സീഗാ വെർതോവിന്റെ 'മാൻ വിത്ത് എ മൂവി ക്യാമറ'യിലെ ഒരു രംഗം. / Photo: screengrab from BFI, Youtube.

യാഥാർഥ്യത്തിനും കലയ്​ക്കുമിടയിലെ ക്യാമറ

ഡോക്യുമെന്ററി

സത്യാന്വേഷണം ചലച്ചിത്രത്തിലൂടെ നടത്താൻ സഹായകമായ ഒരു രൂപമാണ് ഡോക്യുമെന്ററി എന്നതുകൊണ്ടുതന്നെ അതിന്റെ സാദ്ധ്യതകളും അനന്തമാണെന്ന് മികച്ച ഡോക്യുമെന്ററികൾ കാട്ടിത്തരുന്നു

ന്താണ് ഡോക്യുമെന്ററി?
കഥാചിത്രം അല്ലാത്ത സിനിമ എന്ന് സാമാന്യമായി പറയാം.

പക്ഷേ, മൈക്കൽ മൂറിന്റെ ഫാരൻഹീറ്റ് 9/11 പോലുള്ള ചിത്രങ്ങൾ ഇതിനപവാദമായിരിക്കും. വാസ്തവത്തിൽ മിക്ക ഡോക്യുമെന്ററി സംവിധായകരും കഥ പറയുന്നുണ്ട്; അവർ വസ്തുതകൾ വിവരിക്കുന്ന ജേണലിസ്റ്റുകളായല്ല സ്വയം കണക്കാക്കുന്നത്. ഡോക്യുമെന്ററി എന്നാൽ യഥാർത്ഥ ജീവിതത്തെക്കുറിച്ചുള്ള സിനിമയാണ്. യഥാർത്ഥ ജീവിതമല്ല; യഥാർത്ഥ ജീവിതത്തിന്റെ ചിത്രീകരണമാണ്. ആരോട്, എങ്ങനെ, എന്തു കഥ പറയണം എന്നതൊക്കെ സംവിധായകർ തീരുമാനിക്കും. തനിക്ക് ശരിയെന്നുതോന്നുന്ന വിധത്തിൽ വ്യക്തിപരമായി ഇടപെടാതെ, അഥവാ കൈകടത്താതെ, ഡോക്യുമെന്ററി സിനിമയിൽ ആയാൽ പോലും ആർക്കും ഒന്നും പറയാൻ കഴിയില്ല. വിഷയം തിരഞ്ഞെടുക്കൽ, എഡിറ്റിങ്ങ്, ശബ്ദം ഉൾപ്പെടുത്തൽ ഇവയിലെല്ലാം ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ സംവിധായകരുടെ കൈകടത്തലുണ്ട് എന്നതാണ് വസ്തുത.

യഥാർത്ഥ ജീവിതത്തെ കുറിച്ച് സത്യസന്ധമായി കഥ പറയുന്ന ഒരു ചിത്രമാണ് ഡോക്യുമെന്ററി. പ്രേക്ഷകർ അവർക്കറിയാവുന്നതിനെ സംവിധായകർ കാട്ടിത്തരുന്നതിനോടൊപ്പം കൂട്ടിച്ചേർത്താണ് വിഷയത്തെക്കുറിച്ചുള്ള ധാരണ സ്വരൂപിക്കുന്നത്. സത്യസന്ധമായി പറയണം എന്നല്ലാതെ ചിത്രം വസ്തുനിഷ്ഠമായിരിക്കണമെന്നോ പൂർണസത്യം പറയണമെന്നോ പ്രേക്ഷകന് നിർബന്ധമില്ല.

ജോൺ ഗ്രിയേഴ്‌സൺ

സംവിധായകർക്ക്​ രചനാസ്വാതന്ത്ര്യം ഉപയോഗിച്ച് സത്യത്തെ പ്രതീകങ്ങളിലൂടെയും അവതരിപ്പിക്കാം. അങ്ങനെ വരുമ്പോൾ, ആരുടെയെങ്കിലും യഥാർത്ഥ അനുഭവത്തെ കഴിയുന്നത്ര പക്ഷപാതരഹിതവും സത്യസന്ധവുമായി ആവിഷ്‌കരിക്കുന്നതാണ് ഡോക്യുമെന്ററി. ‘യഥാർത്ഥത്തിലുള്ളതിന്റെ കലാപരമായ ആവിഷ്‌കാരമാണ് ഡോക്യുമെന്ററി ' എന്ന് ബ്രിട്ടീഷ് ഡോക്യുമെന്ററിയുടെ പിതാവ് ഗ്രിയേഴ്‌സൺ പറഞ്ഞു.

യാഥാർത്ഥ്യം രൂപപ്പെടുത്തുന്ന ആശയവിനിമയോപാധിയാണ് ഡോക്യുമെന്ററി.
എന്നാൽ, ഡോക്യുമെന്ററിയിൽ പോലും പ്രേക്ഷകരെ രസിപ്പിക്കുക എന്നത് ഒരു പ്രധാന കലാധർമം ആവാറുണ്ട്.

ലോകത്തെ മനസ്സിലാക്കാൻ മാത്രമല്ല, അതിൽ നമുക്കെന്ത്​ പങ്കു വഹിക്കാൻ കഴിയും എന്ന് മനസ്സിലാക്കാൻ കൂടി ഉതകുന്ന മാധ്യമമാണ് ഡോക്യുമെന്ററി. അത് ഒരർത്ഥത്തിൽ, പ്രേക്ഷകരെ, ബഹുജനങ്ങളെ, പൊതുപ്രവർത്തനങ്ങൾക്കായി പരുവപ്പെടുത്തുന്നുണ്ട്. ജോൺ ഡെവി എന്ന ദാർശനികൻ പറയുന്നത്, ബഹുജനം എന്നത് വെറും വ്യക്തികളുടെ കൂട്ടം മാത്രമല്ല; പൊതുനന്മയ്ക്കു വേണ്ടി ഒന്നിച്ചു പ്രവർത്തിക്കാൻ കഴിയുന്ന, ജനാധിപത്യത്തിന്റെ ആരോഗ്യത്തിന് അനുപേക്ഷണീയമായ ഒരു കൂട്ടായ്മയാണ് എന്നാകുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ആവശ്യമെങ്കിൽ ഒന്നിച്ചു ചേരുന്ന ഒരു അനൗപചാരിക കൂട്ടമാണ് അത്. യാഥാർത്ഥ്യം എന്നത് നമുക്കറിയാവുന്നതും മനസ്സിലാവുന്നതും മറ്റുള്ളവരുമായി പങ്കിടാവുന്നതും ആയ ഒരു അപൂർവ വിഭവമാണ് എന്നുപറയാം. യാഥാർത്ഥ്യം രൂപപ്പെടുത്തുന്ന ആശയവിനിമയോപാധിയാണ് ഡോക്യുമെന്ററി.
എന്നാൽ, ഡോക്യുമെന്ററിയിൽ പോലും പ്രേക്ഷകരെ രസിപ്പിക്കുക എന്നത് ഒരു പ്രധാന കലാധർമം ആവാറുണ്ട്. കാരണം, ആളുകൾ അത് കാണണം; ആസ്വദിക്കണം. അതിൽ നിന്ന് വരുമാനം ഉണ്ടാകണം. തിയേറ്ററും ടി.വിയും ചാനലുകളും ഒക്കെ അത് പ്രദർശിപ്പിച്ചാൽ മാത്രമേ ചുരുങ്ങിയത് ഉൽപ്പാദനച്ചെലവെങ്കിലും തിരിച്ചുകിട്ടുകയുള്ളൂ. മാർച്ച് ഓഫ് ദ പെൻഗ്വിൻസ് (2005) പോലുള്ള വൈൽഡ് ലൈഫ് ചിത്രങ്ങൾ വൈകാരികതയും ലൈംഗികതയും ഹിംസയും എല്ലാം - അവ മൃഗങ്ങളുടെ ആണെങ്കിൽ പോലും - ഇങ്ങനെ ജനപ്രീതിക്കായി ഉപയോഗപ്പെടുത്തുന്നതിനുള്ള ഉദാഹരണമാണ്.

2005 ൽ പുറത്തിറങ്ങിയ "മാർച്ച് ഓഫ് ദ പെൻഗ്വിൻസ്" വൈൽഡ് ലൈഫ് സിനിമയിൽ നിന്ന്.

പ്രചാരണ ചിത്രങ്ങൾ നിർമിക്കുന്നവരും ഈ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നുണ്ട്. ഉദാഹരണത്തിന് നാസികൾ ദി ഇറ്റേണൽ ജൂ (1937) നിർമിച്ചത് ജൂതവിരുദ്ധ പ്രചാരണത്തിനായിരുന്നു. പ്രായോജകരുടെ താൽപര്യം സംരക്ഷിക്കുന്ന സന്ദേശങ്ങൾ ഉൾക്കൊള്ളുന്ന സിനിമാ നിർമാണം ആണത്. സ്വേഛാധിപത്യ ഭരണകൂടങ്ങൾ അവയുടെ സന്ദേശങ്ങൾ നൽകാൻ നിർമിക്കുന്ന ചിത്രങ്ങൾ പ്രേക്ഷകരെ വശീകരിക്കാനും പ്രേരിപ്പിക്കാനും നടത്തുന്ന ശ്രമങ്ങളാണ്. ഉദാഹരണത്തിന് ലെനി റീഫെൻസ്റ്റാളിന്റെ ട്രയംഫ് ഒഫ് ദി വിൽ (1935) ഹിറ്റ്‌ലർക്ക് വേണ്ടി ഉണ്ടാക്കിയ ഇത്തരത്തിലുള്ള ഒരു പ്രചാരണ ചിത്രമായിരുന്നു.

ബഹുജനത്തോട് ക്രിയാത്മകമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുക കൂടിയാണ് ഡോക്യുമെന്ററികൾ ചെയ്യുന്നത്. അതുകൊണ്ടാണ് അധികാരികൾ അവക്ക്​ പലതരം നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തുന്നത് .

അധികാരത്തെക്കുറിച്ച്, അധികാരത്തിലുള്ളവരോട് സത്യസന്ധമായി ചിലതൊക്കെ പറയാൻ ശ്രമിച്ച ഡോക്യുമെന്ററി രചയിതാക്കൾ പലപ്പോഴും മുഖ്യധാരയുടെ ഓരങ്ങളിലേക്ക് അകറ്റപ്പെട്ടിരുന്നു. അപ്രിയ സത്യങ്ങൾ തുറന്നുപറയുന്നത് ഭരണകർത്താക്കൾക്ക് ഇഷ്ടപ്പെടാറില്ലല്ലോ. ബഹുജനത്തോട് ക്രിയാത്മകമായി പ്രവർത്തിക്കാൻ ആവശ്യപ്പെടുക കൂടിയാണ് ഡോക്യുമെന്ററികൾ ചെയ്യുന്നത്. അതുകൊണ്ടാണ് അധികാരികൾ അവക്ക്​ പലതരം നിയന്ത്രണങ്ങളും വിലക്കുകളും ഏർപ്പെടുത്തുന്നത്.

വാൾമാർട്ട്: ദി ഹൈ കോസ്റ്റ് ഓഫ് ലോ പ്രൈസ് എന്ന ചിത്രം ഒരു കുത്തക കോർപറേറ്റ് കമ്പനി ചെറുകിട വ്യാപാരം തകർക്കുന്നതിനെപ്പറ്റിയുള്ള ബോധവൽക്കരണം ആയിരുന്നു. ജനങ്ങളുടെ ശബ്ദമായിരുന്നു അതിലൂടെ മുഴങ്ങിയത്. മുഖ്യധാരാ മാധ്യമങ്ങളിൽ ഉയരാത്ത ജനകീയ ശബ്ദം ഇത്തരം ചിത്രങ്ങളിലൂടെ ഉയർത്തപ്പെട്ടു.

ലെനി റീഫെൻസ്റ്റാളിന്റെ ഹിറ്റ്‌ലർക്ക് വേണ്ടി ഉണ്ടാക്കിയ പ്രചാരണ ചിത്രമായ "ട്രയംഫ് ഒഫ് ദി വിൽ'' ൽ നിന്ന്

മൈക്കൽ മൂറിന്റെ ഫാരൻഹീറ്റ് 9/11 എന്ന ചിത്രം, ഇറാക്കിനെതിരായ അമേരിക്കയുടെ യുദ്ധത്തിനെതിരെ അമേരിക്കയിലെ ജനങ്ങളോട് തുറന്നു സംസാരിക്കുന്നു. ജനങ്ങളുടെ പേരിലാണ് സർക്കാർ ഈ യുദ്ധം നടത്തുന്നത്. യാഥാർത്ഥ്യം വെളിപ്പെടുത്തുകയാണ്, സർക്കാരിന്റെ വ്യാജപ്രചാരണം തുറന്നുകാട്ടുകയാണ്, മൈക്കൽ മൂർ ചിത്രത്തിലൂടെ ചെയ്യുന്നത്. സർക്കാർനടപടികളെ വിമർശനാത്മകമായി കാണാൻ അത് ജനങ്ങളെ സഹായിച്ചു. പൗരന്മാരുടെ വിമർശനാത്മക അവബോധം വളർത്തുക എന്നതാണ് ജനാധിപത്യത്തിൽ ഡോക്യുമെന്ററികൾക്ക് അനുഷ്ഠിക്കാവുന്ന മഹത്തായ ഒരു ദൗത്യം.

രാഷ്ട്രീയക്കാരും വൻകിട വ്യാപാരികളും സൈന്യവും ചേർന്ന് യുദ്ധത്തിന്റെ പേരിൽ പൊതുമുതൽ ധൂർത്തടിക്കുന്നത് എങ്ങനെ എന്ന് യൂജിൻ ജാറെക്കി വൈ വി ഫൈറ്റ് എന്ന ചിത്രത്തിൽ തുറന്നുകാട്ടുന്നു.

മൈക്കൽ മൂറിന്റെ ഫാരൻഹീറ്റ് 9/11 ൽ നിന്ന്

ഡേവിഡ് ഗഗൻഹീമിന്റെ ആൻ ഇൻകൺവീനിയൻറ്​ ട്രൂത്ത് (2006) എന്ന ചിത്രത്തിൽ അമേരിക്കയിലെ മുൻ വൈസ് പ്രസിഡണ്ട് അൽഗോർ ആഗോളതാപനത്തെ കുറിച്ചുള്ള ശാസ്ത്രീയ ഡാറ്റ വെച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നു. കീടനാശിനിയുടെ കാര്യത്തിൽ റേച്ചൽ കാർസന്റെ സൈലൻറ്​ സ്​പ്രിംഗ്​ നിറവേറ്റിയ ധർമം, ആഗോളതാപനത്തിന്റെ കാര്യത്തിൽ അൽഗോർ നിറവേറ്റി എന്ന് ജിം ഹാൻസൺ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ‘അദ്ദേഹം ആക്രമിക്കപ്പെടും. പക്ഷെ, താൽക്കാലികമായ സവിശേഷ താൽപര്യങ്ങളിൽ നിന്ന് ഭിന്നമായി ദീർഘകാലാടിസ്ഥാനത്തിലുള്ള ക്ഷേമത്തിന് എന്താണ് വേണ്ടത് എന്ന് തിരിച്ചറിയാൻ അത് ജനങ്ങളെ സഹായിക്കും.'

യാഥാർത്ഥ്യത്തിന്റെ സത്യസന്ധമായ ആവിഷ്‌കരണത്തിനുള്ള ശ്രമമാണ് വിവിധ ശൈലികളിൽ വിവിധ ടെക്​നിക്കുകൾ ഉപയോഗിച്ച്​ ഡോക്യുമെന്ററി രചയിതാക്കൾ നടത്തുന്നത്. വിദഗ്ധരുടെ അഭിപ്രായങ്ങളും മുഴങ്ങുന്ന ശബ്ദത്തിലുള്ള, ആധികാരികമെന്ന് തോന്നിക്കുന്ന, കമന്ററിയും പല ആളുകളുമായുള്ള അഭിമുഖവും ചില സ്റ്റോക്ക് ഷോട്ടുകളും മ്യൂസിക്കും എല്ലാം ചേർത്താണ് സാധാരണഗതിയിൽ ഒരു ഡോക്യുമെന്ററി നിർമിക്കപ്പെടാറുള്ളത്. പലപ്പോഴും അത് വിരസമായിരിക്കുകയും ചെയ്യാറുണ്ട്.

ആൻ ഇൻകൺവീനിയൻറ്​ ട്രൂത്തിൽ അമേരിക്കയിലെ മുൻ വൈസ് പ്രസിഡണ്ട് അൽഗോർ ആഗോളതാപനത്തെ കുറിച്ചുള്ള ശാസ്ത്രീയ ഡാറ്റ വെച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്ന രംഗം.

എന്നാൽ, ഇന്ന് പുതിയ സാങ്കേതിക വിദ്യകൾ, സ്‌പെഷ്യൽ ഇഫക്ടുകൾ, ആനിമേഷൻ, പുതിയ ദൃശ്യ- ശ്രാവ്യ സംയോജന- വിനിമയ സാദ്ധ്യതകൾ തുടങ്ങിയവ വച്ചുനീട്ടുന്ന സൗകര്യങ്ങളുപയോഗിച്ച് ചടുലമായി നിർമ്മിക്കുന്ന ഡോക്യുമെന്ററി ചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ കൂടുതൽ പിടിച്ചുപറ്റുന്നുണ്ട്. പതിവു രീതികൾ മാറ്റി പുതിയ രീതികൾ പിന്തുടരുമ്പോഴും സത്യത്തോട് നീതി പുലർത്തുക എന്ന ദൗത്യം പാലിക്കേണ്ടതുണ്ട്. കഥാചിത്രങ്ങൾ രചിക്കുന്നവർ പിന്തുടരുന്ന എല്ലാ മാർഗങ്ങളും - ഉദാഹരണത്തിന് കഥാഘടന, തുടക്കം, മധ്യം, ഒടുക്കം, ക്രമബദ്ധവും അനുസ്യൂതവുമായ ആഖ്യാനരീതി എന്നിങ്ങനെയുള്ള കാര്യങ്ങൾ -ഡോക്യുമെന്ററിയിലും പിന്തുടരാൻ കഴിയും. കാഴ്ചയെ കുടുതൽ അനായാസമാക്കി, വിഷയത്തിൽ നിന്ന് പ്രേക്ഷക ശ്രദ്ധ ചിതറാതെ നിലനിർത്താൻ ഈ മാർഗങ്ങൾ സഹായകമായേക്കാം.
അതേസമയം, കാവ്യാത്മകമോ പരീക്ഷണാത്മകമോ ആയും ഡോക്യുമെന്ററിയിൽ വിഷയത്തെ സമീപിക്കാം. മണി കൗളിന്റെ ധ്രുപദ് (1952) ക്ലാസിക്കൽ സംഗീതം നല്ലപോലെ പ്രയോജനപ്പെടുത്തുന്ന ഡോക്യുമെന്ററിക്ക് ഉദാഹരണമാണ്.

സർക്കാർ സ്‌പോൺസർഷിപ്പ് ലക്ഷ്യമിടുന്നത് മിക്കപ്പോഴും സാംസ്‌കാരിക ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനാണ്. സർക്കാർ പിന്തുണക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങൾക്കാവും സബ്‌സിഡി പോലുള്ള പ്രോത്സാഹനങ്ങൾ നൽകുക.

സ്വന്തമായി മുതൽമുടക്കി സിനിമ നിർമിക്കാൻ നിർവാഹമില്ലാത്തവർക്ക് പ്രായോജകർ, പരസ്യക്കാർ, പ്രേക്ഷകർ എന്നിങ്ങനെയുള്ള വിവിധ വിഭാഗങ്ങൾ ആവും ഡോക്യുമെന്ററി സിനിമാ നിർമാണത്തിനുവേണ്ട ഫണ്ട്​ നൽകുക. അതിനനുസരിച്ച് രചയിതാക്കളുടെ വിഷയസ്വീകാരവും മാറും. സവിശേഷ താത്പര്യങ്ങൾക്കുവഴങ്ങി സിനിമയെടുക്കേണ്ടി വരുമ്പോൾ പലപ്പോഴും സത്യസന്ധത ബലി കഴിക്കേണ്ട അവസ്ഥയും വന്നുചേരാറുണ്ട്. സർക്കാറിന്റെ സ്‌പോൺസർഷിപ്പ് ലക്ഷ്യമിടുന്നത് മിക്കപ്പോഴും സാംസ്‌കാരിക ദേശീയത പ്രോത്സാഹിപ്പിക്കുന്നതിനാണ്. സർക്കാർ പിന്തുണക്കുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങൾക്കാവും മിക്കപ്പോഴും സബ്‌സിഡി പോലുള്ള പ്രോത്സാഹനങ്ങൾ നൽകുക.

മണി കൗളിന്റെ ധ്രുപദ് (1952) ക്ലാസിക്കൽ സംഗീതം നല്ലപോലെ പ്രയോജനപ്പെടുത്തുന്ന ഡോക്യുമെന്ററിക്ക് ഉദാഹരണമാണ്. / Photo : blogthehum.com

കോർപറേറ്റുകൾ, സന്നദ്ധ സംഘടനകൾ തുടങ്ങിയവയും പരസ്യക്കാരും ടി.വി ചാനലുകളിലും ഇന്റർനെറ്റ് പ്ലാറ്റ്‌ഫോമുകളിലും സ്‌പോൺസർമാർ ആവാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ നേരിട്ട് സത്യസന്ധനായ സിനിമാ രചയിതാവ് സത്യം തുറന്നുപറയാൻ നിർവാഹമില്ലാതെ പരുങ്ങുന്നത് കാണാം. പറയേണ്ടത് വരികൾക്കിടയിൽ നിന്ന് വായിച്ചെടുക്കുവാൻ പ്രേക്ഷകരെ പ്രേരിപ്പിക്കുകയാണ് പ്രതിഭയുള്ളവർ അത്തരം സാഹചര്യങ്ങളിൽ സ്വീകരിക്കുന്ന അടവ്.

1920-കളിൽ ഡോക്യുമെന്ററിയെക്കുറിച്ചുള്ള പ്രതീക്ഷകൾ ഉണർത്തിയത് മൂന്നു പേരാണ്: ഫ്ലാഹർട്ടി, ഗ്രിയേഴ്‌സൺ, സീഗാ വെർത്തോവ്. ഫ്ലാഹർട്ടി റിയലിസത്തിന്റെ ഭാഷയിലൂടെ സംഭവം നേരിട്ട് കാണുന്ന പ്രതീതി സൃഷ്ടിക്കുന്നു. നാനൂക് ഓഫ് ദി നോർത്ത് (1921), മോനാ (1926), മാൻ ഓഫ് ആറാൻ (1934), ലൂസിയാന സ്റ്റോറി (1948) എന്നിവയാണ് ഫ്ലാഹർട്ടിയുടെചിത്രങ്ങൾ.

സാമൂഹ്യ സംഘർഷങ്ങൾ ഒരു ജനാധിപത്യ വ്യാവസായിക സമൂഹത്തിൽ എങ്ങനെ കൈകാര്യം ചെയ്യും എന്ന പ്രശ്‌നം നേരിടാൻ ബ്രിട്ടീഷ് ഡോക്യുമെന്ററിയുടെ പിതാവായ ഗ്രിയേഴ്‌സൺ നിർദ്ദേശിച്ച മാർഗം ഡോക്യുമെന്ററിയുടേതാണ്.ആദ്യമായി ഒരുതരം സിനിമയ്ക്ക് ‘ഡോക്യുമെന്ററി' എന്ന പേരിട്ടതുതന്നെ ഫ്ലാഹർട്ടിയുടെ മോനയെ കുറിച്ച് എഴുതുമ്പോൾ ഗ്രിയേഴ്‌സൺ ആണ്. ഡ്രിഫ്‌റ്റേഴ്‌സ് (1928) ആണ് അദ്ദേഹത്തിന്റെ മുഖ്യ ചിത്രം. ഗ്രിയേഴ്‌സന്റെ ശിഷ്യനായ ബേസിൽ റൈറ്റ്, ഹാരി വൈറ്റ് എന്നിവർ ചേർന്ന് 1936ൽ നിർമ്മിച്ച നൈറ്റ് മെയിൽ തപാൽ സർവീസിൽ മനുഷ്യനും യന്ത്രവും തമ്മിൽ കാര്യക്ഷമമായി യോജിച്ചു നീങ്ങുന്നതിനെ ആഘോഷിക്കുന്ന ചിത്രമാണ്. ഡബ്ല്യു.എച്ച്​. ഓഡന്റെ അതേ പേരിലുള്ള കവിത ചിത്രത്തിന് അതീവ ചാരുതയാർന്ന പശ്ചാത്തലമൊരുക്കുന്നു.

റോബർട്ട് ജെ. ഫ്ലഹേർട്ടി. / Photo : menomineemuseum.com

‘കിനോ- പ്രാവ്ദ' അഥവാ 'സിനിമാ ട്രൂത്ത്' എന്ന് വിശേഷിപ്പിക്കപ്പെട്ട ശൈലിയാണ് സോവിയറ്റ് ചലച്ചിത്രകാരനായ സീഗാ വെർതോവ് പിന്തുടർന്നത്. ആരുടെയും ശ്രദ്ധയിൽപ്പെടാതെ ജീവിതം അതേപടി പകർത്തിയെടുക്കുക എന്നതായിരുന്നു അതിന്റെ സമീപനം. സിനിമാക്കണ്ണ് എന്ന ഒരു പരികല്പന അദ്ദേഹം കൊണ്ടുവന്നു. നേരിട്ട് കാണുന്നതിനപ്പുറം സിനിമയുടെ കണ്ണിലൂടെ, ക്യാമറയിലൂടെ സത്യത്തെ കണ്ടെത്താം എന്ന ഒരു സങ്കല്പനമായിരുന്നു അത്. മാൻ വിത്ത് എ മൂവി ക്യാമറ (1929) എന്ന വിഖ്യാത ചിത്രം ഈ തത്വത്തിനനുസരിച്ച്​, തന്റെ ഭാര്യയുടെയും സഹോദരന്റെയും സഹായത്തോടെയാണ് അദ്ദേഹം രചിച്ചത്. ഇതിനെ ചലച്ചിത്ര കലാകാരന്മാർ ശ്ലാഘിച്ചു; എങ്കിലും റഷ്യക്കാർ അദ്ദേഹത്തിന്റെ രീതിയെ അത്ര സ്വീകരിക്കുകയുണ്ടായില്ല. എന്നാൽ, ഇപ്പോഴും ഈ ചിത്രം ലോകമെമ്പാടും സംവിധായകരെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുന്നുണ്ട്.

വിദ്യാഭ്യാസത്തിനും വിവരവിനിമയത്തിനും വിദഗ്ദ്ധ പരിശീലനത്തിനും മറ്റും ഉതകുന്ന ഒരു നല്ല ഉപകരണമായും, പ്രചാരണപരമായ ലക്ഷ്യങ്ങൾക്കുതകുന്ന ഒരു മാധ്യമമായും, വാർത്തകൾ വസ്തുനിഷ്ഠമായി അവതരിപ്പിക്കുന്നതിനുള്ള മാർഗമായും എല്ലാം ഡോക്യുമെൻററി ശൈലി പലരും പ്രയോജനപ്പെടുത്തിവരുന്നു. സഞ്ചാരം, സ്ഥലവിവരണങ്ങൾ, ജീവചരിത്രങ്ങൾ, സസ്യ- ജന്തു ജീവിതമുൾപ്പെടെയുള്ള പ്രകൃതി നിരീക്ഷണങ്ങൾ എന്നിങ്ങനെ വിവിധ വിഷയങ്ങൾ ഈ ദൃശ്യ-ശ്രാവ്യ മാദ്ധ്യമത്തിലൂടെ കൈകാര്യം ചെയ്യപ്പെടുന്നു. ആത്മനിഷ്ഠവും ദാർശനികവും, രാഷ്ട്രീയവും മറ്റും മറ്റുമായ പ്രമേയങ്ങളും ഡോക്യുമെൻററിയിലൂടെ മനോഹരമായി കൈകാര്യം ചെയ്യാമെന്നും പ്രതിഭാശാലികൾ തെളിയിച്ചിരിക്കുന്നു.

'മാൻ വിത്ത് എ മൂവി ക്യാമറ' എന്ന വിഖ്യാതമായ ഡോക്യുമെൻററിയിൽ നിന്ന്

സത്യാന്വേഷണം ചലച്ചിത്രത്തിലൂടെ നടത്താൻ സഹായകമായ ഒരു രൂപമാണ് ഡോക്യുമെന്ററി എന്നതുകൊണ്ടുതന്നെ അതിന്റെ സാദ്ധ്യതകളും അനന്തമാണെന്ന് മികച്ച ഡോക്യുമെന്ററികൾ കാട്ടിത്തരുന്നു.

ആരംഭകാലത്തുള്ള അതിന്റെ രൂപഭാവങ്ങളല്ല ഡോക്യുമെൻററിക്ക്​ ഇന്നുള്ളത്. ‘ചലച്ചിത്ര സത്യം' എന്നർത്ഥമുള്ള ‘സിനിമാ വെറിത്തെ''എന്ന ഫ്രഞ്ച് പദം കൊണ്ട് വിവരിക്കുന്ന പ്രസ്ഥാനം സ്വാഭാവിക സംഭാഷണവും സ്വാഭാവികമായ അവതരണവും ഡോക്യുമെൻററിയിൽ കൊണ്ടുവന്നു. സിനിമ നിർമിക്കുമ്പോൾ ഒരു നിരീക്ഷകനായി മാത്രമല്ല, നടക്കുന്ന ക്രിയയിൽ പങ്കാളിയായും രചയിതാവിന് ഇതിൽ പങ്കെടുക്കാം എന്ന സൗകര്യമുണ്ട്. ക്യാമറ നിരീക്ഷണത്തിലൂടെ സംഭവങ്ങളുടെയും വിഷയങ്ങളുടെയും സത്യം കാട്ടിത്തരാൻ ‘ഡയരക്റ്റ് സിനിമ' ശ്രമിക്കുമ്പോൾ, ‘സിനിമാ വെറിത്തെ' സാവധാനത്തിൽ വെളിപ്പെടുന്ന ആന്തരികമായ ഒരു പ്രക്രിയയിലൂടെ സത്യത്തെ തേടുകയാണ്. ഡയറക്റ്റ് സിനിമാക്കാർ ക്യാമറയിലൂടെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുകയാണ്; വെറിത്തെയുടെ പ്രയോക്താക്കൾ യഥാർത്ഥ ജീവിതാവസ്ഥയിലേക്ക് ചുഴിഞ്ഞിറങ്ങുകയോ ഊളിയിടുകയോ ചെയ്യുന്നു. ആധികാരികമെന്നു കരുതിപ്പോന്ന പരമ്പരാഗത ആഖ്യാനമാതൃകകളെ ഈ രണ്ടു കൂട്ടരും തിരസ്‌കരിക്കുന്നു. 1960കളിൽ ഉരുത്തിരിഞ്ഞുവന്ന ഈ പ്രസ്ഥാനങ്ങൾ അതുവരെയുള്ള കഥാചിത്രങ്ങളുടെയും ഡോക്യുമെൻററികളുടെയും മാതൃകയിലല്ല യാഥാർഥ്യത്തെ കണ്ടത്. പിൽക്കാലത്തുള്ള സിനിമാ രചയിതാക്കളിൽ പുതിയ ഈ സമീപനങ്ങൾ വലിയ സ്വാധീനം ചെലുത്തി.

ബി.ബി.സി, ചാനൽ ഫോർ, ഡിസ്‌കവറി, എച്ച്. ബി.ഒ, ആനിമൽ പ്ലാനറ്റ് , ഹിസ്റ്ററി ചാനൽ തുടങ്ങിയ ചാനലുകളും Netflix, Mubi പോലുള്ള പ്ലാറ്റ്‌ഫോമുകളും പതിവായി ഡോക്യുമെന്ററികൾ പ്രദർശിപ്പിക്കാറുണ്ട് എന്നതിനാൽ നേരത്തെ ഉണ്ടായിരുന്നതിനെക്കാൾ അവസരങ്ങൾ ഇന്ന് ഡോക്യുമെന്ററി സിനിമകൾ കാണാൻ ലഭിക്കുന്നുണ്ട്. കൂടാതെ, ധാരാളം ഡോക്യുമെന്ററി- ഹ്രസ്വചിത്രമേളകളും ഫെസ്റ്റിവലുകളും ഇന്ന് നമ്മുടെ നാട്ടിലുൾപ്പെടെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. സത്യാന്വേഷണം ചലച്ചിത്രത്തിലൂടെ നടത്താൻ സഹായകമായ ഒരു രൂപമാണ് ഡോക്യുമെന്ററി എന്നതുകൊണ്ടുതന്നെ അതിന്റെ സാദ്ധ്യതകളും അനന്തമാണെന്ന് മികച്ച ഡോക്യുമെന്ററികൾ കാട്ടിത്തരുന്നു. ആയിരക്കണക്കിന് ഡോക്യുമെന്ററികൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും അനുദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. ഈ ലേഖനത്തിൽ നിരീക്ഷിക്കപ്പെട്ട വസ്തുതകളുടെ സമർത്ഥനത്തിനുവേണ്ടി, ഇവയിൽ ശ്രദ്ധേയമായ ഏതാനും ചില രചനകളെയും ഇന്ത്യയിലെ ആനന്ദ് പട്​വർധൻ എന്ന പ്രഗത്ഭ ഡോക്യുമെന്ററിചലച്ചിത്രകാരനെയും കേരളത്തിന്റെ ഡോക്യുമെന്ററി പാരമ്പര്യത്തെയും ഇനി പരിചയപ്പെടാം. ▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments