കോട്ടായി എന്ന സിനിമാഗ്രാമം
എന്തുകൊണ്ടോ ഇവിടെയുള്ള ആളുകളൊക്കെ സിനിമയെയും സംഗീതത്തെയും വല്ലാതെ ഇഷ്ടപ്പെടുന്നതായി തോന്നിയിട്ടുണ്ട്. വിശ്വപ്രസിദ്ധ ചെമ്പൈ പാട്ട് ഗ്രാമം എന്റെ വീടിന്റെ തൊട്ടടുത്താണ്. പകൽ പണിയെല്ലാം എല്ലാം കഴിഞ്ഞ് നേരെ കുടുംബവുമായി സിനിമാ കൊട്ടകയിലേക്ക് പോകുന്ന തമിഴ് ഗ്രാമങ്ങളുടെ മട്ടും ഭാവവുമാണ് പാലക്കാട് ജില്ലയിലെ എന്റെ കോട്ടായി ഗ്രാമത്തിന്. ചെറുപ്പത്തിലേ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചുറ്റുപാടുകൾ മൂലം ഞാൻ തൊട്ടടുത്ത കുത്തന്നൂർ ശ്രീ രാം വിലാസ് സിനിമ തിയേറ്ററിൽ സഹായിയി. ഞാൻ ജനിക്കുന്നതിനുമുമ്പേ അച്ഛൻ മരിച്ചതിനാൽ അമ്മയുടെ ചെറിയ വരുമാനം കൊണ്ടായിരുന്നു ചെറുപ്പം കഴിഞ്ഞുകൂടിയത്. പഠനം മുഴുമിപ്പിക്കാനായില്ല, അല്ലെങ്കിൽ അത്രയൊക്കെ പഠിച്ചാൽ മതിയെന്ന തോന്നലുണ്ടായി. ദിവസവും സിനിമ കാണാമെന്ന മോഹത്തോടെ തന്നെയാണ് അന്നത്തെ വളരെ വ്യത്യസ്തമെന്ന് തോന്നിയിരുന്ന ഈ ജോലിയിൽ പ്രവേശിച്ചത്. എന്നാൽ മെയിൻ പ്രൊജക്ഷനിസ്റ്റിന്റെ സഹായി എന്ന നിലയിൽ സിനിമ കാണുന്നത്തിനുള്ള സമയമോ പോകട്ടെ ഒന്ന് ശ്വാസമെടുക്കാൻ പോലും സമയം കിട്ടിയില്ല.
അന്ന് ഫിലിം റോളുകൾ ഓരോ പ്രദർശനത്തിനുശേഷവും ചുരുട്ടി അടുത്ത പ്രദർശന സമയത്തിന് മുമ്പേ പെട്ടിയിലാക്കുക എന്നതായിരുന്നു പ്രധാന പണി.
അത് ശ്രദ്ധയോടെയാണ് ചെയ്തുവന്നിരുന്നത്. ഫിലിം റോളുകൾക്ക് കേടുസംഭവിച്ചാൽ അതോടെ ആശാന്റെ വഴക്ക് കേൾക്കേണ്ടി വരും. അപൂർവം സിനിമകളേ അന്നൊക്കെ ആ തിയേറ്ററിൽ കണ്ടിട്ടുള്ളു. എല്ലാ സിനിമകളും കേൾക്കാറാണ് പതിവ്. പിന്നെ ഫിലിം സെല്ലുലോയ്ഡ് എന്നുപറയുന്ന അതിന്റെ ഏറ്റവും സൂക്ഷ്മാണുരൂപം റോളുകൾ ചുരുട്ടുമ്പോൾ മനസിലുള്ളതിനാൽ എല്ലാം കൂടി മനസിന്റെ തിരശീലയിട്ട് പ്രോജക്ട് ചെയ്ത് കഥ മനസിലാക്കിയെടുക്കും. എൺപതുകളുടെ തുടക്കത്തിൽ അന്നത്തെ സൂപ്പർ ഹിറ്റ് സിനിമകളും മറ്റും ഞങ്ങളുടെ തിയേറ്ററിൽ കളിക്കുമ്പോൾ കൂട്ടുകാരൊക്കെ വിചാരിക്കുന്നത് എന്റെ പണി തിയേറ്ററിൽ സിനിമ ആസ്വദിക്കുകയാണ് എന്നായിരുന്നു.
പ്രൊജക്ഷനിസ്റ്റ് ഒരു കലാകാരനുമാണ്
തിയേറ്റർ ഓപ്പറേറ്റർ പരിശീലന ജീവിതത്തിന്റെ ആദ്യ കുറച്ച് വർഷങ്ങൾക്കുശേഷം സ്വതന്ത്രമായി ഈ പ്രവർത്തിച്ചു തുടങ്ങുന്നത് കുഴൽമന്ദം വിനായക തിയേറ്ററിലാണ്. പണ്ട് ഞാൻ പണി ചെയ്തിരുന്ന തൊണ്ണൂറു ശതമാനം തിയേറ്ററുകളും ഇന്നില്ല. ഞങ്ങളുടെ പ്രദേശങ്ങളിൽ ജാതി- മത വ്യത്യാസമില്ലാതെ വൈകുന്നേരം ആറുമണി ഷോകൾക്ക് കുടുംബങ്ങൾ തിക്കിത്തിരക്കിയ കാലമുണ്ടായിരുന്നു. പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ കൊട്ടകകളിൽ നിന്നുയരുന്ന സിനിമാപാട്ടുകളാൽ മുഖരിതമായിരിക്കും പരിസരങ്ങൾ. ഇന്ന് മൾട്ടി പ്ലക്‌സുകളിൽ ഒഴികെ കുടുംബങ്ങളുടെ സാന്നിധ്യം സാധാരണ തിയേറ്ററുകളിൽ കുറഞ്ഞിട്ടുണ്ട്.
കുന്നത്തൂർ വിനായകയിൽ എത്തുന്നതിനുമുമ്പുതന്നെ ഈ പണി സ്വന്തമായി ചെയ്യാനുള്ള അറിവും പരിചയവും വർഷങ്ങളായുള്ള പരിശീലനത്തിലൂടെ ഞാൻ നേടിയിരുന്നു. പെട്ടിയിൽ കൊണ്ടുവരുന്ന ഫിലിം ചുറ്റിയെടുത്ത് ഓരോ പ്രദർശന സമയത്തിനും മുന്നോടിയായി തയ്യാറാക്കി നിർത്തുന്നതും സങ്കീർണമായി പ്രവർത്തിക്കുന്ന പഴയ മോഡൽ പ്രൊജക്റ്ററിൽ സജ്ജീകരിക്കുന്നതും ശ്രമകരമായിരുന്നു. മൊബൈൽ ഫോണിൽ പാട്ടുവക്കുന്നതുപോലെയോ സിനിമ കാണുന്നതുപോലെയോ സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന സാധനമല്ല അന്നത്തെ പ്രൊജക്ടറുകൾ. ചെറിയ കൈപ്പിഴ പോലും മൊത്തം ഷോയും കാൻസലാക്കാൻ പോന്നതായിരുന്നു. അതുകൊണ്ട് ഓരോ ഷോ കഴിയുന്നതുവരെയും സംവിധായകനെപ്പോലെ തന്നെ ഓരോ പ്രൊജക്ഷനിസ്റ്റും സമ്മർദ്ദം അനുഭവിക്കുന്നുണ്ട്.
നിർണായക കഥാസന്ദർഭങ്ങളിൽ പ്രത്യേകിച്ച് നായകന്റെ നെടുനീളൻ ഡയലോഗുകൾ, സൂപ്പർ ഹിറ്റ് പാട്ടുകൾ എന്നിവർക്കിടയിൽ സിനിമ കട്ടായി പോയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം പ്രൊജക്ഷനിസ്റ്റിനാണ്. സൂപ്പർ സ്റ്റാർ സിനിമകൾ റിലീസ് ചെയ്യുമ്പോൾ- പ്രത്യേകിച്ച് രജനീകാന്ത്, വിജയ്, അജിത്, സൂര്യ മലയാളത്തിൽ മോഹൻലാൽ മമ്മൂട്ടി- കാര്യങ്ങൾ ശ്രദ്ധിച്ചു ചെയ്യേണ്ട അവസ്ഥയാണ്.
സ്‌ക്രീനിൽ തെളിയുന്ന ചിത്രങ്ങളും ശബ്ദവും വേറിട്ടുപോകുക, സ്‌ക്രീനിലെ ചിത്രങ്ങൾ തലകുത്തനെയാകുക, സ്‌ക്രീനിൽ ഇരുട്ടു പടരുക തുടങ്ങിയ പ്രശ്‌നങ്ങളുണ്ടായാൽ കാണികൾ ക്ഷോഭിക്കും. പിന്നെ ഓപ്പറേറ്റർ റൂം നോക്കി ചീത്തവിളിയായിരിക്കും.. ആയതിനാൽ ഉത്സവ സീസണുകൾ- പ്രത്യേകിച്ച് വിഷു, ഓണം തുടങ്ങിയ സമയങ്ങളിൽ ഇതെല്ലാം ആലോചിച്ച് ടെൻഷനടിക്കാറുണ്ട്.
പാലക്കാട് ഗ്രാമ പ്രദേശങ്ങളിലും മറ്റും ഞാൻ ജോലി ചെയ്തിരുന്ന തിയേറ്ററുകളിൽ അടുത്ത് ഷൂട്ടിങ് ഉണ്ടെങ്കിൽ താരങ്ങൾ സിനിമ കാണാൻ വരും. സെക്കൻഡ് ഷോക്കും മറ്റുമായിരിക്കും ആളെ അറിയതെയിരിക്കാൻ മുണ്ടോ മങ്കി ക്യാപ്പോ ഒക്കെ ധരിച്ച് രഹസ്യമായി അവരെത്തുക. അപ്രതീക്ഷിതമായി ഇവരെ കാണുമ്പോൾ കാണികൾക്ക് ആവേശമുണ്ടാക്കേണ്ടെന്ന് കരുതി ഞാൻ പലപ്പോഴും മിണ്ടാതെയിരിക്കും. ഞാൻ വർക് ചെയ്തിരുന്ന കോട്ടായി രമ്യ തിയേറ്ററിൽ തമിഴിലെ വിജയ് ആന്റണി നായകനായ ഒരു പ്രേതസിനിമ കുറച്ച് ദിവസങ്ങൾക്കായി ചിത്രീകരണത്തിന് നൽകിയതാണ് ഷൂട്ടിംഗ് നേരിട്ട് കണ്ട വിരളമായ അനുഭവങ്ങളിൽ ഒന്ന്. മോഹൻലാലിന്റെ 'ഒടിയൻ' ചിത്രീകരിച്ചത് ഞങ്ങളുടെ പരിസര പ്രദേശങ്ങളിലാണ്. അതിന്റെ അണിയറ പ്രവർത്തകർ ഞാൻ വർക്ക് ചെയ്തിരുന്ന കോട്ടായി കെ.ആർ.വീ മൂവീസിൽ മറ്റും സിനിമ കാണാൻ എത്തിയതും ആ സിനിമയുടെ ഏറ്റവും പുതിയ വിശേഷങ്ങൾ ഞങ്ങളുമായി പങ്കു വച്ചതുമൊക്കെ നല്ല ഓർമകളാണ്.
പുതിയ തിയേറ്റർ വന്നപ്പോൾ
പഴയ പ്രൊജക്ടറുകൾ മുതൽ ഇപ്പോഴത്തെ പ്രൊജക്ടർ സംവിധാനങ്ങളിൽ വരെ പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. എസ്, എസ് - 14, സൺ ആർക്, യു.എഫ്.ഒ, യു.എഫ്.ഒ ടൂ കെ, ക്യൂബ് തുടങ്ങിയ പ്രൊജക്ടറുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഇന്ന് കാര്യങ്ങൾ നേരത്തെ പറഞ്ഞതുപോലെ സ്വിച്ചിട്ടാൽ പ്രവർത്തിക്കുന്ന രീതിയിലേക്ക് മാറി.
ഇതിന് ഗുണവും ദോഷവുമുണ്ട്. പണ്ട് ഒരു സിനിമ റീലിൽ ഓടിത്തീരുന്നതുവരെ പ്രൊജക്ഷനിസ്റ്റിന് മനഃസ്സമാധാനം ഉണ്ടാവില്ല. ഇന്ന് സിനിമ ഓടിത്തുടങ്ങിയാൽ പ്രൊജക്ഷൻ റൂം പൂട്ടി വേണമെങ്കിൽ പുറത്തുപോയി ചായ കുടിച്ചു വരാം. എന്നാലും, ഇന്നത്തെ അത്യാധുനിക സംവിധാനങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടവയാണ്. പ്രശ്‌നങ്ങൾ പരിഹരിക്കുക ചെലവേറിയതും സങ്കീർണമാവുമാണ്. തിയേറ്റർ ഉടമകൾക്ക് അധിക ബാധ്യത നൽകാതെ സിനിമ ഓടിച്ചുകൊണ്ടുപോകാൻ സാധിക്കുന്നവനാണ് യഥാർത്ഥ പ്രൊജക്ഷനിസ്റ്റ്.
ഇന്ന് കേരളത്തിലുടനീളം റിലീസിംഗ് തിയേറ്ററുകളും എയർ കണ്ടീഷണർ തിയേറ്ററുകളും ഉള്ളതിനാൽ തിയേറ്റർ വ്യവസായം ഏറെ സാമ്പത്തിക ബാധ്യതയുള്ളതായി മാറിയിട്ടുണ്ട്. സൂപ്പർസ്റ്റാർ സിനിമകളുടെ റിലീസ് ദിവസം ഫാൻസ് ഷോക്കും മറ്റുമായി ആരാധകരുമായി പരമാവധി സഹകരിക്കാറുണ്ട്. ഇത്തരം സിനിമകൾ ഇറങ്ങുമ്പോഴാണ് ശരിക്കും ഉടമകൾക്കും മറ്റും സാമ്പത്തികമായി പച്ചപിടിക്കാൻ സാധിക്കുന്നത്. ഉത്സവ സീസണിൽ വൻതുക മുടക്കി വാങ്ങുന്ന സിനിമകൾ മുതലാക്കാൻ തിയേറ്ററുകളിൽ അനുവദനീയമായതിലധികം കസേരകളും നിലത്തിരുന്നും മറ്റും സിനിമ കാണാനുള്ള അവസരങ്ങളും ഉണ്ടാക്കും. ഇപ്പോൾ അതിരാവിലെയും മറ്റും ഫാൻസ് ഷോകൾ നിർബന്ധമായതിനാൽ ആരെയും മുഷിപ്പിക്കാതെ എല്ലാവരോടും സഹകരിക്കും.
സ്വന്തമായി ഓപ്പറേറ്ററായി ജോലി ചെയ്യാൻ തുടങ്ങിയശേഷം തിയേറ്ററുകളിൽ നല്ല തിരക്കാണ്. എത്രയോ ഹിറ്റ് പടങ്ങൾ റിലീസ് ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി. ഇന്നാണെങ്കിൽ സ്‌ക്രീനിന്റെയും ശബ്ദത്തിന്റെയും മറ്റും ഗുണനിലവാരത്തെ കുറിച്ച് ബോധമുള്ളവരുമാണ് ഭൂരിഭാഗം പ്രേക്ഷകരും. ഇതിൽ കോംപ്രമൈസ് ചെയ്താൽ കാണികൾ ആ തിയേറ്ററിൽ വരില്ല. അതിനാൽ പിക്ച്ചർ ക്വാളിറ്റി, ശബ്ദം എന്നിവ പരമാവധി ഭംഗിയാക്കുന്നതിലാണ് പ്രൊജക്ഷനിസ്റ്റിന്റെ കരവിരുത്. കാര്യമായ കുഴപ്പങ്ങളൊന്നും എന്റെ വർക്കിൽ ഉണ്ടായിട്ടില്ല എന്നത് എനിക്ക് അഭിമാനവും നൽകുന്നുണ്ട്.
തിയറ്റർ മാത്രമല്ല, കാണികളും മാറിപ്പോയി
പാലക്കാട് ജില്ലയിലെ നിരവധി തിയേറ്ററുകളിൽ ജോലി ചെയ്തിട്ടുണ്ട്. കുഴൽമന്ദം വിനായക, കോട്ടായി രമ്യ, കോട്ടായി ശോഭന, ഒറ്റപ്പാലം ഇംപീരിയൽ, സി.കെ.എം പെരുങ്ങോട്ടുകുറുശ്ശി, കോട്ടായി കെ. ആർ.വി എന്നിവടങ്ങളിൽ മാറി മാറി ജോലി ചെയ്തു. ഇവയിൽ ചിലത് ഇന്നില്ല. പഴയ ഓല മേഞ്ഞ തിയേറ്ററുകളിൽ സിനിമ ആസ്വദിച്ചിരുന്ന തലമുറയിൽ നിന്ന് എയർ കണ്ടീഷണറും പോപ്പ് കോണും ഇല്ലെങ്കിൽ സിനിമ കാണാൻ ആവേശം തോന്നാത്ത ഒരു തലമുറയിൽ നാം എത്തി. അന്നൊക്കെ സിനിമയെ കുറിച്ചുള്ള അഭിപ്രായങ്ങൾ ആളുകൾ തമ്മിലുള്ള സംസാരങ്ങളിലൂടെയായിരുന്നു പ്രധാനമായും പ്രചരിച്ചിരുന്നത്.
ഇന്ന് എല്ലാവരും മൊബൈൽ ഫോണിലും മറ്റും ലഭ്യമാവുന്ന ഭൂലോകത്തെ എല്ലാ നിരൂപണങ്ങളും മനസ്സിലാക്കിയാണ് സിനിമ കാണാൻ വരുന്നത്. അതിൽ ഒരാൾ സിനിമയെ കുറിച്ച് മോശം പറഞ്ഞാൽ കാണികൾ തിയേറ്ററിലെത്തില്ല. ഉത്സവ സീസൺ അല്ലാത്ത സമയങ്ങളിൽ ദിനേന ഓരോ ഷോക്കും അഞ്ചോ ആറോ ഏറി വന്നാൽ പത്തോ കാണികൾ മാത്രമാവും ഉണ്ടാവുക. എത്ര വലിയ താരത്തിന്റെ സിനിമയാണെങ്കിലും ആദ്യ രണ്ട് ദിവസം കഴിഞ്ഞാൽ കാണാൻ ആളില്ലാത്തതിനാൽ ഷോകൾ റദ്ദാക്കേണ്ട അവസ്ഥ നിരവധി തവണയുണ്ടായിട്ടുണ്ട്.
കാണികളുടെ സ്വഭാവം ശ്രദ്ധിക്കാനും ഞാൻ ശ്രമിക്കാറുണ്ട്. പണ്ടൊക്കെ കുടുംബത്തോടൊപ്പവും കൂട്ടമായും തിയേറ്ററിലേക്ക് വരുന്നവരായിരുന്നു കൂടുതൽ. എന്നാൽ ഇന്ന് തിയേറ്ററുകളിലേക്ക് പോവുക എന്നതുതന്നെ ചടങ്ങായി മാറി. ഒറ്റക്ക് തിയേറ്ററുകളിൽ വരുന്നവരുടെ എണ്ണം വർധിച്ചു. പലതരം മാനസിക സംഘർഷങ്ങളിൽ നിന്ന് മാറി കുറഞ്ഞ ചെലവിൽ എ.സിയിൽ വന്നിരിക്കുക, അതിന്റെ ആശ്വാസം അനുഭവിക്കുക എന്ന ലക്ഷ്യം വച്ചും ചിലർ വരാറുണ്ട്. ഇവരെ ഞാൻ പ്രത്യേകം ശ്രദ്ധിക്കും. ഇവർക്ക് സിനിമയിൽ ഒരു താൽപര്യവുമുണ്ടാകില്ല. ഇഷ്ടതാരം വന്നാലും ഇടി കണ്ടാലും പാട്ടുകേട്ടാലും കരച്ചിലുകണ്ടാലുമൊന്നും യാതൊരു ഭാവമാറ്റവുമില്ല. സിനിമ തുടങ്ങിയശേഷം തിരക്കുപിടിച്ചു തിയേറ്ററിലെത്തുന്ന ഇവർ സിനിമ കഴിഞ്ഞാലുടൻ ഇറങ്ങിയോടുന്നതും കാണാം. എന്നെന്നും ഓർമിക്കപ്പെടാവുന്ന സിനിമകളായിരുന്നു പണ്ടിറങ്ങിയിരുന്നത് എങ്കിൽ ഇന്നത്തെ ഹിറ്റ് സിനിമകൾക്കും പാട്ടുകൾക്കും പോലും ഒന്നോ രണ്ടോ വർഷങ്ങൾക്കുമേൽ ജനങ്ങളുടെ മനസ്സിൽ ആയുസ്സുണ്ടാവുന്നില്ല.
തിയേറ്ററുകൾക്കുവന്ന മാറ്റമാണ് മറ്റൊന്ന്. നാട്ടിൻപുറങ്ങളിലും മറ്റും അത്യാഢംബര തിയേറ്ററുകൾ പൊങ്ങിക്കഴിഞ്ഞു. പണ്ട് സിനിമാ ഗ്രാമം എന്നറിയപ്പെടുന്ന ഞങ്ങളുടെ നാട്ടിൽ, ഇട്ടാവട്ടത്തിൽ ആറോളം സ്‌ക്രീനുകളുണ്ടായിരുന്നു. ഒരു ഭാഗത്ത് സിനിമാ വ്യവസായവും തിയേറ്റർ വ്യവസായവും പ്രതിസന്ധി നേരിടുമ്പോഴും മറുഭാഗത്ത് സിനിമകൾക്കും നല്ല തിയേറ്ററുകൾടക്കും ആളുകൾ പണം മുടക്കാൻ മടികാട്ടാറില്ല എന്നതും മറന്നുകൂടാ. നേരത്തെ പറഞ്ഞതുപോലെ ക്യൂ നിൽക്കാതെ ടിക്കറ്റ് ഓൺലൈനായി ബുക്ക് ചെയ്യാൻ സാധിക്കുന്ന, നല്ല ശബ്ദവും ചിത്രങ്ങൾക്ക് വ്യക്തതയുമുള്ള, കുടുംബവുമായി വന്ന് സുരക്ഷിതമായി സിനിമ കാണാൻ സാധിക്കുന്ന തിയേറ്ററുകളോടാണ് കൂടുതൽ പേർക്കും താൽപര്യം. പണ്ടത്തെ പോലെ നൂറും ഇരുനൂറും ദിവസങ്ങളിൽ സിനിമ ഓടുമെന്ന പ്രവചനം ഇപ്പോൾ ആർക്കുമില്ല. മൊബൈലിൽ ഒന്ന് പരതിയാൽ വീട്ടിലിരുന്നു കാണാൻ സാധിക്കുന്ന സിനിമകൾക്ക് നൂറും നൂറ്റിയമ്പതും കൊടുത്ത് കാണികൾ എത്തുന്നത് കൂടുതൽ ഗുണമേന്മയുള്ള കാഴ്ചയനുഭവം പ്രതീക്ഷിച്ചു കൊണ്ടാണ്. അത് കൊടുക്കാനാണ് തിയേറ്റർ ഉടമകൾ മത്സരിക്കുന്നത്.
മലയാളത്തിൽ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും സിനിമകൾ തന്നെയാണ് തിയേറ്റർ ഉടമകൾക്ക് കാലങ്ങളായി ലാഭമുണ്ടാക്കിക്കൊടുക്കുന്നത്. രണ്ടുപേരുടെയും സിനിമകൾക്ക് ഇപ്പോഴും ഞങ്ങളുടെ നാട്ടിൽ മിനിമം ഗ്യാരന്റിയുണ്ട്. ഇവരുടെ സിനിമൾക്ക് നിരവധി തവണ പ്രൊജക്ടർ റൂം ചലിപ്പിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. ഇപ്പോഴും നൂറു ദിവസമില്ലെങ്കിലും മിനിമം ആറാഴ്ച വരെയെങ്കിലും ഇവരുടെ സിനിമകൾ ഓടി വൻ കളക്ഷൻ നേടാറുണ്ട്. തമിഴ് സിനിമയുടെ മുൻനിര താരങ്ങളുടെ സിനിമകൾ റിലീസായാൽ ഉത്സവ പ്രതീതിയാണ്. തിയേറ്റർ ഉടമയെ സാമ്പത്തികമായി വളരെയധികം മെച്ചപ്പെടുത്താൻ ഇപ്പോഴും ഈ സിനിമകൾക്ക് സാധിക്കും. സിനിമ റിലീസ് ചെയ്ത് തിയേറ്ററിൽ ഈച്ച പോലും ഇല്ലാതിരുന്ന വേളകളിൽ റിലീസിന്റെ അടുത്ത ദിവസങ്ങളിൽ സിനിമ വമ്പിച്ച വിജയമെന്ന രീതിയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നതും മറ്റും പരിഹാസ്യമായ നടപടികളാണെന്നാണ് എനിക്ക് തോന്നാറുള്ളത്. സമൂഹ മാധ്യമങ്ങൾ സജീവമായ ഇക്കാലത്തും ഇതൊന്നും സുതാര്യമല്ലാതെ നിലനിൽക്കുന്നത് കാണികളെ തെറ്റിദ്ധരിപ്പിക്കാൻ കാരണമാവും.
കോവിഡ് നട്ടെല്ലൊടിച്ച വ്യവസായം
കഴിഞ്ഞ മാർച്ചിൽ തുടങ്ങിയ അടച്ചിടൽ മൂലം ഏറ്റവും പ്രതിസന്ധിയനുഭവിച്ച മേഖലയിലൊന്ന് തിയേറ്ററുകളും അതിലെ ജീവനക്കാരുമാണ്. അന്ന് മലയാളത്തിലും തമിഴിലും നിരവധി വമ്പൻ ചിത്രങ്ങളാണ് അവധിക്കാല റിലീസിന് തയ്യാറെടുത്തിരുന്നത്. ഇവക്കെല്ലാം അഡ്വാൻസ് തുക നൽകിയ ഉടമകൾ വൻ സാമ്പത്തിക നഷ്ടത്തിലായി. ഞങ്ങൾക്കുമുണ്ട് സാമ്പത്തിക പ്രതിസന്ധി. ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന തിയേറ്ററിന്റെ ഉടമ നല്ല മനസുള്ള ആളായതിനാൽ ഞങ്ങളുടെ ചെലവിനുള്ള പണം, തിയേറ്ററിൽനിന്ന് വരുമാനമില്ലാതിരുന്നിട്ടും നൽകിക്കൊണ്ടിരുന്നു.
കല്യാണ മണ്ഡപങ്ങളോ സ്‌കൂളുകളോ മറ്റ് കെട്ടിടങ്ങളോ അടച്ചിടുന്നതുപോലെ തിയേറ്ററുകൾ അടച്ചിടാനാകില്ല. ഒന്നിടവിട്ട ദിസവങ്ങളിൽ പരിശോധിച്ചില്ലെങ്കിൽ ലക്ഷങ്ങൾ വില വരുന്ന യന്ത്രസംവിധാനങ്ങൾ നശിക്കും. പെയിന്റിങ് പോലുള്ള അല്ലറ ചില്ലറ ജോലി ചെയ്താണ് ലോക്ക്ഡൗൺ കാലത്ത് ജീവിച്ചിരുന്നത്. കോവിഡ് കാലത്ത് തമിഴിലെ സൂപ്പർതാരങ്ങൾ തിയേറ്റർ ജീവനക്കാർ ഉൾപ്പെടെയുള്ളവർക്ക് ധന സഹായം ചെയ്തപ്പോൾ കേരളത്തിൽ ഒന്നോ രണ്ടോ നായകന്മാർ ഒഴികെ മറ്റൊരാളും സഹായം നൽകിയില്ല എന്നത് ദുഃഖകരമാണ്. കേരളത്തിൽ സംഘടന തിയേറ്റർ ജീവനക്കാർക്ക് നൽകാൻ സ്വരൂപിച്ച തുകകൾ എന്നെപ്പോലുള്ളവർക്ക് കിട്ടിയതുമില്ല.
തിയേറ്ററുകൾ തുറക്കുന്നതും കാത്തിരിക്കുകയാണിപ്പോൾ.
വീട്ടിൽ പ്രായമേറിയ അമ്മയോടൊപ്പം തനിച്ചാണ് താമസം. തിയേറ്ററുകൾ തുറക്കുന്നത് ഉടമകൾക്കും ജീവനക്കാർക്കും വലിയ ആശ്വാസമാണ്. പല വമ്പൻ സിനിമകൾക്കും കടം വാങ്ങി നൽകിയ അഡ്വാൻസ് തുകക്ക് പലിശ നൽകി സാമ്പത്തിക പ്രതിസന്ധിയനുഭവിക്കുകയാണ് തിയേറ്റർ ഉടമകൾ. പല തിയേറ്ററുകളും ഭാരിച്ച ചെലവുള്ള സാങ്കേതിക വിദ്യകൾ എടുത്തുമാറ്റി കല്യാണ മണ്ഡപമായും കമ്മ്യൂണിറ്റി ഹാളുകളായും പരിവർത്തിപ്പിക്കാനും തയ്യാറാവുന്നുണ്ട്.
മറ്റൊന്ന്, കോവിഡ് കാലത്തുണ്ടായ ഒരു മാറ്റത്തെക്കുറിച്ചാണ്. പുതിയ സിനിമകൾ മൊബൈൽ ഫോണിൽ റിലീസാകാവാൻ തുടങ്ങിയതോടെ കാണികൾ ഏതാണ്ട് അതിനോട് പൊരുത്തപ്പെട്ടു തുടങ്ങിയിട്ടുണ്ട്. ഇത് തിയേറ്ററുകാരെ വീണ്ടും പ്രതിസന്ധിയിലാക്കും. കാരണം തിയേറ്ററുടമകൾക്ക് സൗകര്യങ്ങൾ വർധിപ്പിക്കുകയും കാണികളെ ആകർഷിക്കുകയും ചെയ്യേണ്ടത് വെല്ലുവിളിയായി മാറിയിട്ടുണ്ട്. അതിന് കൂടുതൽ പണം ആവശ്യമാണ്. ഇന്നത്തെ നിലയിൽ ഉടമകൾ അതിന് തയ്യാറാവുമോ എന്ന് കണ്ടറിയണം. എന്തായാലും വിഷു സീസൺ ആവുന്നതോടെ കാര്യങ്ങളിൽ പുരോഗതിയുണ്ടാവുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ. എത്രയും വേഗം അഭ്രപാളികളിൽ ഇരുട്ടുമാറി വെളിച്ചം വരും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.