150 രൂപ മുടക്കി സിനിമ കാണുന്നവർക്ക് വിമർശിക്കാനും സ്വാതന്ത്ര്യമുണ്ട്: ജിയോ ബേബി

‘‘ഏഴ് ദിവസത്തിനുശേഷം റിവ്യു മതിയെന്ന് തീരുമാനിച്ചാൽ മലയാള സിനിമ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. റിവ്യു ചെയ്ത് തന്നെയായിരിക്കും മലയാള സിനിമ രക്ഷപ്പെടാൻ സാധ്യതയെന്നാണ് എനിക്ക് തോന്നുന്നത്. കാരണം മോശം സിനിമകൾമോശമാണെന്നുതന്നെ പറയണം. അങ്ങനെ പറഞ്ഞുകൊണ്ടേ മലയാള സിനിമയെ നന്നാക്കാൻ കഴിയൂ.’’

കാർത്തിക പെരുംചേരിൽ: സോഷ്യൽ മീഡിയ വഴിയുള്ള നെഗറ്റീവ് റിവ്യുകളിലൂടെ പുതുതായി ഇറങ്ങുന്ന മലയാള സിനിമകളെ തകർക്കാനുള്ള ശ്രമം നടക്കുന്നു എന്ന വാദം ഉയർന്നുവരുന്നുണ്ട്. ആ സാഹചര്യത്തിൽ റിവ്യൂസിനെ നിയന്ത്രിക്കാനുള്ള ശ്രമങ്ങളുമായി മുമ്പോട്ട് പോകാനാണ് നിര്‍മാതാക്കളും ‌ശ്രമിക്കുന്നത്. റിവ്യൂസാണ് സിനിമയെ നശിപ്പിക്കുന്നത് എന്ന വാദത്തോട് യോജിക്കുന്നുണ്ടോ?

ജിയോ ബേബി: യോജിക്കുന്നില്ല. ഞാൻ സംസാരിക്കുന്നത് ആരോഗ്യകരമായ റിവ്യൂസിനെ കുറിച്ചാണ്. ആരോഗ്യകരമല്ലാത്ത റിവ്യൂസിന് ഞാൻ ഒരു തരത്തിലുമുള്ള മൂല്യവും നൽകുന്നില്ല. അത്തരം റിവ്യൂസിന് എത്ര പ്രേക്ഷകർ മൂല്യം കൽപ്പിക്കുന്നുണ്ടെന്ന് എനിക്കറിയില്ല. സിനിമയെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ റിവ്യു ചെയ്യുന്നവരുണ്ടാകും. ഞാൻ അത്തരം റിവ്യൂസൊന്നും ഇതുവരെയും കണ്ടിട്ടില്ല. ഇത്തരം റിവ്യൂസ് കേട്ട് സിനിമ കാണാൻ പോവുകയോ പോവാതിരിക്കുകയോ ചെയ്യുന്ന മനുഷ്യരൊക്കയുണ്ടെങ്കിൽ അവരെ കുറിച്ചും എനിക്കറിയില്ല. സത്യസന്ധമായും കൃത്യമായും റിവ്യു ചെയ്യുന്ന ഒരുപാട് പേരുണ്ട്. ഞാൻ സിനിമ കാണാൻ പോകുന്നതിനുമുമ്പ് അത് കാണാറുമുണ്ട്. ചില സിനിമകൾ റിവ്യു കണ്ടിട്ട് കാണേണ്ട എന്ന് തിരുമാനിച്ചിട്ടുണ്ട്. എന്നാൽ ചില സിനിമകൾ റിവ്യു പറയുന്നവർ മോശമാണെന്ന് പറഞ്ഞാലും കാണണമെന്ന് തീരുമാനിക്കും.

ഏഴ് ദിവസത്തിനുശേഷം റിവ്യു മതിയെന്ന് തീരുമാനിച്ചാൽ മലയാള സിനിമ രക്ഷപ്പെടുമെന്ന് തോന്നുന്നില്ല. റിവ്യു ചെയ്ത് തന്നെയായിരിക്കും മലയാള സിനിമ രക്ഷപ്പെടാൻ സാധ്യതയെന്നാണ് എനിക്ക് തോന്നുന്നത്. കാരണം മോശം സിനിമകൾ മോശമാണെന്ന് തന്നെ പറയണം. റിവ്യു അവസാനിപ്പിക്കുന്നതിനെ കുറിച്ച് പറയാതെ എങ്ങനെ പ്രേക്ഷകരെ ഇഷ്ടപ്പെടുത്തുന്ന തരത്തിലുള്ള സിനിമകൾ ചെയ്യാമെന്നാണ് ആലോചിക്കേണ്ടത്. ഏത് റിവ്യൂവറാണ് ഇത്രമാത്രം പ്രശ്‌നമുണ്ടാക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. മോശം സിനിമകൾ ചെയ്താൽ മോശമാണെന്ന് തന്നെ പറയുമല്ലോ. ആരോഗ്യകരമായി റിവ്യു ചെയ്യുന്ന മനുഷ്യരോട് ഏഴ് ദിവസം മാറി നിൽക്കണമെന്ന് പറയുന്നത് ശരിയായ നടപടിയല്ല. കാരണം സിനിമ ഒരു പ്രൊഡക്ടാണല്ലോ. ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് ഏഴ് ദിവസം കഴിഞ്ഞേ റിവ്യു ചെയ്യാൻ പാടുള്ളൂ എന്ന് പറയുന്നതുപോലെ തന്നെയാണിതും. അല്ലാതെ എല്ലാ ഹോട്ടലിലും കയറി നല്ല ഭക്ഷണം കഴിച്ചിട്ട് മോശം മാത്രം പറയുന്ന മനുഷ്യരെ ആര് ശ്രദ്ധിക്കാനാണ്. നിശിതമായ വിമർശനങ്ങൾ ഉണ്ടായെങ്കിൽ മാത്രമെ ഏത് സാധനവും നന്നാവുകയുള്ളൂ. സിനിമയുടെ കാര്യം മാത്രമല്ല. വിമർശനങ്ങൾ വരട്ടെ. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്.

സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നാണ് റിവ്യൂവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനത്തെ പോലും 'സിനിമക്കെതിരെയെന്ന' നറേറ്റീവിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കോടികൾ മുടക്കി എടുക്കുന്ന സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് എന്നൊരു വാദവും സിനിമാരംഗത്തുനിന്ന് ഉയരാറുണ്ട്. സിനിമക്കുവേണ്ടി മുടക്കുന്ന പണവും അതിന്റെ വിപണിയും മുൻനിർത്തി, കലാപരമായി എത്ര മോശം സൃഷ്ടിയായാലും അതിനെ വിജയിപ്പിക്കാനുള്ള ബാധ്യത പ്രേക്ഷകർക്കുണ്ട് എന്നൊരു നിർബന്ധിത ഉപാധി മുന്നോട്ടുവക്കുന്നത് എത്രത്തോളം അഭികാമ്യമാണ്?

നിർമ്മാതാവ് സിനിമക്കുവേണ്ടി ഒരുപാട് പണം മുടക്കി, അതുകൊണ്ട് ആളുകൾ സിനിമയെ കുറിച്ച് അഭിപ്രായം പറയരുത് എന്നൊക്കെ പറയുന്നത് യാഥൊരു കഴമ്പുമില്ലാത്ത വാദങ്ങളാണ്. 150 രൂപ മുടക്കി സിനിമ കാണുമ്പോൾ അതിനെ ആരോഗ്യകരമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതവർ ചെയ്യട്ടെ. ആരോഗ്യകരമല്ലാത്ത വിമർശനം ഏതാണെന്ന് സാമാന്യം യുക്തിയുള്ളവർക്ക് തിരിച്ചറിയാമല്ലോ. സിനിമ കണ്ടിറങ്ങുമ്പോൾ തന്നെ ആളുകൾ റിവ്യു പറയുന്നത് കേൾക്കാമല്ലോ. അതിനെയൊക്കെ ക്രോസ് ചെക്ക് ചെയ്തിട്ടല്ലല്ലോ നമ്മൾ സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. മാതൃഭൂമി പുറത്തുവിട്ട ലിസ്റ്റൊന്നും ഞാൻ കണ്ടിട്ടില്ല. എന്നാൽ റിവ്യു കാരണം പരാജപ്പെട്ട ഒരു സിനിമയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ സിനിമയെ നശിപ്പിക്കുന്നതിന് റിവ്യു ചെയ്യുന്നവർ ആരാണുള്ളത്. അങ്ങനെ ആരെങ്കിലും സിനിമയെ നശിപ്പിക്കാൻ മനഃപൂർവം ശ്രമം നടത്തുന്നുണ്ടെങ്കിൽ അത് കണ്ടെത്തുകയും അവർക്കെതിരെ നടപടി എടുക്കുകയും ചെയ്യണം. അങ്ങനെ ആരെങ്കിലും പ്രവർത്തിക്കുന്നതായിട്ട് എനിക്കറിയില്ല. അങ്ങനെയുണ്ടെന്ന് ഞാൻ കരുതുന്നുമില്ല.

മോശമാണെങ്കിൽ മോശമെന്നുതന്നെ പറയണം. അങ്ങനെ പറഞ്ഞുകൊണ്ടേ മലയാള സിനിമയെ, സിനിമയെ മാത്രമല്ല ഏത് പ്രൊഡക്ടിനെയും നന്നാക്കാൻ കഴിയൂ. നമ്മുടെ കുട്ടികൾ സ്‌കൂളിൽ പഠിക്കുമ്പോൾ നമ്മൾ നിരന്തരം പരാതികൾ അങ്ങോട്ട് പറയുമല്ലോ. കുട്ടികളുടെ വിദ്യാഭ്യാസം, അവരുടെ ഭാവി, മുന്നോട്ടുള്ള വളർച്ച തുടങ്ങിയ കാര്യങ്ങളെ മുൻനിർത്തിയാണ് രക്ഷിതാവ് എന്ന നിലയിൽ നമ്മൾ അവരോട് സംസാരിക്കുന്നത്. നിങ്ങൾ എപ്പോഴും ഇങ്ങനെ വന്ന് പരാതി പറയുന്നത് സ്‌കൂളിന്റെ റെപ്യുട്ടേഷനെ ബാധിക്കും, അതുകൊണ്ട് അടുത്ത വർഷമോ അടുത്ത മാസമോ ഏഴ് ദിവസമോ കഴിഞ്ഞ് പരാതി പറഞ്ഞാൽ മതിയെന്ന് സ്‌കൂളിൽ നിന്ന് പറയുമോ. അതുപോലെ തന്നെയാണ് ഇതും. റിവ്യു ചെയ്യട്ടെ, എന്നാൽ വ്യക്തിഹത്യയിലേക്കോ ഒരാളെ മാത്രം ഫോക്കസ് ചെയ്യുന്ന രീതിയിലേക്കോ മാറാതിരുന്നാൽ മതി.


ജിയോ ബേബി

സംവിധായകൻ, തിരക്കഥാകൃത്ത്, നടൻ. രണ്ടു പെൺകുട്ടികൾ, കുഞ്ഞു ദൈവം, കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ്, ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ, ശ്രീധന്യ കാറ്ററിംഗ് സർവീസ്, ഫ്രീഡം ഫൈറ്റ്എന്നീ സിനിമകൾ സംവിധാനം ചെയ്തു.

Comments