ഒഡീസസായി വേഷമിട്ട മാറ്റ് ഡാമൻ

നോളന്റെ Odyssey, വിഷാദലോകം നീന്തിക്കടന്ന Odysseus

നമ്മൾ മുൻപ് കണ്ടിട്ടുള്ള യുദ്ധസിനിമകളിൽ കാണിക്കുന്ന വിധത്തിൽ യുദ്ധത്തിനെ സാഹസികതയുടെയും, രക്തച്ചൊരിച്ചിലുകളുടെയും വിനോദം എന്ന നിലയിൽ അല്ലാതെ, യുദ്ധം മനുഷ്യരിൽ ഉണ്ടാക്കേണ്ട അന്തസംഘർഷങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് നോളൻ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ ഒരു യുദ്ധവിരുദ്ധ സിനിമയായി പരിണമിക്കുകയും ആധുനിക സംസ്കാരങ്ങളുടെ യുദ്ധക്കൊതി പൂണ്ട നിലപാടുകളെ അത് ചോദ്യം ചെയ്യുകയും ചെയ്യുന്നു. ക്രിസ്റ്റഫർ നോളന്റെ ഒഡീസി സിനിമയുടെ സൂക്ഷ്മവായന - എഴുതുന്നു, ഡോ. അജേഷ് കെ. സഖറിയ.

തിഹാസങ്ങളുടെ പുനർവായനകൾ പല കാലഘട്ടത്തിൽ, പല രീതിയിൽ നടന്നിട്ടുണ്ട്. അവയൊക്കെയും പ്രധാനമായും സാഹിത്യത്തിൽ ആണ് നടന്നിട്ടുള്ളത് എന്ന് കാണാം. രണ്ടാമൂഴം പോലെ അത്തരം ആഖ്യാനപരിസരങ്ങൾ നിരവധി ഉണ്ടെങ്കിലും, ചലച്ചിത്രങ്ങളിൽ അത്തരം ശ്രമങ്ങൾ പൊതുവെ കുറവായിട്ടാണ് കാണാറുള്ളത്. ഇതിഹാസങ്ങളുടെ കൃത്യമായ പരിസരങ്ങൾ തന്നെ നിരവധി കച്ചവട സാധ്യതകൾ ഉള്ള സംഗതികൾ ആയതുകൊണ്ട് അത്തരം വ്യത്യസ്തമായ ശ്രമങ്ങൾ ഒന്നും ചലച്ചിത്ര പ്രവർത്തകർ പൊതുവെ നടത്താറില്ല. ഇങ്ങനെ രൂപപ്പെടുത്തിയെടുക്കുന്ന സൃഷ്ടികൾ തന്നെ പലപ്പോഴും കേവല അനുകരണങ്ങളോ, അത്തരം ഇതിഹാസങ്ങളുടെ വികലമായ പുനരാഖ്യാനങ്ങളോ ആണ് എന്ന് കാണാം. അതിൽ നിരവധി അല്ലാതുള്ള മാതൃകകളും ഉണ്ട് എന്നുള്ളത് വിസ്മരിക്കുന്നില്ല. അതിന് ദൂരെ ഒന്നും പോകേണ്ടതില്ല. എം.ടിയുടെ തിരക്കഥയിൽ പിറന്ന ഒരു വടക്കൻ വീരഗാഥ അത്തരം ഇതിഹാസ സമാന വാമൊഴികളെ എഴുത്തുകാരന്റെ ഭാവനയിൽ നിർമ്മിച്ചെടുത്തതാണ്.

വടക്കൻ പാട്ടുകളിൽ ഉണ്ടായിരുന്ന ചന്തുവെന്ന കഥാപാത്രത്തിന്റെ മാറ്റം ആ ചലച്ചിത്രത്തിൽ നമ്മൾ പരിചയിച്ചു. അത്തരത്തിൽ ഉള്ള കലാ മാതൃകകൾ പലപ്പോഴും കാലാതീതമായി നിൽക്കുമെന്നു നമ്മൾ കണ്ടിട്ടുണ്ടെകിലും, അത്തരം ശ്രമങ്ങൾക്കു എപ്പൊഴും മുതിരാൻ ചലച്ചിത്രകാരർ ശ്രമിക്കാറില്ല. കഥാപാത്രങ്ങളുടെ ആഴത്തിലുള്ള വായനാ പരിസരങ്ങളുടെ അഭാവമോ, വ്യത്യസ്തമായ ചിന്തകളെ എങ്ങനെ പ്രേക്ഷകർ സ്വീകരിക്കുമെന്നുള്ള സംശയങ്ങളോ ഒക്കെ ആകാം അത്തരം ആഖ്യാനശ്രമങ്ങളിൽ നിന്നും അവരെ തടയുന്നത്. എന്നാൽ, ഇത്തരത്തിൽ ഉള്ള വാർപ്പുമാതൃകകളിൽ നിന്നും മാറി ചിന്തിച്ചു എന്നതാണ് ഈയടുത്ത കാലത്തു പുറത്തിറങ്ങിയ എഡ്‌വേഡ് ക്രിസ്റ്റഫർ നോളൻറെ ഒഡീസ്സി എന്ന സിനിമയുടെ പ്രത്യേകത.

ഹോമറിന്റെ ഇതിഹാസ കാവ്യമായ ഒഡീസ്സി, സാഹിത്യത്തിലും സിനിമയിലും നിരവധി ചർച്ചകൾക്കും, അതിനെ ഉപനിർമ്മിച്ചുള്ള നിരവധി ചിന്തകൾക്കും കാരണമായിട്ടുണ്ട്. ഇപ്രാവശ്യം ഒഡീസ്സി എന്ന പേരിൽ ഇങ്ങനെ ഒരു ചലച്ചിത്രം പ്രഖ്യാപിക്കപ്പെട്ടപ്പോൾ തന്നെ ലോകമെമ്പാടും ഉള്ള സിനിമാ പ്രേമികൾ ആവേശഭരിതർ ആയിരുന്നു. അതിനു കാരണം മറ്റൊന്നുമല്ല, അതിന്റെ സംവിധായകൻ തന്നെ. 1998-ൽ തീർത്തും അക്കാദമികമായ സാഹചര്യത്തിൽ നിന്നും ഉയർന്നു വന്ന ‘Following’ എന്ന ചലച്ചിത്രത്തിൽ നിന്നുമാണ് നോളൻ തന്റെ ബോക്സ് ഓഫീസ് യാത്ര തുടങ്ങുന്നത്. 2000-ൽ Newmarket Films എന്ന കമ്പനി പുറത്തിറക്കിയ ‘Memento’ എന്ന ചലച്ചിത്രമാണ് നോളനെ സിനിമാപ്രേമികൾ ശ്രദ്ധിക്കുന്ന ഒരു സംവിധായകൻ ആക്കി മാറ്റിയത്. 2026-വരെയുള്ള ഈ ചലച്ചിത്രജീവിതത്തിൽ അദ്ദേഹത്തിന്റേതായി പുറത്തുവന്നത് ആകെ 13 ചലച്ചിത്രങ്ങളാണ്.

നോളൻ സിനിമകളിലെ വിഷയങ്ങൾ പലപ്പോഴും മനുഷ്യവികാരങ്ങളെ പല രീതിയിൽ അഭിസംബോധന ചെയ്യുന്നവയാണ്.
നോളൻ സിനിമകളിലെ വിഷയങ്ങൾ പലപ്പോഴും മനുഷ്യവികാരങ്ങളെ പല രീതിയിൽ അഭിസംബോധന ചെയ്യുന്നവയാണ്.

Following-നും, Memento-യ്ക്കും പുറമെ, Insomnia (2002), Batman Begins (2005), The Prestige (2006), The Dark Knight (2008), Inception (2010), The Dark Knight Rises (2012), Interstellar (2014), Dunkirk (2017), Tenet (2020), Oppenheimer (2023), Odyssey (2026) എന്നിവയാണ് നോളന്റെ സംവിധാനത്തിൽ പുറത്തുവന്ന സിനിമകൾ. ഈ സിനിമകളിലെ ഒരു genre എന്ന നിലയിൽ പരിഗണിച്ചാൽ Memento ഒരു പ്രതികാര കഥയാണ്, Insomnia ഒരു ക്രൈംത്രില്ലറാണ്. ബാറ്റ്മാൻ സീരീസ് (Batman Begins, Dark Knight, Dark Knight Rises) സൂപ്പർ ഹീറോ കഥകളാണ്. Inception, Interstellar എന്നിവ പൂർണ്ണമായും ശാസ്ത്രകല്പിത കഥകളാണ്. The Prestige, ശാസ്ത്രവും മാജിക്കും ഇടകലർന്ന ഒരു ത്രില്ലറാണ്. Dunkirk ആവട്ടെ ഒരു യുദ്ധചിത്രമാണ്. Tenet ഒരു ഡിസ്റ്റോപ്പ്യൻ സ്പൈ ത്രില്ലറാണ്. Oppenheimer ഒരു ബയോഗ്രഫിക്കൽ സിനിമയാണ്‌. Odyssey ആവട്ടെ ഒരു ഇതിഹാസ യുദ്ധചിത്രവും.

സൂക്ഷ്മമായി പരിശോധിച്ചാൽ നോളൻ സിനിമകൾക്ക് കഥയുടെ രീതിയിൽ ഒരു പ്രത്യേക സ്വഭാവമൊന്നും ഇല്ല. ഒന്നിന്റെ കഥ മറ്റൊന്നിൽ ആവർത്തിക്കപ്പെടുകയോ, അല്ലെങ്കിൽ ഒരു കഥയുടെ തുടർച്ചയോ ഒന്നും നോളൻ സിനിമകളിൽ കാണുവാൻ സാധിക്കില്ല. നോളൻ സിനിമകളിലെ വിഷയങ്ങൾ പലപ്പോഴും മനുഷ്യവികാരങ്ങളെ പല രീതിയിൽ അഭിസംബോധന ചെയ്യുന്നവയാണ്. അവയിൽ അസ്ഥിത്വപ്രശ്‌നങ്ങളുമുണ്ട്, പലതരം സാമൂഹിക അവസ്ഥകളുണ്ട്, പ്രണയമുണ്ട്, സാമൂഹിക ബന്ധങ്ങളുണ്ട്, ഒറ്റപ്പെടലുകളുടെ വേദനകളുണ്ട്; അങ്ങനെ സാമ്പ്രദായിക സിനിമാപരിസരങ്ങളിൽ നിന്നും നമുക്ക് കണ്ടെടുക്കാവുന്ന പലതരം അവസ്ഥകളിലൂടെ/കാര്യങ്ങളിലൂടെ നോളൻ സിനിമകൾ സഞ്ചരിക്കുന്നുണ്ട്. നോളൻ സിനിമകളുടെ ഇത്തരം കഥാപരിസരങ്ങളും, പശ്ചാത്തലങ്ങളും പലതരം ചർച്ചകൾക്കും, എഴുത്തുകൾക്കും പ്രചോദനമായിട്ടുണ്ട്. സൂക്ഷ്‌മമായി നോളൻ സിനിമകളെ വായിക്കുവാൻ ശ്രമിച്ചാൽ അവയിലെമ്പാടും കൃത്യമായ തോതിൽ അടയാളപ്പെടുത്തിയിരിക്കുന്ന ചില കാര്യങ്ങൾ കാണാം. അങ്ങനെ പൊതുരീതികൾ ചലച്ചിത്രകാർക്കും/എഴുത്തുകാർക്കും അവരവരുടെ ക്രിയാത്മക സ്ഥലത്ത് അറിയാതെയൊ, അറിഞ്ഞുകൊണ്ടോ സംഭവിക്കുന്നതാണ്. നോളൻ സിനിമകളിൽ അത്തരത്തിൽ കണ്ടെത്താവുന്ന പൊതുസ്വഭാവങ്ങളിലൊന്ന് സമയത്തിന്റെയും, സ്ഥലത്തിന്റെയും കൃത്യമായ ഇടപെടലുകളും, ഉപയോഗക്രമങ്ങളുമാണ്. അതെങ്ങനെ സംഭവിക്കുന്നു എന്ന് മനസ്സിലാക്കുവാൻ ഒഡിസിയിലേയ്ക്ക് നമ്മൾ തിരിച്ചു വരേണ്ടതുണ്ട്.

ഒഡീസിയുസ്സിന്റെ വിഷാദകാലം

ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോകുന്ന ഒഡീസിയുസ്സിന്റെയും കൂട്ടരുടെയും കഥയാണ് നോളൻ ഒഡീസി സിനിമയിലൂടെ പറയുവാൻ ശ്രമിക്കുന്നത്. ഇതിഹാസ വായനയിൽ നമ്മൾ പരിചയപ്പെട്ടിട്ടുള്ള ദ്വീപുകൾ, അവിടുത്തെ വിചിത്ര കഥാപാത്രങ്ങൾ എന്നിവരെയൊക്കെ നമ്മൾ ഈ സിനിമയിലും കാണുന്നുണ്ട്. ആ യാത്രയിൽ അവർ പല പ്രതിസന്ധികളും അനുഭവിക്കുന്നു. സിനിമ നടക്കുന്നത് ശരിക്കും രണ്ടു തരം സംഘർഷങ്ങളിലൂടെ ആണെന്ന് കാണാം. ഒന്ന് ഒഡീസിയുസ്സിന്റെ ഉള്ളിൽ നടക്കുന്ന ആന്തരിക സംഘർഷങ്ങൾ, രണ്ട് അയാളുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ രാജ്യമായ ഇത്താക്കയിൽ നടക്കുന്ന ബാഹ്യസംഘർഷങ്ങൾ. അത് സൃഷ്ടിക്കുന്നത് പല തരം ടൈം ലൈനുകൾ ആണ്. ഇത്തരം രീതിയിൽ നോളൻ സിനിമകൾ സഞ്ചരിക്കുന്നത് ഇത് ആദ്യമല്ല. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഇത്തരം സംഘർഷങ്ങളുടെ നിരവധി ടൈം ലൈനുകൾ പ്രതിപാദിച്ചു കൊണ്ടാണ് പോകുന്നത് എന്ന് കാണാം.

ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോകുന്ന ഒഡീസിയുസ്സിന്റെയും  കൂട്ടരുടെയും കഥയാണ് നോളൻ ഒഡീസി  സിനിമയിലൂടെ പറയുവാൻ ശ്രമിക്കുന്നത്.
ട്രോജൻ യുദ്ധത്തിന് ശേഷം സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചു പോകുന്ന ഒഡീസിയുസ്സിന്റെയും കൂട്ടരുടെയും കഥയാണ് നോളൻ ഒഡീസി സിനിമയിലൂടെ പറയുവാൻ ശ്രമിക്കുന്നത്.

യുദ്ധം തന്റെ ഉള്ളിൽ നിർമ്മിക്കുന്ന വിഹ്വലതകളെ ഒഡീസിയുസ്സിന്റെ കാഴ്ചപ്പാടിലൂടെ ആണ് നോളൻ അവതരിപ്പിച്ചിരിക്കുന്നത്. ട്രോജൻ കുതിരയിൽ ഒളിച്ചു കടന്ന് അയാൾ അവിടെ എത്തുമ്പോൾ യുദ്ധത്തിന്റെ അസാധാരണമായ കാഴ്ചകൾ കാണുന്നു. ഒരു സംസ്‌കാരം നശിപ്പിക്കപ്പെടുന്നത്, നിരപരാധികൾ (സ്ത്രീകളും, കുട്ടികളും ഉൾപ്പെടെ) കൊല്ലപ്പെടുന്നത് ഒക്കെ അയാൾക്ക് കാണേണ്ടി വരുന്നു. മുൻപ് ആ നഗരം കീഴ്പ്പെടുത്തേണ്ടത് അവരുടെ ഒരു ആവശ്യം ആയിരുന്നെങ്കിൽ, ഇപ്പോൾ അത് മറ്റൊരു കാഴ്ചയായി പരിണമിയ്ക്കുന്നു. നമ്മൾ മുൻപ് കണ്ടിട്ടുള്ള യുദ്ധ സിനിമകളിൽ കാണിക്കുന്ന വിധത്തിൽ യുദ്ധത്തിനെ സാഹസികതയുടെയും, രക്തച്ചൊരിച്ചിലുകളുടെയും വിനോദം എന്ന നിലയിൽ അല്ലാതെ, യുദ്ധം മനുഷ്യരിൽ ഉണ്ടാക്കേണ്ട അന്തസംഘർഷങ്ങളുടെ കാഴ്ചപ്പാടിലൂടെയാണ് നോളൻ ചിത്രീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ ഒരു യുദ്ധ വിരുദ്ധ സിനിമയായി പരിണമിക്കുകയും ആധുനിക സംസ്കാരങ്ങളുടെ യുദ്ധക്കൊതി പൂണ്ട നിലപാടുകളെ അത് ചോദ്യം ചെയ്യുകയും ചെയ്യുന്നു.

യുദ്ധം, അതിൽ പങ്കെടുക്കുന്ന ഓരോ പടയാളിയുടെയും മാത്രമല്ല, നിരപരാധികളായ സാധാരണക്കാരുടെ ജീവൻ കൂടി എടുക്കുന്ന ഒന്നായി പരിണമിയ്ക്കുകയാണ് എന്ന് സംവിധായകൻ ഓർമ്മിപ്പിക്കുന്നു. ആ യുദ്ധത്തിന്റെയും അതിൽ താൻ നേരിട്ട പ്രയാസങ്ങളുടെയും ലോകം ഒഡീസിയുസ്സ് ഓർത്തെടുക്കുന്നത് ഒരു വിഷാദകാലയാത്രയിൽ വെച്ചാണ്. ആ ഏറ്റുപറച്ചിലുകളിൽ ചിലപ്പോഴൊക്കെ അഥീന ആണ് അയാൾക്ക് കൂട്ട്. പിന്നെ, അയാൾ അകപ്പെട്ടുപോയ ദ്വീപിൽ വെച്ച് കണ്ടുമുട്ടിയ കാലിപ്സോയും. യഥാർത്ഥത്തിൽ, അഥീന അയാളുടെ കുറ്റബോധത്തിന്റെ പ്രതിഫലനം ആണെന്ന് കാണാം. അയാൾ, അവരെ കണ്ടുമുട്ടുന്നത് കുറ്റബോധത്തിന്റെ പരിസരപ്രദേശങ്ങളിൽ വെച്ചാണ്. അതിന്റെ വെളിവാകലുകൾ നടക്കുന്നത് അവളിലൂടെയാണ്. വാക്കുകളുടെ അമിതപ്രളയം ഒന്നും അതിനു വേണ്ടി വരുന്നില്ല. പതിയെ, പതിയെ വികാസം പ്രാപിക്കുന്ന ഒന്ന്. യുദ്ധം വരുത്തിവെച്ച കുറ്റബോധങ്ങളിൽ സഞ്ചരിക്കുന്ന ഒഡീസിയുസ്സ് അതിന്റെ പലതരം പ്രതീകങ്ങളിലൂടെ കടന്നുപോകുന്നു. ആ കുറ്റബോധത്തിന്റെ വിഷാദലോകത്തേക്കാണ് ഒറ്റക്കണ്ണൻ രാക്ഷസനായ സൈക്ലോപ്‌സും, മന്ത്രവാദിനിയായ സിർസിയും, ആറ് മുഖങ്ങളുള്ള വിചിത്രജീവിയായ സിലയും, പാട്ടുപാടി നാവികരെ ഭ്രമിപ്പിക്കുന്ന സ്ത്രീകളുള്ള സൈറണുകളുടെ ദ്വീപും, മരിച്ചവരുടെ ദ്വീപും കടന്നു വരുന്നത്. കുറ്റബോധത്തിന്റെ ആ കടൽ നീന്തി പിന്നീട് അയാൾ ബാഹ്യസംഘർഷങ്ങളുടെ ലോകത്തേയ്ക്ക് എത്തിച്ചേരുന്നു. പിന്നീട് തിരിച്ചറിവുകളുടെ വലിയ ലോകത്തിലേക്ക് യാത്ര തിരിക്കുന്നു.

യുദ്ധം, അതിൽ പങ്കെടുക്കുന്ന ഓരോ പടയാളിയുടെയും മാത്രമല്ല, നിരപരാധികളായ സാധാരണക്കാരുടെ ജീവൻ കൂടി എടുക്കുന്ന ഒന്നായി പരിണമിയ്ക്കുകയാണ് എന്ന് സംവിധായകൻ ഓർമ്മിപ്പിക്കുന്നു.
യുദ്ധം, അതിൽ പങ്കെടുക്കുന്ന ഓരോ പടയാളിയുടെയും മാത്രമല്ല, നിരപരാധികളായ സാധാരണക്കാരുടെ ജീവൻ കൂടി എടുക്കുന്ന ഒന്നായി പരിണമിയ്ക്കുകയാണ് എന്ന് സംവിധായകൻ ഓർമ്മിപ്പിക്കുന്നു.

ഈ ആന്തരിക സംഘർഷങ്ങളുടെ ലോകം എല്ലാ നോളൻ സിനിമകളിലും കടന്നു വരുന്നവയാണ്. കുറച്ചു കൂടി സൂക്ഷ്‌മമായി പരിശോധിച്ചാൽ ഇത്തരം ആന്തരിക സംഘർഷ പ്രദേശങ്ങളെ സൃഷ്ടിക്കാൻ വേണ്ടി നോളൻ തന്റെ സിനിമകളിലെ പരിസരപ്രദേശങ്ങളെ സൂക്ഷമായി ഡിസൈൻ ചെയ്തിരിക്കുന്നതാണെന്നു കാണാം. ആ സ്ഥലങ്ങൾ ചിലപ്പോൾ ഓർമ്മകളുടെ സ്ഥലമാവാം (Memento), സ്വപ്‌നങ്ങളുടെ സ്ഥലമാവാം (Inception), അപരനിർമ്മിതികളുടെ സ്ഥലമാവാം (The Prestige), കായോസ്സുകളുടെ ഇടങ്ങളാവാം (Batman Series) യുദ്ധത്തിന്റെ സ്ഥലമാവാം (Dunkirk), പകലുകൾക്കും, രാത്രികൾക്കും കൃത്യമായ തുടക്കങ്ങളോ, ഒടുക്കമോ ഇല്ലാത്ത സ്ഥലമാവാം (Insomnia), ഭാവി ലോകത്തിന്റെ ഇടങ്ങളാവാം (Interstellar, Tenet), ആയുധനിർമ്മാണത്തിന്റെ സ്ഥലമാവാം (Oppenheimer). എല്ലാറ്റിലും ആ സ്ഥലങ്ങൾ മൂലം, അവിടങ്ങളിൽ നിലനിൽക്കുന്ന മനുഷ്യർ അനുഭവിക്കുന്ന സംഘർഷങ്ങൾ ആണ് നോളൻ വരച്ചുകാണിക്കുന്നത്. ഈ സമയ-സ്ഥല ഇടങ്ങളെ മറ്റൊരു രീതിയിലും സമീപിക്കാം. ഇത്തരം സ്ഥലനിർമ്മിതികൾ ബുദ്ധിപരമായ ഒന്നാണ്. അത്തരം സ്ഥലങ്ങളിൽ സമയത്തിന്റെ ഭാഗമെന്തെന്ന് പരിശോധിക്കുകയെന്നതാണ് ആത്യന്തികമായി നോളൻ സിനിമകൾ ചെയ്യുന്നത്. സിനിമകളിലെ കഥയിൽ സമയം, ആ സ്ഥലത്ത് പെരുമാറുന്ന വിധങ്ങൾ സൂക്ഷ്മമായി പരിശോധിക്കപ്പെടുന്നു. അതായത്, സമയമാണ് നോളന്റെ പ്രധാന കഥാപാത്രം. അവിടെയാണ് ടെസ്സറാക്റ്റുകൾ എന്ന ജ്യാമിതീയ ആശയത്തിന്റെ പ്രസ്കതി.

നോളൻ സിനിമകളിലെ ടെസ്സറാക്റ്റുകൾ

സാമ്പ്രദായിക ചലച്ചിത്ര ഘടകങ്ങൾ പരിശോധിക്കുമ്പോൾ, കഥാപാത്ര നിർമ്മിതികൾ ഒരു സ്ഥലവുമായി ബന്ധിപ്പിക്കുമ്പോൾ, നോളൻ സിനിമകളിൽ, കഥാപാത്രങ്ങൾ സമയത്തിന്റെ ചലനങ്ങളെ അടയാളപ്പെടുത്തുന്നവർ മാത്രമാണ്. അതിനാൽ, കൃത്യമായ തുടക്കവും മദ്ധ്യവും ഒടുക്കവുമുള്ള ഒരു കഥയെ നോളൻ സിനിമകൾ തീർച്ചയായും നിരാകരിക്കുന്നു. അതായത്, നോളൻ സിനിമകളിലെ കഥാപാത്രങ്ങൾ പൊതുവെ, അദ്ദേഹം Interstellar എന്ന ചലച്ചിത്രത്തിൽ വിവരിക്കുന്ന പോലുള്ള ഒരു തരം ടെസ്സറാക്റ്റിനുള്ളിൽ അകപ്പെട്ടവരാണ്.

എന്താണ് ഒരു ടെസ്സറാക്റ്റ്? നമ്മൾ കാണുന്ന ലോകം ഒരു മൂന്ന് മാനങ്ങളുള്ള ലോകമാണ്. എന്നാൽ, അത്രയും മാത്രമേ പ്രപഞ്ചത്തിന്റെ മാനം ഉണ്ടാവുകയുള്ളോ? അല്ല. ഐൻസ്റ്റീന്റെ ആപേക്ഷികതാ സിദ്ധാന്തം മുന്നോട്ട് വെക്കുന്നത് അത്രയും മാത്രമല്ല പ്രപഞ്ചത്തിന്റെ മാനം എന്നാണ്. അത് പല തലങ്ങൾ ഉള്ളതാണ്. നമ്മൾ ഒരു ത്രിമാന ലോകത്തിരുന്ന് കാണുമ്പോൾ, ചിന്തിക്കുമ്പോൾ അതിൽ നിരവധി പ്രശ്നങ്ങൾ വരാം. എഡ്വിൻ എ. അബോട്ട് എഴുതിയ Flatland: A Romance of Many Dimensions എന്ന പുസ്തകം അത്തരം വ്യതിയാനങ്ങളെക്കുറിച്ച് രസകരമായി ചർച്ച ചെയ്യുന്നുണ്ട്. അതായത്, ദ്വിമാനങ്ങളിൽ ജീവിക്കുന്ന ജീവികൾക്ക് (ഉദാഹരണമായി ഉറുമ്പുകളെ എടുക്കാം), മൂന്നാം മാനം അസാധാരണമായ ഒന്നായി തോന്നിയേക്കാം. അതുപോലെ നമുക്ക് ത്രിമാനത്തിൽ കൂടുതൽ ഉള്ള ലോകങ്ങൾ അസാധാരണം ആയിരിക്കും. അതിനെ വിശദീകരിക്കുവാനായി, സമയത്തെ ഉൾക്കൊള്ളുന്ന ഒരു മോഡൽ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അതിനെയാണ് ടെസ്സറാക്റ്റുകൾ എന്ന് വിളിക്കുന്നത്. ഒരു ത്രിമാന ചതുരം സങ്കല്പിക്കുക. ഇതിൽ സമയത്തിന്റെ, അല്ലെങ്കിൽ ഉയർന്ന തലങ്ങൾ ഉൾപ്പെടുത്തിയാൽ അവയ്ക്ക് ആകൃതി മാറുവാൻ സാധിക്കും.

നോളൻ സിനിമകളിലെ കഥാപാത്രങ്ങൾ പൊതുവെ, അദ്ദേഹം Interstellar എന്ന ചലച്ചിത്രത്തിൽ വിവരിക്കുന്ന പോലുള്ള ഒരു തരം ടെസ്സറാക്റ്റിനുള്ളിൽ അകപ്പെട്ടവരാണ്.
നോളൻ സിനിമകളിലെ കഥാപാത്രങ്ങൾ പൊതുവെ, അദ്ദേഹം Interstellar എന്ന ചലച്ചിത്രത്തിൽ വിവരിക്കുന്ന പോലുള്ള ഒരു തരം ടെസ്സറാക്റ്റിനുള്ളിൽ അകപ്പെട്ടവരാണ്.

അത്തരം ടെസ്സറാക്റ്റുകളുടെ നിർമ്മാണമാണ് പൊതുവെ നോളൻ സിനിമകളിൽ സംഭവിക്കുന്നത്. അതായത്, ഒരുതരം സ്ഥലകാല ദ്വന്ദ്വം (Time-space duality). അദ്ദേഹത്തിന്റെ സിനിമകളിലെ കഥാപാത്രങ്ങൾ, പൊതുവെ പ്രധാന കഥാപാത്രങ്ങൾ, അത്തരമൊരു ടെസ്സറാക്റ്റിനുള്ളിൽ കുടുങ്ങിയവരായിരിക്കും. നോളന്റെ കഥപറച്ചിൽ രീതികൾ കഥയുടെ ആവശ്യങ്ങൾക്കനുസരിച്ച് ക്രമീകരിക്കുന്നതുപോലെ, കഥ തന്നെ പലപ്പോഴും അത്തരമൊരു ടെസ്സറാക്റ്റിനുള്ളിൽ നടക്കുന്നു. പരമ്പരാഗത ചലച്ചിത്ര കാഴ്ചാനുഭവങ്ങളും നോളൻ സിനിമകളിൽ സംഭവിക്കുന്നുണ്ട്. എന്നിരുന്നാലും, അവയുടെ വികാസം സ്ഥലകാല ദ്വന്ദ്വത്തിന് ആനുപാതികമാണ്. അതായത്, ഇത്തരം സ്ഥലകാലപാളികൾ കേവലം ഭൗതികമായ എന്റിറ്റി അല്ല. പകരം, അത് പലതരം വികാരങ്ങളുടെ, സംഘർഷങ്ങളുടെ ഇടങ്ങൾ ആണ്. അത്തരം സ്ഥലകാല പാളികളുടെ ചട്ടക്കൂടിനുള്ളിൽ നിർമ്മിക്കപ്പെടുന്ന സിനിമകൾ യഥാർത്ഥത്തിൽ അതിൽ നിന്ന് പുറത്തുകടന്നുകൊണ്ടാണ് സമാപിക്കുന്നത്. ഇൻസോമ്നിയ, ഇൻസെപ്ഷൻ, ബാറ്റ്മാൻ ട്രൈലജി, മെമന്റോ, ഡൺകിർക്ക്, ഇന്റർസ്റ്റെല്ലാർ, ടെനെറ്റ്, ഓപ്പൺഹെയ്മർ എന്നിവയിൽ, നമ്മൾ ഒടുവിൽ കാണുന്നത് കഥാപാത്രങ്ങൾ അത്തരം സ്ഥലകാല പാളികളിൽ നിന്നും പുറത്തുവരുന്നതായാണ്. അങ്ങനെയാണ് കഥ അവസാനിക്കുന്നത്. ഇത് ഒഡിസ്സിയിലും കാണാവുന്നതാണ്. ഇവിടെ ഒഡിസിയൂസ്സ് അകപ്പെട്ടിരിക്കുന്ന ആ സ്ഥലകാല ഇടം കാലിപ്സോയുടെ ദ്വീപ് ആണ്. അവൾ ഭക്ഷിക്കുവാൻ കൊടുക്കുന്ന പൂക്കൾ അയാളുടെ ഓർമ്മകളുടെ ഇടങ്ങൾ മുൻപ് ഇല്ലാതാക്കിയിരുന്നു. ആ തടവറ അയാളുടെ കുറ്റബോധത്തിന്റെ ഇടങ്ങൾ ആണ്. ഏഴു വർഷത്തോളം അയാൾ ആ തടവറയിൽ കിടന്നു. അയാൾ അവിടെ ഓർമ്മകളെ നിർമ്മിച്ചു. താൻ എവിടെ നിന്ന് വരുന്നുവെന്നോ, ആരാണെന്നോ ഉള്ള കാര്യങ്ങൾ എപ്പോഴും തിരഞ്ഞുകൊണ്ടു അവിടെ അലഞ്ഞു. അവസാനം, ആ ഇടത്തിൽ നിന്നും പുറത്തുകടക്കുമ്പോൾ അയാൾ ഒരു വലിയ ഭാരം അഴിച്ചുവെയ്ക്കുന്നു. എന്നാൽ, ഇത്തരത്തിൽ നോളൻ നിർമ്മിച്ച ഒഡീസ്സിയുസ്സിന്റെ ലോകത്തിനു നിരവധി വിമർശകരും ഇല്ലാതില്ല. ഇതേ നിരീക്ഷണം തന്നെ ഒഡീസിയുടെ ഇംഗ്ലീഷ് വിവർത്തകരിൽ ഒരാളായ Daniel Mendelsohn വിമർശനാത്മകമായി പങ്കു വെയ്ക്കുന്നുണ്ട്.

“This tormented, guilt-ridden Odysseus, stripped of humor and wit, seductiveness and cleverness, is a sibling of Memento’s anguished amnesiac, of Batman, of Oppenheimer, men tormented by pasts they wrestle with in different ways.” (Not Greek to them. Scholars question Christopher Nolan’s ‘The Odyssey’, HILLEL ITALIE, the times of Israel , July 2026)

മറ്റൊരു സന്ദർഭത്തിൽ ഒഡീസിയുടെ വിവർത്തനത്തിലൂടെ ലോകപ്രശസ്തയായ എമിലി വിൽ‌സൺ, നോളന്റെ ഒഡീസി, യഥാർത്ഥ ഒഡീസിയുടെ അന്തഃസത്തയെ പൂർണ്ണമായും നിരാകരിച്ചുകൊണ്ടാണ് സംഭവിച്ചിരിക്കുന്നത് എന്ന് നിരീക്ഷിക്കുന്നുണ്ട്. ഇത്തരം നിർമ്മാണങ്ങൾ എപ്പോഴും നടക്കുന്നതുകൊണ്ടു തന്നെ നോളൻ സിനിമകൾ സൂക്ഷ്മമായ വായനകൾ എന്നും ആവശ്യപ്പെടുന്നുണ്ട്. അദ്ദേഹത്തിന്റെ തന്നെ ഒരു സിനിമയിൽ (The Prestige) പറയുന്നതുപോലെ, “Are you watching closely?” എന്ന് എപ്പോഴും ഓർമ്മിക്കേണ്ടി വരുന്ന അവസ്ഥ!

റഫറൻസുകൾ (References)

  1. Yaffe, Time in the Movies," Midwest Studies in Philosophy, vol. 27 (2003)

  2. Andre Ladies; 'L’ Espace au cinema. Paris: Meridins - Klindesieck (1993)

  3. Geoffrey O’Brien; 'Across Time & Space' - Film Comment November/December 2014

  4. Bilge Ebiri; “All to Christopher Nolan Movies, Ranked” Vulture, July 2017

  5. Alissa Wilkinson; 'The films of Christopher Nolan explained', Vox, July 2017

  6. ‘Christopher Nolan’s Time puzzle’; Youtube video

  7. Jason T. Eberl and George A. Dunn (editors),’The Philosophy of Christopher Nolan, Lexington Book, 2017, Associated Press.


Summary: The Odyssey, Christopher Nolan's adaptation to Homer's epic Odyssey. Movie Review written by Dr Ajesh K Zachariah.


ഡോ. അജേഷ് കെ. സഖറിയ

തിരുവല്ല മാർത്തോമ്മാ കോളേജിലെ രസതന്ത്ര വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ, ഗവേഷകൻ. ശാസ്ത്ര ഗവേഷണ സംബന്ധിയായ ലേഖനങ്ങൾ അന്താരാഷ്ട്ര ജേണലുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Comments