വിവേക് (റീസൺ - 2018) ൽ നിന്നൊരു രംഗം

സിനിമയിലെ ജനകീയ പ്രതിപക്ഷം

സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ചുള്ള സിനിമകൾ രചിക്കുന്നവർ ചലച്ചിത്രരചയിതാക്കൾ മാത്രമല്ല, സാമൂഹിക ബോധമുള്ള ആക്റ്റിവിസ്റ്റുകൾ കൂടിയാണ്.

ന്ത്യയിലെ ഡോക്യുമെന്ററി പാരമ്പര്യം 1888-ൽ ആരംഭിക്കുന്നുണ്ട്.
ഹരിശ്ചന്ദ്ര സഖാറാം ഭടവഡേക്കർ ബോബെയിൽ വെച്ച് ചിത്രീകരിച്ച ഒരു ഗുസ്തി മത്സരത്തിന്റെ ലഘുചിത്രമാണ് ആദ്യ ഇന്ത്യൻ ഡോക്യുമെന്ററിയായി പരിഗണിക്കപ്പെടുന്നത്.

1948-ൽ ഇന്ത്യാ ഗവണ്മെൻറിനുവേണ്ടി വാർത്താചിത്രങ്ങളും ഡോക്യുമെന്ററികളും നിർമിക്കാനുള്ള ഔദ്യോഗിക ചുമതലയുള്ള ഫിലിംസ് ഡിവിഷൻ നിലവിൽവന്നു. എസ്.എൻ.എസ്. ശാസ്ത്രി, സുഖ്‌ദേവ്, എം.എഫ്. ഹുസൈൻ തുടങ്ങിയ കലാകാരന്മാർ ഫിലിംസ് ഡിവിഷനുവേണ്ടി ഒരുകാലത്ത് ചിത്രങ്ങൾ രചിക്കുകയും ഇവ ഇന്ത്യയിലുടനീളം ഫീച്ചർ ഫിലിമുകൾ തുടങ്ങുന്നതിനുമുമ്പ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുകയും ചെയ്തിരുന്നു. ടെലിവിഷന്റെ വരവോടെയാണ് ഇത്തരം ഡോക്യു- ന്യൂസ് റീൽ പ്രദർശനം നിലച്ചുപോയതെന്നുപറയാം. ഫിലിംസ് ഡിവിഷന്റെ പല ചിത്രങ്ങളും ശ്രദ്ധേയമായിരുന്നു എന്നുമാത്രമല്ല, വിദേശത്ത് നിന്നടക്കം അവാർഡുകൾ നേടുകയും ചെയ്തിരുന്നു.

എം. എഫ്. ഹുസൈൻ ചിത്രങ്ങളെ ആസ്പദമാക്കി ശാന്തി പി. ചൗധരി സംവിധാനം ചെയ്ത 'A Painter Of Our Time: Hussain' എന്ന ഡോക്യു- ന്യൂസ് റീലിലെ രംഗം

ഉദാഹരണത്തിന് 1978-ൽ ഓസ്‌കാർ നോമിനേഷൻ ലഭിച്ച വിനോദ് ചോപ്രയുടെ എൻകൗണ്ടർ വിത് ഫേയ്‌സസ് ഓബർ ഹോസനിലും മിലാനിലും ഒരു ഡസനിലധികം പുരസ്‌കാരങ്ങൾ നേടി. പല പ്രശസ്ത കലാകാരന്മാരും ഫിലിംസ് ഡിവിഷനുവേണ്ടി ചിത്രങ്ങൾ എടുത്തിട്ടുണ്ട്. ഇപ്പോഴും എടുക്കാറുണ്ട്. 2021-ൽ ദേശീയ അവാർഡ് നേടിയ എലിഫൻറ്സ്​ ഡു റിമെംബർ, ചരൺ അത്വ ദി എസ്സൻസ് ഓഫ് ബീയിങ്ങ് എ നൊമാഡ് എന്നിവയും ബംഗ്ലദേശിലെ അന്താരാഷ്ട്ര ഫെസ്റ്റിവലിൽ മികച്ച ചിത്രത്തിന് അവാർഡ് ലഭിച്ച ഹൈവെയ്‌സ് ഓഫ് ലൈഫും ഫിലിംസ് ഡിവിഷൻ നിർമിച്ചവയാണ്. ചരിത്രപരമായി വിലപ്പെട്ട ന്യൂസ് റീലുകൾ ഉൾപ്പെടെ പതിനായിരത്തിലധികം ഡോക്യുമെന്ററികൾ/ലഘുചിത്രങ്ങൾ അവരുടെ ശേഖരത്തിലുണ്ട്.

വികസനത്തിന്റെ പേരിൽ വിനാശം സൃഷ്ടിക്കുന്ന പദ്ധതികൾ പ്രദേശവാസികൾക്കുണ്ടാക്കുന്ന ദുരിതങ്ങളും അവയ്‌ക്കെതിരായ ചെറുത്തുനിൽപ്പുകളും വിഷയമാക്കുന്ന ധാരാളം ആക്റ്റിവിസ്റ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്.

ലോകത്തെവിടെയുമെന്നപോലെ ഇന്ത്യയിലുമുള്ള പ്രഗത്ഭരും പ്രതിഭാശാലികളുമായ സംവിധായകർ മിക്കവരും ഡോക്യുമെൻന്ററികളും ലഘുചിത്രങ്ങളും രചിച്ചവർ കൂടിയാണ്. സിക്കിം, സുകുമാർ റായ്, ദി ഇന്നർ ഐ, ബാല, രബീന്ദ്രനാഥ് ടാഗോർ എന്നിങ്ങനെയുള്ള ചിത്രങ്ങൾ സത്യജിത് റായ് രചിച്ചിരുന്നു. അമർ ലെനിൻ, രാം കിങ്കർ ബൈജ് എന്നിവ ഘട്ടക്കും. മൃണാൾ സെൻ ആൻഡ് ദി ഷോ ഗോസ് ഓൺ, കൽക്കട്ടാ മൈ എൽഡൊറാഡോ തുടങ്ങിയവയും ഗൗതം ഘോഷ് എ ട്രഷർ ഇൻ ദ സ്‌നോ, ട്രിബ്യൂട്ട് ടു ഒഡീസി, ഉസ്താദ് ബിസ്മില്ലാഖാൻ, കാളഹന്ദി തുടങ്ങിയവയും സംവിധാനം ചെയ്തു. സത്യജിത് റായിയെക്കുറിച്ചുൾപ്പെടെ വൈവിദ്ധ്യമാർന്ന വിഷയങ്ങളെക്കുറിച്ച് ധാരാളം ഡോക്യുമെന്ററികൾ ശ്യാം ബെനഗൽ രചിച്ചിട്ടുണ്ട്.

1978ൽ ഓസ്‌കാർ നോമിനേഷൻ ലഭിച്ച വിനോദ് ചോപ്രയുടെ 'എൻകൗണ്ടർ വിത് ഫേയ്‌സസ്' ൽ നിന്ന്

ഇന്ത്യൻ നവതരംഗ സംവിധായകരുടെ രചനകളുടെ കൂട്ടത്തിൽ ഏറ്റവും ശ്രദ്ധേയമായ ചിലത് മണി കൗളിന്റെയാണ്: ഹിസ്റ്റോറിക്കൽ സ്‌കെച്ച് ഓഫ് ഇന്ത്യൻ വിമൻ, അറൈവൽ, ബിഫോർ മൈ ഐസ്, ധ്രുപദ്, നൊമാഡ് പപ്പെറ്റിയേഴ്‌സ്, സിദ്ധേശ്വരി തുടങ്ങിയവ. ഗുരു ചെങ്ങന്നൂർ, കലാമണ്ഡലം ഗോപി, കലാമണ്ഡലം രാമൻകുട്ടി എന്നീ കഥകളി കലാകാരൻമാരെക്കുറിച്ചും ഗംഗ, ഇടുക്കി, കൂടിയാട്ടം (3 മണിക്കൂർ) എന്നീ വിഷയങ്ങളെക്കുറിച്ചും അടൂർ ഗോപാലകൃഷ്ണൻ രചിച്ച ചിത്രങ്ങൾ പ്രസിദ്ധമാണ്. അരവിന്ദൻ, വി.ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചെടുത്ത ചിത്രവും ജിദ്ദു കൃഷ്ണമൂർത്തിയെക്കുറിച്ചെടുത്ത ദി സിയർ ഹൂ വാക്ക്‌സ് എലോൺ എന്ന ചിത്രവും അതുപോലെത്തന്നെ. മലയാളത്തിലെ മറ്റൊരു നവതരംഗ സംവിധായകനായ കെ.പി. കുമാരൻ കുമാരനാശാനെക്കുറിച്ച് രചിച്ച ഗ്രാമവൃക്ഷത്തിലെ കുയിൽ ഇപ്പോൾ വ്യാപകമായി ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു.

മുഖ്യമായും ഫീച്ചർ ചിത്രങ്ങളെടുക്കുന്ന ഇടവേളകളിൽ ഡോക്യുമെന്ററികളും ലഘുചിത്രങളുമെടുത്ത പ്രശസ്ത സംവിധായകരിൽ ചിലരെയാണ് പരാമർശിച്ചത്. ഡോക്യുമെന്ററി തന്നെ മുഖ്യമായി കരുതി അതിൽത്തന്നെ കേന്ദ്രീകരിച്ച് നിരന്തരം രചനകൾ നിർവ്വഹിച്ച ഒട്ടേറെ സംവിധായകർ നമുക്കുണ്ട്. വിഷയം ചിലപ്പോൾ പ്രശസ്ത വ്യക്തികളുടെയോ കലാകാരരുടെയോ ജീവിതമാവാം; സ്ഥലസവിശേഷതകളോ, സമകാലിക സംഭവങ്ങളോ ആവാം; കലയോ ചരിത്രമോ ആവാം; ആഴത്തിലുള്ള വിശകലന പഠനങ്ങളാവാം; ജനകീയ സമരങ്ങളാവാം. വികസനത്തിന്റെ പേരിൽ വിനാശം സൃഷ്ടിക്കുന്ന പദ്ധതികൾ പ്രദേശവാസികൾക്കുണ്ടാക്കുന്ന ദുരിതങ്ങളും അവയ്‌ക്കെതിരായ ചെറുത്തുനിൽപ്പുകളും വിഷയമാക്കുന്ന ധാരാളം ആക്റ്റിവിസ്റ്റ് ചിത്രങ്ങൾ ഉണ്ടായിട്ടുണ്ട്. സാമൂഹിക- പാരിസ്ഥിതിക- രാഷ്ട്രീയ പരിപ്രേക്ഷ്യത്തിൽ വസ്തുതകൾ അവതരിപ്പിക്കാനുള്ള ശ്രമം അത്തരം ചിത്രങ്ങളിൽ കാണാം.

ഇന്ത്യൻ നവതരംഗ സംവിധായകരിൽ ശ്രദ്ധേയനായ മണി കൗളിന്റെ 'ബിഫോർ മൈ ഐസ്' ലെ രംഗം

അണക്കെട്ട് നിർമിക്കാനും ഖനനം നടത്താനും മറ്റു വികസന പദ്ധതികൾ നടപ്പിലാക്കാനും വേണ്ടി ആദിമനിവാസികളെയും ഗോത്രവർഗങ്ങളെയും ദരിദ്രരെയും ജന്മദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കുകയും അഭയാർഥികളാക്കി മാറ്റുകയും ചെയ്തതിന്റെ ചരിത്രം കൂടിയാണ് സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രം. ഈ ചരിത്രം അതിന്റെ എല്ലാ തീക്ഷ്ണതയോടും കൂടി രേഖപ്പെടുത്തിയത് ഡോക്യുമെന്ററി സിനിമകളാണ്. നർമദയിലെ സമരത്തെക്കുറിച്ചും ഗന്ധമാദനത്തിലെ ഖനനത്തെക്കുറിച്ചുമെല്ലാം ഈ സിനിമകൾ സംസാരിക്കുന്നു. വിവിധ ജനകീയസമരങ്ങളിൽ നിന്ന് അവ പ്രചോദനമുൾക്കൊള്ളുകയും സമരങ്ങൾക്ക് പ്രചോദനവും പിന്തുണയും നൽകുകയും ചെയ്യുന്നു. പരിസ്ഥിതി നശീകരണത്തിനെതിരായ മുന്നറിയിപ്പുകൾ നൽകി വരാൻ പോവുന്ന ദുരന്തങ്ങളൊഴിവാക്കാനുള്ള ജാഗ്രതാനിർദേശങ്ങൾ അവ സമൂഹത്തിന് നൽകുന്നു. രാസകൃഷി, ആണവ സാങ്കേതികവിദ്യ, മലിനീകരണങ്ങൾ തുടങ്ങിയവ സൃഷ്ടിക്കുന്ന വിപത്തുകൾക്കെതിരെ അവ സമൂഹമനസ്സാക്ഷിയെ തൊട്ടുണർത്തുന്നു. അതുകൊണ്ടുതന്നെ ഇത്തരം സാമൂഹികപ്രാധാന്യമുള്ള വിഷയങ്ങളെ അധികരിച്ചുള്ള സിനിമകൾ രചിക്കുന്നവർ ചലച്ചിത്രരചയിതാക്കൾ മാത്രമല്ല, സാമൂഹികബോധമുള്ള ആക്റ്റിവിസ്റ്റുകൾ കൂടിയാണ്.

ആനന്ദ് പട് വർധൻ, രാകേഷ്​ ശർമ

ഇന്ത്യയിലെ ആക്റ്റിവിസ്റ്റുകളായ സിനിമക്കാരെക്കുറിച്ച് പറയുമ്പോൾ ആദ്യം ഓർക്കുന്ന പേര് ആനന്ദ് പട്​വർധന്റെതാണ്. ഏതാണ്ട് അരനൂറ്റാണ്ടായി നിരന്തരം ഡോക്യുമെൻന്ററി സിനിമകളെടുക്കുന്ന അദ്ദേഹത്തെ ഇന്ത്യൻ ഡോക്യുമെന്ററിയുടെ പിതാവ് എന്ന് ചിലർ വിശേഷിപ്പിക്കാറുണ്ട്​. ജീവിതം തന്നെ ഡോക്യുമെന്ററിക്കായി സമർപ്പിച്ച മഹദ്​വ്യക്തിയാണദ്ദേഹം. ദീർഘകാലമായി ഇന്ത്യയിൽ അത്യന്തം പ്രസക്തവും ശക്തവുമായ ഡോക്യുമെന്ററികളിലൂടെ സമകാലിക യാഥാർഥ്യത്തെ തുറന്നുകാട്ടിയ ചലച്ചിത്രകാരനാണ് ആനന്ദ് പട്വർധൻ.

ആനന്ദ് പട്‌വർധൻ / Photo : @anandverite, Twitter, രാകേഷ് ശർമ / Photo : @rakeshfilm, Twitter

വേവ്‌സ് ഒഫ് റവല്യൂഷൻ, ടൈം ടു റൈസ്, പ്രിസണേഴ്‌സ് ഓഫ് കോൺഷ്യൻസ് എന്നിവയാണ് ആദ്യകാല ചിത്രങ്ങൾ. ചേരിനിവാസികളെ കുടിയൊഴിക്കുന്നത് ഇതിവൃത്തമാക്കിയുള്ള ബോംബെ ഹമാരാ ശഹർ (1985) ഏറെ ശ്രദ്ധിക്കപ്പെട്ടു. അദ്വാനിയുടെ രഥയാത്രയും രാമക്ഷേത്ര നിർമാണത്തിനുള്ള ഇഷ്ടിക കൊണ്ടുപോകലും ഹിന്ദുരാഷ്ട്രത്തിനും ഫാസിസ്റ്റ് വ്യവസ്ഥയ്ക്കും അസ്തിവാരമിടാനുള്ള പുറപ്പാടാണെന്ന് പ്രവചനാത്മകമായി വിലയിരുത്തിയ ഇൻ ദി നെയിം ഓഫ് ഗോഡ് (രാം കെ നാം -1992), ആണത്തത്തിന്റെ പേരിൽ സാമൂഹിക മേധാവിത്തം നേടി ഫാസിസ്റ്റ് വ്യവസ്ഥ സ്ഥാപിക്കാനുള്ള ശ്രമങ്ങളെ തുറന്നുകാട്ടുന്ന ഫാദർ സൺ ആൻഡ് ഹോളി വാർ (1995), നർമദയിൽ നടക്കുന്ന സമരം പ്രമേയമായുള്ള എ നർമദ ഡയറി (1996), ആണവപരീക്ഷണത്തിന്റെ സാമൂഹികാഘാതങ്ങൾ വിലയിരുത്തുന്ന വാർ ആൻഡ് പീസ് (2002), ദലിത് ഉയർത്തെഴുന്നേല്പിന്റെ പ്രാധാന്യം അടിവരയിടുന്ന ജയ് ഭീം കോമ്രേഡ് (2011), കൽബുർഗി, ധാബോൾക്കർ, പൻസാരെ, ഗൗരി ലങ്കേഷ് തുടങ്ങിയവരെ വകവരുത്തി സാംസ്‌കാരികരംഗത്തെ എതിർശബ്ദങ്ങളെ അടിച്ചമർത്താനും ഇന്ത്യയുടെ മതേതരത്വത്തിനും ഭരണഘടനാമൂല്യങ്ങൾക്കും ആഘാതമേൽപ്പിക്കാനുമുള്ള സംഘപരിവാർ ഗൂഡാലോചനകളെ തുറന്നുകാട്ടുന്ന വിവേക് (റീസൺ - 2018) തുടങ്ങിയ ചിത്രങ്ങളിലൂടെ ഇന്ത്യയിൽ ഇന്ന് ജനാധിപത്യം, മതേതരത്വം, മനുഷ്യത്വം തുടങ്ങിയ പരികല്പനകൾ നേരിടുന്ന വെല്ലുവിളികളെ അദ്ദേഹം സധൈര്യം തുറന്നുകാട്ടുന്നു. വിദ്വേഷത്തിന്റെ ശക്തികളുയർത്തുന്ന കടുത്ത ഭീഷണികളെ നേരിട്ടുകൊണ്ടാണ് പട്​വർധൻ ചിത്രങ്ങൾ നിർമിക്കുന്നത്.

ഇൻ ദി നെയിം ഓഫ് ഗോഡിലെ അദ്വാനിയുടെ രഥയാത്രാ രംഗം

ഈ വർഷം ഏപ്രിൽ 28 മുതൽ മെയ് 8 വരെ ടൊറൻടോയിൽ നടന്ന ‘ഹോട്ട് ഡോക്ക്‌സ്' ഫെസ്റ്റിവലിൽ ഔട്ട് സ്റ്റാൻഡിങ് അച്ചീവ്‌മെൻറ്​ അവാർഡ് അദ്ദേഹത്തിന് ലഭിച്ചു. നിസ്വാർഥവും നിരന്തരവുമായ സിനിമാ പ്രവർത്തനത്തിലൂടെ ആശയരംഗത്ത് പോരാട്ടം നടത്തുന്ന പട്​വർധന്​ അർഹമായ അംഗീകാരമാണ് ആഗോളതലത്തിലുള്ള ഈ ബഹുമതി. ‘സിനിമ വെറിറ്റെ'യിൽ ഉൾപ്പെടുത്താവുന്ന ഡോക്യുമെന്ററികൾ എന്നതിനപ്പുറം വിശകലനാത്മക ചലച്ചിത്രപ്രബന്ധങ്ങൾ എന്ന് വിശേഷിപ്പിക്കാവുന്നവയാണ് അദ്ദേഹത്തിന്റെ മിക്ക രചനകളും.

ഫൈനൽ സൊലൂഷൻ എന്ന ഒറ്റ ചിത്രം കൊണ്ട് ലോകമെങ്ങും ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് രാകേഷ് ശർമ. 2002-ൽ ഗുജറാത്തിൽ നടന്ന വംശഹത്യയിലൂടെ വെളിപ്പെട്ട ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭീകരമുഖം ചിത്രത്തിലൂടെ ശർമ തുറന്നുകാട്ടി. ചിത്രം നിരോധിക്കപ്പെട്ടു. എന്നാൽ പിന്നീട് ഒറ്റ കട്ടുമില്ലാതെ സെൻസർമാർ അത് പാസാക്കി. ഇന്ത്യയുടെ സ്‌പെഷൽ ജൂറി അവാർഡുൾപ്പെടെ 15 അവാർഡുകൾ നേടിയ ഈ ചിത്രം ഗുജറാത്ത് കലാപത്തിന്റെ ഒരാധികാരിക ചലച്ചിത്രരേഖയാണ്.

2004-ൽ ബോംബെ അന്താരാഷ്ട്ര മേളയിൽ പ്രദർശിപ്പിക്കുന്ന ഡോക്യുമെന്ററികൾ സെൻസർഷിപ്പ് സർട്ടിഫിക്കറ്റ് നേടിയിരിക്കണം എന്ന് വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം ഉത്തരവിറക്കി. രാജ്യത്തെ എല്ലാ ചലച്ചിത്ര പ്രവർത്തകരും ഇതിനെതിരെ ശക്തമായി പൊരുതിയപ്പോൾ അവർ അത് പിൻവലിച്ചു. അപ്പോഴാണ് പട്​വർദ്ധന്റെയും മറ്റും നേതൃത്വത്തിൽ സ്വാതന്ത്ര്യത്തിനായുള്ള സിനിമാ പ്രസ്ഥാനം എന്ന നിലയ്ക്ക് ‘വികല്പ്' ആരംഭിച്ചതും രാജ്യത്തുടനീളം പ്രദർശനങ്ങൾ നടത്തിയതും. ഡിജിറ്റൽ മീഡിയയിലുൾപ്പെടെ ഡോക്യുമെന്ററികൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്താൻ അധികൃതർ ശ്രമിക്കുമ്പോൾ ചലച്ചിത്ര പ്രവർത്തകർ അതിനെ ചെറുക്കുന്നുണ്ട് എന്നതാണ് ആശ്വാസം. സത്യം ജനങ്ങളറിയുന്നത് എങ്ങനെയും തടയുക എന്ന ഭരണകൂടനയമുള്ള കാലത്താണ് നമ്മൾ ജീവിക്കുന്നത്.

2002 ൽ ഗുജറാത്തിൽ നടന്ന വംശഹത്യയിലൂടെ വെളിപ്പെട്ട ഇന്ത്യയിലെ വലതുപക്ഷ രാഷ്ട്രീയത്തിന്റെ ഭീകരമുഖം തുറന്ന് കാണിച്ച രാകേഷ് ശർമയുടെ 'ഫൈനൽ സൊലൂഷൻ' ൽ നിന്ന്

സുമാ ജോസൺ, സായി പരഞ്ജ് പൈ, ശ്രീപ്രകാശ്​, ശിവേന്ദ്രസിങ് ദുംഗാർ പുർ

സുമാ ജോസൺ 2003-ൽ രചിച്ച ഗുജറാത്ത് എ ലബോറട്ടറി ഓഫ് ഹിന്ദു രാഷ്ട്ര, ഫാഷിസം എന്ന ചിത്രം ഗോധ്രക്കുശേഷമുള്ള അക്രമം എങ്ങനെ ഹിന്ദു അബോധത്തിൽപ്പോലും വർഗീയതയും ഫാസിസവും കടത്തിവിട്ടു എന്നന്വേഷിക്കുന്നു. പുരസ്‌കാരം നേടിയ നിയാംഗിരി യു ആർ സ്റ്റിൽ അലൈവ് എന്ന അവരുടെ ലഘു ഡോക്യുമെന്ററി ബോക്‌സൈറ്റ് ഖനനം സൃഷ്ടിക്കുന്ന പരിസ്ഥിതിക-സാമൂഹിക പ്രശ്‌നങ്ങൾ ചിത്രീകരിക്കുന്നു. രഞ്ജൻ പാലിതും വസുധാ ജോഷിയും രചിച്ച വോയ്‌സസ് ഫ്രം ബലിയപാൽ നിർദിഷ്ട മിസൈൽ താവളത്തിനെതിരെ നടന്ന ജനകീയപ്രതിരോധമാണ് പ്രമേയമാക്കിയത്.

ബീഹാർ, ഝാർഖണ്ഡ് കൽക്കരി വ്യവസായ മേഖലയിലെ മനുഷ്യർ നേരിടുന്ന പ്രശ്‌നങ്ങളാണ് ശ്രീപ്രകാശിന്റെ ദി ഫയർ വിതിൻ (2002) എന്ന ചിത്രത്തിലെ പ്രമേയം. യുറേനിയം ഖനനംചെയ്യുന്ന ജാദുഗുഡയിലെ ജനങ്ങൾ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ് ബുദ്ധാ വീപ്പ് സ് ഇൻ ജാദുഗുഡ (1999) എന്ന ചിത്രത്തിലെ പ്രതിപാദ്യം.

ബോക്‌സൈറ്റ് ഖനനം സൃഷ്ടിക്കുന്ന പരിസ്ഥിതിക സാമൂഹിക പ്രശ്‌നങ്ങൾ ചിത്രീകരിക്കുന്ന സുമാ ജോസൺൻറെ 'നിയാംഗിരി യു ആർ സ്റ്റിൽ അലൈവ്' എന്ന ലഘു ഡോക്യുമെന്ററിയിൽ നിന്ന്

ദൂരദർശനിൽ ദീർഘകാലം സേവനം നടത്തിയിരുന്ന സായി പരഞ്ജ് പൈയുടെ അംഗുഠാ ചാപ്, ദിശാ, പപീഹാ, സാസ്, ചകാ ചക് തുടങ്ങിയ ചിത്രങ്ങളും ക്യാപ്റ്റൻ ലക്ഷ്മിയെക്കുറിച്ചുള്ള ചിത്രവും ശ്രദ്ധിക്കപ്പെട്ടവയാണ്. പ്രകാശ് ഝായുടെ ഫേസസ് ആഫ്റ്റർ ദസ്റ്റോം (1984), സോനാൽ (2002), ഗംഗാജൽ (2003), ലോക് നായക് (2004) തുടങ്ങിയ ചിത്രങ്ങളിൽ പലതും ദേശീയ അവാർഡുകൾ നേടിയിട്ടുണ്ട്.

പി.കെ. നായരെക്കുറിച്ച് 2012-ൽ ദി സെല്ലുലോയ്ഡ് മാൻ എന്ന ചിത്രം ചെയ്ത ശിവേന്ദ്രസിങ് ദുംഗാർപുർ എടുത്തുപറയേണ്ട ഒരു പേരാണ്. അവാർഡുകൾ നേടിയ സിനിമകൾ നിർമിക്കുക മാത്രമല്ല, പഴയ ക്ലാസിക്കുകൾ കേടുതീർത്ത് നവീകരിച്ച് സംരക്ഷിച്ചെടുക്കുന്ന പ്രവർത്തനത്തിലും ഏറെ സംഭാവന ചെയ്ത വ്യക്തിയാണദ്ദേഹം. അദ്ദേഹത്തിന്റെ ദി ഇമ്മോർട്ടൽസ് (2015) എന്ന ചിത്രത്തിനും പുരസ്‌കാരം ലഭിച്ചു. തുടർന്ന് പ്രശസ്ത ചെക്ക് സംവിധായകനായ ജെറി മെൻസെലിനെക്കുറിച്ച് നിർമിച്ച ചിത്രം ഏറെ ശ്രദ്ധേയമാണ്- ചെക്ക് മേയ്റ്റ്: ഇൻ സർച്ച് ഒഫ് ജെറി മെൻസൽ. ഏഴു മണിക്കൂർ ദൈർഘ്യമുള്ള (ഇത് IFFK യിൽ പ്രദർശിപ്പിച്ചിരുന്നു) ഈ സിനിമയിൽ വുഡി അലൻ, കെൻ ലോച്, എമിർ കുസ്തുറിക്കാ തുടങ്ങിയ പ്രശസ്തരായ 85 സിനിമാ നിർമാതാക്കൾ, നടന്മാർ, സംവിധായകർ, ചരിത്രകാരന്മാർ എന്നിവരെയൊക്കെ ഇന്റർവ്യൂ ചെയ്യുന്നുണ്ട്. നിരൂപകർ ഏറെ പ്രശംസിച്ച ഒരു ചിത്രമാണിത്.

ജോഷി ജോസഫ്​, ഗോപാൽ മേനോൻ, അമുതൻ, ​ കെ.പി. ശശി

കല്ക്കത്തയിൽ താമസിക്കുന്ന മലയാളിയായ ജോഷി ജോസഫ് സിനിമയ്ക്ക് ആറ് ദേശീയ അവാർഡുകളും സിനിമയെക്കുറിച്ചെഴുതിയതിന് മറ്റൊരു ദേശീയ അവാർഡും വാങ്ങിയ വ്യക്തിയാണ്. ഏറെ ശ്രദ്ധിക്കപ്പെട്ട വൺ ഡെ ഫ്രം എ ഹാങ്മാൻസ് ലൈഫ് (2005), ജേണിയിങ്ങ് വിത് മഹാശ്വേതാദേവി (2009), എ പോയറ്റ് എ സിറ്റി ആൻഡ് എ ഫുട്‌ബോളർ (2015) എന്നിവയുൾപ്പെടെ പന്ത്രണ്ടോളം ചിത്രങ്ങൾ രചിച്ച ജോഷി ജോസഫ് സർഗാത്മകത കൈവിടാത്ത യഥാതഥ ശൈലിയുടെ ഉടമയാണ്.

ആക്റ്റിവിസ്റ്റായ ഡോക്യുമെന്ററി രചയിതാവാണ് ഗോപാൽ മേനോൻ. അക്രമം, ദേശീയത, മതമൗലികവാദം, ഭരണകൂട മർദനം, മനുഷ്യാവകാശം, ജാതി, ലൈംഗികത തുടങ്ങിയ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങളാണ് അദ്ദേഹം എടുത്തിട്ടുള്ളത്. ഹേ റാം. ജനോസൈഡ് ഇൻ ദി ലാൻഡ് ഒഫ് ഗാന്ധി, നാഗാ സ്റ്റോറി ദി അദർ സൈഡ് ഒഫ് സൈലൻസ്, റസിലിയൻറ്​ റിതംസ്, മാർച്ചിങ് ടുവേർഡ്സ് ഫ്രീഡം, ദി അൺ ഹോളി വാർ, പാപാ II എന്നിവ ശ്രദ്ധ നേടിയവയാണ്.

അമുതൻ ആർ.പി / Photo : Amudhan Ramalingam Pushpam, Fb Page

അമുതൻ ആർ.പി. തമിഴ്​നാട്ടിൽ താമസിക്കുന്ന മീഡിയാ ആക്റ്റിവിസ്റ്റും ഡോക്യുമെന്ററി രചയിതാവുമാണ്. പലതവണ അവാർഡുകൾ നേടിയിട്ടുണ്ട്. മറുപക്കം എന്ന പേരിൽ ഒരു മീഡിയാ ആക്റ്റിവിസ്റ്റ് ഗ്രൂപ്പ് സ്ഥാപിച്ചു. മധുരയിൽ 1998 തൊട്ട് അന്താരാഷ്ട്ര ഡോക്യുമെന്ററി ആൻഡ് ഹ്രസ്വ ചലച്ചിത്ര മേള മുടങ്ങാതെ നടത്തുന്നു. ഇരുപതോളം ചിത്രങ്ങൾ രചിച്ചതിൽ ആദ്യ ചിത്രമായ ലീലാവതി (1996), തീട്ടം - ലഘു ഡോക്യുമെന്ററി (2003), റേഡിയേഷൻ സ്റ്റോറീസ് പാർട്ട് I, II, III, തൊടരും നീതിക്കൊലൈകൾ (2010), ഡോളർ സിറ്റി (2015), മൈ കാസ്റ്റ് (2019), എന്നിവ ഏറെ ചർച്ച ചെയ്യപ്പെട്ടവയാണ്. അനീതിക്കെതിരായ സമരമാണ് അമുതന്റെ മുഖ്യ പ്രമേയം. ജനകീയ പ്രസ്ഥാനങ്ങൾക്ക് ഉപയോഗിക്കാവുന്ന ശക്തമായ ഒരു ടൂൾ ആണ് സിനിമ എന്നറിയുന്ന അമുതൻ സമരങ്ങൾക്കൊപ്പം നിൽക്കുന്നു. മറ്റുള്ളവർ അവഗണിക്കുന്നതോ കൈകാര്യം ചെയ്യാനിടയില്ലാത്തതോ ആയ വിഷയങ്ങളെയാണ് താൻ കൈകാര്യം ചെയ്യുക എന്നു പ്രഖ്യാപിച്ച പെരിയാറിന്റെ നിലപാടിനെ അതേപടി ചലച്ചിത്രത്തിൽ താൻ പിന്തുടരുകയാണെന്ന് അമുതൻ പറയുന്നു. സിനിമാ വെറിറ്റേ ശൈലിയിൽ യാഥാർഥ്യങ്ങൾക്കുനേരെ ക്യാമറ പിടിക്കുകയാണ് അമുതന്റെ രീതി.

ഇന്ത്യയിലെ സാമൂഹിക -പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മിക്ക ഡോക്യുമെന്ററി സംവിധായകരും ഒരു ജനകീയ പ്രതിപക്ഷത്തിന്റെ ദൗത്യമാണ് നിറവേറ്റുന്നത്.

ആക്റ്റിവിസ്റ്റും കാർട്ടൂണിസ്റ്റും ചലച്ചിത്രകാരനും എഴുത്തുകാരനുമായ കെ.പി. ശശി ഒട്ടേറെ നല്ല ഡോക്യുമെന്ററികൾ നമുക്ക് നൽകിയിട്ടുണ്ട്. 1987-ൽ നിർമിച്ച ഇൻ ദി നെയിം ഒഫ് മെഡിസിൻ ഔഷധങ്ങളുടെ അപകടസാധ്യതകൾ തുറന്നു കാട്ടുന്നു. ഐ.ആർ.ഇയിൽ നിന്നുള്ള വികിരണ ഭീഷണിയെക്കുറിച്ചാണ് ലിവിങ് ഇൻ ഫിയർ (1986) സംസാരിക്കുന്നത്. എ വാലി റഫ്യൂ സസ് ടു ഡൈ നർമദ അണക്കെട്ടുകൾ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചാണ്.

അബ്ദുന്നാസിർ മഅ്​ദനിക്കും മറ്റുമെതിരെയുള്ള കെട്ടിച്ചമച്ച കേസുകളെക്കുറിച്ച് പ്രതിപാദിക്കുന്ന ഡോക്യുമെൻററിയാണ് കെ. പി ശശിയുടെ 'ഫാബ്രിക്കേറ്റഡ്' ​

വെള്ളം സ്വകാര്യവത്കരിക്കുന്നതിനെതിരെയാണ് ദി സോഴ്‌സ് ഒഫ് ലൈഫ് ഫോർ സെയിൽ. 2005-ലെ റിഡിഫൈനിങ് പീസ്- വിമൻ ലീഡ് ദി വെ സ്ത്രീകളുടെ നേട്ടങ്ങളെ എടുത്തുകാട്ടുന്നു. 2009-ലെ എ ക്ലൈമറ്റ് കോൾ ഫ്രം ദി കോസ്റ്റ് ദക്ഷിണേന്ത്യയിലെ കടലോരനിവാസികൾ നേരിടുന്ന ആഗോളതാപന ഭീഷണികളെക്കുറിച്ചാണ്. 2014-ലെ ഫാബ്രിക്കേറ്റഡ് അബ്ദുന്നാസിർ മഅ്​ദനിക്കും മറ്റുമെതിരെയുള്ള കെട്ടിച്ചമച്ച കേസുകളെക്കുറിച്ചാണ്. ഒറീസയിൽ ഖന്ധമാൽ ജില്ലയിൽ ക്രിസ്തുമതത്തിലേക്ക് മാറിയ ദലിതരും ആദിവാസികളും പരിവാറിൽ നിന്ന്​ നേരിടേണ്ടിവരുന്ന കടുത്ത ക്രൂരതകളാണ് 2016-ലെ വോയ്‌സസ് ഫ്രം ദി റൂയിൻസിലെ പ്രതിപാദ്യം. ലഘുചിത്രങ്ങളും മ്യൂസിക് വീഡിയോകളും ഫീച്ചർ ഫിലിമുകളുയായി ശശിയുടെ ഇനിയും അനേകം ചിത്രങ്ങളുണ്ട്. പുരോഗമനാഭിമുഖ്യവും മർദിതരോടുള്ള സഹഭാവവുമാണ് എല്ലാ ചിത്രങ്ങളുടെയും മുഖമുദ്ര.

ഇന്ത്യയിലെ സാമൂഹിക -പാരിസ്ഥിതിക പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുന്ന മിക്ക ഡോക്യുമെന്ററി സംവിധായകരും ഒരു ജനകീയ പ്രതിപക്ഷത്തിന്റെ ദൗത്യമാണ് നിറവേറ്റുന്നത്. രാഷ്ട്രീയത്തിലെ മുഖ്യധാര ഇനിയും ഗൗരവത്തിലെടുക്കാത്ത പ്രശ്‌നങ്ങളെ അവർ ജനകീയശ്രദ്ധയിൽ കൊണ്ടുവരുന്നു. ജനാധിപത്യത്തിന് ഇത് മഹത്തായ ഒരു സേവനമാണ് എന്ന് എടുത്തുപറയേണ്ടതുണ്ട്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments