ആദിവാസികൾ കഥാപാത്രങ്ങളാകുന്ന ജീവിതസിനിമ; ധബാരി ക്യുരുവി

ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇന്നത്തെ കാലത്തും ഏറെ പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്ന അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ഊരുകളിലേക്ക് കടന്നുചെല്ലുന്ന സിനിമയാണ് പ്രിയനന്ദനൻ സംവിധാനം ചെയ്ത ‘ധബാരി ക്യുരുവി’.

സിനിമ ആഘോഷത്തിൻ്റെയും ആഹ്ലാദത്തിൻ്റെയും മാത്രം കലയല്ല. അവിടെ അമർഷത്തിൻ്റെയും അതിജീവനത്തിൻ്റെയും അനുരണനങ്ങൾ ജനിക്കുകയും കണ്ണിനോടും കാലത്തോടും കലഹിക്കുകയും ചെയ്യുന്നു.

അടിച്ചമർത്തപ്പെട്ടുകൊണ്ടിരിക്കുന്ന, ചൂഷണത്തിന് വിധേയമാക്കപ്പെടുന്ന ജനവിഭാഗങ്ങൾക്ക് അവരാഗ്രഹിക്കുന്ന രീതിയിൽ ഉയർന്നുവരാനുള്ള സാഹചര്യമൊരുക്കാൻ മികച്ച മാർഗ്ഗമാണ് കല. ജീവിതത്തെ പച്ചയായി ആവിഷ്കരിക്കുകയും അതിൽ ജീവിതഗന്ധിയായ അടരുകൾ ചേർത്ത് കാഴ്ചയും കേൾവിയും ശക്തിപ്പെടുത്തി പ്രേക്ഷകരെ ചിന്തിപ്പിക്കുകയും ചെയ്യുന്നു എന്നതുകൊണ്ടാണ് സിനിമ എന്ന കല ഏറെ സാധ്യതകളുള്ള കാഴ്ചയാവുന്നതും. ഇത്തരത്തിൽ കാഴ്ചയിലൂടെയും കേൾവിയിലൂടെയും നമ്മെ ഇരുത്തി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ് പ്രിയനന്ദനൻ സംവിധാനം ചെയ്ത ധബാരി ക്യുരുവി എന്ന സിനിമ.

പൂർണമായും ആദിവാസി വിഭാഗക്കാർ മാത്രമഭിനയിച്ച ലോകത്തിലെ ആദ്യ സിനിമയാണിത്. മീനാക്ഷി, ശ്യാമിനി, അനുപ്രശോഭനി, നഞ്ചിയമ്മ, മുരുകൻ, മല്ലിക എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

അട്ടപ്പാടി മേഖലയിലെ ഇരുള ഗോത്ര വിഭാഗത്തിന്റെ സംസാരഭാഷയിലാണ് സംഭാഷണം. ഇരുള ഭാഷയിൽ ധബാരി ക്യുരുവി എന്നത് മലയാളികൾക്ക് സുപരിചിതമായ അങ്ങാടിക്കുരുവികളാണ്. ധബാരി ക്യുരുവികൾ അച്ഛനാരാണെന്ന് തിരിച്ചറിയാത്ത കുരുവികളാണ്. അട്ടപ്പാടിയിലെ ഇരുള വിഭാഗത്തിൽ അന്തർലീനമായ അനേകം മിത്തുകളിൽ ഒന്നാണിത്. സിനിമയുടെ പ്രമേയവുമായി ബന്ധപ്പെടുത്തിയാൽ, ഈ പേര് അക്ഷരാർത്ഥത്തിൽ സിനിമയോട് ഒട്ടിചേർന്നുകിടക്കുന്നു.

ഒരേ സമയം കാഴ്ചയിലും പ്രമേയത്തിലും പശ്ചാത്തല സംഗീതത്തിലും മികവ് പുലർത്തുന്ന സിനിമ അട്ടപ്പാടിയുടെ പ്രാദേശിക ജീവിതത്തെ, അതിൽ ഇഴുകിച്ചേർന്ന ഗോത്ര സംഗീതത്തെയും കാഴ്ചകളെയും മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്. ഇരുള ഭാഷയുടെ തനതായ ഈണവും താളവും ആസ്വാദകരെ സിനിമയോട് ചേർത്തുനിർത്തുന്നു. അട്ടപ്പാടി മേഖലയിൽ ഒരു പാട് സിനിമകൾ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും അട്ടപ്പാടിയിലെ ഗോത്ര ജനതയുടെ, അവരുടെ ജീവിതത്തിന്റെ നേർചിത്രം വ്യക്തമായി അവതരിപ്പിച്ച ആദ്യ ചിത്രം എന്ന പ്രത്യേകത കൂടി ധബാരി ക്യുരുവിക്ക് അവകാശപ്പെടാം.

പാപ്പാത്തി, മുരുകി, രാമി എന്നീ മൂന്ന് പെൺകുട്ടികളിലൂടെയാണ് സിനിമ ചലിക്കുന്നത്. ലൈംഗികാതിക്രമത്തിലൂടെ ജനിച്ച കുട്ടിയെ പ്രസവിച്ച് വളർത്തേണ്ടിവരുന്ന മുരുകി, ലൈംഗികാതിക്രമത്താൽ ഗർഭിണിയാകേണ്ടിവരുന്ന പാപ്പാത്തി, അത്തരത്തിലൊരു സാഹചര്യത്തിലേക്ക് പോകാൻ സാധ്യതയുള്ള രാമി എന്നീ പെൺകുട്ടികളുടെ ജീവിതവും പ്രതിസന്ധികൾക്ക് മുന്നിലെ ചെറുത്തുനിൽപ്പും അവരുടെ അതിജീവനവുമാണ് സിനിമ.

തന്റെ സ്വപ്നങ്ങൾ കൊണ്ട് ഒരു സമൂഹത്തെ തന്നെ മാറ്റാനാഗ്രഹിക്കുന്ന പാപ്പാത്തിയുടെ ജീവിതത്തിലെ സങ്കീർണ്ണതകളിൽ അതിജീവനത്തിന്റെ കൈത്താങ്ങാവുകയാണ് രാമിയും മുരുകിയും. കേവലം കഥപറച്ചിലിനപ്പുറത്ത് സങ്കീർണവും പ്രതിസന്ധികൾ നിറഞ്ഞതുമായ സാമൂഹിക സാഹചര്യങ്ങൾ മനുഷ്യജീവിതത്തെ കൊണ്ടുപോകുന്ന വ്യത്യസ്ത തലങ്ങൾ സിനിമയിൽ ആവിഷ്കരിക്കപ്പെടുന്നു. മുരുകി എന്ന കഥാപാത്രത്തിന്റെ നിശ്ശബ്ദത പോലും സിനിമയ്ക്ക് പല ഘട്ടത്തിലും വന്യമായ മാനങ്ങൾ നൽകുന്നുണ്ട്. അത്തരത്തിൽ കാഴ്ചകളുടെയും കേൾവികളുടെയും കൂടെ നിശ്ശബ്ദതയേയും സമന്വയിപ്പിച്ചാണ് ധബാരി സിനിമ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇന്നത്തെ കാലത്തും ഏറെ പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്ന അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ഊരുകളിലേക്കാണ് ഈ സിനിമ ചെല്ലുന്നത്. അവിടെ അതിക്രമങ്ങൾ നേരിട്ടും ചൂഷണങ്ങൾക്ക് വിധേയരായും തളരുന്ന സ്ത്രീ സമൂഹമാണ് സിനിമയുടെ പ്രമേയം. ജനിക്കുന്നതുമുതൽ ഓരോ ആദിവാസി സ്ത്രീയും നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമങ്ങളും അതിനെ എതിർക്കാനേ അതിജീവിക്കാനോ ശ്രമിക്കുമ്പോൾ പ്രതിബന്ധങ്ങളായി വരുന്ന ആദിവാസി ഊരുകളിലെ രീതികളും വിശ്വാസങ്ങളുമെല്ലാം സിനിമയിൽ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അത്തരം വിശ്വാസരീതികൾ മനുഷ്യജീവിതങ്ങളെ പിന്നോട്ടടിക്കുമെന്ന കാര്യം സിനിമ കഴിഞ്ഞിറങ്ങുന്ന ഓരോരുത്തരിലും ഊട്ടിയുറപ്പിക്കാൻ പര്യാപ്തമാണ് സിനിമയുടെ പ്രമേയം. ആദിവാസി സമൂഹത്തിനകത്ത് അതിന്റെ കാതലായ മാറ്റൊലികൾ ഈ സിനിമയിലൂടെ സൃഷ്ടിക്കപ്പെടുമെന്ന് പ്രത്യാശിക്കനുള്ള വക സിനിമയൊരുക്കിവച്ചിട്ടുണ്ട്.

അട്ടപ്പാടി ഒരു മദ്യ നിരോധിത മേഖലയാണെന്നതുകൊണ്ടുതന്നെ, ചാരായവാറ്റ് അട്ടപ്പാടിയിൽ കുടിൽ വ്യവസായം പോലെയുള്ള തൊഴിലാണ്. അതൊരു ജീവിതമാർഗ്ഗമായി കാണുന്ന ഒട്ടേറെ കുടുംബങ്ങൾ അട്ടപ്പാടിയിലുണ്ട്. വിലക്കപ്പെട്ടതിനോട് മനുഷ്യൻ കാണിക്കുന്ന ഈ സഹജമായ ചിന്താഗതിയിലാണ് അട്ടപ്പാടിയിലെ സ്ത്രീകൾ നേരിടുന്ന അതിക്രമങ്ങളുടെ പ്രധാനപ്പെട്ടതും പ്രബലമായതുമായ കാരണത്തെ സംവിധായകൻ പ്രതിഷ്ഠിക്കുന്നത്. ഇത്തരത്തിൽ പ്രശ്നത്തെ അടയാളപ്പെടുത്തുന്നതിനൊപ്പം ആദിവാസി വിഭാഗത്തിന്റെ ഉന്നമനത്തിന് വിദ്യാഭ്യാസം എത്രത്തോളം പ്രാധാന്യമർഹിക്കുന്നു എന്ന ചിന്ത കൂടി ഈ സിനിമ മുന്നോട്ടുവയ്ക്കുന്നു.

ഇരുള, മുഡുക, കുറുമ്പ എന്നീ ആദിവാസി വിഭാഗങ്ങളിൽ ഇരുള സമുദായം മാത്രമാണ് വിദ്യാഭ്യാസത്തിന് സാമൂഹിക ജീവിതത്തിൽ എത്രമാത്രം പ്രാധാന്യമുണ്ടെന്ന വസ്തുത തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റു സമുദായങ്ങളെ കൂടി നൂതന വിദ്യാഭ്യാസത്തിന്റെ പരിധിയിൽ കൊണ്ടുവരേണ്ടതുണ്ട് എന്ന വസ്തുത സിനിമയും കാലവും ഒരു പോലെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പക്ഷേ മദ്യദുരന്തം പോലൊരു വിപത്ത് അട്ടപ്പാടിയിൽ സംഭവിക്കാമെന്ന യാഥാർത്ഥ്യത്തിന് ശാശ്വതമായൊരു പരിഹാരം സിനിമ മുന്നോട്ട് വയ്ക്കേണ്ടതില്ലെങ്കിലും ഉത്തരവാദിത്വമുള്ള പൊതുസമൂഹം അതിനെപറ്റി ചർച്ച ചെയ്തെ മതിയാകു.

അട്ടപ്പാടിയുടെ ഭൂപ്രകൃതി സിനിമയുടെ കാഴ്ചയെ ഏറെ പരിപോഷിപ്പിക്കുന്നുണ്ട്. പശ്ചിമഘട്ട മലനിരകളും പുഴകളും നിറഞ്ഞ അട്ടപ്പാടിയുടെ മനോഹാരിത ഒട്ടും ചോരാതെയവതരിപ്പിക്കാൻ ഛായാഗ്രാഹകന് കഴിഞ്ഞുവെന്നത് വസ്തുതയാണ്. പക്ഷേ കാലിക പ്രസക്തമായൊരു വിഷയമവതരിപ്പിക്കുന്ന ഘട്ടത്തിൽ ആ വിഷയത്തിൻ്റെ സത്ത പ്രേക്ഷക മനസ്സിലേക്ക് ഒട്ടും ചോരാതെ ആഴ്ന്നിറങ്ങുന്നതിനു പകരം, സിനിമയുടെ ദൃശ്യഭംഗി സിനിമയെ പ്രേക്ഷകന്റെ കണ്ണുകളിലേക്ക് മാത്രമായി ഒതുക്കി കളഞ്ഞേക്കാം.

അട്ടപ്പാടിയുടെ സത്ത ഉൾക്കൊണ്ട, ജീവിതഗന്ധിയായ സിനിമ എന്ന തരത്തിൽ സിനിമാചരിത്രത്തിൽ ധബാരി ക്യുരുവികൾ അടയാളപ്പെടുമെന്നതിൽ സംശയമില്ല. ഗോത്ര വിഭാഗത്തിലെ ജീവിതങ്ങൾക്കുനേരെ, അവരനുഭവിക്കുന്ന ചൂഷണങ്ങൾക്ക് നേരെ, അതിനെതിരായ ചെറുത്തുനിൽപ്പുകൾക്ക് നേരെ പൊതുസമൂഹം കണ്ണടച്ചാലും സിനിമയുടെ കാഴ്ചകൾ കാലത്തോട് നീതി പുലർത്തിക്കൊണ്ടേയിരിക്കും. അവിടെയാണ് സിനിമ കാലം ആവശ്യപ്പെടുന്ന കലയാകുന്നതും ധബാരി ക്യുരുവികൾ കാലത്തോട് നീതി പുലർത്തുന്ന സിനിമയാകുന്നതും.

ചിത്രം നിർമിച്ചിരിക്കുന്നത് വിനായക അജിത്തും ഐമാസ് വിഷ്വൽ മാജികും ചേർന്നാണ്. ഛായാഗ്രഹണം അശ്വഘോഷ്, ചിത്രസംയോജനം ഏകലവ്യൻ.


Summary: ദൈനംദിന ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ഇന്നത്തെ കാലത്തും ഏറെ പ്രതിസന്ധി അനുഭവിക്കേണ്ടിവരുന്ന അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങളുടെ ഊരുകളിലേക്ക് കടന്നുചെല്ലുന്ന സിനിമയാണ് ‘ധബാരി ക്യുരുവി’.


അനശ്വരത്ത് ശാരദ

അധ്യാപകൻ, എഴുത്തുകാരൻ, നാടകപ്രവർത്തകൻ

Comments