ജീവിതത്തിന്റെ സകല മേഖലകളെയും അടച്ചുപൂട്ടിയ കോവിഡ്, മനുഷ്യന്റെ ഏറ്റവും ക്രിയേറ്റീവായ അനുഭവങ്ങളിലൊന്നായ സിനിമയെയും കാണാമറയത്താക്കി. തിയറ്ററുകൾക്ക് താഴുവീണതോടെ സിനിമ എന്ന കല മാത്രമല്ല, അതിനെ ഉപജീവിച്ച് കഴിഞ്ഞുകൂടുന്ന തിയറ്ററുടമകളും ജീവനക്കാരും തൊഴിലാളികളുമാണ് വഴിയാധാരമായത്. ഏതാണ്ട് രണ്ടുവർഷമായുള്ള കാത്തിരിപ്പിനൊടുവിൽ സംസ്ഥാനത്ത് തിയറ്ററുകൾ വീണ്ടും തുറക്കാൻ കളമൊരുങ്ങിയിരിക്കുകയാണ്. എന്നാൽ, തിയറ്ററുകൾ തുറന്നാലും, കടുത്ത നിയന്ത്രണം തുടർന്നാൽ കാണികൾ എത്താനിടയില്ലെന്ന ആശങ്കയിലാണ് ഉടമകളും ജീവനക്കാരും. പകുതി മാത്രം കാണികളെ വെച്ച് സിനിമ ഓടിച്ചാൽ, നഷ്ടം മാത്രമേ വരൂ എന്നവർ പറയുന്നു. പുതിയ പ്രതിസന്ധികളിലേക്കാണ് തിയറ്ററുകൾ തുറക്കാൻ പോകുന്നത് എന്നർഥം.
കോവിഡ് കാലം തിയറ്ററുടമകളും തൊഴിലാളികളും എങ്ങനെയാണ് അതിജീവിച്ചത്, ഇതുവരെയുണ്ടായ നഷ്ടങ്ങളുടെ പരിഹാരം എന്തായിരിക്കും, ഭാവിയെ എങ്ങനെയാണ് ഈ മേഖല അഭിമുഖീകരിക്കാൻ പോകുന്നത് എന്ന അന്വേഷണം.