സിനിമ ആത്യന്തികമായി ഒരു കലയാണോ അതോ വ്യവസായമാണോ..?
നമ്മുടെ ചലച്ചിത്ര വേദികളിലും സംവാദങ്ങളിലും ഏറെ നാളായി കറങ്ങി നടക്കുന്ന ഒരു ചോദ്യമാണിത്. ക്യാമറയ്ക്ക് പിന്നിലുള്ള പേരുകളുടെ വലുപ്പം കൂടി നോക്കി തിയേറ്ററുകളിൽ കയറുന്ന കാണികൾ സിനിമ എന്ന കലയുടെ മൂല്യത്തിന് ഊടുംപാവും നെയ്യുന്ന ഒന്നാണ്.
അതേസമയം സൂപ്പർതാരങ്ങളുടെ പകിട്ടിൽ സ്ക്രീനുകളെ സമീപിക്കുന്ന ജനസഞ്ചയമാവട്ടെ സിനിമ എന്ന വ്യവസായത്തിന്റെ നിലനിൽപ്പിനു തന്നെ ആധാരവും.
എപ്പോഴൊക്കെ എഴുത്തുകാർക്ക് അഭിനേതാക്കളേക്കാൾ പ്രാധാന്യം ലഭിക്കുന്നുവോ അപ്പോഴൊക്കെയും കടലാസിൽ വരുത്താൻ നിർബന്ധിതമാക്കപ്പെടുന്ന വിട്ടുവീഴ്ചകളിൽ നിന്നും, സമവാക്യങ്ങളിൽ നിന്നും തന്റെ സമകാലികരിൽ നിന്നും വിഭിന്നമായി അവർ സ്വതന്ത്രരാക്കപ്പെടുന്നു. അതോടെ കഥയുടെ ഒഴുക്കിൽ കല്ലുകടി ആകാൻ സാധ്യതയുള്ള സാഹചര്യങ്ങളെ നിർദാക്ഷിണ്യം വെട്ടി വീഴ്ത്താനും, സാഹചര്യങ്ങൾ ആവശ്യപ്പെടുന്നത് അനുസരിച്ച് കഥാപാത്രങ്ങളെ വാഴ്ത്താനും വീഴ്ത്താനും എഴുത്തുകാർക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു.!
ചില സിനിമകൾ കണ്ടു തീർന്നു കഴിയുമ്പോൾ അറിയാതെ തന്നെ നമ്മുടെ ഉള്ളിൽ നിന്നും ഒരു ആനന്ദം തോന്നില്ലേ?
മാസാവസാനം ആയിട്ട് കൂടി,
ഇ.എം.ഐ-കൾക്ക് പിടി കൊടുക്കാതെ മാറ്റിവച്ചതിൽ നിന്നും വട്ടംപിടിച്ചു ടിക്കറ്റിനായി ചിലവിട്ട പണം മുതലായതിനൊപ്പം നല്ല ഒരു കലാസൃഷ്ടിയെ പരിചയപ്പെടാൻ കഴിഞ്ഞതിലെ സന്തോഷം?
‘Ekō'’ അങ്ങനൊരു അനുഭവം ആണ് നമ്മൾ കാണികൾക്ക് ഉറപ്പ് നൽകുക.!
കഥയെപ്പറ്റിയോ കഥാ സാഹചര്യങ്ങളെപ്പറ്റിയോ ഒരക്ഷരം അറിയാതെ, എന്തിനു ട്രെയ്‌ലർ പോലും കാണാതെ തിയേറ്ററിൽ പോയത് ബാഹുൽ രമേശ് എന്ന എഴുത്തുകാരനിൽ ഉള്ള വിശ്വാസം കൊണ്ടാണ്.!
കഥ, തിരക്കഥ = ബാഹുൽ രമേശ്
എന്ന ടൈറ്റിൽ കാർഡ് കിഷ്കിന്ധാകാണ്ഡത്തോടെ മലയാളി വായിച്ചു തുടങ്ങി എങ്കിൽ, കേരളക്രൈം ഫയൽസ് രണ്ടാം സീസൺ കടന്ന് ഇപ്പോൾ 'ekō'യിൽ എത്തുമ്പോൾ അതൊരു മിനിമം ഗ്യാരന്റി ആയി മാറിയിട്ടുണ്ട്.!
സിനിമായെഴുത്തിൽ, എഴുത്തുകാർക്ക് സിനിമയേക്കാൾ പ്രാധാന്യം കിട്ടുന്ന മനോഹരമായ കാഴ്ച!
താനൊരിക്കലും ട്വിസ്റ്റ്കൾക്ക് പിന്നാലെ പായാറില്ലെന്നു ബാഹുൽ പണ്ടൊരു ഇന്റർവ്യൂയിൽ പറഞ്ഞത് ഓർമ്മയുണ്ട്. അയാളുടെ മുൻരചനകളിലെ പോലെ തന്നെ എണ്ണംപറഞ്ഞ ട്വിസ്റ്റുകൾ ഈ സിനിമയിലുമുണ്ട്. അത് പക്ഷേ പേടിപ്പെടുത്തുന്നതോ, ജമ്പ്സ്കെയറുകൾ നൽകുന്നതോ അല്ല, പകരം നട്ടെല്ലിലൂടെ ഒരുതരം പുളിപ്പ് കലർന്ന തണുപ്പ് കലർത്തുന്ന ഒന്നാണ്.!

പച്ചപ്പ് മൂടിയ ഒരു മലമുകളിൽ പ്രത്യേക സൈന്യത്തിന്റെ കാവലിൽ കഴിയുന്ന ഒരു മലയക്കാരി വൃദ്ധ..!
അവരെയും അവരുടെ പങ്കാളിയേയും തേടി വരുന്ന ഒരുപറ്റം മനുഷ്യർ..
അവരുടെ സംസാരങ്ങളിൽ, കഥകളിൽ, പകയിറുമ്മുന്ന ഓർമ്മത്തികട്ടലുകളിൽ ഒക്കെ കടന്നുവരുന്ന കുര്യച്ചൻ എന്നൊരാൾ...
അയാളുടെ സഞ്ചാരങ്ങൾ, വിക്രിയകൾ, ഗൂഢമായ ചെയ്തികൾ...
Ekō യിലെ കഥാപരിസരം അങ്ങനെ വിപുലപ്പെടുകയാണ്.!
അസാമാന്യ കെട്ടുറുപ്പുള്ള തിരക്കഥയാണ് ഈ സിനിമയുടെ നട്ടെല്ല്.
സ്‌ക്രീനിൽ, നമുക്ക് മുൻപിൽ വന്നുപോകുന്ന ഓരോ കാഴ്ചയും കഥാപാത്രവും ചുമ്മാ അങ്ങനെ വരുന്നതല്ല എന്ന് തിരിച്ചറിയുമ്പോൾ സിനിമ രണ്ടാമത് ഒന്ന് കാണാൻ പൂതി കയറിത്തുടങ്ങും…
സ്‌ക്രീനിലെത്തുന്ന മൃഗങ്ങളെ മനുഷ്യരോളമൊപ്പം, ചിലപ്പോഴൊക്കെ അവരിൽ അധികവും നന്നായി പരിഗണിക്കുന്ന, അവരെക്കൂടി ഉൾപ്പെടുത്തി കഥ പറച്ചിൽ പൂർത്തിയാക്കുന്ന ബാഹുൽ രമേശ് രീതി ഈ സിനിമയിലുമുണ്ട്. പുതുതായി വെട്ടിമൂടിയ ഒരു കുഴിക്ക് മുകളിൽ ചെന്നുപറ്റുന്ന ഒരുപറ്റം നായ്ക്കുഞ്ഞുങ്ങളുടെ കാഴ്ച, eko-യിൽ വ്യക്തിപരമായി ഏറെ ഇഷ്ടപ്പെട്ട ഒന്നാണ്.!
സന്ദീപ് പ്രദീപിൽ മലയാള സിനിമയ്ക്ക് ഏറെ പ്രതീക്ഷ വയ്ക്കാമെന്ന് തോന്നുന്നു.
'ഫാലിമി'യിലാണ് അയാളെ ആദ്യം കാണുന്നത്. ആലപ്പുഴ ജിംഖാനയും പടക്കളവും കടന്ന് eko-യിൽ എത്തുമ്പോൾ അയാൾ ഏറെ മുന്നേറുകയാണ്.!
തന്നെത്തന്നെ പിന്നിലാക്കി.!
തന്റെ സമകാലികരിൽ നിന്നും വ്യത്യസ്തമായി ഡയലോഗ് ഡെലിവെറിയിൽ ഏതെങ്കിലും ഒരു ഭാഷാ ഭേദത്തിന്റെ കുരുക്കില്ല എന്നത് മാത്രമല്ല, ശാരീരികപരമായ അയാളുടെ അനായാസതയും ആ കുതിപ്പിന് വഴി തെളിക്കുന്ന ഒന്നാണ്.!

സിനിമയുടെ അവസാനത്തോട് അടുത്ത്, മരങ്ങളിലേയ്ക്ക് പടർന്നു കയറിയ ഒരു കാട്ടുവള്ളിയിൽ ഇരുന്നുകൊണ്ട് സന്ദീപിന്റെ പീയൂസ് തന്റെ പ്രതിയോഗിയെ നോക്കുന്ന ഒരു നോട്ടമുണ്ട്.!
കെണിയിൽ അകപ്പെട്ട ഇരയെ ആർത്തിയോടും അതിലേറെ പുച്ഛത്തോടും നോക്കുന്ന ശിക്കാരിയുടെ കൗശലം.!
കഥ എഴുതിയ കൈകൾ തന്നെ ക്യാമറ ചലിപ്പിക്കുമ്പോൾ ഒരു സിനിമയ്ക്ക് കിട്ടുന്ന മൈലേജ് എത്ര വരുമോ അത് മുഴുവൻ ekō യ്ക്കുണ്ട്.!
വന്യവും ഗൂഢവുമായ കാടിന്റെ തണുപ്പും തിണർപ്പും സ്‌ക്രീനിൽ അതേപടി അനുഭവിക്കാൻ നമുക്ക് കഴിയുന്നു.!
മികച്ച പ്രകടനത്തിലൂടെ അശോകൻ, വിനീത് അടക്കമുള്ളവരും, ക്യാമറയ്ക്ക് പിന്നിൽ വിഷ്ണു ഗോവിന്ദ്, മുജീബ് മജീദ് എന്നിവരും സിനിമ ആവശ്യപ്പെടുന്ന ആ മിസ്റ്ററി മൂഡ് സൃഷ്ടിക്കുന്നതിൽ സംവിധായകനെ സഹായിച്ചിട്ടുണ്ട്.!
'കാവൽ' എന്ന പദത്തിനർഥം യഥാർഥത്തിൽ എന്താണ്?
രക്ഷ..?
അതോ ശിക്ഷ എന്നോ..?
സിനിമ അവസാനിക്കുമ്പോൾ ഈ ചോദ്യവും നാവിൽ കുരുക്കിയാവും നാം തിയേറ്റർ വിട്ടിറങ്ങുക..

eko ഗംഭീരമായ ഒരു തിയേറ്റർ അനുഭവമാണ്..!
ആളുകളുടെ വായ്പേച്ചിലൂടെ കളക്ഷൻ റിക്കോർഡുകൾ തകർക്കാൻ പോകുന്ന ഒരെണ്ണം.!
ആനന്ദിന്റെ 'മരുഭൂമികൾ ഉണ്ടാകുന്ന'തിലെ ഒരു വരി കൂടി കടമെടുത്ത് അവസാനിപ്പിക്കട്ടെ...!
“ഇരകൾക്ക് അറിയില്ലായിരിക്കും അവയ്ക്ക് വേട്ടനായ്ക്കൾ ആയിത്തീരാമെന്ന്.
പക്ഷെ ഈ സംഗതി വേട്ടനായ്ക്കൾക്ക് എന്നും അറിയാവുന്നതാണ്.
അതുകൊണ്ട് അവ, അവരുടെ ഇരകളെ എന്നും ഭയന്നിരുന്നു..!”
കുര്യച്ചനും.!
