ജനപ്രിയമായി മാറിയ, കിഷ്കിന്ധാകാണ്ഡം പോലൊരു വാണിജ്യ സിനിമയെ IFFK പോലെയൊരു അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്ക് തെരഞ്ഞെടുത്തതിൽ വളരെ സന്തോഷമുണ്ട്. വാണിജ്യ സിനിമകൾ പലപ്പോഴും മേളയിലേക്ക് തൊരഞ്ഞെടുക്കപ്പെടാറില്ലല്ലോ. സമാന്തര സിനിമകൾക്ക് പുറമെ ഇത്തരം സിനിമകൾ മേളകളിൽ പ്രദർശിപ്പിക്കപ്പെടണമെന്നാണ് ഞാൻ കരുതുന്നത്. വാണിജ്യ സിനിമകൾ കൂടി ഇത്തരം മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോൾ IFFK വേദി കൂടുതൽ ജനപ്രിയമാകും. അത് സിനിമാ ആസ്വാദനത്തിന്റെ നിലവാരമുയർത്തും.
വാണിജ്യ ഘടകങ്ങളുള്ള സിനിമയാണെങ്കിലും കിഷ്‌കിന്ധാകാണ്ഡത്തിന്റെ ഉള്ളടക്കത്തിൽ വളരെ ആത്മവിശ്വാസമുണ്ടായിരുന്നു. സിനിമ പലതരത്തിൽ വ്യാഖ്യാനിക്കപ്പെടുമെന്നും പ്രേക്ഷകർ സ്വീകരിക്കുമെന്നും ഉറപ്പുണ്ടായിരുന്നു. ഫെസ്റ്റിവൽ സ്വഭാവത്തിലുള്ള സിനിമയല്ലാത്തതിനാൽ ഓണം റിലീസ് എന്നത് എന്ന ഭയപ്പെടുത്തിയിരുന്നു. എന്നാൽ സിനിമയുടെ കണ്ടെന്റിന്റെ കാര്യത്തിൽ നൂറ് ശതമാനം വിശ്വാസമുണ്ടായിരുന്നു. ഈ സിനിമയിൽ ഒരുപാട് ‘വൗ’ ഫാക്ടേഴ്സുണ്ട്. ഇതുവരെ മലയാളത്തിൽ കാണാത്ത തരത്തിലുള്ള ഫിലിം പാറ്റേണും അതിനുണ്ടായിരുന്നു.
![‘കിഷ്കിന്ധാകാണ്ഡ’ത്തിൽ ഒരുപാട് ‘വൗ’ ഫാക്ടേഴ്സുണ്ട്. ഇതുവരെയും മലയാളത്തിൽ കാണാത്ത തരത്തിലുള്ള ഫിലിം പാറ്റേണായിരുന്നു ഈ സിനിമയുടേത്.](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/untitled1-3w8h.webp)
വ്യത്യസ്തമായ ഒരു സിനിമാസമീപനം കൂടിയായിരുന്നു കിഷ്‌കിന്ധാകാണ്ഡം മുന്നോട്ടുവച്ചത്. അതുകൊണ്ടുതന്നെ പ്രേക്ഷകർ തിയേറ്ററിൽ സിനിമ ഏറ്റെടുത്തു. ഫെസ്റ്റിവെൽ സീസണിലും ഇത്തരത്തിലൊരു സിനിമയ്ക്ക് തിയേറ്റർ വിജയം നേടാൻ കഴിഞ്ഞുവന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷമുള്ള കാര്യമാണ്. ഏതുകാലത്തും ഇത്തരം സിനിമകൾക്ക് പ്രേക്ഷകരുണ്ടാകും എന്ന ഉറപ്പാണ് ഈ വിജയം എനിക്ക് തന്നത്. ഇത്തരം സിനിമകൾ എടുക്കാനുള്ള ധൈര്യം കിഷ്‌കിന്ധാകാണ്ഡത്തിലൂടെ ലഭിച്ചു എന്നാണ് പല സംവിധായകരും എന്നോട് പറഞ്ഞത്. നല്ല കണ്ടന്റ് ഉണ്ടെങ്കിൽ ഏതു സിനിമയ്ക്കും വിജയിക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഈ സിനിമയുടെ വിജയത്തിലൂടെ ഉണ്ടായിവന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു സിനിമ ചെയ്യുമ്പോൾ മൊത്തത്തിൽ കൊമേഴ്സ്യൽ ഗിമ്മിക്കുകൾ മാത്രമുള്ള ഒരു സിനിമയ്ക്ക് അപ്പുറത്തേക്ക് കണ്ടന്റിനുകൂടി പ്രാധാന്യം കൊടുക്കാൻ ഇതെനിക്ക് അവസരം തന്നിട്ടുണ്ട്.
സംവിധായകൻ എന്ന നിലയിലും ആസിഫ് അലിയെ സംബന്ധിച്ച് ഒരു നടൻ എന്ന നിലയിലും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്.
കിഷ്‌കിന്ധാകാണ്ഡത്തിൽ ആസിഫ് അലി ചെയ്ത കഥാപാത്രമാണ് പ്രിയപ്പെട്ടത്. പല വൈകാരിക തലങ്ങളിലൂടെയും കടന്നുപോകുന്ന കഥാപാത്രമാണത്. ഏറെ അടരുകളുള്ള ഒന്ന്. ഈ വൈകാരികത പ്രേക്ഷകർക്കു കൂടി കിട്ടുകയെന്നത് വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരുന്നു. സിനിമ വീണ്ടും കാണുന്ന ഒരാൾക്ക് അയാളുടെ കഥാപാത്രത്തിന്റെ ആഴം മനസ്സിലാക്കാൻ കഴിയും. എന്തിനാണ് ഇയാൾ ഇങ്ങനെ ചെയ്തത്, ഈ സാഹചര്യത്തിൽ എന്തിനാണ് അയാൾ കരഞ്ഞത് തുടങ്ങി പല കാര്യങ്ങളും ആസിഫ് അലിയുടെ കഥാപാത്രത്തെ വീണ്ടും കാണുമ്പോൾ മനസ്സിലാക്കാം. സംവിധായകൻ എന്ന നിലയിലും ആസിഫ് അലിയെ സംബന്ധിച്ച് ഒരു നടൻ എന്ന നിലയിലും വളരെ വെല്ലുവിളി നിറഞ്ഞ സാഹചര്യമായിരുന്നു ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കുക എന്നത്. ആ കഥാപാത്രത്തെ കുറിച്ച് നടന് പറഞ്ഞുകൊടുക്കുക എന്നതും കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ചെറിയൊരു പാളിച്ച പറ്റിയാൽ തന്നെ കഥാപാത്രം മൊത്തത്തിൽ ഇല്ലാതെയാകും.
![‘കിഷ്‌കിന്ധാകാണ്ഡത്തിൽ ആസിഫ് അലിയുടെ അഭിനയം കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്’](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/untitled1-4yl4.webp)
പ്രസന്റ് മൊമെന്റിൽ ഒരു കഥാപാത്രം എന്തൊക്കെ ആലോചനകളിലൂടെയായിരിക്കും കടന്നുപോകുന്നത് എന്നുവരെ പ്രീ- പ്രൊഡക്ഷൻ ലെവൽ മുതൽ അഭിനേതാക്കളോട് കമ്യൂണിക്കേറ്റ് ചെയ്യുകയും തിരക്കഥയിൽ എഴുതിവെക്കുകയും ചെയ്തിട്ടുണ്ട്. ആ പോയിന്റ്‌സ് എല്ലാം ഒരുവിധം നമ്മളുടെ മനസ്സിലുമുണ്ടായിരുന്നു. എന്നാൽ ആസിഫിനോട് അത് ഒരിക്കലും ഞങ്ങൾ പറഞ്ഞിരുന്നില്ല. എന്നാൽ ഇതൊക്കെ അറിയാവുന്ന ഒരാളെപ്പോലെ തന്നെയായിരുന്നു ആസിഫ് അലി അജയൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഞാൻ ഉദ്ദേശിക്കുന്ന തരത്തിൽ പ്രകടനം എത്തിയില്ലെങ്കിൽ ഒരു ഹിന്റ് ഇട്ടു കൊടുത്താൽ അത് കൃത്യമായി ചെയ്യാനും ആസഫിന് കഴിഞ്ഞിരുന്നു. മിസ്സായി പോകുന്ന ചില കാര്യങ്ങൾ മാത്രം ആസിഫിന് പറഞ്ഞുകൊടുത്താൽ മതിയായിരുന്നു. ശരിക്കു പറഞ്ഞാൽ അയാളുടെ അഭിനയം കണ്ട് ഞങ്ങൾ അത്ഭുതപ്പെട്ടിട്ടുണ്ട്. എത്ര മനോഹരമായിട്ടാണ് ഓരോ സീനും അയാൾ അവതരിപ്പിച്ചിരിക്കുന്നത്. ആ സിനിമയ്ക്ക് വേണ്ടി അത്രയ്ക്ക് അയാൾ വർക്കൗട്ട് ചെയ്തിട്ടുണ്ട്. ആസിഫ് അലിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇതെന്ന് ഞാൻ വിശ്വസിക്കുന്നു. ചെറിയൊരു പാളിച്ച പറ്റിയാൽ തന്നെ പൊളിഞ്ഞുപോകാവുന്ന സങ്കീർണമായ കഥാപാത്രത്തെയാണ് അത്രയും അടക്കത്തോടെയും ഒതുക്കത്തോടെയും അയാൾ ചെയ്തു വച്ചിരിക്കുന്നത്.
മുമ്പ്, IFFK-യിൽ, പല തിയേറ്ററുകളിലായി സിനിമകൾ കണ്ടുനടക്കുമ്പോൾ ഒരിക്കൽ എന്റെ സിനിമയും അവിടെ പ്രദർശിപ്പിക്കണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു
മുമ്പ്, IFFK-യിൽ, പല തിയേറ്ററുകളിലായി സിനിമകൾ കണ്ടുനടക്കുമ്പോൾ ഒരിക്കൽ എന്റെ സിനിമയും അവിടെ പ്രദർശിപ്പിക്കണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്നു. ഇന്ന് അത് സാധ്യമായി. കാണിയായി വന്നിരുന്ന എന്റെ സിനിമ അവിടുത്തെ ഒരു തിയറ്ററിൽ പ്രദർശിപ്പിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് വലിയ സന്തോഷവും അഭിമാനവുമുള്ള കാര്യമാണ്.
IFFK ഒരുതരത്തിൽ ആവേശമാണ്, എല്ലാ സിനിമാ പ്രേമികൾക്കും. ചെന്നൈയിലൊക്കെ ഇത്തരം സിനിമാ ഫെസ്റ്റിവെല്ലുകൾ നടക്കുന്നുണ്ട്. എന്നാൽ അവിടെയൊന്നും കിട്ടാത്ത ഒരുതരം ആവേശവും സന്തോഷവും ആഘോഷവും ഒക്കെ തിരുവനന്തപുരത്ത് കാണാം. ഇവിടത്തെ സിനിമാ തെരഞ്ഞെടുപ്പ് തന്നെ ഗംഭീരമാണ്. സിനിമകൾ ഇങ്ങനെയും ചെയ്യാം, സാമ്പ്രദായിക രീതി മാത്രമല്ല സിനിമയ്ക്ക് ആവശ്യം എന്നൊക്കെ IFFK പഠിപ്പിച്ചിട്ടുണ്ട്. ഒരുതരത്തിൽ, ചലച്ചിത്രപ്രവർത്തകർക്കൊരു ധൈര്യം പകരുന്നുണ്ട്, IFFK.
![ഒരുതരത്തിൽ, ചലച്ചിത്രപ്രവർത്തകർക്കൊരു ധൈര്യം പകരുന്നുണ്ട്, IFFK.](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/12/untitled1-givm.webp)
ഫാമിലി ഡ്രാമയും ഇമോഷണൽ ഡ്രാമയുമൊക്കെയാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോണർ. IFFK വേദികളിൽ പോകുമ്പോഴും അത്തരം സിനിമകളാണ് കൂടുതലും കാണാൻ ശ്രമിക്കാറ്. ഫർഹാദിയുടെ എവരിബഡി നോസ് (Everybody Knows, Spanish, 2018, written and directed by Iranian filmmaker Asghar Farhadi) അടക്കമുള്ള സിനിമകൾ എന്നെ വളരെ സ്വാധീനിച്ചിട്ടുണ്ട്. സ്ലോ പേസിലുള്ള സിനിമകളോട് അത്രയധികം താൽപര്യമില്ലാത്ത ഒരാളാണ് ഞാൻ. എന്നാൽ ആ സിനിമയ്ക്കകത്ത് ഒരു ഇമോഷണൽ ഡ്രാമയുണ്ടെങ്കിൽ അതിനോട് വലിയ താല്പര്യം തോന്നാറുണ്ട്. ത്രില്ലർ സിനിമകളും ഇഷ്ടമാണ്.
![2024-ൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആട്ടമാണ്.](https://cdn.truecopymagazine.in/image-cdn/width=1024/photos/2024/01/attam-movie-review-co4n.webp)
2024-ൽ ഏറ്റവും ഇഷ്ടപ്പെട്ട സിനിമ ആട്ടമാണ്. ആ സിനിമയുടെ തിരക്കഥ ഭയങ്കരമായി ഇഷ്ടപ്പെട്ടു. അതും ഒരു ഇമോഷണൽ ഡ്രാമയാണല്ലോ. ചെറിയൊരു സ്‌കെയിലിൽ അത്തരം സിനിമ ചെയ്യുക എന്നത് ചെറിയ കാര്യമല്ല. ആ സിനിമ ശരിക്കും ഒരു സംഭവം തന്നെയാണ്. പുറത്തുനിന്നുള്ള കാഴ്ചയിൽ അതൊരു ചെറിയ സിനിമയാണെന്ന് തോന്നുമെങ്കിലും, എക്സിക്യൂട്ട് ചെയ്‌തെടുക്കുക എളുപ്പമല്ല. ആ സിനിമക്കായി അത്രയും ആത്മാർത്ഥമായി അവർ പണിയെടുത്തിട്ടുണ്ടെന്ന് സിനിമ കാണുമ്പോൾ മനസ്സിലാവും. ആ സിനിമ എങ്ങനെ ഇത്രയും ഭംഗിയിൽ ചെയ്തു ഫലിപ്പിച്ചു എന്ന് ഇപ്പോഴും ചിന്തിക്കാറുണ്ട്.
▮
IFFK-യിലെ ‘കിഷ്കിന്ധാകാണ്ഡം’ ഷെഡ്യൂൾ:
14.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2.
16.12.2024: അജന്ത.
18.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 3.