രണ്ടുനാലുദിനംകൊണ്ടൊരുത്തനെ
തണ്ടിലേറ്റി നടത്തുന്നതും ഭവാൻ;
മാളികമുകളേറിയ മന്നന്റെ
തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ.
- പൂന്താനം, ‘ജ്ഞാനപ്പാന’.
ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊന്ന് തുറന്നിടുന്നു- ജീവിതസന്ധികളിൽ വഴിമുട്ടുന്ന മനുഷ്യർ കേൾക്കുകയും സ്വയം ആശ്വസിക്കുകയും ചെയ്യുന്നത് ഇങ്ങനെ ചില പ്രതീക്ഷകളിലാവാം. ആ വാതിലടയുന്നത് അക്ഷരാർഥത്തിലാണെങ്കിലോ, അത് അടയ്ക്കുന്ന കൈകൾ എട്ടുവയസ്സുള്ള ഒരു കുരുന്നിന്റേതാണെങ്കിലോ, അടഞ്ഞുപോകുന്നത് അവധിക്കാലത്ത് ആളൊഴിഞ്ഞുകിടക്കുന്ന ഒരു സ്കൂളിലെ ശൗചാലയവാതിലാണെങ്കിൽ, അതിനകത്തു കുടുങ്ങിപ്പോകുന്നത് നാടു മുഴുവൻ ഭയക്കുന്ന ഒരു ഗുണ്ടയാണെങ്കിൽ എന്തു സംഭവിക്കും?
ബാലാജി തരണീധരൻ രചനയും സംവിധാനവും നിർവഹിച്ച്, വിജയ് സേതുപതിയും ലിജോമോൾ ജോസും മാസ്റ്റർ സായ് പൃഥ്വിരാജും മുഖ്യവേഷങ്ങളിലെത്തി, 2026 ഒക്ടോബർ ഒന്നിനു തിയേറ്ററുകളിലെത്തിയ 'ബത്ത' എന്ന തമിഴ് ചലച്ചിത്രം ഈ ചോദ്യത്തിനു നൽകുന്ന ഉത്തരം ഒറ്റനോട്ടത്തിൽ ഒരു തമാശക്കഥയായി തോന്നാമെങ്കിലും, ഉള്ളിലേക്കിറങ്ങുന്തോറും ഭക്തിപാരമ്പര്യങ്ങൾ നൂറ്റാണ്ടുകളായി ഉരുവിട്ടുപോരുന്ന ഒരു ദൈവസങ്കല്പത്തിന്റെ ചലച്ചിത്രഭാഷ്യമായി അത് വളർന്നുപന്തലിക്കുന്നതു കാണാം.
1986-ലെ വടക്കൻ മദ്രാസാണ് കഥയുടെ പശ്ചാത്തലം. പരീക്ഷയുടെ അവസാനദിനം ടീച്ചർ പിടിച്ചുവാങ്ങിയ തന്റെ പ്രിയപ്പെട്ട കളിപ്പാട്ടം തിരികെയെടുക്കാൻ രാത്രി സ്കൂളിലെത്തുന്ന ശബരി എന്ന കുട്ടി അറിയാതെ ബത്തയെ ശൗചാലയത്തിനുള്ളിൽ പൂട്ടിപ്പോകുന്നു. ബത്തയെപ്പറ്റി ഭയപ്പെടുത്തുന്ന നിരവധി കഥകളാണ് അക്കാലങ്ങളിൽ സഹപാഠികൾ അവനോട് പറഞ്ഞിരുന്നത്. ബത്തയുടെ കോപം അവൻ നേരിട്ട് കണ്ടിട്ടുമുണ്ട്. അങ്ങനെയിരിക്കെ വാതിലിനപ്പുറത്തുനിന്നു മുഴങ്ങുന്ന ഭീഷണികൾ കേൾക്കുമ്പോൾ സ്വാഭാവികമായും ഭയന്നോടുന്ന അവൻ പിന്നെ എട്ടു ദിവസത്തേക്ക് ആ വാതിൽ തുറക്കാൻ ധൈര്യപ്പെടുന്നില്ല.

വാതിലിനടിയിലെ വിടവിലൂടെ അവൻ നീക്കിവയ്ക്കുന്ന റസ്ക് മാത്രമാണ് അകത്തുള്ള ബത്തയുടെ ആഹാരം. യഥാർഥത്തിൽ ശബരി എന്ന ആ കുട്ടി, ബത്തയുടെ ഭാര്യ കന്നിമ കൈകൂപ്പി കുമ്പിടുന്ന ‘സാമി’തന്നെയാണ്. 'ബത്ത' എന്ന ചലച്ചിത്രം ആ സങ്കല്പത്തെ ഭാഗികമായല്ല, നൂറു ശതമാനവും ശരിവയ്ക്കുന്നുമുണ്ട്. രക്ഷിക്കാൻവേണ്ടി വേദനിപ്പിക്കുകയും ആശ്വസിപ്പിക്കാൻവേണ്ടി കഷ്ടപ്പെടുത്തുകയും ചെയ്യുന്ന ദൈവം എന്ന സങ്കൽപ്പത്തിനുമപ്പുറം, 'എല്ലാം നല്ലതിന്' എന്ന തോന്നൽ ബത്തയിലും പ്രേക്ഷകരിലും ഉളവാക്കാൻ ഈ ചിത്രത്തിന് സാധിക്കുന്നു.
വാതിലിനു മുമ്പുള്ള മനുഷ്യൻ
നിസ്സാരകാര്യങ്ങൾക്ക് തല്ലുണ്ടാക്കുകയും ചാരായം വാറ്റിവിൽക്കുകയും, തന്റെ ഭാര്യയോടും മകളോടും ക്രൂരമായി ഇടപെടുകയും ചെയ്യുന്ന, എൺപതുകളിലെ മദ്രാസിന്റെ തെരുവുകൾ അടക്കിവാഴുന്ന ഒരു ഗുണ്ടയായാണ് ബത്തയെ ചിത്രം പരിചയപ്പെടുത്തുന്നത്. സ്കൂൾകുട്ടികൾക്കിടയിൽ അയാളെക്കുറിച്ചുള്ള കഥകൾ പെരുകുന്നത് യാഥാർഥ്യത്തിന്റെയും കെട്ടുകഥയുടെയും അതിരുകൾ ഭേദിച്ചാണ്. ഈ അതിരുകടക്കൽ വളർത്തുസിംഹവുമായി തെരുവിലിറങ്ങിനടക്കുന്ന ബത്തയെ കണ്ടവരുണ്ടെന്നതുവരെ നീളുന്നു. ശൗചാലയത്തിൽ കുടുങ്ങുന്നതിനു മുമ്പുതന്നെ ബത്ത ഒരു തടവിലായിരുന്നു. താൻതന്നെ പണിതുയർത്തിയ, ഭയത്തിന്റെ കല്ലുകൾ കൊണ്ടു കെട്ടിയ, പുറത്തേക്കു വാതിലില്ലാത്ത ഒരു പ്രതിച്ഛായയുടെ തടവിൽ.
ബാലാജി തരണീധരന്റെ തിരക്കഥ പേരുകളിൽപ്പോലും ഈ ദൈവസങ്കല്പത്തിന്റെ വിത്തുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നു സംശയിക്കാൻ ന്യായമുണ്ട്. ബത്ത എന്നത് ‘ബത്തവച്ചലം’ എന്ന പേരിന്റെ ചുരുക്കമാണ്; തമിഴ്നാട്ടിൽ സുപരിചിതമായ 'ഭക്തവത്സലം' എന്ന പേരിന്റെ തത്ഭവരൂപമാണിത്.
വീട്ടിലും അയാൾ താൻ സൃഷ്ടിച്ച ആ തടവറയുടെ കാവൽക്കാരനാണ്. ഭാര്യ കന്നിമയും മകൾ തേന്മൊഴിയും അയാളെ സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്യുമ്പോഴും അവരിൽനിന്ന് അയാൾ അകന്നുനിൽക്കുന്നു. ബത്തയുടെ മുൻകോപത്താൽ കന്നിമയുടെ ജീവിതത്തിൽ അനുദിനം ദുഖങ്ങൾ കടന്നുവരുന്നു. അവളുടെ സ്നേഹം അടിമത്തമല്ല, ഒരു കാത്തിരിപ്പാണ്; ആ കാത്തിരിപ്പിന്റെ ഭാഷയാണ് ഈ ചിത്രത്തിന്റെ ഭാഷ. ഭർത്താവിനെ തിരുത്താൻ സ്വന്തം കൈകൾക്കു കഴിയാത്തിടത്ത് അവൾ ആ കൈകൾ കൂപ്പുന്നുണ്ട്. തനിക്കു തുറക്കാനാവാത്ത ഒരു ഹൃദയത്തിന്റെ വാതിൽ തുറക്കാൻ അവൾ ദൈവത്തെ വിളിക്കുന്നു. ആ വിളിക്ക് ചിത്രം നൽകുന്ന ഉത്തരത്തിന് ഒരു എട്ടുവയസ്സുകാരന്റെ മുഖമാണ്.

പേരുകളിലെ
പ്രതിഷ്ഠാമാറ്റം
ബാലാജി തരണീധരന്റെ തിരക്കഥ പേരുകളിൽപ്പോലും ഈ ദൈവസങ്കല്പത്തിന്റെ വിത്തുകൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നു സംശയിക്കാൻ ന്യായമുണ്ട്. ബത്ത എന്നത് ‘ബത്തവച്ചലം’ എന്ന പേരിന്റെ ചുരുക്കമാണ്; തമിഴ്നാട്ടിൽ സുപരിചിതമായ 'ഭക്തവത്സലം' എന്ന പേരിന്റെ തത്ഭവരൂപമാണിത്. ഭക്തരോട് വാത്സല്യമുള്ള ദേവന്മാർക്ക്, പ്രത്യേകിച്ച് വിഷ്ണുവിനും ശ്രീരാമനും ചാർത്തപ്പെടുന്ന ഒരു വിശേഷണം. കുട്ടിയുടെ പേരാകട്ടെ ‘ശബരി’; വാല്മീകിരാമായണത്തിലെ ആരണ്യകാണ്ഡത്തിൽ, മാതംഗമുനിയുടെ ആശ്രമത്തിൽ രാമനെ കാത്ത് ആയുസ്സു മുഴുവൻ തപസ്സിരുന്ന വേടസ്ത്രീയുടെ പേര്; രാമൻ വന്നുചേർന്നപ്പോൾ പമ്പാതീരത്തുനിന്നു ശേഖരിച്ച കാട്ടുപഴങ്ങൾ ഓരോന്നും കടിച്ചുനോക്കി മധുരമുറപ്പിച്ചുവച്ചത് നിവേദിച്ച ഭക്തയുടെ പേര്. രാമായണത്തിൽ ഭക്തവത്സലൻ ദൈവവും ശബരി ഭക്തയുമാണ്; നിവേദ്യം ഭക്തയുടെ കൈയിൽനിന്ന് ദൈവത്തിന്റെ കൈയിലേക്കാണ് ഒഴുകുന്നത്.
സ്വന്തം അത്താഴത്തിനു മുന്നിലിരിക്കുമ്പോഴും ഒരപരിചിതന്റെ വിശപ്പിനെക്കുറിച്ച് ഓർക്കുന്ന, അനുതാപം നിറഞ്ഞ കുട്ടിയായാണ് ശബരിയെ ചിത്രം രൂപപ്പെടുത്തുന്നത്.
'ബത്ത'യുടെ ആദ്യപകുതി ഈ ക്രമം അതേപടി ആവർത്തിക്കുന്നു: ശബരി എന്ന കുട്ടി വാതിലിനടിയിലെ വിടവിലൂടെ റസ്ക് നീക്കിവച്ച്, ഭക്തവത്സലൻ എന്നു പേരുള്ളവനെ ഊട്ടുന്നു. എന്നാൽ ചലച്ചിത്രം അവിടെ അവസാനിക്കുന്നില്ല. അടച്ച കതക് തുറക്കുന്ന ക്ഷണം മുതൽ നിവേദ്യത്തിന്റെ ദിശ തിരിയുന്നു; ദൈവത്തിന്റെ പേരുള്ളവൻ ഭക്തനായി മാറി, ഭക്തയുടെ പേരുള്ള കുട്ടിക്കു മുന്നിൽ പഴം നീട്ടുന്നു. ഒരു ജ്ഞാനപ്പഴത്തിന്റെ പേരിൽ പിണങ്ങി പഴനിമലയിലേക്കു കയറിപ്പോയ ബാലമുരുകന്റെ കഥ ഉള്ളിൽ പേറുന്ന തമിഴ്മണ്ണിൽ, ഒരു കുട്ടിക്കു മുന്നിൽ ഒരു മുതിർന്നയാൾ സ്നേഹത്തോടെ പഴം നേദിക്കുന്ന ഈ കാഴ്ച കേവലമൊരു വാത്സല്യരംഗമല്ല, പ്രതിഷ്ഠ മാറിയതിന്റെ പ്രഖ്യാപനമാണ്.

ശബരി ഇനി ഭക്തയല്ല, ആരാധനാമൂർത്തിയാണ്; ഭക്തവത്സലൻ ഇനി ദൈവമല്ല, ദൈവത്തെ കണ്ടെത്തിയ ഭക്തനാണ്. കാലമാണ് മനുഷ്യരെ ദൈവങ്ങളാക്കുന്നതെന്ന സൂക്ഷ്മധ്വനി ഇതിൽ ഒളിഞ്ഞുകിടക്കുന്നു.
മലയാളിക്ക് ഈ പ്രതിഷ്ഠാമാറ്റം ഒട്ടും അപരിചിതമല്ല. ഭക്തയുടെ പേരു പേറുന്ന ഒരു മലയിലാണ് നമ്മുടെ നാട്ടിലെ ഏറ്റവും ജനകീയനായ ദൈവം കുടികൊള്ളുന്നത്; ആ മലയിലേക്കുള്ള കാനനപാതയിൽ ശബരി തപസ്സിരുന്നുവെന്നു വിശ്വസിക്കപ്പെടുന്ന ശബരീപീഠമുണ്ട്; പതിനെട്ടാംപടി കയറിയെത്തുന്ന ഭക്തൻ ശ്രീകോവിലിനു മുന്നിൽ വായിക്കുന്നത് 'തത്വമസി' (അതു നീ തന്നെയാകുന്നു) എന്ന മഹാവാക്യമാണ്. ഭക്തരെയും ദൈവത്തെയും 'സ്വാമി' എന്ന ഒരേ വിളിയിൽ ലയിപ്പിക്കുന്ന ആ പാരമ്പര്യത്തിന്റെ കണ്ണിലൂടെ നോക്കുമ്പോൾ, ഭക്തയുടെ പേരുള്ള ഒരു കുട്ടി ദൈവമായിത്തീരുന്നതിൽ അസ്വാഭാവികതയൊന്നുമില്ല; അതാണ് ഏറ്റവും സ്വാഭാവികമായ പരിണതി.
ആ എട്ടു ദിവസങ്ങളെ ഒരു വ്രതകാലമായി വായിക്കാൻ ചിത്രംതന്നെ നമ്മെ ക്ഷണിക്കുന്നുണ്ട്. ആദ്യ ദിവസം ഷർട്ട്, പിന്നെ ബനിയൻ- ബത്ത അവ ഓരോന്നായി ഊരിമാറ്റുന്നത് പഴയ സ്വത്വം പൊഴിച്ചുകളയുന്നതിന്റെ ദൃശ്യപ്രതീകമായി സംവിധായകൻ വിന്യസിക്കുന്നു
ഉണ്ണിയായി വരുന്ന ദൈവം
ദൈവം കുട്ടിയുടെ രൂപത്തിൽ ഇറങ്ങിവരുന്നത് ദക്ഷിണേന്ത്യൻ ഭക്തിഭാവനയുടെ ഏറ്റവും പ്രിയപ്പെട്ട സങ്കല്പങ്ങളിലൊന്നാണ്. ഈ ഉണ്ണിദൈവങ്ങൾക്കെല്ലാം ഒരു പൊതുസ്വഭാവമുണ്ട്. അവർ ആരെയും ഭയപ്പെടുത്താൻ ഒരുങ്ങുന്നില്ല, എന്നാൽ അവരുടെ കളികൾക്കിടയിൽ മുതിർന്നവരുടെ അഹന്ത അറിയാതെ ഉടഞ്ഞുപോകുന്നു.
ശബരിയും അങ്ങനെയൊരു ഉണ്ണിയാണ്. അവൻ ബത്തയെ പൂട്ടിയിടുന്നത് ശിക്ഷിക്കാനുള്ള ആസൂത്രണത്തോടെയല്ല; കളഞ്ഞുപോയ ഒരു കളിപ്പാട്ടം തിരയുന്നതിനിടയിലെ നിഷ്കളങ്കമായ ഒരു ചെയ്തിയാണത്. പക്ഷേ, ദൈവത്തിന്റെ ലീലകൾ എന്നും അങ്ങനെയായിരുന്നല്ലോ ഒരു കളിയിൽനിന്നാണ് ഒരു ജീവിതത്തിന്റെ ഗതി മാറുന്നത്. സ്വന്തം അത്താഴത്തിനു മുന്നിലിരിക്കുമ്പോഴും ഒരപരിചിതന്റെ വിശപ്പിനെക്കുറിച്ച് ഓർക്കുന്ന, അനുതാപം നിറഞ്ഞ കുട്ടിയായാണ് ശബരിയെ ചിത്രം രൂപപ്പെടുത്തുന്നത്. ഭക്തന്റെ വിശപ്പറിയുന്ന ദൈവത്തെക്കുറിച്ചുള്ള നമ്മുടെ സങ്കല്പത്തിന് ഇതിനെക്കാൾ ലളിതമായ ഒരു ദൃശ്യഭാഷ്യം കണ്ടെത്താൻ പ്രയാസമാണ്.

ഈ ദൈവം എവിടെനിന്നു വരുന്നു എന്നതും ശ്രദ്ധേയമാണ്. ഡോക്ക്യാർഡിലെ തൊഴിലാളിയായ തിരുനാവുക്കരശിന്റെയും സെൽവിയുടെയും മകനാണ് ശബരി; വരുമാനം ഇടത്തരമെങ്കിലും സ്നേഹം നിറഞ്ഞുതുളുമ്പുന്ന ഒരു വീട്. ദൈവം കൊട്ടാരങ്ങളിലല്ല, ഇടുങ്ങിയ വീടുകളിലാണ് പിറക്കുന്നതെന്ന് പല മതങ്ങളുടെയും കഥകൾ ഒരുപോലെ പറഞ്ഞിട്ടുണ്ട്. മറ്റുള്ളവരെ തനിക്കു മുന്നിൽ നിർത്താൻ ബത്തയെ പഠിപ്പിക്കുന്നത് ഈ അച്ഛനാണ്; ആ അച്ഛന്റെ പേരിനുള്ളിൽ ഈ ചിത്രത്തിന്റെ ദൈവശാസ്ത്രത്തിലേക്കുള്ള ഒരു താക്കോൽ ഒളിഞ്ഞിരിപ്പുണ്ട്.
എട്ടു രാപ്പകലുകളുടെ വ്രതം
'രണ്ടുനാലുദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ' എന്നു പാടുമ്പോൾ ഏതാനും ദിവസങ്ങൾ എന്ന അർഥത്തിലാണ് പൂന്താനം 'രണ്ടുനാലു' എന്നു പ്രയോഗിച്ചത്; 'ബത്ത' ആ കാവ്യപ്രയോഗത്തെ ഗുണിച്ച് എട്ടാക്കി എണ്ണിത്തീർക്കുന്നു എന്നു പറഞ്ഞാൽ അതൊരു അതിശയോക്തി മാത്രമാവില്ല. ഒരാളെ പല്ലക്കിലേറ്റുന്നതും മാളികമുകളിലിരിക്കുന്ന മന്നന്റെ തോളിൽ ഭാണ്ഡം കയറ്റുന്നതും ഒരേ കൈയാണെന്ന ജ്ഞാനപ്പാനയുടെ ദർശനമാണ് ആ എട്ടു ദിവസങ്ങളിൽ ചുരുളഴിയുന്നത്. വടക്കൻ മദ്രാസിന്റെ തെരുവുകളിലെ കിരീടമില്ലാത്ത രാജാവ്, സ്കൂൾ അവധിയായതിനാൽ ഒരാൾപോലും കേൾക്കാനില്ലാത്ത ആക്രോശങ്ങളും നിലവിളികളുമായി ഒരു ശൗചാലയത്തിന്റെ നാലു ചുമരുകൾക്കുള്ളിൽ ഒറ്റയ്ക്കാകുന്നു.
ആ എട്ടു ദിവസങ്ങളെ ഒരു വ്രതകാലമായി വായിക്കാൻ ചിത്രംതന്നെ നമ്മെ ക്ഷണിക്കുന്നുണ്ട്. ആദ്യ ദിവസം ഷർട്ട്, പിന്നെ ബനിയൻ- ബത്ത അവ ഓരോന്നായി ഊരിമാറ്റുന്നത് പഴയ സ്വത്വം പൊഴിച്ചുകളയുന്നതിന്റെ ദൃശ്യപ്രതീകമായി സംവിധായകൻ വിന്യസിക്കുന്നു; ദിവസങ്ങൾ കടന്നുപോകുന്തോറും അയാളുടെ കോപവും ആക്രമണോത്സുകതയും അയഞ്ഞുതുടങ്ങുന്നുവെന്ന് കാണാൻ സാധിക്കും.

ശബരിമലയ്ക്കു പോകുന്ന ഭക്തൻ 41 ദിവസത്തെ മണ്ഡലവ്രതത്തിൽ ശീലിക്കുന്നതെന്തൊക്കെയാണോ- അൽപാഹാരം, ഏകാന്തത, ആഡംബരങ്ങളുടെ ഉപേക്ഷ, അഹന്തയുടെ ഉരിഞ്ഞുമാറ്റൽ, അതെല്ലാം എട്ടു ദിവസത്തിലേക്കു ചുരുക്കി ബത്തയുടെ മേൽ നിർബന്ധപൂർവം അടിച്ചേൽപ്പിക്കപ്പെടുന്നു. വാതിലിനടിയിലൂടെ എത്തുന്ന റസ്കാണ് അയാളുടെ വ്രതാഹാരം; പുറത്തുനിന്നു പൂട്ടിയ ആ വാതിലാണ് അയാളുടെ പതിനെട്ടാംപടി.
ഭീഷണികളിൽനിന്ന് യാചനകളിലേക്കും, യാചനകളിൽനിന്ന് ഇനിയൊരിക്കലും കുടുംബത്തെ കാണാനാവില്ലെന്ന ഭീതിയിലെ പൊട്ടിക്കരച്ചിലിലേക്കും ബത്ത ഇറങ്ങിവരുന്ന ആ യാത്രയാണ് ചിത്രത്തിന്റെ ആത്മീയകേന്ദ്രം; വെറും റസ്ക് തിന്നു ജീവൻ നിലനിർത്തുന്നതിനിടയിൽ ഭാര്യയുടെ യഥാർഥ മൂല്യം അയാൾ തിരിച്ചറിയുന്ന നിമിഷങ്ങൾക്ക് ഒരു നല്ല നോവലിന്റെ ആഴമുണ്ടെന്ന് 'ഡെക്കാൻ ക്രോണിക്കിൾ' എഴുതുന്നുണ്ട്. താൻ എന്തായിത്തീർന്നിരിക്കുന്നു എന്ന് ഒറ്റയ്ക്കിരുന്ന് വിചാരണ ചെയ്യാൻ ആ ഏകാന്തത അയാളെ നിർബന്ധിക്കുന്നു; ആ വിചാരണയുടെ ഒടുവിൽ തന്നോടുതന്നെ അയാൾക്ക് അറപ്പു തോന്നുന്നു.
ഇരുപത്തിനാലു മണിക്കൂറും പുറംലോകത്തിന്റെ ആരവങ്ങൾക്കിടയിൽ ജീവിച്ച ഒരാൾ ജീവിതത്തിൽ ആദ്യമായി സ്വന്തം ഉള്ളിന്റെ ശബ്ദം കേൾക്കുന്നു. പൂട്ടിയിട്ട ആ ശൗചാലയം, അയാൾക്കു തിന്നാൻ കിട്ടുന്ന റസ്ക് പോലെ അയാളുടെ അഹന്ത പൊടിഞ്ഞുതകരാൻ ഏറ്റവും പറ്റിയ ഇടമായിരുന്നുവെന്ന സുഭ ജെ. റാവുവിന്റെ നിരീക്ഷണത്തിൽ ഒരു ദാർശനികസത്യം ഒളിഞ്ഞിരിപ്പുണ്ട്. ശരീരം അതിന്റെ മാലിന്യം ഉപേക്ഷിക്കുന്ന ഇടത്തുതന്നെ മനസ്സ് അതിന്റെ മാലിന്യവും ഉപേക്ഷിക്കുന്നു; സമൂഹം ഏറ്റവും നിന്ദ്യമെന്നു കരുതുന്ന ഒരു മുറി, ഒരു മനുഷ്യന്റെ പുനർജന്മത്തിനുള്ള ഗർഭഗൃഹമായി മാറുന്നു.
വേദനിപ്പിക്കുന്ന ദൈവം
ഇവിടെയാണ് ശബരിയുടെ അച്ഛന്റെ പേര് അർഥപൂർണമാകുന്നത്. ഏഴാം നൂറ്റാണ്ടിലെ ശൈവഭക്തകവിയായ തിരുനാവുക്കരശർ, ‘അപ്പർ’ എന്ന പേരിൽ പ്രസിദ്ധൻ, യൗവനത്തിൽ കുലമാർഗം ഉപേക്ഷിച്ച് ജൈനസന്ന്യാസിയായി മാറിയപ്പോൾ, സഹോദരി തിലകവതിയാർ തിരുവതികൈയിലെ ശിവസന്നിധിയിൽ സഹോദരന്റെ മടക്കത്തിനായി മുട്ടിപ്പായി പ്രാർഥിച്ചുവെന്നും, ആ പ്രാർഥനയ്ക്ക് ശിവൻ നൽകിയ ഉത്തരം ഒരു ചികിത്സയ്ക്കും വഴങ്ങാത്ത കഠിനമായ വയറുവേദനയായിരുന്നുവെന്നും, വേദനയിൽ പുളഞ്ഞ് സഹോദരിയുടെ അടുക്കലേക്കു മടങ്ങിയെത്തിയ അദ്ദേഹം അവിടെനിന്ന് തമിഴിലെ ഏറ്റവും വലിയ ഭക്തകവികളിലൊരാളായി പുനർജനിച്ചുവെന്നും സേക്കിഴാരുടെ പെരിയപുരാണം പറയുന്നു.

ഒരു സ്ത്രീയുടെ പ്രാർഥന, ദൈവം അയയ്ക്കുന്ന വേദന, ആ വേദനയിലൂടെയുള്ള മടക്കം. തമിഴ് ഭക്തിയുടെ ഈ ആദിമാതൃക 'ബത്ത'യിൽ അതേ ക്രമത്തിൽ ആവർത്തിക്കപ്പെടുന്നു. തിലകവതിയാരുടെ സ്ഥാനത്ത് കന്നിമ; ശൂലനോവിന്റെ സ്ഥാനത്ത് എട്ടു ദിവസത്തെ തടവ്; തിരുവതികൈയുടെ സ്ഥാനത്ത് വടക്കൻ മദ്രാസിലെ ഒരു വിദ്യാലയം. ആ പുരാവൃത്തത്തിന്റെ ഓർമ പേറുന്ന പേരുള്ള ഒരച്ഛൻ ബത്തയെ അപരനെ മുന്നിൽ നിർത്താൻ പഠിപ്പിക്കുമ്പോൾ ഈ ചലച്ചിത്രം ഒരു പുരാതന ദൈവശാസ്ത്രത്തിന്റെ പുതിയ പാരായണമായി മാറുന്നു.
തടവിൽനിന്നു പുറത്തുവരുന്ന ബത്ത ഒരാളല്ല, മൂന്നു പേരാണ്. ഒരു ഭർത്താവ്, ഒരച്ഛൻ, ഒരു സാമൂഹികജീവി. ആ എട്ടു ദിവസങ്ങളിൽ ബത്ത സ്വയം വിലയിരുത്തുകയും, യാതൊരു പശ്ചാത്താപവുമില്ലാതെ താൻ തല്ലിച്ചതച്ചിരുന്ന ഭാര്യയെ വിലമതിക്കാൻ തുടങ്ങുകയും ചെയ്യുന്നു.
ഭാഗവതത്തിലെ കുന്തീസ്തുതി ഈ ദൈവശാസ്ത്രത്തെ ഏറ്റവും ധീരമായി ആവിഷ്കരിക്കുന്നുണ്ട്: 'വിപദഃ സന്തു താഃ ശശ്വത് തത്ര തത്ര ജഗദ്ഗുരോ', ലോകഗുരുവേ, ആപത്തുകൾ എന്നും ഉണ്ടാകട്ടെ, കാരണം അവയിലൂടെയാണ് അങ്ങയെ ദർശിക്കാനാവുന്നത് എന്നാണ് കുന്തിയുടെ പ്രാർഥന. വേദനയെ ദൈവസാന്നിധ്യത്തിലേക്കുള്ള വാതിലായി കാണുന്ന ആ ദർശനം, നമ്മുടെ നാട്ടുകഥകളിൽ 'എല്ലാം നല്ലതിന്' എന്ന് എപ്പോഴും ഉരുവിടുന്ന ഒരു മന്ത്രിയുടെ രൂപത്തിൽ ലളിതമാകുന്നു. വിരലറ്റ രാജാവിനോടും അതുതന്നെ പറഞ്ഞതിന് തടവിലാക്കപ്പെട്ട മന്ത്രി, വേട്ടയ്ക്കിടെ നരബലിക്കായി പിടിക്കപ്പെട്ട രാജാവ് അംഗഭംഗം വന്നവനെന്ന കാരണത്താൽ ബലിക്കു യോഗ്യനല്ലാതെ മോചിതനായപ്പോഴും, തടവിലായിരുന്നതുകൊണ്ടുമാത്രം രാജാവിനൊപ്പം ഇല്ലാതിരുന്ന താൻ ബലിമൃഗമാകാതെ രക്ഷപ്പെട്ടപ്പോഴും ആ വാക്യം ആവർത്തിച്ചതിന്റെ കഥ കേൾക്കാത്തവർ കുറവാണ്. 'ബത്ത'യിലെ എട്ടു ദിവസങ്ങൾ ആ കഥയുടെ ചലച്ചിത്രപ്പകർപ്പാണ്, ഒറ്റനോട്ടത്തിൽ ദുരന്തമെന്നു തോന്നുന്ന തടവ്, ഒരു ജീവിതത്തെ അല്ല, ഒരു കുടുംബത്തെയാകെ രക്ഷിക്കുന്ന അനുഗ്രഹമായി പിന്നീടു തിരിച്ചറിയപ്പെടുന്നു.

എന്നാൽ ഈ ദൈവശാസ്ത്രത്തിന്റെ ഏറ്റവും സൂക്ഷ്മമായ നീതിബോധം വെളിപ്പെടുന്നത്, വേദന ആരുടെ മേലാണ് പതിക്കുന്നത് എന്നിടത്താണ്. കന്നിമയോട് ഇനിയും സഹിക്കാൻ ആവശ്യപ്പെടുന്ന ഒരു ദൈവമല്ല ശബരി; സഹനത്തെ സ്ത്രീയുടെ ആഭരണമായി വാഴ്ത്തിയ പഴയ കുടുംബചിത്രങ്ങളുടെ വഴിയല്ല 'ബത്ത'യുടേത്. ആ വീട്ടിലെ വേദനയുടെ ഉറവിടത്തെയാണ് ഈ ദൈവം പൂട്ടിയിടുന്നത്; പീഡനം ഏറ്റുവാങ്ങിയവളെയല്ല, പീഡിപ്പിച്ചവനെയാണ് അഗ്നിപരീക്ഷയ്ക്കു വിധേയനാക്കുന്നത്. രാമായണത്തിൽ അഗ്നിയിലിറങ്ങേണ്ടിവന്നത് സീതയായിരുന്നു; ഈ ചിത്രത്തിൽ അഗ്നിപരീക്ഷ നേരിടുന്നത് പുരുഷനാണ്. ഭർത്താവിനെ കാണാതായ എട്ടു രാപ്പകലുകൾ കന്നിമയ്ക്കും എളുപ്പമായിരുന്നിരിക്കില്ല എന്നതു ശരിതന്നെ; പക്ഷേ, ആശ്വസിപ്പിക്കാൻവേണ്ടി കഷ്ടപ്പെടുത്തുന്ന ദൈവത്തിന്റെ കണക്കുപുസ്തകത്തിൽ, ആ എട്ടു രാത്രികളുടെ ആധി ഒരു ജീവിതകാലത്തെ സമാധാനത്തിനു കൊടുക്കേണ്ടിവന്ന വിലയാണ്.
ബത്ത എന്തിനാണ് അടച്ചിട്ട ആ സ്കൂളിലേക്കു വന്നത് എന്ന ചോദ്യം ചിത്രത്തിലുടനീളം ഒരു നിഗൂഢതയായി തൂങ്ങിനിൽക്കുന്നു. അതിന്റെ ഉത്തരം സംവിധായകൻ അവസാനത്തേക്കു കാത്തുവയ്ക്കുന്നു.
ഈ ദൈവത്തിന്റെ മറ്റൊരു സവിശേഷത, അവൻ സ്വയം വേദനിക്കുന്നു എന്നതാണ്. ആകാശത്തിരുന്ന് നിർവികാരമായി വിധിയെഴുതുന്ന ദൈവമല്ല ശബരി. മാരകമായ ഭയത്തിനും, ഒരു മനുഷ്യനെ അയാളുടെ കുടുംബത്തിൽനിന്ന് അകറ്റിനിർത്തുന്നതിന്റെ കുറ്റബോധത്തിനും ഇടയിൽ കീറിമുറിയുന്ന ഒരു കുഞ്ഞുമനസ്സാണ് അവന്റേത്. ആ തടവ് ബത്തയെപ്പോലെതന്നെ ശബരിയെയും ആഴത്തിൽ മുറിവേൽപ്പിക്കുന്നു. ശിക്ഷിക്കുന്നവൻ ശിക്ഷയുടെ ഭാരം സ്വന്തം ചുമലിലും ഏറ്റുന്നു; ലോകത്തിന്റെ വേദന ദൈവം സ്വന്തം നെഞ്ചിലും ഏറ്റുവാങ്ങുന്നു എന്ന, മതാതീതമായ ഭക്തിസങ്കല്പത്തിന്റെ ഏറ്റവും മനുഷ്യമായ ആവിഷ്കാരമാണിത്.
മൂന്നു പിറവികൾ
തടവിൽനിന്നു പുറത്തുവരുന്ന ബത്ത ഒരാളല്ല, മൂന്നു പേരാണ്. ഒരു ഭർത്താവ്, ഒരച്ഛൻ, ഒരു സാമൂഹികജീവി. ആ എട്ടു ദിവസങ്ങളിൽ ബത്ത സ്വയം വിലയിരുത്തുകയും, യാതൊരു പശ്ചാത്താപവുമില്ലാതെ താൻ തല്ലിച്ചതച്ചിരുന്ന ഭാര്യയെ വിലമതിക്കാൻ തുടങ്ങുകയും ചെയ്യുന്നു. ഒറ്റരാത്രികൊണ്ടുള്ള മാനസാന്തരമായല്ല, താൻ നിസ്സാരമായി കണ്ടിരുന്ന ബന്ധങ്ങളുടെ മൂല്യം പതുക്കെ വീണ്ടെടുക്കുന്ന ഒരു പ്രക്രിയയായാണ് ചിത്രം ഈ മാറ്റത്തെ ആവിഷ്കരിക്കുന്നത്. ദൈവികമായ ഇടപെടലുകൾ മിന്നൽപ്പിണരുകളല്ല, ഇടമുറിയാതെ പെയ്യുന്ന മഴയാണെന്ന് ഭക്തിപാരമ്പര്യങ്ങൾക്ക് പണ്ടേ അറിയാമായിരുന്നു.
അച്ഛനായുള്ള ബത്തയുടെ പിറവിക്ക് ഒരിരട്ടമുഖമുണ്ട്. കുട്ടിക്കാലത്ത് തനിക്കു കിട്ടാതെപോയതും ശബരിയുടെ അച്ഛനു വാങ്ങിക്കൊടുക്കാൻ കഴിയാത്തതുമെല്ലാം ആ കുട്ടിക്കു നൽകുന്ന ബത്തയെ ചിത്രം കാണിക്കുന്നു. ഇവിടെ ഈ വായന അതിന്റെ ഏറ്റവും ആഴമേറിയ തലത്തിലേക്കു കടക്കുന്നു. വലിയൊരു സമൂഹം ഏൽപ്പിച്ച ബാല്യകാല അപമാനങ്ങളും അതൃപ്തികളുമാണ് ബത്തയെ ചാരായം വാറ്റുന്ന ഗുണ്ടയായി രൂപപ്പെടുത്തിയതെന്ന് ചിത്രം സൂചിപ്പിക്കുന്നുണ്ട്. അങ്ങനെയെങ്കിൽ ശബരിയുടെ മുന്നിൽ നിൽക്കുമ്പോൾ ബത്ത കാണുന്നത് മറ്റൊരു കുട്ടിയെയല്ല; സമൂഹം മുറിവേൽപ്പിക്കുന്നതിനു മുമ്പുള്ള തന്നെത്തന്നെയാണ്. ‘തത്ത്വമസി’ അതു നീ തന്നെയാകുന്നുവെന്ന സുന്ദരമായ സങ്കല്പം. സ്വന്തം ബാല്യത്തെ വീണ്ടെടുത്ത ഒരാൾക്കേ സ്വന്തം മകൾ തേന്മൊഴിക്ക് യഥാർഥ അച്ഛനാകാൻ കഴിയൂ.

സാമൂഹികജീവിയായുള്ള പിറവി ചിത്രത്തിന്റെ അവസാനരംഗത്ത് മുദ്രചാർത്തപ്പെടുന്നു. ഒരു ക്രൂരമായ സംഘട്ടനത്തോടെ തുടങ്ങിയ ചിത്രം ഒരു പാട്ടിലാണ് അവസാനിക്കുന്നത്. ബത്ത പാടുമ്പോൾ ഭാര്യയും മകളും നാട്ടുകാരും പരിഹസിക്കാതെ, ഇടയ്ക്കു കയറാതെ കേട്ടിരിക്കുന്നു. ഒരിക്കൽ തന്നെ അന്യനാക്കി നിർത്തിയ സമൂഹം അയാളെ ഏറ്റുവാങ്ങുന്നതിന്റെ മുദ്രയായാണ് ആ രംഗത്തെ വിലയിരുത്തേണ്ടത്. ഭീഷണികൾ മാത്രം മുഴങ്ങിയിരുന്ന ഒരു തൊണ്ടയിൽനിന്ന് പാട്ട് ഉയരുന്നു; ഭയംകൊണ്ട് ആളുകളെ അകറ്റിനിർത്തിയിരുന്ന ഒരാൾക്കു ചുറ്റും ആളുകൾ സ്നേഹത്തോടെ വന്നിരിക്കുന്നു. കൈയൂക്കിൽ തുടങ്ങി സ്നേഹത്തിൽ അവസാനിക്കുന്ന ഈ യാത്രയിൽനിന്നാണ് ഒരു സാമൂഹികജീവി പിറക്കുന്നത്.
ശബരിക്കു മാത്രം അറിയാവുന്ന ഉത്തരം
ബത്ത എന്തിനാണ് അടച്ചിട്ട ആ സ്കൂളിലേക്കു വന്നത് എന്ന ചോദ്യം ചിത്രത്തിലുടനീളം ഒരു നിഗൂഢതയായി തൂങ്ങിനിൽക്കുന്നു. അതിന്റെ ഉത്തരം സംവിധായകൻ അവസാനത്തേക്കു കാത്തുവയ്ക്കുന്നു. ആ ഉത്തരം അറിയുന്നതോടെ നാം ബത്തയെ പുതുക്കിയ അനുകമ്പയോടെ നോക്കിത്തുടങ്ങുന്നു. ആളുകളും അയാളുടെ ചെയ്തികളും ചാർത്തിക്കൊടുത്ത പ്രതിച്ഛായയിലല്ല, ബത്ത എന്ന വ്യക്തിയിലാണ് ശബരി അപ്പോഴേക്കും മനസ്സർപ്പിച്ചിരിക്കുന്നത്; അവന് ആ മനുഷ്യനെ ഇഷ്ടമാണ്. ഇത് ദൈവത്തിന്റെ നോട്ടമല്ലാതെ മറ്റെന്താണ്? ലോകം നമ്മെ നമ്മുടെ പ്രതിച്ഛായയിലൂടെ കാണുന്നു; ദൈവം മാത്രം പ്രതിച്ഛായയ്ക്കപ്പുറത്തുള്ള മനുഷ്യനെ കാണുന്നു. ഓരോ ഹൃദയത്തിന്റെയും ഉള്ളറിയുന്നവനെ നമ്മുടെ പാരമ്പര്യം അന്തര്യാമി എന്നു വിളിച്ചു. ഈ ചിത്രത്തിൽ ആ അന്തര്യാമി ഒരു എട്ടുവയസ്സുകാരനാണ്; ഒരു മനുഷ്യന്റെ ഏറ്റവും രഹസ്യമായ 'എന്തുകൊണ്ട്' എന്നതിന്നുത്തരം അവൻ മാത്രം അറിയുന്നു, അവൻ മാത്രം സൂക്ഷിക്കുന്നു.
വാതിൽ പൂട്ടിയത് താനാണെന്ന് ശബരി ബത്തയോട് ഏറ്റുപറയുന്ന രംഗം ചിത്രത്തിലെ ഏറ്റവും മികച്ച മുഹൂർത്തങ്ങളിലൊന്നാണ് . ഭക്തിയുടെ ഭാഷയിൽ അതൊരു സ്വരൂപദർശനത്തിന്റെ നിമിഷമാണ് വേഷം മാറിവന്ന ദൈവം ഒടുവിൽ സ്വയം വെളിപ്പെടുത്തുന്ന നിമിഷം. അർജുനന്റെ അഹന്ത ശമിപ്പിക്കാൻ കിരാതവേഷത്തിൽ വന്ന് പോരാടി, ഗാണ്ഡീവധാരിയെ നിലംപരിശാക്കി, ഒടുവിൽ ശിവനായി സ്വയം വെളിപ്പെട്ട് പാശുപതാസ്ത്രം നൽകിയ കഥ നമ്മുടെ കഥകളിയരങ്ങുകളിലും തുള്ളൽവേദികളിലും എത്രയോ തവണ ആടിയിട്ടുള്ളതാണ്. തോൽപ്പിച്ചവൻതന്നെ അനുഗ്രഹിക്കുന്നു; വേദനിപ്പിച്ചവൻതന്നെ വരം നൽകുന്നു. ബത്തയെ പൂട്ടിയിട്ട കുട്ടിതന്നെ അയാൾക്കു പുതിയൊരു ജീവിതം വരമായി നൽകുന്നു.

വാതിൽ തുറക്കുന്നത് അകത്തുനിന്ന്
2018-ലെ 'സീതക്കാതി'ക്കു ശേഷം എട്ടു വർഷത്തെ ഇടവേള കഴിഞ്ഞാണ് ബാലാജി തരണീധരൻ 'ബത്ത'യുമായി എത്തുന്നത് എന്നത് കൗതുകകരമായ യാദൃച്ഛികതയാകാം; എട്ടു വർഷത്തെ മൗനത്തിനുശേഷം ഒരു സംവിധായകൻ നമ്മോടു പറഞ്ഞത് എട്ടു ദിവസത്തെ മൗനത്തിന്റെ കഥയാണ്. ചിത്രത്തിന്റെ ആദ്യപകുതിക്ക് താളപ്പിഴകളുണ്ടെന്നും ചിലയിടങ്ങളിൽ പശ്ചാത്തലസംഗീതം അതിരുകടക്കുന്നുവെന്നും നിരൂപകർ ചൂണ്ടിക്കാട്ടിയിട്ടുള്ളത് മറച്ചുവയ്ക്കേണ്ടതില്ല; പക്ഷേ, ഒരു ചലച്ചിത്രത്തിന്റെ ദർശനം അതിന്റെ സാങ്കേതികമായ ഏറ്റക്കുറച്ചിലുകളെ അതിജീവിക്കുന്നത്, അതിന്റെ അസാധ്യമായ കഥപറച്ചിൽ ഒന്നുകൊണ്ടുമാത്രമാണ്.
ഒരു വാതിൽ അടയ്ക്കുമ്പോൾ മറ്റൊന്നു തുറക്കുമെന്ന ശുഭപ്രതീക്ഷയുടെ ആ ഒരൊറ്റ വരിയിലേക്ക് മടങ്ങിവന്നാൽ, 'ബത്ത' അതിനെ ഒരു പടികൂടി മുന്നോട്ടു കൊണ്ടുപോകുന്നുവെന്നു പറയേണ്ടിവരും. ശബരി പുറത്തുനിന്ന് ഒരു വാതിൽ അടച്ചു, ബത്ത അകത്തുനിന്ന് മറ്റൊന്നു തുറന്നു : സ്വന്തം വീടിന്റെ, സ്വന്തം ഹൃദയത്തിന്റെ, താൻ മറന്നുപോയ ബാല്യത്തിന്റെ വാതിൽ. പ്രപഞ്ചം നമുക്കായി വാതിൽ തുറന്നുതരികയല്ല, സ്വയം തുറക്കാൻ നമ്മെ പ്രാപ്തരാക്കുകയാണ് ചെയ്യുന്നത്. കന്നിമയുടെ കൂപ്പുകൈകൾക്കു ലഭിച്ച ഉത്തരം ആകാശത്തുനിന്നിറങ്ങിവന്ന ഒരത്ഭുതമായിരുന്നില്ല; ഒരു ഡോക്ക്യാർഡ് തൊഴിലാളിയുടെ വീട്ടിൽനിന്ന്, കളഞ്ഞുപോയ ഒരു കളിപ്പാട്ടം തിരഞ്ഞിറങ്ങിയ ഒരു കുട്ടിയായിരുന്നു. ആ കുട്ടി തിരഞ്ഞുപോയത് സ്വന്തം കളിപ്പാട്ടമായിരുന്നു; അവൻ കണ്ടെടുത്തുകൊടുത്തത് ഒരു സ്ത്രീയുടെ നഷ്ടപ്പെട്ട ഭർത്താവിനെയും, ഒരു കുട്ടിയുടെ നഷ്ടപ്പെട്ട അച്ഛനെയും, ഒരു മനുഷ്യന്റെ നഷ്ടപ്പെട്ട മനുഷ്യത്വത്തെയുമായിരുന്നു.
രണ്ടുനാലു ദിനംകൊണ്ട് ഒരുത്തനെ തണ്ടിലേറ്റുന്നതും മാളികമുകളേറിയ മന്നന്റെ തോളിൽ മാറാപ്പു കയറ്റുന്നതും ഭവാനാണെന്നു പാടിയ പൂന്താനം 'ബത്ത' കണ്ടിരുന്നെങ്കിൽ, ആ 'ഭവാന്' ഒരു എട്ടുവയസ്സുകാരന്റെ മുഖം നൽകാൻ ഒട്ടും മടിക്കുമായിരുന്നില്ല. അല്ലെങ്കിലൊരുപക്ഷെ അദ്ദേഹത്തിന്റെ ‘ഭവാന്’ ആ കുഞ്ഞിന്റെ രൂപമായിരുന്നിരിക്കാം. 'എല്ലാം നല്ലതിന്' എന്നത് ആശ്വാസവാക്കു മാത്രമല്ലെന്നും, എട്ടു രാപ്പകലുകൾ പുറത്തുനിന്നടഞ്ഞുകിടന്ന ഒരു വാതിലിന്റെ സാക്ഷ്യമാണെന്നും ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു.
