അഭിലാഷ് ബാബു

കേരളീയ മധ്യവർഗത്തെ
ഡോക്യുമെന്റ് ചെയ്യുന്ന
'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...'

IFFK മലയാളം സിനിമ ടുഡേ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' എന്ന സിനിമയെക്കുറിച്ച് സംസാരിക്കുന്നു, സംവിധായകൻ അഭിലാഷ് ബാബു.

'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' എൻ്റെ രണ്ടാമത്തെ ഫീച്ചർ സിനിമയാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ 'ആലോകം' ആണ് ആദ്യ സിനിമ. രണ്ടും ക്രൗഡ് ഫണ്ടഡ് ആയുള്ള സിനിമകളാണ്. 'മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...' രണ്ടര ലക്ഷം രൂപ ചിലവാക്കി 13 മണിക്കൂറുകൾ മാത്രം ഷൂട്ട് ചെയ്ത് പൂർത്തീകരിച്ച ഒരു സിനിമയാണ്. ഡോക്യുമെൻ്ററിയുടെ സ്റ്റൈൽ പിൻതുടരുന്ന ഒരു ഫിക്ഷൻ ആണ് ഈ സിനിമ. അതിനാൽത്തന്നെയാണ് താരതമ്യേന കുറഞ്ഞ മുതൽ മുടക്കിലും കുറഞ്ഞ സമയമെടുത്തും ഇത് പൂർത്തിയാക്കാനായത്.

കേരളമധ്യവർഗസമൂഹത്തിൽ നിലനിൽക്കുന്ന കപടമായ പുരോഗമനമുഖത്തെ വെളിവാക്കാനുള്ള ഒരു ശ്രമമാണ് ഈ സിനിമ. സ്വയം പുരോഗമനജീവികൾ എന്ന് അഭിരമിക്കുന്ന ഒരു 'വ്യത്യസ്ത' കുടുംബത്തെ ഡോക്യുമെൻ്റ് ചെയ്യാൻ ഒരു ഡയറക്ടർ എത്തുന്നു. അവർ തമ്മിൽ സംഭാഷണമാണ് സിനിമയുടെ മുഖ്യഭാഗം. ഡോക്യുമെൻ്ററി ഡയറക്ടർ തിരയുന്നത് കുടുംബത്തിലെ നാലുപേർ തമ്മിലുള്ള ബന്ധത്തിലെ അസ്വാഭാവികതയും സദാചാരവും ഒക്കെയാണ്.

കേരളീയ മധ്യവർഗ സമൂഹത്തിന്റെ കപട പുരോഗമനമുഖത്തെ വെളിവാക്കാനുള്ള ശ്രമമാണ് ഈ സിനിമ.
കേരളീയ മധ്യവർഗ സമൂഹത്തിന്റെ കപട പുരോഗമനമുഖത്തെ വെളിവാക്കാനുള്ള ശ്രമമാണ് ഈ സിനിമ.

ഇവരുടെ ജീവിതത്തെ സാമൂഹ്യനിരീക്ഷണം നടത്തുന്ന മറ്റു രണ്ടു സുഹൃത്തുക്കൾ ഡോക്യുമെൻ്ററിയുടെ സാംഗത്യത്തെ ചോദ്യം ചെയ്യുകവഴി ഒരു മെറ്റാസിനിമാറ്റിക് നരേറ്റീവ് സൃഷ്ടിക്കുന്നുണ്ട്. ഇപ്പറഞ്ഞ ഏഴ് 'കഥാപത്രങ്ങളെ' നിയന്ത്രിക്കുന്ന ഒരു സാന്നിദ്ധ്യമായി ഡയറക്ടോറിയൽ ഇടപെടൽ കൂടി സിനിമയിൽ കടന്നു വരുന്നുണ്ട്.

IFFK-യിൽ സിനിമ തെരഞ്ഞെടുക്കപ്പെട്ടത് സമ്മിശ്രമായ ഒരു വികാരമാണ് എന്നിൽ ഉണ്ടാക്കുന്നത്. കേരളത്തിലെ ഏറ്റവും ജനകീയമായതും വിവിധ തുറകളിലെ ജനങ്ങൾ പങ്കെടുക്കുന്നതും വളരെയധികം ശ്രദ്ധ കിട്ടുന്നതുമായ ഒരു മേളയാണ് IFFK. ആ സന്തോഷം തീർച്ചയായും ഉണ്ട്. എന്നാൽ ഒരു ഫെസ്റ്റിവൽ സെലക്ഷനും അവാർഡും സിനിമയുടെ മെരിറ്റിൻ്റെ അളവുകോലല്ല എന്ന് എനിക്ക് നന്നായി അറിയാം. അതിനാൽ പരമാവധി ജനങ്ങൾ സിനിമ കാണുകയും വിലയിരുത്തുകയും ചെയ്യുക എന്നതാണ് പ്രധാനം. IFFK ഇത്തവണ കൂടുതൽ സ്വതന്ത്രസിനിമകളെയും പ്രീമിയർ ആയി പ്രദർശിപ്പിക്കപ്പെടുന്ന ചിത്രങ്ങളൈയും ഉൾപ്പെടുത്തുകവഴി താത്വികമായി രാഷ്ട്രീയസിനിമയോടുള്ള അവരുടെ നിലപാട് വ്യക്തമാക്കി. സെലക്ഷൻ കമ്മിറ്റി ബാഹ്യമായ ഇടപെടലുകൾക്ക് വിധേയരായി എന്ന ആരോപണം കേൾപ്പിക്കാത്ത ഒരു വർഷത്തിൽ സിനിമ തെരഞ്ഞെടുക്കപ്പെട്ടതിലും സന്തോഷം ഉണ്ട്.

ഞാൻ പുതിയ സിനിമകളും നേരത്തേ ഇറങ്ങിയ സിനിമകളും ഒരു പോലെ കാണുന്ന ആളാണ്. അടുത്തയിടക്ക് ബെർഗ്മാൻ്റെ 'ഫാനി ആൻ്റ് അലക്സാണ്ടർ' (1982), അതിൻ്റെ മേക്കിങ്ങിനെപ്പറ്റിയുള്ള The Making of Fanny and Alexander (1984) എന്നിവ ഒരുമിച്ച് കണ്ടിരുന്നു. ഫാനിയുടെയും അലക്സാണ്ടറിൻ്റെയും അമ്മയുടെ പുനർവിവാഹത്തെത്തുടർന്ന് അവർ പുതിയതും വ്യത്യസ്തവും സങ്കീർണ്ണവും ആയ ഒരു പരിസരത്ത് എത്തിച്ചേരുന്നതും അത് അവരിൽ തീർക്കുന്ന സംഘർഷങ്ങളും ഒക്കെയാണ് ആദ്യ സിനിമ പറയുന്നത്. അതിൻ്റെ ക്യാമറക്ക് പുറകെ ഉള്ള കാഴ്ചകളെ പുതിയ ഒരു സിനിമയാക്കിയത് വ്യത്യസ്തമായ കാഴ്ചാനുഭവമായിരുന്നു.

IFFK-യിലെ ‘ മായുന്നു, മാറിവരയുന്നു, നിശ്വാസങ്ങളിൽ...’ ഷെഡ്യൂൾ:

15.12.2024: കലാഭവൻ
17.12.2024: അജന്ത
19.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2


Summary: Abhilash Babu talks about movie Dust Art Redrawn in Respiration which selected to IFFK 2024 Malayalam cinema today section. Director talks about the movie and his favorite movie.


അഭിലാഷ് ബാബു

സംവിധായകന്‍. ആലോകം, മായുന്നു മാറിവരയുന്നു നിശ്വാസങ്ങളിൽ എന്നീ സിനിമകൾ സംവിധാനം ചെയ്തു.

Comments