A.M.M.A-യിലെ മാറ്റം അനിവാര്യതയായിരുന്നു, ഇനി ഈ സ്ത്രീകൾ തെളിയിക്കേണ്ടതുണ്ട്...

“സിസ്റ്റമിക്കായ മാറ്റം ഉണ്ടായാൽ, വ്യക്തി എന്ന നിലയിൽ ആർക്കും മാറിനിൽക്കാൻ സാധിക്കാതെ വരും. ഇപ്പോൾ എ.എം.എം.എയിൽ ആ മാറ്റത്തിൻെറ തുടക്കമാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഇലക്ഷൻ ഉണ്ടായത്. ഇനിയങ്ങോട്ടും ഇവർക്ക് പഴയ നിലപാടിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ല. അവരുടെ ഉള്ളിലുള്ളത് പുറത്ത് വന്നുകൊണ്ടേയിരിക്കും. പൊതുസമൂഹം അവരുടെ പ്രതിലോമകരമായ നിലപാടുകൾക്കൊപ്പം നിൽക്കില്ല,” തിരക്കഥാകൃത്തും W.C.C അംഗവുമായ ദീദി ദാമോദരൻ സംസാരിക്കുന്നു.

ടി.ശ്രീജിത്ത്: എ.എം.എം.എയുടെ തലപ്പത്ത് ഒരു വനിത വന്നിരിക്കുന്നു. നേതൃത്വത്തിൽ മുഴുവൻ വനിതകൾക്ക് വലിയ മേൽക്കൈ ലഭിച്ചിരിക്കുന്നു. എങ്ങനെയാണ് ഈ മാറ്റത്തെ കാണുന്നത്?

ദീദി ദാമോദരൻ: മാറ്റത്തെ പോസിറ്റീവായി കാണുന്നു. എ.എം.എം.എ അടിമുടി മാറി എന്ന നിലയിലല്ല അതിൽ സന്തോഷം തോന്നുന്നത്. വലിയ ആൺ താരരാജാക്കൻമാരുടെ ആധിപത്യമുള്ള എ.എം.എം.എയിൽ വളരെ വിധേയത്വമുള്ള സത്രീകളെയാണ് നമ്മൾ പലപ്പോഴും പബ്ലിക് ഡൊമെയ്നിൽ കണ്ടുകൊണ്ടിരുന്നത്. ആ ഇടത്ത് നിന്നും ഒരു കൂട്ടം സ്ത്രീകൾ ജനാധിപത്യപരമായി തെരഞ്ഞെടുപ്പിൽ പങ്കെടുക്കുകയും ജയിക്കുകയും ചെയ്തിരിക്കുന്നു. സ്ത്രീകൾ സ്ഥാനാർത്ഥികളാണ് എന്ന് വന്നപ്പോൾ തന്നെ അവർക്കെതിരെ പല കേസുകളും മറ്റും വന്നു. അതിനോടൊക്കെ ഫൈറ്റ് ചെയ്തുകൊണ്ട് അവർ ഇലക്ഷൻ ജയിച്ച് നേതൃസ്ഥാനങ്ങളിൽ എത്തുന്നു എന്നിടത്ത് ആ നേട്ടം അവസാനിക്കുകയാണ്. ഇനി അറിയേണ്ടത് ഇപ്പോഴുള്ള ഇടം അവർ എങ്ങനെ ഉപയോഗിക്കുമെന്നാണ്. അവർ മുമ്പ് ചെയ്തിട്ടുള്ള കാര്യങ്ങൾ വെച്ച് നമുക്ക് വളരെ സംശയദൃഷ്ടിയോടെ (Speculative) തന്നെയേ ഇനി എന്തൊക്കെ ചെയ്യുമെന്നുള്ളത് പ്രതീക്ഷിക്കാൻ പറ്റുകയുള്ളൂ. പക്ഷേ, എത്രയൊക്കെ പാട്രിയാർക്കിയൽ ഏജൻസിയുടെ ഭാഗമായി നിന്ന് പ്രവർത്തിച്ചാലും അടിസ്ഥാനപരമായി അവരൊക്കെ സ്ത്രീകളായത് കൊണ്ട് എന്തെങ്കിലും നിലയ്ക്കുള്ള മാറ്റം സാധ്യമാവണമെങ്കിൽ അത് അവരിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് ഞാൻ വിചാരിക്കുന്നത്. പുതുതായി നേതൃത്വത്തിൽ എത്തിയവർ, വളരെ ലാഘവത്വത്തോടെ സംഘടനയിൽ നിന്നും പുറത്തുപോയവരെയൊക്കെ തിരിച്ച് കൊണ്ടുവരുമെന്നും അവരൊക്കെ തിരിച്ചുവരുമെന്നുമൊക്കെ പറയുന്നുണ്ട്. അവിടെ നിന്ന് ഇറങ്ങിപ്പോയ സ്ത്രീകൾ എന്ത് കാര്യത്തിനാണ് പുറത്തുപോയതെന്ന് ലോകത്ത് എല്ലാവർക്കുമറിയാം. അത് അടിസ്ഥാനപരമായ ഒരു മാറ്റം വരാൻ വേണ്ടിയായിരുന്നു. W.C.C എപ്പോഴും ആവശ്യപ്പെടുന്നത് ഒരു സിസ്റ്റമിക് മാറ്റമാണ്. ആ മാറ്റമാണ് വരേണ്ടത്. പേരില്ലാതെ, മുഖമില്ലാതെ ഇങ്ങനെ പിന്നിൽ മാത്രം നടന്നിരുന്ന ആളുകൾ മുന്നിൽ കസേരകളിലിരുന്ന്, എല്ലാ സുപ്രധാന നേതൃസ്ഥാനങ്ങളിലും എത്തുന്നു എന്നുള്ളത് ആ തരത്തിലുള്ള ഒരു മാറ്റത്തിൻെറ തുടക്കമായി തന്നെ കാണണം. അത് വളരെ പോസിറ്റീവാണ്. അത് സാധ്യമായത് 2017 ഫെബ്രുവരി 17-ന് ഒരു സ്ത്രീ തനിക്കെതിരെ ഒരു തെറ്റ് നടന്നിട്ടുണ്ട്, അതിൽ പരാതിയുണ്ടെന്നും നീതി ലഭിക്കണമെന്നും ആവശ്യപ്പെട്ട് സിസ്റ്റത്തിന് മുന്നിൽ ധൈര്യത്തോടെ നിന്ന് മുന്നോട്ട് പോയപ്പോഴാണ്… അതിന് ശേഷമാണ് ഈ മാറ്റങ്ങളെല്ലാം ഉണ്ടായത്. ഇപ്പോൾ എ.എം.എം.എയുടെ തലപ്പത്ത് സ്ത്രീകൾ എത്തിയത് വരെ…

എത്രയൊക്കെ പാട്രിയാർക്കിയൽ ഏജൻസിയുടെ ഭാഗമായി നിന്ന് പ്രവർത്തിച്ചാലും അടിസ്ഥാനപരമായി അവരൊക്കെ സ്ത്രീകളായത് കൊണ്ട് എന്തെങ്കിലും നിലയ്ക്കുള്ള മാറ്റം സാധ്യമാവണമെങ്കിൽ അത് അവരിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് ഞാൻ വിചാരിക്കുന്നത്.
എത്രയൊക്കെ പാട്രിയാർക്കിയൽ ഏജൻസിയുടെ ഭാഗമായി നിന്ന് പ്രവർത്തിച്ചാലും അടിസ്ഥാനപരമായി അവരൊക്കെ സ്ത്രീകളായത് കൊണ്ട് എന്തെങ്കിലും നിലയ്ക്കുള്ള മാറ്റം സാധ്യമാവണമെങ്കിൽ അത് അവരിലൂടെ മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് ഞാൻ വിചാരിക്കുന്നത്.

മലയാളസിനിമയിലെ സ്ത്രീകൾ നേരിടുന്ന ചൂഷണങ്ങളിൽ കൃത്യമായി നിലപാടെടുത്ത്, വളരെ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച സംഘടനയാണ് ഡബ്ല്യൂസിസി. അതിലെ ഒരു അംഗമെന്ന നിലയിൽ എ.എം.എം.എ-യുടെ പുതിയ നേതൃത്വത്തോട് എന്താണ് പറയാനുള്ളത്? അവരിൽ നിന്ന് എന്താണ് നിങ്ങൾ പ്രതീക്ഷിക്കുന്നത്?

സ്ത്രീകൾക്ക് മറ്റെല്ലാ തൊഴിലിടവും പോലെയായിരിക്കണം സിനിമാമേഖലയും. സ്ത്രീകളുടെ ജോലി, വേതനം, വേതനവ്യവസ്ഥകൾ തുടങ്ങിവയിലൊക്കെ സുതാര്യമായ ചർച്ചകൾ നടക്കേണ്ടത് കഴിവിനെ അടിസ്ഥാനപ്പെടുത്തിയായിരിക്കണം. രാജ്യം നിഷ്കർഷിക്കുന്ന നിയമവ്യവസ്ഥകൾ സിനിമയിലെ തൊഴിലിടത്തിൽ നടപ്പിലാവണം. അതായത് 20-ൽ കൂടുതൽ ആളുകൾ ജോലി ചെയ്യുന്നിടത്ത് ഒരു ഇൻേറണൽ കമ്മിറ്റി വേണം തുടങ്ങിയിട്ടുള്ള കാര്യങ്ങളൊക്കെ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ നേതൃത്വത്തിന് സാധിക്കണം. സ്ത്രീ സൗഹൃദമായിട്ടുള്ള ഒരു ഇടമായിരിക്കണം സിനിമയും. അതിന് വേണ്ടിയാണ് അവർ പ്രവർത്തിക്കേണ്ടത്. അത്തരം കാര്യങ്ങളാണ് ഉറപ്പ് വരുത്തേണ്ടത്.

ഹേമ കമ്മിറ്റി റിപ്പോർട്ടിൻെറ തുടർനടപടികളുടെ കാര്യത്തിലും അതിജീവിതയുടെ കേസിൻെറ കാര്യത്തിലും എ.എം.എം.എയുടെ പുതിയ നേതൃത്വത്തിന് എത്രത്തോളം നീതിപൂർവമായിട്ടുള്ള നിലപാടുകൾ എടുക്കാൻ സാധിക്കും?

ഇക്കാര്യത്തിൽ എ.എം.എം.എയ്ക്ക് എന്തെങ്കിലും ചെയ്യാനുണ്ടോ എന്നുള്ള കാര്യത്തിൽ എനിക്ക് സംശയമുണ്ട്. ഇപ്പോൾ നടന്ന ഇലക്ഷനിൽ പോലും വലിയ സ്വാധീനശക്തിയുള്ള മുൻനിരയിലുള്ള ഒരു കൂട്ടം താരങ്ങൾ മാറിനിൽക്കുകയാണ് ചെയ്തത്. അവരാരും ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിരിക്കാൻ ഇടയില്ല. അതുമായി ബന്ധപ്പെട്ടുള്ള ഒരു ചർച്ചയിലും പ്രധാനപ്പെട്ട നടൻമാരാരും സംസാരിച്ച് കണ്ടിട്ടില്ല. ഹേമകമ്മിറ്റി റിപ്പോർട്ട് ഉൾക്കൊണ്ട് അവർ ചർച്ച ചെയ്യുമെന്ന് നമുക്ക് ആഗ്രഹിക്കാൻ മാത്രമേ സാധിക്കുകയുള്ളൂ. സിനിമാ മേഖലയിലെയും നമ്മുടെ പൊതുമണ്ഡലത്തിലെയും വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന് കാരണമായിട്ടുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിൻെറ തുടർച്ചയെന്ന നിലയിലാണ് ഇപ്പോൾ സിനിമാ മേഖലയിലെ നവീകരണത്തിനായുള്ള കോൺക്ലേവ് പോലും നടന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറഞ്ഞാൽ കുറച്ച് പേർ ലൈംഗികാരോപണങ്ങൾ ഉന്നയിച്ചു, എന്ന് മാത്രം പറഞ്ഞ് അതിനെ ചുരുക്കിക്കെട്ടുന്നത് അന്യായമാണ്. അത് ശരിയല്ല. “അതിലുള്ള കേസുകളൊക്കെ പൊളിഞ്ഞു പോയി, അതുകൊണ്ട് കേസുകളൊക്കെ ഇല്ലാതായി” എന്ന തരത്തിലുള്ള ഒരു പൊതുവ്യാഖ്യാനമുണ്ടല്ലോ… അതിനോട് ഒരിക്കലും യോജിക്കാൻ സാധിക്കില്ല. ആക്രമിക്കപ്പെട്ട അന്നേദിവസം തന്നെ പോലീസിൽ പരാതി നൽകിയ സ്ത്രീ എട്ട് വർഷത്തിലധികമായി ഫൈറ്റ് ചെയ്തിട്ടും എന്ത് നീതിയാണ് ലഭിച്ചത്? അതും ലോവർ കോർട്ടിൽ… എന്നുള്ളത് നമ്മുടെ കൺമുമ്പിലുള്ള കാര്യമാണല്ലോ. പത്ത് കൊല്ലമോ പതിനഞ്ച് കൊല്ലമോ ഒക്കെ മുമ്പ് തങ്ങൾ പീഡിപ്പിക്കപ്പെട്ടിട്ടുണ്ട് എന്നുള്ളത് ഒരു പഠനറിപ്പോർട്ടിൻെറ ആവശ്യാർത്ഥം പറഞ്ഞത് കേസുകളായി മാറുമെന്ന് നമ്മൾ കരുതിയാൽ ശരിയാവില്ലല്ലോ. അവിടെപ്പോയി പറഞ്ഞവരാരും അങ്ങനെ വിചാരിച്ചിട്ടുമില്ല. അങ്ങനെ നടക്കുമെന്ന് കരുതുന്നതിൽ തന്നെ പ്രശ്നമുണ്ട്. ഇത്തരം കാര്യങ്ങൾക്ക് തെളിവുകൾ വളരെ പ്രധാനമാണല്ലോ. അതിന് സാധ്യത വളരെ കുറവുള്ള സാഹചര്യത്തിൽ എങ്ങനെയാണ് ഈ സ്ത്രീകൾക്കെല്ലാം കേസുമായി മുന്നോട്ട് പോവാൻ സാധിക്കുക? അങ്ങനെ ചുരുക്കിക്കെട്ടുന്നത് ശരിയല്ല. അതല്ലാത്ത നിരവധി നിർദ്ദേശങ്ങൾ ഹേമകമ്മിറ്റി റിപ്പോർട്ടിലുണ്ട്. അത് നടപ്പിലാവേണ്ടതുണ്ട്.

സിനിമാ മേഖലയിലെയും നമ്മുടെ പൊതുമണ്ഡലത്തിലെയും വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന് കാരണമായിട്ടുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന കാര്യത്തിൽ തർക്കമില്ല.
സിനിമാ മേഖലയിലെയും നമ്മുടെ പൊതുമണ്ഡലത്തിലെയും വളരെ പ്രധാനപ്പെട്ട ഒരു വഴിത്തിരിവിന് കാരണമായിട്ടുണ്ട് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന കാര്യത്തിൽ തർക്കമില്ല.

എ.എം.എം.എയുടെ തലപ്പത്ത് വളരെ സുപ്രധാനമായ ഒരു മാറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. പൂർണമായും പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു സംഘടനയുടെ മുഖമാണ് മാറുന്നത്. ഇതിൻെറ തുടർച്ച എങ്ങനെയായിരിക്കും?

വ്യക്തികളെ അടിസ്ഥാനപ്പെടുത്തിയല്ല സിസ്റ്റമിക് മാറ്റം ഉണ്ടാവേണ്ടത്. പൂർണമായ നവീകരണമാണ് വേണ്ടത്. ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഡബ്ല്യൂസിസി ഒരു കാര്യം പറഞ്ഞത് കൊണ്ടോ, അതിലെ അംഗങ്ങൾ ഇറങ്ങിപ്പോന്നത് കൊണ്ടോ, പൊതുസമൂഹം എ.എം.എം.എ എന്ന് കുത്തിട്ട് എഴുതിയത് കൊണ്ടോ അവർ മാനസാന്തരപ്പെട്ട് എല്ലാം അങ്ങ് മാറ്റുമെന്നൊന്നും വിചാരിക്കുന്നതിൽ അർത്ഥമില്ല. ഇത് കാലം ആവശ്യപ്പെട്ട് ഉണ്ടായ മാറ്റമാണ്. ഇത് അനിവാര്യതയായിരുന്നു. വലിയ സമ്മർദ്ദം ഉണ്ടായി തലപ്പത്തുള്ളവർ രാജിവെച്ച് പോവേണ്ടി വന്നതിനാലാണ് അവർക്ക് ഒരു അഡ്ഹോക്ക് കമ്മിറ്റി ഉണ്ടാക്കേണ്ടി വന്നത്. ഇപ്പോൾ പോലും മുൻനിരയിലുണ്ടായിരുന്നവർ തല വെട്ടത്ത് പോലും കാണിക്കാതെയാണ് നിൽക്കുന്നത്.

വ്യക്തികളിൽ നമ്മൾ വിശ്വസിക്കുന്നതിൽ കാര്യമില്ല. അവർ സാധാരണ മനുഷ്യരാണ്. പല സമ്മർദ്ദങ്ങളും അവരെ ബാധിച്ചേക്കാം. പല സ്വാധീനങ്ങൾക്കും വഴിപ്പെടേണ്ടി വന്നേക്കാം. എന്നാൽ സിസ്റ്റമിക്കായ മാറ്റം ഉണ്ടായാൽ, വ്യക്തി എന്ന നിലയിൽ ആർക്കും മാറിനിൽക്കാൻ സാധിക്കാതെ വരും. അതാണ് സംഭവിക്കുക. ഇപ്പോൾ എ.എം.എം.എയിൽ ആ മാറ്റത്തിൻെറ തുടക്കമാണ്. അതുകൊണ്ടാണ് ഇങ്ങനെ ഒരു ഇലക്ഷൻ ഉണ്ടായത്. ഇനിയങ്ങോട്ടും ഇവർക്ക് പഴയ നിലപാടിൽ ഉറച്ച് നിൽക്കാൻ സാധിക്കില്ല. അവരുടെ ഉള്ളിലുള്ളത് പുറത്ത് വന്നുകൊണ്ടേയിരിക്കും. പൊതുസമൂഹം അവരുടെ പ്രതിലോമകരമായ നിലപാടുകൾക്കൊപ്പം നിൽക്കില്ല.

Comments