എം.ടിയുടെ തിരക്കഥകളിലേക്ക് ഇടയ്ക്കിടെ ഒരു കുട്ടി കടന്നു വരും. പെൺകുട്ടിയും ആൺകുട്ടിയും ക്വിയർ കുട്ടിയും ആവാം. ഒന്നാം ക്ലാസിലെ കുട്ടി മുതൽ പന്ത്രണ്ടാം ക്ലാസിലെ കുട്ടിവരെയാവാം. പാവപ്പെട്ടവളോ പണക്കാരിയോ ആവാം. അവർണ്ണനോ സവർണ്ണനോ ആവാം. അവസാന തിരക്കഥകളായ 'മനോരഥങ്ങൾ' വെബ് സീരീസിൽ പോലും ഈ കുട്ടിയുണ്ട്. കുട്ടി എന്ന നില, തന്നെ ചുറ്റുന്ന വെള്ളത്തിൽ ‘അതിന്’ നില കിട്ടാതാക്കുന്നുണ്ട്. എം.ടി എന്ന എഴുത്തുകാരന്റെ അടിത്തട്ടിലെ ട്രോമകളിൽ ഒന്ന് ഈ കുട്ടിയാണ്. കുട്ടിയുടെ ഫീലുകൾ വയസ്സുപോലെ ചെറുതല്ല. മറിച്ച്, പലപ്പോഴും മുതിർന്നവരേക്കാൾ കൂടുതലാവാം. കുട്ടിയുടെ കാഴ്ചയിലെ ലോകം പഥേർ പാഞ്ചാലി പോലെ പല ഭാഷാതിരക്കഥകളിലും മികവോടെ വന്നിട്ടുണ്ട്. എം.ടിയുടെ ഇതിവൃത്തങ്ങളാവട്ടെ, അതു മാത്രമല്ല, കുട്ടിയോട് പലവിധം യുദ്ധത്തിലായ വലിയവരാണ്.
ബാല്യക്കാർ അവരുടെ ജീവിതമായി കരുതുന്നതും മുതിർന്നവർ അവർക്ക് നിർദ്ദേശിക്കുന്ന ജീവിതവും തമ്മിൽ ചേരാതെ വരുന്നയിടമാണീ കഥകൾ. വാസ്തവത്തിൽ പലപ്പോഴും വലിയവരുടെ ശകാരങ്ങൾ പോലും ലഭിക്കാൻ അർഹരല്ലാതെ ഒരു വശത്തേയ്ക്ക് ഒതുങ്ങേണ്ടിവരുന്ന കുട്ടികൾ. അവരുടെ താപം നമ്മളറിയുന്നത് തിരക്കഥ വായനയോടൊപ്പം നമ്മളിൽ മയക്കമുണരുന്ന കുട്ടിയുടെ ഇന്ദ്രിയങ്ങളിലൂടെയാണ്.

‘ദ് കൺവെൻഷൻ ഓൺ ദി റൈറ്റ്സ് ഓഫ് ദി ചൈൽഡ് (സി.ആർ.സി- കുട്ടിയുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള കരാർ) ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലി അംഗീകരിക്കുന്നത് 1989-ലാണ്. കുട്ടികളോട് വിവേചനമരുത്, കുട്ടികൾ ഉൾക്കൊള്ളുന്ന ഏതു നടപടിയിലും ആദ്യ പരിഗണന അവരുടെ ഉത്തമതാൽപര്യങ്ങളാവണം എന്നൊക്കെ വ്യവസ്ഥ ചെയ്യുന്ന രേഖയിൽ കുട്ടിയുടെ രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവും വിദ്യാഭ്യാസപരവും ആരോഗ്യപരവും നിയമപരവുമായ അവകാശങ്ങൾ ഉറപ്പുവരുത്തുന്നു. രാജ്യാന്തര ധാരണകൾ ഈ രേഖയോളം തെളിയുന്നതിനു മുമ്പും അതിനു സമാന്തരമായും എം ടിയുടെ തിരക്കഥകളിൽ ഇപ്പറയുന്നവ അനുഭവാശങ്കകളായുണ്ട്. കേരളത്തിലെ വീടും സ്കൂളും നാടുമൊക്കെ ബാലസൗഹൃദ ദിശയിലേക്ക് തിരിഞ്ഞു ചിന്തിക്കുവാൻ ഈ തിരക്കഥയിലെ കുട്ടികൾ കൂടി നമ്മളറിയാതെ ഇടപെട്ടിട്ടുണ്ടാകുമോ?
പല വലിയ എഴുത്തുകാരെയും പോലെ ഏതെങ്കിലും നീതികേട് ആവിഷ്കരിക്കാൻ വേണ്ടിയല്ല എം.ടിയും എഴുതുക. ജീവിതത്തെ എഴുതുമ്പോൾ അതിലെ പീഡകളും വെളിച്ചത്തിനു മുമ്പിലെത്തുകയാണ്. പീഡക കഥാപാത്രത്തെ അയാളുടെ സ്വചരിത്രത്തിൽ കാണുമ്പോൾ ആ പ്രവൃത്തികൾ സ്വാഭാവികമാണ്. ബന്ധങ്ങളും പരമ്പരയാ ഉള്ള ധാരണകളും ആചാരങ്ങളുമൊക്കെ ചേർന്നാണ് പീഡിപ്പിക്കാനുള്ള അധികാരം അയാൾക്കേകുക. അയാളിലെ കളങ്കം സംവിധാനത്തിന്റെ കൂടെയാണ്. അതിൻ്റെ അനുതാപം പീഡകനുൾപ്പെടെ എല്ലാ കഥാപാത്രങ്ങളോടും എഴുത്താളിനുണ്ട്. എല്ലാ മനുഷ്യരോടും ജീവജാലങ്ങളോടും കല പ്രകാശിപ്പിക്കുന്ന അനുതാപമാണത്. ചുറ്റുവട്ടം ഒരാളെപ്പെടുത്തുന്ന ദുരിതവൃത്തത്തിൽ നിന്ന് പുറത്തിറക്കാനുള്ള മാനവിക ബദൽ മൂല്യങ്ങൾ ചരിത്രത്തിലെ സന്ദർഭങ്ങളിൽ ഓരോ തവണയും പുതുതായി സംഭവിക്കുന്നതാണ്. ഈ മറുജീവിത ബദലുകൾ കുട്ടിജീവിതങ്ങളിൽ വരുന്നത് 'പരിണയം' തിരക്കഥയിലെ പതിനാറുകാരിയെപ്പോലെ ചിലപ്പോൾ പീഡിതയുടെ മുൻകയ്യിലാവാം, ചിലപ്പോൾ 'ഓപ്പോളി'ലെ ഗോവിന്ദൻകുട്ടിയെ പോലെ തന്നെത്തന്നെ തിരിഞ്ഞു നോക്കാൻ കഴിയുന്ന പീഡകരൊരാളിൽ നിന്നാവാം. 'ഉത്തര'ത്തിലെ പോലെ മൂന്നാമരിൽ നിന്നാവാം. 'പെരുന്തച്ചനോ' 'നഖക്ഷതങ്ങളോ' പോലെ ബദലുകളുണ്ടാവാത്ത ദുരന്തങ്ങളാവാം. 'കടവ്' പോലെ മനുഷ്യ ലോകത്തിലേറ്റ പരാജയത്തെ തോണി എന്ന പങ്കാളിയെ പകരം വച്ചാവാം.

എസ് കെ പൊറ്റക്കാടിന്റെ ചെറുകഥയായ 'കടത്തുതോണി'യാണ് എം.ടിയുടെ 'കടവ്' (1991) തിരക്കഥയാവുന്നത്. അക്കരെയിലെ ശാഖകളിൽ തൂങ്ങിയാണ് കടവിനിക്കരയിലെ ഊഞ്ഞാലുകൾ ആടിക്കൊണ്ടിരിക്കുന്നത്. ആശുപത്രി, സ്കൂൾ, രജിസ്റ്റർ ഓഫീസ്, കോടതി, ചന്ത, തീവണ്ടി, സഞ്ചരിച്ചാലെത്തുന്ന കോഴിക്കോട് നഗരം എല്ലാം അക്കരെയാണ്. അവയിലേക്കും തിരികെയുമുള്ള സഞ്ചാരമാണ് ഇവിടെ ജീവിതം. കുംഭ, മീന, മേടങ്ങളുടെ വേനച്ചൂടിൽ പുഴ വറ്റിക്കിടക്കും. നടുവിൽ മാത്രമുള്ള മുട്ടൊപ്പം വെള്ളം കടത്തു തോണിയില്ലാതെ നടന്നു കടക്കാം. അക്കാലം കടത്തുകാരന് കൂലിനാണയം കിട്ടില്ലെന്നല്ല, അയാളെത്തന്നെ ആവശ്യമില്ലാതാവുന്നു. വേനലിലാണ് ജൂനിയർ തോണിക്കാരനായ പതിന്നാലുകാരൻ രാജു നടന്നക്കരെ പോകുന്നത്. "യഥാർഥ ജീവിതമായി" കരുതപ്പെടുന്ന വലിയവരുടെ ജീവിതത്തിലേക്ക്, നഗരത്തിലേക്കാണ് അവൻ വണ്ടി കയറുന്നത്. ആ കുട്ടി കോഴിക്കോട്ടേയ്ക്ക് തേടിയിറങ്ങുന്നത് തൊഴിലാണെന്നേ ബീരാനിക്കയ്ക്കും കുടുംബത്തിനും കൃഷ്ണേട്ടനുമൊക്കയറിയൂ. എന്നാൽ പ്രണയമായിരുന്നു ആ യാത്രായെഞ്ചിനുള്ള ഇന്ധനം. രാജുവിന്റെ പോക്കറ്റിൽ കൊള്ളുന്ന ആകെസമ്പാദ്യപ്പണം നഗരം വിഴുങ്ങുന്നു. അത് ഇനിയുമുണ്ടാക്കാം. എന്നാൽ പതിനാലുകാരന്റെ ആദ്യ പ്രണയത്തിലെ പെൺകുട്ടി രതിവ്യാപാരത്തിലകപ്പെട്ടത് അവൻ കാണേണ്ടിവരുന്നു. തിരിച്ചെത്തി, "തോണിക്കൊമ്പിൽ കയറി തളർച്ചയോടെ രാജു കിടന്നു... കെട്ടുകുറ്റിയിൽ നിന്ന് രക്ഷപ്പെട്ട തോണി അവനെയും കൊണ്ട് നീങ്ങുന്നു... അവസാനം അഴിമുഖത്ത് തോണി അപ്രത്യക്ഷമാകുന്നു. കടൽ അവനെ സ്വാഗതം ചെയ്യും പോലെ ഇരുമ്പുന്നു. തിരകൾ അകലെ നുര കുത്തി മറയുന്നു".
ഗ്രാമത്തെ നഗരം പറ്റിക്കുന്നുവെന്ന ലളിതധ്വനി ഇവിടെയില്ല. പഠിക്കാൻ വലിയ ഇഷ്ടമുണ്ടായിരുന്ന രാജുവിനെ, ഗ്രാമത്തിലെ പെറ്റ അമ്മ തന്നെയാണ് പത്താംതരം മുഴുമിക്കാൻ അനുവദിക്കാതെ വഴിയിലേക്ക് തള്ളുന്നത്. അങ്ങനെയാണവൻ ബാലവേല തേടിയിറങ്ങുന്നത്. കടവിലും കടത്തുതോണിയിലുമായി അവൻ കാണുന്ന ദേവി- മാഷ് പ്രണയത്തെ ലഘുവായി തുടച്ചു കളയുന്നതും നാട്ടിൻപുറമാണ്. കുട്ടികൾക്ക് അവരായി നിൽക്കാനിടം നൽകാൻ മടിയ്ക്കുന്നതിൽ മൂത്തവർ ഭരിക്കുന്ന വീടും നാടും പട്ടണവും ഭിന്നമല്ല.
ഒന്നാം ക്ലാസുകാരനായ അപ്പുവിനെ ലോകം കാണുന്നതും അപ്പു ലോകത്തെ കാണുന്നതും തമ്മിലെ ബലാബലമാണ് ‘ഓപ്പോൾ’ (1980) തിരക്കഥ. "വിശാലമായ പാടത്തിന്റെ നടുവിലൂടെ ഒരു ബിന്ദുപോലെ ഓടുന്ന അപ്പു"- ഈ വാക്യത്തിൽ വലിയവർ ഓടിച്ചു വിഷമിപ്പിക്കുന്ന, അല്ലെങ്കിൽ തങ്ങളുടെ പിന്നാലെ ഓടിക്കുന്ന ഒരു കുട്ടിയുടെ നിരാശ്രയത്വം മാത്രമല്ല ഉള്ളത്. "അപ്പു ഓടുന്നതിന്റെ ലോങ്ങ് ഷോട്ട്" എന്നാണ് എഴുതിയിരുന്നതെങ്കിൽ "ബിന്ദുപോലെ" എന്ന വാക്കിലെ കുട്ടിത്തം വായനക്കാരിയുടെ അനുഭവമാകില്ല. തിരക്കഥ, സിനിമയ്ക്കു വേണ്ടി മാത്രമല്ല എന്നുകൂടി ഇവിടെ അറിയുന്നു. മറ്റൊരിടത്ത്, "അപ്പു ഊണ് മതിയാക്കി. അവനാകപ്പാടെ ഇതൊന്നും പിടിക്കുന്നില്ല. പുറത്തേക്ക് താഴ്‌വരയിൽ മഞ്ഞിറങ്ങി വരുന്നു. പ്രകൃതി അവ്യക്തമാവുന്നു." -ഇതും ചിത്രീകരിക്കാൻ പോകുന്ന സിനിമയിലൂടെ എന്നതേക്കാൾ എഴുത്തിലൂടെ നേരിട്ടുള്ള സംവേദനമാണ്.

അപ്പു മാത്രമല്ല അവൻറെ അമ്മയും കുട്ടിത്തം മുഴുവൻ വിടുന്നതിനു മുമ്പാണ് അമ്മയാവുന്നത്. മാളുവിന്റെ പതിനെട്ടാം വയസ്സിലാണ് അവൾക്ക് അച്ഛനില്ലാത്ത കുഞ്ഞുണ്ടാവുന്നത്. ഇന്ന് സ്ത്രീകൾ പാട്രിയാർക്കിയുടെ ഭാരമില്ലാത്ത സിംഗിൾ പാരന്റിംഗ് സ്വയംവരിച്ചു തുടങ്ങുന്നുണ്ട്. ഭർത്താവില്ലാതെ പ്രസവിച്ചാൽ സ്ത്രീ ഒരു കുറ്റജീവിതം ജീവിച്ചു തീർക്കണം എന്നതാണ് പൊതുവിധി. അതിൽ ജനിക്കുന്ന കുട്ടി, ജന്മത്തിനും മുന്നേയുള്ള ഒന്നിന്റെ പേരിൽ അപമാനജീവിതം ജീവിക്കുകയെന്നതിനോടുള്ള അപ്പുവിൻ്റെ സമരവുമാണ് ഈ കഥ. 'ഓപ്പോളി'ൽ മുതിർന്നവർ അപ്പുവിൻ്റെ കൂട്ടുകാരിലേക്കുകൂടി അവനോടുള്ള നിന്ദ ഇറക്കുമതി ചെയ്തു രസിക്കുന്നുണ്ട്.
വയനാട്ടിൽ രണ്ടാനച്ഛനായ ഗോവിന്ദൻ കുട്ടിയുടെ നാട്ടിലെത്തുമ്പോൾ ആദിവാസി പയ്യനായ നമ്പി മാത്രമാകുന്നു അപ്പുവിന് കൂട്ട്. അധികാരവ്യവസ്ഥ അകറ്റി നീക്കി നിർത്തുന്നവരാണ് എംടിയുടെ കുട്ടിയ്ക്ക് കൂട്ടാകുന്നത്. 'ആരൂഢം' (1983) തിരക്കഥയിൽ ദലിത് സ്ത്രീ നീലിയും അവളുടെ മകളും മാത്രമാണ് കുട്ടിയായ രാജേഷിന് (ഉണ്ണിയ്ക്ക്) ആശ്വാസവും കൂട്ടുമാകുന്നത്. 'ഓപ്പോളി'ൽ അമ്മയാണ് എന്നറിഞ്ഞു കൊണ്ടും 'ഉത്തരം' തിരക്കഥയിൽ അമ്മയാണ് എന്നറിയാതെയും കുട്ടികൾക്ക് കൂട്ടാകുന്നത് സ്ത്രീകളാണ്.
'ഉത്തരം' തിരക്കഥയുടെ (1989) മൂലഇതിവൃത്തം ഇംഗ്ലീഷ് എഴുത്തുകാരിയായ ഡാഫ്ൻ ഡു മോറിയേയുടേതാണ്. ഹൈസ്കൂൾ വിദ്യാർത്ഥിനി ലീന മയക്കത്തിൽ കിടക്കുമ്പോൾ അവളെ ബലാത്സംഗം ചെയ്യുന്നു, ഗർഭിണിയാവുന്നു. ആൺകോയ്മയുടെ ഔപചാരിക യുക്തികളിൽ അവൾ "സ്വാഭാവികമായി" കുറ്റവാളിയാകുന്നു. അച്ഛനും സ്കൂളിനും ആ കുട്ടിയോട് ഒരു കരുണയുമില്ല. പത്തോ പന്ത്രണ്ടോ വർഷങ്ങൾ കഴിഞ്ഞ് തെരുവുകുട്ടിയെ മകനെന്നറിയാതെ കണ്ടുമുട്ടുമ്പോൾ കരുണയുള്ളതും അവൾക്കു മാത്രം. പഴകിയ സാധനങ്ങൾ പെറുക്കിയിടാനുള്ള ചാക്ക് തോളിലേറ്റി നടക്കുന്ന തെരുവു കുട്ടിയെ എന്തും മോഷ്ടിക്കാനിടയുള്ളവനായാണല്ലോ നമ്മുടെ മധ്യവർഗ്ഗം കാണൂ. മകൻ ഇമ്മാനുവേലാണത് എന്നറിയുന്നത് താങ്ങാൻ കഴിയാതെ ലീന തന്നെത്തന്നെ ഒരു വെടിയൊച്ചയോടെ മരണത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.

ആരണ്യകം', 'പരിണയം', 'ആരൂഢം', 'നഖക്ഷതങ്ങൾ', 'വൈശാലി', 'ഓപ്പോൾ', 'എന്ന് സ്വന്തം ജാനകിക്കുട്ടി', 'ശിലാലിഖിതം' തുടങ്ങിയ തിരക്കഥകളിൽ കുട്ടികൾ ഹൃദയപീഡകൾ പങ്കുവയ്ക്കുക സ്ത്രീകൾ, കൂട്ടുകാർ, വീട്ടുജോലിക്കാർ, അമർത്തപ്പെട്ട ജാതികളിലുള്ളവർ, ശാരീരിക/മാനസിക വെല്ലുവിളികൾ നേരിടുന്നവർ, വയോധികർ തുടങ്ങിയവരുമായാണ്. ചിലപ്പോഴത് വളർത്തു ജീവികളാണ്. കുട്ടികളെപ്പോലെ വിധേയത്വത്തിലേക്ക് മെരുക്കപ്പെടുന്നവരാണ് അവരൊക്കെ. അവർക്ക് കുട്ടികളുടെ ഭാവവേദനകൾ ഗ്രഹിക്കാനാവുന്നു. ആ പങ്കുവാങ്ങലിൽ വ്യവസ്ഥിതിയോട് താന്താങ്ങൾക്കുള്ള സമരവും ഉണ്ടാവാം. എം.ടിയുടെ ഈ കുട്ടി ഏകാകികൾ സരാഷ്ട്രീയരാണ്.
'ചെറിയ ചെറിയ ഭൂകമ്പങ്ങൾ' എന്ന ചെറുകഥയാണ് 'എന്ന് സ്വന്തം ജാനകിക്കുട്ടി'യുടെ (1997) തിരക്കഥയായി വളർന്നത്. കഥയിലും നോവലിലും എം.ടിയുടെ നായിക/നായക പാത്രങ്ങൾ തങ്ങൾക്കുള്ളിലേക്ക് നോക്കിയാണ് സംസാരിക്കുക. ഏറെയും ഒരു കഥാപാത്രത്തിന്റെ മാത്രം ആഖ്യാനമാണവ. ഇങ്ങോട്ടു കേൾക്കുമ്പോഴും അങ്ങോട്ടു പറയുമ്പോഴും ഏതെങ്കിലും കണ്ടുനിൽക്കുമ്പോഴും തന്റെ മാത്രം പാഠാന്തരം കൂടി മനസ്സിൽ പറയുന്നു. അതു മാത്രമാണ് വായിക്കുന്നയാൾ അറിയുക. വായനക്കാർ ഏതു തലമുറയോ മതമോ ജാതിയോ വർഗ്ഗമോ ലിംഗമോ ആയാലും ഉള്ളിലേക്കു നോക്കുമ്പോൾ ആ ഭിന്നതകൾ മായുന്നു. സേതുവായാലും വിമലയായാലും ഗോവിന്ദൻ കുട്ടിയായാലും ഭീമനായാലും അപ്പുവായാലും പത്മമായാലും വേലായുധനായാലും അകമേ തങ്ങൾ തന്നെയെന്നു തോന്നും. ഈ സാത്മ്യപ്പെടൽ വായിക്കുന്ന ആരെയും ആ എഴുത്തിനുള്ളിൽ ജീവിക്കുന്നവരാക്കും. തിരക്കഥാമാധ്യമത്തിൽ ഇങ്ങനെ മനസ്സെഴുത്ത് എളുപ്പമല്ല. എങ്കിലും 'എന്ന് സ്വന്തം ജാനകിക്കുട്ടി' യിൽ അവളുടെ ആത്മവിചാരരൂപത്തിൽ ഈ സങ്കേതം ശബ്ദധാരയായി വായിക്കാം.

ജാനകിക്കുട്ടി ഹൈസ്കൂൾ കുട്ടിയാണ്. അവൾക്ക് സംസാരിക്കാൻ കിട്ടുക മുത്തശ്ശിയെയാണ്. മറ്റാരുമവളെ ഗണിക്കുന്നില്ല. ഏടത്തിമാർക്കും ഏട്ടനും പോലും പരിഹാസവും ശാസനയുമാണ് അവളോട്. ജീവിച്ചു പോകാനായി അവളൊരു ലോകമുണ്ടാക്കുന്നു അല്ലെങ്കിൽ അത് ഉണ്ടാകുന്നു. യക്ഷി ഏടത്തിയും സഖി കരിനീലിയുമാണ് ആ ലോകം. "പണ്ടൊരാള് ആവണിപ്പലകകൊണ്ട് തലയ്ക്കൊരടി. ഞാൻ ചത്തൂന്നാ വിചാരിച്ചത്. കൊളത്തില് കൊണ്ടോയിട്ടു..." -അങ്ങനെ ഗാർഹിക പീഡന രക്തസാക്ഷിയാണ് ജാനകിക്കുട്ടി മിണ്ടാനും കളിക്കാനും കൂട്ടിന് കണ്ടെത്തുന്ന യക്ഷി.
ജാനകിക്കുട്ടിയ്ക്ക് ഏകാകിതയെ നേരിടാൻ "വെളുത്ത കുഞ്ഞരി പല്ലുകളുള്ള" ഒരേടത്തിയുടെ കൂട്ട് മതി. എന്നാൽ ചില "ശത്രുക്കളോട്" പോരാടാൻ യക്ഷിയുടെ "ദംഷ്ട്ര"യും വേണ്ടിവരും. മുതിർന്നവരുടെ കണ്ണിൽ ജാനകിക്കുട്ടി ബാധ കൂടിയവളോ അഭിനയക്കാരിയോ ആണ്. ജാനകിക്കുട്ടിയുടെ അമ്മയും വല്യമ്മയും കാര്യസ്ഥൻ രാവുണ്ണി നായരുമൊക്കെ അവരവരുടെ ചരിത്രത്തിന്റെ ഇരകളാണ്. അവരുടെ ക്രൂരവാക്കുകളും പെരുമാറ്റങ്ങളുമേ അവർക്ക് കഴിയൂ. മറ്റ് ഓപ്ഷനുകൾ അവർക്ക് സ്വാഭാവികമല്ല. മരിച്ചു കിടന്ന മുത്തശ്ശിയുടെ ചുരുട്ടിയ കയ്യിലെ ചെത്തിപ്പൂ കാണുമ്പോൾ "കയ്യും കാലും നിവർത്തി" വച്ചു പോയ രാവുണ്ണി നായർക്കുണ്ടാകുന്ന അമ്പരപ്പിൽ തങ്ങൾക്ക് പ്രാപ്യമല്ലാത്ത ഒരു ജാനകിക്കുട്ടി കൂടി അവിടെ വർത്തിക്കുന്നുണ്ടോ എന്ന ചോദ്യമുണ്ടാവുന്നു. കല്പനകൾ പീഡിതരുടെ രാഷ്ട്രീയ ഊർജ്ജമാണ്.

'ആരണ്യക'ത്തിലെ (1988) അമ്മിണി ബോഡിങ് സ്കൂളിലെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി എന്നേയ്ക്കുമായി ആ പുസ്തകങ്ങൾ പെട്ടിയിലടച്ച് മിസ്സുമാരോട് സങ്കല്പത്തിൽ സലാം പറഞ്ഞാണ് തിരക്കഥ തുടങ്ങുക. സാഹിത്യവും സാഹിത്യേതരവും നിറയെ വായിക്കുന്ന അവൾ ബഷീറിനും മാധവിക്കുട്ടിയ്ക്കും ഇന്ദിരാഗാന്ധിയ്ക്കുമൊക്കെ കത്തുകളെഴുതും. എഴുതിക്കഴിയുമ്പോൾ അയയ്ക്കേണ്ട ആവശ്യമില്ലാതാവുന്നുണ്ട് അമ്മിണിയ്ക്ക്. വീടിനടുത്ത കാട്ടിലെ പൊളിഞ്ഞ അമ്പലച്ചുവരിൽ അവളെഴുതി വയ്ക്കുന്നു, "Private property. അതിക്രമിച്ചു കടക്കുന്നവർ ശിക്ഷിക്കപ്പെടും- അമ്മിണി". അവിടെ ഒളിപ്പാർപ്പിനെത്തുന്ന നക്സലൈറ്റുമായി അവൾ കൂട്ടാകുന്നു. ഗോത്രവർഗക്കാരുടെ ചൂഷകരായ എസ്റ്റേറ്റ് മുതലാളി മാധവൻ നായരും പോലീസ് ഓഫീസറുമാണ് നക്സലൈറ്റിന്റെ ശത്രുക്കൾ. എക്സ് മിലിട്ടറിയായ മാധവൻ നായർ അമ്മിണിയുടെ വല്യച്ഛനാണ്. അവർ ആദിവാസികളോട് പെരുമാറുന്നതിലും കാട്ടിൽ പോയി മൃഗങ്ങളെ വേട്ടയാടുന്നതിലും അമ്മിണി അസ്വസ്ഥയാണ്. വീട്ടുഭിത്തിയിലെ പ്രദർശന മൃഗത്തലകൾക്കു പകരം വല്യച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ തലകളായാൽ ഭംഗിയല്ലേ എന്നുവരെ അവൾ ചോദിക്കുന്നു. നക്സലൈറ്റുകളുടെ സിദ്ധാന്തവും സംസ്കൃതവും പഠിക്കാതെ നീതികേടിനെ അവൾ മനുഷ്യ ഹൃദയം കൊണ്ട് കാണുന്നു. അതിനപ്പുറം, ആളുതെറ്റിപ്പോകാവുന്ന വെടിയാണ് തീവ്രവാദം എന്നുകൂടി അമ്മിണി കഥാപരിണതിയിൽ കാണുന്നു. അവരുടെ ഉന്നം പിഴച്ചു മരിച്ചത് അപരാധിയല്ലാത്ത, അവളുടെ കാഴ്ചപ്പാടുകളെ വാത്സല്യത്തോടെ ആദരിക്കുന്ന കാമുകൻ മോഹനാണ്. മോഹൻ വധിക്കപ്പെട്ടശേഷവും അവൾ നക്സലൈറ്റിന് ഭക്ഷണവും വെള്ളവും മരുന്നും കൊണ്ടുവരുന്നു. വലിയ റിസ്കെടുത്ത് പോലീസിൽ നിന്ന് അയാളുടെ ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു. ഒളിവിലിരിക്കുന്നയാൾ അർത്ഥശങ്കയിലും ആത്മനിന്ദയിലുമാവുന്നു. പത്താം ക്ലാസുകാരി പെൺകുട്ടി പ്രായപൂർത്തിയായവരുടെ ഇരു പ്രത്യയശാസ്ത്രങ്ങൾക്കും മുകളിലൊരിടത്തിരിക്കുന്നു.
വൈശാലി' (1988) തിരക്കഥയിൽ ആൺ-പെൺ ഭേദമറിയിക്കാതെയാണ് വിഭാണ്ഡക മഹർഷി മകനായ ഋശ്യശൃംഗനെ വളർത്തുന്നത്. പതിനേഴ് വയസ്സുള്ള ബാലനെ ഒരു പെണ്ണുടൽ പോലും കാണാനനുവദിച്ചിട്ടില്ല. ലൈംഗികതയില്ലാത്തവനായി (Asexual) വളർത്തിയെടുക്കാനാവും ശ്രമം. വ്യവസ്ഥാപിത ആത്മീയതയുടെ രതിഭീതി വിഭാണ്ഡകനുണ്ട്. ആത്മാന്വേഷണവും സന്ന്യാസവുമൊക്കെ ഒരാൾക്ക് ആവശ്യമെങ്കിൽ സ്വയം വരിക്കേണ്ട വഴികളാണ്. അച്ഛനോ മറ്റാർക്കെങ്കിലുമോ അധികാരമുപയോഗിച്ച് ചാട്ട വീശി നടത്തിക്കാൻ കഴിയുന്ന വഴികളല്ലത്. ഋഷ്യശൃംഗനൊപ്പം വൈശാലി, ചന്ദ്രാംഗദൻ, ശാന്ത എന്നീ കുട്ടികൾ കൂടി മുതിർന്നവർ അവർക്കുമേൽ എടുക്കുന്ന തീരുമാനങ്ങളുടെ പീഡയേൽക്കുന്നുണ്ട്. ശാന്ത രാജകുമാരിയാണെങ്കിലും പെൺകുട്ടി ആയതുകൊണ്ട് ക്ഷണനേരം കൊണ്ട് ബ്രാഹ്മണ പുരോഹിതൻ അവളുടെ ഇഷ്ടം ആരായാതെ വിവാഹം തീരുമാനിക്കുന്നു. അതാവട്ടെ, അവർണയായ വൈശാലിയെ രാജമണ്ഡലത്തിൽ നിന്ന് ദൂരേയ്ക്ക് അകറ്റാനാണ്. വൈശാലിയെയും അവളുടെ അമ്മ മാലിനിയേയും മലമുകളോളം പ്രലോഭിപ്പിക്കുന്നതിനും അടിഭൂമിയിലേക്ക് തള്ളിയിടാനും ജാതിക്രൗര്യത്തിന് നിസ്സാരമായി കഴിയുന്നു. വാക്ക് തെറ്റിക്കുന്നതിന്റെ ലജ്ജയിൽ ലോമപാദ രാജാവ് പതറുന്നുണ്ട്. എന്നാൽ ചില അളന്നെടുത്ത വാക്കുകളിലൂടെ ബ്രാഹ്മണന് സ്വേച്ഛപോലെ രാജാവിനെ ചലിപ്പിക്കാനാവുന്നു. വൈശാലി എന്ന പതിനാറുകാരി മഹാവഞ്ചനയ്ക്ക് വിധേയയാവുന്നു.

ഈ പറയുന്ന മിക്കവാറും തിരക്കഥകളിൽ കൗമാര കഥാപാത്രങ്ങൾക്ക് പതിനെട്ടിന്റെ പ്രായപൂർത്തിയെത്തിയിട്ടില്ല എന്ന് വ്യക്തത വരുത്താൻ എഴുത്തുകാരൻ ശ്രദ്ധിക്കുന്നു. പരമാവധി "പതിനേഴുകാരനായ" അല്ലെങ്കിൽ "പതിനാറ് തികഞ്ഞ", അങ്ങനെ. മനുഷ്യചരിത്രത്തിനൊപ്പം അധികാരപ്രയോഗത്തിന്റെ ചരിത്രമുള്ളപ്പോൾ അതിലൊന്ന് എക്കാലവും കുട്ടികളുടെ മേലുള്ളതാണ്.
തലമുറ തമ്മിലെ പോരാട്ടത്തിന് രക്തം പ്രത്യക്ഷത്തിൽ സാക്ഷിയാവുന്ന തിരക്കഥയാണ് 'പെരുന്തച്ചന്റേ'ത് (1990). മകന്റെ പ്രതിഭയോട് അച്ഛനുണ്ടാകുന്ന വെറും അസൂയയാണ് ഐതിഹ്യകഥ. എം.ടിയുടെ തിരക്കഥയിൽ അത് പതിനേഴുകാരന്റെ ദുരഭിമാനക്കൊലയാവുന്നു. പെരുന്തച്ചൻ ഉത്തരത്തിനു മുകളിലിരുന്ന് കീഴെ പണിചെയ്യുന്ന മകൻ കണ്ണന്റെ ഇളം കഴുത്തിലേക്കെറിയുന്നത് മൂത്തവരുടെ ജാതിക്കത്തി കൂടിയാണ്. പെൺകുട്ടിയുടെ ബ്രാഹ്മണനായ അച്ഛനോട് പെരുന്തച്ചന് പണ്ടുണ്ടായൊരു സദാചാരക്കടവും കണക്കിൽ പെടും. രണ്ടച്ഛന്മാരും ചേർന്നുള്ള ഗൂഢവിനിമയമാണ് അവർണ്ണ കാമുകനായ കുട്ടിയുടെ ജീവനെടുത്തേ തീരൂ എന്ന അധികാര ഭീകരതയിലേക്കെത്തുക. ഐതീഹ്യം മറച്ചുവെച്ച ജാതി ജീവിതം എം.ടി തിരക്കഥയിൽ വെളിച്ചത്തിലാവുന്നു.

‘നഖക്ഷതങ്ങളി’ലെ (1986) രാമുവിൻ്റെ ജീവിതം അധികാരം കൊണ്ട് വഴക്കിയെടുക്കാനും പണംകൊണ്ട് വിലയ്ക്കെടുക്കാനും വലിയവർ ശ്രമിക്കുന്നു. അത് കഴിയാതെ വരുമ്പോൾ എത്ര വേഗമാണ് അവന്റെയും മറ്റു കുട്ടികളായ ഗൗരി, ലക്ഷ്മിമാരുടെയും മുന്നിൽ അഡ്വ. ഭാസ്കരൻ നായരുടെയും അദ്ദേഹത്തിൻ്റെ അമ്മയുടെയും ഹൃദയത്തിൻ്റെ നിറം മാറുന്നത്! പതിനാറു വയസ്സുള്ള ജീവനെ രാമു തനിയെ തീവണ്ടിപ്പാളത്തിൽ ദാനം വെയ്ക്കുകയാണ്.
ജീവോർജ്ജത്തിൻ്റെയും അധികാരത്തിന്റെയും രണ്ടതിരുകളിൽ നിൽക്കുന്ന കുട്ടികളും വൃദ്ധരും മാത്രം പങ്കിടുന്ന ഒരു പൊതുജീവിതമാണ് 'ഒരു ചെറുപുഞ്ചിരി' (2001) എന്ന തിരക്കഥയിൽ വായിക്കുക. തെലുഗ് എഴുത്തുകാരൻ ശ്രീരമണയുടെ 'മിഥുനം' എന്ന നോവലിൽ നിന്നാണ് പ്രമേയം കൈക്കൊണ്ടത്.

കുട്ട്യേടത്തി (1971)യിൽ കൗമാരം പിന്നിടാത്ത മാളുവിനോട് പ്രധാനമായും മുതിർന്നവർ കാട്ടുന്ന ശരീരനിന്ദയുടെ അവസാനം അവൾക്ക് ആത്മഹത്യ ചെയ്യേണ്ടിവരുന്നു. കുട്ട്യേടത്തിയോട് കാട്ടുന്ന അരുതായ്കകളോട് ചെറിയ കുട്ടിയായ വാസുവിനാണ് അമർഷമുള്ളത്. നിസ്സഹായനെങ്കിലും ആരും പറഞ്ഞു കൊടുത്തിട്ടല്ലാതെയുള്ള നൈതിക ബോധത്തോടെ അവൻ മാത്രമാണ് അവളുടെ കൂടെ നിൽക്കുന്നത്.
അവസാന കഥകളിലൊന്നായ 'ശിലാലിഖിത'ത്തെ എം ടി അതേ പേരിൽ 'മനോരഥങ്ങൾ' (2024) സീരീസിലെ ഒരു തിരക്കഥയായെഴുതി. ഗ്രാമത്തിലെ പ്രമാണിമാരോട് നഗരത്തിൽ വളരുന്ന ആറാംക്ലാസുകാരിയുടെ ഹൃദയം ഇടഞ്ഞു നിൽക്കുന്നു. ഒന്നുരണ്ടു വാക്കുകൾ, മിണ്ടാതെ ഒരു കുനിഞ്ഞു നില്പ് ഇത്രയൊക്കയാണ് രേണുവിന്റെ സമരങ്ങൾ.
"ഞാനവർക്കു വെള്ളം കൊടുത്തച്ഛാ". വിഷം കഴിച്ചു നാട്ടുചോലയിലും പാറപ്പുറത്തുമായി പാതിബോധത്തിൽ മണിക്കൂറുകളായി മരിക്കാൻ കിടക്കുന്ന പതിനാറുകാരിയ്ക്ക് ചോലയിൽ നിന്ന് ഒരു കൈ ദാഹജലം കൊടുത്തതാണ് രേണു പറയുന്നത്. "വെള്ളത്തിന് നെലോളിക്കായിരുന്നു, ഞാൻ ചെന്നു നോക്ക്യപ്പോ". വലിയവരുടെ കണ്ണുവെട്ടിച്ച് അതിനായി ഓടിപ്പോയി വന്ന അവൾക്ക് കൂട്ടുപോയത് കുറുമ്പയെന്ന ദലിത് പണിക്കാരിയാണ്. സുകൃതക്ഷയം മൂലം വിഷം കഴിച്ചവളുണ്ടാക്കുന്ന ദുഷ്പേരിനെപ്പറ്റിയാണ് പൂമുഖത്തും ഇടവഴിയിലുമൊക്കെ ഈ മണിക്കൂറുകളിൽ മുതിർന്നവരുടെ വർത്തമാനങ്ങൾ. ആശുപത്രിയിൽ കൊണ്ടുപാകാനോ വെള്ളം കൊടുക്കാനോ പോയൊന്നു നോക്കാനോ പോലും അച്ഛനായ ഗോപാലൻകുട്ടിയടക്കം അനങ്ങുന്നില്ല. ചരിത്ര ഗവേഷകനായ അയാൾക്ക് നാരായണിയിൽ "പിറക്കാതെ പോയ മകളോ" പിറന്ന മകളോ ആവാം ചോലയിൽ കിടക്കുന്നത്. പതിനാറു വയസ്സുള്ള കുട്ടി ആത്മഹത്യയ്ക്കൊരുമ്പെടുന്നത് അവളുടെ പ്രവൃത്തികൾ മൂലമാണ് എന്നാണ് നാട്ടുവിധി. ആസന്നമരണയായി പാതിബോധത്തിൽ കിടക്കുന്ന സീനിൽ മാത്രം ഉടലോടെ വരുന്ന, പിന്നീട് മരിക്കുന്ന ആ കുട്ടിയാണ് 'ശിലാലിഖിത' കഥയിലെ പ്രധാന കഥാപാത്രമെന്നും തോന്നാം. അവളുടെ അമ്മയായ നാരായണിയോട് പണ്ടു ചെയ്തുവച്ചതൊക്കെ തിരക്കഥയുടെ അണിയറയിൽ നമ്മൾ വായിക്കുന്നുണ്ട്. ബാലികയായിരുന്ന നാരായണി ഗോപാലൻകുട്ടിയോട് അന്ന് ചെയ്യാതെ പോയ ആത്മഹത്യയുമാവാമിത്. ദാരിദ്ര്യം, പെണ്ണ്, കുട്ടി എന്നിങ്ങനെ അവളുടെ മൂന്ന് പദവികൾക്ക് മുതിർന്നവരുടെ, പുരുഷന്മാരുടെ ലോകം കൊടുക്കുന്ന സമ്മാനമാണ് വിഷക്കായ. വിഷക്കായ കഴിച്ച് പാതി നീർച്ചോലയിലായുള്ള അവളുടെ കിടപ്പിൽ കുറുമ്പയെ കൂടാതെ രേണുമോളോടൊപ്പം വിഷമിക്കുന്നത് രേണുവിൻ്റെ മുത്തശ്ശിയാണ്. പാട്രിയാർക്കിയുടെ അധികാര സമ്പ്രദായത്തിന് പുറത്തുള്ളവരാണ് മൂവരും. ബസ്സിലോടവേ മകളോട് ഉള്ളിൽ നിന്നുറവപൊട്ടുന്ന ആദരവിന്റെ തുള്ളികൾ ഗോപാലൻകുട്ടിയിലെ ഉറങ്ങുന്ന മനുഷ്യനെ തളിച്ചുണർത്തുന്ന ഫ്രെയിമോടെയാണ് തിരക്കഥ അവസാനിക്കുക.

ബാല്യവും മധ്യവയസ്സും വച്ചുമാറി നോക്കുകയാണ് 'മനോരഥങ്ങൾ' വെബ് സീരീസിലെ 'കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പി'ൽ (2024). മൂന്ന് ഏട്ടന്മാരും എട്ടുവയസ്സുകാരൻ വേണുവിനെ അവരുടെ ലോകത്തേയ്ക്ക് അധികം കയറ്റില്ല. പെങ്ങളില്ലാത്ത വേണുവിന് അഞ്ചാറു ദിവസം കൊണ്ട് ലീല വലിയ ചങ്ങാതിയായി. അച്ഛനൊപ്പം അവധിക്ക് സിലോണിൽ നിന്ന് വന്നതാണവൾ. ചെറിയമ്മയുടെയും മറ്റും ഒച്ച താഴ്ത്തിയ ഭാഷണങ്ങളിൽ നിന്ന് അവിടത്തെ അമ്മയിലുണ്ടായ പെങ്ങളാണ് ലീലയെന്ന് വേണുവിന് മനസ്സിലാകുന്നു. ലീലയുളള ആഴ്ചയിൽ വേണു വലിയവരെ വിട്ടു സ്വതന്ത്രനാവുന്നു. രണ്ടു വയസ്സ് മൂപ്പുള്ള ലീലയ്ക്ക് മലയാളം അറിയില്ല. പ്രൈമറി സ്കൂൾ കുട്ടിയായ വേണുവിന് സിംഹളം അറിയില്ല. ഇംഗ്ലീഷും പോരാ. ഭാഷയില്ലാതെ അവർ നല്ല കൂട്ടാവുന്നു. ഒരേ സഹ്യനിൽ നിന്ന് രണ്ടായടർന്ന കേരളവും ലങ്കയും ലീലയുടെയും വേണുവിൻ്റെയും അബോധത്തിലുണ്ടാവുമോ?
'നിന്റെ ഓർമ്മയ്ക്ക്' എന്ന പ്രശസ്തമായ ആദ്യകാല കഥയും 'കഡുഗണ്ണാവ: ഒരു യാത്രക്കുറിപ്പ്' എന്ന പിൽക്കാല കഥയും ചേർത്താണ് ഈ തിരക്കഥയെഴുതുന്നത്. പത്രക്കാരനായ വേണു 1994-ൽ 1942-ലെ ഒരാഴ്ചയുമെടുത്ത് ശ്രീലങ്കയിലേയ്ക്ക് പോവുകയാണ്. അന്ന് ലീല തന്ന റബർ മൂങ്ങ പാവയും അതിന്റെ തടിക്കൂടും പഴയ സാധനങ്ങൾ കിടക്കുന്ന ചായ്പ്പിൽ നിന്ന് തപ്പിയെടുക്കുന്നത് ലങ്കയിൽ അവൾക്ക് തിരിച്ചു സമ്മാനിക്കുമ്പോഴുള്ള അത്ഭുതം കാണാനാണ്. അമ്മയുടെ വഴക്കു പറച്ചിലുകൾക്കും ഏട്ടന്മാരുടെ പരിഹാസത്തിനുമിടയിൽ കുട്ടി വേണുവിന് താനനുഭവം നൽകിയത് ആ ഒരാഴ്ചപ്പെങ്ങൾ മാത്രമാവണം. മുതിർന്നവർ തമ്മിലുള്ള യുദ്ധങ്ങളിൽ പരസ്പരം മുറിപ്പെടുത്താനുള്ള കരുക്കളാണ് അന്ന് കുട്ടികൾ. കുട്ടികൾക്ക് ഒന്നുമറിയില്ല, ഒന്നും മനസ്സിലാവില്ല, തങ്ങൾ അനുവദിക്കുകയും തീരുമാനിക്കുകയും ചെയ്യുന്ന ആവശ്യങ്ങൾ മാത്രമേ അവർക്കുള്ളു! മുതിർന്നവരെ മുഴുവൻ അന്നത്തെ കുട്ടിയായിരുന്നാണ് അസുഖദ സ്മരണകളോടെ ഇന്നും വേണു കാണുക.
മനുഷ്യക്കുട്ടികളുടെ ആശ്രിതത്വം അവരെ ഭരിക്കാൻ മുതിർന്നവരെ പ്രലോഭിതരാക്കും. അതിൽ നിന്ന് മുക്തരാവാൻ സ്വയം നിരീക്ഷിക്കുകയും തിരുത്തുകയും വേണ്ടിവരും. കുട്ടികളുടെ അഭിപ്രായങ്ങൾ സ്വീകരിക്കാതെയാണ് അവരെ കൂടി ബാധിക്കുന്ന നിയമങ്ങൾ നിർമ്മിച്ചിട്ടുള്ളത്. ബാലകുറ്റവാളി (Juvenile Delinquent) എന്ന പദത്തിന് പകരം നിയമവുമായി സംഘർഷത്തിലായ കുട്ടി (Child in conflict with law) എന്നും മറ്റും ഇന്ന് കാഴ്ചപ്പാടും നിയമപദവും മാറിയിരിക്കുന്നു. പലതും നാം മനസ്സിലാക്കി വരുന്നുണ്ടെങ്കിലും വലിയവരെ നേരിട്ട് തിരുത്തുക കുട്ടികൾക്ക് സാധാരണമല്ലാതെ തുടരുവോളം വലിയവരുടെ സമീപനങ്ങളിലും തീരുമാനങ്ങളിലും ഏകപക്ഷീയതയുടെ നിഴൽപാടുണ്ടാവും. എം.ടിയുടെ "മുതിർന്നവർ കുട്ടിയ്ക്കെതിരെ" എന്ന പ്രമേയം സംഗതമായി തുടരുകയും ചെയ്യും.
