ഞങ്ങളുടെ ഏറ്റവും പുതിയ ചിത്രമായ വെളിച്ചം തേടി IFFK-യിൽ തെരഞ്ഞെടുക്കപ്പെട്ടതിൽ വലിയ സന്തോഷമുണ്ട്. കഴിഞ്ഞ വർഷം Five First Datse എന്ന ചിത്രം IFFK-യിലുണ്ടായിരുന്നു. സിനിമയെ അത്രയേറെ സ്‌നേഹിക്കുന്ന ഓഡിയൻസുമായി ഞങ്ങളുടെ ചിത്രം പങ്കുവെച്ചതിന്റെ അനുഭവം അവിസ്മരണീയമായിരുന്നു. വെളിച്ചം തേടി വ്യത്യസ്തമായ കഥയാണ്. എന്റെ ജീവിതത്തെ കുറിച്ചുള്ളതല്ലെങ്കിലും പല തരത്തിൽ വ്യക്തിപരമായി ഏറെ അടുപ്പമുള്ള കഥ കൂടിയാണിത്. കഥാപാത്രങ്ങളിലൂടെയുള്ള യാത്രയും സിനിമാ നിർമാതാവ് എന്ന നിലയിലുള്ള എന്റെ വ്യക്തിപരമായ യാത്രയുമാണ് സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നത്. പറയാനുദ്ദേശിച്ച കഥ പ്രേക്ഷകരിലേക്കെത്തിക്കാൻ വെല്ലുവിളി നിറഞ്ഞ വഴിയായിരുന്നു മുന്നിലുണ്ടായിരന്നത്.
സംവിധായകനെന്ന നിലയിൽ ബന്ധങ്ങളെ കുറിച്ചുള്ള കഥകൾ എപ്പോഴും ആകർഷിക്കാറുണ്ട്. വെളിച്ചം തേടി എന്ന സിനിമ കുടുംബം, ഓർമ, നഷ്ടപ്പെടൽ എന്നീ വൈകാരികതകളെ പലതരത്തിൽ ആവിഷ്കരിക്കുന്നതാണ്. നഷ്ടപ്പെടലുകളിലൂടെയും ഓർമകളിലൂടെയും നഷ്ടപ്പെട്ടവരെ പിടിച്ചുനിർത്തുന്ന സങ്കീർണമായ വഴികളിലൂടെയുമാണ് സിനിമ സഞ്ചരിക്കുന്നത്.
അമ്മയുടെ മരണം അഭിമുഖീകരിക്കേണ്ടി വന്ന റോഷിനി, നിവേദ് എന്നീ രണ്ട് step siblings- ന്റെ കഥയാണിത്. അമ്മയുടെ മരണം ഇവരെ എങ്ങനെയെല്ലാം ബാധിച്ചുവെന്നും അമ്മയുടെ ഓർമകൾ ഇവരിൽ എങ്ങനെയാണ് നിലനിൽക്കുന്നതെന്നും സിനിമ പറയുന്നു.
നിവേദിനെ സംബന്ധിച്ച് അമ്മ സ്‌നേഹം നിറഞ്ഞ, അവനെ വേണ്ടുവോളം പരിപാലിക്കുന്ന വ്യക്തിയായിരുന്നു.
എന്നാൽ റോഷിനിയുടെ അമ്മയോർമകൾ കൂടുതൽ ഇരുണ്ടതാണ്. മദ്യപാനിയായ, പല തരത്തിൽ അവളെ ഉപേക്ഷിച്ച അമ്മയുടെ ഓർമകളാണ് റോഷിനിയിലുള്ളത്. ഒരേ വ്യക്തിയുടെ രണ്ട് വ്യത്യസ്ത പതിപ്പുകൾ. ഇരുവരും അമ്മയെ കുറിച്ചുള്ള യഥാർഥ സത്യങ്ങളെയാണ് അന്വേഷിക്കുന്നത്. എന്നാൽ അവർ തേടുന്നതോ, അവരുടെ ഉള്ളിലുള്ള അമ്മയെക്കുറിച്ചുള്ള വ്യക്തതയും. ആ ഓർമകൾ രണ്ട് മനുഷ്യരുടെ ഹൃദയത്തിനുണ്ടാക്കുന്ന പിരിമുറുക്കം നിറഞ്ഞ ഓർമകളാണ് എന്നെ വല്ലാതെ ആകർഷിച്ചത്. സിനിമയിലെ ദുഃഖം സ്ഥായിയായതും നീണ്ടുനിൽക്കുന്നതുമായ ഒന്നാണ്. വളരെ സൂക്ഷ്മമായാണ് ഇത് അവതരിപ്പിക്കുന്നത്.
ഈ സിനിമയക്കുവേണ്ടി പ്രവർത്തിക്കാൻ നാലു പേരടങ്ങുന്ന ക്രൂ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ പ്രൊജക്ട് പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്ക പലപ്പോഴും ഉണ്ടായിട്ടുണ്ട്.
ഈ സിനിമയക്കുവേണ്ടി പ്രവർത്തിക്കാൻ നാലു പേരടങ്ങുന്ന ക്രൂ മാത്രമാണുണ്ടായിരുന്നത്. അതുകൊണ്ടുതന്നെ ഈ പ്രൊജക്ട് പൂർത്തിയാക്കാൻ കഴിയുമോയെന്ന ആശങ്ക പലപ്പോഴും ഉണ്ടായിട്ടുണ്ട്. ബജറ്റുമായും ഷെഡ്യൂളുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങൾ, അസുഖങ്ങൾ…ഇങ്ങനെ പല പ്രശ്‌നങ്ങളും അഭിമുഖീകരിച്ചു.
ചിത്രീകരണം പൂർത്തിയായപ്പോൾ ആശ്വാസത്തോടൊപ്പം വലിയ നേട്ടങ്ങളുമുണ്ടായി. ഈ പ്രക്രിയയിലൂടെ ഞങ്ങൾ അന്വേഷിച്ച വെളിച്ചത്തിന്റെ തെളിച്ചം കഥയിലെന്ന പോലെ സംവിധായകനെന്ന നിലയിൽ എന്നിലും ഉണ്ടായിട്ടുണ്ട്. സിനിമയുടെ പ്രവർത്തനങ്ങളിലുടനീളം നേരിടേണ്ടിവന്ന ഓരോ വെല്ലുവിളിയും സിനിമയുടെ ആത്യന്തിക ലക്ഷ്യത്തിലേക്കുള്ള സഞ്ചാരത്തെ എളുപ്പമാക്കുകയായിരുന്നു.
ഈ സിനിമ IFFK-യിലെത്തിയത് അവിശ്വസനീയമായി തോന്നുന്നുണ്ട്. സ്വതന്ത്രമായ ശബ്ദങ്ങളെ ആഘോഷിക്കുന്ന ഈ ഉത്സവത്തിന്റെ ഭാഗമാകാൻ വീണ്ടും കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. പ്രേക്ഷകർ ഈ സിനിമയെ എങ്ങനെ സ്വീകരിക്കുമെന്നറിയാൻ, ആവേശത്തോടെ കാത്തിരിക്കുകയാണ്.
▮
IFFK-യിലെ ‘‘വെളിച്ചം തേടി’ ഷെഡ്യൂൾ:
14.12.2024: കൈരളി
16.12.2024 അജന്ത
18.12.2024 ന്യൂ തിയറ്റർ സ്ക്രീൻ 2