ക്രിസ്റ്റി, പ്രണയം കൊണ്ട് പുതുക്കപ്പെടുന്ന പ്രണയം

പൊതുബോധം വരച്ച കള്ളികൾക്കുള്ളിൽ പെട്ടുപോയ ക്രിസ്റ്റിയെന്ന യുവതിയുടെയും, പ്രണയത്തിന്റെ അതിരുകളെകുറിച്ച്, അതിന്റെ നിബന്ധനകളെകുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത റോയ് എന്ന കൗമാരക്കാരന്റെയും പ്രണയ കഥയാണ് ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ക്രിസ്റ്റി എന്ന സിനിമ. മഴപോലെ, വെയിലുപോലെ, കടൽതീരത്തെ കാറ്റു പോലെ കാണികൾക്കും അനുഭവിക്കാനാവുന്ന പ്രണയം. ആ പ്രണയത്തിൽ കൂടുതലൊന്നും ഈ സിനിമ പറയുന്നില്ല. ആ പ്രണയം ഒട്ടും കുറയാതെ, കൂടാതെ പറയുന്നുമുണ്ട്.

ള്ളുതൊടുന്ന പ്രണയകഥകളൊക്കെ മലയാളി പ്രേക്ഷകർ എക്കാലത്തും ഏറ്റെടുത്തിട്ടുണ്ട്, കഥകൾ മാത്രം എന്ന് എടുത്തു പറയേണ്ടി വരും. കാരണം ജീവിതത്തിലെ പ്രണയം നമ്മുക്ക് അത്ര എളുപ്പമായിരുന്നില്ല. മറ്റൊരാളുടെ പ്രണയ കഥ, കേൾക്കാനും കയ്യടിക്കാനുമുള്ള താൽപര്യം സ്വന്തംവീട്ടിലെ പ്രണയത്തിന്റെ കാര്യത്തിൽ പലർക്കും ഉണ്ടായിരുന്നില്ല എന്നതു തന്നെ കാരണം. പ്രണയം എന്നത് പ്രണയിക്കുന്ന വ്യക്തികളുടെ സ്വകാര്യതിരഞ്ഞെടുപ്പ് മാത്രമെങ്കിലും, ആ തിരഞ്ഞെടുപ്പിനു മുകളിലെപ്പോഴും സമൂഹത്തിന്റെ നോട്ടം പതിഞ്ഞിരുന്നു. ഈ നോട്ടത്തെ പ്രണയികളും ഭയന്നു. പ്രായം, മതം, ജാതി, ജോലി, വരുമാനം തുടങ്ങി കുറേയേറെ നിബന്ധനകൾക്കുള്ളിൽ നിന്ന് തിരഞ്ഞെടുക്കേണ്ട ഒന്നാണ് പ്രണയമെന്നിടയ്ക്കിടെ സമൂഹമിങ്ങനെ പറയാതെ പറഞ്ഞുകൊണ്ടേയിരുന്നു. എന്നാൽ പ്രണയമാകട്ടെ ഇത്തരത്തിലൊരു കള്ളികൾക്കുള്ളിലും ഒരുകാലത്തുമൊട്ട് ഒതുങ്ങിയതുമില്ല.

പൊതുബോധം വരച്ച കള്ളികൾക്കുള്ളിൽ പെട്ടുപോയ ക്രിസ്റ്റിയെന്ന യുവതിയുടെയും, പ്രണയത്തിന്റെ അതിരുകളെകുറിച്ച്, അതിന്റെ നിബന്ധനകളെകുറിച്ച് ഒരിക്കൽ പോലും ചിന്തിച്ചിട്ടില്ലാത്ത റോയ് എന്ന കൗമാരക്കാരന്റെയും പ്രണയ കഥയാണ് ആൽവിൻ ഹെൻറി സംവിധാനം ചെയ്ത ക്രിസ്റ്റി എന്ന സിനിമ. പരിഗണനകളും ചേർത്തുനിർത്തലുകളുമില്ലാത്ത ജീവിതത്തിന്റെ ശ്യൂന്യത സ്വന്തം വീട്ടിൽ നിന്നു തന്നെ അവോളം അനുഭവിച്ചവളാണ് ക്രിസ്റ്റി. നാട്ടുകാരും വീട്ടുകാരും ചേർന്ന് തിരഞ്ഞെടുത്ത്, ഔദ്യോഗികമായി അംഗീകരിച്ചുനൽകിയ ജീവിതത്തിൽ പ്രണയം കണ്ടെത്താനാവാതെ തിരിച്ചിറങ്ങി പോരേണ്ടി വന്നവൾ. റോയി എന്ന കൗമാരക്കാരനാവട്ടെ ക്രിസ്റ്റിയെ കണ്ടുമുട്ടും വരെ തന്റെ ജീവിതത്തെകുറിച്ചും തന്നെകുറിച്ചും ചിന്തിച്ചിട്ടേയില്ലാത്ത, ജീവിതത്തിന് ഒരു ലക്ഷ്യവുമില്ലാത്തൊരാൾ, പ്ലസ്ടു ഒന്നു കടന്നുകിട്ടണമെന്ന വീട്ടുകാരുടെ നിർബന്ധത്തിന്റെ പേരിൽ മാത്രം ക്രിസ്റ്റിയുടെ അടുത്ത് ട്യൂഷൻ പഠിക്കാൻ പോയിത്തുടങ്ങിയവൻ. പ്രണയം ഇരുവരുടെയും ജീവിതത്തിൽ ഇടപെടുന്നതെങ്ങനെയെന്ന് സിനിമ കാട്ടിത്തരുന്നു. 2007- 2011 കാലത്താണ് കഥ നടക്കുന്നത്, മൊബൈലിന്റെ സാധ്യതകളൊക്കെ പ്രണയത്തിൽ ഉപയോഗിച്ചു തുടങ്ങിയ കാലം. കഥയ്‌ക്കൊപ്പം കഥയുടെ കാലത്തെയും അടയാളപ്പെടുത്തുന്നതിൽ സംവിധായകൻ വിജയിച്ചു എന്നു പറയാം.

ബെന്യാമിനും ഇന്ദുഗോപനും ക്രിസ്റ്റിയുടെയും റോയിയുടെയും പ്രണയത്തിൽ കഥ കലർത്തിയതേയില്ല. കൂടുതലായൊന്നും പറഞ്ഞതുമില്ല, പറയിപ്പിച്ചതുമില്ല. പറയാതെ വിട്ടതൊക്കെ, കാണികൾക്ക് കേൾക്കാനുള്ള സമയം ഒഴിച്ചിടാനും അവർ മറന്നില്ല. തിക്കഥാകൃത്തുക്കൾ ഒഴിച്ചിട്ടുപോയ നിശ്ബദതയെ പശ്ചാത്തല സംഗീതം കൊണ്ട് ഗോവിന്ദ് വസന്ത പൂരിപ്പിച്ചു. റോയിക്കും ക്രിസ്റ്റിയ്ക്കും ഇടയിൽ വലുതാകുകയും ചെറുതാകുകയും ചെയ്തുകൊണ്ടിരുന്ന കടൽ ദൂരവും, അവരുടെ ഉള്ളിൽഅലതല്ലുന്ന തിരയും ആനന്ദ് സി. ചന്ദ്രന്റെ ക്യാമറയ്ക്ക് പകർത്തനായി. മാത്യുവിന് റോയിയായി അഭിനയിക്കേണ്ടി വന്നില്ലെന്നു തോന്നുന്നു, മാത്യുവിന്റെ എല്ലാ സാധ്യതകളെയും, ചിരിയും കരച്ചിലുമുൾപ്പെടെ സംവിധായകൻ റോയിയുടേതാക്കി മാറ്റി. ക്രിസ്റ്റിയെ മാളവിക മോഹനനും ഭംഗിയാക്കി.

റോയിയുടെയും ക്രിസ്റ്റിയുടെയും പ്രണയം മാത്രമാണത് ക്രിസ്റ്റി എന്ന സിനിമ. മഴപോലെ, വെയിലുപോലെ, കടൽതീരത്തെ കാറ്റു പോലെ കാണികൾക്കും അനുഭവിക്കാനാവുന്ന പ്രണയം. ആ പ്രണയത്തിൽ കൂടുതലൊന്നും ഈ സിനിമ പറയുന്നില്ല. ആ പ്രണയം ഒട്ടും കുറയാതെ, കൂടാതെ പറയുന്നുമുണ്ട്. ഉള്ളുതൊട്ട ഇഷ്ടങ്ങളൊന്നും ഒരിക്കലും വെറുതെയാകുന്നില്ല. ഓരോ പ്രണയവും വ്യക്തിയെ പുതുക്കി പണിയുന്നു. പ്ലസ്ടുവിന് തോൽക്കുമെന്ന് എല്ലാവരും ഉറപ്പിച്ച റോയിയെ ജയിക്കാനും ജീവിത്തെ കുറിച്ച് ചിന്തിക്കാനും പ്രാപ്തനാക്കിയത് പ്രണയമാണ്. കരയിൽ വീണ മീനിനെ പോലെ പ്രണയത്തിൽപ്പെട്ട് പിടഞ്ഞിട്ടാണെങ്കിലുമൊടുവിൽ തന്റെ കടലുകണ്ടെത്തി തിരിച്ചു നീന്തുന്നുണ്ട് റോയ്. ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ജീവിത പ്രതിസന്ധിയിൽ നിന്ന് ക്രിസ്റ്റിയെ കരകയറ്റിയതും ഇതേ പ്രണയമാണ്. തന്റെ പ്രണയത്തിനുവേണ്ടി സാധ്യമായത്ര ദൂരം സഞ്ചരിച്ചു എന്ന ആശ്വാസത്തോടെ തന്നെ റോയ്ക്ക് തിരിച്ചുനടക്കാം. സ്വന്തം തീരുമാനത്തിൽ മറ്റാരും ഇടപെട്ടിട്ടില്ലെങ്കിൽ ക്രിസ്റ്റിക്കും. ഇരുവർക്കും ശേഷം പിന്നെയും പ്രണയം ബാക്കിയാവുന്നു...

ഒടുവിലത്തെ പ്രണയം
എല്ലാ പ്രണയങ്ങളെയും
ഉൾക്കൊള്ളുന്നു,
ഒരിടത്തേക്കുള്ള വഴി
എല്ലാ ഇടത്താവളങ്ങളെയും
ഉൾക്കൊള്ളുന്നതു പോലെ - എന്ന് എഴുതിയത് മേതിൽ ആണ്.

അതെ, ഒടുവിലത്തെ പ്രണയം കണ്ടെത്തും വരെ പ്രണയത്തിനായുള്ള അന്വേഷണം തുടർന്നുകൊണ്ടേയിരിക്കുന്നു.. സിനിമയ്ക്കു ശേഷവും ക്രിസ്റ്റിക്കും റോയിക്കും ശേഷവും പ്രണയം ബാക്കിയാവുന്നു...

Comments