കഴിഞ്ഞ വർഷം IFFK-യിൽ പ്രദർശിപ്പിച്ച നീലമുടി (The Blue Hair) എന്ന ചിത്രത്തിനുശേഷം അതേ ടീം തന്നെയാണ് ഇത്തവണ കാമദേവൻ നക്ഷത്രം കണ്ടു (Cupid Saw the Star) എന്ന സിനിമയുമായി ഇത്തവണയും IFFK-യിലെത്തുന്നത്.
‘നീലമുടി’ സിനിമയുടെ അതേ ടീമും കുറച്ച് നാടകസുഹൃത്തുകളുമാണ് കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമയുടെ പിന്നിലുണ്ടായിരുന്നത്. ചെറുപ്പക്കാരായ കുറച്ച് നാടകക്കാരുടെ പ്രയ്തനമാണ് ഈ സിനിമ. hyper sexual ആയ രണ്ട് യുവാക്കളുടെ യാത്രയും, അവരുടെ കാഴ്ചപ്പാടും വർത്തമാനവും ലോകവും അതിന്റെ ഇടയിലേക്ക് ഒരു സ്ത്രീകഥാപാത്രം കടന്നുവരുന്നതുമാണ് കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമ.
സിനിമയാണ് ഞങ്ങളെ എല്ലാവരെയും ഒരുമിച്ചുചേർത്തത്. മറ്റൊരു പ്രതിഫലവും ആഗ്രഹിക്കാതെ സിനിമ എന്ന ആഗ്രഹത്തിന്റെ പുറത്ത് സഞ്ചരിച്ചവരാണ് എല്ലാവരും. അതുകൊണ്ടുതന്നെയാണ് ഇപ്പോൾ, IFFK വേദിയിൽ വന്നുനിൽക്കുന്നതും.
എന്റെ സ്വദേശം കാസർഗോഡ് കൊന്നക്കാടാണ്. പ്ലസ് ടു വരെയുള്ള കാലഘട്ടം അവിടെയായിരുന്നു. സ്വപ്നം കാണുന്നതിനുവരെ ഒരു പരിധിയുണ്ടായിരുന്നു. അത് ഒരിക്കലും ആ സ്ഥലത്തിന്റെ പ്രശ്നമായിരുന്നില്ല. ഞാൻ ജീവിക്കുന്ന സാമൂഹികാവസ്ഥയിൽ നമ്മുടെ ആഗ്രഹങ്ങൾ ഒരു പരിധിക്കപ്പുറം പ്രകടിപ്പിക്കാനോ, അത് എങ്ങനെ നേടിയെടുക്കുമെന്നോ അറിയില്ലായിരുന്നു. നമുക്ക് ലഭിക്കുന്ന അറിവുകളും പരിമിതമായിരുന്നു.
അതുൽ സിംഗ്, ന്യൂട്ടൺ തമിഴരസൻ, വൈശാഖൻ തുടങ്ങി ഒരുപാട് പേർ കൂടെയുണ്ട്. ഡ്രാമ സ്കൂളിൽ നിന്നാണ് ഇവരെ കിട്ടുന്നത്. എല്ലാവരും സിനിമ ചെയ്യണം എന്ന ആഗ്രഹം മനസിലുള്ളവരാണ്.
സ്കൂളിൽ പഠിക്കുമ്പോൾ സ്പോട്സിലും ആർട്സിലും എല്ലാം ഉണ്ടായിരുന്നെങ്കിലും സിനിമ സംവിധാനം ചെയ്യണം, അഭിനയിക്കണം എന്നതു തന്നെയായിരുന്നു സ്വപ്നം. പക്ഷേ എങ്ങനെയാണ് അതിലേക്ക് എത്തിപ്പെടേണ്ടത് എന്നത് എനിക്ക് അറിയില്ലായിരുന്നു. വളരെ യാദൃച്ഛികമായാണ് ഡ്രാമ സ്കൂളിൽ എത്തിച്ചേരുന്നത്. അവിടെ വച്ചാണ് നീലമുടിയുടെ സംവിധായകനായ ശരത് കുമാറിനെ പരിചയപ്പെടുന്നത്. എന്റെ ബാച്ച് മേറ്റാണ് നീലമുടിയിലും, കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമയിലും പ്രധാന കഥാപാത്രമായി അഭിനയിച്ച മജീദ്. ഇവരുമായെല്ലാമുള്ള സൗഹൃദത്തിനിടയിലാണ് സിനിമാചർച്ച കടന്നുവരുന്നത്. അങ്ങനെയാണ് ഞാനും നീലമുടി എന്ന സിനിമയിലേക്ക് വരുന്നത്.
നീലമുടിയിലെ പ്രധാന അഭിനേതാക്കളും അതിന്റെ പ്രവർത്തകരുമെല്ലാം പാലക്കാട് പെരിങ്ങോട് ഭാഗത്തുനിന്നുള്ളവരാണ്. ഞാൻ മാത്രമാണ് പുറത്തുനിന്ന് വന്ന ഒരാൾ. വിഷ്വൽ ഭാഷ പ്രമേയമാക്കി, വ്ളോഗിങിന്റെ കഥ പറഞ്ഞ നീലമുടി അങ്ങനെയാണ് സംഭവിക്കുന്നത്. സിനിമയും നാടകവും വർഷങ്ങളായി ഒരുമിച്ച് കൊണ്ടുപോകുന്നവരാണ് എല്ലാവരും. കഴിഞ്ഞ വർഷം idsffk-ലേക്ക് ഞങ്ങളുടെ തന്നെ ടീമിന്റെ കോണ്ടം തിയറി എന്ന ഷോർട്ട് ഫിലിം തിരെഞ്ഞെടുത്തിരുന്നു. ശരത് കുമാർ തന്നെയായിരുന്നു സംവിധാനം. ഇതിനൊക്കെ ശേഷമാണ് കാമദേവൻ നക്ഷത്രം കണ്ടു എന്ന സിനിമയുമായി വരുന്നത്. അതിന് മുൻപ് ഗുഡ് ഫിലിംസിന്റെ ബാനറിൽ ഒരുപാട് ഷോർട്ട് ഫിലിം ചെയ്തിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി കാരണം പോസ്റ്റ് പ്രൊഡക്ഷനിൽ നിന്ന് പോയവയുമുണ്ട്.
ഞാൻ ഇപ്പോൾ പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയിൽ പോസ്റ്റ് ഗ്രാജുഷൻ ചെയ്യുകയാണ്. കൂടെ പഠിച്ച, ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുന്ന ഗായത്രി ആണ് സിനിമയിൽ പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്. ശരത് കുമാറാണ് തിരക്കഥയും സംഭാഷണവും. മജീദും നമ്മുടെ എല്ലാ സിനിമയിലും വർക്ക് ചെയ്യുന്ന ആളാണ്. അതുൽ സിംഗ്, ന്യൂട്ടൺ തമിഴരസൻ, വൈശാഖൻ തുടങ്ങി ഒരുപാട് പേർ കൂടെയുണ്ട്. ഡ്രാമ സ്കൂളിൽ നിന്നാണ് ഇവരെ കിട്ടുന്നത്. എല്ലാവരും സിനിമ ചെയ്യണം എന്ന ആഗ്രഹം മനസിലുള്ളവരാണ്.
അടുത്തിടെ കണ്ടതിൽ ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്ന് ദ സബ്‌സ്റ്റെൻസാണ്. വലിയ രീതിയിൽ അഭിപ്രായം നേടിയ സിനിമ കൂടിയാണത്. ഹൊറർ സയൻസ് ഫിക്ഷൻ ജോണറിൽ വരുന്ന ബോഡി ഹൊറർ സിനിമ. ടെക്നിക്കലി ഉള്ള മികവ് എന്നെ വളരെയധികം ആകർഷിച്ചിട്ടുണ്ട്. സൗണ്ടിലും മ്യൂസികിലും ഒക്കെ കൃത്യമായിട്ടുള്ള പ്ലേസ്മെൻറ് അവർ കൊണ്ടുവന്നിട്ടുണ്ട്. വിഷ്വൽ ക്വാളിറ്റിയും ഫ്രെയ്മിങും ഒക്കെ നല്ലതായി തോന്നി. അതിനൊക്കെ അപ്പുറം സിനിമ സംസാരിക്കുന്ന സൗന്ദര്യത്തിന്റെ രാഷ്ട്രീയം കൂടിയുണ്ട്.
മറ്റൊരു സിനിമ, കിഷ്കിന്ധാകാണ്ഡം ആണ്. ധാർമികതയിൽ നമ്മൾ കുടുങ്ങികിടക്കുമ്പോഴും മനുഷ്യർ ബലഹീനരാണെന്നാണ് സിനിമ പറയുന്നത്. അപ്പുറത്ത് നിൽക്കുന്ന മനുഷ്യനെ മനസിലാക്കാൻ കഴിയുന്നുണ്ടെങ്കിൽ അതാണ് ഒരു മനുഷ്യന്റെ ഏറ്റവും വലിയ ഗുണം എന്ന് സിനിമ കാണിച്ചുതരുന്നു.
സിനിമ അതിന്റെ ഉള്ളടക്കത്തിലും രൂപത്തിലുമാണ് നിലനിൽക്കുന്നത് എന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ. ഒരുപാട് മുതൽമുടക്കിൽ സിനിമ ചെയ്യുന്നുണ്ടെങ്കിലും അതിന് ഗുണപരമായ ഉള്ളടക്കം കിട്ടണമെന്നില്ല. വലിയ ബഡ്ജറ്റ് സിനിമകൾ ഈ വർഷം മലയാളത്തിൽ ഇറങ്ങിയിട്ടുണ്ട്. പലതും തകർന്ന് പോവുകയും ചെയ്തു.
IFFK-യിൽ പ്രദർശിപ്പിക്കുന്ന സിനിമകളിൽ ഒരുപാട് സിനിമകൾ കാണാൻ ആഗ്രഹമുണ്ട്. ഓൾ വീ ഇമാജിൻ അസ് ലൈറ്റ് കാണാൻ സാധിച്ചിട്ടില്ല. അത് കാണണം എന്നുണ്ട്.
കൃഷാന്തിന്റെ പടങ്ങൾ ഇഷ്ടമാണ്, ആവാസവ്യൂഹവും പുരുഷപ്രേതവും ഒക്കെ എന്നെ വേറെ ഒരു തലത്തിലേക്ക് ചിന്തിപ്പിച്ച സിനിമകളാണ്. കൃഷാന്തിന്റെ പടവും നമ്മുടെ സിനിമയ്ക്കൊപ്പം ഈ വിഭാഗത്തിലുണ്ടെന്നറിയുന്നത് വലിയ സന്തോഷമാണ്.
▮
IFFK-യിലെ ‘കാമദേവൻ നക്ഷത്രം കണ്ടു’ ഷെഡ്യൂൾ:
15.12.2024: കലാഭവൻ.
18.12.2024: കൈരളി.
19.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2.