സമരങ്ങളെ എത്രമാത്രം രാഷ്ട്രീയമായി
സിനിമയിൽ ആവിഷ്കരിക്കാം?

കേരളത്തിൽ സമീപകാലത്ത് നടന്ന സമരങ്ങളടെ ഉള്ളടക്കവും അവയുടെ രാഷ്ട്രീയവും അന്വേഷിക്കുന്ന രണ്ട് ഡോക്യുമെന്ററികളാണ് ‘മണ്ണ്’, ‘Beyond Hatred and Power, We Keep Singing’ എന്നിവ. ഈ സിനിമകളുടെ സംവിധായകൻ രാംദാസ് കടവല്ലൂരുമായി റാഷിദ നസ്റിയ സംസാരിക്കുന്നു.

റാഷിദ നസ്രിയ: ദേവികുളത്ത് സ്ത്രീതൊഴിലാളികളുടെ മുൻകൈയിൽ നടന്ന പൊമ്പിളൈ ഒരുമൈ സമരത്തെ തൊഴിലാളി ആംഗിളിൽനിന്ന് കാണാൻ ശ്രമിക്കുകയാണ് ‘മണ്ണ്: Sprouts of Endurance’ എന്ന ഡോക്യുമെന്ററി. അതോടൊപ്പം മണ്ണിനുവേണ്ടി കേരളത്തിൽ നടക്കുന്ന മറ്റു സമരങ്ങളുമായി ഇതിനെ ബന്ധിപ്പിക്കുന്നു. എന്താണ് യഥാർത്ഥത്തിൽ ഈ ഡോക്യുമെന്ററിയിൽ പറയാൻ ശ്രമിക്കുന്നത്?

രാംദാസ് കടവല്ലൂര്‍: തൊഴിലാളിസമരത്തെ മറ്റു സമരങ്ങളുമായി ബന്ധിപ്പിക്കുകയല്ല ‘മണ്ണ്’ ചെയ്യുന്നത്. ആത്യന്തികമായി, എല്ലാ സമരങ്ങളുടെയും ആദ്യ കാരണം, മനുഷ്യന്റെ അസ്തിത്വം, മണ്ണ്, നിലനിൽപ്പ് തുടങ്ങിയ ഘടകങ്ങളുമായി നേരിട്ട് ബന്ധപ്പെട്ട ഒന്നാണ്. ഏതു സമരങ്ങളും നിലനിൽപ്പിനും ജീവിക്കാനുമുള്ള അവകാശത്തിനുവേണ്ടിയുള്ള ഒന്നായിട്ടാണ് കാണേണ്ടത്.

‘മണ്ണ്: Sprouts of Endurance’ എന്ന ഡോക്യുമെന്ററിയിൽ നിന്ന്

മൂന്നാറിലെ സമരം പ്രത്യേകമായി എടുത്താൽ, അത് പല രീതിയിലുള്ള അതിജീവനസമരമാണ്. ആ സമരത്തെ കുറിച്ചുള്ള ആദ്യ അറിവ്, കണ്ണൻദേവൻ തേയില തോട്ടം തൊഴിലാളികൾ നടത്തിയ സമരമാണ് എന്നതാണ്. തൊഴിലാളി എന്ന സ്വത്വത്തിനകത്തേക്ക് വീണ്ടും ചുഴിഞ്ഞു നോക്കുമ്പോൾ, തൊഴിലാളികളായ സ്ത്രീകൾ മുൻകൈയെടുത്ത സമരമാണിത് എന്നു കാണാം. അതിനകത്ത് വീണ്ടും, തൊഴിലാളി സ്ത്രീകൾ ബോണസിനുവേണ്ടി നടത്തിയ തൊഴിൽ സമരം എന്ന കൃത്യമായ നിർവചനം വരും. വ്യവസ്ഥാപിത രാഷ്ട്രീയകക്ഷികളോടും ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളോടും കലഹിച്ച് നടത്തിയ അതിജീവനസമരമായിരുന്നു അവരുടേത്. ജൈവികമായി തന്നെ ഇങ്ങനെയൊരു സമരം ഉത്പാദിപ്പിക്കപ്പെടുകയാണ്.

കാലങ്ങളായി പലതരം ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും അകത്തുകിടക്കുന്ന മനുഷ്യർ മുന്നോട്ടുവന്ന് നടത്തിയ വലിയ അതിജീവനസമരം കൂടിയാണിത്. തൊഴിലിന്റെയും ജെൻഡറിന്റെയും അടിസ്ഥാനത്തിൽ ഈ സമരത്തെ കാണാൻ തുടങ്ങുമ്പോൾ, പല രീതിയിലുള്ള ചൂഷണങ്ങളുടെ വലിയ ചിത്രം കാണാം. തൊഴിൽ സമരത്തിലേർപ്പെട്ടവരുടെ സ്വത്വം, അതായത് തൊഴിലാളി സ്ത്രീകൾ എന്ന സ്വത്വത്തിൽനിന്ന് നോക്കുമ്പോൾ, അവർ ഭാഷാപരമായി മാർജിനലൈസ് ചെയ്യപ്പെട്ടവരാണ്. പലതരം കാസ്റ്റ് ഐഡന്റിക്കകത്തുജീവിക്കുന്ന, അതിന്റേതായ പ്രശ്നങ്ങൾ അനുഭവിക്കുന്ന മനുഷ്യരാണ്. ഇങ്ങനെ പല അടരുകൾ കാണാം. അടിത്തട്ടിൽ ജീവിക്കുന്ന മനുഷ്യരുടെ അതിജീവന സമരങ്ങളെല്ലാം എന്തുകൊണ്ട് രോദനമായി മാറുന്നു? ഇതിന് കാരണം, അടിസ്ഥാന വിഭവ വിതരണത്തിലുള്ള അസന്തുലിതത്വമാണ്.
ഈ സമരത്തെ മുൻനിർത്തി, മറ്റു പല സമരങ്ങളുടെയും പല അടരുകൾ വായിക്കാനുള്ള ശ്രമമാണ് മണ്ണ്. അതിനപ്പുറം, ആ സമയത്തുണ്ടായ കാലാവസ്ഥാ വ്യതിയാനത്തിന്റെയും പരിസ്ഥിതി സംബന്ധമായതുമായ വിഷയങ്ങളും സിനിമക്കകത്ത് വരുന്നുണ്ട്.

പൊമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന്

പൊമ്പിളൈ ഒരുമൈ സമരം സ്ത്രീ നേതൃത്വത്തിലും പങ്കാളിത്തത്തിലുമാണ് നടന്നത്. അതിൽനിന്ന് ഫിലിംമേക്കർ എന്ന രീതിയിൽ എന്താണ് പഠിച്ചത്?

കേരളത്തിനുപുറത്ത് നടന്ന സമരങ്ങൾ അടുത്തു കാണാനും അത്തരം മനുഷ്യരുമായി ഇടപെടാനും കഴിഞ്ഞിട്ടുണ്ട്. പൊമ്പിളൈ ഒരുമൈ സമരം ജനാധിപത്യബോധമുള്ള, പൗരബോധത്തിൽ വിശ്വസിക്കുന്ന എല്ലാ മനുഷ്യരെ സംബന്ധിച്ചും വലിയൊരു അതിജീവന പോരാട്ടമായിരുന്നു. അത് അവരിൽ വലിയ ആത്മവിശ്വാസവുമുണ്ടാക്കിയിരുന്നു. ഇത്ര വലിയ കോർപ്പറേറ്റിനെ ഈ മനുഷ്യരെല്ലാവരും മുട്ടുകുത്തിക്കുകയാണ്, അവർ അവകാശം നേടിയെടുക്കുകയാണ്.

എന്റെ കൈയിലുള്ള മാധ്യമം സിനിമയാണ്. 2015-ൽ പൊമ്പിളൈ ഒരുമൈ സംഭവിച്ചപ്പോൾ, എൻ്റെ ഉള്ളിലുള്ള മീഡിയത്തിലേക്ക് ഈ സമരത്തെ കൊണ്ടുവരിക, കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്ന ചിന്തയുണ്ടായി. അടുത്ത സുഹൃത്തുക്കൾക്കുവേണ്ടി റെക്കോർഡ് ചെയ്തുവെക്കാം എന്നായിരുന്നു ആദ്യം വിചാരിച്ചത്. അഞ്ചുകൊല്ലം സമയമെടുത്താണ് മണ്ണ് പൂർണമാകുന്നത്.

കേരളത്തിൽ ജീവിക്കുന്ന തമിഴ് തൊഴിലാളികളുടെ ജീവിതമാണ് ‘മണ്ണ്’. മൂന്നാറിലെ തേയില തോട്ടം തൊഴിലാളികൾ രണ്ടു ജീവിതങ്ങൾക്കിടയിലാണ്. തമിഴ്നാട്ടിൽ ഉപേക്ഷിച്ചു പോയ ജീവിതമുണ്ട്, കേരളത്തിൽ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്ന വിജയിച്ചിട്ടില്ലാത്ത മറ്റൊരു ജീവിതവുമുണ്ട്. അവരുടെ രാഷ്ട്രീയം ഈ സിനിമയിൽ എത്രമാത്രം കൊണ്ടുവരാൻ കഴിഞ്ഞിട്ടുണ്ട്?

തമിഴ്നാട്ടിൽനിന്ന് ഉപേക്ഷിച്ചുപോരുന്ന ജീവിതം എന്നു പറയുന്നത് ശരിയാണോ എന്നുറപ്പില്ല. മറിച്ച് ഒരു ജീവിതം ഇവിടെയാണ് ഉണ്ടായിട്ടുള്ളത്. അവർ ഉപേക്ഷിച്ചുപോന്ന ജീവിതമല്ല. അവർക്ക് ഇനിയും നിയമപരമായും അവകാശപരമായും കിട്ടേണ്ട ജീവിതമുണ്ട്. മൂന്നാറിലെ തമിഴ് വംശജരായ തോട്ടം തൊഴിലാളികളുടെ മുൻ തലമുറകൾ കൊളോണിയൽ തമിഴ്നാട്ടിൽനിന്ന് വന്നവരാണ്. അവർ കുടിയേറി എന്നുപറയുമ്പോഴും വാസ്തവത്തിൽ അവരെ അടിമത്തൊഴിലാളികളായാണ് തോട്ടം പണിക്ക് കൊണ്ടുവന്നത്. സ്വാതന്ത്ര്യത്തിനുശേഷം, 1956നു ശേഷം ഈ ഭൂമി കേരളത്തിന്റെ ഭാഗമാകുന്നു. ഭാഷാടിസ്ഥാനത്തിലാണ് വിഭജനങ്ങളുണ്ടാവുന്നത്. അങ്ങനെയാവുമ്പോൾ ഇവിടെ ജനിച്ചുവളർന്ന ഈ മനുഷ്യരുടെ അവകാശം സംരക്ഷിക്കപ്പെട്ടില്ല എന്ന വസ്തുതയുണ്ട്. ഭാഷാപരമായ വിവേചനങ്ങൾ വരുന്നത് ഇതിനകത്തെ കാസ്റ്റ് ഐഡന്റിറ്റി കൂടിച്ചേർന്നുനിൽക്കുമ്പോഴാണ് എന്ന് നമ്മൾ തിരിച്ചറിയണം.

മൂന്നാറിലെ തോട്ടം തൊഴിലാളികള്‍


ഇതുപോലുള്ള നിരവധി പ്രശ്നങ്ങളുണ്ട്, കേരളത്തിൽ. ആദിവാസി സമൂഹങ്ങൾ എത്രയോ വർഷങ്ങളായി ഭൂമിക്കുവേണ്ടി സമരം ചെയ്യുന്നു. എൻഡോ സൾഫാൻ ബാധിതരുടേത് ഇപ്പോഴും പരിഹരിക്കപ്പെടാത്ത പ്രശ്നമാണ്. ഇത്തരം വിഷയങ്ങൾ നിലനിൽക്കുമ്പോൾ തന്നെ, നമ്മുടെ പൊതുമണ്ഡലം മധ്യവർഗത്തിന്റെ പ്രശ്നങ്ങളാണ് ചർച്ച ചെയ്യുന്നത്. ഒരു വിഷയം വരുമ്പോൾ കുറച്ചു ദിവസം ചർച്ച ചെയ്ത് അതിനെ വിട്ടുകളയും. ഈ വിഷയങ്ങൾ പരിഹാരമില്ലാതെ കിടക്കുകയും ചെയ്യും.

Beyond Hatred and Power, We keep Singing എന്ന ഡോക്യുമെന്ററിയിൽ കേരളത്തിനകത്തുള്ള അനേകം സമരങ്ങളിലൂടെ ക്യാമറ ചലിപ്പിക്കുന്നു. അതിന്റെ പിന്നിലുള്ള രാഷ്ട്രീയം എന്താണ്? രാഷ്ട്രീയത്തിനുപിന്നിലുള്ള വിഷൻ എന്താണ്? വിഷനു പിന്നിലുള്ള ഫിലോസഫി എന്താണ്?

സിനിമാപരമായി പറയുകയാണെങ്കിൽ, ആശയപരമായി മണ്ണിന്റെ തുടർച്ചയാണ് Beyond Hatred and Power, We Keep Singing. മണ്ണ് അവസാനിപ്പിക്കുന്നത് ഒരു റാപ്പ് മ്യൂസികിലാണ്. ഈ ബാൻഡ് മ്യൂസിക് നടക്കുന്നത് ആർപ്പോ ആർത്തവവേദിയിലും കൂടിയാണ്. മണ്ണ് ചർച്ച ചെയ്യുന്ന ജെൻഡർ എന്നത്, ബൈനറി ജെന്‍ഡറിനകത്തുനിന്നാണ്. മണ്ണ് ഒരു വിഷയത്തെ ഡോക്യുമെന്റ് ചെയ്യുന്ന ശൈലിയിൽ നിന്ന് വ്യത്യസ്തമായിട്ടാണ് Beyond Hatred, We Keep Singing ചെയ്യുന്നത്. ഇതാരു ഡോക്യു ഡ്രാമ എന്ന രീതിയിലാണ് എടുത്തിട്ടുള്ളത്. ഇതിൽ നമ്മൾ പാട്ടുകളുണ്ടാക്കുന്നു. പല സംഭവങ്ങളുടെ കൊളാഷ് ആയിട്ടാണ് ഈ സിനിമ. ആക്ടിവിസ്റ്റ് സമൂഹങ്ങൾക്കകത്തുള്ള, അല്ലെങ്കിൽ കേരളത്തിൽ തന്നെ, ഇത്തരം സമരമുഖങ്ങളിൽ ഇടപെടുന്ന ഒരുപാട് മനുഷ്യരെ ഇതിനകത്ത് കാണാം. കേരളത്തിലെ പല രീതിയിലുള്ള സമരങ്ങളെ ഒപ്പിയെടുക്കാനുള്ള ശ്രമം ഇതിലൂടെ നടത്തിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ, മണ്ണിൽ ഞാനെന്നെ പറ്റി ചിന്തിക്കേണ്ട പ്രശ്നം വന്നിട്ടില്ല. അവിടെ നടന്ന ഒരു സമരത്തിന്റെ കൃത്യമായ ഡോക്യുമെന്റേഷനാണ് ഈ സിനിമ.

Beyond Hatred and Power, We keep Singing എന്ന ഡോക്യുമെന്ററിയിൽ നിന്ന്

Beyond Hatred, We Keep Singing എന്ന സിനിമയിൽ, ഫോമിൽ തന്നെ രാഷ്ട്രീയം കൊണ്ടുവരാനാണ് ശ്രമിച്ചത്. നിങ്ങൾ ഏതു പക്ഷത്താണ് ചേർന്നുനിൽക്കുന്നത് എന്ന ചോദ്യത്തിലാണ് മണ്ണ് അവസാനിക്കുന്നത്. നിങ്ങൾ ബ്രാഹ്മണ്യത്തിന്റെ പക്ഷത്തോ അതോ ജനാധിപത്യ മൂല്യങ്ങളോടൊപ്പം ആണോ എന്ന ചോദ്യം സിനിമ ഉന്നയിക്കുന്നു. ആ ചോദ്യത്തെ ഒന്നുകൂടി വിപുലീകരിക്കുകയാണ് സിനിമ ചെയ്യുന്നത്. രാഷ്ട്രീയമായി അല്ലെങ്കിൽ കലാപരമായി ഉള്ള ഒരു മീഡിയം എന്ന രീതിയിൽ ബോഡി ആർട്ടിനെ എടുക്കുന്നുണ്ട്.

കേരളത്തിലെ ജെന്‍ഡര്‍ സമരങ്ങളുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഒരു രാഷ്ട്രീയമുഖം ഉണ്ടായിവന്നിട്ടുണ്ട്. അത് വളരെ പുരോഗമനപരവും ഗുണപരവുമാണ്. ഒറ്റക്കൊറ്റക്കോ അല്ലെങ്കിൽ കൂട്ടമായിട്ടോ പല രീതിയിൽ പ്രതിരോധങ്ങൾ നടക്കുന്നുണ്ട്. ക്വിയർ ഇടങ്ങളിൽ, അംബേദ്റ്ററൈറ്റ് ഇടങ്ങളിൽ, വർഗ്ഗസമരത്തിന്റെ ഇടങ്ങളിൽ എല്ലാം നമ്മൾ പ്രതിരോധിച്ചു കൊണ്ടിരിക്കും എന്നു പറയാനാണ് ഈ സിനിമ ശ്രമിച്ചിട്ടുള്ളത്.

പൊമ്പിളൈ ഒരുമൈ സമരത്തില്‍ നിന്ന്

സ്ത്രീകൾക്കും ലൈംഗിക ന്യൂനപക്ഷങ്ങൾക്കും എതിരെ വിവിധ സ്ഥലങ്ങളിൽ നടന്ന അതിക്രമങ്ങളുടെ വിഷ്വലെടുത്ത് ഒരു കൊളാഷ് പോലെ സിനിമ ഉണ്ടാക്കുന്നു. ഈയൊരു ശ്രമത്തിനുപുറകിലുള്ള ചലച്ചിത്ര വീക്ഷണം എന്താണ്?

ഓരോ വിഷയവും ഓരോ ഡോക്യുമെന്ററിയാണ്. ഒരുപാട് സിനിമകൾ ചെയ്യാനുള്ള മൂലധന പ്രാപ്തി വാസ്തവത്തിൽ എനിക്കില്ല. ഒരു ഫിലിം മേക്കർ എന്ന നിലയ്ക്ക്, ഓരോ വിഷയങ്ങളെക്കുറിച്ചും സംസാരിക്കണം എന്ന ആഗ്രഹമുണ്ട്. ഇതിലെ സമരങ്ങളും ചർച്ചകളും എല്ലാം സമാന്തര കാലത്താണ് നടക്കുന്നത്. ഒരു വിഷയം കഴിഞ്ഞ് മറ്റൊന്ന് എടുക്കാമെന്ന് ഡോക്യുമെൻ്ററിയിൽ നമുക്ക് ചിന്തിക്കാൻ പറ്റില്ല. ഇതിൽ സംസാരിക്കുന്ന വിഷയങ്ങൾക്കെല്ലാം രാഷ്ട്രീയസ്വഭാവമുണ്ട്. എന്നാൽ ഇവിടെയൊക്കെ പോയി അത്തരം വിഷയം ഡോക്യുമെന്റ് ചെയ്യുക എന്നത് വളരെ എളുപ്പമുള്ള കാര്യമല്ല. ഇതൊക്കെ ഈ സമാന്തരകാലത്ത് അടയാളപ്പെടുത്തിവെക്കണം എന്ന ആഗ്രഹമുണ്ടായിരുന്നു. ആ സമരങ്ങളെയും ചർച്ചകളെയും ഒരുമിച്ച് ചേർക്കാൻ പറ്റുമോ എന്നതായിരുന്നു ആദ്യ ചോദ്യം. ഫിലിം മേക്കർ എന്ന രീതിയിൽ വെല്ലുവിളിയായിരുന്നു അത്.

ഈ കൊളാഷിന് ഒരു വാർത്താസ്വഭാവമുണ്ട്. ഫിലിം മേക്കർ എന്ന രീതിയിൽ എത്രമാത്രം ഇന്നവേറ്റീവ് ആവാം, അതുപോലെ എങ്ങനെയൊരു ഫോമിനെ ഉണ്ടാക്കിയെടുക്കാം എന്ന ആലോചനയുണ്ടായി. ലൈംഗികാതിക്രമങ്ങളെയാണ് ഈ സിനിമ പ്രധാനമായും ചർച്ചക്കെടുക്കുന്നത്. സിനിമയുടെ രാഷ്ട്രീയം എന്നത് ഡയലോഗിലല്ല, ടോട്ടാലിറ്റിയിലാണ്. ഫോം എന്താവണമെന്ന ആലോചനയിൽ നിന്നാണ് ഇങ്ങനെയൊരു കൊളാഷ് ചെയ്തുനോക്കാം എന്ന ഒരു ചിന്തയുണ്ടാകുന്നത്. ഈ സമരങ്ങൾക്കകത്ത് ഞാൻ എന്നെ പ്ലേസ് ചെയ്യുന്നുണ്ട്. ചിലയിടത്ത് ഞാൻ കാഴ്ചക്കാരനാണ്. എന്റെ കാഴ്ചയിൽ കൂടി ആ സിനിമ സഞ്ചരിക്കുന്നു. ഫോം ഉണ്ടായിവരികയാണ്. മണ്ണിൽ നിന്ന് ഫിലിം മേക്കർ എന്ന രീതിയിൽ കുറച്ചുകൂടി ഇംപ്രോവൈസ് ചെയ്യാനുള്ള ശ്രമം Beyond Hatred and Power, We Keep Singing -ൽ നടത്തുന്നുണ്ട്.

Beyond Hatred and Power, We Keep Singing എന്ന ഡോക്യുമെന്ററിനകത്ത് ശരീരത്തിന്റെ രാഷ്ട്രീയം, പെർഫോമൻസ് ബോഡി ആർട്ട് എന്നിവ അഡ്രസ്സ് ചെയ്യുന്നുണ്ട്. ഇതിലൂടെ എന്താണ് പ്രേക്ഷകരോട് സംവദിക്കുന്നത്?

Beyond Hatred and Power, We Keep Singing എന്ന ഡോക്യുമെന്ററിയില്‍ നിന്ന്

വാസ്തവത്തിൽ ഒന്നും സംവദിക്കാൻ ശ്രമിക്കുകയല്ല. ശരീരരാഷ്ട്രീയത്തെ സിനിമ രാഷ്ട്രീയമായ ഒരു ടൂൾ ആയി മുന്നോട്ടുവെക്കുകയാണ്, ഒരു സന്ദേശം കൊടുക്കാനല്ല ശ്രമിക്കുന്നത്. ശരീരം ഒരു രാഷ്ട്രീയ ടൂളാണ്. ആർട്ട് എന്നത് ഏറ്റവും ആദിമമായ ഒന്നാണ്. ഒരു കച്ചവടത്തിന്റെ കണ്ണിലോ ലൈംഗികചോദന ഉത്പാദിപ്പിക്കാനുള്ള ഒന്നായോ ആണ് ശരീരത്തെ ഉപയോഗിച്ചിട്ടുള്ളത്. അങ്ങനെയല്ലാതെ നമുക്ക് ശരീരത്തെ സമീപിക്കാനാവുമോ എന്ന ശ്രമം നടത്തിയതാണ്. ലൈംഗികചോദനകൾക്കപ്പുറത്തേക്ക് ശരീരത്തെ ഒരു രാഷ്ട്രീയ ടൂളാക്കാൻ സിനിമ ശ്രമിച്ചു. അത് വിജയിച്ചു എന്ന് പല സ്ക്രീനിംഗിൽ നിന്നും മനസ്സിലാക്കുന്നു. ശരീരത്തിന്റെ രാഷ്ട്രീയം പറയുന്നത് എന്തിന് എന്ന് ചോദിച്ചാൽ, സിനിമ സംസാരിക്കുന്നത് ശരീരത്തെ കുറിച്ചാണ്, ലൈംഗിക അതിക്രമങ്ങൾ പോലുള്ള വിഷയങ്ങളെ കുറിച്ചാണ് എന്നാണ് മറുപടി.

Comments