‘‘Dyin' ain't much of a living, boy''
The Outlaw Josey Wales, 1976
‘ക്ലാസ് ഈസ് പെർമെനന്റ്' എന്നാണല്ലോ. ക്ലാസുള്ള കലയും കലാകാരന്മാരും കാലാതിവർത്തിയായിരിക്കും. മാറിക്കൊണ്ടിരിക്കുന്ന ഭാവുകത്വങ്ങളെ അതിജീവിക്കും. അത്തരം കലാകാരന്മാരെ പ്രായം തളർത്തുകയില്ല. 2020 മേയ് 31ന് തൊണ്ണൂറു വയസ്സു തികഞ്ഞ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ നോക്കുക. അദ്ദേഹത്തിന് ഇപ്പോഴും തരക്കേടില്ലാത്ത സിനിമകളെടുക്കാനും, ഈ കാലഘട്ടത്തിലും ഔട്ട്‌ഡേറ്റഡ് ആകാതെ നിലനിൽക്കാനും സാധിക്കുന്നു.
തൊണ്ണൂറു വയസ്സിലും സ്വഭാവദാർഢ്യമോ ആർജവമോ നഷ്ടപ്പെടാതെ സിനിമയിൽ അഭിനയിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്ത എത്ര പേരുണ്ടാവും? അങ്ങനെ ചെയ്ത് വിജയിക്കുന്നവരോ? ഇത്തരത്തിൽ വിലയിരുത്തുമ്പോൾ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ വിശിഷ്ടമായ കരിയർ, സിനിമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിഭാസമാണെന്നു കാണാം. 1955ൽ, ഇരുപത്തിയഞ്ചാം വയസ്സിൽ ടെലിവിഷൻ പരമ്പരകളിലൂടെ അരങ്ങേറിയ അദ്ദേഹം ഇന്നും സജീവമായി സിനിമാലോകത്തുണ്ട്. 65 വർഷമായി തുടരുന്ന കലാജീവിതം! 70ൽ പരം ആക്ടിങ് ക്രെഡിറ്റുകൾ, 42 സ്റ്റാറിംഗ് റോളുകൾ, സംവിധാനം ചെയ്തത് 38 ഫീച്ചർ സിനിമകൾ! ലോകമെമ്പാടുമുള്ള തലമുറകളിലെ പ്രേക്ഷകരിൽ മാറ്റമില്ലാതെ ആവേശമുണർത്തുന്നു അദ്ദേഹം.
കാരിക്കാമുറി ഷൺമുഖൻ
കുട്ടിക്കാലത്തിന്റെ നിറമുള്ള ഓർമകൾ അധികവും സിനിമ കാണലിനെ ചുറ്റിപ്പറ്റിയാണ്. ടി.വിയിലും, വാരാന്ത്യങ്ങളിൽ കുടുംബസമേതം തിയേറ്ററിലും, വീഡിയോ റെന്റൽ കടയിൽ നിന്ന് വി.സി.ഡി വാടകയ്‌ക്കെടുത്തുമൊക്കെ സിനിമ കാണും. മിക്കവാറും മലയാളം. വല്ലപ്പോഴും തമിഴും ഹിന്ദിയും. പിന്നീട് കേബിൾ ടി.വി വന്നപ്പോൾ വീട്ടിലിരുന്ന് കാഴ്ച. ദൂരദർശനിലെ പരിമിതമായ സിനിമാസാദ്ധ്യതയ്ക്കു പുറമേ സ്റ്റാർ മൂവീസും എച്ച്.ബി.ഒയും വിളമ്പിയ ഹോളിവുഡ് സമൃദ്ധി പരിചയിച്ചു. ഹോങ്‌കോങ് മാർഷ്യൽ ആർട്‌സ് സിനിമകളും വരുമായിരുന്നു. ജാക്കി ചാൻ, ബ്രൂസ് ലീ, സിൽവസ്റ്റർ സ്റ്റലോൺ, യാൻ ക്ലോഡ് വാൻ ഡെം, ആർനോൾഡ് ഷ്വാർസ്‌നെഗർ, ചക്ക് നോറിസ് തുടങ്ങിയ ആക്ഷൻ ലെജൻഡുകളുടെ പടങ്ങളാണ് കൂടുതലും കാണുക. കിരൺ ടി.വിക്കാരുടെ മലയാളം ഡബ്ബിങ് പരിപാടിയുമുണ്ട്. ബ്രൂസ് വില്ലിസിന്റെ ചില പടങ്ങളൊക്കെ അങ്ങനെ വിവർത്തനത്തിൽ വന്നത് ബഹുരസമായിരുന്നു. അങ്ങനെയിരിക്കെയാണ് സീ സ്റ്റുഡിയോ എന്ന ചാനലിൽ ‘ദ ഗുഡ്, ദ ബാഡ് & ദ അഗ്ലി' വന്നത്. അതൊരു ഇൻസ്റ്റന്റ് ഫേവറിറ്റ് ആവുകയായിരുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡിനെ ആദ്യമായി കാണുകയാണ്. ക്രെഡിറ്റ്‌സ് റോൾ ചെയ്ത് അദ്ദേഹത്തിന്റെ പേരെഴുതിക്കാട്ടിയപ്പോൾ മമ്മൂട്ടിയെയാണ് ഓർത്തത്. കാരണം, ‘ക്ലിന്റ് ഈസ്റ്റ്‌വുഡാ നമ്മുടെ ഹീറോ’യെന്ന കാരിക്കാമുറി ഷൺമുഖന്റെ വാചകം ഡേവിസൺ തിയറ്ററിലെ ഡി.ടി.എസ് ശബ്ദത്തിൽ മനസ്സിൽ
ഗംഭീരശബ്ദവും, ശരീരഭാഷയും, ചടുലനീക്കങ്ങളുമെല്ലാം ചേർന്നുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മജിസ്റ്റീരിയലായ സാന്നിദ്ധ്യത്തോടൊപ്പം സിനിമയുടെ രംഗപശ്ചാത്തലങ്ങളും, പശ്ചാത്തല സംഗീതവും, മഞ്ഞച്ച വർണരാശിയും ചേർന്ന് സവിശേഷമായ ഒരനുഭൂതി ജനിപ്പിക്കുന്നുണ്ടായിരുന്നു
പതിഞ്ഞുകിടപ്പുണ്ടായിരുന്നു. (‘ഡേവിസൺ' ഇന്നില്ല. ‘ബ്ലാക്കി'നു പുറമേ ‘പ്രജാപതി', വെസ്റ്റേൺ മുദ്രകളെ അനുകരിച്ച ‘ജോണി വാക്കർ' എന്നീ മമ്മൂട്ടി ചിത്രങ്ങളിലും ഈസ്റ്റ്‌വുഡ് പരാമർശങ്ങളുണ്ടെങ്കിലും ഓർമയിൽ തങ്ങിനിന്നില്ല. ബ്ലാക്കിലെയും പ്രജാപതിയിലെയും റഫറൻസുകൾ പിന്നീട് അരസികമായിത്തോന്നി) ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സ്‌ക്രീൻ പ്രസൻസ് ഒന്നു മാത്രം മതിയായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാൻ. പരുക്കൻ മുഖഭാവവും, അതിനു യോജിച്ച ഗംഭീരശബ്ദവും, ശരീരഭാഷയും, ചടുലനീക്കങ്ങളുമെല്ലാം ചേർന്നുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മജിസ്റ്റീരിയലായ സാന്നിദ്ധ്യത്തോടൊപ്പം സിനിമയുടെ രംഗപശ്ചാത്തലങ്ങളും, ഗംഭീരമായ പശ്ചാത്തല സംഗീതവും, മഞ്ഞച്ച വർണരാശിയും ചേർന്ന് സവിശേഷമായ ഒരനുഭൂതി ജനിപ്പിക്കുന്നുണ്ടായിരുന്നു. അന്നത്തെ ആക്ഷൻ ഹീറോ ആരാധനാമൂർത്തികളിൽ നിന്നും, അവർ അവതരിപ്പിച്ചിരുന്ന സൂപ്പർമാൻ പരിവേഷമുള്ള കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തനായിരുന്നു ബ്ലോണ്ടിയും, ബ്ലോണ്ടിയുടെ രൂപത്തിൽ അവതരിച്ച ഈസ്റ്റ്‌വുഡും; തിരിച്ചറിയാവുന്ന ഒരു ക്ലാസ്. ഹാരിസൺ ഫോർഡിന്റെ ഇൻഡ്യാനാ ജോൺസ്, സ്റ്റലോണിന്റെ ജോൺ റാമ്പോ എന്നിങ്ങനെയുള്ള ഇഷ്ട കഥാപാത്രങ്ങളുടെ ശ്രേണിയിൽ ബ്ലോണ്ടി ഒന്നാമനായി. കൃശഗാത്രനായ, ചുണ്ടത്ത് സദാ ചുരുട്ടെരിയുന്ന, തോക്കു കൊണ്ട് കാര്യം പറയുന്ന കൗബോയ്. വെസ്റ്റേൺ എന്ന അതിമനോഹരമായ ജോണർ എനിക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു ആ പടം. വെസ്റ്റേൺ, വിശിഷ്യാ സ്പഗെറ്റി വെസ്റ്റേൺ ആണ് ഇപ്പോഴും സിനിമയിലെ ഫേവറിറ്റ് ജോണർ. ഏറ്റവും പ്രിയപ്പെട്ട പടം ഗുഡ് ബാഡ് അഗ്ലി തന്നെ. അത് ലോകത്തിലെ ഏറ്റവും വെൽ ഡിരക്റ്റഡായ മൂവികളിലൊന്നാണെന്ന് സാക്ഷാൽ ക്വന്റിൻ ടരന്റിനോ. അദ്ദേഹത്തിന്റെ ഓൾ ടൈം ഫേവറിറ്റുകളിലൊന്നാണത്.
പ്രതിനായകൻ
പിന്നീട് ഈസ്റ്റ്‌വുഡിന്റെ പടങ്ങൾക്കായി നോക്കിയിരുന്നെങ്കിലും ഒന്നും വന്നില്ല. സിഡി ഷോപ്പിൽ അന്വേഷിച്ചപ്പോൾ പേരിലെ സമാനത കൊണ്ട് സെയിൽസ്മാൻ ‘ദ ഗുഡ്, ദ ബാഡ്, ദ വിയേഡ്' എന്നൊരു പടമെടുത്തു നീട്ടി. അത് ആയിടയ്ക്കിറങ്ങിയ ഒരു കൊറിയൻ സിനിമയായിരുന്നു. (ഗുഡ് ബാഡ് അഗ്ലിയിൽ നിന്ന് ഇൻസ്പയേഡായ കിം ജീ വൂണിന്റെ ആ പടം പിന്നീട് കുറച്ചു കാലം കഴിഞ്ഞാണ് കണ്ടത്.) സെർജോ ലിയോണെയുടെ ‘മാൻ വിത്ത് നോ നെയിം' ട്രിളജി അഥവാ ഡോളേഴ്‌സ് ട്രിളജിയിലെ ‘എ ഫിസ്റ്റ്ഫുൾ ഓഫ് ഡോളേഴ്‌സ്', ‘ഫോർ എ ഫ്യൂ ഡോളേഴ്‌സ് മോർ' എന്നീ മറ്റു ചിത്രങ്ങൾ പന്ത്രണ്ടാം ക്ലാസുകാലത്താണ് കാണുന്നത്. അപ്പോഴേക്കും വൈൽഡ് വെസ്റ്റിന്റെ ലോകത്തിലേക്ക് ഗാഢമായി ആകർഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
അകിര കുറോസാവയുടെ ‘യൊജിമ്പോ'യിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് ലിയോണെ സൃഷ്ടിച്ച ഈസ്റ്റ്‌വുഡിന്റ പേരില്ലാത്ത അപരിചിതൻ ഒരു മെക്‌സിക്കൻ ഗ്രാമത്തിലെത്തി അവിടെ വിഹരിക്കുന്ന ഔട്ട്‌ലോകളെ വെല്ലുവിളിക്കും. തോക്കു കൊണ്ട് ചടുലമായ അഭ്യാസങ്ങൾ കാണിക്കും. ഒരു ഘട്ടത്തിൽ എതിരാളികളുടെ കയ്യിലകപ്പെടും. എന്നാൽ ഏതു ശത്രുപാളയത്തിൽ നിന്ന് അയാൾ രക്ഷപ്പെടുക തന്നെ ചെയ്യും. മരണത്തിന്റെ വക്കിൽ നിന്നും തിരിച്ചു വന്ന് അയാൾ ശത്രുക്കളെ നേരിട്ട് വിജയം കൈവരിക്കും. പിന്നീടു വന്ന ‘ഹൈ പ്ലെയ്ൻസ് ഡ്രിഫ്റ്ററി'ലെ ‘അജ്ഞാതനി'ലും, ‘പെയ്ൽ റൈഡറി'ലെ ‘പ്രീച്ചറി'ലും ലിയോണെ സൃഷ്ടിച്ച ആർക്കിടൈപ്പൽ ആന്റിഹീറോയായ ‘നോ നെയിം'കാരന്റെ ഭൂതാവേഷമുണ്ട്. ആയിടയ്ക്കു തന്നെ എച്ച്.ബി.ഓയിലോ മറ്റോ വൂൾഫ്ഗാംഗ് പീറ്റേഴ്‌സൺ സംവിധാനം ചെയ്ത ‘ഇൻ ദ ലൈൻ ഓഫ് ഫയർ' കണ്ടു. അതിലെ സീക്രട്ട് സർവീസ് ഏജന്റായ ഫ്രാങ്ക് ഹൊറിഗൻ, ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച ഒരു മെമറബിൾ കഥാപാത്രമാണ്.
സെർജോ ലിയോണെയുടെ സംവിധാനമികവും, എന്നിയോ മോറിക്കോണെയുടെ ഐക്കോണിക് ആയ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെ താരപദവിയുറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു
‘റോഹൈഡ്' എന്ന ടിവി സീരീസിലൂടെയാണ് ഈസ്റ്റ്‌വുഡ് ശ്രദ്ധേയനായിത്തീർന്നത്. തുടർന്ന് ഡോളേഴ്‌സ് ട്രിളജിയുടെ വിജയത്തിലൂടെ സിനിമാലോകത്ത് ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. സെർജോ ലിയോണെയുടെ സംവിധാനമികവും, എന്നിയോ മോറിക്കോണെയുടെ ഐക്കോണിക് ആയ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെ താരപദവിയുറപ്പിക്കുന്നതിൽ വലിയ പങ്കുവഹിച്ചു. പോട്‌ബോയ്‌ലർ നിലവാരത്തിൽ നിർമ്മിക്കപ്പെട്ടിരുന്ന ഇറ്റാലിയൻ വെസ്റ്റേണിൽ അതുവരെ ഇല്ലാതിരുന്ന ഒരു ക്ലാസ് സന്നിവേശിപ്പിക്കുകയായിരുന്നു ലിയോണെയും മോറിക്കോണെയും ചേർന്ന്. സ്പഗെറ്റി വെസ്റ്റേൺ ജോണറിന്റെ ലാൻഡ്മാർക്കായി മാറി ആ സിനിമകൾ. അമേരിക്കൻ ഓൾഡ് വെസ്റ്റ് സങ്കൽപങ്ങളെയും അവ തിരുത്തിക്കുറിച്ചു. എക്‌സ്ട്രീം ക്ലോസപ്പിൽ ഈസ്റ്റ്‌വുഡിന്റെ ‘സ്റ്റോൺ കോൾഡ്' തുറിച്ചുനോട്ടം ഉദ്വേഗജനകമായിത്തീരുന്നത് മേയസ്‌ട്രോയുടെ എപ്പിക് മാനമുള്ള പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ്. നീഡിൽ ഡ്രോപ്പ് നിശ്ശബ്ദതയുടെ ഒരു മാത്രയിൽ പൊടുന്നനെ വെടിയുതിർക്കപ്പെടുമ്പോൾ പ്രേക്ഷകൻ സ്തബ്ധനായിത്തീരുന്നു. നിലംപതിച്ചത് വില്ലനാണെന്ന് കാണുമ്പോൾ മാത്രമാണ് അടക്കിപ്പിടിച്ച ശ്വാസം നേരേ വീഴുക. ഗുഡ് ബാഡ് അഗ്ലിയിലെ മെക്‌സിക്കൻ സ്റ്റാൻഡോഫ് ഇത്തരത്തിൽ ലോകസിനിമയിലെ ഏറ്റവും ഉദ്വേഗഭരിതമായ മുഹൂർത്തങ്ങളിലൊന്നാണ്.
ഡോളേഴ്‌സ് ട്രിളജിക്കു ശേഷം ലിയോണെയുടെ സിനിമകളിലൊന്നും ഈസ്റ്റ്‌വുഡ് അഭിനയിച്ചിട്ടില്ല. ലിയോണെയുടെ വിട്ടുവീഴ്ചയില്ലാത്ത പെർഫെക്ഷനിസ്റ്റ് സമ്പ്രദായങ്ങളും, എളുപ്പം ക്ഷോഭിക്കുന്ന സ്വഭാവസവിശേഷതയും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ‘വൺസ് അപ്പോൺ എ ടൈം ഇൻ ദ വെസ്റ്റി'ലെ ഹാർമോണിക്കയുടെ റോൾ ചെയ്യാനുള്ള ഓഫർ അദ്ദേഹം നിരസിച്ചപ്പോഴാണ് ചാൾസ് ബ്രോൻസണെ കാസ്റ്റ് ചെയ്തത്. (ആ റോൾ ഈസ്റ്റ്‌വുഡ് തന്നെ ചെയ്തിരുന്നെങ്കിൽ! എരിയുന്ന സിഗാറിനു പകരം ചുണ്ടുകൾക്കിടയിൽ സദാ ഹാർമോണിക്ക കൊണ്ടു നടക്കുന്ന ക്ലിന്റ്!) പിന്നീട് റോബർട് ഡെ നിറോയുമായി താരതമ്യം ചെയ്ത് ഈസ്റ്റ്‌വുഡിന്റെ അഭിനയശൈലിയെ ആക്ഷേപിച്ചിട്ടുമുണ്ട് ലിയോണെ. മാർബിൾ പ്രതിമ കണക്ക് ഭവരഹിതനായ നടനെന്നാണ് ലിയോണെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സിനിമകളിലൊന്നും സംഗീതം ചെയ്യാൻ സാധിക്കാഞ്ഞതിൽ മോറിക്കോണെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സെർജോ ലിയോണെയുമായുള്ള സുഹൃദ്ബന്ധത്തെ വിലമതിക്കുന്നതിനാലാന് അദ്ദേഹം ഈസ്റ്റ്‌വുഡിനോട് നോ പറഞ്ഞതത്രേ.
ഡോൺ സീഗൽ സംവിധാനം ചെയ്ത ‘ഡേർട്ടി ഹാരി'യാണ് അതിനു ശേഷം കണ്ട ഈസ്റ്റ്‌വുഡ് പടം. സിസ്റ്റത്തെ അനുസരിക്കാത്ത ധിക്കാരിയായ പൊലീസ് ഓഫീസർ എന്ന ടിപ്പിക്കൽ നായകസങ്കല്പത്തിന്റെ ഏറ്റവും ശക്തമായ ആദിപ്രരൂപമാണ് ഇൻസ്‌പെക്ടർ ഹാരി കലഹാൻ. അജ്ഞാതനാമാവായ ബൗണ്ടി ഹണ്ടറിന് മോറിക്കോണെയുടെ ബി.ജി.എം എന്ന പോലെത്തന്നെ അനുയോജ്യമാണ്, ‘സ്‌കോർപിയോ കില്ലർ' എന്ന പരമ്പരക്കൊലയാളിയെ അന്വേഷിക്കുന്ന ഔട്‌സ്‌പോക്കൺ ഡിറ്റക്ടീവിന്റെ പശ്ചാത്തലത്തിന് ലാലൊ ഷിഫ്രിൻ ഒരുക്കിയ സംഗീതം. സിനിമയുടെ തുടക്കവും ഒടുക്കവും ഒരുപോലെ ഗംഭീരമാണ്; ക്രൈം സീൻ പരിശോധിക്കാൻ വരുന്ന ഓപ്പണിംഗ് ടൈറ്റിൽസ് രംഗം തൊട്ട് പൊലീസ് ബാഡ്ജ് വെള്ളത്തിലെറിയുന്ന ഫൈനൽ ഷോട്ട് വരെ ഈസ്റ്റ്‌വുഡ് സെൻസേഷണലായി നിറഞ്ഞു നിൽക്കുകയാണ് സ്‌ക്രീനിൽ. ‘ഡേർട്ടി ഹാരി'യ്ക്ക് 'മാഗ്‌നം ഫോഴ്‌സ്'(1973), ‘ദ എൻഫോഴ്‌സർ'(1976), ‘സഡൺ ഇംപാക്റ്റ്'(1983, ഈസ്റ്റ്വുഡ് തന്നെ സംവിധാനം നിർവ്വഹിച്ചത്), ‘ദ ഡെഡ് പൂൾ'(1988) എന്നിങ്ങനെ നാല് സീക്വലുകളുണ്ടായി. അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിന്റെ മഹത്തരമായ നൂറ് സിനിമാ കഥാപാത്രങ്ങളുടെ പട്ടികയിൽ പതിനേഴാം സ്ഥാനമാണ് ഹാരി കലഹാന്. എ.എഫ്.ഐയുടെ തന്നെ മഹത്തരമായ നൂറ് മൂവി ക്വോട്ടുകളിൽ രണ്ടെണ്ണം ഡേർട്ടി ഹാരി ഫ്രാഞ്ചൈസിൽ നിന്നുമാണ്; ‘സഡൺ ഇംപാക്റ്റി'ലെ ' ‘Go ahead, make my day.' ‘ആറാം സ്ഥാനത്തും, ‘ഡേർട്ടി ഹാരി'യിലെ ' ‘You've got to ask yourself one question: ‘Do I feel lucky?' ‘ Well, do you, punk?' അമ്പത്തൊന്നാം സ്ഥാനത്തും. പിൽക്കാല ഹോളിവുഡ് പൊലീസ് ചിത്രങ്ങളുടെ ശൈലി തന്നെ നിശ്ചയിച്ച, ലോകസിനിമയിലെ എക്കാലത്തെയും ഐക്കോണിക് ആയ സൃഷ്ടിയാണ് ഡേർട്ടി ഹാരി. കൗബോയ് എന്ന പോലെ അദ്ദേഹം കൂടെക്കൂടെ അവതരിപ്പിച്ചിട്ടുള്ളത് ഇത്തരം പൊലീസ്, ഹോമിസൈഡ് ഡിറ്റക്ടീവ് കഥാപാത്രങ്ങളെയാണ്. ഹാറ്റ് നിഴലിടുന്ന, ചുണ്ടിൽ സിഗാറെരിയുന്ന മുഖമുള്ള കൗബോയ് കഴിഞ്ഞാൽ അദ്ദേഹത്തെ ഏറ്റവും സ്‌പെക്റ്റകുലറായി തോന്നിയിട്ടുള്ളതും ഇങ്ങനെയുള്ള റോളുകളിൽത്തന്നെ. തോക്ക് കൈകാര്യം ചെയ്യുന്ന രംഗങ്ങളും, അതേപ്പറ്റിയുള്ള ത്രസിപ്പിക്കുന്ന സംഭാഷണങ്ങളും കൂടുതൽ കാണുമെന്ന പൊതുസവിശേഷതയും മറ്റൊരു ആകർഷണമാണ്. പരമ്പരാഗതമായ ഹീറോയിക് ഗുണങ്ങൾ പുലർത്താത്ത ഇത്തരം ‘ആൻറിഹീറോ' കഥാപാത്രങ്ങളാണ് അദ്ദേഹത്തെ മാസ്‌കുലിനിറ്റിയുടെ ഐക്കണാക്കിയതും.
‘അൺഫോർഗിവൻ'
സെർജോ ലിയോണെയ്ക്കു ശേഷം ഈസ്റ്റ്‌വുഡിന്റ കരിയർ രൂപപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ച സംവിധായകനായിരുന്നു ഡോൺ സീഗൽ. ‘ഡേർട്ടി ഹാരി' കൂടാതെ 'കൂഗൻസ് ബ്ലഫ്', ‘റ്റ്വു മ്യൂൾസ് ഫോർ സിസ്റ്റർ സാറ', ‘ദ ബിഗ്വയൽഡ്', ‘എസ്‌കേപ് ഫ്രം ആൽകട്രാസ്' എന്നീ ഈസ്റ്റ്‌വുഡ് സ്റ്റാറിംഗ് സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഈസ്റ്റ്‌വുഡിനെ ഫിലിംമേക്കറാക്കിയതിൽ സീഗലുമായുള്ള സൗഹൃദത്തിന് വലിയ സ്വാധീനവുമുണ്ട്. തന്റെ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിർവ്വഹിച്ച ബ്രൂസ് സർട്ടീസിനെ അദ്ദേഹം പരിചയപ്പെടുന്നതും സീഗൽ വഴിയാണ്.
പിൽക്കാല ഹോളിവുഡ് പൊലീസ് ചിത്രങ്ങളുടെ ശൈലി തന്നെ നിശ്ചയിച്ച, ലോകസിനിമയിലെ എക്കാലത്തെയും ഐക്കോണിക് ആയ സൃഷ്ടിയാണ് ഡേർട്ടി ഹാരി
സ്പഗെറ്റി വെസ്റ്റേണിന്റെ ആചാര്യനായ ലിയോണെ കഴിഞ്ഞാൽ, ക്ലിന്റ് ഈസ്റ്റ്‌വുഡ് ഏറ്റവും മികച്ച മാച്ചോ മാൻ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും സീഗലിന്റെ സംവിധാനത്തിലാണ്. ഈസ്റ്റ്‌വുഡിന്റെ മാസ്റ്റർപീസായ ‘അൺഫോർഗിവൻ' ലിയോണെയ്ക്കും സീഗലിനുമാണ് സമർപ്പിച്ചത്.
1971ലാണ് ഈസ്റ്റ്‌വുഡിന്റ സംവിധായക ഡെബ്യൂ ആയ ‘പ്ലേ മിസ്റ്റി ഫോർ മി' എന്ന സൈക്കൊളോജിക്കൽ ത്രില്ലർ ഇറങ്ങിയത്. ആദ്യ ചിത്രം തന്നെ സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. തന്റെ ചിത്രങ്ങളുടെ മേലുള്ള സർഗ്ഗാത്മക നിയന്ത്രണം ഉറപ്പിക്കുന്നതിനു ലക്ഷ്യമിട്ട്, 1967ൽത്തന്നെ അദ്ദേഹം ‘മാൽപാസോ' എന്ന പേരിൽ പ്രൊഡക്ഷൻ കമ്പനിയും സ്ഥാപിച്ചിരുന്നു. ഈ കാലഘട്ടത്തിൽ ഷോൺ കോണറിയുടെ വിരമിക്കൽ പ്രഖ്യാപനത്തെത്തുടർന്ന് ജെയിംസ് ബോണ്ട് റോൾ ചെയ്യാനുള്ള ഓഫർ ലഭിച്ചെങ്കിലും, അത് ബ്രിട്ടീഷ് നടന്മാർ ചെയ്യേണ്ട കഥാപാത്രമാണെന്ന കാരണം പറഞ്ഞ് നിരസിക്കുകയുണ്ടായി ഈസ്റ്റ്‌വുഡ്. സൂപ്പർമാന്റെ റോളും അദ്ദേഹം നിരസിച്ചിട്ടുണ്ട്. തൊണ്ണൂറുകൾക്കു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകളിൽ ശ്രദ്ധേയമായവ ‘ഹൈ പ്ലൈൻസ് ഡ്രിഫ്റ്റർ', ‘ദ ഔട്‌ലോ ജോസി വെയ്ൽസ്', ‘പെയ്ൽ റൈഡർ' എന്നീ വെസ്റ്റേണുകളും, ‘സഡൺ ഇംപാക്റ്റ്' പോലുള്ള കോപ് മൂവികളും, ‘ഹാർട്ട്‌ബ്രേക്ക് റിഡ്ജ്' എന്ന വാർ മൂവിയും, ‘ബേഡ്' എന്ന ബയോപ്പിക്കുമാണ്.
‘നോ നെയിം'കാരനും, ഹാരി കലഹാനും പുറമേ അദ്ദേഹം ചെയ്ത മറ്റൊരു സീരീസ് കഥാപാത്രമാണ് ‘എവ്രി വിച്ച് വേ ബട് ലൂസ്', ‘എനി വിച്ച് വേ യൂ കാൻ' എന്നീ സിനിമകളിലെ ഫൈലോ ബെഡ്ഡോ. ഇവ രണ്ടും അദ്ദേഹമഭിനയിച്ച ചിത്രങ്ങളിലെ വലിയ ബോക്‌സോഫീസ് വിജയങ്ങളിൽപ്പെടുന്നു.
ഡിഗ്രി പഠനകാലത്താണ് സംവിധായകനെന്ന നിലയ്ക്കുള്ള ഈസ്റ്റ്‌വുഡിന്റെ മികച്ച വർക്കുകളായ ‘അൺഫോർഗിവനും', ‘മില്യൺ ഡോളർ ബേബി'യും, ‘ദ ബ്രിഡ്ജസ് ഓഫ് മാഡിസൻ കൗണ്ടി'യും, ‘സ്‌പേസ് കൗബോയ്‌സും', ‘മിസ്റ്റിക് റിവറും', ‘ഇൻവിക്റ്റസും', ‘ഗ്രാൻ റ്റൊറീനോ'യും, ‘പ്ലേ മിസ്റ്റി ഫോർ മി'യും, ‘ചേയ്ഞ്ച്‌ലിങും', ‘എ പെർഫെക്റ്റ് വേൾഡും', ‘ഫ്‌ലാഗ്‌സ് ഓഫ് ഔവർ ഫാദേഴ്‌സും', ‘ലെറ്റേഴ്‌സ് ഫ്രം ഇവോ ജിമ'യുമൊക്കെ കാണുന്നത്.
1992ലെ ‘അൺഫോർഗിവൻ' ഒരു റിവിഷനിസ്റ്റ് വെസ്റ്റേണാണ്. ഈസ്റ്റ്‌വുഡിന്റെ ആദ്യകാല കൗബോയ് നായകന്മാരുടെ അത്ര തന്നെ വീരപരിവേഷമില്ല ‘അൺഫോർഗിവനി'ലെ വില്യം മന്നിയ്ക്ക്. ‘മാൻ വിത്ത് നോ നെയി'മിന് ഒരു സ്തുതിഗീതമായിരിക്കെത്തന്നെ, അത്തരം കഥാപാത്രങ്ങളുടെ ഒരു പരിവർത്തനം അവതരിപ്പിക്കുന്നുമുണ്ട്. തല നരച്ച് പരുവപ്പെട്ട കുപ്രസിദ്ധനായിരുന്ന ഒരു മുൻകാല ഔട്ട്‌ലോയാണ് മന്നി. അയാൾ പണ്ട് സ്ത്രീകളെയും കുട്ടികളെയും വരെ കൊന്നിട്ടുണ്ട്; ജീവനുള്ള സകലതിനെയും കൊന്നിട്ടുണ്ട്. എന്നാൽ വിഭാര്യനും രണ്ടു കുട്ടികളുടെ അച്ഛനുമായ അയാൾ മറ്റൊരാളെ കൊന്നു കളയുന്നതിലും ഹീനമായ വേറൊരു കൃത്യമില്ലെന്നു മനസ്സിലാക്കി ഖേദിക്കുന്നുണ്ട്. പന്നി ഫാം നടത്തി മര്യാദക്കാരനായി ജീവിക്കുന്ന വിൽ മന്നി വിമനസ്‌കനായാണ് തന്റെ അവസാന ബൗണ്ടി വേട്ടയ്ക്കിറങ്ങുന്നത്.
വ്യക്തിപരമായ അഭിപ്രായത്തിൽ ഈസ്റ്റ്‌വുഡിന്റെ മാഗ്‌നം ഓപസ് ‘അൺഫോർഗിവൻ' ആണ്; അഭിനേതാവ് എന്ന നിലയിൽ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതിലേതു തന്നെ. ടോപ് 10 വെസ്റ്റേണുകളുടെ പട്ടികയിൽ നാലാം സ്ഥാനം നൽകി എ.എഫ്.ഐ ഈ സിനിമയെ ആദരിച്ചിട്ടുണ്ട്.
‘മില്യൺ ഡോളർ ബേബി'
രണ്ടായിരങ്ങളെ അദ്ദേഹത്തിന്റെ സംവിധായക പ്രതിഭയുടെ വസന്തമായി വിശേഷിപ്പിക്കാം. ഡെന്നിസ് ലെഹാന്റെ നോവലിൽ നിന്ന് അഡാപ്റ്റ് ചെയ്ത ക്ലാസിക് ക്രൈം ത്രില്ലറായ ‘മിസ്റ്റിക് റിവർ', ബെസ്റ്റ് സിനിമയ്ക്കും സംവിധായകനുമുള്ള ഓസ്‌കർ നേടിയ, എക്കാലത്തെയും മികച്ച അമേരിക്കൻ സ്‌പോർട് മൂവികളിലൊന്നായ ‘മില്യൺ ഡോളർ ബേബി', രണ്ടാം ലോക മഹായുദ്ധകാലത്തെ ഇവോ ജിമ പോരാട്ടത്തെ അമേരിക്കൻ പരിപ്രേക്ഷ്യത്തിൽ ചിത്രീകരിച്ച ‘ഫ്‌ലാഗ്‌സ് ഓഫ് ഔവർ ഫാദേഴ്‌സ്', ഇതേ സംഭവത്തെ ജാപ്പനീസ് വീക്ഷണത്തിൽ അവതരിപ്പിച്ച ‘ലെറ്റേഴ്‌സ് ഫ്രം ഇവോ ജിമ', ലോകത്തോട് വഴങ്ങാത്ത, കലഹപ്രിയനും പരുക്കനുമായ വാൾട് കൊവാൾസ്‌കി എന്ന വൃദ്ധനായ കൊറിയൻ വാർ വെറ്ററനെ അവതരിപ്പിക്കുക വഴി തന്റെ പഴയ ടഫ് ഗയ് ബിംബത്തെ റിവൈവ് ചെയ്ത ‘ഗ്രാൻ റ്റൊറീനോ', സൗത്ത് ആഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്‌ബോക്‌സിന്റെ 1995 വേൾഡ് കപ്പ് നേട്ടത്തിന് പ്രചോദനമായ നെൽസൺ മണ്ടേലയുടെ കഥ പറഞ്ഞ ‘ഇൻവിക്റ്റസ്'
കൗബോയ് വെസ്റ്റേണുകളും കോപ് മൂവികളും മാത്രമായി തന്റെ ഫിൽമോഗ്രഫി ചുരുങ്ങിപ്പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ആക്ഷൻ, വാർ, ബയോഗ്രഫി, ഡ്രാമ, റൊമാൻസ്, ക്രൈം, സ്‌പോർട്‌സ്, മ്യൂസിക്കൽ, കോമഡി എന്നിങ്ങനെ നാനാവിധ ജോണറുകളിൽ അദ്ദേഹം സിനിമയെടുത്തു
എന്നിങ്ങനെ തുടരെ മാസ്റ്റർപീസുകൾ സംഭവിച്ചത് ഈ ദശാബ്ദത്തിലാണ്.
‘മില്യൺ ഡോളർ ബേബി' പതിവ് ഫോർമുലയിൽ ഒരു സക്‌സസ് സ്റ്റോറി അവതരിപ്പിക്കുന്ന സ്‌പോർട് മൂവിയല്ല. ദയാവധത്തെയും തത്സംബന്ധമായ ധാർമ്മിക വ്യഥകളെയുമൊക്കെ ഗൗരവമായി പ്രതിപാദിക്കുന്ന, ദുഃഖപര്യവസായിയായ ഒരു ചിത്രമാണ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഈസ്റ്റ്‌വുഡിന്റെ കരിയർ ബെസ്റ്റെന്ന് പല നിരൂപകരും ഈ സിനിമയെ വിലയിരുത്തി. വാർണർ ബ്രദേഴ്‌സുമായി ‘മില്യൺ ഡോളർ ബേബി'യുടെ ചർച്ച നടക്കേ, ബോക്‌സിങ് പടങ്ങൾക്ക് ഇപ്പോൾ അത്ര ജനപ്രീതിയില്ലെന്നു പറഞ്ഞ എക്‌സിക്യുടീവിനോട് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ‘എനിക്കിതൊരു ബോക്‌സിങ് മൂവിയല്ല. പ്രതീക്ഷയെയും സ്വപ്നങ്ങളെയും സ്‌നേഹബന്ധത്തെയും പറ്റിയുള്ള ഒന്നാണ്.'
‘ഗ്രാൻ റ്റൊറീനോ'യും വാൾട് കൊവാൾസ്‌കിയും പേഴ്‌സണൽ ഫേവറിറ്റാണ്. 78 വയസ്സായ ഈസ്റ്റ്‌വുഡിന്റെ ഹീറോയിസം പോലെ എൻഗേജിംഗായി മറ്റെന്തുണ്ട്! ക്ലൈമാക്‌സിൽ തുരുതുരാ വെടിയേറ്റു വീഴുന്ന നായകൻ വല്ലാതെ രോമാഞ്ചമുണർത്തിയ കാഴ്ചയായിരുന്നു. സിനിമാന്ത്യത്തിൽ വെടിയേറ്റു മരിക്കുന്ന കേന്ദ്രകഥാപാത്രങ്ങൾ മുമ്പേ തന്നെ വലിയ വീക്‌നെസ്സാണ്. ‘നായകനി'ലെ കമൽഹാസന്റെ ശക്തിവേൽ നായ്ക്കർ, പോൾ ന്യൂമാന്റെ ‘കൂൾ ഹാൻഡ് ലൂക്', ‘സ്‌കാർഫേസി'ലെ അൽ പചീനോയുടെ ടോണി മൊണ്ടാന, ‘ട്രെയ്‌നിംഗ് ഡേ'യിലെ ഡെൻസൽ വാഷിംഗ്ടന്റെ അലോൺസോ ഹാരിസ്, ‘രാജാവിന്റെ മകനി'ലെ മോഹൻലാലിന്റെ വിൻസന്റ് ഗോമസ്.. അങ്ങനെ പോകുന്ന നിരയിലേക്കായിരുന്നു വാൾട് കൊവാൾസ്‌കിയുടെ അഡിഷൻ. പോൾ ന്യൂമാന്റെ ബുച്ച് കാസിഡിയും, റോബർട്ട് റെഡ്‌ഫോർഡിന്റെ സൺഡാൻസ് കിഡും തോക്കുകളെ അഭിമുഖീകരിക്കുന്നിടത്ത് പടം ഫൈനൽ ഫ്രീസ് ചെയ്തത് വലിയ നിരാശയുണ്ടാക്കി. അവരുടെ അന്ത്യം ബ്ലഡി വയലന്റായി ചിത്രീകരിച്ചിരുന്നെങ്കിൽ! സാം പെക്കിൻപാ സിനിമകളിലെയും ഹോങ് കോങ്ങിൽ നിന്നുള്ള ഹീറോയിക് ബ്ലഡ്‌ഷെഡ് പടങ്ങളിലെയും രക്തരൂക്ഷിതമായ എൻഡിങ്ങുകളുടെ ഇംപാക്റ്റ് ശ്രദ്ധിച്ചിട്ടില്ലേ? ‘ക്ലിന്റ് ഈസ്റ്റ്‌വുഡ് ഇതിലഭിനയിച്ചിരുന്നെങ്കിൽ!' എന്ന് പലപ്പോഴും തോന്നിയിട്ടുള്ളതും എക്കാലത്തെയും മികച്ച വെസ്റ്റേണുകളിലൊന്നായ ‘ദ വൈൽഡ് ബഞ്ച്' പിടിച്ച പെക്കിൻപായുടെ പടങ്ങളിലാണ്. ‘ഗ്രാൻ റ്റൊറീനോ'യോടെ അഭിനയത്തിൽ നിന്നും വിരമിക്കാൻ തീരുമാനിച്ചെങ്കിലും, 2012ൽ ‘ട്രബ്ൾ വിത്ത് ദ കേർവ്' എന്ന സ്‌പോർട് മൂവിയിലൂടെ തിരിച്ചു വന്നു. പിന്നീട് 2018ൽ ‘ദ മ്യൂൾ' എന്ന സിനിമയിൽ സെന്റ്രൽ റോളിൽ അഭിനയിച്ചു. അതുകൊണ്ട് ഒരു മെക്‌സിക്കൻ ഡ്രഗ് കാർട്ടലിനു വേണ്ടി കൊക്കെയ്ൻ കടത്തുന്ന ഏൾ സ്റ്റോൺ എന്ന കഥാപാത്രമായി, 88 വയസ്സുള്ള ഈസ്റ്റ്‌വുഡിന്റെ തകർപ്പൻ പ്രകടനം കണ്ടാസ്വദിക്കാൻ ആരാധകർക്കായി. വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ ഏതെങ്കിലും നല്ലൊരു പ്രൊജക്റ്റ് കയറി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
ആക്ഷൻ, വാർ, റൊമാൻസ്, ക്രൈം, സ്‌പോർട്‌സ്...
സിനിമകളെടുത്തു കൊണ്ടേയിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. രണ്ടായിരത്തിപ്പത്തുകളിൽ ‘ജെ. എഡ്ഗർ', ‘അമേരിക്കൻ സ്‌നൈപ്പർ', ‘സള്ളി', ‘ദ 15:17 റ്റു പാരിസ്', ‘റിച്ചാർഡ് ജുവൽ' എന്നിങ്ങനെ കൂടുതലും ബയോഗ്രഫിക്കൽ ഡ്രാമകളാണ് അദ്ദേഹം ചെയ്തത്. തിയറ്ററിൽ കാണാൻ സാധിച്ച ഒരേയൊരു ഈസ്റ്റ്‌വുഡ് പടം 2014ലെ ‘അമേരിക്കൻ സ്‌നൈപ്പർ' മാത്രമാണ്. (അക്കാഡമി അവാർഡ്‌സ് സമയത്ത് നാമനിർദ്ദേശമുള്ള സിനിമകളൊക്കെ കളിക്കുന്ന കോഴിക്കോട് ‘ക്രൗൺ' തിയറ്ററുകാർക്ക് നന്ദി.)
കൗബോയ് വെസ്റ്റേണുകളും കോപ് മൂവികളും മാത്രമായി തന്റെ ഫിൽമോഗ്രഫി ചുരുങ്ങിപ്പോകരുതെന്ന് നിർബന്ധമുണ്ടായിരുന്നതിനാൽ ആക്ഷൻ, വാർ, ബയോഗ്രഫി, ഡ്രാമ, റൊമാൻസ്, ക്രൈം, സ്‌പോർട്‌സ്, മ്യൂസിക്കൽ, കോമഡി എന്നിങ്ങനെ നാനാവിധ ജോണറുകളിൽ അദ്ദേഹം സിനിമയെടുത്തു. എന്നിരിക്കിലും വെസ്റ്റേണിന്റെ അബ്സല്യൂട്ട് മാസ്റ്റർമാരിലൊരാളാണ് അദ്ദേഹം. 1950കളോടെ ജോൺ ഫോർഡും ഹൊവർഡ് ഹൗക്‌സുമൊക്കെ നിറഞ്ഞു നിന്ന ക്ലാസിക് വെസ്റ്റേണിന്റെ സുവർണകാലം അവസാനിച്ചെങ്കിലും, 60കളിൽ വേഷമിട്ട സ്പഗെറ്റി, അമേരിക്കൻ വെസ്റ്റേണുകളാലും, എഴുപതുകളിലും എൺപതുകളിലും സംവിധാനം ചെയ്ത ഹോളിവുഡ് വെസ്റ്റേണുകളാലും, 90കളിൽ 'അൺഫോർഗിവൻ' എന്ന ഒരൊറ്റ ക്ലാസിക്കാലും ഈ ധാരയെ പരിപോഷിപ്പിച്ചു അദ്ദേഹം. നിയോ വെസ്റ്റേണുകളും മറ്റുമായി പ്രസ്തുത ജോണർ ഇപ്പോഴും ശക്തമായി നിലനില്ക്കുന്നതിൽ ക്ലിന്റ് ഈസ്റ്റ്‌വുഡ് ലെഗസിയുടെ പ്രഭാവമുണ്ട്. ‘എവ്രി വിച്ച് വേ ബട് ലൂസി'ലെ ഫൈലോ ബെഡ്ഡോ കണ്ട്രി വെസ്റ്റേൺ ഭാവുകത്വത്തെ ആരാധിക്കുന്നത് കാണാം. സ്വയം
സിനിമയിലെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച ഫിലോസഫിയുടെ ആകെത്തുക യഥാർത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതദർശനത്തെ പ്രതിനിധാനം ചെയ്യുന്നതാണ്
ആവർത്തിക്കുന്നതിലുള്ള ആശങ്ക മൂലം ‘അൺഫോർഗിവനു' ശേഷം അദ്ദേഹം വെസ്റ്റേണുകളെടുത്തില്ല; വെസ്റ്റേണുകളിൽ അഭിനയിച്ചുമില്ല.
സുദീർഘമായ ഇത്രയും കാലത്തിനിടയ്ക്ക് സിനിമയിലെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച ഫിലോസഫിയുടെ ആകെത്തുക യഥാർത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതദർശനത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. യൗവനത്തിലുണ്ടായിരുന്ന ജീവിതക്കമ്പം അതേ തീവ്രതയിൽ അദ്ദേഹം നിലനിർത്തിപ്പോന്നു. സ്‌ക്രീനിൽ എന്നതുപോലെ ജീവിതത്തിലും അദ്ദേഹമൊരിക്കലും റിഗ്രറ്റ് ചെയ്തില്ല. സ്‌കൂൾ കാലഘട്ടത്തിൽ ഈസ്റ്റ്‌വുഡ് പടങ്ങൾ കണ്ടുതുടങ്ങിയപ്പോൾ മുതൽ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വായിക്കാൻ താത്പര്യമായിരുന്നു. കൊറിയൻ യുദ്ധകാലത്ത് യു.എസ് ആർമിയിൽ ലൈഫ്ഗാർഡായി നിയോഗിക്കപ്പെട്ട അദ്ദേഹം വിമാനം തകർന്ന് പുഴയിൽ വീണതും, മൂന്നു കിലോമീറ്റർ നീന്തി രക്ഷപ്പെട്ടതുമായ സംഭവമൊക്കെ സിനിമ പോലെ ഹരം കൊള്ളിച്ചു; ലെജൻഡറി പരിവേഷം വർദ്ധിപ്പിക്കുകയും ചെയ്തു. വെസ്റ്റേൺ സിനിമയുടെ എക്കാലത്തെയും വലിയ ഐക്കണായ ജോൺ വെയ്ൻ, എത്രയോ പടങ്ങളിൽ വാർ ഹീറോയായി വേഷമിട്ടിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളസേവനമനുഷ്ഠിച്ചിട്ടില്ല എന്ന വസ്തുത ഈസ്റ്റ്‌വുഡ് ചരിത്രവുമായി ചേർത്തുവച്ച് വായിക്കാനും രസമായിരുന്നു. ജോൺ വെയ്‌നിന്റെ മുകളിൽ അദ്ദേഹത്തെ റാങ്ക് ചെയ്യാനുള്ള താത്പര്യമാണ് ഇതിനു പിറകിൽ. സംവിധായകൻ എന്ന നിലയ്ക്ക് പരാജയപ്പെട്ടയാളുമാണ് വെയ്ൻ. പക്ഷേ ജോൺ വെയ്ൻ മികച്ച നടനുള്ള അക്കാഡമി അവാർഡ് നേടിയിട്ടുണ്ട്; ‘ട്രൂ ഗ്രിറ്റി'ലെ റൂസ്റ്റർ കോഗ്‌ബേണായുള്ള പ്രകടനത്തിന്. 'അൺഫോർഗിവനി'ലെയും 'മില്യൺ ഡോളർ ബേബി'യിലെയും പെർഫോമൻസുകൾക്ക് നാമനിർദ്ദേശമുണ്ടായിരുന്നെങ്കിലും ഈസ്റ്റ്വുഡിന് അഭിനേതാവിനുള്ള അവാർഡ് ലഭിച്ചിട്ടില്ല. തദവസരങ്ങളിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ, മികച്ച സംവിധായകൻ, മികച്ച സിനിമ (നിർമ്മാതാവ്), മികച്ച നടൻ എന്നീ മൂന്നു കാറ്റഗറികളിലും അവാർഡ് നേടിയ ഒരേയൊരാൾ എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലായേനെ.
Enough of that shit
മനുഷ്യമുഖമാണ് സിനിമയുടെ ഏറ്റവും ഗംഭീരമായ വിഷയമെന്നു പറഞ്ഞത് ഇങ്മർ ബെർഗ് മാനാണ്. പ്രസ്തുത നിരീക്ഷണത്തെ അവലംബിച്ച്, ഈസ്റ്റ്‌വുഡ് എന്ന രൂപം ഒരു സിനിമാനിർമ്മാണ സാമഗ്രിയെന്ന നിലയിൽ എത്രമാത്രം ഇൻസ്ട്രമെന്റലാണെന്ന്, ‘ദ ആക്ടർ ആസ് ഫോം ഫോർ ദ ഫിലിം' എന്ന ലേഖനത്തിൽ മൈക്കൽ മിറാസോൾ സ്ഥാപിക്കുന്നുണ്ട്; ‘ഈസ്റ്റ്‌വുഡിന്റെ സൈഡ് വ്യൂ പ്രൊഫൈലാണ് ഒരുപക്ഷേ സിനിമയിലെ ഏറ്റവും പെട്ടെന്ന് തിരിച്ചറിയാവുന്ന മുഖാകൃതി', അദ്ദേഹമെഴുതുന്നു.
അഹങ്കാരവും വാർദ്ധക്യവുമൊക്കെ അലങ്കാരത്തിന്റെ അടയാളങ്ങളായി മാറുമെങ്കിൽ, അതിന്റെ പേട്രൻ സെയ്ന്റ് ക്ലിന്റ് തന്നെ! പുച്ഛമോ അവജ്ഞയോ ഒക്കെയാണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം എന്നു പറയാറുണ്ട്. സംവിധാനശൈലിയിലും അദ്ദേഹത്തിന് ശ്രദ്ധേയമായ വ്യക്തിത്വസവിശേഷതകളുണ്ട്. ഒന്നോ രണ്ടോ ടേക്കുകളിൽ ഷോട്ടുകൾ പൂർത്തീകരിക്കും. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഉദ്ദേശിച്ചതിനെക്കാൾ താഴ്ന്ന ബഡ്ജറ്റിൽ, വിചാരിച്ചതിനെക്കാൾ മുമ്പേ തന്നെ സിനിമയെടുത്തു തീരും. ട്രൂ പ്രൊഫഷണലിസം അദ്ദേഹം സദാ പുലർത്തുന്നു. ഷോട്ടിനു മുമ്പ് ‘ആക്ഷന്' പകരം ‘‘Whenever you are ready'' എന്നും, ‘കട്ട്' വിളിക്കുന്നതിനു പകരം ‘Enough of that shit' എന്നുമാണത്രേ അദ്ദേഹം പറയുക.
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കിൽ, മികച്ച സംവിധായകൻ, മികച്ച സിനിമ (നിർമ്മാതാവ്), മികച്ച നടൻ എന്നീ മൂന്നു കാറ്റഗറികളിലും അവാർഡ് നേടിയ ഒരേയൊരാൾ എന്ന റെക്കോർഡ് അദ്ദേഹത്തിന്റെ പേരിലായേനെ
ബിഎയ്ക്കു പഠിക്കുന്ന കാലത്ത് മാരത്തോൺ വച്ച് ക്ലാസിക്കുകൾ കാണാൻ തുടങ്ങിയപ്പോൾ കാരി ഗ്രാന്റ്, ഗ്രിഗറി പെക്ക്, ഗാരി കൂപ്പർ, വില്യം ഹോൾഡൻ എന്നിങ്ങനെ ക്ലാസിക് ഹോളിവുഡിന്റെ ‘ക്ലാസ്സി ചാം' ഉള്ള നായകന്മാരെയും, പോൾ ന്യൂമാൻ, റോബർട്ട് റെഡ്‌ഫോർഡ്, റയാൻ ഒനീൽ തുടങ്ങിയ ന്യൂ ഹോളിവുഡിന്റെ ‘ഹാൻസം ഡെവിളുകളെ'യും, മാർലൻ ബ്രാണ്ടോ, അൽ പചീനോ, റോബർട്ട് ഡെ നിറോ, ജാക്ക് നിക്കോൾസൺ പോലുള്ള ഹെവിവെയ്റ്റ് നടന്മാരെയും, റോബർട്ട് മിച്ചം, ലീ മാർവിൻ, ജെയിംസ് കോബേൺ, ചാൾസ് ബ്രോൻസൺ തുടങ്ങിയ ‘ടഫ് ഗൈ'കളെയുമൊക്കെ പരിചയിച്ചെങ്കിലും ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സ്‌ക്രീൻ സാന്നിധ്യത്തോടുള്ള പ്രത്യേക താത്പര്യം മാറ്റമില്ലാതെ തുടർന്നു. വ്യക്തിപരമായ നിരീക്ഷണത്തിൽ മാസ്‌കുലിൻ സൗന്ദര്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു അദ്ദേഹം. പിന്നീട് ബ്ലോണ്ടിയോളമോ ഹാരി കലഹാനോളമോ ആരാധന തോന്നിയിട്ടുള്ളത് സ്റ്റീവ് മക്വീൻ അവതരിപ്പിച്ച വിൻ ടാനർ (ദ മാഗ്‌നിഫിസന്റ് സെവൻ), ‘ബുളളിറ്റ്', വിർജിൽ ഹിൽറ്റ്‌സ് (ദ ഗ്രേറ്റ് എസ്‌കേപ്) പോലുള്ള കഥാപാത്രങ്ങളോട് മാത്രമാണ്.
സംവിധായകരായി മാറിയ നടന്മാർ ഹോളിവുഡിൽ നിരവധിയുണ്ട്. പക്ഷേ അത്തരത്തിൽ ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെ മാസ്റ്റർപീസുകളെടുത്തവരും, നിലനിന്നവരും കുറവാണ്. റോബർട്ട് റെഡ്‌ഫോർഡും വാറൻ ബെയ്റ്റിയും കെവിൻ കോസ്റ്റ്‌നറുമൊക്കെ സംവിധായകരെന്ന നിലയിൽ ഓസ്‌കർ നേടിയിട്ടുണ്ടെങ്കിലും ഈസ്റ്റ്‌വുഡിനെപ്പോലെ തുടരെ സിനിമകളെടുത്ത് വിജയിപ്പിക്കാൻ അവർക്കൊന്നുമായില്ല.
പ്രായം കെടുത്താത്ത വീര്യം
ന്യൂ ഹോളിവുഡ് സംവിധായകരിൽ എത്ര പേർ ഇന്നും ഔട്ട്ഡേറ്റഡ് ആവാതെ നിൽക്കുന്നുണ്ട്? എത്ര പേർ ഇന്നും ഫീൽഡിൽ തുടരുന്നുണ്ട്? 1971ൽ ‘പ്ലേ മിസ്റ്റി ഫോർ മി'യിലൂടെ സംവിധായകനായി തുടക്കം കുറിച്ചതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. ന്യൂ ഹോളിവുഡ് കാലത്ത് മാസ്റ്റർപീസുകളെടുത്ത പല വലിയ സംവിധായകരും എൺപതുകളിൽത്തന്നെ ഡിക്ലൈനാവുന്നത് കാണാം. ഫ്രാൻസിസ് ഫോർഡ് കപ്പോളയുടെ മാസ്റ്റർ പീസുകൾ നാലും എഴുപതുകളിലാണ് സംഭവിച്ചത്; ‘ദ ഗോഡ്ഫാദർ', ‘ദ ഗോഡ്ഫാദർ പാർട്ട് II', ‘ദ കോൺവർസേഷൻ', ‘അപ്പോകലിപ്‌സ് നൗ' എന്നിങ്ങനെ. ‘ദ ഡിയർ ഹണ്ടർ' എടുത്ത മൈക്കൽ ചിമിനോയുടെയും (ഈസ്റ്റ്വുഡിനെ നായകനാക്കി ‘തണ്ടർബോൾട്ട് ആൻഡ് ലൈറ്റ്ഫൂട്ട്' എന്നൊരു പടം ചെയ്തിട്ടുണ്ട് ഇദ്ദേഹം), ‘ദ ലാസ്റ്റ് പിക്ചർ ഷോ', ‘ദ പേപ്പർ മൂൺ' എന്നിങ്ങനെ എക്കാലത്തെയും സുന്ദരമായ രണ്ടു ബ്ലാക്ക് ആൻഡ് വൈറ്റ് മാസ്റ്റർപീസുകൾ ചെയ്ത പീറ്റർ ബോഗ്ദനോവിച്ചിന്റെയും, ‘ദ ഫ്രഞ്ച് കണക്ഷ'നും ‘ദ എക്‌സോഴ്‌സിസ്റ്റും' ‘സോഴ്‌സറ'റും 1985ൽ ‘ടു ലിവ് ആൻഡ് ഡൈ ഇൻ എൽ.എ'യും ചെയ്ത വില്യം ഫ്രീഡ്കിന്റെയുമൊക്കെ ജനപ്രിയ-നിരൂപക മൂല്യം ക്രമേണ ഇടിഞ്ഞുപോയി. ജോർജ് ലൂക്കസ്, റോമൻ പൊളൻസ്‌കി, സിഡ്‌നി പൊള്ളാക്ക്, ബ്രയാൻ ഡെപാമ മുതൽ പേരൊക്കെ ഏറെക്കാലം പ്രബലരായിത്തുടർന്നു. മാർട്ടിൻ സ്‌കോർസേസി ഇപ്പോഴും മാറ്റമില്ലാതെ മാസ്റ്റർപീസുകളെടുക്കുന്നു. സ്പീൽബർഗും റിഡ്‌ലി സ്‌കോട്ടും കൺസിസ്റ്റന്റാണ്. ഇക്കാര്യത്തിൽ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കരിയർ ഗ്രാഫ് സമാനത പുലർത്തുന്നത് വൂഡി അലനോടാണ്; അലനെപ്പോലെ ഓട്ടോർ ഒന്നുമല്ല ഈസ്റ്റ്വുഡെങ്കിലും. അലൻ ഇടതടവില്ലാതെ സിനിമയെടുക്കുന്നു. അതിൽ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. ഇടയ്ക്ക് ‘മിഡ്‌നൈറ്റ് ഇൻ പാരീസ്' പോലൊരു സർപ്രൈസ് ക്ലാസ്സിക്. ക്ലിന്റിനെപ്പോലെ സംവിധാനം ചെയ്യുന്ന സിനിമകളിൽ ലീഡ് റോളിൽ അഭിനയിക്കുകയും ചെയ്യുമദ്ദേഹം.
ന്യൂ ഹോളിവുഡ് സംവിധായകരിൽ എത്ര പേർ ഇന്നും ഔട്ട്ഡേറ്റഡ് ആവാതെ നിൽക്കുന്നുണ്ട്? ന്യൂ ഹോളിവുഡ് കാലത്ത് മാസ്റ്റർപീസുകളെടുത്ത പല വലിയ സംവിധായകരും എൺപതുകളിൽത്തന്നെ ഡിക്ലൈനാവുന്നത് കാണാം
കാലത്തിനൊത്ത് ഹിറ്റുകൾ സൃഷ്ടിച്ചു കൊണ്ടേയിരുന്നു ഈസ്റ്റ്‌വുഡ്. അദ്ദേഹം പെർഫെക്ഷനിസ്റ്റല്ലാത്തതു കൊണ്ട് തുടരെ നിരവധി പടങ്ങളെടുക്കുന്നു. ഓരോ സിനിമയും വേഗത്തിൽ ചെയ്തു തീർക്കുന്നു. അൺഫോർഗിവൻ പോലുള്ള മാസ്റ്റർപീസുകൾ പോലും അദ്ദേഹം ഷെഡ്യൂൾ ചെയ്ത സമയത്തിനു മുമ്പേ ഷൂട്ട് ചെയ്ത് തീർത്തവയാണ്. എന്നിട്ടും നടീനടന്മാരിൽ നിന്നും അവരുടെ ബെസ്റ്റ് പുറത്തു കൊണ്ടുവരാൻ അദ്ദേഹത്തിന് സാധിച്ചു. ജീൻ ഹാക്ക്മാൻ, ഷോൺ പെൻ, ടിം റോബിൻസ്, ഹിലരി സ്വാങ്ക്, മോർഗൻ ഫ്രീമാൻ മുതൽ പേർ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഓസ്‌കർ ജേതാക്കളായി; മെറിൽ സ്ട്രീപ്പ്, ആഞ്ജലീന ജോളി, മാറ്റ് ഡേമൺ, ബ്രാഡ്‌ലി കൂപ്പർ എന്നിവർക്ക് നോമിനേഷൻ ലഭിച്ചിട്ടുമുണ്ട്. ഈസ്റ്റ്വുഡ് സിനിമകളിൽ ബോക്‌സോഫീസ് ഫ്‌ലോപ്പുകൾ കുറവാണ്. മിക്കവാറും സിനിമകൾ മോഡറേറ്റ് വിജയമെങ്കിലും നേടിയിട്ടുണ്ട്. പ്രേക്ഷക പ്രീതിയെന്നപോലെത്തന്നെ നിരൂപക പ്രശംസയും പിടിച്ചുപറ്റി അദ്ദേഹത്തിന്റെ സിനിമകൾ. അവാർഡുകളും അംഗീകാരങ്ങളും നിരവധി നേടി. ആകെ പതിനൊന്ന് നാമനിർദ്ദേശങ്ങളിൽ നിന്നും നാല് ഓസ്‌കറുകളും, പതിമൂന്ന് നോമിനേഷനുകളിൽ നിന്നും നാല് ഗോൾഡൻ ഗ്ലോബുകളുമാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.
പ്രായം ചെല്ലുന്തോറും പ്രതിഭ ക്ഷയിക്കുന്ന പതിവ് തെറ്റിച്ച്, വാർദ്ധക്യത്തെ വെല്ലുവിളിച്ച്, വർഷങ്ങൾ തോറും മെച്ചപ്പെടുകയായിരുന്നു അദ്ദേഹത്തിന്റെ ഫിൽമോഗ്രഫി. കോഎൻ സഹോദരന്മാരുടെയും, ക്വന്റിൻ ടരന്റിനോയുടെയും, ഡേവിഡ് ഫിഞ്ചറുടെയും, ക്രിസ്റ്റഫർ നോലന്റെയുമൊക്കെ കാലഘട്ടത്തിലും ഈസ്റ്റ്വുഡിന്റെ സിനിമകൾക്ക് സ്വീകാര്യതയുണ്ട്. ടോം ക്രൂസും, ലിയൊനാർഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും, മാറ്റ് ഡേമണുമൊക്കെ വാഴുമ്പോഴും അദ്ദേഹം അരങ്ങൊഴിയാതെ നിൽക്കുന്നു. പ്രായത്തിന് കെടുത്താനാവാത്ത പഴയ അതേ വീര്യത്തോടെ.
അത് ദൈവമാണെങ്കിൽ ഞാൻ ക്ലിന്റ് ഈസ്റ്റ്‌വുഡാണ്
വിഖ്യാത സിനിമാ നിരൂപകൻ റോജർ ഇബർട്ട് ഈസ്റ്റ്‌വുഡിന്റെ വലിയ ആരാധകനായിരുന്നു. ‘ദ മാൻ വിത്ത് ഹിസ് നെയിം' എന്നാണ് ഇബർട്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘‘പരിമിതമായ റേഞ്ചിലുള്ള റോളുകൾ മാത്രം ചെയ്യുന്ന, ‘ക്ലാസിക്കലി ഹാൻസമല്ലാത്ത', കൺവിൻസിങ്ങായി പ്രണയരംഗങ്ങൾ ചെയ്യുന്നതിന് പേരുകേട്ടിട്ടില്ലാത്ത, മിക്കവാറും റൊടീൻ ഴോണറുകളിൽ പ്രവർത്തിക്കുന്ന ഈ മനുഷ്യൻ ഇന്ന് ലോകത്തിലെ നമ്പർ വൺ ബോക്‌സ് ഓഫീസ് ആകർഷണമാണ്. ഒരുപാട് കാര്യങ്ങൾ ചെയ്യാൻ അദ്ദേഹത്തിന് സാധിക്കില്ലായിരിക്കും; പക്ഷേ സാധിക്കുന്നതെന്തോ, അതു ഭംഗിയായി ചെയ്യാനറിയാം'', 1986ൽ ഇറങ്ങിയ 'ഹാർട്‌ബ്രേക്ക് റിഡ്ജി'നെപ്പറ്റിയുള്ള കുറിപ്പിൽ ഇബർട്ട് നിരീക്ഷിക്കുന്നു.
അഭിനയത്തിനും സംവിധാനത്തിനും പുറമേ സംഗീതവും നിർവ്വഹിച്ചിട്ടുണ്ട് ഈസ്റ്റ്‌വുഡ്. ‘മിസ്റ്റിക് റിവർ', ‘മില്യൺ ഡോളർ ബേബി', ‘ഫ്‌ലാഗ്‌സ് ഓഫ് ഔവർ ഫാദേഴ്സ്', ‘ചേയ്ഞ്ച്‌ലിംഗ്', ‘ഹിയറാഫ്റ്റർ', ‘ജെ. എഡ്ഗർ' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനും അദ്ദേഹം തന്നെയാണ്. കൂടാതെ ജെയിംസ് സി. സ്ട്രൗസിന്റെ ‘ഗ്രേസ് ഇസ് ഗോൺ'എന്ന സിനിമയിലും സംഗീതം ചെയ്തിട്ടുണ്ട്. ‘മില്യൺ ഡോളർ ബേബി'യിലെ സ്‌കോറിന് ഗോൾഡൻ ഗ്ലോബ്, ഗ്രാമി നാമനിർദ്ദേശങ്ങൾ നേടുകയും ചെയ്തു. ഗാനരചയിതാവ്, ഗായകൻ എന്നീ ക്രെഡിറ്റുകളുമുണ്ട് അദ്ദേഹത്തിന്റെ പേരിൽ. ‘ഗ്രാൻ റ്റൊറീനോ'യിൽ ജേയ്മി കുല്ലമിനോടൊപ്പം ആലപിച്ച ടൈറ്റിൽ ഗാനം ശ്രദ്ധേയമാണ്. പേരുകേട്ട ഒരു ഓഡിയോഫൈലുമാണ് അദ്ദേഹം.
എന്നിയോ മോറിക്കോണെയുടെ ഐക്കോണിക് സ്‌കോർ കഴിഞ്ഞാൽ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ ഏറ്റവും സ്‌പെക്റ്റകുലർ ആയിത്തോന്നിയിട്ടുള്ളത് ലാലൊ ഷിഫ്രിന്റെ പശ്ചാത്തല സംഗീത അകമ്പടിയോടെയാണ്. വിശേഷിച്ച് ‘ഡേർട്ടി ഹാരി'യിലെ സ്‌കോർ സെൻസേഷണലായിരുന്നു. ‘ഹാങ് 'എം ഹൈ' യിലെ ഡൊമിനിക് ഫ്രണ്ടിയേറിന്റെ മെയിൻ തീമും പേഴ്‌സണൽ ഫേവറിറ്റാണ്. ഒന്നിനെയും കൂസാത്ത, അചഞ്ചലദൃഢചിത്തനായ ഈസ്റ്റ്വുഡിന് പോപ് കൾച്ചറിലുള്ള പ്രതിനിധാനം ശ്രദ്ധിക്കുന്നത് രസമാണ്. ‘ബ്രൂസ് ആൾമൈറ്റി'യിൽ ജിം കാരിയുടെ ബ്രൂസ് നോലൻ സാക്ഷാൽ മോർഗൻ ഫ്രീമാന്റെ രൂപത്തിലുള്ള ദൈവത്തെ കണ്ടമ്പരന്നിട്ട്, ‘‘അത് ദൈവമാണെങ്കിൽ ഞാൻ ക്ലിന്റ് ഈസ്റ്റ്‌വുഡാണ്'' എന്നു പ്രതികരിക്കുന്നുണ്ട്. ‘ഗോൾ!' എന്ന സിനിമയിൽ ന്യൂകാസിലിന്റെ സ്റ്റാർ പ്ലയറായ ഗാവിൻ ഹാരിസ് ട്രെയ്‌നിങിനെത്താൻ വൈകി നിൽക്കെ ടാക്‌സി സർവീസിൽ വിളിച്ച് അധികാര സ്വരത്തിൽ വണ്ടിയാവശ്യപ്പെടുമ്പോൾ കിട്ടുന്ന മറുപടി ഹാരി കലഹാന്റെ ഭാഷയിലാണ്. റോബർട്ട് സെമീക്കിസിന്റെ
‘ബാക്ക് ടു ദ ഫ്യൂച്ചർ പാർട്ട് Ill'യിൽ മൈക്കൽ ജെ ഫോക്‌സിന്റെ കഥാപാത്രം ടൈം ട്രാവൽ ചെയ്ത് ഓൾഡ് വെസ്റ്റിലെത്തുമ്പോൾ ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന പേരും, ‘നോ നെയിം'കാരന്റെ വേഷവുമാണ് സ്വീകരിക്കുന്നത്. ‘ഗ്രൗണ്ട്‌ഹോഗ് ഡേ'യിൽ ബിൽ മറി ഹാറ്റും പോഞ്ചോയും ധരിച്ച് ഈസ്റ്റ്വുഡിനെ മിമിക് ചെയ്യുന്ന രംഗവും ശ്രദ്ധേയമാണ്.
‘‘Go ahead, make my day.'' പോലുള്ള ക്യാച്ച്‌ഫ്രേസുകളും, ‘‘If you want a guarantee, buy a toaster.'' പോലുള്ള ബാഡാസ് ലൈനുകളും ഉൾപ്പടെ ഈസ്റ്റ്വുഡിന്റെ കഥാപാത്രങ്ങൾ പറഞ്ഞ വാചകങ്ങളുടെ ക്രെഡിറ്റ് മിക്കപ്പോഴും അദ്ദേഹത്തിനു തന്നെയാണ് ലഭിക്കാറ്. സ്‌ക്രീന്റൈറ്ററുടെയോ, സംവിധായകന്റെയോ ഒക്കെ പേരുകൾ വിസ്മൃതമാകുന്ന അവസ്ഥ.
ഗുഡ് ബാഡ് അഗ്ലിയിലെ പ്രസിദ്ധമായ തീം മ്യൂസിക്കിൽ നിന്നും ഇൻസ്പയേഡ് ആയി ഗൊറിലാസ് എന്ന വെർച്വൽ ബാൻഡ് ചെയ്ത പാട്ടിനു ‘ക്ലിന്റ് ഈസ്റ്റ്വുഡ്' എന്നാണ് പേര്. അപ്പോഴും ആദരസൂചകമായ പേര് ആ സംഗീത്തിന്റെ സ്രഷ്ടാവായ എന്നിയോ മോറിക്കോണെയ്ക്കല്ല കിട്ടിയത്! ഹാറ്റും പോഞ്ചോയും ധരിച്ച, ചുണ്ടിൽ എരിയുന്ന ചുരുട്ട് ഇറുക്കിപ്പിടിച്ച ബ്ലോണ്ടിയുടെ പശ്ചാത്തലത്തിലല്ലാതെ ആ സംഗീതം ഓർക്കാൻ അസാധ്യമാണ് എന്നതാവാം കാരണം. ഇത്തരത്തിലാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ഇഫക്റ്റ് പ്രവർത്തിക്കുന്നത്. കൽപ്പറ്റ നാരായണൻ മേതിൽ രാധാകൃഷ്ണനെപ്പറ്റി പറഞ്ഞത് പരാവർത്തനം ചെയ്താൽ, ക്ലിന്റ് ഈസ്റ്റ്‌വുഡിന് പ്രേക്ഷകരല്ല, ആരാധകരാണ് കൂടുതലും.
ഗുഡ് ബാഡ് അഗ്ലിയും, ക്ലിന്റ് ഈസ്റ്റ്വുഡും ഭാവുകത്വത്തിൽ വന്നു പതിച്ചില്ലായിരുന്നെങ്കിൽ ഒരു പക്ഷേ അന്ന് കൂടുതൽ ഹോളിവുഡ് സിനിമകൾ തേടിപ്പോകില്ലായിരുന്നു. അങ്ങനെ പടം കാണലിന്റെ വ്യാസം കൂടില്ലായിരുന്നു. കൗമാരകാലത്തെ വൈകുന്നേരങ്ങൾ വിരസമായിത്തീർന്നേനെ. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒരു തരം വിഷാദച്ഛായ പടർന്നേനെ. ലോ സെൽഫ് എസ്റ്റീം അനുഭവപ്പെടുമ്പോൾ ഓർമ്മയിൽ വരാൻ അദ്ദേഹത്തിന്റെ അസംഖ്യം ഉദ്ധരണികൾ ഉണ്ടാകുമായിരുന്നില്ല. നന്ദി ക്ലിന്റ് ഈസ്റ്റ്‌വുഡ്, താങ്കളുടെ സിനിമയും കഥാപാത്രങ്ങളും ദർശനവും പകർന്നു തന്ന ഊർജത്തിന്.