പത്മരാജൻ സിനിമയിലെ സവർണ ഇടവഴികൾ

ഗ്രമീണമായ തറവാടുകൾ ഉപേക്ഷിച്ച് പോകുന്ന സവർണ സാംസ്കാരിക ജീവിതത്തെ തകർച്ചയിൽ നിന്നും രക്ഷിച്ചെടുക്കാനാണ് പത്മരാജൻ ശ്രമിക്കുന്നത്. അതു കൊണ്ടാണ് കേവല കുടുംബകഥ മാത്രമായി തീരേണ്ട ഒരു സിനിമയിൽ കീഴ്ത്തട്ട് ജാതി സമൂഹത്തിലെ സമ്പന്നനായ കുഞ്ഞനെ പ്രതിനായകൻ ആക്കുമ്പോൾ കഥയുടെ മാനം മാറുന്നത്.

മലയാള സിനിമയുടെ ചരിത്രത്തിൽ സമാന്തര സിനിമയെന്നോ മുഖ്യധാരാ സിനിമയെന്നോ വ്യത്യാസമില്ലാതെ പ്രേക്ഷകരെ സ്വാധീനിച്ച തിരക്കഥാകൃത്തും സംവിധായകനും എഴുത്തുകാരനുമാണ് പത്മരാജൻ. സിനിമ എന്ന ദൃശ്യകലയുടെ ഭാഷയും, സൗന്ദര്യവും മനസിലാക്കാൻ ശ്രമിക്കുന്നവർ ഇത്രമാത്രം പഠനവിധേയമാക്കിയ മറ്റൊരു സംവിധായകൻ മലയാളത്തിൽ വേറെയുണ്ടാകില്ല. എന്നാൽ സവർണ പൊതുബോധത്തെ യുക്തിഭദ്രമായി ഊട്ടിയുറപ്പിക്കുന്നതിൽ പത്മരാജനോളം സംഭാവന നൽകിയ മറ്റൊരു സംവിധായകനുണ്ടാകുമെന്നും തോന്നുന്നില്ല. പത്മരാജന്റെ സിനിമകളെ മുൻ നിർത്തി മലയാള സിനിമയിൽ സവർണ ഭാവുകത്വം എങ്ങനെയാണ് തഴച്ചു വളർന്നത് എന്ന് പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്.

"പ്രയാണം' എന്ന സിനിമയ്ക്ക് തിരക്കഥ എഴുതിയാണ് പത്മരാജൻ മലയാള സിനിമയിലേക്ക് കടന്നു വരുന്നത്. നമ്പൂതിരിയായ വൃദ്ധൻ ചെറുപ്പക്കാരിയായ പെൺകുട്ടിയെ വിവാഹം കഴിക്കുന്നതും, പെൺകുട്ടി അയൽവാസിയായ ചെറുപ്പക്കാരനുമായി പ്രണയത്തിൽ ആവുന്നതുമാണ് പ്രമേയം. തികച്ചും ഗ്രാമീണമായ പശ്ചാത്തലത്തിലാണ് കഥ ഒരുക്കിയതെങ്കിലും, "പ്രയാണ'ത്തിൽ ആധുനികമായ നഗര ജീവിതം നാശത്തിന്റെയും തിന്മയുടേയും ഇടമായി അവതരിപ്പിക്കുന്നുണ്ട്‌. പെൺകുട്ടിയുമായി പ്രണയത്തിലാവുന്ന ചെറുപ്പക്കാരന്റെ അമ്മയുടെ ഫ്ലാഷ് ബാക്കായാണ് കഥ പറയുന്നത്. ക്ഷേത്ര ദർശനവും, അച്ചടക്കവും, ഇടതൂർന്ന മുടിയുമുള്ള ഗ്രാമീണ സുന്ദരിയായ ഒരു പെൺകുട്ടി വിവാഹാനന്തരം നഗരത്തിൽ താമസമാക്കുന്നു. നഗര ജീവിതത്തിന്റെ ആധുനിക പരിസരം അവളെ മാറ്റുന്നു. മദ്യപാനവും കൂട്ടുകെട്ടും ജീവിതം തകർക്കുന്നതും, സ്വന്തം കുഞ്ഞിനെ അനാഥാലയത്തിലാക്കി അവൾ നാടുവിടുന്നതുമായാണ് സിനിമയിൽ നഗര ജീവിതത്തെ പത്മരാജൻ അവതരിപ്പിക്കുന്നത്.

പ്രയാണം സിനിമയിൽ നിന്ന് ഒരു രംഗം

ആധുനികവും നാഗരികവുമായ ജീവിതത്തെ തിന്മയുടെയും ഗ്രാമ ജീവിതത്തെ നന്മയുടെയും പ്രതിരൂപമാക്കി പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത മറ്റൊരു സിനിമയാണ് തിങ്കളാഴ്ച്ച നല്ല ദിവസം. മമ്മൂട്ടി, കരമന ജനാർദ്ദനൻ, കവിയൂർ പൊന്നമ്മ, കൊച്ചുകുഞ്ഞ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ. ഗ്രാമത്തിലെ തറവാട്ടിൽ താമസിക്കുന്ന ജാനകിയമ്മയുടെ പിറന്നാൾ ആഘോഷിക്കാൻ മക്കളും ചെറുമക്കളും അവധിക്കെത്തുന്നതോടെയാണ് സിനിമ ആരംഭിക്കുന്നത്. ഭർത്താവ് മരിച്ച ജാനകിയമ്മ തറവാട്ടിൽ ഒറ്റയ്ക്കാണ്. സഹായത്തിനായി ബന്ധുവായ പെൺകുട്ടിയുണ്ട്. വലിയ പറമ്പും പശുക്കളും മരങ്ങളും കുളവുമൊക്കെയുള്ള ഗ്രാമത്തിലെ കർഷക ജന്മി തറവാടിനെ ഓർമ്മിപ്പിക്കുന്ന പശ്ചാത്തലത്തലമാണ് ജാനകിയമ്മയുടെ തറവാടിന്റേത്. മൂത്തമകനും കുടുംബവും ബോംബയിലും, രണ്ടാമത്തെ മകൻ ഗോപനും കുടുംബവും ദുബായിലുമാണ് താമസം. ദുബായിലുള്ള രണ്ടാമത്തെ മകൻ ഗോപന്റെ ഈ അവധിക്കാല വരവിന് മറ്റൊരു ഉദ്ദേശമുണ്ട്. അയാളുടെ ഭാഗത്തിലുള്ള കുടുംബ വീട് വിറ്റ് ബാംഗ്ലൂരിൽ പുതിയ ഫ്ലാറ്റ് വാങ്ങുക. ഈ വിഷയം അറിയിക്കുന്നതോടു കൂടി അവധിക്കാല ആഹ്ലാദ ദിനങ്ങൾ സങ്കട സാന്ദ്രമായ അന്തരീക്ഷത്തിലേക്ക് വഴിമാറുന്നു. വൈകാരിക സന്ദർഭങ്ങൾക്ക് ഒടുവിൽ അമ്മയെ ശരണാലയത്തിൽ ആക്കുകയും അവിടെ വെച്ച് ജാനകിയമ്മ മരിക്കുകയും ചെയ്യുന്നു. അമ്മയുടെ മരണത്തെ തുടർന്ന് തറവാട് വാങ്ങാൻ വരുന്നയാൾ കച്ചവടത്തിൽ നിന്നു പിൻവാങ്ങുന്നു. വില്പന ഉപേക്ഷിച്ച് കുറ്റബോധത്തോടെ ഗോപനും കുടുംബവും അമ്മയുടെ ഓർമ്മകളുമായി ഗ്രാമത്തിൽ സ്ഥിരതാമസമാക്കുന്നതോടെ സിനിമ അവസാനിക്കുകയാണ്.

lതിങ്കളാഴ്ച നല്ല ദിവസം എന്ന സിനിമയിൽ നിന്ന് ഒരു രംഗം

കുടുംബ ബന്ധങ്ങളുടെ നൈർമല്യത്തെയും, വൈകാരിക തീവ്രതകളെയും അവതരിപ്പിച്ച ഒരു കുടുംബ ചിത്രം എന്ന നിലയിലായിരിക്കും ഈ സിനിമ ആഘോഷിക്കപ്പെട്ടിരിക്കുക. എന്നാൽ ഈ കുടുംബ കഥയുടെ പശ്ചാത്തലത്തിൽ മറ്റൊരു കഥ കൂടി പത്മരാജൻ പറയുന്നുണ്ട്. തറവാട്ടിലെ പശുക്കളെ നോക്കി നടന്നിരുന്ന, ജാതിയിൽ താഴ്‍ന്ന പൂട്ടുകാരൻ കുഞ്ഞനെ മുന്നിൽ നിർത്തിയാണ് ആ കഥ പോകുന്നത്. അച്ചൻകുഞ്ഞാണ് "കുഞ്ഞൻ' എന്ന ആ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. "കുടുംബ കഥ' എന്ന ലേബലിൽ പൊതിഞ്ഞു പ്രേക്ഷകരുടെ വൈകാരികതയെ മുതലെടുത്ത് "തിങ്കളാഴ്ച് നല്ല ദിവസം' എന്ന സിനിമ എടുത്തിരിക്കുന്നതു തന്നെ കുഞ്ഞനെ മുന്നിൽ നിർത്തി സവർണ രാഷ്ട്രീയം ഉദ്ബോധിപ്പിക്കാനാണ് എന്നു പറഞ്ഞാലും അധികമാകില്ല.

1985 ലാണ് ഈ സിനിമ നിർമ്മിക്കപ്പെട്ടിരിക്കുന്നത്. അക്കാലത്ത് കേരളത്തിലെ സാമൂഹികാവസ്ഥ മാറി തുടങ്ങിയിരുന്നു. ഭൂപരിഷ്ക്കരണം, സമുദായം എന്ന നിലയ്ക്ക് ഈഴവരേയും മറ്റു പിന്നാക്ക വിഭാഗങ്ങളേയും മുസ്‍ലിങ്ങളേയും സ്വത്ത് ഉടമസ്ഥതയിലേക്ക് കൊണ്ടു വരുന്നുണ്ട്. ഭൂപരിഷ്ക്കരണത്തിൽ നിന്നും പുറത്തായെങ്കിലും വിദ്യാഭ്യാസത്തിലൂടെയും, സംവരണത്തിലൂടെയും സർക്കാർ ജോലിയുള്ള ഒരു വിഭാഗം ദലിതർക്കിടയിലും ഉയർന്നു വരുന്നുണ്ട്. മറ്റൊരു സവിശേഷത ഈഴവ-പിന്നാക്ക/ദലിത് സമൂഹങ്ങളിൽ നടന്ന മതപരിവർത്തനത്തിലൂടെയും സാമൂഹ്യ സമ്പത്തിക മൂലധന ബന്ധങ്ങളുള്ളവരാക്കി അവരെ മാറ്റുന്നുണ്ട്. സമൂഹത്തിൽ സംഭവിച്ച ഇത്തരം മാറ്റങ്ങൾകൊണ്ട് അതുവരെ സവർണർ കെെയ്യടക്കിയ സാമൂഹ്യ മേൽക്കോയ്മ നഷ്ട്ടപ്പെടുന്നുണ്ട്. 1980 കളിൽ സവർണ സമുദായങ്ങൾ നേരിട്ട ഈ പ്രതിസന്ധിയും ആശങ്കയുമാണ് സിനിമയിലൂടെ പത്മരാജൻ പങ്കുവെച്ചത്. സിനിമയിലെ കുഞ്ഞൻ പരിവർത്തിത ക്രിസ്ത്യൻ ആണെങ്കിലും, യഥാർഥത്തിൽ കേരളീയ സമൂഹത്തിൽ നടന്ന രാഷ്ട്രീയ മാറ്റത്തിന്റെ ഭാഗമായി ഉയർന്നു വന്ന കീഴ്ത്തട്ട് സമുദായങ്ങളുടെ പ്രതിനിധിയാണ്. പത്മരാജൻ അവതരിപ്പിച്ച കുഞ്ഞന്റെ അതേ പ്രതിച്ഛായയിലാണ് രഞ്ജിത്ത് എഴുതി ഐ.വി. ശശി സംവിധാനം ചെയ്ത ദേവാസുരം സിനിമയിലെ ഭൂമി വാങ്ങാൻ വരുന്ന മുസ്‍ലിമിനെയും സാമൂഹ്യമായി നിർമ്മിച്ചെടുത്തിരിക്കുന്നതെന്ന് തിരിച്ചറിയേണ്ടതുണ്ട്.

സവർണ വിഭാഗങ്ങളോട് രണ്ട് കാര്യങ്ങളാണ് പത്മരാജൻ പറയാൻ ശ്രമിക്കുന്നത്. ഫ്യൂഡൽ കാലത്തിന്റെ തകർച്ച സവർണ കുടുംബങ്ങളിൽ ആന്തരിക പ്രതിസന്ധി രൂപപ്പെടുത്തിയിട്ടുണ്ട്‌. ഈ സാമൂഹിക അധികാര തകർച്ച സവർണരെ ആധുനിക നാഗരിക ജീവിത ആഭിമുഖ്യം ഉള്ളവരാക്കി തീർക്കുമ്പോൾ പരമ്പര്യ തറവാടുകളുടെ തകർച്ചയ്ക്ക് അത് കാരണമാവും. അതോടൊപ്പം പുതിയ കാലത്ത് കീഴ്ത്തട്ട് സമുദയങ്ങൾ ആർജിച്ചെടുക്കുന്ന സാമൂഹിക, സ്വത്ത് അധികാരങ്ങൾ സവർണ സാംസ്കാരികതയുടെ കേന്ദ്രങ്ങളായ തറവാടുകൾക്ക് ഒരു ഭീഷിണിയായ് മാറുമെന്ന പാഠമാണ് പത്മരാജൻ ഈ സിനിമയിൽ മുന്നോട്ട് വയ്ക്കുന്നത്.

സവർണ കൗശലം പ്രവർത്തിക്കുന്ന വിധം

കേരളത്തിലെ അവർണ സമുദായങ്ങളുടെ (Non caste hindu) പ്രതിനിധിയായാണ് കന്ന് പൂട്ടുകാരൻ കുഞ്ഞനെ സിനിമയിൽ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കുഞ്ഞന്റെ ജാതി സ്വത്വം പ്രത്യക്ഷത്തിൽ പ്രേക്ഷകർക്ക് മനസിലാക്കി കൊടുക്കുന്ന നിരവധി സന്ദർഭങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്‌. അവധിക്കാലം ആഘോഷിക്കാൻ വന്ന നാരായണൻകുട്ടിയുമായി കുഞ്ഞൻ സംസാരിച്ചിരിക്കുമ്പോൾ അവിടേക്ക് ജാനകിയമ്മ കടന്നു വരുന്നുണ്ട്. ജാനകിയമ്മയെ കാണുമ്പോൾ തന്നെ വിനയത്തോടെ കുഞ്ഞൻ എഴുന്നേറ്റ് നിൽക്കുന്നു. പ്രായമായ ഒരു സ്ത്രിയെ കണ്ടപ്പോളാണ് കുഞ്ഞൻ എഴുന്നേറ്റു നിന്നതെന്ന് പ്രേക്ഷകർ തെറ്റിദ്ധരിക്കാതിരിക്കാൻ ജാനകിയമ്മ മകനോട് പറയുന്നുണ്ട് "ഞാൻ ഇങ്ങനെ നോക്കുവായിരുന്നു അവൻ എന്റെ മുമ്പിൽ ഇരിക്കോ എന്ന്, ഇരുന്നില്ല!.' അവനും അവന്റെ അച്ഛനുമൊക്കെ ഇവിടെ പണ്ട് കന്നിനെ നോക്കി നടന്നവരാണ് എന്ന് ജാനകിയമ്മ മകനോടല്ല പറയുന്നത് പ്രേക്ഷകരോടാണ്. പത്മരാജൻ തന്നെയാണ് ജാനകിയമ്മയിലൂടെ പ്രേക്ഷകരോട് സംസാരിക്കുന്നത്.

തിങ്കളാഴ്ച നല്ലദിവസം എന്ന സിനിമയിൽ നിന്ന്

ജാനകിയമ്മയുടെ മുന്നിൽ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു നിന്ന കുഞ്ഞൻ പണ്ട് കന്നിനെ നോക്കി നടന്നിരുന്ന കുഞ്ഞനല്ല. സിൽക്ക് ജുബയും മുണ്ടും ഫോറിൻ വാച്ചും ഉള്ള, സിഗരറ്റ് വലിക്കുന്ന കുഞ്ഞൻ, പുതിയകാലത്തെ അവർണ സമുദായത്തിൻറെ (non caste hindu) പ്രതിനിധിയാണ്. മാറിയ കേരളത്തിൻറെ രാഷ്ട്രീയ അന്തരീക്ഷത്തിലാണ് കുഞ്ഞൻ ഈ മാറ്റം സാധ്യമാക്കിയത്. വിദ്യാഭ്യാസം നേടിയ കുഞ്ഞന്റെ മക്കൾ ഇന്ന് ഗൾഫിലാണ്‌. അവർ അയയ്ക്കുന്ന പണം കുഞ്ഞന് സാമ്പത്തിക സ്വാശ്രയത്വം നേടി കൊടുത്തിരിക്കുന്നു. അവർണ സമുദായങ്ങൾ സാമൂഹിക സാമ്പത്തിക അധികാരങ്ങൾ കൈവരിക്കുകയും, അതെ സമയം തറവാടുകൾ ഉപേക്ഷിച്ച് സവർണ വിഭാഗങ്ങൾ നഗര ജീവിതത്തിലേക്ക് ഒഴിഞ്ഞു പോകാൻ ആഗ്രഹിക്കുകയുമാണ് ഇക്കാലത്ത്. ഗ്രമീണമായ തറവാടുകൾ ഉപേക്ഷിച്ച് പോകുന്ന സവർണ സാംസ്കാരിക ജീവിതത്തെ തകർച്ചയിൽ നിന്നും രക്ഷിച്ചെടുക്കാനാണ് പത്മരാജൻ ശ്രമിക്കുന്നത്. അതു കൊണ്ടാണ് കേവല കുടുംബകഥ മാത്രമായി തീരേണ്ട ഒരു സിനിമയിൽ കീഴ്ത്തട്ട് ജാതി സമൂഹത്തിലെ സമ്പന്നനായ കുഞ്ഞനെ പ്രതിനായകൻ ആക്കുമ്പോൾ കഥയുടെ മാനം മാറുന്നത്.

സിനിമയിൽ കുഞ്ഞൻ എല്ലായ്‍പ്പോഴും സിൽക്ക് ജുബയും വാച്ചും ധരിച്ച ഒരു ആധുനികനാണ്. കുഞ്ഞനെ കാണുമ്പോൾ, കോണകം ഉടുത്തു നടന്നിരുന്ന, ചേറിൽ കുളിച്ച് കഞ്ഞിക്ക് വരുന്ന കുഞ്ഞൻറെ പഴയ കാലം ജാനകിയമ്മ മക്കളോട് അയവിറക്കുന്നുണ്ട്. പ്രായം ചെന്ന സവർണ സ്ത്രീയുടെ കേവലം ജാതികുശുമ്പായി അതിനെ കാണാൻ ആവില്ല. സിനിമയിലൂടെ പത്മരാജൻ നിർവഹിക്കാൻ ശ്രമിക്കുന്ന സവർണ രാഷ്ട്രീയ കൗശലത്തിന് മുന്നോട്ട് പോകാൻ കുഞ്ഞൻറെ ജാതീയ പതിത്വം ഉറപ്പിച്ചെടുക്കേണ്ടതുണ്ട്‌. കന്നിനെ നോക്കിയും ഉടുതുണിക്ക് മറുതുണിയില്ലാതെ കോണകമുടുത്ത് നടന്ന കുഞ്ഞൻ പ്രേക്ഷകർക്കു മുൻപിൽ സവർണർക്ക് എതിരെ മനസിൽ പ്രതികാര ബുദ്ധിയുള്ള പ്രതിനായകനായി ബോധ്യപ്പെടണമെങ്കിൽ കുഞ്ഞന്റെ കഴിഞ്ഞ കാലം ആവർത്തിച്ചാവർത്തിച്ച് ഓർമ്മിപ്പിക്കേണ്ടതുണ്ട്.

അവർണ സമുദായങ്ങൾ ആർജിക്കുന്ന സാമൂഹിക സാമ്പത്തിക അധികാരങ്ങൾ മാത്രമല്ല, ആധുനിക നാഗരിക സംസ്കാരവും സവർണ ജീവിത പരിസരങ്ങൾക്ക് എതിരെ പുതിയ വെല്ലുവിളി ഉണ്ടാക്കുന്നതാണ് എന്ന് സിനിമ ഓർമ്മിപ്പിക്കുന്നു. ഗ്രാമീണതയുടെ ലക്ഷണങ്ങളായ മരങ്ങൾ നിറഞ്ഞ പറമ്പും, കാവും കുളവും നഷ്ട്ടപ്പെടുന്നതിലെ ആവലാതിയും സിനിമ പങ്കിടുന്നുണ്ട്. മരങ്ങൾ നിറഞ്ഞ പറമ്പിലൂടെ പേരക്കുട്ടികളും മരുമക്കളുമായി നടക്കുമ്പോൾ ജാനകിയമ്മ പറയുന്നുണ്ട്, പണ്ടൊക്കെ എന്ത് രസമായിരുന്നു ഇവിടെ നിറയെ മരങ്ങളായിരുന്നു, കാവും ഭഗവതി അമ്പലവും, ഇന്നതൊക്കെ വെട്ടി തെളിച്ച് ആളുകൾ വീട് വെച്ചെന്നും, അതും കണ്ട ജാതികൾ എന്ന് ഗ്രാമീണ നന്മയുടെ പ്രതിരൂപമായ ജാനകിയമ്മ പറയുമ്പോൾ, നാടിൻറെ ഭംഗി നഷ്ടപ്പെടുന്നതിലുള്ള സവർണ ആധി മാത്രമല്ല ജാതിബോധവും കൂടിയാണ് പുതിയ തലമുറകൾക്ക് പകർന്ന് കൊടുക്കുന്നത്.

ഗോപനും നാരായണൻകുട്ടിയും അവരുടെ കുടുംബവും ആധുനിക നാഗരിക ജീവിതത്തിലേക്ക് മാറ്റം കൊതിക്കുമ്പോൾ, പശുവും കുളവും പറമ്പും മരങ്ങളുമുള്ള ഗ്രാമീണ ജീവിതത്തിലേക്കും അതിലൂടെ ജാനകിയമ്മയുടെ ഇരുണ്ട ജാതി ജീവിതത്തിലേയ്ക്കും പദ്മരാജൻ ശ്രദ്ധ തിരിക്കുന്നു. പുതിയ തലമുറയ്ക്ക് മുന്നിൽ നന്മയുടെ ആദർശ ലോകമായ് ആ ലോകം അവതരിപ്പിക്കപ്പെടുന്നു.

നഗരത്തിൽ ജീവിക്കുന്ന ഗോപനും നാരായണൻകുട്ടിയും ജാനകിയമ്മയുടെ ചൊല്ല് വളർത്തലിൽ ഗ്രാമത്തിൽ തന്നെയാണ് വളർന്നത്‌. ജാനകിയമ്മ പകർന്നു നൽകിയ ജാതി ബോധം അവരിൽ നിന്ന് പൂർണ്ണമായും ഒഴിവായിട്ടില്ല. കുഞ്ഞനോട് ജാനകിയമ്മ സൂക്ഷിക്കുന്ന അത്രയും അവഹേളനപരമായ ജാതി പെരുമാറ്റം പ്രത്യക്ഷത്തിൽ പ്രകടിപ്പിക്കുന്നില്ലെങ്കിലും ഉള്ളാൽ സൂക്ഷിക്കുന്നവരാണ് മക്കളായ ഗോപനും നാരായണൻ കുട്ടിയും.

ബോംബെയിൽ താമസിക്കുന്ന നാരായണൻകുട്ടിയേക്കാൾ കുഞ്ഞനെ താല്പര്യം ദുബായിൽ ഉള്ള ഗോപനാണ്. അതിന് ഒരു പ്രധാന കാരണം കുഞ്ഞൻറെ കയ്യിൽ പണമുണ്ട് എന്നതാണ്. പക്ഷേ കുഞ്ഞൻറെ കയ്യിലെ പണം ഇന്ത്യൻ സമൂഹത്തിലെ ജാതി ബോധത്തെ മറികടക്കാൻ സഹായിക്കുന്നില്ല. തറവാട് വിൽക്കാനുള്ള ഗോപൻറെ തീരുമാനം വലിയ ഒച്ചപ്പാടാണ് കുടുംബത്തിൽ ഉണ്ടാക്കുന്നത്. ഒടുവിൽ ഗോപൻറെ ആഗ്രഹത്തിന് അമ്മയും, ജേഷ്ഠനും സമ്മതിക്കുമ്പോൾ പുതിയ പ്രശ്നമായ് വസ്തു വാങ്ങുന്ന കുഞ്ഞൻറെ ജാതി മാറുന്നു. അമ്മയും സഹോദരനും വീട് വിൽക്കുന്നതിന് എതിരല്ല പക്ഷേ ജാതിയിൽ കുറഞ്ഞ കുഞ്ഞന് വിൽക്കാൻ തയ്യാറല്ല. ഇന്നലെ വരെ വീടിൻറെ മുറ്റത്തോ അകത്തോ കയറ്റിയിട്ടില്ല, കഞ്ഞിപോലും കൊടുത്തത് തിണ്ണയിൽ ഇരുത്തിയല്ലേ, ആ കുഞ്ഞനാണോ നീ വീട് വിൽക്കാൻ കണ്ടുവച്ചിരിക്കുന്നത് എന്ന് ജേഷ്ഠൻ നാരായണൻ കുട്ടി ചോദിക്കുന്നുണ്ട്‌. അതിന് മറുപടിയായ് ഗോപൻ പറയുന്നത് വേറെ ആരുണ്ട് ഇത്രയും പൈസ റൊക്കം തരാൻ എന്നാണ്. നമ്മുടെ കൂട്ടത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ പൈസ കുറച്ച് കുറഞ്ഞാലും അവർക്ക് കൊടുക്കാമായിരുന്നുവെന്ന്. പണത്തിന് മീതെ പരുന്ത് പറന്നില്ലെങ്കിലും ജാതി പറക്കുമെന്ന ഇന്ത്യൻ സാമൂഹ്യ യാഥാർഥ്യമാണ് ഇവിടെ അടിവരയിടുന്നത്. ജാതിക്ക് മുൻപിൽ കുഞ്ഞൻറെ പണം തോൽക്കുന്നു. "മനുഷ്യനും മനുഷ്യനും തമ്മിൽ നഗ്നമായ സ്വാർത്ഥത ഒഴികെ, ഹൃദയശൂന്യമായ രൊക്കം പൈസ ഒഴികെ മറ്റൊന്നും മുതലാളിത്തം അവശേഷിപ്പിക്കില്ല' എന്ന മാർക്സിൻറെ വിശകലനമുണ്ട്. പൈസ കുറച്ചായാൽ പോലും നമ്മുടെ കൂട്ടത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ വസ്തു സ്വന്തം ജാതിക്കാർക്ക് കൊടുക്കാം എന്ന സവർണ ഹിന്ദു ജാതിബോധത്തിനു മുമ്പിൽ ലാഭത്തെ സംബന്ധിച്ച മാർക്സിന്റെ വിശകലനം തെറ്റിപ്പോവുകയാണ്. അത്രയ്ക്ക് തീക്ഷണവും നീതിരഹിതവുമാണ് ഇന്ത്യയിലെ ജാതി വ്യവസ്ഥ.

ജാതി എന്ന സാമൂഹ്യ ശരീരം

വീട് കുഞ്ഞന് തന്നെ വിൽക്കാൻ തീരുമാനിക്കുന്നത് മുതൽ ആധുനിക നാഗരികതയുടെ മറയിൽ നിന്ന് നാരായൺകുട്ടിയും ഗോപനും ജാതിയിലേക്ക് പ്രത്യക്ഷപ്പെടുകയാണ്. ശരണാലയത്തിൽ വച്ച് ജാനകിയമ്മ ഹൃദയം പൊട്ടിയാണ് മരിക്കുന്നത്‌. ഈ മരണത്തിൽ രണ്ട് കാരണങ്ങൾ അന്തർലീനമായ് കിടക്കുന്നുണ്ട്. തറവാട്ടിലെ ശാന്തതയിൽ നിന്നാണ് അവർ പറിച്ച് നടപ്പെട്ടിരിക്കുന്നത്. അവരുടെ തറവാട്ട് ജീവിത പരിസരങ്ങളിൽ ഒരിക്കൽ പോലും മറ്റ് മത സാമൂഹിക ജീവിതവുമായ് ഇടപഴകി ശീലമില്ല. ശുദ്ധ-അശുദ്ധ ഹൈന്ദവ സവർണ്ണ ജീവിത മൂല്യങ്ങൾ അതിനവരെ അനുവദിക്കില്ല.

അങ്ങനെയുള്ള ജാനകിയമ്മയാണ് ഇന്ന് ശരണാലയത്തിൽ സമൂഹത്തിലെ വിവിധ ജാതിയിലും മതത്തിലും പെട്ട മനുഷ്യർക്ക് ഇടയിൽ അകപ്പെട്ട് പോകുന്നത്. ഗോപൻറെ നാഗരിക ജീവിത അഭിലാഷമാണ് ഇവിടെ അമ്മയ്ക്ക് ശരണാലയ ജീവിതം ബാക്കിയാക്കിയത്. ആധുനിക നാഗരികതയെ പ്രതിക്കൂട്ടിൽ നിർത്താൻ വേണ്ടിയാണ് പത്മരാജൻ ഇവിടെ ശരാണാലയത്തെ അവതരിപ്പിക്കുന്നതെങ്കിലും, ശരണാലയം ഒരു സെക്കുലർ ഇടമാണ്. എല്ലാ മതത്തിൽ പെട്ടവരുടേയും പ്രാർത്ഥനകൾ കൂടി ഉൾപ്പെട്ടതാണ് ശരാണാലയത്തിലെ ദിനചര്യകൾ. ക്രിസ്തുമത പ്രാർത്ഥനയുള്ള ദിവസം തന്നെ അവർ ശരണാലയത്തിൽ ചെന്നാക്കപ്പെടുന്നത് യാദൃശ്ചികമല്ല. ക്രിസ്തുമത പ്രാർത്ഥനയിൽ പങ്ക് ചേരാൻ സഹചര്യങ്ങളാൽ നിർബന്ധിക്കപ്പെടുന്ന അന്ന് രാത്രി തന്നെയാണവർ മരിക്കുന്നതും. സ്വന്തം തറവാട്ടിൽ അന്നേവരെ ജീവിച്ച ഓർമ്മകളും, തറവാട് ജാതിയിൽ താഴ്ന്ന കന്ന്പൂട്ടുകാരൻ കുഞ്ഞൻറെ കയ്യിൽ എത്തിച്ചേരുന്നതും, അന്നേവരെയുള്ള വിശ്വാസങ്ങൾക്ക് വിരുദ്ധമായി അന്യമത പ്രാർത്ഥനയിൽ ഏർപ്പെടാൻ വിധിക്കപ്പെട്ടതും അവരുടെ മരണം വേഗത്തിലാക്കുന്നു. ഗോപൻറെ നാഗരിക ജീവിത വ്യാമോഹമാണ് ജാനകിയമ്മക്ക് ഈ ഗതിവരുത്തിയതെന്ന് സവർണ സമൂഹത്തോട് പത്മരാജൻ പറയുന്നു.

അമ്മയെ ശരണാലയത്തിൽ ആക്കുന്നതോടെ ആധുനിക നാഗരിക ജീവിതത്തിൻറെ മറ നീക്കി ജാതിയുടെ പ്രത്യക്ഷ രൂപമായി ആദ്യം പുറത്ത് വരുന്നത് ജേഷ്ഠൻ നാരായണൻ ആണ്. തറവാട് വിൽക്കുന്നതിൻറെ രാത്രി കുഞ്ഞും ഗോപനും കൂടി മദ്യപിക്കുമ്പോൾ ജേഷ്ഠൻ നാരായണൻ കുട്ടിയും കൂട്ടുന്നു. ജാതിയിൽ താഴ്ന്ന കുഞ്ഞൻ തറവാട് വാങ്ങുന്നതിൽ അയാൾക്ക് ഉള്ളിൽ വിരോധമുണ്ട്. മദ്യപിക്കുന്നതിനിടയിൽ അയാൾ കുഞ്ഞനോട് ചോദിക്കുന്നുണ്ട്. നീ ഈ വീട് വാങ്ങുോടായെന്ന്, ഇവിടുത്തെ പറമ്പിലും വീട്ടിലും എല്ലാം അമ്മയുണ്ട് നീ എവിടെ തിരിഞ്ഞാലും നിൻറെ മുൻപിൽ അമ്മ വന്നു നിൽക്കും, അമ്മയുടെ മുൻപിൽ നിനക്ക് ഇരിക്കാൻ ആവില്ലായെന്ന് പറഞ്ഞ് ഗ്ലാസിലെ മദ്യം കുഞ്ഞിൻറെ മുഖത്തേക്ക് ഒഴിച്ച് അയാൾ കുഞ്ഞിനെ തല്ലുകയാണ്.

ഭൗതിക ജീവിത സൗകര്യമുള്ള ആളാണ് കുഞ്ഞെങ്കിലും സാമൂഹികമായി തിരിച്ചറിവില്ലാത്ത ഒരാളായാണ് കുഞ്ഞനെ പത്മരാജൻ അവതരിപ്പിക്കുന്നത്. നീ ഈ വീടുവാങ്ങുമോ എന്ന് ചോദിച്ച് നാരായണൻകുട്ടിയുടെ തല്ലു കൊള്ളുമ്പോളും അയാൾ അതിശയിക്കുന്നുണ്ട് എന്തിനാണ് ഒരു കാരണവുമില്ലാതെ ഈ കശപിശയെന്ന്. സ്വന്തം അസ്തിത്വവും ചുറ്റം നടക്കുന്നതും തിരിച്ചറിയാത്തവനും അതേ സമയം, ജാനകിയമ്മയുടെ തറവാട് കൈക്കലാക്കാൻ തന്ത്രപ്പൂർവ്വം ശ്രമിക്കുന്ന കുടില ബുദ്ധിയുള്ള ഒരാളായും കുഞ്ഞിനെ പത്മരാജൻ മാറ്റി തീർക്കുന്നു. വസ്തു അളന്നു തിരിക്കുന്ന സന്ദർഭത്തിൽ കാമറയുടെ രണ്ട് ക്ലോസപ്പ് ഫ്രെയമുകളിൽ കുഞ്ഞനെ കാണിക്കുന്നുണ്ട്. വസ്തു അളന്നു തിരിക്കുന്ന ചങ്ങല കുഞ്ഞൻറെ കാൽ പാദത്തിന് അടിയിലൂടെ കിലുങ്ങി നീങ്ങുന്നതും. അടുത്ത സീനിൽ പൂർവ്വവൈരാഗ്യത്തിൻറെ ഗൂഡമായ ഒരു ചിരി മിന്നിമായുന്ന കുഞ്ഞിൻറെ മുഖവും ക്ലോസപ്പ് ഫ്രെയിമിലാണ് കാണിക്കുന്നത്. നഗര ജീവിതം സ്വപനം കണ്ട് സ്വന്തം പാരമ്പര്യവും തറവാടും ഉപേക്ഷിക്കുന്ന സവർണരെ അതിൽ നിന്നും തടയാനുള്ള എളുപ്പവഴി ഇന്നലെ വരെ തിണ്ണക്കപ്പുറം കടക്കാൻ അനുവാദമില്ലാത്ത കുഞ്ഞുമാർ പൂർവ പ്രതികാര ബുദ്ധികളായി തക്കം പാർത്തിരിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ചാൽ മതിയെന്നാണ് പത്മരാജൻ കരുതുന്നത്.

തറവാട് വില്പനയുടെ അന്ന് രാത്രിയിലുള്ള തർക്കവും അടിയും എന്തിനാണെന്ന് പോലും തിരിച്ചറിയാൻ കുഞ്ഞിന് കഴിയുന്നില്ല. എന്നാൽ അമ്മയുറങ്ങുന്ന മണ്ണിൽ നിനക്ക് മനസമാധാനത്തോടെ ഉറങ്ങാൻ ആവില്ലയെന്ന ജേഷ്ഠൻ നാരാണായൻകുട്ടിയുടെ വാക്കുകൾ കുഞ്ഞിൻറെ സമനില്ല തെറ്റിക്കുന്നുണ്ട്. ആധുനിക ജീവിതം അയാൾക്ക് കൊടുത്ത സമ്പത്തും കരുത്തുമെല്ലാം അയാളിൽ നിന്ന് ചോർന്നു പോകുകയാണ്‌. അന്ധവിശ്വാസിയായ ആയാൾ ഭൂതകല ജാതി അടിമത്വത്തിൻറെ ഓർമ്മകളിൽ വിധേയനായി സ്വയം മാറുകയാണ്‌. ഭൂതകാലത്തെ വിധേയത്വത്തിൻറെ ഭയസാന്ദ്രമായ ശരീരീര ഭാഷയോട് കൂടി ആയാൾ ഗോപനോട് പറയുന്നത് അമ്മയുറങ്ങുന്ന ഈ വീട്ടിൽ താമസിക്കാൻ തനിക്കാവില്ല. എവിടെ തിരിഞ്ഞാലും മുന്നിൽ അമ്മ വന്ന് നിൽക്കുന്നതു പോലെയാണെന്നാണ്. തറവാട് താങ്ങാൻ തയാറല്ല എന്ന് അറിയിക്കുന്ന കുഞ്ഞനെ തലങ്ങും വിലങ്ങും തല്ലിയാണ് ഗോപൻ വീട്ടിൽ നിന്ന് ഇറക്കി വിടുന്നത്. സ്വന്തം കൈയ്യിലെ പണം കൊണ്ട് വസ്തു വാങ്ങാൻ തീരുമാനിക്കുമ്പോളും, കച്ചവടത്തിൽ നിന്നും പിൻവാങ്ങുമ്പോഴും വലിയ മർദ്ദനമാണ് കുഞ്ഞ് ഏറ്റുവാങ്ങുന്നത്. കുഞ്ഞനെ മർദ്ദിച്ച് കൊണ്ട് ആദ്യം മറനീക്കി പുറത്തു വരുന്നത് നാരായണൻ ആണെങ്കിലും രണ്ടാമത് അതെ കൃത്യം ആവർത്തിച്ച് കൊണ്ട് അനിയൻ ഗോപനും തന്റെ ജാതി ജീവിതം ഏറ്റെടുക്കുകയാണ്‌. മനോനില നഷ്ട്ടപ്പെട്ട ഗോപൻ വീട്ട് ഉപകരണങ്ങൾ എല്ലാം തല്ലി പൊളിക്കുകയാണ്. ദുബായിൽ നിന്നും അയാൾ കൊണ്ടു വന്ന ടിവിയും വിസിആറും തല്ലിപൊളിക്കുമ്പോൾ ഉപേക്ഷിക്കപ്പെടേണ്ട ആധുനിക ജീവിതത്തിൻറെ അടയാളമായി അത് മാറുന്നു. ദുബായിലുള്ള ജോലിയും, ബാംഗ്ലൂരിലെ ഫ്ലാറ്റും നഗര ജീവിതവും ഉപേക്ഷിച്ച് അയാൾ തറവാട്ടിൽ തന്നെ അമ്മയുടെ ഓർമ്മകളുമായ് സ്ഥിര താമസമാക്കാൻ തീരുമാനിക്കുകയാണ്‌.

ജനാധിപത്യ വളർച്ചയ്ക്കുള്ള ആധുനിക നഗര ജീവിതത്തിലെ സാധ്യതകളെ ഉപേക്ഷിക്കുകയും, തറവാട്ടിലെ അമ്മയുടെ ജാതി ജീവിതത്തിൻറെ തുടർച്ച ഗോപനും, അയാളിലൂടെ കുട്ടികളും ഏറ്റെടുകയും ചെയ്യുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്. പാരമ്പര്യ ജാതി ജീവിതം ശരണാലയത്തിൽ മരിക്കുന്ന ജാനകിയമ്മയിൽ അവസാനിക്കുകയല്ല, ആധുനിക നാഗരികതയുടെ പ്രതിനിധിയായ ഗോപൻ മക്കളും തറവാട്ടിൽ തിരിച്ച് വന്ന് അത് തുടർച്ചയുള്ളതാക്കി തീർക്കുന്നു. അമ്മ ഗോപനിലേക്ക് പരകായ പ്രവേശനം ചെയ്തതിന്റെ ലക്ഷണങ്ങൾ ഗോപനിൽ കാണുന്നുണ്ട്. വീട്ടിൽ നിന്നും കുഞ്ഞിനെ തല്ലിയിറക്കുന്ന ഗോപനിൽ കാണുന്നത് അതുവരെ സിനിമ കാണിക്കുന്ന ഒരാൾ അല്ല. ഫ്യൂഡൽ ജാതി പ്രേതം ആവേശിച്ച് മനോനില തെറ്റിയ പുതിയ ഒരു ഗോപനെയാണ്. അമ്മ ഗോപനിലേക്കും, ഗോപനിൽ നിന്നും മക്കളിലേക്കും തകർച്ചയില്ലാതെ സഞ്ചരിക്കുന്ന മാതൃക ജീവിതമായ് ജാതിയെ ബന്ധിപ്പിച്ച് സിനിമ അവസാനിക്കുന്നു.

1985 ൽ പത്മരാജൻ എന്ത് കൊണ്ടാവും മറ്റൊരു സമുദായത്തേക്കാൾ രൊക്കം പൈസ കൊടുത്ത് വസ്തുവാങ്ങാൻ ശേഷിയുള്ള അവർണനെ തന്നെ പ്രതിനായകനായി അവതരിപ്പിച്ചത്. സമ്പന്ന സമുദായങ്ങളായ ഒരു ക്രിസ്ത്യാനിയോ, മുസ്‍ലിമോ അല്ലങ്കിൽ ഒരു ഹിന്ദു സവർണൻ തന്നെ വസ്തു വാങ്ങിയാലും കുടുംബ ബന്ധങ്ങളുടെ കഥ പറഞ്ഞ സിനിമയെ അത് ബാധിക്കാൻ ഒരു സാധ്യതയുമില്ല. പ്രതിനായകനായി കീഴ്ത്തട്ട് ജാതിക്കാരൻ ആയത് യാദൃശ്ചികമല്ല അതൊരു സവർണ രാഷ്ട്രീയ അജണ്ടയാണ്. പാരമ്പര്യ ജാതി ജീവിതവും സംസ്കാരവും ഉപേക്ഷിച്ച് നഗര ജീവിതം കൊതിക്കുന്ന സവർണരെ പേടിപ്പെടുത്തുകയാണ് പത്മരാജൻ. അതേ സമയം കീഴ്ത്തട്ട് ജാതി സമൂഹങ്ങൾ ആർജിക്കാൻ ശ്രമിക്കുന്ന സ്വത്തുടമസ്ഥതയും സാമൂഹിക അധികാരവും പത്മരാജനിലെ സവർണ ബോധത്തെ അസ്വസ്ഥപ്പെടുത്തിയിരുന്നു എന്നു പറഞ്ഞാലും അതൊരു കുറ്റമാവില്ല.

Comments