സ്വതന്ത്രമായി പ്രവർത്തിക്കുന്ന കലാകൂട്ടായ്മയിലെ ഒരു മൈക്രോ സെലിബ്രിറ്റിയെക്കുറിച്ചുള്ള കോമഡി സിനിമയാണ് ‘വാട്ടുസി സോംബി’. IFFK-യിൽ സെലക്ഷൻ കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഫെസ്റ്റിവെലിൽ സെലക്ഷന് അയക്കണമെന്നു പോലും വിചാരിച്ചിരുന്നതല്ല. കൊച്ചി കേന്ദ്രീകരിച്ച് ഷോർട്ട് ഫിലിമുകൾ ചെയ്യുന്ന കൂട്ടായ സംഘമാണ് ഞങ്ങളുടേത്. അഞ്ചാറ് വർഷമായി ഞങ്ങൾ ഒരുമിച്ച് വർക്ക് ചെയ്ത് പരിചയമുണ്ട്. ഞങ്ങളുടെ കൂട്ടായ്മയ്ക്ക് പുറത്ത് ഒരുപാട് ആളുകൾ കാണുന്ന വലിയൊരു മേളയിലേക്ക് സിനിമ എത്തുന്നുവെന്നത് വളരെ സന്തോഷകരമാണ്.
ഞാൻ മുംബൈയിൽ കമ്യൂണിക്കേഷൻ ഡിസൈൻ പഠിക്കുകയാണ്. 12ാം ക്ലാസ് കഴിഞ്ഞ് ഡിസൈൻ എൻട്രൻസ് പരിശീലനത്തിന് ഒരു വർഷം ഇടവേളയെടുത്തു. ആ സമയത്താണ് സിനിമ ചെയ്തത്. ആദ്യം ഷോർട്ട് ഫിലിമും ചെറിയ മ്യൂസിക് വീഡിയോകളുമൊക്കെയാണ് ചെയ്തിരുന്നത്. ഷോർട്ട് ഫിലിം, ഡോക്യുമെൻററി, മ്യൂസിക് വീഡിയോ അല്ലെങ്കിൽ റീൽ അങ്ങനെ എന്തെങ്കിലുമൊക്കെ ക്രിയേറ്റീവായി ചെയ്യുന്നവരാണ് ഞങ്ങളുടെ കൂട്ടത്തിലുള്ളവരെല്ലാം. വലിയ ആവേശത്തോടെയാണ് എല്ലാവരും ഈ സിനിമയ്ക്ക് വേണ്ടി വർക്ക് ചെയ്തത്. ഷോർട്ട് ഫിലിമായി ചെയ്യുമ്പോൾ തന്നെ എല്ലാവർക്കും വലിയ താൽപര്യമുണ്ടായിരുന്നു.
ജാൻ ഡേവിസ് എന്ന ആർട്ടിസ്റ്റ് ചെയ്ത ഇൻസ്ട്രുമെൻറൽ സോങാണ് വാട്ടുസി സോംബി. പണ്ടത്തെ പാട്ടാണ്. രണ്ടുമൂന്ന് വർഷം മുമ്പ് വെറുതേ കേട്ടിരിക്കുമ്പോൾ അത് വല്ലാതെ ഇഷ്ടമായി. ശബ്ദവും സ്റ്റൈലും ആൽബത്തിൻെറ കവർ ആർട്ടുമെല്ലാം ആകർഷകമായി തോന്നി. ടൈറ്റിലും ഒപ്പം ‘വാട്ടുസി സോംബി’ എന്ന് പറയുന്ന ശബ്ദവുമാണ് കൂടുതൽ ഇഷ്ടമായത്. പാട്ട് മനസ്സിലങ്ങനെ നിന്നു. ആ സമയത്ത് ഈ സിനിമയുടെ വർക്ക് തുടങ്ങിയിരുന്നില്ല. പക്ഷേ, മനസ്സിൽ സിനിമയുടെ ഐഡിയ ഉണ്ടായിരുന്നു. അന്നേ തീരുമാനിച്ചതാണ്, എന്നെങ്കിലും ഒരു സിനിമ ഉണ്ടാക്കുകയാണെങ്കിൽ ഇതായിരിക്കും അതിന് പേരിടുകയെന്നത്. ആ പാട്ട് ഈ സിനിമയിൽ ഉപയോഗിച്ചിട്ടുമുണ്ട്.
ജാൻ ഡേവിസ് എന്ന ആർട്ടിസ്റ്റ് ചെയ്ത ഇൻസ്ട്രുമെൻറൽ സോങാണ് വാട്ടുസി സോംബി. പണ്ടത്തെ പാട്ടാണ്. രണ്ടുമൂന്ന് വർഷം മുമ്പ് വെറുതേ കേട്ടിരിക്കുമ്പോൾ അത് വല്ലാതെ ഇഷ്ടമായി.
സോഷ്യൽ മീഡിയയെക്കുറിച്ച് ഒരു സിനിമ
ഒരു വർഷത്തെ ബ്രേക്കിനുശേഷം ഒരു ആർട്ടിസ്റ്റ് തൻെറ പ്രൊഫഷണിലേക്ക് തിരിച്ചുവരുമ്പോൾ, ആളെക്കുറിച്ച് ഒരു അഭ്യൂഹമുണ്ടാവും. അതാണ് പ്രമേയത്തിന്റെ പ്രധാന പോയൻറ്. Gen- Z യെക്കുറിച്ചാണ് ഈ സിനിമ എന്നാണ് ഞാൻ വിശ്വസിക്കുന്നത്. സോഷ്യൽ മീഡിയയുമായി ബന്ധപ്പെട്ട് ഇപ്പോൾ വരുന്ന സിനിമകളെല്ലാം അതേക്കുറിച്ച് വലിയ ധാരണയില്ലാതെ ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. ഇത്തരം സിനിമകളുടെ അതിപ്രസരം തന്നെ ഉണ്ടായിരുന്നു. എന്തുകൊണ്ട് പുതിയ ജനറേഷനിലുള്ളവർ ഇങ്ങനെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നുവെന്ന് പലരും മനസ്സിലാക്കുന്നില്ല. സോഷ്യൽ മീഡിയ വളരെ മോശമാണെന്നാണ് പൊതുവിൽ ഈ സിനിമകൾ പറയുന്നത്.
വാട്ടുസി സോംബി സോഷ്യൽ മീഡിയയെക്കുറിച്ച്, വ്യത്യസ്ത അപ്രോച്ചിലുള്ള ഒരു സിനിമയാണ്. സോഷ്യൽ മീഡിയ ഉപയോഗിച്ച് വളർന്ന ഒരാൾ, ഒരു വിഷയത്തെ എങ്ങനെയായിരിക്കും അഭിമുഖീകരിക്കുക, ആളുടെ ഇമോഷൻസ് എങ്ങനെയായിരിക്കും, ഒരു നാട്ടിൽ, അല്ലെങ്കിൽ ഒരു ആൾക്കൂട്ടത്തിൽ എങ്ങനെയാണ് ഒരു കമ്മ്യൂണിറ്റി ഉണ്ടാവുന്നത്, അതിൽ എങ്ങനെയാണ് ആളുകൾ പരസ്പരം ആശയവിനിമയം നടത്തുക… അതിനെപ്പറ്റി കൂടിയാണ് സിനിമ.
ഇതിലെ പ്രധാന കഥാപാത്രവുമായി ബന്ധപ്പെട്ട് ഒരു അഭ്യൂഹം പ്രചരിക്കുന്നുണ്ട്. അത് എങ്ങനെ വരുന്നു, എങ്ങനെ വലിയ ചർച്ചയായി മാറുന്നു; അതെല്ലാം വളരെ ഹ്യൂമറസായിട്ടാണ് ചെയ്തിരിക്കുന്നത്. സോഷ്യൽ മീഡിയ വളരെ നല്ലതാണെന്നൊന്നുമല്ല ഞാൻ പറയുന്നത്. എന്നാൽ അത് ഉപയോഗിക്കുന്ന പുതിയ തലമുറയിലുള്ളവരുമായി എംപതൈസ് ചെയ്യാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്.
13ാം വയസ്സിലാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത്. അതങ്ങനെ വലിയ ഗൗരവത്തോടെ ചെയ്തതൊന്നുമായിരുന്നില്ല. വെറുതെ ഒരു രസത്തിന് മാത്രം. കോവിഡ് സമയത്താണ് അൽപം കൂടി ഗൗരവത്തോടെ സിനിമയെ കണ്ടത്.
സിനിമയുടെ പിന്നിലുള്ളവരും ആർട്ടിസ്റ്റുകളുമെല്ലാം സുഹൃത്തുക്കൾ തന്നെയാണ്. കഴിഞ്ഞ വർഷമാണ് ഷൂട്ട് ചെയ്തത്. ഒരാഴ്ചക്കുള്ളിൽ ഷൂട്ട് മുഴുവൻ കഴിഞ്ഞു. പിന്നീട് പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾക്കാണ് സമയം വേണ്ടിയിരുന്നത്. ഇതെൻെറ ആദ്യ ഫീച്ചർ ഫിലിമാണ്. നേരത്തെ ഷോർട്ട് ഫിലിമുകളാണ് ചെയ്തിരുന്നത്. ഇതും ഒരു ഷോർട്ട് ഫിലിം എന്ന നിലയിൽ ചെയ്തതായിരുന്നു. എഡിറ്റിങ് ഘട്ടത്തിലേക്ക് എത്തിയപ്പോഴാണ് ഫീച്ചർ ഫിലിം ആക്കാമെന്ന് തോന്നിയത്. അങ്ങനെ ഒരു സീൻ കൂടി പിന്നീട് ഷൂട്ട് ചെയ്താണ് സിനിമ പൂർത്തിയാക്കിയത്.
സിനിമാക്കാരും ഗായകരും പോലുള്ള ആർട്ടിസ്റ്റുകളാണ് പ്രധാന കഥാപാത്രങ്ങൾ. മിക്കവരും 20-25 വയസ്സുള്ളവർ. പുതിയ ജനറേഷനുമായി ബന്ധപ്പെട്ട, അവരെ അഡ്രസ് ചെയ്യുന്നതാണ് സിനിമ. പുതിയ ജനറേഷനിലുള്ളവർക്ക് സിനിമ ചെയ്യാനും മറ്റും പഴയ കാലത്തേക്കാൾ എളുപ്പമാണ്. സോഷ്യൽ മീഡിയ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ വളർന്നുവന്ന ഒരാളുടെ ചിന്താഗതി എന്തായിരിക്കും? അവരെങ്ങനെയായിരിക്കും ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുക… അതൊക്കെയാണ് സിനിമയയും ചർച്ച ചെയ്യുന്നത്. അതുകൊണ്ടുതന്നെ അഭിനേതാക്കളും പ്രായം കുറഞ്ഞവർ തന്നെയാവണമെന്ന് നിർബന്ധമുണ്ടായിരുന്നു. സ്കൂളിൽ ഒപ്പം പഠിച്ച സുഹൃത്തായ അബ്ദുൾ അഹദാണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അവൻ ആദ്യമായിട്ടാണ് അഭിനയിക്കുന്നത്. ആരും പ്രൊഫഷണൽ അഭിനേതാക്കളൊന്നുമല്ല. എന്നാൽ, നമ്മുടെ ഷോർട്ട് ഫിലിമുകളിലും മറ്റും അഭിനയിച്ചവർ തന്നെയാണ്. അഭിനയിച്ചവരിൽ പലരും സാങ്കേതിക വിഭാഗവും മറ്റും കൈകാര്യം ചെയ്ത് പിന്നണിയിലും വർക്ക് ചെയ്തിട്ടുണ്ട്.
സോഷ്യൽ മീഡിയയുടെ സ്വാധീനത്തിൽ വളർന്നുവന്ന ഒരാളുടെ ചിന്താഗതി എന്തായിരിക്കും? അവരെങ്ങനെയായിരിക്കും ഒരു പ്രശ്നത്തെ കൈകാര്യം ചെയ്യുക… അതൊക്കെയാണ് സിനിമയയും ചർച്ച ചെയ്യുന്നത്.
സിനിമയിലെത്തിയ വഴി
ചെറുപ്പം മുതലേ നന്നായി സിനിമ കാണുമായിരുന്നു. അങ്ങനെ സിനിമ ചെയ്യണമെന്നും ആഗ്രഹം തോന്നി. 13ാം വയസ്സിലാണ് ആദ്യത്തെ ഷോർട്ട് ഫിലിം ചെയ്യുന്നത്. അതങ്ങനെ വലിയ ഗൗരവത്തോടെ ചെയ്തതൊന്നുമായിരുന്നില്ല. വെറുതെ ഒരു രസത്തിന് മാത്രം. കോവിഡ് സമയത്താണ് അൽപം കൂടി ഗൗരവത്തോടെ സിനിമയെ കണ്ടത്. പല ഭാഷകളിലുള്ള വ്യത്യസ്തങ്ങളായ സിനിമകൾ അക്കാലത്ത് കാണാൻ തുടങ്ങി. എൻെറ ചേട്ടൻ അലക്സും സിനിമയോട് വലിയ താൽപര്യമുള്ളയാളാണ്. വാട്ടിസു സോംബി എഡിറ്റ് ചെയ്തിരിക്കുന്നത് ചേട്ടനാണ്. കഴിഞ്ഞ വർഷം ഒരു ഫീച്ചർ ഫിലിമും ആൾ ചെയ്തിരുന്നു. ചേട്ടനും ഞാനും പണ്ട് മുതലേ ഒരുമിച്ചിരുന്ന് സിനിമകൾ കാണാറുണ്ട്. പാട്ടുകളും സിനിമകളുമൊക്കെ എനിക്ക് സജസ്റ്റ് ചെയ്യാറുണ്ട്. അങ്ങനെ സിനിമകൾ കണ്ടാണ് സംവിധാനം ചെയ്യാനും താൽപര്യം തോന്നിയത്.
2024-ലെ പ്രിയപ്പെട്ട സിനിമ
മലയാളത്തിൽ മികച്ച സിനിമകൾ വന്ന വർഷമാണ് 2024. All We Imagine As Light (പ്രഭയായ് നിനച്ചതെല്ലാം) ഗംഭീര സിനിമയായാണ് തോന്നിയത്. ഞാൻ മുംബൈയിലായതുകൊണ്ട് അതെനിക്ക് നന്നായി കണക്റ്റ് ചെയ്യാൻ പറ്റി.
ഗിരീഷ് എ.ഡിയുടെ ചിത്രങ്ങളായ ‘പ്രേമലു’വും ‘ഐ ആം കാതലനും’ 2024-ലെ പ്രിയപ്പെട്ട സിനിമകളുടെ കൂട്ടത്തിലുണ്ട്. ഗിരീഷ് എ.ഡി Gen- C യെ നന്നായി മനസ്സിലാക്കാൻ ശ്രമിക്കുന്ന സംവിധായകനാണെന്നാണ് തോന്നിയിട്ടുള്ളത്. ആളുടെ നാല് സിനിമകളും Gen- C യെക്കുറിച്ചുള്ളതാണ്. ഇപ്പോഴത്തെ പുതിയ ജനറേഷനെ കൃത്യമായി മനസ്സിലാക്കിയുള്ളതാണ് ഗിരീഷ് എ.ഡി സിനിമകൾ. ഈ വർഷം ഇറങ്ങിയ ചാലഞ്ചേഴ്സ് എന്ന ഇംഗ്ലീഷ് സിനിമയും നന്നായി ഇഷ്ടപ്പെട്ടിരുന്നു.
▮
IFFK-യിലെ ‘വാട്ടുസി സോംബി’ ഷെഡ്യൂൾ:
14.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2.
16.12.2024: കലാഭവൻ
18.12.2024: അജന്ത