ഇതാ, വഴിമാറി നടക്കുന്ന ഒരു ചട്ടമ്പി

സമൂഹത്തിൽ സമ്പന്നരായ ചട്ടമ്പി കാണിക്കുന്ന ചട്ടമ്പിത്തരങ്ങൾ ഹീറോയിസവും അതില്ലാത്തവർ കാണിക്കുന്നത് വെറും ചട്ടമ്പിത്തരവും ആകാറുണ്ട്. നായക കഥാപാത്രങ്ങൾ ചട്ടമ്പികളായ സിനിമകൾ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്​. അതിൽ സമ്പന്നരും ദരിദ്രരുമൊക്കെയുണ്ടായിട്ടുണ്ട്. ചട്ടമ്പികൾ സമൂഹത്തിൽ ഉണ്ടാക്കപ്പെടുന്നവരാണ്, അങ്ങനെ തുടർന്നുപോകുന്ന നിരവധി ചട്ടമ്പിമാരുടേതുകൂടിയാണ്​ നമ്മുടെ സമൂഹം എന്ന്​ ‘ചട്ടമ്പി’ എന്ന സിനിമ പറഞ്ഞുവെക്കുന്നു.

മൂഹത്തിൽ നടന്നതോ നടക്കാൻ സാധ്യതയുള്ളതോ, നടക്കുന്നതോ ആയ സംഭവങ്ങൾ സ്വാഭാവികമായി പോപ്പുലർ മലയാളം സിനിമകളിൽ തിരക്കഥയുടെ അടിസ്ഥാനമാകാറുണ്ട്. ഒരു കഥ തിരക്കഥയാകുമ്പോൾ അതിലെ അംശങ്ങൾ ചോരാതെ അവതരിപ്പിക്കുന്നതിൽ തിരക്കഥാകൃത്തിന്റെ കഴിവ് ഒരു ഘടകമാണ്​. അതുതന്നെ ഏറെ മാനസികാദ്ധ്വാനം വേണ്ട ഒന്നാണ്. ചലച്ചിത്രത്തിന്റെ കാൻവാസിൽ തിരക്കഥ എങ്ങനെ അവതരിപ്പിക്കണം എന്നതിന് കഴിവിനേക്കാളുപരി സംവിധായകർ സമൂഹത്തെ എങ്ങനെ നോക്കിക്കാണുന്നു എന്നതിനെയും ആശ്രയിക്കാറുണ്ട്. നടീനടന്മാരുടെ അഭിനയം വിലയിരുത്തുമ്പോൾ, പല സന്ദർഭങ്ങളിലും തിരക്കഥാകൃത്തിന്റെയും സംവിധായകരുടെയും സർഗാത്മകതയെ അതുമായി ചേർത്തുവായിക്കാറുമുണ്ട്.

ചട്ടമ്പി എന്ന ഹീറോ, വില്ലൻ

സമൂഹത്തിലെ പലതരം സവിശേഷതകൾ പൊടിപ്പും തൊങ്ങലും വച്ച്​ സിനിമകളിൽ അവതരിപ്പിക്കാറുണ്ട്​. കഥാകൃത്തും, സംവിധായകരും, അഭിനേതാക്കളും, മറ്റ് അണിയറ പ്രവർത്തകരുമെല്ലാം സമൂഹത്തിന്റെ ഭാഗമായതുകൊണ്ടാണ്​ ഇങ്ങനെ സംഭവിക്കുന്നത്​. ‘ഹോം’ എന്ന മലയാള സിനിമ വീട് എന്ന സാമൂഹിക ഇടത്തെയാണ് അവതരിപ്പിച്ചത്. വീട് എന്ന സാമൂഹിക ഇടത്തിലെ അംഗങ്ങളായ പ്രവർത്തകർക്ക്​ (actors) ഇൻഫോർമൽ- ഇംപെർഫെക്​റ്റ്​ ആകാം എന്നും എന്നാൽ സമൂഹത്തിൽ അവർ ഫോർമൽ- പെർഫെക്​റ്റ്​ ആയിരിക്കേണ്ടിവരുന്നു എന്നും ഈ ചിത്രം പറഞ്ഞുവക്കുന്നു. ‘ഹോം’ എന്ന സിനിമയിൽ മാത്രമല്ല, എല്ലാ സിനിമകളിലും വീട് എന്ന ഇടത്തെ വൈകാരികമായും, പ്രതീകാത്മകമായും അവതരിപ്പിക്കാറുണ്ട്. കുമ്പളങ്ങി നൈറ്റ്‌സ് എന്ന സിനിമയിലും വീട് എന്ന ഇടത്തെ അവതരിപ്പിച്ചിട്ടുണ്ട്. ബോബി, സജി, ഫ്രാങ്കി എന്നീ കഥാപാത്രങ്ങളുടെ വീട് കാണിക്കുന്ന ആദ്യ രംഗം സിനിമ കണ്ടവർ മറക്കാനിടയില്ല. ഭൂരിഭാഗം മലയാള സിനിമകളും വീടുകളിൽ നടക്കുന്ന കഥകൾ തന്നെയാണ് അവതരിപ്പിക്കുന്നത്. വീട് കഴിഞ്ഞാൽ, ജോലിയിടങ്ങളാണ്​ കടന്നുവരുന്നത്.

'ഹോം' സിനിമയിൽ നിന്ന്

സമൂഹം ഒരാൾക്ക് വില കല്പിക്കുന്നത് പലപ്പോഴും അവർ സമൂഹത്തിൽ എന്ത് ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചാണ്. സമൂഹത്തിന്റെ നല്ല നടത്തിപ്പും അവർക്ക് മാന്യത നൽകാറുണ്ട്. എന്നാൽ സമ്പന്നരെയും, ദരിദ്രരെയും താരതമ്യം ചെയ്യുമ്പോൾ സമ്പന്നർക്ക്​ സമൂഹത്തിൽ മാന്യതയുണ്ടാകാൻ അവരുടെ സാമ്പത്തിക മൂലധനം കാരണമാകാറുണ്ട്​. അതുകൊണ്ടുതന്നെ സമൂഹത്തിൽ സമ്പന്നരായ ചട്ടമ്പി കാണിക്കുന്ന ചട്ടമ്പിത്തരങ്ങൾ ഹീറോയിസവും അതില്ലാത്തവർ കാണിക്കുന്നത് വെറും ചട്ടമ്പിത്തരവും ആകാറുണ്ട്. നായക കഥാപാത്രങ്ങൾ ചട്ടമ്പികളായ സിനിമകൾ മുമ്പും മലയാളത്തിലുണ്ടായിട്ടുണ്ട്​. അതിൽ സമ്പന്നരും ദരിദ്രരുമൊക്കെയുണ്ടായിട്ടുണ്ട്.

ചട്ടമ്പികളുണ്ടാകുന്ന വിധം

ചട്ടമ്പി എന്ന സിനിമയിൽ, പഴയതിൽനിന്ന് അൽപം മാറി നടക്കാനുള്ള ശ്രമം കാണാം. ഒരു സംഭവം നടന്നശേഷം അതിനെ ആധാരമാക്കി, റിവേഴ്സ് ഓർഡറിൽ കഥ പറയുന്ന ശൈലിയാണ് ചട്ടമ്പിഅവലംബിച്ചിരിക്കുന്നത്. കേരളവും തമിഴ്‌നാടും അതിർത്തിപങ്കിടുന്ന ഇടുക്കി ജില്ലയിലെ ഹൈ റേഞ്ച് ആണ്​ സിനിമയിലെ ഇടം. ഒരു പ്രദേശത്തിന് പേരു കൊടുത്ത്​, ആ പ്രദേശത്തെ ആളുകളെ കഥാപാത്രമായി എടുത്ത്​ കഥ പറയുന്ന ചിത്രമല്ല ഇത്. മുട്ടാട്ടിൽ തറവാടിന്റെ കുടുംബപശ്ചാത്തലത്തിൽ നിന്ന്​അതിനെ ചുറ്റിപ്പറ്റിനിൽക്കുന്ന ചില ആളുകളെയും അവർക്ക് സമൂഹത്തിലുള്ള സ്ഥാനങ്ങളും തുറന്നുകാണിക്കുകയാണ്​.

ആൺമേൽക്കോയ്മയിൽ അടിസ്ഥിതമായ ക്രിസ്ത്യൻ തറവാടുകളുടെ കഥകൾ മലയാളത്തിൽ ധാരാളം കണ്ടിട്ടുണ്ട്. എന്നാൽ, ചട്ടമ്പി ഇത്തരത്തിലുള്ള ഒന്നല്ല. മേൽക്കോയ്മാ സ്വഭാവങ്ങൾ ഇതിൽ മാറിമറിയുന്നുണ്ട്​. ശ്രീനാഥ് ഭാസി അവതരിപ്പിച്ച കഥാപാത്രം നായകനാണോ വില്ലനാണോ എന്നുപറയാൻ കഴിയില്ല. സക്കറിയ എന്ന പേരുള്ള, കറിയ എന്നറിയപ്പെടുന്ന ഇയാൾ ഒരു ചട്ടമ്പിയാണെന്ന് പറഞ്ഞുകൊണ്ടുതന്നെയാണ്​ ആഖ്യാനം. അതോടൊപ്പം, സക്കറിയ നല്ലവനായിരുന്നു എന്നും ബാല്യകാലത്ത് ദൈവഭയമുള്ളവനും പ്രാർത്ഥന ഉറക്കെ ചൊല്ലുന്നവനും ആയിരുന്നു എന്നും പറയുന്നു. തന്റെ 13ാം വയസ്സിൽ, കത്തിക്കൊണ്ടിരുന്ന വിറകുകൊള്ളിയെടുത്ത് അപ്പന്റെ കൈ തല്ലിയൊടിച്ചാണ് സക്കറിയ ആദ്യമായി ചട്ടമ്പിത്തരം തുടങ്ങിയത്. സക്കറിയയുടെ സ്വന്തം കഥയ്ക്ക് ചിത്രം ഫോക്കസ് നൽകിയിട്ടില്ല. എന്നാൽ സക്കറിയയുടെ ദിനരാത്രങ്ങളിൽ ചിലത് സംഭവങ്ങളായി അവതരിപ്പിച്ചിരിക്കുന്നു. ആ ദിനരാത്രങ്ങളിൽ സക്കറിയക്കൊപ്പം മറ്റുള്ളവരും കൂടിച്ചേരുന്നു.

എങ്ങനെയാണ് സമൂഹത്തിൽ ചട്ടമ്പികളുണ്ടാകുന്നത് എന്നും, അവർ ആരൊക്കെയാണ് എന്നുമാണ്​ ഈ സിനിമ പരിശോധിക്കുന്നത്. സക്കറിയ ഈ പ്രമേയം പറയാനുള്ള ഒരുപാധിയാണ്​. ഇതിനോടൊപ്പം മറ്റു ചില സംഗതികൾ കൂടി ചേർത്തുവക്കുന്നു. സമൂഹം എങ്ങനെയുള്ള ആളുകളെയാണ് ബഹുമാനിക്കുന്നത്, ആ ബഹുമാനം നേടിയെടുക്കുന്നതിനുവേണ്ട ‘ഗുണഗണങ്ങൾ’ ഏതൊക്കെയാണ്, സമൂഹത്തിന് എങ്ങനെയുള്ള ആളുകളെയാണ് വേണ്ടത്​ തുടങ്ങിയ കാര്യങ്ങൾ പ്രമേയത്തിലൂടെ വരുന്നു. മറുവശത്ത്​, ചട്ടമ്പിയാക്കപ്പെടുന്നത്​ ആരാണ്​ എന്ന ചോദ്യവും ഈ സിനിമ ഉയർത്തുന്നു.

പല ചട്ടമ്പികളും സൃഷ്​ടിക്കപ്പെടുന്നത്​ വീട്ടിലെയോ, നാട്ടിലെയോ അവരുടെ സാമൂഹികാവസ്ഥകളിൽ നിന്നാണ്. സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന ഒരു ചട്ടമ്പി നേരിടുന്ന മാനസിക വിഷമങ്ങളും, സംഘർഷങ്ങളും ഒരുപക്ഷെ സാമൂഹികമായും സാമ്പത്തികമായും മുന്നാക്കം നിൽക്കുന്ന ചട്ടമ്പികൾ നേരിടാറില്ല. മാ​ത്രമല്ല, ചട്ടമ്പികളിൽ തന്നെ കൂലിച്ചട്ടമ്പിയും, മുതലാളിച്ചട്ടമ്പിയും ഉണ്ടാകും. ചട്ടമ്പികളിൽ ലിംഗ അസമത്വമില്ല എന്ന്​ ഈ സിനിമ പറഞ്ഞുവയ്ക്കുന്നു.

ഗ്രേസ് ആന്റണി, ശ്രീനാഥ് ഭാസി

മാസങ്ങളിൽ നിന്ന്, ആഴ്ചകളായും, ദിവസങ്ങളായും പിന്നോട്ട് പുരോഗമിക്കുന്ന കഥ നടന്നിരുന്ന കാലഘട്ടം സൂചിപ്പിക്കാൻ പഴയ 50 രൂപയുടെയും 100 രൂപയുടെയും നോട്ടുകെട്ടുകളാണ് ഉപയോഗിച്ചിരിക്കുന്നത്. അതിലുപരി രജനീകാന്ത് നായകനായ ബാഷ എന്ന തമിഴ് സിനിമ സക്കറിയ കണ്ടതായി പറയുന്നു. കമലാഹാസനെയും ഇടയ്ക്ക് വലിച്ചിട്ടിട്ടുണ്ട്. 1995 ആണ് കാലഘട്ടം എന്ന്​ ഇതിൽനിന്നൂഹിക്കാം. കൂടാതെ, മുഖ്യമന്ത്രിയായിരുന്ന എ. കെ. ആന്റണി ചാരായ നിരോധനം കൊണ്ടുവരാൻ പോകുന്നു എന്നും ഒരിടത്ത് പറയുന്നുണ്ട്​.

കൊള്ളപ്പലിശയും, ചാരായം വാറ്റും കൊണ്ടുനടക്കുന്ന മുട്ടാട്ടിൽ കുടുംബത്തിലെ മുട്ടാട്ടിൽ ജോൺ എന്ന കഥാപാത്രമാണ്​ സിനിമയിലെ മറ്റൊരാൾ. ഇയാളെ ജോൺ അച്ഛൻ എന്നും വിളിക്കുന്നുണ്ട്.
ഹൈ റേഞ്ചിലെ ധനികനായ ഒരു ക്രിസ്ത്യൻ കുടുംബമാണ്​ ജോണിന്റേത്. പാരമ്പര്യമായി അവർ ആർജിച്ചെടുത്ത സ്വത്തുക്കളാണത് എന്ന് സൂചനയുണ്ട്. പലിശപ്പിരിവിന് ജോൺ കൂടെ കൂട്ടിയ മറ്റു രണ്ടുപേരും കഥയിൽ പ്രമുഖരാണ്. ഇതിൽ കറിയ എന്ന സക്കറിയയാണ് ജോണിന്റെ പലിശപ്പണിക്കുള്ള ചട്ടമ്പി തൊഴിലാളി. ദയാദാക്ഷിണ്യമില്ലാതെ അയാൾ പലിശപ്പിരിവു നടത്തിയും, ചാരായം വാറ്റിയും ജോണിന്റെ വലംകൈയായി മുന്നോട്ടുപോകുന്നു.

മദ്യപാനിയായ അപ്പച്ചൻ അമ്മയെ ഉപദ്രവിക്കുന്നത് സ്ഥിരം കണ്ടുവളർന്ന കുട്ടിയാണ്​ സക്കറിയ. അതുകൊണ്ടാണ്​, ഇവൻ 13ാം വയസ്സിൽ അപ്പച്ചന്റെ കൈ തല്ലിയൊടിക്കുന്നത്​. അങ്ങനെ അവൻ സ്‌കൂളിലും നാട്ടിലും ചട്ടമ്പിയായി മുന്നോട്ടുപോകുകയാണ്​. ചട്ടമ്പികളായ സ്ത്രീകഥാപാത്രങ്ങളിൽ പ്രമുഖയാണ് സിസിലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഗ്രേസ് ആന്റണി. മിന്നൽമുരളി എന്ന സിനിമയിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച ഗുരു സോമസുന്ദരത്തിന്റെ മുനിയാണ്ടി എന്ന കഥാപാത്രവും മറ്റൊരു പ്രധാന ചട്ടമ്പിയാണ്. ചെമ്പൻ വിനോദ് അവതരിപ്പിച്ച മുട്ടാട്ടിൽ ജോണിന്റെ അപ്പച്ചനായ കോര എന്ന കഥാപാത്രവും ജോണിനെപോലെ സമൂഹത്തിലെ നല്ലവരായ ചട്ടമ്പികളുടെ ലിസ്റ്റിൽ പെടും.

മുട്ടാട്ടിൽ ജോണിന്റെ ഭാര്യയായ സിസിലിയുടെയും, മുട്ടാട്ടിൽ വീട്ടിൽ കോരയുടെയും തീരുമാനങ്ങളാണ്​ സിനിമയുടെ ക്ലൈമാക്‌സ് നിർണയിക്കുന്നത്​. ക്ലൈമാക്‌സ് ഇല്ല എന്നും പറയാം, കഥ ഒരുവിധത്തിൽ തുടരുകയാണ് ചെയ്യുന്നത്.

ആത്മാഭിമാനം നഷ്​ടമായ സക്കറിയക്ക്​, തന്റെ ചങ്കൂറ്റം മുതൽമുടക്കി, മുനിയാണ്ടിയുടെ കൂടെ ചേർന്ന് ചെകുത്താൻമലയിൽ കഞ്ചാവ് കൃഷി ചെയ്ത്​ കാശുണ്ടാക്കണമെന്നും അങ്ങനെ നഷ്ടപ്പെട്ട ആത്മാഭിമാനം വീണ്ടെടുത്ത് കുടുംബമായി ജീവിക്കണമെന്നുമാണ്​ ആഗ്രഹം. ‘ഇങ്ങനെ നടന്നാൽ മതിയോ, ഒരു പെണ്ണുകെട്ടി കുടുംബമായി അവർക്കുവേണ്ടി ജീവിക്കണം’ എന്ന മുനിയാണ്ടിയുടെ ഉപദേശത്തിന് മറുപടിയായി, ആദ്യം താൻ ഒന്ന് നിവർന്നുനിൽക്കട്ടെ എന്നാണ് സക്കറിയയുടെ മറുപടി. ചട്ടമ്പിപ്പണി കൊണ്ട് അയാൾക്ക്​ കാര്യമായ സാമ്പത്തിക ലാഭമുണ്ടാക്കാനാകുന്നില്ല. സക്കറിയ ജീവിച്ചിരുന്ന കാലഘട്ടത്തോടും, അന്നത്തെ കേരളീയ സമൂഹത്തോടും, അതിലുപരി അയാൾ ഉൾക്കൊള്ളുന്ന സമൂഹത്തോടുംകൂടി ചേർത്തുവായിച്ചാലേ ഈ ചട്ടമ്പി കഥാപാത്രത്തെ വിശകലനം ചെയ്യാൻ സാധിക്കുകയുള്ളൂ. ‘മുനിയാണ്ടിയെ നമ്പരുത്’ എന്ന്​ മുട്ടാട്ടിൽ ജോൺ പറയുന്നത്​, ക്ലൈമാക്‌സ് രംഗത്തിൽ ആവർത്തിക്കുന്നുണ്ട്. ആരെയൊക്കെ വിശ്വസിക്കാനാകും എന്നത് ഇവിടെ ഒരു ചോദ്യചിഹ്നമാകുന്നു.

സക്കറിയയുടെ ആകെയുള്ള ബന്ധു, അവനുവേണ്ടി പ്രാർത്ഥിക്കുന്ന അമ്മയാണ്. സക്കറിയ ചട്ടമ്പിപ്പണിയുപേക്ഷിച്ച് വേറെയെന്തെങ്കിലും ജോലി ചെയ്യാൻ അവർക്കാഗ്രഹമുണ്ട്​. എങ്കിലും, ചുരുളിയിലകപ്പെട്ടവനെപോലെ മുന്നോട്ടുപോകുന്ന സക്കറിയക്ക്​ അതിൽനിന്ന്​പുറത്തുകടക്കാനാകുന്നില്ല. പേരെടുത്തുപറയാത്ത വന്യമായ ഒരു ഭൂപ്രദേശത്തെ ഒരുകൂട്ടം ആളുകളിലേക്ക് കഥയെ ഒതുക്കിയാണ്​ സിനിമ മുന്നോട്ടുപോകുന്നത്​.

സക്കറിയ എന്ന കറിയ സമൂഹത്തിനു മുൻപിൽ ആരാണ് എന്ന ചോദ്യം സിനിമ ബാക്കിവെക്കുന്നു. ‘അവൻ ചത്താൽ ചോദിയ്ക്കാനാരുണ്ടാകാനാണ്​’ എന്നും, കേസ് അപകടമായി എഴുതിത്തള്ളാം എന്നും പൊലീസ് പറയുന്നുണ്ട്​. അവൻ ജീവിച്ചിരുന്ന സമൂഹത്തിന്റെ സംഭാവനയാണ് എന്നും ചട്ടമ്പികൾ സമൂഹത്തിൽ ഉണ്ടാക്കപ്പെടുന്നവരാണ്​ എന്നുമുള്ള യാഥാർഥ്യം, അങ്ങനെ നമുക്കുമുന്നിൽ നിൽക്കുന്നു. ഇത്തരത്തിൽ, തുടർന്നുപോകുന്ന നിരവധി ചട്ടമ്പിമാരുടേതുകൂടിയാണ്​ നമ്മുടെ സമൂഹം എന്നു കൂടി ഈ സിനിമ പറഞ്ഞുവെക്കുന്നു.

Comments