Ekō: അതിജീവിതരുടെ അനന്തഗാഥകൾ

“ഓരോ തിരിവിലും പുതിയ ഭൂമികകളുള്ള, ഇടതൂർന്നതും അപകടമാർന്നതുമായ ഒരു വനത്തിലൂടെ സഞ്ചരിക്കുന്നത് പോലെ, ഒരു കഥാപാത്രത്തെയും പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത പ്രവചനാതീതമായ (Unpredictability) രീതി ഈ സിനിമയിലുടനീളമുണ്ട്. നമ്മുടെ പ്രതീക്ഷകളുടെയോ ധാരണകളുടെയോ മലമുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും നിലതെറ്റി താഴേക്ക് പതിക്കാവുന്ന തരം അപകടം പിടിച്ച സാഹസികത.” - EKO Movie Review എഴുതുന്നു സാന്ദ്രലക്ഷ്മി. ആർ.

നുഷ്യഹൃദയങ്ങളുടെ ഗൂഢമായ ഇടങ്ങളിലേക്കുള്ള വന്യയാത്രയാണ് ‘എക്കോ’ (Ekō) എന്ന സിനിമയുടെ കഥയൊഴുക്ക്. ‘കിഷ്കിന്ധാകാണ്ഡം’ ചിത്രത്തിന്റെ അതേ ടീം ആയ ദിൻജിത്ത് അയ്യത്താൻ സംവിധാനം ചെയ്ത് ബാഹുൽ രമേശ് രചനയും ഛായാഗ്രഹണവും നിര്‍വഹിച്ച ഈ ചിത്രം, മലയാളസിനിമ ഇതുവരെ കണ്ടു പരിചയിച്ചിട്ടില്ലാത്ത അപരലോകത്തിൽ നമ്മളെ കുടുക്കിയിടുകയാണ്. ഓരോ തിരിവിലും പുതിയ ഭൂമികകളുള്ള, ഇടതൂർന്നതും അപകടമാർന്നതുമായ ഒരു വനത്തിലൂടെ സഞ്ചരിക്കുന്നത് പോലെ, ഒരു കഥാപാത്രത്തെയും പൂർണ്ണമായി വിശ്വസിക്കാൻ കഴിയാത്ത പ്രവാചനാതീതത (Unpredictability) ഈ സിനിമയിലുടനീളമുണ്ട്. നമ്മുടെ പ്രതീക്ഷകളുടെയോ ധാരണകളുടെയോ മലമുകളിൽ നിന്ന് എപ്പോൾ വേണമെങ്കിലും നിലതെറ്റി താഴേക്ക് പതിക്കാവുന്ന തരം അപകടം പിടിച്ച സാഹസികത. അത്തരത്തിൽ രൂപാന്തരപ്പെടുന്ന തിരക്കഥയാണ് 'എക്കോ'-യുടേത്.

രണ്ടാം ലോകയുദ്ധത്തിനും അടിയന്തരാവസ്ഥയ്ക്കിടയിലുമുള്ള കാലത്ത്, പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന കുര്യച്ചൻ എന്ന ഒരു ക്രിമിനലിന്റെ തിരോധാനത്തെ കുറിച്ചന്വേഷിച്ചു പലപ്പോഴായി കാട്ടുകുന്ന് മല കയറി വരുന്നവർ. അവർക്കെല്ലാം കുര്യച്ചനോട്‌ പല കാരണങ്ങളാലുള്ള പകയുടെയും പ്രതികാരത്തിന്റെയും വഴികളിലൂടെ വികസിക്കുകയാണ് സിനിമ. അവരിലൂടെ ചുരുൾ നിവരുകയാണ് കുര്യച്ചന്റെ വ്യക്തിത്വവും ഭൂതകാലവും. നമ്മൾ കുര്യച്ചനെ തേടുന്ന യാത്രയിലായിരിക്കുമ്പോൾ, സിനിമ തന്ത്രപരമായി പരസ്പരം ബന്ധമില്ലാത്തതെന്നു തോന്നിക്കുന്ന പല കഥാഗതികളിലേക്കും കഥാപാത്രങ്ങളിലേക്കും പ്രേക്ഷകരുടെ നോട്ടത്തെ തിരിക്കുന്നു. ഇത് നമ്മുടെ കണക്കുകൂട്ടലുകൾ തെറ്റിക്കുകയും കഥാപാത്രങ്ങളുടെ ഉദ്ദേശ്യങ്ങളെ ചോദ്യം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. എന്നാൽ പതുക്കെ ഇവയെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വെളിപ്പെടുന്നു. അത് craft ചെയ്ത വിധമാണ് പ്രശംസയർഹിക്കുന്നത്. മലയാള സിനിമയിൽ മികച്ച തിരക്കഥകൾ സൃഷ്‌ടിക്കുന്നവരിലേക്ക് ബാഹുൽ രമേഷിനെയും ചേർത്തുവെക്കാമെന്നതിൽ സംശയമില്ല. അദ്ദേഹം എഴുതിയ Animal Trilogy യുടെ ആദ്യഭാഗമായ 'കിഷ്കിന്ധാകാണ്ഡ'ത്തിൽ കുരങ്ങുകൾ ഒരുപരിധി വരെ കഥയ്ക്ക് പുറത്തുനിൽക്കുന്നവരായിരുന്നു. (അവ കഥാപാത്രങ്ങളെ 3 വാനരന്മാരായി പ്ലേസ് ചെയ്യാനുള്ള രൂപകമായിരുന്നു എന്ന് പറയാം) എന്നാൽ, ഏക്കോയിൽ 'കേരള ക്രൈം ഫയൽസ് 2' ലെ പോലെ, നായ്ക്കൾ കഥയുടെ അവിഭാജ്യ ഘടകമാണ്. പല ഘട്ടങ്ങളിലും കഥയെ മുന്നോട്ട് നയിക്കുന്നത് അവയാണ്.

Spoiler Alert

നായ്ക്കളും മനുഷ്യരും: അപ്രസക്തമാകുന്ന അധികാരത്തിന്റെ അതിർവരമ്പുകൾ

ആദ്യകാല മലയാളസിനിമകളിലേറെയും നായകളെ ഹാസ്യരംഗങ്ങളിലോ സാഹസിക രംഗങ്ങളിലോ മാത്രം ഉപയോഗിച്ചിരുന്നു. (കുമ്മാട്ടി പോലെയുള്ള ചില ചിത്രങ്ങളെ വിസ്മരിക്കുന്നില്ല). നായയുമായുള്ള സ്നേഹബന്ധം ചിത്രീകരിക്കുമ്പോഴും മനുഷ്യൻ അവയെ തന്റെ പ്രൊഫഷണൽ ആവശ്യങ്ങൾക്കും വൈകാരിക സംതൃപ്തിക്കും വേണ്ടി ഉപയോഗിക്കുന്ന ഒരു യൂട്ടിലിറ്റേറിയൻ കാഴ്ചപ്പാടാണതിൽ പ്രവർത്തിക്കുന്നത്. പുതുകാല മലയാളസിനിമകളിൽ നായ്ക്കൾക്ക് കൂടുതൽ സങ്കീർണ്ണവും ആഖ്യാനപരവുമായ ധർമ്മങ്ങൾ കൈവരുന്നുണ്ട്. ഇവിടെ അവ മിക്കവാറും വെറും മൃഗങ്ങളോ പശ്ചാത്തല ഘടകങ്ങളോ മാത്രമായി ഒതുങ്ങുന്നില്ല. കഥാപാത്രങ്ങളുടെ മാനസികാവസ്ഥ, സാമൂഹിക-വർഗ്ഗ സൂചകങ്ങൾ, വർഗ്ഗപരമായ വേർതിരിവുകൾ, സ്നേഹബന്ധത്തിലെ സ്വാർത്ഥത, അധികാരം, നിയന്ത്രണം തുടങ്ങിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ നായ്ക്കൾ പ്രതിഫലിപ്പിക്കുന്നുണ്ട്.

മനുഷ്യപരിണാമചരിത്രത്തിലെ കൃത്രിമ നിർദ്ധാരണത്തിന്റെ (Artificial Selection) ഏറ്റവും ശക്തവുമായ ഉദാഹരണങ്ങളിലൊന്നാണ് നായ്ക്കൾ. കൃത്രിമ നിർദ്ധാരണ (Artificial Selection)മെന്നാൽ മനുഷ്യർ തങ്ങൾക്ക് ആവശ്യമായ സ്വഭാവവിശേഷങ്ങളുള്ള ജീവികളെ (വളർത്തു മൃഗങ്ങളെയോ, സസ്യങ്ങളെയോ) തിരഞ്ഞെടുത്ത് അവയെ മാത്രം ഇണചേർക്കുന്ന പ്രക്രിയയാണ്. വേട്ടയാടാനും മനുഷ്യരോട് ഭയമില്ലാതെ ഇടപെടാനും സഹായിക്കാനുമായി കുറഞ്ഞ ആക്രമണസ്വഭാവം കാണിക്കുന്ന ചെന്നായ്ക്കളെയാണ് ഇത്തരത്തിൽ തിരഞ്ഞെടുത്തത്. പിന്നീട്, സഹസ്രാബ്ദങ്ങൾ നീണ്ട കൃത്രിമ നിർദ്ധാരണത്തിലൂടെ, ഒരൊറ്റ പൊതുപൂർവ്വികനിൽ (ചെന്നായ്) നിന്ന് തന്നെ, ഇന്ന് കാണുന്നതുപോലെ വലുപ്പത്തിലും രൂപത്തിലും സ്വഭാവത്തിലും വളരെയധികം വ്യത്യാസങ്ങളുള്ള നൂറുകണക്കിന് നായ ഇനങ്ങൾ (Dog Breeds) ഉണ്ടായി വന്നു. മനുഷ്യർ ഇണക്കി വളർത്തിയ ആദ്യത്തെ ജീവിവർഗ്ഗമാണ് നായ്ക്കൾ. 'ഏക്കോ'യിൽ നായയുടെ Original breed എന്ന ആശയം പലപ്പോഴും മനുഷ്യരുടെ എത്ത്‌നോസെൻട്രിക് (Ethnocentric) സമീപനങ്ങളെ പ്രതിഫലിപ്പിക്കുന്നതായി കാണാം. നായയുടെ ‘ശുദ്ധമായ’ വംശം (Pure Breed) മറ്റു വംശങ്ങളുമായി കൂടിക്കലരുന്നത് തടയണമെന്ന കാഴ്ചപ്പാട് സിനിമയിലെ ചില കഥാപാത്രങ്ങൾക്കുണ്ട്. ഇത് മനുഷ്യ സമൂഹങ്ങളിൽ തങ്ങളുടെ സംസ്കാരത്തെയും പാരമ്പര്യത്തെയും മറ്റുള്ളവയേക്കാൾ ഉന്നതമായി കാണുന്ന പ്രവണതയോട് സാമ്യം പുലർത്തുന്നുണ്ട്.

അനുസരണ ശീലമുള്ളവയെ ഇണക്കി വളർത്തിയെടുത്ത്, അധികാര ഘടനയ്ക്ക് ഇളക്കം തട്ടാതെ സൂക്ഷിക്കാനുള്ള യജമാനത്തത്തിന്റെ വ്യഗ്രതയ്ക്കും അടങ്ങാത്ത ആർത്തിയ്ക്കുമിടയിൽ അവർ പകർന്നു കൊടുക്കുന്ന വന്യത നിർത്താതെ കുരയ്ക്കേണ്ടി വരുന്ന നായ്ക്കളെ (മനുഷ്യരെയും)ക്കുറിച്ചാണ് 'എക്കോ' പറയുന്നത്. സിനിമയിൽ വിദേശയിനം Pure ബ്രീഡുകളായ നായ്ക്കളെ വികസിപ്പിക്കാൻ ഏതറ്റം വരെയും പോകുന്ന നായ ബ്രീഡർമാരാണ് കുര്യച്ചനും മോഹൻ പോത്തനും. എവിടെയൊക്കെയോ വച്ച് അവർക്കും നായ്ക്കൾക്കുമിടയിലെ അധികാരത്തിന്റെ അതിർവരമ്പുകൾ അപ്രസക്തമായിപ്പോവുകയാണ്. മനുഷ്യർ മനുഷ്യരെ ഓടിച്ചിട്ടു കടിക്കുകയും നായകൾ മനുഷ്യരെ കൂട്ടിലിടുകയും ചെയ്യുന്ന കാഴ്ച. രക്ഷകരെന്നു നടിച്ചവരുടെ തടവിൽ നിന്ന് വിമോചിതരാവുകയും അധികാരം നിർമ്മിച്ച സംരക്ഷണത്തിന്റെ തുടലുകൾ പൊട്ടിച്ച് അടിമത്തത്തിന്റെ ഇരകൾ ബദൽ തേടുകയും ചെയ്യുമെന്ന കാഴ്ച.

കഥാപാത്രങ്ങളുടെ മാനസികാവസ്ഥ, സാമൂഹിക-വർഗ്ഗ സൂചകങ്ങൾ, വർഗ്ഗപരമായ വേർതിരിവുകൾ, സ്നേഹബന്ധത്തിലെ സ്വാർത്ഥത, അധികാരം, നിയന്ത്രണം തുടങ്ങിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ നായ്ക്കൾ പ്രതിഫലിപ്പിക്കുന്നുണ്ട്.
കഥാപാത്രങ്ങളുടെ മാനസികാവസ്ഥ, സാമൂഹിക-വർഗ്ഗ സൂചകങ്ങൾ, വർഗ്ഗപരമായ വേർതിരിവുകൾ, സ്നേഹബന്ധത്തിലെ സ്വാർത്ഥത, അധികാരം, നിയന്ത്രണം തുടങ്ങിയ സാമൂഹിക യാഥാർത്ഥ്യങ്ങളെ നായ്ക്കൾ പ്രതിഫലിപ്പിക്കുന്നുണ്ട്.

'Every dog has a day' എന്നതിന്റെ ദൃഷ്ടാന്തം പോലെ.

ചങ്ങലകൾ തകർക്കുന്ന സ്ത്രീ: അഴിച്ചെടുക്കാനാത്ത ഗൂഢസ്മിതത്തിന്റെ കുരുക്കുകൾ

സ്ത്രീകൾക്ക് കാലങ്ങളായി സമൂഹം കൽപ്പിച്ചു നൽകിയിട്ടുള്ള 'സംരക്ഷണങ്ങൾ' യഥാർത്ഥത്തിൽ അവരുടെ വ്യക്തിഗത സ്വാതന്ത്ര്യത്തെയും സാമൂഹിക ഇടപെടലുകളെയും തടസ്സപ്പെടുത്തുന്ന അസ്വാതന്ത്ര്യത്തിന്റെ വേലിക്കെട്ടുകളായിരുന്നു. പാട്രിയാർക്കി പ്രകാരം, സ്ത്രീകളുടെ 'സുരക്ഷാച്ചുമതല' പുരുഷന്മാർ ഏറ്റെടുക്കുന്നത്തിന്റെ ഭാഗമായി അവർ വീട് ഒരു സംരക്ഷിത ഇട (Safe Sphere)മാക്കിത്തീർക്കുന്നു. വീട് സുരക്ഷിതമായിരിക്കുമ്പോൾ തന്നെ, അത് അവളുടെ ലോകത്തെ പരിമിതപ്പെടുത്തുന്ന ഒരു നിയന്ത്രിത തടവറ കൂടിയായി (Restricted Sphere) പരിണമിക്കുന്നു. സാമൂഹികമായ ചിട്ടവട്ടങ്ങളിലൂടെയും ‘നല്ല പെരുമാറ്റ’ത്തിന്റെ ചട്ടങ്ങളിലൂടെയുമാണ് അധികാരം ഇവിടെ പ്രവർത്തിക്കുന്നത്. മിഷേൽ ഫൂക്കോയുടെ (Michel Foucault) ‘മൈക്രോഫിസിക്സ് ഓഫ് പവർ’ (Microphysics of Power) ഇതുമായി ചേർത്തുവായിക്കാം. കുടുംബത്തിന്റെ മാനം (Honour) സ്ത്രീയുടെ 'ചാരിത്ര്യ'വും ശരീരത്തിന്റെ ഉടമസ്ഥാവകാശ (Bodily Autonomy) വുമായി ബന്ധിപ്പിക്കുമ്പോൾ, ഈ 'സംരക്ഷണം' വലിയ ചങ്ങലക്കുരുക്കായി മാറുന്നു.

ഒരു പുരുഷകേന്ദ്രീകൃത സമൂഹം എങ്ങനെയാണ് സ്ത്രീയെയും സ്വത്തിനെയും അവരുടെ സംരക്ഷണയിൽ 'ജീവപര്യന്തം' തടവിന് വിധേയമാക്കുന്നതെന്ന് വ്യക്തമായി ചിത്രത്തിൽ അടയാളപ്പെടുത്തുന്നു. ഈ പറയുന്ന തരം സംരക്ഷണമെന്നത് അസ്വാതന്ത്ര്യത്തിന്റെ അടിമച്ചങ്ങലകളാണെന്ന് തിരിച്ചറിഞ്ഞ സോയിയിൽ നിന്ന് മ്ലാത്തി ചേട്ടത്തിയിലേക്കുള്ള പരിവർത്തനം, മുൻപ് സൂചിപ്പിച്ചതുപോലെ അധികാരത്തിന്റെ ഇരകൾ കണ്ടെത്തുന്ന ബദലിലേക്കും അവർ സ്വയം നേടുന്ന വിമോചനത്തിലേക്കും കൂടിയുള്ള യാത്രയാണ്.

ക്ലൈമാക്സിലെ മ്ലാത്തിയുടെ പുഞ്ചിരി എളുപ്പമൊന്നും നമ്മെ വിട്ടുപോകില്ല, പെട്ടെന്ന് അഴിച്ചെടുക്കാനാത്ത ഒരുപാട് കുരുക്കുകൾ ആ ഗൂഢസ്മിതത്തിനുണ്ട്.
ക്ലൈമാക്സിലെ മ്ലാത്തിയുടെ പുഞ്ചിരി എളുപ്പമൊന്നും നമ്മെ വിട്ടുപോകില്ല, പെട്ടെന്ന് അഴിച്ചെടുക്കാനാത്ത ഒരുപാട് കുരുക്കുകൾ ആ ഗൂഢസ്മിതത്തിനുണ്ട്.

മ്ലാത്തിയുടെ ബൈനോക്കുലറിന് ചോര പൊടിക്കുന്ന ഏതൊരു ആയുധത്തേക്കാളും മൂർച്ചയുണ്ട്. ആണിന്റെ അഭിലാഷങ്ങൾക്കും സ്വാർത്ഥ താല്പര്യങ്ങൾക്കും വേണ്ടി ഒരു തടങ്കലിൽ നിന്ന് മറ്റൊന്നിലേക്ക് പോകേണ്ടിവന്ന, ആണൊരുക്കിയ അധികാരവ്യവസ്ഥയ്ക്ക് അടിമയായിരുന്ന ഒരുവൾ ആണത്തത്തിനുമേൽ ആജ്ഞാശക്തിയാവുന്ന രോമാഞ്ചമുണർത്തുന്ന കാഴ്ചയാണ് സോയി എന്ന മാലാത്തിക്കാരിയുടേത്. നായകളെ ചങ്ങലയുടെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ച് അവയുടെ ഇഷ്ടത്തിന് വളരാൻ വിടുന്നതും ഈ 'സ്ത്രീ' തന്നെ. ക്ലൈമാക്സിലെ മ്ലാത്തിയുടെ പുഞ്ചിരി എളുപ്പമൊന്നും നമ്മെ വിട്ടുപോകില്ല, പെട്ടെന്ന് അഴിച്ചെടുക്കാനാത്ത ഒരുപാട് കുരുക്കുകൾ ആ ഗൂഢസ്മിതത്തിനുണ്ട്.

വംശീയ കേന്ദ്രീകരണം Vs സാംസ്കാരിക ആപേക്ഷികത (Ethnocentrism Vs Cultural relativism)

ഈ സിനിമയുടെ സ്രഷ്ടാക്കൾ Ethnocentric ആയ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്ന് നിരീക്ഷണത്തിൽ വായിച്ചെടുക്കാം. സ്വന്തം സംസ്കാരമോ വംശീയ വിഭാഗമോ മറ്റുള്ളവയേക്കാൾ മികച്ചതാണെന്നോ, ഉന്നതമാണെന്നോ ഉള്ള ചിന്താഗതിയാണ് വംശീയ കേന്ദ്രീകരണ (Ethnocentrism എത്‌നോസെൻട്രിസം)മെന്ന് ചുരുക്കിപ്പറയാം. ഇതിൽ സ്വന്തം കൂട്ടായ്മയെ (In-group) എല്ലാ കാര്യങ്ങളുടെയും കേന്ദ്രമായി കണക്കാക്കുകയും, മറ്റുള്ളവരെ (Out-group) അതിനോട് താരതമ്യം ചെയ്ത് താഴ്ന്നവരായി കാണുകയും ചെയ്യുന്നു.

രണ്ടാം ലോകയുദ്ധത്തിനും അടിയന്തരാവസ്ഥയ്ക്കിടയിലുമുള്ള കാലത്ത്, പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന കുര്യച്ചൻ എന്ന ഒരു ക്രിമിനലിന്റെ തിരോധാനത്തെ കുറിച്ചന്വേഷിച്ചു പലപ്പോഴായി കാട്ടുകുന്ന് മല കയറി വരുന്നവർ.
രണ്ടാം ലോകയുദ്ധത്തിനും അടിയന്തരാവസ്ഥയ്ക്കിടയിലുമുള്ള കാലത്ത്, പോലീസ് തിരഞ്ഞുകൊണ്ടിരിക്കുന്ന കുര്യച്ചൻ എന്ന ഒരു ക്രിമിനലിന്റെ തിരോധാനത്തെ കുറിച്ചന്വേഷിച്ചു പലപ്പോഴായി കാട്ടുകുന്ന് മല കയറി വരുന്നവർ.

കുര്യച്ചനും മോഹൻ പോത്തനും മലേഷ്യയിൽ പോകുന്നത് നായയുടെ Pure breed അന്വേഷിച്ചാണ്. കലർപ്പില്ലാത്ത Breed-കൾക്ക് മറ്റുള്ളവയിൽ നിന്ന് ഒരുതരം Superiority-യുണ്ട്. നായ്ക്കളുടെ അതീവ സംരക്ഷണ സ്വഭാവം, യജമാനരോടുള്ള അമിതമായ അനുസരണ (extreme and violent obedience) യൊക്കെയും ഇവയുടെ പ്രത്യേകതയാണ്. സിനിമയിലെ കേന്ദ്ര സ്ത്രീകഥാപാത്രമായ സോയി (മ്ലാത്തി)യും ഇത്തരത്തിൽ Original breed തന്നെയാണ്. അവൾ ബോധപൂർവ്വമല്ല തന്റെ വംശത്തിന് പുറത്തുള്ളയാളുമായി കലരുന്നത്. കുര്യച്ചന്റെ Manipulation-നിലൂടെ അവളിൽ തകരുന്നത് തന്റെ വേരിലുള്ള കൂറാണ് (loyalty). കുര്യച്ചന് അവൾ നൽകുന്ന ആജീവനാന്ത തടവ്, അക്കാലമത്രയും സ്ത്രീയെന്ന നിലയിൽ അവൾ അനുഭവിച്ച അടിമത്തത്തിന്റെയും ചതിയുടെയും മാത്രമായിരുന്നില്ല എന്നത് തന്നെ.

കുര്യച്ചനുമായി ബന്ധപ്പെട്ട് കടന്നുവരുന്ന ബാക്കിയെല്ലാ മനുഷ്യരും (പീയൂസ് ഒഴികെ) സാംസ്കാരിക ആപേക്ഷികത (Cultural Relativism)യുടെ കാഴ്ചപ്പാടിൽ നോക്കുമ്പോൾ കലർപ്പുള്ളവരാണ്. അവരെയാകട്ടെ പരസ്പരം വിശ്വസിക്കാൻ കൊള്ളാത്തവരായും ചതിയന്മാരായുമാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പീയൂസ് എന്ന മണികണ്ഠനെ പോലെ ഒരു മാസ്റ്ററോട് മാത്രം കൂറു(Loyalty)ള്ളവരല്ല അവർ. ഈ മനോഭാവങ്ങളെയും, നായ്ക്കളിലെ ഒറിജിനൽ ബ്രീഡുകളും മറ്റുള്ളവയും തമ്മിലുള്ള superior - inferior ബൈനറിയുടെ തലത്തിലേക്ക് ആലോചിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നുണ്ട്. എത്‌നോസെൻട്രിസസത്തെ പ്രശ്നവൽക്കരിച്ചു കൊണ്ടല്ല സിനിമ സമീപിച്ചിരിക്കുന്നത്. പല ഭാഷകളിൽ പല അർത്ഥങ്ങൾ നൽകാവുന്ന Eko (എക്കോ) എന്ന വാക്കിന്‌ 'The One' എന്ന അർത്ഥം തന്നെ ഫിലിം മേക്കേഴ്സ് നൽകിയത് എന്തുകൊണ്ടെന്ന് ചിന്തിക്കാം. സിനിമ അവസാനിക്കുമ്പോൾ ഈ അവസാന Trilogy കഥയിലെ 'മൃഗം' മനുഷ്യൻ തന്നെയല്ലേ എന്ന തോന്നൽ പ്രേക്ഷകരിലുണ്ടാകുന്നു. ഇത്തരത്തിൽ മ്ലാത്തിയുടെ ഗൂഢസ്മിതം പോലെ എത്രയോ വായനകൾ സാധ്യമാകുന്നു എന്നതാണ് ഈ ചിത്രത്തിന്റെ പ്രത്യേകത.

Eko എന്ന മലയാളസിനിമ പ്രമേയം കൊണ്ടും ആവിഷ്കരണരീതിയുടെ സവിശേഷത കൊണ്ടും ലോകോത്തര നിലവാരമുള്ള സിനിമകളോട് മത്സരിക്കാൻ തക്കവണ്ണം വളരുന്നത് മലയാള സിനിമാപ്രേമികൾക്ക് അഭിമാനകരമായ അനുഭവമാണ്.
Eko എന്ന മലയാളസിനിമ പ്രമേയം കൊണ്ടും ആവിഷ്കരണരീതിയുടെ സവിശേഷത കൊണ്ടും ലോകോത്തര നിലവാരമുള്ള സിനിമകളോട് മത്സരിക്കാൻ തക്കവണ്ണം വളരുന്നത് മലയാള സിനിമാപ്രേമികൾക്ക് അഭിമാനകരമായ അനുഭവമാണ്.

സംവിധാന മികവിനൊപ്പം ഈടുറ്റ തിരക്കഥയും അതിമനോഹരമായ ഛായാഗ്രാഹണത്തിനുമൊപ്പം സിനിമയുടെ മൂഡ് സ്ക്രീനിലേക്കും അവിടെ നിന്ന് പ്രേഷകരിലേക്കും എത്തിച്ച മുജീബ് മജീദിന്റെ പശ്ചാത്തല സംഗീതം, മികച്ച എഡിറ്റിങ്, സൗണ്ട് ഡിസൈൻ, കാസ്റ്റിങ് & പെർഫോമൻസ് (പ്രത്യേകിച്ച് സന്ദീപ് പ്രദീപ്‌, മ്ലാത്തിയായി വേഷമിട്ട Biana Momin, വിനീത്, അശോകൻ, നരെയ്ൻ തുടങ്ങിയവർ), മറ്റ് ടെക്നിക്കൽ വശങ്ങളുടെ ക്വാളിറ്റിയൊക്കെയും ഇതൊരു മികച്ച സിനിമയാക്കി ഉയർത്തിയതിൽ വലിയ പങ്കുവഹിക്കുന്നു. Eko എന്ന മലയാളസിനിമ പ്രമേയം കൊണ്ടും ആവിഷ്കരണരീതിയുടെ സവിശേഷത കൊണ്ടും ലോകോത്തര നിലവാരമുള്ള സിനിമകളോട് മത്സരിക്കാൻ തക്കവണ്ണം വളരുന്നത് മലയാള സിനിമാപ്രേമികൾക്ക് അഭിമാനകരമായ അനുഭവമാണ്.

Comments