‘ബാറ്റിൽഷിപ്പ് പൊട്ടെംകിൻ’ എന്ന ചലച്ചിത്രത്തിന് 100 വയസ്സാവുന്നു. ഇന്ത്യ ഇപ്പോൾ ആ ചിത്രം സെൻസർ ചെയ്യുകയാണ്! തീർത്തും അസാധാരണമായ രീതിയിൽ സെർജി ഐസൻസ്റ്റീന്റെ ബാറ്റിൽഷിപ്പ് പൊട്ടെംകിൻ അതിന്റെ 100-ാം വാർഷികത്തിൽ സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര ഇൻഫർമേഷൻ ആൻറ് ബ്രോഡ്കാസ്റ്റ് മന്ത്രാലയം. അത് കാരണം, ലോകസിനിമയിൽ ഏറ്റവും കൂടുതൽ പഠനം നടന്നിട്ടുള്ള ഒരു ചിത്രം ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കാൻ സാധിക്കാതെ വന്നിരിക്കുകയാണ്. സിനിമയുടെ പ്രിൻറ് ലഭ്യമല്ലാത്തതിനാലോ, പ്രദർശിപ്പിക്കാൻ അവകാശം ഇല്ലാത്തതിനാലോ, ഇപ്പോഴും പ്രാധാന്യം ഇല്ലാത്തതിനാലോ ഒന്നുമല്ല, സെൻസർ അനുമതി ഇല്ലാത്തതിനാൽ മാത്രം…
എഫ്.ടി.ഐ.ഐ, എസ്.ആർ.എഫ്.ടി.ഐ, കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്, എൽ.വി. പ്രസാദ് തുടങ്ങി സ്വാതന്ത്ര്യലബ്ധിക്കുശേഷം ഇന്ത്യയിൽ ആരംഭിച്ച എല്ലാ ഗൗരവമേറിയ ഫിലിം സ്കൂളുകളിലും ഈ ചിത്രത്തിലെ ഓരോ ഫ്രെയിമും ഓരോ കട്ടും ഓരോ മൊണ്ടാഷ് സിദ്ധാന്തവും പഠിപ്പിക്കുന്നുണ്ട്. ആയിരക്കണക്കിന് ആളുകളുടെ സ്വകാര്യ ഹാർഡ് ഡ്രൈവുകളിലും ഡിവിഡികളിലും ടൊറൻറ്സിലും യൂട്യൂബിലും യുണിവേഴ്സിറ്റി ആർക്കൈവ്സിലും എന്തിനധികം വാട്ട്സാപ്പ് ഫോർവേഡിൽ പോലും ഉള്ള സിനിമ. ചലച്ചിത്ര വ്യാകരണം തന്നെ മൊത്തത്തിൽ മാറ്റിയെഴുതിയ സിനിമ.
എന്നിട്ടും, 2025-ൽ ഒരു സംസ്ഥാനതല ചലച്ചിത്രമേളയിൽ സെൻസർ ബോർഡ് അനുമതി നൽകാത്തതിനാൽ ചിത്രം പ്രദർശിപ്പിക്കാൻ സാധിക്കാതെ വരുന്നു.
ഇത് ഭരണമല്ല,
ഇത് നിയന്ത്രണമല്ല,
ഇത് സ്ഥാപനപരമായ പ്രഹസനമാണ്.

ഐ.എഫ്.എഫ്.കെയിൽ എത്തുന്ന കാഴ്ച്ചക്കാർ പ്രായപൂർത്തിയായവരാണ്. അവർ ചലച്ചിത്ര പ്രവർത്തകരും ഗവേഷകരും വിദ്യാർത്ഥികളും വിമർശകരും ചരിത്രകാരരുമെല്ലാമാണ്. ബാറ്റിൽഷിപ്പ് പൊട്ടെംകിൻ എന്ന ചിത്രം ഇപ്പോൾ അപകടകരമായി കണക്കാക്കുകയാണെങ്കിൽ, ഇന്ത്യയിലെ ചലച്ചിത്രവിദ്യാഭ്യാസം മൊത്തത്തിൽ തന്നെ അപകടകരമാണെന്ന് പറയേണ്ടതായി വരും.
എന്താവും അടുത്ത ഘട്ടം?
‘സിറ്റിസൺ കെയ്ൻ’ പ്രദർശിപ്പിക്കാൻ നമുക്ക് അനുമതി ലഭിക്കുമോ?
‘ബൈസിക്കിൾ തീവ്സി’ലെ ഫ്രെയിമുകൾ ബ്ലർ ചെയ്ത് കാണിക്കേണ്ടി വരുമോ?
‘പഥേർ പാഞ്ചാലി’ പ്രദർശിപ്പിക്കുന്നതിന് മുമ്പ് ജാഗ്രതാ മുന്നറിയിപ്പുകൾ നൽകേണ്ടതായി വരുമോ?
സിനിമാചരിത്രത്തെ ഒരു ക്രമസമാധാന പ്രശ്നമായി കണക്കാക്കുന്ന ഒരു സർക്കാർ സംവിധാനം സിനിമകളെ മാത്രമല്ല പ്രശ്നത്തിലാക്കാൻ പോവുന്നത്, നമ്മുടെ ബൗദ്ധിക വ്യവഹാരങ്ങളെയാകെ ശ്വാസം മുട്ടിക്കാൻ പോവുകയാണ്. 100 വർഷം പഴക്കമുള്ള ഒരു നിശബ്ദചിത്രം ഒരിക്കലും ഒരു രാജ്യത്തിന് ഭീഷണിയാവാൻ പോവുന്നില്ല, പക്ഷേ ഈ മനോഭാവം തീർച്ചയായും ഭയപ്പെടുത്തുന്നതാണ്. നല്ലൊന്നാന്തരം ‘പൊട്ടൻഷിപ്പ്’ എന്നല്ലാതെ എന്ത് പറയാൻ!
