എന്ന പരിവേഷത്തിന്റെ ഭാരവും, ശൃംഗാരത്തോടൊപ്പം പ്രേക്ഷകനിലേയ്ക്ക് ഒളിച്ചു കടത്തുന്നുണ്ട് നെടുമുടി വലിയ ആയാസമില്ലാതെ.

ചെല്ലപ്പനാശാരി (തകര- 1978)

‘ശൃംഗാര പട്ടിണി' കിടക്കാത്ത കൊട്ടുവടി വേലു

കാര്യമായി ഒന്നും ‘തടയാത്ത' ആത്മാവാണ് ചെല്ലപ്പനാശാരി എങ്കിൽ 1981 ൽ പുറത്തിറങ്ങിയ പറങ്കിമല യിലെ കൊട്ടുവടി വേലു ഇക്കാര്യത്തിൽ അത്യാവശ്യം പട്ടിണി കൂടാതെ കഴിയുന്നവനാണ്. ഒരാൾക്കുമാത്രം കടന്നുപോകാൻ കഴിയുന്നത്ര വീതിയുള്ള ഒതുക്കുകളിൽ ചുണ്ടിലൊരു ബീഡിയും പുന്നാര ചിരിയുമായി പെണ്ണുങ്ങളെ കാത്തുനിൽക്കുന്ന കൊട്ടുവടി.
സിനിമയിൽ ഒരിടത്ത്, തലയിൽ ചാളയുമായി പണിക്കത്തിയും തൊട്ടുപിന്നാലെ തങ്കയും നടന്നുവരുന്നത് കണ്ട് അവരുടെ മുന്നിലേക്ക് ചാടി പ്രത്യക്ഷപ്പെടുന്ന നെടുമുടിക്ക് ഇതേ ചാട്ടം കോലങ്ങളിലും പലകുറി ആവർത്തിക്കേണ്ടതായി വന്നു എന്നത് മറ്റൊരു വസ്തുത. എത്ര മനോഹരമായാണ്, അസാധ്യമായ മെയ്വഴക്കത്തോടെ ഇപ്പുറത്തുനിന്നും അപ്പുറത്തേക്ക്, പെണ്മനസുകളിലേയ്ക്ക് നെടുമുടിയുടെ വേലു ചാടി കയറുന്നത്. മുണ്ട് മടക്കിക്കുത്തി, ചുണ്ടിൽ എരിയുന്ന ബീഡിയും, അരയിൽ ഒളിപ്പിച്ച റബർ ട്യൂബിൽ പൊള്ളുന്ന റാക്കും, കണ്ണുകളിൽ കാമത്തീയുമായി ഇടവഴികളിൽ ഇര തേടാനിറങ്ങുന്ന കൊട്ടുവടി.

കൊട്ടുവടി വേലു (പറങ്കിമല- 1981)

കുളിക്കടവിലെ പരമു

എന്നാൽ, ഇതേ വർഷം പുറത്തിറങ്ങിയ കെ.ജി. ജോർജിന്റെ കോലങ്ങളിലെ (1981) പരമു ആകട്ടെ സ്ത്രീവിഷയത്തിൽ പട്ടിണിയും പരിവട്ടവുമായി കഴിയുന്ന കഥാപാത്രമാണ്. ആവുന്നത്ര സന്ദർഭങ്ങളിലെല്ലാം തന്റെ ശൃംഗാരരസം പുറത്തെടുക്കാനും അതുവഴി എന്തെങ്കിലും തരപ്പെടുത്താനും പരമു ശ്രമിക്കുന്നുമുണ്ട്. ചിത്രത്തിന്റെ അതിനു മുൻപും പിൻപുമുള്ള പശ്ചാത്തലസംഗീതത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു ബീറ്റോടുകൂടിയാണ് സിനിമ തുടങ്ങി സൂക്ഷ്മം എട്ടാം മിനിറ്റിലുള്ള പരമുവിന്റെ രംഗപ്രവേശം. ലക്ഷ്യം ആദിപുരാതനം തന്നെ. ഇലച്ചാർത്തുകളുടെ മറവിൽ നിന്ന് കുളിക്കടവിലെ സ്ത്രീകളുടെ നഗ്‌നത ആസ്വദിക്കുക. ചെല്ലപ്പനാശാരിയുടെ അതേ പരിഭ്രമം പരമുവിനും ഉണ്ട്. കാഴ്ച മറയ്ക്കുന്ന ഇലകളെ പ്രാകി, ചുറ്റും ചെവിവട്ടം പിടിച്ച്, ആഗ്രഹപൂർത്തിയായി കഷ്ടപ്പെടുന്ന വേണുവിന്റെ പരമു പ്രേക്ഷകനിൽ ചിരി ഉണർത്തുന്നു. പിടിക്കപ്പെട്ടു എന്ന സൂചന കിട്ടുന്നപാടെ തനിക്കുനേരെ പറന്നുവരുന്ന കല്ലുകളിൽ നിന്ന് വെട്ടിയൊഴിഞ്ഞു കുതറിയോടി മറയുന്ന പരമു, സുരക്ഷിത അകലത്തിലെത്തിയെന്ന് ഉറപ്പായ ഉടൻ കഴുത്തിൽ ഞാലുന്ന തോർത്തെടുത്തു തലയിൽ കെട്ടി, ചുണ്ടിൽ ശൃംഗാരവും പുരട്ടി, മൂളിപ്പാട്ടുമായി അടുത്ത കടവിലേക്ക് നടന്നുനീങ്ങുന്നു.
വട്ടപ്പറമ്പിൽ ഏലിയാമ്മയുടെ വീട് അന്വേഷിച്ച് തന്നെക്കാൾ പരിഷ്‌കാരിയായ ഒരു പുരുഷൻ അന്നാട്ടിലെത്തുമ്പോൾ അയാൾ അസ്വസ്ഥനാകുന്നുണ്ട്. പിന്നീട് ഈ അതിഥിയെപ്പറ്റി വഷളത്തരം പറഞ്ഞുവയ്ക്കുന്നതിലൂടെയാണ് തന്റെ നഷ്ടമായ മൂല്യം പരമു തിരിച്ചുപിടിക്കുന്നത്.
ദേവയാനിക്കുട്ടിയുടെ കയ്യിൽ നിന്ന് കിട്ടുന്ന ആട്ടു പോലും അയാൾ തനിക്കുള്ള ഒരു സുവനീറാക്കി മാറ്റുന്നു.

പരമു (കോലങ്ങൾ- 1981)

സിനിമയിലുടനീളം പരമുവിനെ അടയാളപ്പെടുത്തുന്നത് ഇരുകൈകളും പുറകിൽ കെട്ടി സ്ത്രീ ജനങ്ങളുടെ വീടുകൾക്കുമുന്നിലൂടെ അയാൾ നടത്തുന്ന പരതലുകളിലൂടെയാണ്. ആ വീടുകൾക്കു മുന്നിലെ വഴിയിലൂടെ തികച്ചും സാധാരണം എന്ന വ്യാജേന ഒരു നടത്തം. അടുത്തെങ്ങും ആരുമില്ല എന്ന് ബോധ്യമായാൽ തിരിച്ച് അതേവഴി ഒരിക്കൽ കൂടി. പിന്നെ ധൈര്യം സംഭരിച്ച് മതിൽ ചാടി അകത്തേക്ക്. പിന്നീട് ഒരു കാട്ടുമുയലിന്റെ മെയ്വഴക്കത്തോടെ കുനിഞ്ഞ് കുതിച്ചുകൊണ്ട് കുളിപ്പുരയുടെ പിറകിലേയ്ക്ക്.
പിന്നീട് കെ. ജി. ജോർജ് എന്ന മാസ്റ്റർ ക്രാഫ്റ്റ്‌സ്​മാൻ പ്രേക്ഷകനു സമ്മാനിക്കുന്നത് ദ്രവിച്ചടർന്ന ഓലക്കീറുകൾക്കുപിന്നിൽ മറഞ്ഞിരിക്കുന്ന നെടുമുടിവേണുവിന്റെ രണ്ട് തിളങ്ങുന്ന കണ്ണുകളാണ്. കാമാർത്തിയും, ആവേശവും, പരിഭ്രമവും, വിശപ്പും കാഴ്ചക്കാരനിലേയ്ക്ക് സംവദിക്കാൻ നെടുമുടിയുടെ രണ്ട് കണ്ണുകൾ തന്നെ ധാരാളം എന്ന തിരിച്ചറിവാകാം ഇങ്ങനൊരു രംഗം സെറ്റ് ചെയ്യാൻ സംവിധായകനു ധൈര്യം നൽകിയതും.

ദ്രവിച്ചടർന്ന ഓലക്കീറുകൾക്കുപിന്നിൽ മറഞ്ഞിരിക്കുന്ന പരമുവിന്റെ രണ്ട് തിളങ്ങുന്ന കണ്ണുകൾ, ‘കോലങ്ങൾ’ എന്ന ചിത്രത്തിൽനിന്ന്​

സ്വൽപം വെൺമണി ഒപ്പമുള്ള തമ്പുരാൻ

സമൂഹത്തിന്റെ താഴെക്കിടയിൽ ജീവിക്കുന്ന കഥാപാത്രങ്ങളുടെ ശൃംഗാരമാണ് അതുവരെ നെടുമുടിവേണു സ്‌ക്രീനിൽ കൊണ്ടുവന്നിരുന്നത് എങ്കിൽ 1982 ൽ മോഹന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ആലോലത്തിൽ, സ്ത്രീവിഷയത്തിൽ നല്ല കമ്പമുള്ള, കൃഷ്ണന്റെ പ്രകൃതം എന്ന് സ്വയം വിശേഷിപ്പിക്കുന്ന തമ്പുരാനായി അയാൾ മാറുന്നു. പ്രത്യേക ഡിസൈനിലുള്ള ജുബ്ബ, ക്ലീൻ ഷേവ് ചെയ്ത് മിനുസപ്പെടുത്തിയ മുഖം, നെറ്റിയിൽ ഒരു ചുവന്ന കുറി... ചുണ്ടിലൊരു മൂളിപ്പാട്ട്.!
മുൻ കഥാപാത്രങ്ങളിൽ നിന്നുമുള്ള മാറ്റം ഇത്ര മാത്രം..!

പക്ഷെ പിന്നീട് പ്രേക്ഷകൻ സാക്ഷ്യം വഹിക്കുന്നത് അടിമുടി ശൃംഗാരരസം നിറഞ്ഞുതുളുമ്പുന്ന തമ്പുരാന്റെ ആഢ്യത്വം നിറഞ്ഞ തേർവാഴ്ചയ്ക്കാണ്. ഭരത്‌ഗോപിയോടും ഭാര്യയോടും തികച്ചും മാന്യമായ രീതിയിൽ സംസാരിച്ച ശേഷം ‘മൂപ്പരെ' കാണാൻ പടവുകൾ കയറി മുകളിലേക്ക് പോകുന്ന രംഗം തന്നെ നോക്കുക, പടവുകൾ കയറുന്നതിനിടെ തന്നെ തന്റെ എതിരെ വരുന്ന മുഖമോ രൂപമോ തെളിയാത്ത സ്ത്രീ രൂപത്തെ തിരിഞ്ഞുനോക്കി ഒരു അളക്കൽ!
കണ്ണുകൾ കൊണ്ട് ഒരു പരതൽ.

തമ്പുരാൻ (ആലോലം- 1982)

‘ആളുകളുമായി ബന്ധപ്പെടുന്നതിലാണ് ജീവിതത്തിന്റെ സുഖം' എന്ന തത്വം പിന്തുടരുന്നവനാണ് തമ്പുരാൻ. സ്വല്പം വെണ്മണി കൂടെയുണ്ടെന്ന് ഊറ്റം കൊള്ളുന്ന ഒരു മുട്ടനാട്. മലയാള സിനിമയിലെ തന്നെ ഏറ്റവും മനോഹരമായ സെക്ഷ്വൽ കൺസെന്റ് സീക്കിങ് മൊമെന്റുകളിൽ ഒന്നിനുള്ള ക്രെഡിറ്റും തമ്പുരാനുള്ളതാണ്. ജാനകിക്കുട്ടിയുടെ ഇംഗിതം തിരിച്ചറിയുമ്പോൾ തന്നെ, ഉണ്ടാകാനിടയുള്ള ഓരോ എതിർപ്പുകളെയും സാവധാനം സൂക്ഷ്മമായി, കൈത്തഴക്കത്തോടെ അയാൾ എടുത്തുമാറ്റുന്നു. സംഭാഷണങ്ങളെക്കാളുപരി, നെടുമുടി വേണു എന്ന നടന്റെ കാമാവേശത്താൽ തിളങ്ങുന്ന കണ്ണുകളും, പ്രത്യേക താളത്തിൽ വായുവിൽ ഒഴുകിനീങ്ങുന്ന കൈകളും, വിറയ്ക്കുന്ന ചുണ്ടുകളും ആണ് ഈ രംഗത്തിന് കൂടുതൽ മിഴിവ് നൽകുന്നത്.

കണ്ണേറുകളിലൂടെ ബാലഗോപാലൻ

സ്ത്രീ വിഷയത്തിൽ അഗ്രഗണ്യനായ തമ്പുരാനിൽ നിന്ന് ഭിന്നമായി, സ്ത്രീകളുടെ ‘കറവപ്പശു' ആയി മാറുന്ന രഹസ്യ ഗോപാലൻ എന്ന ബാലഗോപാലൻ ആയാണ് അതേ വർഷം തന്നെ പുറത്തിറങ്ങിയ യവനിക എന്ന ചിത്രത്തിൽ നെടുമുടി വേണു എത്തുന്നത്. മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലർ ചിത്രങ്ങളിലൊന്നായ യവനികയിലും നെടുമുടിയുടെ സ്ഥായിഭാവം ശൃംഗാരം തന്നെ. സിനിമ മിക്കവാറും നേരം നെടുമുടിയെ അടയാളപ്പെടുത്തുന്നത് ഏതെങ്കിലും വാതിലിന്റെ മറവിൽ സ്ത്രീജനങ്ങളുമായി നടത്തുന്ന കുശുകുശുക്കലിലൂടെയാണ്, അല്ലെങ്കിൽ അയാൾക്കും പെണ്ണുങ്ങൾക്കും മാത്രം മനസിലാകുന്ന ചില കണ്ണേറുകളിലൂടെയും. മമ്മൂട്ടിയുടെ പൊലീസ് കഥാപാത്രത്തിനുമുന്നിൽ ചോദ്യം ചെയ്യലിനായി നിൽക്കുമ്പോഴും സ്ത്രീകളുടെ മുൻപിലെന്നപോലെ അയാളുടെ ചുണ്ടുകളിൽ നാണവും ശൃംഗാരവും വിളിക്കാത്ത അതിഥികളായി എത്തുന്നു. തന്റെ സഹപ്രവർത്തകരായ സ്ത്രീജനങ്ങൾക്ക് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കൊടുക്കുന്നതല്ലേ സാർ മനുഷ്യത്വം എന്ന ഡയലോഗിന് തൊട്ടുപിന്നാലെ തെല്ലൊരു നാണത്തിന്റെ അകമ്പടിയോടെ, കയ്യോടെ പിടിക്കപ്പെട്ടതിന്റെ ജാള്യത മറയ്ക്കാൻ കീഴ്ചുണ്ടിൽ നാവുകൊണ്ട് ഒരു തട്ട്. അത് സ്‌ക്രിപ്റ്റിനപ്പുറം നെടുമുടി എന്ന നടന്റെ സംഭാവന തന്നെയാകാനാണ് സാധ്യത.

മലയാളത്തിലെ എണ്ണം പറഞ്ഞ ത്രില്ലർ ചിത്രങ്ങളിലൊന്നായ യവനികയിലും നെടുമുടിയുടെ സ്ഥായിഭാവം ശൃംഗാരം തന്നെ. ബാലഗോപാലൻ (യവനിക- 1982).

വയോധിക പൂവാലൻ മേജർ നായർ

നാട്ടിൻപുറങ്ങളിലെ പഞ്ചാരക്കുഞ്ചു വേഷങ്ങളിൽ നിന്ന് നെടുമുടിയെന്ന കള്ളക്കാമുകനു കിട്ടിയ മോചനമായിരുന്നു 1984 ൽ പുറത്തിറങ്ങിയ ഓടരുതമ്മാവാ ആളറിയാം എന്ന പ്രിയദർശൻ ചിത്രത്തിലെ മേജർ നായർ എന്ന കഥാപാത്രം. ചിത്രം ആരംഭിക്കുന്നതുതന്നെ വെള്ള ടീ ഷർട്ടും നിക്കറും ഷൂവുമിട്ട് തിരക്കേറിയ നഗരത്തിൽ ജോഗ് ചെയ്യുന്ന നെടുമുടിയിൽ നിന്നാണ്.

ഓട്ടത്തിനിടയിൽ തനിക്ക് ലംബമായി നടന്നുനീങ്ങുന്ന സ്ത്രീയെ നോക്കി നോക്കി നേരെ മുന്നിലുള്ള പോസ്റ്റിൽ ചെന്നിടിക്കുന്ന ആ നിമിഷത്തിൽ തന്നെ മേജർ നായരുടെ സ്വഭാവം പ്രേക്ഷകനു മുന്നിൽ അനാവൃതമാകുന്നു. ആൾത്തിരക്കേറിയ ഒരു ബസ് സ്‌റ്റോപ്പിൽ വച്ച് ചിത്രീകരിച്ച ആ രംഗത്തിൽ അങ്ങനെയൊരു നീക്കം, അതും മിക്കവാറും നടന്റെ സംഭാവനയാകാനാണ് സാധ്യത. സിനിമയിലുടനീളം ശൃംഗാരഭാവം വാരിവിതറുന്ന വയസ്സൻ കഥാപാത്രമായി നെടുമുടിവേണു തകർക്കുകയാണ്. പാലത്തിലിരിക്കുന്ന മൂവർ സംഘത്തിൽ നിന്ന് പെൺകുട്ടിയെ രക്ഷിച്ച് നടന്നുനീങ്ങുന്ന മേജർ അങ്കിൾ, തൊട്ടടുത്ത നിമിഷം അവരെക്കാൾ വലിയ പൂവാലനായി രൂപാന്തരപ്പെടുന്നു. പ്രത്യേക തുന്നലോടുകൂടിയ കൈലേസ് കാട്ടിയുള്ള നമ്പറിന് കിട്ടുന്ന സമ്മാനം അയാളെ തെല്ലൊന്ന് തളർത്തിയെങ്കിലും തൊട്ടടുത്ത നിമിഷം തല തിരിച്ചുള്ള ഒരു നോട്ടത്തിലൂടെ അയാൾ വീണുപോയ ആത്മവിശ്വാസം വീണ്ടെടുക്കുന്നു. ആ മുഖത്ത് ശൃംഗാര ഭാവം പിന്നെയും വിരുന്നെത്തുകയാണ്.

മേജർ നായർ (ഓടരുതമ്മാവാ ആളറിയാം- 1984)

നാണക്കാരൻ റൊമൻസ് കുമാരൻ

കുറച്ചു വർഷങ്ങളുടെ ഇടവേളയ്ക്കുശേഷം 1991 ലാണ് ശൃംഗാരച്ചുവയുള്ള മറ്റൊരു കഥാപാത്രം നെടുമുടി വേണുവിനെ തേടിയെത്തിയത്. ചിത്രം: കേളി, സംവിധാനം ഭരതൻ. കോയമ്പത്തൂരിൽ നിന്ന് പ്രത്യേകം വരുത്തിച്ച വൈശാലിവള വിൽക്കുന്ന, സാമുദ്രികാ ലക്ഷണവും ജ്യോത്സ്യവും പഠിച്ചു എന്ന് അവകാശപ്പെടുന്ന, ‘കംപ്ലീറ്റ് ലേഡീസ് ഐറ്റം വിൽക്കുന്ന' റൊമാൻസ് കുമാരൻ എന്ന കഥാപാത്രം തന്റെ 43-ാം വയസ്സിലാണ് നെടുമുടിവേണു സ്‌ക്രീനിലെത്തിച്ചത് എന്നാലോചിക്കുമ്പോഴാണ് ശൃംഗാരഭാവം അദ്ദേഹത്തിന് എത്ര നന്നായി വഴങ്ങിയിരുന്നുവെന്ന് നാം തിരിച്ചറിയുന്നത്. അല്ലെങ്കിലും നാൽപതുകൾക്കുമുമ്പുതന്നെ തലയിൽ നര പുരട്ടിയ നെടുമുടിയ്ക്ക് പ്രായം ഒന്നിനും ഒരു തടസമായിരുന്നില്ല. നെടുമുടിയുടെ മുൻകാല ‘കോഴി' കഥാപാത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി റൊമാൻസ് കുമാരൻ പൊതുവേ നാണക്കാരനാണ്.

സ്ത്രീജനങ്ങൾക്ക് വളയിട്ടു കൊടുക്കുമ്പോൾ കിട്ടുന്ന ഒന്നോ രണ്ടോ സ്പർശം കൊണ്ട് തൃപ്തി അടയുന്ന ഒരു ആത്മാവ്. അതിൽ കൂടുതലായി എന്തെങ്കിലും ആഗ്രഹിക്കാനുള്ള ധൈര്യം പോലും അയാൾക്കില്ല. സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായുള്ള ഇമവെട്ടാ മത്സരത്തിൽ, മാളയുടെ വാശിയേറിയ കമന്ററിയുടെ പിന്തുണയോടെ വിജയത്തിലേക്ക് നടന്നടുക്കുന്ന റൊമാൻസ് കുമാരന്റെ ‘പ്രേമോദാത്തമായ കണ്ണുകൾ' പരാജയമടയുന്നത് കാണിക്കൾക്കിടയിലെ ഒരു പെൺകുട്ടിയുടെ അംഗവിക്ഷേപങ്ങൾക്ക് മുൻപിലാണ്. തൊട്ടടുത്ത നിമിഷം അൽപം കെറുവോടെ റൊമാൻസ് കുമാരന്റേതുമാത്രമായ ഒരു പ്രത്യേക ചിരിയും നെടുമുടി പ്രേക്ഷകന് സമ്മാനിക്കുന്നു.

റൊമാൻസ് കുമാരൻ (കേളി- 1991)

കാർത്തുമ്പിയുടെ മുന്നിൽ നാണത്തോടെ തമ്പ്രാൻ ചേട്ടൻ

മേജർ നായർക്കുശേഷം നെടുമുടിവേണുവിന് പ്രിയദർശൻ സമ്മാനിച്ച മറ്റൊരു രസികൻ കഥാപാത്രമാണ് തേൻമാവിൻ കൊമ്പത്തിലെ തമ്പ്രാൻ ചേട്ടൻ. മധ്യവയസ്‌കനായ, വിവാഹം എന്ന ചിന്ത പാടേ മാറ്റിവെച്ച തമ്പ്രാൻ ചേട്ടന് ശോഭനയുടെ കാർത്തുമ്പി എന്ന നൃത്തക്കാരിയെ കാണുമ്പോൾ മുതലുണ്ടാകുന്ന ശൃംഗാരം എത്ര മനോഹരമായാണ് നെടുമുടിവേണു സ്‌ക്രീനിൽ അവതരിപ്പിക്കുന്നത്. കാളവണ്ടിയുടെ പുറകിൽ ഒളിച്ചും പാത്തും കാർത്തുമ്പിയുടെ മനസ്സറിയാൻ ശ്രമിക്കുന്ന, തുമ്പിയുടെ മൗനം സമ്മതമാണെന്ന് തെറ്റിദ്ധരിച്ച് തോർത്തിന്റെ അറ്റം കൊണ്ട് മുഖം മറച്ച് നാണത്തോടെ സ്‌ക്രീനിൽ നിന്ന് തെന്നിമാറുന്ന തമ്പ്രാൻ ചേട്ടൻ, കന്നി പ്രണയാഭ്യർഥന സഫലമായ ഒരു കൗമാരക്കാരനെ തന്നെയല്ലേ ഓർമിപ്പിക്കുന്നത്?

തേൻമാവിൻ കൊമ്പത്തിലെ തമ്പ്രാൻ ചേട്ടൻ (1994)

മുൻകാല ‘പാപക്കറ' കഴുകിക്കളഞ്ഞ കുഞ്ഞപ്പൻ

പ്രണയത്തിനും കാത്തിരിപ്പിനും പ്രായപരിധിയുണ്ടോ?
മനസിൽ ഒരിക്കൽ ഇടം കൊടുത്തവൾ അല്ലാതെ മറ്റൊരാൾ ജീവിതത്തിൽ വേണ്ട എന്ന് തീരുമാനിക്കുന്നത് ബുദ്ധിശൂന്യത ആണോ?
ചോദ്യം ചാർലിയിലെ കുഞ്ഞപ്പനോടാണെങ്കിൽ ഈ രണ്ടു ചോദ്യങ്ങൾക്കും അയാൾ ഉത്തരം നൽകുക നിഷേധച്ചുവയുള്ള ഒരു തലയാട്ടലിലൂടെ ആയിരിക്കും. ഒരു വെള്ളപ്പൊക്കം രണ്ടായി പിരിച്ചകറ്റിയ പ്രണയത്തിന്റെ നോവു പേറുന്ന, ആ നീറ്റലുമായി തന്റെ പ്രണയിനിയെ ജീവിതകാലം മുഴുവൻ തേടി നടന്ന, പ്രണയത്തിന്റെ പേരിൽ ദിവസവും പരിഹാസം ഏറ്റു വാങ്ങേണ്ടി വന്ന, വൈവാഹിക ജീവിതത്തിൽ താൻ നടത്തിയ തിരഞ്ഞെടുപ്പിന്റെ പേരിൽ പലരാലും ക്രൂശിക്കപ്പെട്ട ചാർളി (2015) യിലെ കുഞ്ഞപ്പൻ. തന്റെ മുൻകാല പഞ്ചാര കഥാപാത്രങ്ങളുടെ പാപക്കറ മുഴുവൻ കഴുകികളയാൻ എന്നവണ്ണം കുഞ്ഞപ്പൻ നെടുമുടിയെ തേടിയെത്തി എന്ന് വിശ്വസിക്കാനാണ് അന്നും ഇന്നും ഇഷ്ടപ്പെടുന്നത്. ക്രമം തെറ്റി വളർന്ന മീശ കോതിയൊതുക്കി ആദ്യമായി കാണുന്ന ആരോടും, അത്താഴത്തിനൊപ്പം തന്റെ പ്രണയവും വിളമ്പുന്ന, തന്റെ പ്രണയത്തിനായി എല്ലാവരോടും മല്ലിടുന്ന പട്ടാളക്കാരനായ അയാൾ, ആദ്യമായി കുലുങ്ങുന്നത് തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തിൽ ഇക്കണ്ട കാലം മുഴുവൻ താൻ തേടി നടന്ന തന്റെ പ്രണയിനിയെ കണ്ടുമുട്ടുമ്പോഴാണ്.

"ഇത് സിസ്റ്റർ തെരേസ് മേരി. പത്തുമുപ്പത് കൊല്ലമായി സീഷേൽസിൽ ആയിരുന്നു' എന്ന ഭാഗം വരെ അലസമായി കെറുവിച്ചു കേൾക്കുന്ന കുഞ്ഞപ്പന്റെ ശരീരഭാഷയിൽ ‘വാലത്തായിരുന്നു വീട്, വീട്ടിലെ പേര് ത്രേസ്യ, ചക്കുപുരയ്ക്കൽ ത്രേസ്യ' എന്ന ദുൽഖറിന്റെ ഡയലോഗ് വരുത്തുന്ന മാറ്റം ശ്രദ്ധിക്കുക. കൃഷ്ണമണികൾ രണ്ടും ശബ്ദം വരുന്ന വശത്തേക്കുചേർത്ത്, മൂക്ക് കൂർപ്പിച്ചു, തല അല്പാൽപ്പമായി ചലിപ്പിച്ച്, ചങ്ക് കൊത്തിവലിയ്ക്കുന്ന വേദനയോടെ പൊടുന്നനെയുള്ള ഒരു നോട്ടം.
ഒരുപക്ഷെ അന്നാകാം അവർ തമ്മിൽ ശരിയായി കാണുന്നതുതന്നെ.
പത്തുമുപ്പത് കൊല്ലം മലയാള സിനിമയിലെ റൊമാൻസ് കുമാരനായി അരങ്ങുവാണ ആ മനുഷ്യൻ, കുഞ്ഞപ്പനിലൂടെ ഉദാത്തവും നിർമ്മമവുമായ പ്രണയത്തിന്റെ അപ്പസ്‌തോലനായി
മാറുന്നു. കാത്തിരിപ്പിന് ഒരു സുഖമുണ്ടെന്നും, പ്രണയം സത്യമാണെന്നുമുള്ളതിന് വരും തലമുറയ്ക്ക് കുഞ്ഞപ്പൻ സാക്ഷി.

ചാർളിയിലെ കുഞ്ഞപ്പൻ (2015)

‘മരണം അഭിനയിക്കുന്ന മഹാനടൻ'

അഭിനയിച്ചു ഫലിപ്പിക്കാൻ ഏറെ പണിപ്പെടേണ്ട ശൃംഗാരം എന്ന ഭാവത്തെ നെടുമുടിവേണു എന്ന മഹാനടൻ അനായാസമായി സ്‌ക്രീനിൽ കൊണ്ടുവന്ന നിരവധി കഥാപാത്രങ്ങളിൽ ചിലത് മാത്രമാണ് ഇവ. 40 വർഷങ്ങളിലേറെയായി ആടിതീർത്ത അഞ്ഞൂറിലേറെ കഥാപാത്രങ്ങളിൽ ഇതിലുമേറെ തവണ ആ കുട്ടനാട്ടുകാരൻ ശൃംഗാരരസം ചാലിച്ചിട്ടുണ്ടാകാം. പൊളിറ്റിക്കൽ കറക്റ്റ്‌നെസ് വച്ച് അളന്നു നോക്കുമ്പോൾ ഈ കഥാപാത്രങ്ങളും അവരുടെ ചെയ്തികളും ഒന്നും തന്നെ ഇന്ന് അംഗീകരിക്കാനാവുന്നത് അല്ലായിരിക്കാം ശരിതന്നെ; പക്ഷേ ഇങ്ങനെ ജീവിച്ചു മരിച്ച മനുഷ്യരെ അടയാളപ്പെടുത്തുന്ന കഥാപാത്രങ്ങൾക്ക്, അന്നും ഇന്നും നെടുമുടി എന്ന നടനല്ലാതെ മറ്റൊരു ഓപ്ഷൻ ഇല്ലായിരുന്നു എന്നയിടത്താണ് അദ്ദേഹത്തിന്റെ വിജയം. ബാല്യത്തിൽ സ്വന്തമാക്കിയ കവിതകളും താളബോധവും പേറി, കുട്ടനാട്ടിലെ പാടവരമ്പുകൾ പിന്നിട്ട് നാടകവേദികളിലേയ്ക്കും, അതുവഴി ബിഗ് സ്‌ക്രീനിലേയ്ക്കും അദ്ദേഹം നടന്നുകയറി.

കൊല്ലമിത്ര കഴിഞ്ഞിട്ടും രഹസ്യഗോപാലനും, റൊമാൻസ് കുമാരനും, പരമുവിനും, കള്ളൻ പവിത്രനും ഒത്ത ഒരു എതിരാളിയെ കണ്ടെത്താൻ മലയാള സിനിമക്കായിട്ടില്ല എന്നതുമാത്രം മതി ശൃംഗാരത്തെ എത്ര മനോഹരമായാണ് നെടുമുടി അവതരിപ്പിച്ചത് എന്നതിന് തെളിവായി.
പത്രപ്രവർത്തകൻ ആയിരുന്ന കാലത്ത് ജി. ശങ്കരക്കുറുപ്പിന്റെ മരണത്തെക്കുറിച്ച് എഴുതിയ ലേഖനത്തിന് നെടുമുടി കൊടുത്ത ശീർഷകം ‘മരണം അഭിനയിക്കുന്ന മഹാനടൻ' എന്നായിരുന്നു.

അതെ, നെടുമുടി വേണു മരണം അഭിനയിക്കുകയാണ്.

വായനക്കാർ തലയുയർത്തി ചുറ്റും നോക്കുക, ചുണ്ടിൽ ഒരു വഷളൻ ചിരിയും, തലയിലൊരു കെട്ടും, കണ്ണുകളിൽ പ്രണയത്തീയുമായി രഹസ്യ ഗോപാലനും, പരമുവും, മേജർ നായരും, റൊമാൻസ് കുമാരനും ഒക്കെ നിങ്ങൾക്കുചുറ്റും, നിങ്ങളുടെ മതിലുകളുടെ മറവിൽ, ഇടവഴികളിൽ , മലമടക്കുകളിൽ, കുളിക്കടവുകളിൽ കറങ്ങിതിരിയുന്നുണ്ടാവും തീർച്ച.

കുട്ടനാടിന്റെ സിനിമാക്കാരന് മറ്റൊരു കുട്ടനാട്ടുകാരന്റെ അശ്രുപൂജ.▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments