1920-കളിലെ ഒരു ഉത്സവപ്പറമ്പ്. സ്റ്റേജിൽ ഹരിമുരളീരവം പാടുന്ന ഗായകൻ. പാട്ടിൽ ലയിച്ച് വളരെ ആസ്വദിച്ചാണ് ഗായകൻ പാടുന്നത്. പാടി തീർന്ന ഉടനെ സദസ്സിൽ നിന്നൊരാൾ ചാടി എണീറ്റ് ആവശ്യപ്പെട്ടു: "വീണ്ടും പാടൂ...'
ഗായകൻ സന്തോഷത്തോടെ വീണ്ടും പാടി... അത് കഴിഞ്ഞപ്പോഴും സദസ്സിൽ നിന്ന് വീണ്ടും പാടണമെന്ന് ആവശ്യം ഉയർന്നു.
അത്ഭുതത്തോടെയെങ്കിലും ഗായകൻ മൂന്നാമതും പാടി. ഒരിക്കൽ കൂടി പാട്ട് പാടാൻ സദസ്സ് ആവശ്യപ്പെട്ടു. തന്റെ പാട്ട് വീണ്ടും വീണ്ടും ആവശ്യപ്പെടുന്നതിലെ സന്തോഷം ഗായകന്റെ ഉള്ളിൽ തിരതല്ലുമ്പോഴും പ്രായോഗിക പ്രശ്‌നങ്ങൾ കാരണം വീണ്ടും പാടാനുള്ള ആവശ്യം ഗായകൻ നിരസിച്ചു.
അത്ര നേരവും ശാന്തമായി, ക്ഷമയോടെ നിന്നിരുന്ന സദസ്സ് പെട്ടെന്ന് വയലന്റായി ആക്രോശിച്ചു: "താൻ വീണ്ടും പാടണം. ഈ പാട്ട് ഒരുവട്ടമെങ്കിലും ശരിയായി പാടിയിട്ട് പോയാമതി'
ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ (Christopher) കണ്ടു കഴിഞ്ഞപ്പോൾ മനസിൽ വന്നത് ഈ കഥയാണ്. ഈ കഥ എന്ന് പറയുമ്പോൾ 1920 കളിലെ ഉത്സവപ്പറമ്പിൽ ഹരിമുരളീരവം എന്നു പറയുന്നതിലെ ലോജിക് ഇല്ലായ്മ ഉൾപ്പടെയാണ്. തന്റെ തന്നെ പരാജയപ്പെട്ട ഫോർമാറ്റിൽ മാസ്റ്റർ ചെയ്യാനുള്ള ശ്രമമാണ് ബി. ഉണ്ണികൃഷ്ണന്റെ ഓരോ സിനിമയും എന്നു തോന്നും.
കഥയിലോ, നരേഷനിലോ, സാങ്കേതികതയിലോ, ഭാവുകത്വത്തിലോ പുതുതായി ഒന്നുമില്ലാത്ത സിനിമയാണ് ക്രിസ്റ്റഫർ. സിനിമയിൽ ഒരു മെസേജ് വേണമെന്ന വാദമുള്ളവരുണ്ട്. അതല്ല സിനിമയിൽ സംഭവങ്ങൾ മതി മെസേജ് പോയിട്ട് കഥ പോലും വേണ്ട എന്നുള്ളവരുണ്ട്. വെറും താരപ്രഭാവം കാണാൻ വേണ്ടി മാത്രം സിനിമ കാണുന്നവരുണ്ട്. ഇതിൽ ഓരോ കൂട്ടരും ഓരോ മാർക്കറ്റാണ്. ഏതെങ്കിലും ഒരു മാർക്കറ്റിനെ എങ്കിലും തൃപ്തിപ്പെടുത്തുന്ന സിനിമ എടുക്കുക എന്നതാണ് കാര്യം. ഇതിൽ ആരെയാണ് ക്രിസ്റ്റഫർ ലക്ഷ്യമിട്ടത് എന്നു പോലും അവ്യക്തമാണ്.
കേരളത്തിലെ ഒരു സെൻട്രൽ ജയിലിലെ ജയിൽ വാർഡൻ വിരമിക്കുവാൻ പോവുകയാണ്. പുതുതായി വരുന്ന ജയിൽ വാർഡന് പഴയ വാർഡൻ ജയിൽ പരിയചപ്പെടുത്തുന്നിടത്താണ് സിനിമ തുടങ്ങുന്നത്. ഡി ബ്ലോക്കിൽ ഒരു വി.ഐ.പി. തടവുകാരനുണ്ട്. എ.സിയും ബെഡും വ്യായാമ ഉപകരണങ്ങളും ഒക്കെയുണ്ട്. പുതിയ ജയിൽ വാർഡനും അയാളെ പോയി സല്യൂട്ട് ചെയ്താണ് ഡ്യൂട്ടി തുടങ്ങുന്നത്. പിന്നെ അക്രമത്തിനിരയായ ഒരു പെൺകുട്ടിയുടെ കഥ കാണിക്കും. അത് അന്വേഷിക്കാനായി വരുന്ന പൊലീസുകാരനായെത്തുന്ന ക്രിസ്റ്റഫറായി മമ്മൂട്ടിയുമെത്തും. ഇതാണോ സിനിമയുടെ കഥ? അല്ല, ഇങ്ങനെയാണ് സിനിമ തുടങ്ങുന്നത്. സിനിമയുടെ കഥ മറ്റെന്തോ ആണ്.
സിനിമ താരങ്ങളുടെ സ്റ്റോക്ക് ഫൂട്ടേജുകൾ ഓൺലൈനിൽ ലഭ്യമാണോ എന്ന് അറിയില്ല. അങ്ങനെ ഒരു സർവീസ് ഉണ്ടായിരുന്നെങ്കിൽ ക്രിസ്റ്റഫറിന്റെ പ്രൊഡക്ഷൻ ചിലവ് ഗണ്യമായി കുറയ്ക്കാവുന്നതായിരുന്നു. മമ്മൂട്ടി നടക്കുന്ന കുറച്ച് ഫൂട്ടേജ്, മമ്മൂട്ടി ഇരിക്കുന്ന കുറച്ച് ഫൂട്ടേജ്, മമ്മൂട്ടി കാറിൽ നിന്നിറങ്ങുന്ന ഫൂട്ടേജ് ഇത്രയൊക്കെ മതി ഈ സിനിമയ്ക്ക്. പിന്നെ കുറച്ച് ആക്ഷൻ സീനുകൾ വേറെ തന്നെ ഷൂട്ട് ചെയ്താൽ മതി.
കഴിഞ്ഞ കുറേ സിനിമകളിലായി മമ്മൂട്ടി എക്‌സ്‌പ്ലോർ ചെയ്തു വന്നിരുന്ന അഭിനയത്തിന്റെ വ്യത്യസ്തമായ സാധ്യതകൾ ഒറ്റയടിക്ക് "സ്‌റ്റോപ്പ്' ചെയ്ത അനുഭവമാണ് ക്രിസ്റ്റഫറിലുള്ളത്. ഷൈലോക്കിലെ പോലെ താരപ്രഭയിൽ ആറാടുന്ന മമ്മൂട്ടിക്കാഴ്ചയും ചിത്രത്തിലില്ല.
നൻപകൽ നേരത്ത് മയക്കത്തിൽ സ്ഥലകാലങ്ങുടെ സങ്കീർണമായ ഒരു കോമ്പിനേഷൻ സംവിധായകൻ ഉപയോഗിച്ചിരുന്നു. അത്തരമൊരു സിനിമാനുഭവം ക്രിസ്റ്റഫറിലും സാധ്യമാവുന്നുണ്ട്. സമയത്തിൽ ഫ്രീസ് ആയ മമ്മൂട്ടിയുടെ അപ്പിയറൻസിലൂടെയാണ് അത് സാധിച്ചെടുക്കുന്നത്. ഐ.പി.എസ്. ട്രെയിനിംഗ് കഴിഞ്ഞിറങ്ങുന്ന ക്രിസ്റ്റഫർ, പിന്നീട് വർഷങ്ങൾക്ക് ശേഷം കേരളത്തിൽ പൊലീസ് ഓപ്പറേഷന് വേണ്ടി വരുന്ന മമ്മൂട്ടി, അതും കഴിഞ്ഞ് ഇരുപത്തി രണ്ടോളം വർഷം കഴിഞ്ഞുള്ള പ്രസന്റിലെ മമ്മൂട്ടി... എല്ലാം ഒരാൾ തന്നെ. ക്രിസ്റ്റഫറിന് കയറാനാവാതെ പോയ ബസ് പോലെ സിനിമയിലെ കാലം മുന്നോട്ടോടുകയാണ്. ആ ബസിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയിരിക്കുന്നത് കുസൃതിക്കാരനായ എഡിറ്ററും. ഇൻഡിക്കേറ്റർ ഇടാതെ ഫ്‌ളാഷ്ബാക്കിലേക്ക് തിരിക്കുക, ഹോൺ അടിക്കാതെ ഓവർടേക്ക് ചെയ്യുക അങ്ങനെ പല പരിപാടികൾ.
ചന്ദ്രന്റെ പശ്ചാത്തലത്തിൽ വരുന്ന നക്ഷത്രത്തെ നോക്കിയായിരുന്നു പണ്ടുകാലത്ത് കാലം നിർണയിച്ചിരുന്നത്. അതു പോലെ മമ്മൂട്ടിക്ക് ചുറ്റുമുള്ള കഥാപാത്രങ്ങളെ നോക്കി വേണം മമ്മൂട്ടിയുടെ പ്രായവും കഥ നടക്കുന്ന കാലവും ഗണിച്ചെടുക്കാൻ. ഉദാഹരണത്തിന്: മമ്മൂട്ടിയോടൊപ്പം സ്‌ക്രീനിൽ ഉദിക്കുന്ന ആമിന എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് ബാലതാരമാണെങ്കിൽ അത് പാസ്റ്റ് ആണ്. ആമിനയെ അവതരിപ്പിക്കുന്നത് ഐശ്വര്യ ലക്ഷ്മി ആണെങ്കിൽ അത് വർത്തമാനകാലമാണ്.
2022 നവംബർ 30 -നാണ് ആർട്ടിഫിഷ്യൽ ഇന്റലിജന്റ് ചാറ്റ് ബോട്ടായ ചാറ്റ് ജി.ടി.പി പുറത്തിറങ്ങിയത്. ഒരു വാക്ക് കഴിഞ്ഞാൽ അടുത്തത് ഏത് വരണമെന്ന അതിസങ്കീർണമായ തീരുമാനം മുൻ അനുഭവങ്ങളിലൂടെ ആർജിച്ചെടുക്കുകയാണ് ചാറ്റ് ജി.പി.ടി. ചെയ്യുന്നത്.
രണ്ടായിരത്തിൽ ഇറങ്ങിയ ഒരു പൊലീസ് സ്റ്റോറി സിനിമയുടെ സ്‌ക്രിപ്റ്റ് എഴുതാൻ ചാറ്റ് ജി.പി.ടിയോട് പറഞ്ഞാൽ ആദ്യ സീനുകൾ ഒക്കെ ഏകദേശം ക്രിസ്റ്റഫറിന് സമാനമായിരിക്കുമെന്നാണ് തോന്നുന്നത്. പക്ഷേ സംഭാഷണം ഇത്ര കൃത്രിമമാക്കാൻ ഉദയകൃഷ്ണ തന്നെ വേണ്ടിവരും.
എവിടെയും ഒരു ഫോക്കസ് ഇല്ലാതെ തുടർന്ന് പോവുന്ന കഥയിൽ കാര്യമായ എലവേഷനോ മൊമന്റുകളോ ഇല്ലാതെയാണ് ക്രിസ്റ്റഫർ പൂർത്തിയാവുന്നത്. മമ്മൂട്ടിയുടെ ആക്ഷൻ രംഗങ്ങളാണ് പിന്നെയും എടുത്തു പറയാനായിട്ടുള്ളത്.
അമല പോൾ, സ്‌നേഹ, സിദ്ദീഖ് തുടങ്ങിയ മറ്റു കഥാപാത്രങ്ങളും സിനിമയുടെ മൂഡിനോട് ചേർന്ന് നിൽക്കുന്ന കൃത്രിമത്വമുള്ള പ്രകടനം നൽകി നീതി പുലർത്തിയിട്ടുണ്ട്. വിനയ് റായ്, ദിലീഷ് പോത്തൻ, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവരുടെ പ്രകടനങ്ങൾ രസകരമായി.
ബി. ഉണ്ണികൃഷ്ണൻ തന്നെ നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജസ്റ്റിൻ രവിയാണ് സംഗീതം നിർവഹിച്ചിരിക്കുന്നത്. ഫൈസ് സാദിഖാണ് ഛായാഗ്രാഹണം.