ബി. ഉണ്ണികൃഷ്ണൻ

വിമർശനം ഇല്ലാത്ത കാലത്ത്
നമുക്ക് സിനിമയെടുക്കാൻ പറ്റില്ല

‘‘സിനിമ എന്നാൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി കൂടിയാണ്. അതിന് കോപ്പി റൈറ്റ് ഹോൾഡറുമുണ്ട്. പലപ്പോഴും സംഭവിക്കുന്നത്, യുട്യൂബിലും സോഷ്യൽ മീഡിയയിലും ഐ.പി ഉപയോഗിച്ച് ഒരു സിനിമയെ ഉപജീവിച്ച് മറ്റൊരു ഐ.പി ക്രിയയേറ്റ് ചെയ്യപ്പെടുകയാണ്. അത് മോണിറ്റൈസ് ചെയ്യപ്പെടുന്നുമുണ്ട്’’- ‘ഫെഫ്ക’ ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ എഴുതുന്നു.

ഞാൻ നിരന്തരം മാതൃഭൂമി ആഴ്ചപ്പതിപ്പിനും ഭാഷാപോഷിണിക്കും സമകാലിക മലയാളത്തിനും ലേഖനങ്ങളയക്കുകയും അത് ഒരുതരത്തിലും പ്രസിദ്ധീകരിക്കപ്പെടാത്തതുമായ കാലമുണ്ടായിരുന്നു. ചിലപ്പോൾ, അവിടെ തയാറാക്കിവച്ചിരിക്കുന്ന കത്തിന്റെ സഹായത്തോടെ കോപ്പി തിരിച്ചയക്കും, ചിലപ്പോൾ അതും ഉണ്ടാകില്ല. അത്തരമൊരു എഡിറ്റോറിയൽ ടിറണി ഇന്ന് നമുക്ക് ആലോചിക്കാൻ പോലും കഴിയില്ല. ആർക്ക് എന്ത് പബ്ലിഷ് ചെയ്യാനും അവ വായനക്കാരിലെത്തിക്കാനും, ഒരു ഫോൺ മതി. വലിയൊരു ജനാധിപത്യ- വിപ്ലവ സ്വഭാവമുള്ള തുറസ്സ് ഉണ്ടായിട്ടുണ്ട്. സംവാദം എന്നത് നിയന്ത്രണങ്ങളില്ലാതെ ചെയ്യാവുന്നൊരു സാഹചര്യം ഇപ്പോഴുണ്ട്. എന്നാൽ ആ സാഹചര്യത്തെ ആഘോഷിക്കേണ്ട കാര്യമൊന്നുമില്ല. കാരണം, ഇതെല്ലാം നിരീക്ഷിച്ച് ഒരു അധികാരശക്തി ഇതിനുമുകളിലുണ്ട്. ഇതിനെ റഗുലേറ്റ് ചെയ്യുന്ന സംവിധാനമുണ്ട്. അത് അൽഗോരിതം ഡ്രിവൺ ആയിരിക്കാം, അധികാരത്തിന്റെ ഇടപെടലായിരിക്കാം, നിയമനിർമാണങ്ങളിലൂടെ സംഭവിക്കുന്നതാകാം. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ നടത്തുന്ന ശക്തികൾ തന്നെ ഇതിനെ നിയന്ത്രിക്കാനുള്ള മെക്കാനിസം ഇതിനകത്തുതന്നെ ഡവലപ് ചെയ്തിട്ടുണ്ട്. വലിയൊരു തുറസ്സിലേക്ക് നമ്മൾ സഞ്ചരിക്കുന്നു എന്ന പ്രതീതി നിലനിൽക്കുമ്പോൾ തന്നെ അതിനകത്ത് ഒരു സെൻസർഷിപ്പും ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. അതായത്, അധികാരം വിട്ടുവീഴ്ചയില്ലാതെ മോണിറ്റർ ചെയ്യുന്നുണ്ട്, ഇടപെടുന്നുണ്ട്. എങ്കിലും രാഷ്ട്രീയത്തിലോ കലയിലോ സാഹിത്യത്തിലോ ഇടപെടാൻ വലിയ തോതിലുള്ള സ്വാതന്ത്ര്യം ഇപ്പോൾ ആളുകൾക്ക് കിട്ടുന്നുണ്ട്. അതിനെ പരിമിതപ്പെടുത്താനുള്ള ഏതൊരു ശ്രമത്തെയും നമ്മൾ സംശയത്തോടുകൂടിവേണം കാണാൻ.

ഞാൻ പ്രതിനിധീകരിക്കുന്ന, ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ നിലപാട് കൃത്യമാണ്. റിവ്യു അല്ലെങ്കിൽ വിമർശനം പാടില്ല എന്നതല്ല അത്. റിവ്യുകളുമായി ബന്ധപ്പെട്ട കേസിന്റെ ഉള്ളടക്കം കാര്യമായി പഠിക്കേണ്ടതുണ്ട്. അതിൽ വിമർശനാത്മകമായി എടുക്കേണ്ട കാര്യങ്ങൾ പോലുമുണ്ട്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ കൊടുത്ത കേസിലെ ഒരു ആവശ്യം, വിമർശനത്തിന്റെയും റിവ്യൂവിന്റെയും പേരിൽ ജാതീയമായി അധിക്ഷേപിക്കുക, ബോഡി ഷെയിം ചെയ്യുക, ലിംഗഭേദപരമായി സംസാരിക്കുക, ജന്റർ പൊളിറ്റിക്‌സിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുക തുടങ്ങിയ കാര്യങ്ങൾ അധിക്ഷേപിക്കപ്പെടേണ്ടതാണ് എന്നാണ്. അതിനകത്ത് അപകടകരമായ ഉള്ളടക്കമുണ്ടെങ്കിൽ നിയമനടപടി സ്വീകരിക്കണം. അതിൽ ഒരു തർക്കവുമില്ല.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്ന മറ്റൊരു കാര്യമുണ്ട്: ഒരു കൺസ്യൂമർ പ്രൊഡക്റ്റിനെയാണ് ഇവിടെ വിമർശിക്കുന്നത്. / Photo: Kairali Theater

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്ന മറ്റൊരു കാര്യമുണ്ട്: ഒരു കൺസ്യൂമർ പ്രൊഡക്റ്റിനെയാണ് ഇവിടെ വിമർശിക്കുന്നത്. കൺസ്യൂമർ പ്രൊഡക്റ്റിന്റെ ഓൺലൈൻ റിവ്യുവിന് മാനദണ്ഡങ്ങൾ രൂപീകരിച്ചുകൊണ്ട് 2022-ൽ കേന്ദ്ര സർക്കാറിന് ഒരു റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. ആ മാനദണ്ഡങ്ങളുടെ പരിധിക്കുള്ളിലാക്കണം സിനിമയുടെ ഓൺലൈൻ റിവ്യു എന്നാണ് അവരുടെ ആവശ്യം.

150 രൂപ മുടക്കി സിനിമ കാണുന്നവർക്ക് വിമർശിക്കാൻ അവകാശമുണ്ട് എന്നാണല്ലോ വാദം. അത് അംഗീകരിക്കുമ്പോൾ 150 രൂപ കൊടുത്ത് കാണുന്ന ഒരു കൺസ്യൂമർ പ്രൊഡക്റ്റായി സിനിമ മാറും, മറ്റ് ഏത് ഉൽപ്പന്നത്തെപ്പോലെയും. നിങ്ങൾ വില കൊടുത്ത് സോപ്പോ ഷാമ്പൂവോ വാങ്ങുന്നു, അതിനെ വിമർശിക്കണമെങ്കിൽ ഓൺലൈൻ ക്രിട്ടിസിസത്തിന്റെ മാനദണ്ഡം പാലിക്കണം. വിമർശനം പാടില്ല എന്നല്ല ആ റിപ്പോർട്ടിൽ പറയുന്നത്, മറിച്ച് അതിന് ഇന്നയിന്ന പാരാമീറ്ററുണ്ട്, അത് ഇന്ന രീതിയിൽ വേണം, ഇന്ന പ്ലാറ്റ്‌ഫോമിലായിരിക്കണം അത് ഉന്നയിക്കേണ്ടത് എന്നാണ്. ഈ മാനദണ്ഡത്തിനനുസൃതമായി സിനിമാ നിരൂപണം നടത്തുന്നതിൽ തങ്ങൾക്ക് ബുദ്ധിമുട്ടില്ല എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ പറയുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറിന്റെ അഭിപ്രായം തേടിയിരിക്കുകയാണ് കോടതി. ആ നിലപാട് കേന്ദ്രം കോടതിയിൽ പറഞ്ഞിട്ടില്ല.

വിമർശനത്തിന് സഹജമായ ഒരു അധികാരത്വരയുണ്ടെന്ന് സൈദ്ധാന്തികർ പറഞ്ഞിട്ടുണ്ട്. അതായത്, വിമർശിക്കപ്പെടുന്ന പാഠത്തെ കീഴാളമായി കാണുക, അതിനുമുകളിൽ തന്റെ അധീശത്വം സ്ഥാപിച്ചെടുക്കുക എന്നതാണ് ഒരു വിമർശകൻ എപ്പോഴും ചെയ്യുന്നത്.

ഇതിൽ മറ്റൊരു കാര്യം കൂടിയുണ്ട്. സിനിമ എന്നാൽ ഇന്റലക്ച്വൽ പ്രോപ്പർട്ടി (ഐ.പി) കൂടിയാണ്. അതിന് കോപ്പി റൈറ്റ് ഹോൾഡറുമുണ്ട്. പലപ്പോഴും സംഭവിക്കുന്നത്, യുട്യൂബിലും സോഷ്യൽ മീഡിയയിലും ഐ.പി ഉപയോഗിച്ച് ഒരു സിനിമയെ ഉപജീവിച്ച് മറ്റൊരു ഐ.പി ക്രിയയേറ്റ് ചെയ്യപ്പെടുകയാണ്. അത് മോണിറ്റൈസ് ചെയ്യപ്പെടുന്നുമുണ്ട്. ഉദാഹരണത്തിന്, ട്രൂകോപ്പിതിങ്കിൽ ഞാൻ ആശാന്റെ കവിതകളെക്കുറിച്ച് എഴുതുമ്പോൾ, ആശാനെ കോട്ട് ചെയ്യുന്നുണ്ട്. അതിനെ ഫെയർ യൂസ് ഓഫ് കോപ്പിറൈറ്റ് എന്നാണ് പറയുക. എന്നാൽ ഇവിടെ സംഭവിക്കുന്നത്, ഒരു സിനിമയെ ഉപജീവിച്ച്, അതിന്റെ ഭാഗങ്ങൾ പോലും വിഷ്വലി പ്രയോജനപ്പെടുത്തി വേറൊരു ഐ.പി ക്രിയേറ്റ് ചെയ്യപ്പെടുകയും അത് മോണിറ്റൈസ് ചെയ്യപ്പെടുകയുമാണ്. അതുവഴി കോപ്പിറൈറ്റ് ഹോൾഡർക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടാകുന്നുണ്ട് എന്നാണ് നിർമാതാക്കളുടെ വാദം. ഇതിൽ വളരെ ശക്തമായ നിയമപ്രശ്‌നമുണ്ട് എന്നതാണ് സത്യം. കോപ്പിറൈറ്റ് എന്ന സംഗതി തന്നെ മാർക്കറ്റ് ഇക്കോണമിയുടെ ഭാഗമായി വികസിച്ചുവന്ന സംഗതിയാണ് എന്നതുകൊണ്ട് അതിനെതിരെ പ്രവർത്തിക്കുന്ന ഒരുപാടാളുകളുണ്ട് എന്നതും സത്യമാണ്.

ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ഭാരവാഹികൾ

സിനിമ വിമർശനത്തെ നിർമിക്കുന്നതുപോലെ സിനിമയെ വിമർശനവും നിർമിക്കുന്നുണ്ട്. അതുകൊണ്ട് വിമർശനം ഇല്ലാത്ത ഒരു കാലത്ത് നമുക്ക് സിനിമയെടുക്കാൻ പറ്റില്ല, സാഹിത്യമുണ്ടാക്കാൻ പറ്റില്ല. ഷേക്‌സ്പിയർ അദ്ദേഹത്തിന്റെ നാടകം ഗ്ലോബ് തിയറ്ററിൽ അവതരിപ്പിച്ചപ്പോൾ, അദ്ദേഹത്തിന് അറിയില്ലായിരുന്നു, താൻ ലോകത്തെ ഏറ്റവും വലിയ സാഹിത്യസൃഷ്ടിയാണ് നടത്തുന്നത് എന്ന്. ഖനി തൊഴിലാളി മുതൽ ഭരണകർത്താവുവരെ കണ്ടുകൊണ്ടിരുന്ന നാടകങ്ങളാണ് അദ്ദേഹത്തിന്റേത്. അന്ന് അദ്ദേഹം എന്റർടെയ്ൻ ചെയ്യുകയായിരുന്നു. അത് ലോകത്തിലെ ഏറ്റവും നല്ല സാഹിത്യസൃഷ്ടിയായി മാറ്റപ്പെട്ടത് വിമർശനം, വായന എന്നീ ഇൻസ്റ്റിറ്റ്യൂഷനുകളിലൂടെയാണ്. ഇതുപോലെ, സിനിമ എന്ന വ്യവഹാരം നിർമിക്കപ്പെടുന്നതും തീർച്ചയായും വിമർശനത്തിലൂടെയാണ്.

റിവ്യു നിരോധിക്കണം എന്ന് ഏത് സംഘടനയാണ് പറഞ്ഞിട്ടുള്ളത്, ആ സംഘടനയോട് കലഹിക്കാൻ ഞാൻ തയാറാണ്. എന്തിന്, റിവ്യുവിന് സമയപരിധി വേണം എന്ന നിലപാടിനോടുപോലും കലഹിക്കാൻ ഞാൻ തയാറാണ്.

വിമർശനത്തിന് സഹജമായ ഒരു അധികാരത്വരയുണ്ടെന്ന് സൈദ്ധാന്തികർ പറഞ്ഞിട്ടുണ്ട്. അതായത്, വിമർശിക്കപ്പെടുന്ന പാഠത്തെ കീഴാളമായി കാണുക, അതിനുമുകളിൽ തന്റെ അധീശത്വം സ്ഥാപിച്ചെടുക്കുക എന്നതാണ് ഒരു വിമർശകൻ എപ്പോഴും ചെയ്യുന്നത്. (‘വിമർശകൻ’ എന്ന പുല്ലിംഗം ഉപയോഗിക്കുന്നതും അതുകൊണ്ടാണ്). ആ പാഠത്തെ മെരുക്കി അതിന്റെ അന്തിമാർഥങ്ങൾ വെളിപ്പെടുത്തി ഞാനതിനെ വശപ്പെടുത്തി എന്റെ അധീശത്വം സ്ഥാപിച്ചെടുക്കുക എന്ന രീതിയിലാണ് വിമർശനം മുന്നോട്ടുപോകുന്നത്. അതുകൊണ്ട് സിനിമയുടെ പൊതുഗുണനിലവാരത്തിന്റെ വീഴ്ച എന്നത് അംഗീകരിക്കുമ്പോൾ തന്നെ, ഇത്തരം സിനിമാ വായനകളെ മൊത്തം അംഗീകരിക്കണം എന്നു പറയുന്നത് ബാലിശമാണ്.

എല്ലാ വായനയിലും പുരോഗമനപരവും അല്ലാത്തതുമുണ്ടല്ലോ. ഏറ്റവും വിപ്ലവകരമായി നടത്തുന്നു എന്നു പറയുന്ന ഒരു വിർശനത്തെ മറ്റൊരു വിമർശകൻ നേരെ എതിർദിശയിൽ വായിക്കും. അങ്ങനെയല്ലേ പാഠങ്ങളുണ്ടാകുന്നത്. ഒരു ടെക്‌സ്റ്റ് ഉണ്ടെന്നുവക്കുക, ഒരു സിനിമയുണ്ടെന്നുവക്കുക. അതിനെ ഒരു നിരൂപകൻ വായിക്കുന്നു. അതുകൊണ്ട് തീരുന്നില്ല അത്. അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം എന്ന സിനിമ എടുക്കുക. അതിനെ ഒരാൾ വായിക്കുന്നു, ഒരു ടെക്‌സ്റ്റ് പ്രൊഡ്യൂസ് ചെയ്യുന്നു. എനിക്ക്, ആ സിനിമക്ക് നിങ്ങൾ നടത്തിയ വായന, വായിക്കാനുള്ള റൈറ്റുണ്ട്. എന്റെ ആ വായനയെ പുറകെവരുന്നവർ വായിക്കും. അങ്ങനെ നിരവധി വായനകളിലൂടെയാണ് മുഖാമുഖം പുതുക്കപ്പെടുന്നത്.

അടൂർ ഗോപാലകൃഷ്ണന്റെ മുഖാമുഖം എന്ന സിനിമയിൽ പി. ഗംഗാധരൻ നായർ, കവിയൂർ പൊന്നമ്മ

റിവ്യു നിരോധിക്കണം എന്ന് ഏത് സംഘടനയാണ് പറഞ്ഞിട്ടുള്ളത്, ആ സംഘടനയോട് കലഹിക്കാൻ ഞാൻ തയാറാണ്. എന്തിന്, റിവ്യുവിന് സമയപരിധി വേണം എന്ന നിലപാടിനോടുപോലും കലഹിക്കാൻ ഞാൻ തയാറാണ്. ഒരു സിനിമ കാണുന്ന മാത്രയിൽ റിവ്യു ചെയ്യാം. കാണുന്ന മൊമന്റിൽ തന്നെ നമ്മുടെയുള്ളിൽ റിവ്യു നടക്കുന്നുണ്ട്. അത് പ്രകാശിപ്പിക്കാം, അത് ഒരു സംശയവുമില്ലാത്ത കാര്യമാണ്.

ഇക്കാര്യത്തിൽ സാമ്പത്തിക ഘടകമുണ്ട് എന്ന വസ്തുത മറക്കരുത്. വ്‌ളോഗേഴ്സ് തന്നെ പറയുന്നുണ്ട്, തങ്ങൾ ഒരു സിനിമയെക്കുറിച്ച് നല്ലതുപറഞ്ഞാൽ കിട്ടുന്ന റവന്യു കുറവാണ്, കൂടുതൽ കിട്ടാൻ മോശം പറയണം എന്ന്. അതായത്, നെഗറ്റീവ് റിവ്യൂകൾക്കാണ് റീച്ച് കൂടുതൽ. സിനിമാ റിവ്യൂകൾ മാക്‌സിമം റീച്ച് കിട്ടാനുള്ള വിധത്തിലാണ് യുട്യൂബിന്റെയും ഫേസ്ബുക്കിന്റെയും അൽഗോരിതം സെറ്റ് ചെയ്തിരിക്കുന്നത്. ഇതിനകത്ത് കൃത്യമായ സാമ്പത്തിക വിനിമയം നടക്കുന്നുണ്ട് എന്ന വസ്തുത കണക്കിലെടുത്തേ മുന്നോട്ടുപോകാനാകൂ.

നിർഭയം അഭിപ്രായം പ്രകാശിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന പ്രതീതി ഭരണകൂടം സൃഷ്ടിക്കുമ്പോൾപോലും ഭരണകൂടം അതിനെ ജാഗ്രതയോടെ നിരീക്ഷിക്കുകയും സെൻസർഷിപ്പ് നടത്തുകയും ചെയ്യുന്നുണ്ട്.

ഞാൻ വ്യക്തിപരമായി വിശ്വസിക്കുന്നത്, ഇന്നത്തെ കാലത്ത് ഇത്തരം എല്ലാ വെല്ലുവിളികളെയും അഡ്രസ് ചെയ്തുകൊണ്ടുമാത്രമേ ഒരു ഫിലിം മേക്കർക്ക് മുന്നോട്ടുപോകാൻ കഴിയൂ എന്നാണ്. ഒരു സംവിധായകനോട് പണം ചോദിച്ച് അദ്ദേഹത്തെ ഒരുപാട് ബുദ്ധിമുട്ടിച്ചതിനെതുടർന്നാണ് അദ്ദേഹം കോടതിയിൽ പോയത്. റിവ്യു പാടില്ല എന്ന വിഷയമേ അല്ല അദ്ദേഹം കോടതയിൽ ഉന്നയിച്ചത്, റിവ്യൂസിന്റെ അബ്യൂസിനെക്കുറിച്ചാണ് പറയുന്നത്. അതിൽപോലും എത്രത്തോളം നിയമപരമായ ഇടപെടൽ ഉണ്ടാകുമെന്നത് കാത്തിരുന്നുകാണേണ്ട വിഷയമാണ്.

ഈയൊരു കാലത്ത്, ഈയൊരു ഡിജിറ്റൽ തുറസ്സിൽ നമുക്ക് നിർഭയം അഭിപ്രായം പ്രകാശിപ്പിക്കേണ്ട കാലവും സാഹചര്യവുമാണ്. അതിനുള്ള സ്വാതന്ത്ര്യമുണ്ട് എന്ന പ്രതീതി ഭരണകൂടം സൃഷ്ടിക്കുമ്പോൾപോലും ഭരണകൂടം അതിനെ ജാഗ്രതയോടെ നിരീക്ഷിക്കുകയും സെൻസർഷിപ്പ് നടത്തുകയും ചെയ്യുന്നുണ്ട് എന്നത് യാഥാർഥ്യമാണ്.

ആക്ഷേപകരമായ റിവ്യു ഒഴിവാക്കണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ച സംവിധായകൻ മുബീൻ റൗഫ്‌

നമ്മൾ ഒരു സിനിമയെയോ സാഹിത്യകൃതിയെയോ വിമർശിക്കുമ്പോൾ, വിമർശനത്മകമായ ഒരകലം പാലിക്കണം എന്നു പറയാറുണ്ട്. പക്ഷെ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിന്തകയായ ബാർബറാ ജോൺസൺ പറഞ്ഞിട്ടുണ്ട്, ക്രിട്ടിക്കൽ ഡിസ്റ്റൻസ് അല്ല വേണ്ടത്, ക്രിട്ടിക്കൽ ഇന്റിമസിയാണ് എന്ന്. അത്ര ഗാഢമായി അതിനോട് ഇടപെട്ടാൽ മാത്രമേ ഏറ്റവും ഷാർപ്പായി വിമർശിക്കാൻ പറ്റുകയുള്ളൂ. വ്യക്തിപരമായി ഒരാളെ മുറിപ്പെടുത്തുക എന്ന ലക്ഷ്യം അതിലില്ല.
വ്യക്തിപരമായ ഒരനുഭവം കൂടി പറയാം. നമ്മുടെ സെൻസിബിലിറ്റിയെ രൂപപ്പെടുത്തിയവരിൽ ഒരാളാണല്ലോ കെ.പി. അപ്പൻ. ഞാൻ അദ്ദേഹത്തെ അതികഠിനമായി വിമർശിച്ച് 'പേനയുടെ സമരമുഖങ്ങൾ' എന്ന പേരിലൊരു ലേഖനം മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എഴുതി. അദ്ദേഹം എന്നെ ഭയങ്കരമായി പരിഹസിച്ച് അതിന് മറുപടിയും എഴുതി. രണ്ടു ദിവസം കഴിഞ്ഞ്, കെ.പി. അപ്പൻ എന്നെ ഫോണിൽ വിളിച്ചു. നിങ്ങൾ വളരെ ഷാർപ്പായും ഇന്റലിജന്റുമായിട്ടാണ് എഴുതുന്നത്, എനിക്ക് നിങ്ങളെയൊന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട് എന്നു പറഞ്ഞു. ഞാൻ അപ്പോൾ തന്നെ ബസ് കയറി കൊല്ലത്തുപോയി മാഷെ കണ്ടു. ഒരു ദിവസം മുഴുവൻ മാഷോടൊപ്പമിരുന്നു. എന്നിട്ട് അദ്ദേഹം എന്നെ അദ്ദേഹത്തിന്റെ ഫിയറ്റ് കാറിൽ കയറ്റി തിരിച്ച് ബസ് സ്റ്റാന്റിൽ കൊണ്ടാക്കി.

കൊമ്പുകളുള്ള സൗഹൃദത്തിലാണ് നമുക്ക് താൽപര്യം.

(ബി. ഉണ്ണികൃഷ്ണനുമായി സംസാരിച്ച് കമൽറാം സജീവ് തയാറാക്കിയത്)


ബി. ഉണ്ണികൃഷ്ണൻ

സംവിധായകൻ, തിരക്കഥാകൃത്ത്. ഫെഫ്കയുടെ ജനറൽ സെക്രട്ടറി. പോസ്റ്റ് മോഡേണിസത്തെക്കുറിച്ച് വി.സി. ഹാരിസുമായി ചേർന്ന് ‘നവസിദ്ധാന്തങ്ങൾ' എന്ന പുസ്തക പരമ്പര പ്രസിദ്ധീകരിച്ചു. സാഹിത്യം, സാംസ്‌കാരിക രാഷ്ട്രീയം, സാഹിത്യചിന്ത തുടങ്ങിയ മേഖലകളിൽ മൗലിക രചനകൾ നടത്തിയിട്ടുണ്ട്.

Comments