ദി ബീച്ചസ് ഒഫ് ആഗ്‌നസ് (2005) -ൽ നിന്ന്.

ഡോക്യുമെന്ററികൾ
സത്യം ക്യാമറയിലൂടെ

"ഇത് സംഭവിച്ചതാണ്; ഇത് നിങ്ങളെ കാണിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഇതാ കണ്ടോളൂ' എന്നാണ് മിക്ക ഡോക്യുമെന്ററികളും പ്രേക്ഷകരോട് പറയുന്നത്.

ങ്ങനെയാണ് ഡോക്യുമെന്ററി സിനിമ യാഥാർത്ഥ്യം ചിത്രീകരിക്കുന്നത്?
എന്ത് സത്യങ്ങളാണ് അത് പറയുന്നത്? എന്തുകൊണ്ടാണവ പ്രധാനമാകുന്നത്? സംവിധായകൻ വിഷയത്തോട് ഉത്തരവാദിത്വം പുലർത്തുന്നുണ്ടോ?- ഇതൊക്കെയാണ് ഇത്തരം സിനിമ കാണുമ്പോൾ പ്രേക്ഷകർ മനസ്സിൽ ഉന്നയിക്കുന്ന ചോദ്യങ്ങൾ. "ഇത് സംഭവിച്ചതാണ്; ഇത് നിങ്ങളെ കാണിക്കേണ്ടത് പ്രധാനമാണ്. അതിനാൽ ഇതാ കണ്ടോളൂ' എന്നാണ് മിക്ക ഡോക്യുമെന്ററികളും പ്രേക്ഷകരോട് പറയുന്നത്. നിരൂപകരുടെ പ്രശംസ, ലഭിച്ച അവാർഡുകൾ, പ്രേക്ഷകവിലയിരുത്തൽ എന്നിവയെ ആസ്പദമാക്കി ലോകതലത്തിൽ ശ്രദ്ധേയമായതെന്നു തോന്നിയ ഏതാനും ചിത്രങ്ങൾ ഇനി പരിചയപ്പെടുത്താം.

ക്ലിയോ ഫ്രം 5 ടു 7, ദി വാഗബോണ്ട് തുടങ്ങിയ ചിത്രങ്ങൾ രചിച്ച പ്രശസ്ത ഫ്രഞ്ച് നവതരംഗ സംവിധായികയായ ആഗ്‌നസ് വർദയുടെ - ഗ്ലീനേഴ്‌സ് ആൻഡ് ഐ (2000), ദി ബീച്ചസ് ഒഫ് ആഗ്‌നസ് (2005) ഫേസസ് പ്ലേസസ് (2017) എന്നീ ഡോക്യുമെന്ററികൾ വിഷയ പരിചരണം കൊണ്ടും ശൈലി കൊണ്ടും ഏറെ ശ്രദ്ധ നേടിയവയാണ്. സിനിമയെ പേനയാക്കി മാറ്റി അതുകൊണ്ട് എഴുതുകയാണ് താൻ ചെയ്യുന്നതെന്ന് അവർ പറയുകയുണ്ടായി.

ഫേസസ് പ്ലേസസ് (2017)

നൈറ്റ് ആൻഡ് ഫോഗ്

മറ്റൊരു പ്രശസ്ത ഫ്രഞ്ച് നവതരംഗസംവിധായകനായ അലൻ റെനെയുടെതാണ് നൈറ്റ് ആൻഡ് ഫോഗ് (1954) എന്ന ചിത്രം. നാസി തടങ്കൽ പാളയങ്ങളിലെ ക്രൂരമായ പീഡനങ്ങളും വംശഹത്യയും ചരിത്രത്തിൽ രേഖപ്പെടുത്തിവെച്ച ഈ ചിത്രം ഭീതിയോടും നടുക്കത്തോടുംകൂടി മാത്രം കാണാൻ കഴിയുന്ന ഒരു മാസ്റ്റർപീസ് ആണ്. കോൺസെൻട്രേഷൻ ക്യാമ്പുകൾ പൂട്ടിയതിനുശേഷം പത്തു വർഷം കഴിഞ്ഞാണ് ചിത്രം നിർമിച്ചത്.

മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരധ്യായത്തെ ഉപേക്ഷിക്കപ്പെട്ട തടവറകളുടെ പശ്ചാത്തലത്തിൽ അന്തേവാസികളുടെ ലൈബ്രറി ഷോട്ടുകളിലൂടെ തീക്ഷ്ണമായി ഓർമിപ്പിക്കുകയാണ് അലൻ റെനെ ചെയ്യുന്നത്.

ഇത്തരം ക്യാമ്പിനെ അതിജീവിച്ച ഷോൺ കൈറോൾ എന്ന മനുഷ്യനാണ് ഇതിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയത്. തടവറയുടെ ഓർമകളിൽ അദ്ദേഹം എഴുതിയ "ഇരുട്ടിന്റെയും മഞ്ഞിന്റെയും കവിതകൾ' എന്ന പേരിൽനിന്നാണ് ഇരുട്ടും മഞ്ഞും എന്ന ശീർഷകം സ്വീകരിച്ചത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ക്രൂരമായ ഒരധ്യായത്തെ ഉപേക്ഷിക്കപ്പെട്ട തടവറകളുടെ പശ്ചാത്തലത്തിൽ അന്തേവാസികളുടെ ലൈബ്രറി ഷോട്ടുകളിലൂടെ തീക്ഷ്ണമായി ഓർമിപ്പിക്കുകയാണ് അലൻ റെനെ ചെയ്യുന്നത്. ഓഷ്വിറ്റ്സ്, ബിർകെനോ, മയ്ടാനെക്, സ്ട്രാറ്റ്‌ഹോഫ്, മൗതോസെൻ തുടങ്ങിയ ഫാഷിസ്റ്റ് തടങ്കൽപാളയങ്ങളിൽ വച്ച് ചിത്രീകരിച്ച നിരവധി ഹോളോകോസ്റ്റ് ചിത്രങ്ങളുടെ കൂട്ടത്തിൽ വസ്തുനിഷ്ഠമായ ചരിത്രപരത കൊണ്ട് വേറിട്ട് നില്ക്കുന്ന ഈ ചിത്രം എക്കാലത്തെയും മികച്ച അഞ്ചു ഡോക്യുമെന്ററികളിൽ ഉൾപ്പെടുന്നു.

നൈറ്റ് ആൻഡ് ഫോഗ് (1954)

അവർ ഓഫ് ദ ഫർണസസ്

തേഡ് സിനിമ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മൂന്നാം ലോക സിനിമയുടെ വക്താക്കളായ ഫെർനാണ്ടോ സൊലാനസ്സും ഒക്‌റ്റേവിയോ ഗെറ്റിനോയും ചേർന്ന് ഒളിവിൽ എടുത്ത തീച്ചൂളകളുടെ കാലം - അവർ ഒഫ് ദി ഫർണസസ് (1968) എന്ന നാലു മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്റ്ററി വിപ്ലവകരമായ ആക്റ്റിവിസ്റ്റ് സിനിമയാണ്. നവകൊളോണിയൽ വ്യവസ്ഥയും കോർപ്പറേറ്റ് താല്പര്യങ്ങളും ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ ചോരയൂറ്റിക്കുടിക്കുന്നതെങ്ങിനെ എന്ന് പരിശോധിക്കുകയും വിപ്ലവത്തെ രാഷ്ട്രീയ പരിഹാരമായി നിർദ്ദേശിക്കുകയും ചെയ്യുന്ന അർജന്റീനിയൻ സിനിമയാണിത്.

രാഷ്ട്രീയ സിനിമയുടെ നയരേഖയായ, "ഒരു മൂന്നാം സിനിമയിലേക്ക് 'ചർച്ച ചെയ്യുകയും രാഷ്ട്രീയ സിനിമയുടെ ഒരു മാതൃകയായി ഈ ചിത്രം പ്രദർശിപ്പിക്കുകയും ചെയ്തത് മിക്കപ്പോഴും രഹസ്യമായിട്ടായിരുന്നു. നിരവധി പുരസ്‌കാരങ്ങൾ നേടിയ ഈ ചിത്രം അർജന്റീനയുടെ മാത്രമല്ല, മൂന്നാം ലോകത്തിലെ തന്നെ സാമൂഹിക സാമ്പത്തിക സാംസ്‌കാരിക ചൂഷണത്തിന്റെ അടിവേരുകൾ തേടുന്ന ഒരു ചരിത്ര രേഖയാണ്. ഗ്ലോബർ റോച്ച (ബ്രസീൽ) തോമസ് ഗുട്യറസ് അലിയ (ക്യൂബ) , സാഞ്ചിനെസ് (ബൊളീവിയ ) സത്യജിത് റായ്, ഋത്വിക്ക് ഘട്ടക്ക്, മൃണാൾ സെൻ, ഗൗതം ഘോഷ് തുടങ്ങിയവരെ മൂന്നാം സിനിമയുടെ ഡോക്യുമെന്ററി സ്വഭാവം ഏറെ സ്വാധീനിച്ചിരുന്നു. പുതിയ ഉദാരവത്കരണ സ്വകാര്യവത്കരണ ആഗോളവത്കരണ നയത്തെക്കുറിച്ചുള്ള ആക്ഷേപഹാസ്യമാണ് 1992ൽ പുറത്തിറങ്ങിയ, പ്രളയത്തിന്റെ രൂപകം പ്രയോഗിച്ചുള്ള, ഫെർണാണ്ടോ സോലാനസ്സിന്റെ "എൽ വയാജ്' എന്ന ഡോക്യുഫിക്ഷൻ ചിത്രം.

അവർ ഒഫ് ദി ഫർണസസ് (1968)

സർക്കാരിന്റെ അഴിമതിയും, ജനങ്ങളുടെ ചെറുത്തു നില്പും ചിത്രീകരിച്ചു കൊണ്ട് അദ്ദേഹം സിനിമയെ തെരുവിലെത്തിച്ചു. 2004, 2005, 2007, 2008 വർഷങ്ങളിൽ തുടരെത്തുടരെ 4 ഡോക്യുമെന്ററികൾ അദ്ദേഹം രചിച്ചു. ഇതിൽ ആദ്യത്തേതാണ് പ്രസിദ്ധമായ "സോഷ്യൽ ജനോസൈഡ് ' (മെമ്മോറിയ ദെൽ സാക്കിയോ). കീടനാശിനികളും രാസവിഷങ്ങളും ജനിതകപരിവർത്തിത വിത്തുകളും ഉപയോഗിച്ചുള്ള കൃഷി എങ്ങിനെ അർജന്റീനയുടെ മണ്ണിനെയും മനുഷ്യരെയും കെടുതികൾക്കിരയാക്കി എന്നും മോൺസാൻടോ പോലുള്ള കോർപ്പറേഷനുകൾക്ക് അതെങ്ങിനെ പ്രയോജനപ്പെടുന്നുഎന്നും "ജേണി ടു ദി ഫ്യൂമിഗേറ്റഡ് ടൗൺസ് ' എന്ന 2018ലെ അദ്ദേഹത്തിന്റെ അവസാന ചിത്രം പരിശോധിക്കുന്നു.

പട്രീഷ്യോ ഗുസ്മൻ

ചിലിയിലെ ലോക പ്രസിദ്ധ ഡോക്യുമെന്ററി രചയിതാവാണ് പട്രീഷ്യോ ഗുസ്മൻ. അദ്ദേഹത്തിന്റെ ദി ബാറ്റിൽ ഒഫ് ചിലി (1975-79), സാൽവഡോർ അലൻഡെ (2006), നൊസ്റ്റാൾജിയ ഫോർ ദി ലൈറ്റ് (2010), ദി പേൾ ബട്ടൻ (2015) ദി കോർഡിലെറാ ഒഫ് ഡ്രീംസ് (2020) എന്നിവ നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ ചിത്രങ്ങളാണ്. സ്‌ക്രിപ്റ്റും സംവിധാനവും ആഖ്യാനവുമെല്ലാം ഗുസ്മൻ തന്നെ നിർവഹിക്കുന്നു. ഇവയിൽ ഏറ്റവുമധികം ലോക ശ്രദ്ധനേടിയത് നൊസ്റ്റാൾജിയ ആണ്.

പട്രീഷ്യോ ഗുസ്മൻ / Photo: idfa.nl

ആറ്റക്കാമ മരുഭൂമിയിലെ ജ്യോതിശ്ശാസ്ത്രജ്ഞരുടെയും പുരാവസ്തു ഉൽഖനനം നടത്തുന്നവരുടെയും ഗവേഷണങ്ങൾ, പിനോഷെയുടെ സ്വേഛാധിപത്യവും കൂട്ടക്കൊലകളും മൂലം അപ്രത്യക്ഷരായ തങ്ങളുടെ പുരുഷന്മാരുടെ അസ്ഥികളുടെ അവശിഷ്ടങ്ങൾ തേടുന്ന ചിലിയിലെ സ്ത്രീകൾ-ഇവരുടെ ചിത്രങ്ങൾ അവിസ്മരണീയമായ വിധത്തിൽ ഈ സിനിമ മനസ്സിൽ അവശേഷിപ്പിക്കുന്നു. സ്വന്തം ഭൂതകാലം മനസ്സിലാക്കുന്നവർക്ക് മാത്രമേ വർത്തമാനത്തിൽ ജീവിക്കുവാനും ഭാവിയിലേക്ക് ഉറ്റുനോക്കുവാനും കഴിയൂ എന്ന് ഗുസ്മൻ സ്ഥാപിക്കുന്നു. നിരുത്തരവാദപരമായ മറവിക്കെതിരെയുള്ള താക്കീതുകൂടിയാണ് ഈ ചിത്രം.

നൊസ്റ്റാൾജിയ ഫോർ ദി ലൈറ്റ് (2010)

ആൻ ഇൻകൺവീനിയന്റ് ട്രൂത്ത്

ആഗോള താപനം കുറയ്ക്കാൻ എന്തെങ്കിലും ഉടൻ ചെയ്യണമെന്ന് രാഷ്ട്രീയ നേതാക്കളെ അടിയന്തരമായി ബോധ്യപ്പെടുത്താൻ നടത്തുന്ന ശ്രമമാണ് ആൻ ഇൻകൺവീനിയൻറ്​ ട്രൂത്ത്. ശാസ്ത്രീയമായ ഡാറ്റ, പ്രകൃതി സൗന്ദര്യം, നടുക്കുന്ന പ്രകൃതിദുരന്തങ്ങൾ, വ്യക്തികളിൽ വരുന്ന മനംമാറ്റം ഇങ്ങനെ പല ഘടകങ്ങളും ഉൾപ്പെടുത്തി ആഗോളതാപനത്തിന്റെ തീവ്രത കുറയ്ക്കാൻ അടിയന്തരമായി ഇടപെടേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടുന്ന സിനിമയാണത്. മനുഷ്യരുടെ പ്രവർത്തനത്തിലൂടെ നമ്മുടെ ഭൂമിയെ രക്ഷിക്കാൻ കഴിയും എന്ന സന്ദേശമാണ് അത് നൽകുന്നത്. ഡേവിഡ് ഗഗൻ ഹീം സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ അവതാരകനും ആഖ്യാതാവും അമേരിക്കയുടെ മുൻ വൈസ് പ്രസിഡണ്ട് അൽ ഗോർ ആണ്.

അമേരിക്കൻ മുൻ വൈസ് പ്രസിഡണ്ട് അൽ ഗോർ

മീനമാതാ ദി വിക്റ്റിംസ് ആൻഡ് ദേർ വേൾഡ് (1971) എന്ന ജാപ്പനീസ് ചിത്രവും തുടർന്നു രണ്ടു ചിത്രങ്ങളും ഉൾച്ചേർന്ന ത്രയം മീനാമാതാ ഉൾക്കടലിൽ മെർക്കുറി വിഷം കലർന്നതിന്റെ ഭാഗമായുണ്ടായ പ്രശ്‌നങ്ങളെ ആഴത്തിൽ അപഗ്രഥിക്കുന്നു. പരിസ്ഥിതി മലിനീകരണത്താൽ ജീവിതം തകർന്നു പോയ മനുഷ്യർ നേരിട്ട് അവരുടെ അനുഭവങ്ങൾ വിവരിക്കുന്ന ഈ ചിത്രത്തിന്റെ സംവിധായകൻ അനേകം പ്രമേയങ്ങൾ ഡോക്യുമെന്ററിക്ക് വിഷയമാക്കിയ നോറിയാക്കി സുചിമോട്ടോ ആണ്.

പരിസ്ഥിതി സംരക്ഷണം, മലിനീകരണം, വിവിധ പ്രോജക്ടുകൾ സൃഷ്ടിച്ച പാരിസ്ഥിതിക സാമൂഹിക രാഷ്ട്രീയ പ്രശ്‌നങ്ങൾ, പരിസ്ഥിതി പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങൾ നിരവധി ഡോക്യുമെന്ററികളുടെ പ്രമേയമാണ്. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വന്യജീവികളെക്കുറിച്ചും കടലിലും കരയിലുമുള്ള ജൈവവൈവിധ്യങ്ങളെക്കുറിച്ചും എല്ലാംതന്നെ വളരെ ജനശ്രദ്ധ നേടിയ ഒട്ടേറെ ചിത്രങ്ങൾ പ്രമുഖ ചാനലുകളെല്ലാം സംപ്രേഷണം ചെയ്യുന്നുണ്ട്.

ആൻ ഇൻകൺവീനിയന്റ് ട്രൂത്ത് (2006)

പ്രകൃതി പരിരക്ഷണത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ആദ്യം മനസ്സിലെത്തുന്ന പേര് ബി.ബി.സിയിലെ ഡേവിഡ് ആറ്റൻബറോയുടെതാണ്. ഭൂമിയിലെ ജൈവവൈവിധ്യം നിലനിർത്തുന്നതിനും പുതുക്കാവുന്ന ഊർജസ്രോതസ്സുകൾ ആശ്രയിക്കുന്നതിനും കാലാവസ്ഥാവ്യതിയാനം പോലുള്ള പ്രതിഭാസങ്ങളെ ചെറുക്കുന്നതിന്നും ആവാസവ്യവസ്ഥകളെ സംരക്ഷിക്കുന്നതിനും വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരിക്കുന്ന ഒരു പരിരക്ഷണആക്ടിവിസ്റ്റു കൂടിയാണ് ലോകോത്തര ഡോക്യുമെന്ററികളുടെ സ്രഷ്ടാവും ആഖ്യാതാവുമായ ആറ്റൻബറോ എന്ന് പറയാം.

ബി.ബി.സിയിലെ തന്നെ ഉയർന്ന ഔദ്യോഗികപദവികൾ വേണ്ടെന്നു വെച്ചാണ് സ്വതന്ത്രമായ പ്രോജക്ടുകളുമായി 1970 കളിൽ ആറ്റൻബറോ മുന്നോട്ട്‌പോയത്. ലൈഫ് ഓൺ എർത്ത് (1979)തൊട്ട് വന്യജീവി ചിത്രീകരണത്തിന് അദ്ദേഹം സൃഷ്ടിച്ച മാതൃകയാണ് പിന്നീട് പലരും പിന്തുടർന്നത്. തുടർന്നു ദി ലിവിങ് പ്ലാനറ്റ്, ട്രയൽസ് ഓഫ് ലൈഫ് എന്നീ ചിത്രങ്ങൾ നിർമിച്ചു. 1995ൽ ടൈം ലാപ്‌സ് ഫോട്ടോഗ്രാഫി ഉപയോഗിച്ച് പ്രൈവറ്റ് ലൈഫ് ഓഫ് പ്ലാന്റ്‌സ് രചിച്ചു. തുടർന്നാണ് ലൈഫ് ഓഫ് ബേർഡ്‌സ് എന്ന ഗംഭീരമായ പരമ്പര ചിത്രീകരിച്ചത്. പ്ലാനറ്റ് എർത്ത് (2006) ആണ് ടീവിക്ക് വേണ്ടി നാളിതുവരെ രചിക്കപ്പെട്ട ഏറ്റവും ബൃഹത്തായ ഡോക്യുമെന്ററി. 2009ൽ മൃഗങ്ങളുടെ അസാധാരണ സ്വഭാവത്തെക്കുറിച്ച് ലൈഫ് എന്ന പത്തുഭാഗമുള്ള പരമ്പര വന്നു. ദി ട്രുത്ത്അബൗട്ട് ക്ലൈമറ്റ് ചെയ്ഞ്ച് (2006), അവ്വർ പ്ലാനറ്റ്(2019) തുടങ്ങിയ പ്രോഗ്രാമുകളും ശ്രദ്ധേയമായിരുന്നു. ഇപ്പോഴും സജീവമായി രംഗത്ത് പ്രവർത്തിക്കുകയാണ് തൊണ്ണൂറ്റിയാറാം വയസ്സിലും ആറ്റൻബറോ. നിർമാതാവ്, എഴുത്തുകാരൻ, അവതാരകൻ, ആഖ്യാതാവ് എന്നീ നിലകളിലെല്ലാം നാം അധിവസിക്കുന്ന ഈ ഭൂമിയെക്കുറിച്ചും അതിലെ ജീവജാലങ്ങളെക്കുറിച്ചും അദ്ദേഹം നിരന്തരം ഡോക്യുമെന്ററിയിലൂടെ സംസാരിച്ചുകൊണ്ടിരിക്കുന്നു.

ഡേവിഡ് ആറ്റൻബറോ / Photo: Facebook

ഷാന്റൽ ആക്കർമാൻ ശ്രദ്ധേയമായ അനേകം ഡോക്യുമെന്ററികൾ രചിച്ച സംവിധായികയാണ്. ന്യൂസ് ഫ്രം ഹോം (1977) നോ ഹോം മൂവി (2015) തുടങ്ങിയ അവരുടെ ചിത്രങ്ങൾ അമ്മയും മകളും തമ്മിലുള്ള ബന്ധങ്ങളെക്കുറിച്ചാണ്. സ്ത്രീത്വവും ഗാർഹികതയും തമ്മിലുള്ള ബന്ധം അനാവരണം ചെയ്യാൻ അടുക്കള എന്ന ഇടം അവർ പശ്ചാത്തലമാക്കുന്നു. ആൺകോയ്മാ വ്യവസ്ഥ സ്ത്രീകൾക്കായൊരുക്കിയ തടവറകളാണ് അടുക്കളകൾ എന്ന് ഈ ഫെമിനിസ്റ്റ് ചലച്ചിത്രകാരി കരുതുന്നു.

2004ൽ കാൻ ഫെസ്റ്റിവലിൽ സുവർണ്ണ സമ്മാനം നേടിയതും സർവകാല ബോക്‌സോഫീസ് റിക്കോർഡുകൾ ഭേദിച്ചതുമായ ഫാറൻഹീറ്റ് 9/11 എന്ന ചിത്രത്തിന്റെ സംവിധായകൻ മൈക്കൽ മൂർ ആഗോളവത്കരണത്തെയും മുതലാളിത്ത വ്യവസ്ഥയെയും വൻകിട കോർപ്പറേഷനുകളെയും ആയുധനിർമാണത്തെയും ഔഷധ നിർമ്മാണക്കമ്പനികളെയും അമേരിക്കൻ നയങ്ങളെയും മറ്റും വിമർശന വിധേയമാക്കുന്ന ഇടതുപക്ഷ നിലപാടുള്ള ഒരു ഡോക്യുമെന്ററി രചയിതാവാണ്. നിർമ്മാണവും തിരക്കഥയും സംവിധാനവും മിക്ക ചിത്രങ്ങളിലും മൂർ തന്നെ നിർവഹിക്കുന്നു.

ഷാന്റൽ ആക്കർമാൻ, മൈക്കൽ മൂർ

റോജർ ആൻഡ് മി (1989), ഫാറൻ ഹീറ്റ് 9/11 (2004), സിക്കോ (ഇത് ഔഷധക്കമ്പനികളെക്കുറിച്ചുള്ള ഡോക്യു ഫീച്ചർ ആണ് -2007), കാപ്പിറ്റലിസം എ ലൗ സ്റ്റോറി (2009), വേർ ടു ഇൻവെയ്ഡ് നെക്സ്റ്റ് (2015), ഫാറൻ ഹീറ്റ് 11/9 ( 2018) തുടങ്ങിയവയാണ് ശ്രദ്ധേയമായ രചനകൾ. സാമൂഹിക പ്രാധാന്യമുള്ള ഒട്ടേറെ ക്യാമ്പെയ്‌നുകൾ മൂർചിത്രങ്ങളുടെ ഇതിവൃത്തമാണ്.

2016ൽ പുറത്തു വന്ന, ഫിഷർ സ്റ്റീവൻസ് സംവിധാനവും ലിയൊനാർഡോ ഡികാപ്രിയോ ആഖ്യാനവും നിർവഹിച്ച ബിഫോർ ദ ഫ്‌ളഡ് എന്ന ഒന്നര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും ലോകമെങ്ങും സൃഷ്ടിക്കാൻ പോവുന്ന ഭീഷണമായ അവസ്ഥയെക്കുറിച്ചാണ്. കാലാവസ്ഥാ വ്യതിയാനം കെട്ടുകഥയാണെന്ന് പറയുന്ന രാഷ്ട്രീയക്കാരെയും കോർപ്പറേറ്റ് കമ്പനികളെയും ഡികാപ്രിയോ ശരവ്യമാക്കുന്നു. ഒബാമയും ഫ്രാൻസിസ് മാർപ്പാപ്പയുമുൾപ്പെടെ പ്രശസ്തരായ ഒട്ടേറെ വ്യക്തികളുമായി അഭിമുഖങ്ങളും കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ ചില കൊച്ച് രാജ്യങ്ങൾ നടത്തുന്ന തയ്യാറെടുപ്പുകളുമെല്ലാം ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്.

ബിഫോർ ദി ഫ്ലഡിൽ ബരാക്ക് ഒബാമയും ലിയൊനാർഡോ ഡികാപ്രിയോയും

സമകാലിക ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് വിദ്യാഭ്യാസം നൽകുന്ന ചിത്രമാണിത് എന്ന് ഗാർഡിയൻ പത്രം വിശേഷിപ്പിക്കുകയുണ്ടായി.

പ്രശസ്ത ഇറാനിയൻ സംവിധായകൻ ജാഫർ പനാഹി തിരക്കഥയെഴുതി രചിച്ച് 2011 ൽ ഫ്രാൻസിൽ റിലീസ് ചെയ്ത ചിത്രമാണ് ദിസ് ഈസ് നോട്ട് എ ഫിലിം. വീട്ടുതടങ്കലിലായ പനാഹി സ്വന്തം ദൈനംദിന ജീവിതവും ചലച്ചിത്ര രചനയുടെ അർത്ഥമെന്തെന്ന അന്വേഷണവുമാണ് ഇതിൽ പ്രമേയമാക്കുന്നത്. ഭാഗികമായി ഐ ഫോണിൽ ചിത്രീകരിച്ച് കേക്കിനകത്ത് ഒളിച്ചുകടത്തിയാണ് ഈചിത്രം റിലീസ് ചെയ്തത്. തന്റെ ചലച്ചിത്രരചന നിരോധിച്ചതിനെതിരെ സർഗ്ഗാത്മകമായി നടത്തിയ ഒരു പ്രതിഷേധമാണു് ഏതാണ്ട് ഒന്നേകാൽ മണിക്കൂർ നീണ്ട ഈ ചിത്രം. രാഷ്ട്രീയ സ്വേഛാധികാരവും ആവിഷ്‌കാരസ്വാതന്ത്ര്യവും തമ്മിലുള്ള സംഘർഷത്തെക്കുറിച്ചുള്ള ഒരു ഉപന്യാസമാണിത്.

കേംബ്രിഡ്ജ് അനാലിറ്റിക്ക എന്ന കമ്പനിയുടെ ചാരക്കണ്ണുകൾ ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ വ്യക്തികളുടെ സ്വകാര്യ ജീവിതത്തെ രഹസ്യമായി നിരീക്ഷിക്കുകയും ഡേറ്റ അപഹരിക്കുകയും ദുരുപയോഗപ്പെടുത്തുകയും ചെയ്യുന്നത് പ്രമേയമാക്കി കരിം അമർ, ജഹാൻ നൗജെയ്ം എന്നിവർ സംവിധാനം ചെയ്ത ചിത്രമാണ് 2019 ൽ പുറത്തു വന്ന ദി ഗ്രേറ്റ് ഹാക്ക് . ഫേസ്ബുക്ക്, ഗൂഗിൾ ട്വിറ്റർ പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എങ്ങിനെ ഒരു തരം വിധേയത്വം സൃഷ്ടിക്കുന്നു എന്നും ഉപഭോക്താക്കളുടെ അഭിപ്രായങ്ങളെയും വികാരങ്ങളെയും നിലപാടുകളെയും സമർത്ഥമായി മാറ്റിമറിക്കുന്നു എന്നും പരിശോധിക്കുന്ന ഒരു ഡോക്യു ഡ്രാമയാണ് ജെഫ് ഒർലോഫ്‌സ്‌കി സംവിധാനം ചെയ്ത് 2020ൽ പുറത്ത് വന്ന ദി സോഷ്യൽ ഡിലേമ. വ്യാജവാർത്തകളും ഗൂഢാലോചനാ സിദ്ധാന്തങ്ങളും പ്രചരിപ്പിക്കുകയും, ചെറുപ്പക്കാരുടെ മാനസികാരോഗ്യം തകർക്കുകയും ആത്മഹത്യക്ക് പ്രേരിക്കുകയും രാഷ്ട്രീയ ധ്രുവീകരണങ്ങളുണ്ടാക്കാൻ ശ്രമിക്കുകയും എല്ലാം ഈ സൈബർ സ്വാധീനങ്ങളുടെ ഫലമായി സംഭവിക്കുന്നുണ്ട്. ഒളിനോട്ട മുതലാളിത്തത്തിന്റെ യുഗം എന്ന പുസ്തകത്തിന്റെ കർത്താവായ പ്രൊ. ശോശാന സുബോഫ്, ഗൂഗിളിന്റയും ഫേസ് ബുക്കിന്റെയും മുൻ എക്‌സിക്യൂട്ടീവുകൾ എന്നിവരുൾപ്പെടെ നിരവധി വ്യക്തികളുടെ അഭിമുഖഭാഷണങ്ങൾ ചിത്രത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു. നിരവധി പുരസ്‌കാരങ്ങൾ ലഭിച്ച ചിത്രമാണ് സോഷ്യൽ ഡിലേമ. സമാനമായ പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ഈ ചിത്രങ്ങൾ രണ്ടും നെറ്റ്ഫ്‌ളിക്​സാണ്​ വിതരണം ചെയ്യുന്നത്.

ദിസ് ഈസ് നോട്ട് എ ഫില്ം, ദി ഗ്രേറ്റ് ഹാക്ക്, ദി സോഷ്യൽ ഡിലെമ

യാൻ ആർതസ് ബെർട്രൻഡ് സംവിധാനം ചെയ്ത് ലോകമെങ്ങും സൗജന്യ പ്രദർശനത്തിനായി 2009 ജൂൺ 5ന് പരിസ്ഥിതി ദിനത്തിൽ റിലീസ് ചെയ്ത ‘ഹോം' എന്ന ഡോക്യുമെന്ററി ആകാശത്ത് നിന്നെടുത്ത ഭൂഭാഗ ദൃശ്യങ്ങളാണ്. വിവിധ ഭൂഖണ്ഡങ്ങളിലെ 50 രാജ്യങ്ങളുടെ മുകളിൽ നിന്ന് ഹെലിക്കോപ്റ്ററിൽ തൂക്കിയിട്ട ഹൈ റെസലൂഷൻ ക്യാമറയിലൂടെ പകർത്തിയ ദൃശ്യങ്ങൾ എഡിറ്റ് ചെയ്ത് കമന്ററി ചേർത്ത് ഒന്നര മണിക്കൂർ ഓടുന്ന സിനിമയാക്കിയിരിക്കുന്നു. ഭൂമിയിലെ ജൈവവൈവിദ്ധ്യവും മനുഷ്യർ പരിസ്ഥിതി സന്തുലനം നശിപ്പിക്കുന്നതുമാണ് ചിത്രം കാട്ടിത്തരുന്നത്.

നിരൂപകർ പ്രശംസിച്ചതും അന്താരാഷ്ട്ര അവാർഡുകൾക്ക് ശുപാർശ ചെയ്യപ്പെട്ടതും അവാർഡുകൾ ലഭിച്ചതുമായ ഏതാനും ചിത്രങ്ങൾ കൂടി താത്പര്യമുള്ളവർക്ക് പ്രയോജനപ്പെടുന്നതിനായി ഒന്ന് പരാമർശിക്കുന്നത് ഉചിതമായിരിക്കും. മാർട്ടിൻ സ്‌കോർസെസിയുടെ ലാസ്റ്റ് വാൾട്ട്‌സ്, വിം വെൻഡേഴ്‌സിന്റ പിന, ജെന്നി ലിവിങ്സ്റ്റണിന്റെ പാരീസ് ഈസ് ബേണിങ്ങ് എന്നീ ചിത്രങ്ങൾ ഡാൻസ്, ജെൻഡർ തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു. എറോൾ മോറിസിന്റെ ദി തിൻ ബ്ലൂ ലൈൻ എന്ന ചിത്രം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു നിരപരാധി ഹതാശമായ ശ്രമങ്ങൾക്ക് ശേഷം ഒടുവിൽ വിട്ടയക്കപ്പെടുന്ന സംഭവം വിവരിക്കുന്നു. 2008ലെ സാമ്പത്തികതകർച്ച പ്രമേയമാക്കിയ ദി ഇൻസൈഡ് ജോബ് 2010ൽ ഓസ്‌കാർ നേടി. അസിഫ് കപാഡിയയുടെ 2015ൽ ഓസ്‌കാർ നേടിയ ആമി എന്ന ചിത്രം ആമി വൈൻഹൗസ് എന്ന ഗായികയെക്കുറിച്ചാണ്.

തകർന്ന അഞ്ചു ക്യാമറകളുമായി 'ഫൈവ് ബ്രോക്കൺ ക്യാമറാസ്' സഹസംവിധായകൻ ഇമാദ് ബർനത്

2017ൽ ഓസ്‌കാർ നേടിയ ഇക്കാരസ് സ്‌പോട്‌സ് രംഗത്തെ ഡ്രഗ് ഉപയോഗത്തെക്കുറിച്ച് ബ്രയൻ ഫോഗൽ നിർമിച്ച ചിത്രമാണ്. ജോഷ്വാ ഓപ്പൺ ഹീമറുടെ ദി ആക്റ്റ് ഒഫ് കില്ലിങ്ങ് 1965 ൽ ഇന്തോനേഷ്യയിൽ നടന്ന നരഹത്യയെക്കുറിച്ചാണ്. 2021 ൽ ഓസ്‌കാർ ലഭിച്ച സമ്മർ സോൾ അഥവാ വെൻ ദി റവൊലൂഷൻ കുഡ് നോട്ട് ബി ടെലിവൈസ്ഡ് എത്രയോ പ്രഗത്ഭ കലാകാരരണിനിരന്ന ഹാർലം ആഘോഷം വംശീയത മൂലം തമസ്‌കരിക്കപ്പെട്ടതിനെക്കുറിച്ചാണ്. എഡ്വേർഡ് സ്‌നോഡന്റെ ഒളിജീവിതം ആധാരമാക്കിയുള്ള സിറ്റിസൻ ഫോർ, അഭയാർത്ഥി പ്രതിസന്ധി പ്രമേയമാക്കിയുള്ള ജർമ്മൻ ചിത്രം ഹ്യൂമൻ ഫ്‌ളോ, കറുത്ത വർഗക്കാരോടുള്ള അമേരിക്കൻ വിവേചനം പ്രമേയമായ ദി സെൻട്രൽ പാർക്ക് ഫൈവ്, വില കുറഞ്ഞ എയിഡ്‌സ് മരുന്നുകൾ വിൽക്കുന്നത് തടയുന്ന ഔഷധ വ്യവസായ കുടിലതയെക്കുറിച്ചുള്ള ഫയർ ഇൻ ദ ബ്ലഡ്, ട്രമ്പ് ഭരണകൂടം കോവിഡ്- 19 നേരിട്ട രീതിയെ വിമർശിക്കുന്ന ടോട്ടലി അണ്ടർ കൺട്രോൾ (2020), വോട്ടർമാരെ ഒതുക്കാനുള്ള നീക്കങ്ങളെപ്പറ്റിയുള്ള ഓൾ ഇൻ: ദി ഫൈറ്റ് ഫോർ ഡമോക്രസി, മാലിന്യക്കൂമ്പാരത്തിൽ തള്ളുന്ന പാഴ് വസ്തുക്കളിൽ നിന്ന് കലാവസ്തുക്കൾ നിർമ്മിക്കുന്നതിനെക്കുറിച്ച് ലൂസി വാക്കർ രചിച്ച വേസ്റ്റ് ലാൻഡ് (2010), ഫിലിപ്പൈൻസിലെ പത്രസെൻസർഷിപ്പിനെതിരെയുള്ള എ തൗസൻഡ് കട്ട്‌സ്, 2013 ൽ 2 ഗ്രാമി അവാർഡുകൾ ഉൾപ്പെടെ ലഭിച്ച സൗണ്ട് സിറ്റി, പലസ്തീനിലെ വെസ്റ്റ് ബാങ്കിൽ ഇസ്രയേലിനെതിരെ നടക്കുന്ന പ്രതിരോധത്തെ അവതരിപ്പിക്കുന്ന ഫൈവ് ബ്രോക്കൺ ക്യാമറാസ് മുതലായ ചിത്രങ്ങൾ സത്യസന്ധമായ അനുഭവാവിഷ്‌കാരമെന്ന നിലയിൽ ചലച്ചിത്രതത്പരർ കണ്ടിരിക്കേണ്ടവയാണ്. ▮

(തുടരും)


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments