‘അപ്പുറം’ എന്നെ സംബന്ധിച്ച് ഒരുപാട് അടുത്തുനിൽക്കുന്ന സിനിമയാണ്. മൂന്നു പേരടങ്ങുന്ന ഒരു കുടുംബത്തിന്റെ തുടക്കവും അവസാനവുമാണ് പ്രമേയം. കുടുംബത്തിനകത്ത് നടക്കുന്ന ഒരു സംഭവവുമായി ബന്ധപ്പെട്ടാണ് സിനിമ മുന്നോട്ട് പോകുന്നത്. മൂന്ന് കഥാപാത്രങ്ങളുടെ വൈകാരികതയിലൂടെയാണ് കഥ പറയുന്നത്. സിനിമയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനഘ മായ രവിയാണ്. മിനി ഐ. ജി, ജഗദീഷ് തുടങ്ങിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുപാട് സഹ അഭിനേതാക്കളുമുണ്ട്. ടാഗോർ, കൈരളി, ന്യൂ തിയേറ്ററുകളിലാണ് പ്രദർശനം.
ഇത്തവണ ഐ.എഫ്.എഫ്.കെയിൽ സ്വതന്ത്ര സിനിമയ്ക്ക് ഏറെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്.
ഒരുപാട് പ്രശ്നങ്ങൾക്കും പരിശ്രമങ്ങൾക്കും ഇടയിലാണ് സിനിമ ഇത്തരമൊരു വേദിയിലെത്തുന്നത് എന്നതുകൊണ്ടുതന്നെ, ഞാനും ഒപ്പമുള്ളവരും ഒരുപാട് സന്തോഷത്തോടെയാണ് സിനിമ കാണാൻ കാത്തിരിക്കുന്നത്. നിർമ്മാണസമയത്ത് ഞാനടക്കം കുറച്ചുപേരേ സിനിമ കണ്ടിട്ടുള്ളൂ. ഐ.എഫ്.എഫ്.കെയുടെ അന്താരാഷ്ട മത്സരവിഭാഗത്തിൽ എത്തിയതാണ് ഏറ്റവും വലിയ സന്തോഷം. ഒരു ധൈര്യത്തിന്റെ പുറത്ത് ചെയ്ത സിനിമ കൂടിയാണിത്.
തിരുവനന്തപുരം സ്വദേശിയായ എനിക്ക് നാട്ടിൽ തന്നെ സിനിമ അവതരിപ്പിക്കാൻ കഴിയുന്നു എന്നത് വലിയ സന്തോഷം നൽകുന്ന കാര്യമാണ്. ‘അപ്പുറം’ എന്ന സിനിമയുമായി ബന്ധപ്പെട്ട് എനിക്ക് വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല. കാരണം, നിർമാണം ഞാൻ തന്നെയായിരുന്നു. എന്റെ ആദ്യ സിനിമ ‘നിള’യുടെ സമയത്ത്, KSFDC-യുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നു. എന്നാൽ, ‘അപ്പുറ’ത്തിന്റെ ഭാഗമായവരെല്ലാം നല്ല രീതിയിൽ സഹകരിച്ചതിനാൽ സംവിധായിക എന്ന നിലയിൽ പ്രശ്നങ്ങളില്ലാതെ കടന്നുപോയി.
ഇത്തവണ ഐ.എഫ്.എഫ്.കെയിൽ സ്വതന്ത്ര സിനിമയ്ക്ക് ഏറെ പ്രാധാന്യം ലഭിച്ചിട്ടുണ്ട്. ഇത്തരം വേദികളിൽ മാത്രമേ ഇത്തരത്തിലുള്ള സിനിമകൾക്ക്, അതായത്, താരതമ്യേന കുറഞ്ഞ ബഡ്ജറ്റിലുള്ള സിനിമകൾക്ക് പ്രാധാന്യം ലഭിക്കാറുളളൂ. വലിയ രീതിയിൽ നിർമ്മാണച്ചെലവും പ്രമോഷനും തിയറ്റർ റീലീസുമെല്ലാമുള്ള സിനിമയുടെ തലം മറ്റൊന്നായിരിക്കും. അത്തരമൊരു സന്ദർഭത്തിൽ ഇതുപോലുള്ള അവസരം കിട്ടുന്നത് വലിയ കാര്യമാണ്. ഇത്തവണ തിയറ്റർ റീലീസിലൂടെ പുറത്തിറങ്ങിയ സിനിമകളും പ്രദർശിപ്പിക്കുന്നുണ്ട്. അതിനോടൊപ്പം, ഇത്തരം സിനിമകൾ കൂടി വരുമ്പോൾ സന്തോഷമാണ്. വലിയ ഒരു മാറ്റം കൂടിയാണിത്.
ആദ്യ സിനിമ ഇത്തവണ IFFI-യിൽ പോയപ്പോൾ കുറച്ച് സിനിമകൾ കാണാനായില്ല. അത് IFFK-യിൽ കാണണം എന്നും ആഗ്രഹമുണ്ട്. അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ സിനിമകളും കൃഷാന്ത് പോലുള്ള സംവിധായകരുടെ സിനിമയുമെല്ലാം കാണാൻ കാത്തിരിക്കുന്നു. കിസ് വാഗൺ എന്ന സിനിമയാണ് മറ്റൊന്ന്. ഉള്ളൊഴുക്ക് കാണണം എന്ന് ആഗ്രഹമുണ്ടായെങ്കിലും കാണാൻ സാധിച്ചില്ല.
ഈ വർഷം ഒരുപാട് സിനിമകൾ കാണാൻ പറ്റിയിട്ടില്ല. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകളുമായി തിരക്കിലായിരുന്നു. കൂടാതെ, ‘നിള’ എന്ന സിനിമ കഴിഞ്ഞപ്പോൾ അതുമായി ബന്ധപ്പെട്ട് വലിയ വെല്ലുവിളികളുണ്ടായി. അതിനെ മറികടക്കേണ്ടത് വ്യക്തിപരമായി അനിവാര്യമായപ്പോൾ കേരളത്തിൽ നിന്ന് ജർമ്മനിയിലേക്ക് മാറേണ്ടിവന്നു. ഇതെല്ലാം, ഒരുപാട് സിനിമകൾ കാണാൻ സാധിക്കാൻ പറ്റാത്തതിന്റെ കാരണങ്ങളാണ്.
▮
IFFK-യിലെ ‘അപ്പുറം’ ഷെഡ്യൂൾ:
14.12.2024: ടാഗോർ.
16.12.2024: കൈരളി.
18.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 1.