സോഷ്യല്‍ മീഡിയ പേജുകളിലൂടെ നടൻ കമല്‍ ഹാസന്‍ നടത്തിയ അഭ്യര്‍ഥന:
‘‘ഉലകനായകൻ' പോലുള്ള വിശേഷണങ്ങൾ എന്നോടുള്ള സ്നേഹപ്രകടനത്തിന്റെ ഭാഗമാണെന്ന് ഞാനറിയുന്നുണ്ട്. ജനങ്ങളുടെയും ആദരണീയരായ സഹപ്രവർത്തകരുടെയും ഇത്തരം അംഗീകാരങ്ങൾ എന്നെ സദാ വിനയാന്വിതനാക്കാറുമുണ്ട്. ഇത്തരം സ്‌നേഹപ്രകടനങ്ങളെല്ലാം എന്നെ ആഴത്തിൽ സ്പർശിക്കുന്നുമുണ്ട്.
സിനിമ എന്ന കല ഏതെങ്കിലുമൊരു വ്യക്തിക്കുചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒന്നല്ല, അത് ആ വ്യക്തിക്കും അപ്പുറം സഞ്ചരിക്കുന്ന ഒന്നാണ്. ഞാൻ, ഈ കലയുടെ വിദ്യാർഥി എന്ന നിലയ്ക്ക് എല്ലായിപ്പോഴും അതിൽനിന്ന് പഠിച്ചും പരിണമിച്ചും വളർന്നുവരാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അത് അസംഖ്യം കലാകാരരുടെയും ടെക്‌നീഷ്യന്മാരുടെയും ഓഡിയൻസിന്റെയും ഒത്തൊരുമിച്ചുള്ള പങ്കാളിത്തമുള്ള ഒന്നാണ്. അവരാണ്, ആ കല എന്താണോ, അതിനെ അതാക്കി മാറ്റുന്നത്- മാനവികതയുടെ വൈവിധ്യപൂർണവും സമ്പന്നവുമായ, നിരന്തരം ഉരുത്തിരിഞ്ഞുകൊണ്ടിരിക്കുന്ന പ്രമേയങ്ങളുടെ കൃത്യമായ പ്രതിഫലനമാക്കി മാറ്റുന്നത്.
കലാകാരരെ കലയ്ക്കുമുകളിൽ പ്രതിഷ്ഠിക്കരുത് എന്ന എളിയ വിശ്വാസം എനിക്കുണ്ട്. ഞാൻ എപ്പോഴും അടിത്തട്ടിൽ ഉറച്ചുനിൽക്കാനാഗ്രഹിക്കുന്ന ഒരാളാണ്; എന്റെ അപൂർണതകളെക്കുറിച്ചുള്ള തികഞ്ഞ ബോധ്യത്തോടെയും കൂടുതൽ സ്വയം മെച്ചപ്പെടുത്താനുള്ള ഉത്തരവാദിത്തത്തോടെയും. ഈയൊരു കാഴ്ചപ്പാടിൽനിന്നുകൊണ്ട്, ഇത്തരം എല്ലാ വിശേഷണങ്ങളും ആദരവോടെ നിരസിക്കാൻ ഞാൻ നിർബന്ധിതനായിരിക്കുന്നു.
എന്റെ എല്ലാ ആരാധകരോടും മാധ്യമങ്ങളോടും സിനിമയിലെ സൗഹൃദവൃന്ദത്തോടും പാർട്ടി കേഡറുകളോടും സഹ ഇന്ത്യക്കാരോടും വിനയപൂർവം ഒരപേക്ഷ: മേലിൽ എന്നെ കമൽ ഹാസൻ എന്നോ കമൽ എന്നോ KH എന്നു മാത്രമായോ വിളിക്കുക.
എന്റെ വേരുകളോടും എന്റെ ലക്ഷ്യങ്ങളോടും സത്യസന്ധനായിരിക്കാനുള്ള താൽപര്യത്തിന്റെ പേരിലാണ്, ഈ സുന്ദരമായ കലാരൂപത്തിന്റെ പ്രണയിനികളായ നമ്മളിലൊരാളായി സദാ തുടരാനാണ്, വിനയപൂർവം ഈ തീരുമാനമെടുക്കുന്നത് എന്ന് വ്യക്തമാക്കട്ടെ. ഈ വർഷങ്ങളില്ലൊം എനിക്കു നൽകിയ അനുഭാവങ്ങൾക്കെല്ലാം ഒരിക്കൽ കൂടി നന്ദി’’.
മറ്റൊരു സൂപ്പര്‍ താരമായ അജിത് 2021-ല്‍ തന്നെ 'തല' എന്ന് വിശേഷിപ്പിക്കരുതെന്ന് അഭ്യര്‍ഥിച്ചിരുന്നു. അജിത് എന്നോ അജിത് കുമാര്‍ എന്നോ AK എന്നോ വിളിച്ചാല്‍ മതി എന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യര്‍ഥന.