ഉണ്ണികൃഷ്ണൻ ആവള സംവിധാനം ചെയ്ത തന്തപ്പേര് - ലൈഫ് ഓഫ് എ ഫാലസ് IFFK- യിൽ ആദ്യ പ്രദർശനം നടത്തി. മത്സരവിഭാഗത്തിലെത്തിയ പടം തീർച്ചയായും രൂപം കൊണ്ടും സാങ്കേതികമായും മികച്ച ശ്രമമാണ്. വിദേശസിനിമകളോട് കിടപിടിക്കുന്നവിധമുള്ള ദൃശ്യങ്ങളും കളറിങ്ങും സൗണ്ടും ഒക്കെയായി സിനിമ മലയാളത്തിൽ അപൂർവ അനുഭവമായി.
ചോലനായ്ക്കർ എന്ന ഗുഹാജീവിതം നയിക്കുന്ന ഏഷ്യയിലെ ഏക ഗോത്രസമൂഹത്തിൻ്റെ കഥയും കാര്യവും പറയുന്ന സിനിമ എന്ന നിലയിലും ചിത്രം ശ്രദ്ധയർഹിക്കുന്നു. ചോലനായ്ക്ക ഭാഷയിലുള്ള ആദ്യ സിനിമ എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. അതേസമയം ഭാവത്തിൽ, ചില അഭാവങ്ങളിൽ, അതിൻ്റെ രാഷ്ട്രീയത്തിൽ നിരവധി ആശങ്കകൾ ബാക്കിയാക്കിയാണ് സിനിമ തീരുന്നത്.
ചോലനായ്ക്കർ വിഭാഗത്തെ തന്തപ്പേര് - ലൈഫ് ഓഫ് എ ഫാലസ് എന്ന സിനിമ എവിടെനിന്നാണ് നോക്കുന്നത് അഥവാ കാണുന്നത് എന്നതാണ് പ്രധാനം.
നിലമ്പൂർ കാടിനകത്ത് ജീവിക്കുന്ന ഗോത്രസമൂഹത്തെ ആവിഷ്കരിക്കുന്ന സിനിമയുടെ ദൃശ്യഭാഷ സാങ്കേതികമായും സൗന്ദര്യപരമായും നിലവാരം പുലർത്തി എന്നതിൽ തർക്കമില്ല. എങ്കിലും ഏരിയൽ അഥവാ ഗോഡ്സ്ഐ വ്യൂ എന്ന നിലയിൽ പറയാവുന്ന ഷോട്ടുകളുടെ ആധിക്യം സിനിമയുടെ അബോധത്തെ വെളിപ്പെടുത്തുന്നതായി തോന്നി. ചോലനായ്ക്കർ വിഭാഗത്തെ ഈ സിനിമ എവിടെനിന്നാണ് നോക്കുന്നത് അഥവാ കാണുന്നത് എന്ന് വ്യക്തമാകുന്നു ഈവിധമുള്ള ദൃശ്യാഖ്യാനത്തിലൂടെ. പുറത്തുനിന്നുള്ള, സംസ്കരിക്കപ്പെട്ടവരെന്ന് കരുതുന്നവരുടെ നോട്ടമാണ് സിനിമ നിർഭാഗ്യവശാൽ കൈകൊണ്ടത്. തിരക്കഥ ആ വിഭാഗത്തിലെ ഒരാളുടേതുമാണ് (സംവിധായകനാണ് ഒരു തിരക്കഥാകൃത്ത്) എന്നതോ Q&A യിൽ സംവിധായകൻ അത് ആവർത്തിച്ച് ഓർമിപ്പിക്കുന്നതു കൊണ്ടോ തീരുന്നതല്ല ആ നോട്ടപ്രശ്നം എന്നത് സിനിമയുടെ മുഴുവൻ ഭാഗങ്ങളും സൂചിപ്പിക്കുന്നു.

തുടക്കം മുതലുള്ള ആഖ്യാനരീതി ഈവിധം മുകളിൽ നിന്നുള്ള കാഴ്ചകളാണ്. ഡ്രോൺ ദൃശ്യങ്ങളടക്കമുള്ള മേൽനോട്ടങ്ങൾ സിനിമയുടെ ആകെയുള്ള ആഖ്യാനരീതിയായിത്തന്നെ രൂപപ്പെടുന്നുണ്ട്. സ്വാഭാവിക വെളിച്ചത്തിൽ കാടിൻ്റെ ഭംഗി ഒപ്പിയെടുക്കാൻ, സിനിമ സംഭവിക്കുന്ന സ്ഥലരാശി വ്യക്തമാക്കാൻ എന്നിങ്ങനെ എസ്റ്റാബ്ലിഷ്ഡ് ഷോട്ട് എന്ന നിലയിൽ ചുരുക്കം ചില കാഴ്ചകളിൽ നിജപ്പെടുത്തിയിരുന്നെങ്കിൽ ഈ വായന ഒഴിവാക്കാമായിരുന്നു. എന്നാൽ സിനിമ ആ വഴിയല്ല സ്വീകരിച്ചത്. സിനിമയുടെ നോട്ടം ദൈവതുല്യനായ സംസ്കരിക്കപ്പെട്ട മനുഷ്യൻ്റെ എന്നുമാത്രമല്ല പുരുഷൻ്റെ കൂടിയാണ് എന്നും കാണണം. നായികയുടെ ലൈംഗികതയുമായി ബന്ധപ്പെട്ട രംഗത്ത് ആ നോട്ടം വ്യക്തമാകുന്നു.
മറ്റൊരു കാര്യം, മനുഷ്യരേയും അവരുടെ ചലനങ്ങളേയും അവർ കൂടുതൽ സഞ്ചരിക്കുന്ന പാറക്കൂട്ടങ്ങളെയും മാത്രമാണ് കാര്യമായി സിനിമ ദൃശ്യപ്പെടുത്തുന്നത് എന്നതാണ്. മറ്റ് ജീവജാലങ്ങൾ (തേനീച്ചയോ മീനോ വരുന്ന ചെറിയ ഷോട്ടുകൾ ഒഴിച്ചാൽ) കാടിൻ്റെ ഭാഗമായി ധാരാളം ഉണ്ടാകാമെങ്കിലും സിനിമയിൽ ഇല്ല. ഈ അഭാവവും സിനിമയുടെ ഭാവത്തെ, അതിൻ്റെ മനുഷ്യപക്ഷത്തെ നിർണ്ണയിക്കുന്നുണ്ട്.
വ്യക്തിസ്വാതന്ത്ര്യത്തിന് വലിയ വില കല്പിക്കുന്ന സമൂഹമായിട്ടും സിനിമയിലെ കഥാപാത്രങ്ങൾ ഒത്തുചേരുന്ന മിക്കപ്പോഴും മറ്റുള്ളവരുടെ കാര്യങ്ങൾ പറഞ്ഞ് ചിരിക്കുന്നതും മറ്റുമാണ് കാണിക്കുന്നത്. കുടിയും വലിയും മാത്രമായി, അതിനുവേണ്ടി ചതിക്കപ്പെടാൻ നിന്നുകൊടുക്കുന്നവരായി, പെണ്ണിൻ്റെ പേരിൽ തല്ലുകൂടുന്നവരായി, ആരോ പറയുന്നതുകേട്ട് അച്ഛനെ സംശയിക്കുന്നവരായി, ആരുടെയോ വാക്കുകേട്ട് വന്ധ്യംകരണത്തിന് തയ്യാറാവുന്നവരായി, ഗോത്രവിശ്വാസങ്ങളെ പാലിക്കുകയും അതേസമയം നിരാകരിക്കുകയും ചെയ്യുന്നവരായി ഒരു സവിശേഷ സമൂഹത്തെ ചിത്രീകരിക്കുന്നതിൽ അത്തരം നോട്ടങ്ങളിലെ പ്രതിലോകതയുടെ അബോധം മറനീക്കി വെളിപ്പെടുന്നത് കാണാം. ചിത്രത്തിലെ കേന്ദ്രകഥാപാത്രം പുകവലിച്ച് ഉപേക്ഷിക്കുന്ന പുകയിലച്ചുരുളിൻ്റെ ടെക്സ്ചറും സാധ്യതയും ഉപയോഗിച്ചാണ് സിനിമയുടെ ടൈറ്റിൽ ഡിസൈൻ ചെയ്തിട്ടുള്ളത് എന്നും ഓർക്കാം.
ചോലനായ്ക്കരായ കലാകാരന്മാർ പലവട്ടം സെൻസർ ചെയ്തതാണ് ഈ സിനിമ എന്ന് സംവിധായകൻ ആവർത്തിച്ച് പറയുന്നുണ്ട്. അതാണ് അയാളുടെ ആത്മവിശ്വാസമത്രേ. എന്തൊരു വിചിത്രമായ വാദമാണിത്.
ഏറ്റവും കൗതുകമുള്ള കാര്യം, സംവിധായകനായ ഉണ്ണികൃഷ്ണൻ ആവള ചോലനായ്ക്കരായ കലാകാരന്മാർ പലവട്ടം സെൻസർ ചെയ്തതാണ് പടമെന്ന് ആവർത്തിച്ച് പറയുന്നതാണ്. അതാണ് അയാളുടെ ആത്മവിശ്വാസമത്രേ. എന്തൊരു വിചിത്രമായ വാദമാണ് താൻ ഉന്നയിക്കുന്നതെന്ന് ഉണ്ണികൃഷ്ണന് അറിയാതെ വരാൻ തരമില്ല. കേരളത്തിലെ സ്ത്രീവിരുദ്ധസിനിമകളിൽ മിക്കതും തിയറ്ററിൽ വിജയമായിരുന്നു എന്നും അതൊക്കെ കണ്ടതിൽ പകുതിയോളംപേർ സ്ത്രീകളാണ് എന്നും അറിയാത്ത ആളാവില്ല ആവള. അത്തരം സിനിമകളിലൊക്കെ സ്ത്രീകൾ അഭിനയിച്ചിട്ടും മറ്റ് മേഖലകളിൽ പ്രവർത്തിച്ചിട്ടും ഉണ്ടാവും. അതുകൊണ്ട് അവ സ്ത്രീവിരുദ്ധമല്ല എന്ന് വരുമോ? വിമർശിക്കാൻ പാടില്ല എന്നാവുമോ? ഷാജി കൈലാസിനും രഞ്ജിത്തിനും സത്യൻ അന്തിക്കാടിനുമൊക്കെ പറഞ്ഞുനില്ക്കാനുള്ളത് ആവള ഇപ്പോഴേ പറഞ്ഞു വെയ്ക്കുകയാണോ? സത്യൻ അന്തിക്കാടിനെപ്പോലുള്ള സംവിധായകരാണ് ഫെമിസിസം പോലുള്ള ആശയങ്ങളെ മലയാളികൾക്കുമുന്നിൽ ഏറ്റവും വികലമായും പ്രതിലോമകരമായും ചിത്രീകരിച്ചിട്ടുള്ളത് എന്ന് ഓർക്കുക. അതിൽ വർക്ക് ചെയ്തതും സുകുമാരി അടക്കമുള്ള സ്ത്രീകൾ തന്നെയാണ്. അതായത് സ്ത്രീഎഴുതിയതുകൊണ്ടോ സ്ത്രീ അഭിനയിച്ചതുകൊണ്ടോ സ്ത്രീകളോട് ചോദിച്ചും സമ്മതം വാങ്ങിയുമാണ് ആ രംഗങ്ങൾ ചെയ്തത് എന്ന് പറഞ്ഞതുകൊണ്ടോ അവ വിമർശനങ്ങളെ അതിജീവിക്കില്ല എന്നർഥം. അധ്യാപകൻ കൂടിയായ ഉണ്ണികൃഷ്ണന് ഇക്കാര്യം അറിവില്ലാത്തതാണ് എന്നും തോന്നുന്നില്ല. പരമാവധി ജാഗത്ര പുലർത്തിയിട്ടുണ്ട് എന്നേ അദ്ദേഹത്തിന് പറയാനാവൂ എന്ന് തോന്നുന്നു. മറിച്ചുള്ളത് കുതർക്കയുക്തിയാണ്.

സിനിമ ഡോക്യുമെൻ്ററിയല്ല, ഫിക്ഷനാണ് എന്നതുകൊണ്ട് അതിലുപയോഗിക്കുന്ന ഡാറ്റ പ്രാഥമികമായെങ്കിലും ഫിക്ഷൻ്റെ ഭാഗമാണ്. എങ്കിലും രണ്ടും കലർത്തുന്നതിൽ അപാകമില്ലതന്നെ. തുടക്കത്തിൽ പക്ഷെ ഇപ്പോൾ 198 പേർ മാത്രമുള്ള ആ വിഭാഗത്തെക്കുറിച്ച് എഴുതിക്കാണിക്കുന്നുണ്ട്.
ഇന്ദിരാഗാന്ധിയുടെ മുഖവും വാസക്ടമി സർജറിയുടെ ഇമേജും ചേർത്തുകാണിച്ച് തുടങ്ങുന്ന സിനിമ പൊടുന്നന്നെ ഫിക്ഷനിലേക്ക് വരുന്നു. ധാരാളം കച്ചവട സിനിമകൾ കൈകാര്യം ചെയ്യുന്നതുപോലൊരു പ്രമേയം ഫിക്ഷൻ്റെ ഭാഗമായി സ്വീകരിച്ചിരിക്കുന്നു. സ്ത്രീയുടെ ലൈംഗികതയും അതിൻമേലുള്ള അവളുടെ തെരഞ്ഞെടുപ്പും സംത്രാസത്തിലാക്കുന്ന പുരുഷനാണ് ചിത്രത്തിൻ്റെ കേന്ദ്രത്തിലുള്ളത്. അയാൾ അതിലേക്ക് എത്തുന്നതാകട്ടെ ആ സമൂഹത്തിൻ്റെ വിശ്വാസപരമായ ഒരു വിഷയവുമായി ബന്ധപ്പെട്ടുമാണ്. സ്ത്രീകളുടെ സ്തനധർമ്മമാണ് ആ വിഷയം. അതിന് ലൈംഗികതയിലുള്ള പങ്കെന്താണ്, അത് പുതുതലമുറയ്ക്കുള്ളതല്ലേ എന്നിങ്ങനെയാണ് ആ സമൂഹത്തിലെ വിശ്വാസപാത ചരിക്കുന്നത്. എന്നാൽ സ്ത്രീപാത്രം അതിൽ അസ്വസ്ഥയാണ്. ഈ വിലക്ക് സ്ത്രീകൾക്കെതിരെയുള്ളതാണ് എന്നതാണ് അവൾക്ക് തോന്നുന്നത്. അവൾ മറ്റൊരാളിലേക്ക് തൻ്റെ ലൈംഗികതയെ മാറ്റിനടുന്നതിലേക്ക് കാര്യങ്ങൾ നീളുന്നു. ഇത് വിശ്വാസങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് കരുതുന്ന നായകനെ, അയാളിലെ പൊസ്സസീവ് ആയ പുരുഷനെ അസ്വസ്ഥനാക്കുന്നു. ഇതിനൊപ്പമാണ് അയാൾക്ക് തൻ്റെ പിതൃത്വത്തെയും സംശയിക്കേണ്ടിവരുന്നത്. തുടർന്നുള്ള സംഭവവികാസങ്ങൾകൂടിയാകുമ്പോൾ അയാൾക്കുചുറ്റുള്ള വിഷമവൃത്തം പൂർത്തിയാവുന്നു.
ഒരു ഗോത്രസമൂഹത്തെ അതേ പേരിൽ അവതരിപ്പിക്കുമ്പോഴുള്ള ധാർമ്മികവും നൈതികവുമായ കരുതലുകൾ സിനിമയിൽനിന്ന് ചോർന്നുപോയിട്ടുണ്ട്.
സ്ത്രീ പുതിയ പങ്കാളിയിൽനിന്ന് ഗർഭിണിയായി ആശുപത്രിയിൽ പോകുന്നത് കാണിച്ചാണ് സിനിമ തീരുന്നത്. ഇതിനിടയ്ക്ക് നാട്ടിലെ ഒരു ഡ്രൈവർ ചോലനായ്ക്കരെ ചതിക്കുന്നതും പറ്റിക്കുന്നതും കാണിക്കുന്നുണ്ട്. അയാളുടെ പ്രതിനിധാനം മുസ്ലീം ആകുന്നു എന്നതും കാണാതെ പോകാനാവില്ല. അയാളിൽനിന്ന് രക്ഷപ്പെട്ട് സ്വന്തമായി ജീപ്പ് വാങ്ങിയാണ് സിനിമക്കൊടുവിലെ ആശുപത്രിയാത്ര എന്നത് സിനിമയുടെ ഫലശ്രുതിയാണെന്ന് സംവിധായകൻ പറഞ്ഞുവയ്ക്കുന്നു. അതായത് അപരിഷ്കൃതരും പറ്റിക്കപ്പെടാൻമാത്രം മണ്ടന്മാരുമായ ഒരു വിഭാഗമാണ് അവരെന്നും ഇപ്പോൾ (ഈ സിനിമ ചെയ്തപ്പോൾ) അല്പം മെച്ചപ്പെട്ടു എന്നും സിനിമയും സംവിധായകനും കരുതുന്നു എന്നർഥം! എന്തൊരു രാഷ്ട്രീയമാണ് സിനിമ ബാക്കിയാക്കുന്നത് എന്ന് നോക്കുക.
ചോലനായ്ക്കർ വിഭാഗത്തിൻ്റെ അറിവില്ലായ്മകളെ ചൂഷണം ചെയ്ത ഒരു മുസ്ലീം ഡ്രൈവർ, ഡോക്ടർ, അതിന് ഒത്താശ ചെയ്ത ഒരു പ്രമാണി എന്നിവരെ ചിത്രീകരിച്ചാണ് സിനിമ അതിൻ്റെ ‘ഉത്തരവാദിത്വം’ കാണിക്കുന്നത്. ഡോക്ടർ ചെയ്ത ചതിയാകട്ടെ ഇന്ദിരാഗാന്ധിയുടെ -അടിയന്തരാവസ്ഥയുടെ പോലുമല്ല- തലയിലാണ് ചാർത്തുന്നത്. ആവർത്തിച്ചാവർത്തിച്ച് ഇന്ദിരാഗാന്ധിയെ കാണിച്ചതിൻ്റെ വിവക്ഷ ഇപ്പോഴും ഗൂഢമാണ്. ഇനി അവർ ഈ ഗോത്രത്തെ ഇല്ലാതാക്കാൻ അങ്ങനെയൊരു ഓർഡർ ഇറക്കിയിരുന്നോ ആവോ? എന്തായാലും വാസക്ടമി ചെയ്യുന്നതായി കാണിക്കുന്നത് കേന്ദ്രകഥാപാത്രമായ നരിയുടെ അച്ഛനടക്കുള്ള പ്രായമായ പുരുഷന്മരെയാണ്. അവർക്ക് വാസക്ടമി ചെയ്തത് എങ്ങനെയാണ് ആ ഗോത്രത്തെ ബാധിച്ചത് എന്ന് സിനിമ പറയുന്നില്ല. അതിന് യുക്തിയൊന്നും കാണുന്നുമില്ല.
1975- ൽതന്നെ പ്രായമുള്ള ഒരാളായി തോന്നിക്കുന്ന നരിയുടെ അച്ഛൻ പിന്നെയും 50 വർഷം കഴിഞ്ഞ് ഏതാണ്ട് അതേ പ്രായത്തിൽ മരിക്കുന്നതായും കാണുന്നു. ഈ 50 വർഷം അയാൾക്ക് വലിയ മാറ്റങ്ങളൊന്നുമില്ല എന്നാണോ? എങ്കിൽ വാസക്ടമി എന്തോ അത്ഭുതമാണ് എന്ന് കരുതണോ? ഉത്തരം നമ്മൾ ആലോചിച്ച് കണ്ടെത്തിയാൽ മതിയാകും. എന്തായാലും ഇന്ദിരാഗാന്ധിയാണ് കുറ്റക്കാരി എന്നതിൽ സിനിമയുടെ ദൃശ്യഭാഷ തീർപ്പു പറയുന്നു. ഫിക്ഷനിൽ ഈ ഫാക്ച്വൽ എന്ന് തോന്നിപ്പിക്കുന്ന വിഷയം കൊണ്ടുവന്നിട്ട് എന്താണ് സംവിധായകൻ പ്രതീക്ഷിക്കുന്നത് എന്നത് മനസ്സിലാകുന്നില്ല. പ്രശ്നം സ്തനധർമ്മമാണോ, സ്ത്രീലൈംഗികതയാണോ, വാസക്ടമിയാണോ, ദേവാസുരം എന്ന കച്ചവട സിനിമയിലേതുപോലെ തന്തപ്പേരാണോ എന്നത് തെളിഞ്ഞുവരുന്നില്ല. അഥവാ ഡോക്യുഫിക്ഷനെടുത്ത് ആ വിഭാഗത്തിൻ്റെ അവസ്ഥകൾ പുറത്തെത്തിക്കുകയാണോ സംവിധായകൻ ലക്ഷ്യംവച്ചത്? എങ്കിൽ എന്താണ് പുറത്തെത്തിച്ചത്? നേരത്തെ സൂചിപ്പിച്ചതുപോലെ പലവിധത്തിൽ പറ്റിക്കപ്പെടുന്നവരും പെണ്ണിനുവേണ്ടി തല്ലുകൂടുന്നവരും ലഹരിയിൽ നശിക്കുന്നവരും എന്നോ?
ചോലനായ്ക്കരുടെ കഥയാണ് സിനിമയെങ്കിൽ അത് എത്രമേൽ പ്രതിലോമകരമാണ് എന്ന് കാണണം. സാംസ്കാരിക വ്യവസായത്തിൻ്റെ ഉച്ചകാലത്ത് ആ സാധ്യതകൾ കണക്കിലെടുത്ത് ഡ്രൈവർക്കും ഡോക്ടർക്കും ശേഷം ആ ദൗത്യം സംവിധായകൻ നിർവഹിക്കുന്നു എന്നേ ഒരു നിലയ്ക്ക് കാണാനാവൂ. ആർട്ട് ഹൗസ് സിനിമകൾ മറ്റൊരുതരം കച്ചവടം തുടങ്ങിയിട്ട് കാലം കുറച്ചായല്ലൊ. ആ വഴിയ്ക്കുള്ള യാത്രയായിട്ട് ഈ ചിത്രത്തെയും കരുതേണ്ടി വരുന്നുണ്ട്. ഭാഷ ചോലനായ്ക്ക തീരുമാനിക്കുന്നതും ആർട്ടിസ്റ്റുകൾ ആ വിഭാഗം ആവുന്നതുമെല്ലാം പ്രധാനമായിരിക്കുന്നതിൽ ഈ ഘടകവുമുണ്ടാവണം.

ക്യാമറ, എഡിറ്റിങ്, സൗണ്ട്, പശ്ചാത്തലസംഗീതം, സംഗീതം എന്നിങ്ങനെ ടെക്നിക്കൽ സൈഡെല്ലാം വളരെ പ്രൊഫഷണലായ റിസൾട്ട് ഉറപ്പാക്കുന്ന സിനിമയായിട്ടും അതിൻ്റെ നോട്ടങ്ങൾ (ക്യാമറയുടെയും) മറ്റൊരു വായനയ്ക്ക് വഴിയൊരുക്കുന്നു എന്ന പരിമിതി വസ്തുതയാണ്. ഒരു ഗോത്രസമൂഹത്തെ അതേ പേരിൽ അവതരിപ്പിക്കുമ്പോഴുള്ള ധാർമ്മികവും നൈതികവുമായ കരുതലുകൾ സിനിമയിൽനിന്ന് ചോർന്നുപോയിട്ടുണ്ട് എന്നതാണ് കാര്യം. എടുത്ത അധ്വാനത്തെയോ നിർമ്മിച്ച രൂപത്തേയോ റദ്ദാക്കുകയല്ല, മറിച്ച് അതിൽ സൂക്ഷ്മമായ ചില അരാഷ്ട്രീയനോട്ടങ്ങൾ കടന്നുകൂടിയിട്ടുണ്ട് എന്ന് സൂചിപ്പിക്കുകയാണ് ഈ പ്രകരണം ലക്ഷ്യമാക്കുന്നത്. ഒരു പ്രേത്യകവിഭാഗം മനുഷ്യരെയും അവരുടെ സ്ഥലരാശിയേയും ചിത്രീകരിച്ചിട്ട് അത് life of a Phallus മാത്രമാകുന്നതിൻ്റെ അപകടം ഒരു പ്രേക്ഷകനെന്ന നിലയിൽ പറയാതെ വയ്യ!
ഭാനു ഫ്ലഷ് നിർമ്മിച്ച്. ഉണ്ണികൃഷ്ണൻ ആവളയുടെ കഥയിലും സംവിധാനത്തിലും തിരക്കഥാപങ്കാളിത്തത്തിലും ഒരുങ്ങിയ ചിത്രത്തിൽ വെള്ളക്കരിയൻ മനീഷ്, ചിഞ്ചിന ഭാമിനി, അയ്യപ്പൻ പൂച്ചപ്പാറ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
എ. മുഹമ്മദാണ് ക്യാമറ. എഡിറ്റിങ് ജിനു ശോഭ. ജാനകി ഈശ്വർ, റിതു വൈശാഖ് എന്നിവരാണ് പശ്ചാത്തലസംഗീതം, അരുണ്‍ വര്‍മ്മ, അരുണ്‍ അശോക് ടീമിന്റേതാണ് സൗണ്ട് ഡിസൈൻ. സംഗീതം ബിജിപാൽ. ആർട്ട് അമ്പിളി മൈഥിലി.
