സിനിമാ റിവ്യൂകളുടെ പേരിലുള്ള ക്രിമിനൽ പ്രവർത്തനം നേരിടും; പ്രമോഷന് പുതിയ ക്രമീകരണവുമായി ‘ഫെഫ്ക’

‘‘സിനിമാ റിവ്യൂകൾക്ക് വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ജനാധിപത്യ സംവാദ വിരുദ്ധ നിലപാടിനോട് യോജിപ്പില്ല. എന്നാൽ, റിവ്യൂ എന്ന പേരിൽ നടത്തുന്ന ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്നുവക്കാൻ സാധിക്കില്ല.’’

Think

സിനിമാ റിവ്യൂകളുടെ പേരിൽ, ഓൺലൈൻ ഡിജിറ്റൽ മാർക്കറ്റിങ് രംഗത്ത് വൻ സാമ്പത്തിക തട്ടിപ്പ് നടക്കുന്നുണ്ടെന്ന് ആ രംഗത്ത് പ്രവർത്തിക്കുന്നവർ തെളിവു സഹിതം ബോധ്യപ്പെടുത്തിയ സാഹചര്യത്തിൽ സിനിമാ പ്രമോഷന് പുതിയ ക്രമീകരണങ്ങളേർപ്പെടുത്തിയതായി ‘ഫെഫ്ക’ (Film Employees Federation of Kerala) പ്രസ്താവനയിൽ അറിയിച്ചു.

ഫെഫ്കയിൽ അംഗത്വമുള്ള പി.ആർ.ഒമാർക്കു പുറമെ ഇനി ഒരു ചിത്രത്തിന്റെ പ്രൊമോഷനുമായി നിർമാതാക്കൾ കരാറിൽ ഏർപ്പെടേണ്ട മാർക്കറ്റിങ്ങ് ഏജൻസികളുടേയും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടേയും പട്ടിക തയ്യാറാക്കുമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഫെഫ്കയെ അറിയിച്ചു. ആ പട്ടികയിലുള്ളവരുമായി ചേർന്നു വേണം പ്രൊമോഷൻ പ്രവർത്തനം നടത്തേണ്ടതെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിർദ്ദേശം ഫെഫ്കയും, അംഗസംഘടനകളും അംഗീകരിച്ചു.
ഫെഫ്ക്ക നേതൃത്വവും, അംഗസംഘടനകളായ ഫെഫ്ക ഡയറക്റ്റേഴ്സ് യൂണിയൻ, ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ, ഫെഫ്ക പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്സ് യൂണിയൻ, ഫെഫ്ക പി ആർ ഒ യൂണിയൻ എന്നിവയുടെ പ്രതിനിധികളും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം. ഫെഫ്കയിൽ അംഗത്വമില്ലാത്ത ഡിജിറ്റൽ മാർക്കറ്റിങ്ങ് കോഡിനേറ്റേഴ്സും ഓൺലൈൻ പ്ലാറ്റ്ഫോമുകളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.

ആദ്യ പ്രദർശനം കഴിഞ്ഞുള്ള തിയറ്റർ റിവ്യൂകളിൽ നടക്കുന്ന തട്ടിപ്പുകളെ കുറിച്ച്, ഡിജിറ്റൽ ഓൺലൈൻ മാർക്കറ്റിങ് രംഗത്ത് പ്രവർത്തിക്കുന്നവർ നിർമാതാക്കളുടെ ശ്രദ്ധയിൽപ്പെടുത്തി. നിർമാതാക്കൾ ഈ വിഷയം ഫിലിം ചേംബർ യോഗത്തിൽ ഉന്നയിക്കുകയും അത്തരം തിയറ്റർ പ്രതികരണങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുവാൻ തിയറ്റർ ഉടമകളുടെ സംഘടനകളുമായി ചേർന്ന് തീരുമാനമെടുക്കുകയും ചെയ്ത വിവരം യോഗത്തെ അറിയിച്ചു.

സിനിമാ റിവ്യൂകൾക്ക് വിലക്കോ സമയപരിധിയോ ഏർപ്പെടുത്തുന്ന ജനാധിപത്യ സംവാദ വിരുദ്ധ നിലപാടിനോട് തരിമ്പും യോജിപ്പില്ലെന്ന് ഫെഫ്കയും അംഗസംഘടനകളും യോഗത്തിൽ വ്യക്തമാക്കി. എന്നാൽ, റിവ്യൂ എന്ന പേരിൽ ബോഡി ഷെയിമിങ് നടത്തുക, ജാതീയവും വംശീയവും ലിംഗഭേദപരവുമായ ആക്ഷേപങ്ങളും വ്യക്തിഹത്യയും നടത്തുക, വിവരങ്ങൾ നൽകി സിനിമയേയും അതിൽ പ്രവർത്തിച്ചവരേയും അപകീർത്തിപ്പെടുത്തുക തുടങ്ങിയ ക്രിമിനൽ പ്രവർത്തങ്ങൾ കണ്ടില്ലെന്നുവക്കാൻ സാധിക്കില്ല. അത്തരം സന്ദർഭങ്ങളിൽ ബാധിക്കപ്പെട്ടവർക്ക് നിയമസഹായം നൽകാനും കുറ്റവാളികൾക്കെതിരെ നടപടി ഉറപ്പുവരുത്തുവാനും ഫെഫ്കയും പ്രൊഡ്യുസേഴ്സ് അസോസിയേഷനും സംയുക്ത സമിതി രൂപീകരിക്കാനും തീരുമാനിച്ചു. കൂടാതെ, പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹൈക്കോടതിയിൽ നൽകിയ കേസിൽ ഉന്നയിച്ച വിഷയങ്ങളിൽ ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഫെഫ്കയ്ക്കുള്ള നിലപാടും ഐക്യദാർഡ്യവും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ അറിയിച്ചതായും ഫെഫ്ക ജനറൽ സെക്രട്ടറി പ്രസ്താവനയിൽ പറഞ്ഞു.

Comments