‘കിസ് വാഗൺ’ എന്റെ മൂന്നാമത്തെ ഫീച്ചർ സിനിമയാണ്. ഗ്രഹണം (2015), ഹ്യൂമാനിയ (2017) എന്നീ തീരെ ചെറിയ മുതൽമുടക്കിൽ ചെയ്ത രണ്ട് ലൈവ് ആക്ഷൻ ഇൻഡിപെൻഡന്റ് സിനിമകൾക്കുശേഷം ഇത്തരത്തിലൊരു പരീക്ഷണ അനിമേഷൻ സിനിമ ചെയ്യാം എന്ന തീരുമാനത്തിലെത്തുന്നത് ലോക്ക്ഡൗൺ സമയത്താണ്. മുപ്പതോ അതിലധികമോ ഫോട്ടോഗ്രാഫുകളും വീഡിയോ ലേയറുകളും കോമ്പോസിറ്റ് ചെയ്താണ് നിഴൽനാടകങ്ങളിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കിസ് വാഗണിലെ ഓരോ ഷോട്ടും നിർമിച്ചെടുത്തിട്ടുള്ളത്. ഇത്തരത്തിലുണ്ടാക്കിയെടുത്ത 2200- ഓളം ഷോട്ടുകളാണ് ഈ ചിത്രത്തിലുള്ളത്.
ഞാനും ക്രീയേറ്റീവ് പാർട്ണർ ഗ്രീഷ്മ രാമചന്ദ്രനും ചേർന്ന് തിരക്കഥയെഴുതി നിർമിച്ച ഈ സിനിമയിൽ ഞങ്ങൾ എഴുതി കമ്പോസ് ചെയ്ത 14 പാട്ടുകളും 24 സ്‌കോറുകളുമുണ്ട്. മൂന്ന് വർഷമെടുത്താണ് സിനിമ പൂർത്തിയാക്കിയത്. പൊതുവിൽ മുഖ്യധാരാ പ്രേക്ഷകരും ചലച്ചിത്രമേളകളും അഭിനേതാക്കൾക്കും അഭിനയത്തിനും കഥയ്ക്കും sociopolitical aspect- നും മാത്രം പ്രാധാന്യം കൊടുത്ത് സിനിമ എന്ന കലാരൂപത്തെ വിലയിരുത്തുകയും, സിനിമയുടേതുമാത്രമായ അടിസ്ഥാന ഘടകങ്ങളെ പൂർണ്ണമായും അവഗണിക്കുകയും ചെയ്യുന്നു എന്ന ചിന്തയിൽനിന്നാണ് കഥാപാത്രങ്ങളെ മുഴുവൻ നിഴൽരൂപങ്ങളാക്കി കോമ്പോസിഷൻ, എഡിറ്റിങ്, സൗണ്ട് ഡിസൈൻ എന്നിവ മുന്നിൽ നിർത്തി ഇത്തരമൊരു സിനിമ ചെയ്യാൻ തീരുമാനിച്ചത്.
അതുകൊണ്ടുതന്നെ മുൻ ചിത്രങ്ങളിൽ ചെലവുചുരുക്കലിന്റെ ഭാഗമായി ചിന്തകളെ ഒതുക്കി നിർത്തേണ്ടിവന്നിരുന്ന ഒരവസ്ഥ ഇവിടെയുണ്ടായില്ല. മൈക്രോ ബഡ്ജറ്റിൽ സിനിമയെടുക്കുന്ന രണ്ട് ഇൻഡിപെൻഡന്റ് ഫിലിം മേക്കേഴ്‌സിന് എപ്പിക് സ്‌കെയിലിലുള്ള ഒരു തിരക്കഥ, ഇതൊക്കെ എങ്ങനെ ചിത്രീകരിക്കും എന്ന പേടി കൂടാതെ എഴുതാൻ കഴിഞ്ഞു എന്നുള്ളതായിരുന്നു ഇതിന്റെ ഗുണം. ഓരോ ഷോട്ടും നിർമിച്ചെടുക്കാൻ അത്യധികം ക്ഷമയും കഠിനാദ്ധ്വാനവും വേണ്ടിവന്നെങ്കിലും, ഒരു ഉറുമ്പിനെയോ പല്ലിയെയോ പോലും ഭീകരജീവിയായി കാണിക്കാനും, പായലിനെയും പൂപ്പലിനെയുമൊക്കെ കൊടുംകാടായി കാണിക്കാനുമൊക്കെ ഈ സമീപനം വഴി സാധിച്ചു.
പൊതുവിൽ മുഖ്യധാരാ പ്രേക്ഷകരും ചലച്ചിത്രമേളകളും സിനിമയുടേതുമാത്രമായ അടിസ്ഥാന ഘടകങ്ങളെ പൂർണ്ണമായും അവഗണിക്കുന്നു എന്ന ചിന്തയിൽനിന്നാണ് കഥാപാത്രങ്ങളെ നിഴൽരൂപങ്ങളാക്കി കോമ്പോസിഷൻ, എഡിറ്റിങ്, സൗണ്ട് ഡിസൈൻ എന്നിവ മുന്നിൽ നിർത്തി ഇത്തരമൊരു സിനിമ ചെയ്യാൻ തീരുമാനിച്ചത്.
വളരെ ലീനിയറായി, ബിബ്ലിക്കൽ സ്വഭാവമുള്ള കഥയുണ്ടാക്കി, ഇത് ഏവർക്കും അറിയാവുന്ന ഇതിഹാസമാണ് എന്ന് കരുതി, അതിനെ അബ്സ്ട്രാക്റ്റ് സ്വഭാവത്തിൽ കാണിക്കുക (മഹാഭാരതമോ ബൈബിളോ എത്ര അബ്സ്ട്രാക്റ്റ് ആയി പറഞ്ഞാലും ഏവർക്കും മനസ്സിലാവുമല്ലോ) എന്നതായിരുന്നു അടിസ്ഥാന ചിന്ത. കഥയ്ക്കും മുകളിൽ നിൽക്കേണ്ടത് സിനിമയുടെ രൂപഭദ്രതയും ഒഴുക്കും ആയിരിക്കണമെന്നതുതന്നെയാണ് ഈ സമീപനത്തിന്റെ കാരണം.
ചിത്രത്തിലെ കുട്ടികളടക്കമുള്ള സ്ത്രീകഥാപാത്രങ്ങൾക്കെല്ലാം ശബ്ദം നൽകിയിരിക്കുന്നത് ചിത്രത്തിന്റെ ക്രിയേറ്റിവ് പാർട്ണർ കൂടിയായ ഗ്രീഷ്മ രാമചന്ദ്രൻ തന്നെയാണ്. പുരുഷ കഥാപാത്രങ്ങൾ ഭൂരിഭാഗവും ഡബ് ചെയ്തത് ടാലന്റഡ് ആയ, നിരവധി ഇൻഡിപെൻഡന്റ് സിനിമകളിൽ അഭിനയിച്ചിട്ടുള്ള, സുഹൃത്ത് ജിക്കി പോൾ ആണ്. ചിത്രം നിർമിക്കാനെടുത്ത മൂന്നു വർഷങ്ങളിൽ ഒരു വർഷം പൂർണമായും ഗാനങ്ങൾ എഴുതാനും കമ്പോസ് ചെയ്യാനും പ്രൊഡ്യൂസ് ചെയ്യാനുമാണെടുത്തത്. എല്ലാ ഗാനങ്ങളും ആലപിച്ചിരിക്കുന്നത് ഗ്രീഷ്മയും ഞാനും ചേർന്നാണ്.
കിസ് വാഗൺ ഈ വർഷം 'ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് റോട്ടർഡാമി'ൽ മത്സരവിഭാഗത്തിലുണ്ടായിരുന്ന ഏക ഇന്ത്യൻ ചിത്രമായിരുന്നു. സ്‌പെഷ്യൽ ജൂറി അവാർഡ്, FIPRESCI അവാർഡ് എന്നിവയും നേടി. അതിനു ശേഷം MAMI- യിലും മത്സരവിഭാഗത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. Jeonju ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലാണ് ഒഫീഷ്യൽ സെലക്ഷൻ ലഭിച്ച മറ്റൊരു ചലച്ചിത്രമേള. ഇത്തവണത്തെ 'IFFK' യിൽ ‘മലയാളം സിനിമ ടുഡേ’ വിഭാഗത്തിൽ കിസ് വാഗൺ പ്രദർശിപ്പിക്കുന്നുണ്ട് എന്നതിൽ ഏറെ സന്തോഷമുണ്ട്.
ഈ വർഷം കണ്ടതിൽ എന്നെ ഏറ്റവും ആകർഷിച്ച സിനിമ Jane Schoenbrun സംവിധാനം ചെയ്ത 'ഐ സോ ദി ടീവി ഗ്ലോ' ആണ്. ഈ വർഷം ഏറ്റവുമധികം കണ്ട ചിത്രവും ഇതുതന്നെ. തന്റെ മുൻ ചിത്രമായ 'Revenge' കണ്ടിട്ട് ഇത് വെറും സ്‌റ്റൈൽ ഓവർ സബ്സ്റ്റൻസ് ആണെന്ന് വിമർശിച്ചവർക്കുള്ള മറുപടിയായി, വീണ്ടും മുൻപത്തേതിനേക്കാൾ അധികം സ്‌റ്റൈലിൽ ശ്രദ്ധ കേന്ദ്രീകരിച്ച് 'സബ്സ്റ്റൻസ്' എന്ന പേരിൽ സിനിമയെടുത്ത Coralie Fargeat ആണ് ആരാധന തോന്നിയ സംവിധായിക.
▮
IFFK-യിലെ ‘കിസ് വാഗൺ’ ഷെഡ്യൂൾ:
15.12.2024: അജന്ത
17.12.2024: ന്യൂ തിയറ്റർ സ്ക്രീൻ 2
20.12.2024: കലാഭവൻ