റിവ്യു അല്ല ഗുണനിലവാരമാണ് സിനിമയുടെ ജയപരാജയങ്ങൾ തീരുമാനിക്കുന്നത് - കൃഷാന്ത്‌

ഓൺലൈൻ റിവ്യൂസ് കണ്ട് സിനിമകാണുന്നവർ വളരെ കുറവാണ്. അടിസ്ഥാനപരമായി മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമകൾ ഓടുന്നത്. റിവ്യൂസ് കാരണം സിനിമ നശിക്കുമോ എന്ന് ചോദിച്ചാൽ നശിക്കും. എന്നാൽ സിനിമക്കകത്തുള്ള കോണ്ടന്റിന്റെ ഗുണനിലവാരമാണ് സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്

കാർത്തിക പെരുംചേരിൽ : സോഷ്യൽ മീഡിയ വഴിയുള്ള നെഗറ്റീവ് റിവ്യുകളിലൂടെ പുതുതായി ഇറങ്ങുന്ന മലയാള സിനിമകളെ തകർക്കുന്നു എന്ന ആരോപണമുയരുകയും ചില ഓൺലെൻ വ്ളോഗേഴ്സിനെതിരെ കേസെടുക്കുകയും ചെയ്തിരിക്കുകയാണല്ലോ. സിനിമാ റിവ്യൂസിനെ നിയമം വഴി നിയന്ത്രിക്കാനുള്ള ശ്രമം ഓൺലൈൻ വ്ളോഗേഴ്സിനെ മാത്രം ബാധിക്കുന്ന കാര്യമായി കരുതാൻ കഴിയില്ല. ഗൗരവമായി സിനിമ കാണുകയും അതിനെ വിമർശാത്മകമായി വിലയിരുത്തുകയും ചെയ്യുന്ന കലാ വിമർശനശാഖക്കും അതിന് അനിവാര്യമായും വേണ്ട അഭിപ്രായ സ്വാതന്ത്ര്യം എന്ന അവകാശത്തിന്മേലുമുള്ള കടന്നുകയറ്റമായി ഇപ്പോഴത്തെ നടപടികൾ മാറാനിടയുണ്ട് എന്ന ആശങ്ക പ്രകടിപ്പിക്കപ്പെടുന്നുണ്ട്. അത്തരമൊരാശങ്കക്ക് അടിസ്ഥാനമുണ്ടോ?

കൃഷാന്ത് : കച്ചവട സിനിമകളെ നമ്മളൊരു പ്രൊഡക്ടായി പരിഗണിക്കുമ്പോൾ അതിനെ റിവ്യു ചെയ്യാനുള്ള അവകാശം എല്ലാവർക്കുമുണ്ട്. ഏതൊരു പ്രൊഡക്ട് എടുത്ത് നോക്കിയാലും സ്റ്റാർ റിവ്യൂസ് കാണാൻ സാധിക്കും. ആമസോണിൽ നിന്നൊരു പുസ്തകം വാങ്ങിയാലും സൊമാറ്റയിൽ നിന്ന് ഭക്ഷണം വാങ്ങിയാലും ഇത്തരത്തിൽ റിവ്യൂസ് ചെയ്യാറുണ്ട്. അൺബോക്‌സിങ് വീഡിയോകളും, ഒരു ഫോൺ ഉപയോഗിച്ച് കഴിയുമ്പോൾ അതിന്റെ ഗുണവും ദോഷവുമൊക്കെ പറയുന്ന വീഡിയോകളും വരാറുണ്ടല്ലോ. ആപ്പിൾ ഫോണിന്റെ പുതിയ വേർഷനുകൾ ഇറങ്ങുമ്പോൾ ആളുകൾ അതുപയോഗിച്ച് അതിന്റെ റിവ്യു പറയാറുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചിലയാളുകൾ ഫോൺ വാങ്ങുകയും വാങ്ങാതിരിക്കുകയും ചെയ്യാറുണ്ട്.

സിനിമയെ സംബന്ധിച്ച് റിവ്യൂസ് ഒരു സാധ്യത തന്നെയാണ്. ചിലർ, ചിലപ്പോൾ പണം വാങ്ങിയിട്ടായിരിക്കാം റിവ്യൂസ് ചെയ്യുന്നത്. അത്തരത്തിലുള്ള ചില സാഹചര്യങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും താൻ എന്തിനൊരു പ്രൊഡക്ട് വാങ്ങണം വാങ്ങാതിരിക്കണം എന്നൊക്കെ തീരുമാനിക്കാൻ ഒരു വ്യക്തിക്ക് അവകാശമുണ്ട്. സിനിമകളെ ബാധിക്കുന്നു എന്ന് പറയുമ്പോഴും ചില സിനികൾക്ക് റിവ്യൂസ് ഗുണം ചെയ്യാറുണ്ട്. പക്ഷെ ആരാണ് റിവ്യു ചെയ്യുന്നവർ, സിനിമയെ കുറിച്ചുള്ള അവരുടെ കാഴ്ച്ചപാടുകൾ എന്താണ്, വെറും വിനോദോപാതി എന്ന നിലയിലാണോ അതോ കലയായിട്ടാണോ അവർസിനിമയെ കാണുന്നത് തുടങ്ങിയ സംശയങ്ങൾ എനിക്കുണ്ട്. യഥാർത്ഥത്തിൽ ബ്ലാക്ക്/വൈറ്റ് എന്ന് ഉത്തരം നൽകാൻ സാധിക്കാത്ത ചോദ്യമാണിത്. യൂട്യൂബിന്റെ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി വ്യൂവർഷിപ്പ് വഴിയും സ്‌പോൺസർഷിപ്പ് വഴിയും ഇവർ വരുമാനം കണ്ടെത്തുന്നുണ്ട്. കൂടുതൽ റീച്ച് കിട്ടുന്നതിന് വേണ്ടി തമ്പ്‌നൈനിൽ തന്നെ സിനിമയെ മോശമായി കാണിക്കുന്നവരുണ്ട്.

ഓൺലൈൻ റിവ്യൂ സിനിമയെ നശിപ്പിക്കുന്നു എന്ന വാദം എത്രമാത്രം ശരിയാണ്? ഇപ്പോൾ നിയമനടപടി നേരിട്ടുകൊണ്ടിരിക്കുന്ന ചില വ്ളോഗേഴ്സ് ആദ്യ ദിവസം തന്നെ മോശമെന്ന് മുദ്രകുത്തിയ ഒരു സിനിമ ആ വർഷത്തെ ഏറ്റവും കൂടുതൽ പണം വാരിയ ചിത്രങ്ങളിലൊന്നായി മാറിയത് നമ്മൾ കണ്ടതാണ്. അതായത് സിനിമ വിജയിക്കുന്നതിലും പരാജയപ്പെടുന്നതിലും ഇത്തരം റിവ്യൂസ് ഒരു ഘടകമാകുന്നില്ല എന്നല്ലേ പല സിനിമകളുടെയും വിജയങ്ങൾ സൂചിപ്പിക്കുന്നത്?

റിവ്യൂസ് സിനിമയെ നശിപ്പിക്കുമോ എന്ന് ചോദിച്ചാൽ അതൊരു അപകടകരമായ ഉത്തരമാണ്. എന്റെ ഒരു അഭിപ്രായത്തിൽ ഓൺലൈൻ റിവ്യൂസ് കണ്ട് സിനിമകാണുന്നവർ വളരെ കുറവാണ്. അടിസ്ഥാനപരമായി മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമകൾ ഓടുന്നത്. എന്നാൽ ചിലയാളുകൾ പണം വെറുതെ കളയേണ്ടിതില്ല എന്ന് കരുതി റിവ്യു നോക്കി സിനിമകൾ കാണുമായിരിക്കും. റിവ്യൂവിൽ സിനിമ മോശമാണെന്നാണ് പറയുന്നതെങ്കിൽ, അവർ ചിലപ്പോൾ പണം മുടക്കാൻ തയ്യാറാവുകയില്ല. അങ്ങനെ നോക്കിയാൽ റിവ്യൂസ് കാരണം സിനിമ നശിക്കുമോ എന്ന് ചോദിച്ചാൽ നശിക്കും. എന്നാൽ സിനിമക്കകത്തുള്ള കോണ്ടന്റിന്റെ ഗുണനിലവാരമാണ് സിനിമയുടെ വിജയപരാജയങ്ങൾ തീരുമാനിക്കുന്നത്. റിവ്യൂവേഴ്‌സ് മോശമാണെന്ന് പറഞ്ഞിട്ടും ഹിറ്റായ സിനിമകളുണ്ടല്ലോ. അതുപോലെ റിവ്യൂവേഴ്‌സിനെ മാത്രം അടിസ്ഥാനമാക്കിയിട്ടല്ലല്ലോ സിനിമ നിലനിൽക്കുന്നത്. ഒറ്റയടിക്ക് സിനിമയെ നശിപ്പിക്കാനൊന്നും റിവ്യൂവേഴ്‌സിന് കഴിയില്ല. സിനിമ നല്ലതാണെങ്കിൽ അവർ വിചാരിച്ചാലും ഒന്നും ചെയ്യാൻ സാധിക്കില്ല.

പണം വാങ്ങിയാണ് പലരും മോശം റിവ്യൂസ് നൽകുന്നതെന്നാണല്ലോ പ്രധാന ആരോപണം. അങ്ങനെയാണെങ്കിൽ ഈ പണം ആരാണ് നൽകുന്നത് എന്ന് ആദ്യം കണ്ടെത്തേണ്ടതുണ്ടല്ലോ? സിനിമക്കകത്ത് നിന്നും സിനിമയെ തർക്കാൻ ശ്രമിക്കുന്ന ഇത്തരം നീക്കങ്ങളുടെ യഥാർത്ഥ സോഴ്സ് കണ്ടെത്തുക എന്നതാണല്ലോ പ്രശ്ന പരിഹാരത്തിനുള്ള വഴി?

പണം വങ്ങി റിവ്യു ചെയ്യുന്നത് വളരെ സാധാരണമായ കാര്യമാണ്. എന്റെ സിനിമ ഇറങ്ങുന്ന സമയത്ത് പല റിവ്യുവേഴ്‌സിനോട് സിനിമ കാണാൻ അങ്ങോട്ട് പറയുകയും അവർക്ക് പണം നൽകുകയുമൊക്കെ ചെയ്യാറുണ്ട്. ഇതിന്റെ അകത്ത് തന്നെ സത്യസന്ധമായി റിവ്യു ചെയ്യുന്നവരുമുണ്ട്. നമ്മളുടെ സിനിമയെ കുറിച്ച് നല്ലത് പറയാൻ പണം നൽകുന്ന രീതി സിനിമക്കകത്ത് ഉള്ളതുതന്നെയാണ്. അത് എല്ലാ പ്രൊഡക്ടിന്റെ കാര്യത്തിലുമുള്ളതാണ്. ഉപഭോക്താവിന്റെ അഭിപ്രായങ്ങളെ നമുക്ക് നിയന്ത്രിക്കാൻ സാധിച്ചാൽ പ്രൊഡക്ടിന് നല്ലതാണ്. അത് ബിസിനസിന്റെ ഭാഗമാണ്. വേറൊരു സിനിമയെ തകർക്കാൻ ആരെങ്കിലും പണം നൽകുമോ എന്ന് ചോദിച്ചാൽ അതിനും സാധ്യതയുണ്ട്. രണ്ട് സിനിമകൾ ഒരുമിച്ച് ഇറങ്ങുുമ്പോൾ ഒരു സിനിമക്ക് ആളുകൾ കൂടുതൽ കയറിയാൽ, ആ സിനമ മോശമാണെന്ന ഒരു അഭിപ്രായമുണ്ടാക്കിയെടുത്താൽ മറ്റൊരു സിനിമക്ക് ഗുണമാണല്ലോ. ഇതൊക്കെ ബിസിനസിന്റെ കാര്യത്തിൽ സാധ്യമാണെന്നാണ് ഞാൻ കരുതുന്നത്. സിനിമ അടിപൊളിയാണെങ്കിൽ, ആളുകളെ തിയേറ്ററിൽ കയറ്റാനുള്ള കോണ്ടന്റുണ്ടെങ്കിൽ കലാമൂല്യം ഇല്ലെങ്കിലും ഒരു മാസ് അപ്പീലൊക്കെ കൊടുത്ത് ബഹളമുള്ള സിനിമയാണെങ്കിൽ അതിന് വിജയിക്കാൻ സാധിക്കും. പണം കൊടുത്ത് നെഗറ്റീവ് റിവ്യു പറയിച്ചുവെന്ന് പറഞ്ഞ് സിനിമ നശിക്കുമെന്ന് കരുതുന്നില്ല. വളരെ കുറച്ച് ആളുകൾ മാത്രമാണ് റിവ്യു നോക്കി സിനിമ കാണാൻ പോകുന്നത്.

ആദ്യ ദിവസം തന്നെ റിവ്യൂസ് പറയുന്നത് ഒഴിവാക്കണമെന്ന വാദം ഉയർന്നുവരുന്നുണ്ട്. അടിസ്ഥാനപരമായി ഈ നടപടി ബാധിക്കുന്നതും സിനിമകളെ തന്നെയാണല്ലോ? വലിയ തോതിലുള്ള പ്രൊമോഷനുകളില്ലാതെ വന്ന കണ്ണൂർ സ്‌ക്വാഡ് പോലൊരു സിനിമക്ക് ഇത്രയധികം വിജയം കൈവരിക്കാൻ സാധിച്ചതിന് പിന്നിൽ ഓൺലൈൻ റിവ്യൂസും മറ്റ് സോഷ്യൽ മീഡിയ ഹാൻഡിലുകളും വഹിച്ച പങ്ക് ചെറുതായിരുന്നില്ല. അത്തരത്തിൽ നോക്കുമ്പോൾ ഏഴ് ദിവസം കഴിഞ്ഞ് മതി റിവ്യു എന്നൊക്കെയുള്ള വാദം സിനിമകളെ പ്രതികൂലമായല്ലേ ബാധിക്കുക?

ഒരു പ്രൊഡക്ട് നല്ലതാണോ മോശമാണോ എന്ന് അതിറങ്ങുന്ന ദിവസം തന്നെ പറയുന്നത് തടയുന്നത് ആ പ്രൊഡക്ടിൽ വിശ്വാസമില്ലാത്തത് കൊണ്ടാണ്. വളരെ ജനകീയവും സുതാര്യവുമായിട്ടുള്ള റിവ്യൂവേഴ്‌സ് മാത്രമല്ല ഇവിടെയുള്ളത്. ഇതിനെ ബിസിനസായി കാണുന്നവരുമുണ്ട്. അവർക്ക് ഇതൊക്കെ പറയാൻ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുണ്ട്. ഇനി ബോഗ്മാൻ സിനിമ തിയേറ്ററിൽ കൊണ്ടുവന്നാലും അതിൽ ലാഗുണ്ടെന്ന് പറയുന്നവരും ഇക്കൂട്ടത്തിലുണ്ട്. അവർ യഥാർത്ഥത്തിൽ അവരുടെ ടേസ്റ്റിനും കാഴ്ച്ചപ്പാടിനും അനുസരിച്ചാണ് അഭിപ്രായം പറയുന്നത്. അവരെ ഫോളോ ചെയ്യുന്നവർ അത് കാണുകയോ കാണാതിരിക്കുകയോ ചെയ്യും. എന്നാൽ അത് വളരെ കുറച്ച് ആളുകൾ മാത്രമാണുള്ളത്. ആദ്യ ദിവസം റിവ്യൂവേഴ്‌സിനെ മാറ്റി നിർത്തേണ്ട ആവശ്യമില്ല. പക്ഷെ സിനിമ ഒരു കച്ചവടം ആയതുകൊണ്ടും, എങ്ങനെയും ഇത് വിറ്റുപോകണം എന്നുള്ളതുകൊണ്ടും കച്ചവടക്കാരന് തന്ത്രങ്ങൾ ഉപയോഗിക്കാനുള്ള ഇടമുണ്ട്.

തിയേറ്ററിലെത്തുന്ന ഒരു സിനിമയെ കുറിച്ചുള്ള ഭിന്നാഭിപ്രായമടക്കം അംഗീകരിക്കുക എന്നത് പ്രേക്ഷകജനാധിപത്യത്തിനുവേണ്ട അടിസ്ഥാന മര്യാദയാണ്. ‘സിനിമ മോശമാണ്’ എന്ന വിമർശനം, സിനിമക്ക് എതിരായ ആക്രമണമാണ് എന്ന തരത്തിൽ വിലയിരുത്തുന്നത് സിനിമാ ചർച്ചയ്ക്കുള്ള ഇടങ്ങളെ റദ്ദാക്കുകയല്ലേ ചെയ്യുക?

സിനിമ ഒരു കലയാണ്. അതിന് നിരൂപണങ്ങളും, നെഗറ്റീവും പോസിറ്റീവുമായിട്ടുള്ള അഭിപ്രായങ്ങളും ഉണ്ടാവേണ്ടുണ്ട്. പല കാഴ്ച്ചപ്പാടുള്ള ആളുകളാണ് സിനിമ കാണുന്നത്. അതിനനുസരിച്ച് അഭിപ്രായ വ്യത്യസങ്ങളൊക്കെ വരേണ്ടതുണ്ട്. അത്തരം അഭിപ്രായങ്ങൾ പറയാനുള്ളയിടം വിലക്കുകയെന്നാൽ അഭിപ്രായ സ്വാതന്ത്ര്യത്തെ വിലക്കുന്നത് പോലെയാണ്. റിവ്യു ചെയ്യുന്നവരുടെ സത്യസന്ധതയും മറ്റും എങ്ങനെ അളക്കുമെന്നതും ചിന്തിക്കേണ്ടകുണ്ട്. നൂറ് വ്യൂസുള്ള റിവ്യൂവേഴ്‌സുമുണ്ട്, മില്ല്യൺ വ്യൂസുള്ളവരുമുണ്ട്. എന്റെ അഭിപ്രയാത്തിൽ ഇവരെയൊന്നും നിയന്ത്രിക്കാൻ കഴിയില്ല. റിവ്യു ഒരു വഴിക്ക് പോകും സിനിമ മറ്റൊരു വഴിക്ക് പോകും.

സിനിമ കണ്ട് അത് ഇഷ്ടപ്പെട്ടില്ലെന്നോ ഇഷ്ടപെട്ടെന്നോ തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നത് തടയാനാവില്ലെന്നാണ് റിവ്യൂവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതി ചൂണ്ടിക്കാട്ടിയത്. എന്നാൽ ഇത്തരം അഭിപ്രായ പ്രകടനത്തെ പോലും 'സിനിമക്കെതിരെയെന്ന' നറേറ്റീവിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. കോടികൾ മുടക്കി എടുക്കുന്ന സിനിമ നിരവധി കുടുംബങ്ങളുടെ ഉപജീവനമാർഗമാണ് എന്നൊരു വാദവും സിനിമാരംഗത്തുനിന്ന് ഉയരാറുണ്ട്. സിനിമക്കുവേണ്ടി മുടക്കുന്ന പണവും അതിന്റെ വിപണിയും മുൻനിർത്തി, കലാപരമായി എത്ര മോശം സൃഷ്ടിയായാലും അതിനെ വിജയിപ്പിക്കാനുള്ള ബാധ്യത പ്രേക്ഷകർക്കുണ്ട് എന്നൊരു നിർബന്ധിത ഉപാധി മുന്നോട്ടുവക്കുന്നത് എത്രത്തോളം അഭികാമ്യമാണ്?

കോവിഡിന് ശേഷം മലയാള സിനിമ മാത്രമല്ല ലോക സിനിമയിലെ തന്നെ ചെറിയ സിനിമകൾ, അതായത് ഒരു കുടുംബത്തിന്റെ കഥ പറയുന്ന അലെക് ബാല്‍ഡ്വിന്റെയൊക്കെ ഹോളിവുഡ് സിനിമകൾ സ്ഥിരം ഇറങ്ങുമായിരുന്നു. എന്നാൽ കോവിഡിനുശേഷം അത്തരം സിനിമകൾ ഇറങ്ങുന്നില്ല. തിയേറ്ററിൽ കാണണമെന്ന് വിഷ്വലി ഡിമാന്റ് ചെയ്യുന്ന സിനിമകൾ മാത്രാണ് ആളുകൾ തിയേറ്ററിൽ പോയി കാണുകയുള്ളു. അത്തരത്തിൽ സംതൃപ്തി തരാത്ത സിനിമകളെ കുറിച്ച് തുറന്നുപറയാനുള്ള അധികാരം എല്ലാവർക്കുമുണ്ട്. അത് സിനിമക്ക് നെഗറ്റീവാണെന്ന് പറയാൻ സാധിക്കില്ല.

നിങ്ങളുടെ കഠിനാധ്വാനത്തിന്(സിനിമ) ഗുണകരവും ദോഷകരവുമായ അഭിപ്രായങ്ങൾ ഉണ്ടാകും. ആളുകൾക്ക് വേണമെങ്കിൽ ഇഷ്ടപ്പെടാം ഇഷ്ടപ്പെടാതിരിക്കാം. 'ഇഷ്‌പ്പെടാതിരിക്കുക' എന്നത് സിനിമക്കെതിരെ എന്ന രീതിയിലാണ് ചിലർ കാണുന്നത്. ചില കലാകാരന്മാർക്ക് വിമർശനം ഉൾക്കൊള്ളാൻ ഭയങ്കര ബുദ്ധിമുട്ടായിരിക്കും. ചില കലാകാരന്മാരും ബിസിനസുകാരും അങ്ങനെ തന്നെയാണ്. ഒരു പ്രൊഡക്ട് മാർക്കറ്റിലിറക്കി ഒന്ന് രണ്ട് വർഷം കഴിഞ്ഞിട്ടും വർക്കായില്ലെങ്കിൽ മറ്റെന്തോ പ്രശ്‌നമാണെന്നാണ് അവർ വിലയിരുത്തുന്നത്. അത്തരം ഇടുങ്ങിയ ചിന്താഗതിയുള്ള മനുഷ്യർ ഇത്തരത്തിലുള്ള ബിസിനസിലേക്കും കരിയറിലേക്കും വരുന്നത് വളരെ കുറവാണ്. കാരണം സിനിമക്ക് കലാമൂല്യം മാത്രമല്ല ഒരു കച്ചവടവുമുണ്ട്. ആ കച്ചവടത്തിന്റെ ക്ലിക്ക് കണ്ട് ഈ ഫീൽഡിലേക്ക് പലരും ഇറങ്ങുന്നുണ്ട്. സിനിമയെ കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നുവരുന്നത് അവർക്ക് അംഗീകരിക്കാൻ സാധിക്കില്ല. സിനിമയെ സംബന്ധിച്ച് പണവും ഒരു പ്രധാന ഘടകമാണ്. ആറ് കോടി മൂന്ന് കോടി മുടക്കി ഒരാൾ സിനിമ ചെയ്യുമ്പോൾ അയാൾ വൈകാരികമായും സിനിമയിലേക്ക് ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. നിർമാതാവ് മാത്രമല്ല, സംവിധായകനും അങ്ങനെ തന്നെയാണ്. അതുകൊണ്ട് തന്നെ തങ്ങളുടെ പ്രൊഡക്ടിനെ സംരക്ഷിക്കുക എന്നതാണ് അവർ ആദ്യം ചെയ്യുക.

Comments