ഫെർണാണ്ടോ സൊളാനസ്./Photo : photogenie.be

സാമൂഹിക വംശഹത്യ

ഒരു രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സ്ഥാപനപരവുമായ അധഃപതനം ഇത്ര സമഗ്രമായി തുറന്നുകാട്ടുന്ന ഡോക്യുമെന്ററികൾ സോഷ്യൽ ജനോസൈഡ് പോലെ വേറെ അധികമുണ്ടാവില്ല.

ർജന്റീനയിലെ പ്രശസ്ത സംവിധായകനും ‘മൂന്നാം സിനിമ'യുടെ ഉപജ്ഞാതാവുമായ ഫെർണാണ്ടോ സൊളാനസ് 2004-ൽ പുറത്തിറക്കിയ ഡോക്യുമെൻററിയാണ് സോഷ്യൽ ജെനോസൈഡ് (മെമ്മോറിയ ദെൽ സാക്കിയോ അതായത് സാമൂഹിക വംശഹത്യ).

1983-ൽ പട്ടാള സ്വേച്ഛാധിപത്യത്തിന്റെ തകർച്ചയെത്തുടർന്ന്, അർജന്റീനയെ സമ്പദ്സമൃദ്ധവും ഉദാരവുമാക്കുമെന്ന വാഗ്ദാനത്തോടെ 20 വർഷം ഭരിച്ച ‘ജനാധിപത്യ' സർക്കാരുകൾ സാമാന്യ ജനതയെ ഒന്നടങ്കം നിസ്വരാക്കി മാറ്റി. നാട്ടിലെ പ്രമുഖ കമ്പനികളെയെല്ലാം ചുളുവിലയ്ക്ക് വിദേശ കോർപറേഷനുകൾക്ക് വിറ്റുതുലച്ചു. ഇതിൽനിന്നുള്ള വരുമാനം അഴിമതിക്കാരായ ഭരണാധികാരികളുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റിലെത്തി. പുതുക്കിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ എല്ലാ അവകാശങ്ങളും കവർന്നെടുത്തു. പരമ്പരാഗതമായി ഭക്ഷ്യവസ്തുക്കൾ ധാരാളം കയറ്റുമതി ചെയ്യുന്ന രാജ്യമായിട്ടും അർജന്റീനയിൽ പോഷകാഹാരക്കുറവ്​ വ്യാപകമായി. പതിനായിരക്കണക്കിനാളുകൾ തൊഴിൽരഹിതരാവുകയും ദാരിദ്ര്യത്തിലമരുകയും ചെയ്തു. അവരുടെ സമ്പാദ്യം ബാങ്ക് തകർച്ചയിൽ അപ്രത്യക്ഷമായി. രാജ്യം ഉള്ളതെല്ലാം നഷ്ടപ്പെട്ട അവസ്ഥയിലായി. അർജന്റീനയെ വിനാശത്തിന്റെ പാതയിലെത്തിച്ച രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, നൈതികഘടകങ്ങൾ വിശകലനം ചെയ്യുകയാണ് സൊളാനസിന്റെ ഈ ചിത്രം.

സോഷ്യൽ ജെനോസൈഡിൽ നിന്ന്
സോഷ്യൽ ജെനോസൈഡിൽ നിന്ന്

2001-ൽ ദെ ലാ റുവയുടെ ഭരണത്തിൽ രാജ്യത്തിന്റെ സാമ്പത്തിക- സാമൂഹിക- തൊഴിൽ രംഗങ്ങളിലെ തകർച്ച അസഹനീയമായി. ജനങ്ങൾ പ്രക്ഷോഭവുമായി തെരുവിലിറങ്ങി. പൊലീസിനെക്കൊണ്ട് അടിച്ചമർത്താൻ ശ്രമിച്ചപ്പോൾ പ്രതിരോധം രൂക്ഷമായി; ഒടുവിൽ ഭരണാധികാരിക്ക് രാജിവച്ച് നാട്ടിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നു. ഇത് സൊളാനസിന് കൂടുതൽ ഊർജം നൽകി. ഒരു വശത്ത് സർക്കാരിന്റെ അഴിമതിയും, മറുവശത്ത് ജനങ്ങളുടെ ചെറുത്തുനില്പും ചിത്രീകരിച്ച്​ വീണ്ടും അദ്ദേഹം സിനിമയെ തെരുവിലെത്തിച്ചു. 2004, 2005, 2007, 2008 വർഷങ്ങളിൽ തുടരെത്തുടരെ നാലു ഡോക്യുമെന്ററികൾ രചിച്ചു. ഇതിൽ ആദ്യത്തേതാണ് സോഷ്യൽ ജനോസൈഡ്.

നവ കൊളോണിയൽ കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും കലാപരവുമായ പ്രകാശനം പോരാട്ടത്തിലൂടെയാണെന്നും അതിനുള്ള തോക്കാണ് സിനിമയെന്നും മൂന്നാം സിനിമയുടെ ഈ ആചാര്യന്മാർ ഉദ്‌ഘോഷിച്ചു.

അടിച്ചമർത്തപ്പെടുന്ന മൂന്നാംലോക രാജ്യങ്ങളുടെ മോചനം ലക്ഷ്യമിടുന്ന സിനിമ, വ്യവസ്ഥയെ തകർക്കുന്ന വിപ്ലവസിനിമ എന്നൊക്കെയാണ് ‘മൂന്നാം സിനിമ'യെ വിഭാവനം ചെയ്യുന്നത്. സൊളാനസിന്റെ ആദ്യകാല സിനിമകളും അവസാനകാല സിനിമകളുമെല്ലാം ഈ ഗണത്തിൽപ്പെടുന്ന ഡോക്യുമെന്ററികളാണ്. Toward a Third Cinema എന്ന പ്രബന്ധം അത് വിശദമായി ചർച്ച ചെയ്യുന്നുണ്ട്.

പലായന വിനോദമൊരുക്കി പണം കൊയ്യാൻ വിനോദവ്യവസായത്തെ സഹായിക്കുന്ന, ഹോളിവുഡ്​ മാതൃകയിൽ പടച്ചുവിടുന്ന, ചിത്രങ്ങളാണ്​ ഒന്നാം സിനിമ; രണ്ടാം സിനിമയെന്നത് സംവിധായകരുടെ ആത്മാവിഷ്‌കാര ഉപാധിയെന്ന നിലയിൽ രചിക്കപ്പെടുന്ന, യൂറോപ്യൻ പാരമ്പര്യത്തിലൂടെ ഉരുത്തിരിഞ്ഞ, സംവിധായകനാണ് സിനിമയുടെ രചയിതാവ് എന്ന സങ്കൽപനത്തിലധിഷ്ഠിതമായ, ‘ഓട്ടിയർ' സിനിമകളാണ്; മൂന്നാം സിനിമ വിനോദോപാധിയോ, സംവിധായകന്റെ ആത്മപ്രകാശനമോ അല്ല. അത് ഒരു കൂട്ടായ്മയുടെ ഉത്പന്നമാണ്. സത്യത്തെ വെളിപ്പെടുത്താനും സമൂഹത്തിൽ വിപ്ലവാത്മക പരിവർത്തനങ്ങൾ സൃഷ്ടിക്കുവാനും പ്രേരകമാവുന്ന സിനിമയാണത്. നവ കൊളോണിയൽ കാലഘട്ടത്തിന്റെ രാഷ്ട്രീയവും സാംസ്കാരികവും കലാപരവുമായ പ്രകാശനം പോരാട്ടത്തിലൂടെയാണെന്നും അതിനുള്ള തോക്കാണ് സിനിമയെന്നും മൂന്നാം സിനിമയുടെ ഈ ആചാര്യന്മാർ ഉദ്‌ഘോഷിച്ചു. മനുഷ്യന്റെ സ്വതന്ത്രസ്വത്വവും അപകോളനീകരിക്കപ്പെട്ട ഒരു സംസ്‌കാരവുമാണ് മൂന്നാം സിനിമ ലക്ഷ്യമിടുന്നത് എന്നവർ എടുത്തുപറയുന്നുണ്ട്.

  1968-ൽ ഒക്ടേവിയോ ഗെറ്റിനോയുമായി ചേർന്ന് ഫെർണാണ്ടോ സൊളാനസ് സംവിധാനം ചെയ്ത 'തീച്ചൂളകളുടെ സമയം (Hour of the Furnaceട)' എന്ന സിനിമയിൽ നിന്ന്
1968-ൽ ഒക്ടേവിയോ ഗെറ്റിനോയുമായി ചേർന്ന് ഫെർണാണ്ടോ സൊളാനസ് സംവിധാനം ചെയ്ത 'തീച്ചൂളകളുടെ സമയം (Hour of the Furnaceട)' എന്ന സിനിമയിൽ നിന്ന്

ഒക്ടേവിയോ ഗെറ്റിനോയുമായി കൂട്ടുചേർന്ന് 1968-ൽ അദ്ദേഹം സംവിധാനം ചെയ്ത തീച്ചൂളകളുടെ സമയം (Hour of the Furnaceട) എന്ന ചിത്രം സിനിമയുടെ ഉള്ളടക്കവും വ്യാകരണവും പുതുക്കിപ്പണിത ഡോക്യുമെന്ററിയാണ്. പെറോൺ: രാഷ്ട്രീയ സാക്ഷാത്കാരം (1971), ലോസ് ഹിജോസ് ദെ ഫിയ റോ (1972), സുർ (തെക്ക്- 1983), ടാങ്കോസ് (1985), എൽ വയാജ് (1992), ലാ ന്യൂബ് (1998), സോഷ്യൽ ജനോസൈഡ് (2004), La dignidad de los nadies (2005), Argentina latente (2007), La próxima estación (2008), La tierra sublevada (2009), ജേണി ടു ദി ഫ്യൂമിഗേറ്റഡ് ടൗൺസ് (2018) എന്നിവയാണ് മറ്റു പ്രധാന രചനകൾ.

ദേശീയ ഭരണകൂടത്തിന്റെ ഒത്താശയോടെ ബഹുരാഷ്ട്ര കോർപറേഷനുകൾ അർജന്റീനയിൽ നടത്തുന്ന കൊള്ളയുടെ ചിത്രീകരണമാണ് നടത്തുന്നതെങ്കിലും ‘വ്യത്യസ്തമായ മറ്റൊരു ലോകം സാധ്യമാണ്' എന്ന പ്രതീക്ഷ സൊളാനസ് എന്ന സംവിധായകൻ കൈവെടിയുന്നില്ല.

ഒരു രാജ്യത്തിന്റെ രാഷ്ട്രീയവും സാമ്പത്തികവും സ്ഥാപനപരവുമായ അധഃപതനം ഇത്ര സമഗ്രമായി തുറന്നുകാട്ടുന്ന ഡോക്യുമെന്ററികൾ സോഷ്യൽ ജനോസൈഡ് പോലെ വേറെ അധികമുണ്ടാവില്ല. അർജന്റീനയെ സാമ്പത്തിക പ്രതിസന്ധിയിലെത്തിച്ചത് അന്താരാഷ്ട്ര നാണയനിധി, ലോകബാങ്ക് പോലുള്ള ആഗോളസ്ഥാപനങ്ങളുടെ വായ്പാപദ്ധതികളും എന്തു ചെലവിലും സ്വന്തം പ്രതാപം പ്രകടിപ്പിക്കുന്ന മാഫിയകളുടെ ഭരണവും സമ്പൂർണ സ്വകാര്യവത്കരണനയവുമായിരുന്നു എന്ന് ചിത്രം കണ്ടത്തുന്നു. സർക്കാരിന്റെയും ആഗോളസ്ഥാപനങ്ങളുടെയും റിപ്പോർട്ടുകളെയും വിശകലനവിദഗ്ദ്ധരുടെ അഭിപ്രായങ്ങളെയും അവലംബിച്ച്​ സങ്കീർണമായ സ്ഥിതിവിശേഷങ്ങളെ വ്യക്തതയോടെ അപഗ്രഥിക്കുകയാണ് സിനിമ ചെയ്യുന്നത്. സാമ്പത്തികനടപടികൾ മനുഷ്യരുടെമേൽ ഏല്പിക്കുന്ന ആഘാതം, അത് ഒരിക്കലും കാണാതെ പോവുന്നില്ല. വൃത്തികെട്ട കടവും ഡോളർവത്കരണവും മൂലധന പലായനവും എല്ലാം നവ ഉദാരവത്കൃത ആഗോളീകരണത്തിന്ന് ഒഴിവാക്കാൻ പറ്റാത്തതാണെന്ന പാഠമാണ് ഇത് നൽകുന്നത്. ദേശീയ ഭരണകൂടത്തിന്റെ ഒത്താശയോടെ ബഹുരാഷ്ട്ര കോർപറേഷനുകൾ അർജന്റീനയിൽ നടത്തുന്ന കൊള്ളയുടെ ചിത്രീകരണമാണ് നടത്തുന്നതെങ്കിലും ‘വ്യത്യസ്തമായ മറ്റൊരു ലോകം സാധ്യമാണ്' എന്ന പ്രതീക്ഷ സൊളാനസ് എന്ന സംവിധായകൻ കൈവെടിയുന്നില്ല.

ജുവാൺ ഡോമിങ്ഗോ പെറോൺ / Photo : Wikimedia Commons
ജുവാൺ ഡോമിങ്ഗോ പെറോൺ / Photo : Wikimedia Commons

വിവിധ കാലഘട്ടങ്ങളിലെ സിനിമയുടെ രചനാശൈലി വ്യത്യസ്ത മായിരിക്കുമ്പോഴും, സൊളാനസിന് രാഷ്ട്രീയം മുഖ്യവും തുടർച്ചയായി നിലനില്ക്കുന്നതുമായിരുന്നു. രാഷ്ട്രത്തെ ജനതയായി പുനർനിർവചിച്ച്​ ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിൽ നിലവിൽവന്ന ഒരു ദേശീയ ജനകീയതാ സങ്കല്പനമാണ് സൊളാനസിന്റെ നിലപാടുതറ. ചൂഷണം ചെയ്യപ്പെടുന്ന തൊഴിലാളികളും കർഷകരുമാണ് ജനത. ദീർഘകാലമായി രാജ്യത്തെ ഒരു സമ്പന്ന ന്യൂനപക്ഷത്തിന്റെ സഹായത്തോടെ സാമ്രാജ്യത്വത്തിന് കീഴ്‌പ്പെട്ട് ജീവിച്ച ഒരു രാഷ്ട്രമായാണ് അർജന്റീന കഴിഞ്ഞത്. ദേശീയ പരമാധികാരത്തിനുള്ള പോരാട്ടത്തിൽ ജനങ്ങളാണ് നായകർ. കൂട്ടായ പ്രവർത്തനത്തിലൂടെ യഥാർഥത്തിൽ രാഷ്ട്രീയാധികാരബാഹ്യമായ ചില രാഷ്ട്രീയസാധ്യതകൾ അവർക്ക് തുറന്നുകിട്ടുന്നുണ്ട്. 1945 ഒക്ടോബർ 17-ന് പെറോണിനെ അധികാരത്തിലെത്തിച്ച ജനകീയപ്രക്ഷോഭം ഇത്തരത്തിലുള്ളതായിരുന്നു.

കാർലോസ് മെനം പ്രസിഡണ്ടായിരുന്ന പത്ത് വർഷക്കാലത്ത് നടന്ന കടുത്ത സ്വകാര്യവത്കരണവും അഴിമതിയും എങ്ങനെ രാജ്യത്തിന്റെ സമ്പദ്​വ്യവസ്ഥ തകർത്തു എന്ന് വീഡിയോകളിലൂടെ സൊളാനസ് രേഖപ്പെടുത്തി.

ദരിദ്രരും നിരക്ഷരരുമായ സാധാരണ ജനങ്ങൾക്ക് അവരുടെ അവസ്ഥയുടെ സങ്കീർണമായ കാരണങ്ങളെന്തെന്ന് മനസ്സിലാക്കാൻ ശേഷിയില്ല. അതുകൊണ്ട് മധ്യവർഗ ബുദ്ധിജീവികൾ അഥവാ ബുദ്ധിജീവിവിഭാഗം മാറ്റത്തിന്റെ പ്രക്രിയ ത്വരിപ്പിക്കാൻ ആവശ്യമായിവരുന്നു. പ്രഭുവർഗ ഭരണത്തിന്റെ അവിഭാജ്യഘടകമായിരുന്ന ബുദ്ധിജീവികളെ പില്ക്കാല ജനകീയമുന്നേറ്റങ്ങൾ വളരെ നീരസത്തോടെയാണ് നോക്കിക്കണ്ടിരുന്നത്. എന്നാൽ പിന്നീട് മധ്യവർഗ ബുദ്ധിജീവികൾക്ക് വീണ്ടും പ്രാധാന്യം ലഭിച്ചു. സൊളാനസിന്റെ അർജന്റീനാചരിത്രവായന ഇതായിരുന്നു. 1960കളിലെ വിപ്ലവ ഇടതുപക്ഷത്തിലെ അംഗമായിരുന്ന അദ്ദേഹം പെറോണിസ്റ്റ് പ്രതിഭാസത്തെ വിപ്ലവകരമായ ഊർജത്തിന്റെ ഉറവിടമായി സ്വയം തിരിച്ചറിയാതെപോയ സാമ്പ്രദായിക ഇടതുപക്ഷത്തിന്റെ പരാജയമായാണ് പുനർവ്യാഖ്യാനിച്ചത്. അങ്ങനെ ചെയ്തതിലൂടെ ആ തലമുറ മാർക്‌സിസം, ദേശീയത എന്നിങ്ങനെയുള്ള, നേരത്തെ പരസ്പരം പൊരുത്തപ്പെടാതിരുന്ന, ലക്ഷ്യങ്ങളെ ഒന്നിച്ചുകൊണ്ടുവന്നു.

‘ഗ്രൂപ്പോസിനി ലിബറേസ്യോൻ' എന്ന വിപ്ലവകൂട്ടായ്മയുടെ കാലത്ത് സംവിധായകരായ  ജെറാർഡോ വല്ലെജോ, ഫെർണാണ്ടോ സൊളാനസ്, അർജന്റീനയുടെ മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോൺ, സംവിധായകൻ ഒക്ടേവിയോ ഗെറ്റിനോ എന്നിവർ
‘ഗ്രൂപ്പോസിനി ലിബറേസ്യോൻ' എന്ന വിപ്ലവകൂട്ടായ്മയുടെ കാലത്ത് സംവിധായകരായ ജെറാർഡോ വല്ലെജോ, ഫെർണാണ്ടോ സൊളാനസ്, അർജന്റീനയുടെ മുൻ പ്രസിഡന്റ് ജുവാൻ ഡൊമിംഗോ പെറോൺ, സംവിധായകൻ ഒക്ടേവിയോ ഗെറ്റിനോ എന്നിവർ

ജനങ്ങൾക്കുവേണ്ടി സിനിമ പിടിക്കാൻ, ജനങ്ങളോട് ബഹുമാനവും ചൂഷകരോട് രോഷവുമായി കൈയിൽ ക്യാമറയുമായി ഇറങ്ങി ഡോക്യുമെന്ററികളെടുത്ത ഒരു ശൈലി കൂടാതെ ദേശീയപ്രതീകങ്ങളുപയോഗിച്ചും രൂപപരമായ പരീക്ഷണങ്ങളിലൂടെയും അർജന്റീനയുടെ അനുഭവങ്ങളെക്കുറിച്ച് കഥാചിത്രങ്ങൾ നിർമിച്ച മറ്റൊരു ശൈലി കൂടി സൊളാനസിനുണ്ട്.

മൂന്നു കാലഘട്ടങ്ങളായി അദ്ദേഹത്തിന്റെ രചനാസന്ദർഭങ്ങളെ വിഭജിക്കാം. ആദ്യത്തെത് ഗെറ്റിനോയുടെ ഒപ്പം ചേർന്ന് സിനിമയിലൂടെ വിമോചനത്തിനായുള്ള ‘ഗ്രൂപ്പോസിനി ലിബറേസ്യോൻ' എന്ന വിപ്ലവകൂട്ടായ്മയുടെ കാലം. തീച്ചൂളകളുടെ സമയം രചിക്കുന്നതും മൂന്നാം സിനിമയ്ക്ക് പ്രകടനപത്രിക തയ്യാറാക്കുന്നതുമെല്ലാം ഈ ഘട്ടത്തിലായിരുന്നു. വലതുപക്ഷ ആക്രമണങ്ങളിൽ നിന്ന് രക്ഷ തേടി 1976-ൽ പാരീസിലേക്ക് സ്വയം നാടുകടത്തിയ അദ്ദേഹം തിരിച്ചുവന്നത് അർജന്റീനയിൽ ജനാധിപത്യം തിരിച്ചെത്തിയ 1983-ൽ മാത്രമാണ്. ഇതിനിടയ്ക്ക് നാല്​ ഫീച്ചർ ഫിലിമുകൾ അദ്ദേഹം എടുത്തു. സുർ (തെക്ക്) എന്ന ചിത്രമാണ് ഇതിൽ ഏറ്റവും പ്രശസ്തം.

തിരിച്ചെത്തിയശേഷം രാഷ്ട്രീയ ഡോക്യുമെന്ററികൾ തന്നെ വീണ്ടും രചിച്ചുതുടങ്ങി. കാർലോസ് മെനം പ്രസിഡണ്ടായിരുന്ന പത്ത് വർഷക്കാലത്ത് നടന്ന കടുത്ത സ്വകാര്യവത്കരണവും അഴിമതിയും എങ്ങനെ രാജ്യത്തിന്റെ സമ്പദ്​വ്യവസ്ഥ തകർത്തു എന്ന് വീഡിയോകളിലൂടെ സൊളാനസ് രേഖപ്പെടുത്തി. എന്നാൽ ആദ്യകാലത്തെ ശുഭപ്രതീക്ഷകൾക്ക് മങ്ങലേറ്റിരുന്നു. 1990കളിലെ ഹിംസാത്മകമായ നവലിബറലിസവും സ്വേച്ഛാധിപത്യവും മൂലം സമൂഹത്തിൽ സംഘടിതപോരാട്ടം ഏറെക്കുറെ വ്യക്തിഗത പോരാട്ടത്തിലേക്ക് ചുരുങ്ങുകയായിരുന്നു. അപ്പോഴും ജനങ്ങളാണ് നായകസ്ഥാനത്തെന്നുള്ള ഉറച്ച ബോധ്യത്തോടെ വീഡിയോ ക്യാമറ കൊണ്ട് സിനിമ നിർമിക്കുകയും അവയിൽ സ്വന്തം ശബ്ദത്തിൽ സംഭവങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്തു സൊളാനസ്.

'സുർ' സിനിമയിൽ നിന്നുള്ള രംഗം
'സുർ' സിനിമയിൽ നിന്നുള്ള രംഗം

ശത്രുക്കൾ- നവ കൊളോണിയലിസവും അതിന് ഒത്താശ ചെയ്യുന്ന ദേശീയ ശക്തികളും - സ്ഥിരമായി നിലകൊണ്ടു. 40 വർഷം മുമ്പ് സങ്കൽപ്പിക്കാൻ പോലും കഴിയാതിരുന്നവിധത്തിൽ അവയുടെ സ്വാധീനം ഇപ്പോൾ പലതിലേക്കും വ്യാപിച്ചു. സോഷ്യൽ ജെനോസൈഡിൽ സൊളാനസ് പറയുന്നു: ‘1960കളിൽ തീച്ചൂളകളുടെ സമയത്തിൽ അപലപിച്ച ദാരിദ്ര്യത്തിന്റെ ഭീഷണമായ തോത് പോലും തൊണ്ണൂറുകളിലെ നിയോലിബറൽ വംശഹത്യയുടെ കഷ്ടിച്ചുള്ള ഒരു മുൻകൂർ സൂചന മാത്രമേ ആവുന്നുള്ളൂ.'‘ദുരന്തപൂർണമായ ഈ സംഭവവികാസങ്ങൾക്കൊത്ത് തന്ത്രപരമായി ആവശ്യമായ ഒരു നിലപാട് ക്രമീകരണം അദ്ദേഹം നടത്തുന്നുണ്ട്. 1960കളിലെപ്പോലെ ‘സമ്പൂർണ വിമോചന'മൊന്നുമല്ല ജനകീയസമരത്തിന് ഇന്നത്തെ ലക്ഷ്യം; ‘മനുഷ്യന്റെ അന്തസ്സ്' തിരിച്ചുപിടിക്കുക എന്ന കുറെക്കൂടി പരിമിതമായ ലക്ഷ്യം മാത്രം.

സോഷ്യൽ ജെനോസൈഡിലെ ആരംഭദൃശ്യങ്ങളിലൊന്ന് ഇതാണ്: ചേരിനിവാസികളായ രണ്ട് ചെറുപ്പക്കാർ വണ്ടിയിൽ വരുന്നതിന്റെ ഒരു ട്രാക്കിങ് ഷോട്ട്. നാടകീയമായ ഒരു സംഗീതം പശ്ചാത്തലത്തിൽ. അവർ ഇരുട്ടത്ത് നഗരത്തിലേക്ക് വരുന്നത് ചവറ്റുകൂനകൾ തപ്പിനോക്കാനാണ്. അപ്പോൾ ക്യാമറ മേലോട്ട് പാൻ ചെയ്യുന്നു. അവർ ഒരു ബാങ്ക് കെട്ടിടത്തിന്റെ പടവുകളിലാണെന്ന് നമുക്ക് കാട്ടിത്തരുന്നു. ഈ മൊണ്ടാഷിലൂടെ അടിവരയിടുന്നത് ഒരു വൈരുദ്ധ്യത്തിനാണ് -ആഭാസമായ സമ്പത്തും കടുത്ത ദാരിദ്ര്യവും അടുത്തടുത്ത് സഹവർത്തിക്കുന്നു. ഇത് ദുർഭരണത്തിന്റെയും ജനങ്ങളിൽ അത് സൃഷ്ടിച്ച നിർവികാരതയുടെയും ദൃഷ്ടാന്തമാണ്.

ലാറ്റിനമേരിക്കയിൽ മാത്രമല്ല, നമ്മുടേതുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഈ നിയോലിബറൽ ഹിംസ ഇപ്പോഴും തുടരുന്നു. അതിനാൽ അർജൻറീനയിലെ പാഠങ്ങൾ ഇവിടെയും ബാധകമാണ്. ഈ രാഷ്ട്രീയ ഡോക്യുമെന്ററിയുടെ പ്രസക്തി അതാണ്​.

പ്രസിഡണ്ട് മെനമിന്റെ പിൻഗാമിയായ ഫെർനാണ്ടോ ഡി ലാ റുവയുടെ ഭരണകാലത്തിന്നറുതി വരുത്തിയ പ്രക്ഷോഭത്തിന്റെ തെരുവിലെ ഷോട്ടുകളോടെയാണ് ചിത്രം തുടങ്ങുന്നത്. ദേശീയ സാമ്പത്തികത്തകർച്ച, പൊലീസ് മർദനം ഒക്കെയായിരുന്നു റുവയുടെ നേട്ടങ്ങൾ. 1983-ൽ ജനാധിപത്യം പുനഃസ്ഥാപിച്ച്, പത്തുവർഷം കഴിഞ്ഞ് പെറോണിസ്റ്റ് പാർട്ടി വീണ്ടും അധികാരത്തിലെത്തിയെങ്കിലും ചേരിചേരാനയം ഉപേക്ഷിക്കൽ, രാജ്യത്തിന്റെ വിഭവങ്ങളും പശ്ചാത്തലസൗകര്യങ്ങളും സ്വകാര്യവത്കരിക്കൽ എന്നീ പരിപാടികളാണ് അരങ്ങേറിയത്. ‘പൊതുവായതെല്ലാം അഴിമതിയിലും ഉദ്യോഗസ്ഥഭരണത്തിലും; സ്വകാര്യമായത് ആധുനികവും കാര്യക്ഷമവും' എന്ന സൂക്തം എഴുതിക്കാട്ടുന്നുണ്ട്. റെയിൽവെ, സേവനവിഭാഗങ്ങൾ, എണ്ണ, വാതകം എല്ലാം ചുളുവിലയ്ക്ക് വിദേശ കോർപറേഷനുകൾക്ക് വിറ്റു. മന്ത്രിമാർക്ക് ഇതിന് പാരിതോഷികങ്ങൾ ലഭിച്ചു. ചിത്രം അവസാനിക്കുന്നതും തെരുവിലെ പ്രക്ഷോഭത്തിന്റെ ഷോട്ടുകളോടെയാണ്.

​​​​​​​'സോഷ്യൽ ജെനോസൈഡ്' ലെ ഒരു രംഗം
​​​​​​​'സോഷ്യൽ ജെനോസൈഡ്' ലെ ഒരു രംഗം

മറ്റു കുറ്റകൃത്യങ്ങളെപ്പോലെ തന്നെ വംശഹത്യയ്ക്കും സങ്കീർണമായ കാരണങ്ങളും അതിന്റെ പ്രയോക്താക്കൾക്ക് പ്രയോജനങ്ങളുമുണ്ട്. ആസൂത്രണം ചെയ്യുന്നവർ, നടപ്പിലാക്കുന്നവർ, ഉപകരണങ്ങൾ, കീഴ്‌പ്പെടുത്തൽ തന്ത്രങ്ങൾ തുടങ്ങിയ വിവിധ ഘടകങ്ങൾ ഇതിനുപിന്നിൽ പ്രവർത്തിക്കുന്നു. വംശഹത്യാമനോഭാവം വളർത്തുന്നതിൽ, സ്വയം കുറ്റം ചെയ്യാതെ അതിനെ പിന്തുണയ്ക്കുന്ന വിഭാഗങ്ങൾക്കും പങ്കുണ്ട്: ബുദ്ധിജീവികൾ, സാമ്പത്തിക വിദഗ്ദ്ധർ, അഭിഭാഷകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർ ഇക്കൂട്ടത്തിൽ പെടുന്നുണ്ട്. വംശഹത്യാവിശകലനത്തിലൂടെ ഇതൊക്കെ പരിശോധിക്കപ്പെടുന്നു.

വംശഹത്യ പലരീതിയിലാകാം; അത് പ്രത്യക്ഷമോ പരോക്ഷമോ ആവാം. നേരിട്ട് കൂട്ടക്കൊല നടത്തി മാത്രമല്ല; അഭയാർഥികളെ സൃഷ്ടിച്ചുകൊണ്ടും വിഭവങ്ങളിൽ നിന്നും ജീവിതപരിസരങ്ങളിൽനിന്നും മനുഷ്യരെ ആട്ടിയോടിച്ചും വികസനപദ്ധതികളുടെ പേരിൽ ഒരു ജനതയെ വേരോടെ പറിച്ചെറിഞ്ഞുമൊക്കെ ലോകത്തിന്റെ നാനാഭാഗത്തും സാമൂഹിക വംശഹത്യ അരങ്ങേറിക്കൊണ്ടിരിക്കുന്നു. നിയോലിബറൽ സമ്പദ്​വ്യവസ്ഥ അർജൻറീനയിൽ നടത്തിക്കൊണ്ടിരുന്ന വംശഹത്യയുടെ പരിച്ഛേദമാണ് സൊളാനസ് ഈ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. ലാറ്റിനമേരിക്കയിൽ മാത്രമല്ല, നമ്മുടേതുൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളിൽ ഈ നിയോലിബറൽ ഹിംസ ഇപ്പോഴും തുടരുന്നു. അതിനാൽ അർജൻറീനയിലെ പാഠങ്ങൾ ഇവിടെയും ബാധകമാണ്. ഈ രാഷ്ട്രീയ ഡോക്യുമെന്ററിയുടെ പ്രസക്തി സാർവത്രികമാവുന്നത് അങ്ങനെയാണ്. ​▮


വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.


കെ. രാമചന്ദ്രൻ

എഴുത്തുകാരൻ, പരിസ്ഥിതി- മനുഷ്യാവകാശ- ജനകീയാരോഗ്യ പ്രവർത്തകൻ, ആക്റ്റിവിസ്റ്റ്. കേരളത്തിലെ ആദ്യകാല ചലച്ചിത്ര സൊസൈറ്റികളിൽ ഒന്നായ സർഗ ഫിലിം സൊസൈറ്റിയുടെ സ്ഥാപകരിൽ ഒരാൾ. പയ്യന്നൂരിലെ പബ്ളിക് ഹെൽത്ത് ഫോറം പ്രസിഡണ്ടായിരുന്നു. ലോക ക്ലാസിക് സിനിമകൾക്ക് സബ് ടൈറ്റിൽ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. ഇവാൻ ഇല്ലിച്ചിന്റെ ലിമിറ്റ്​സ് ടു മെഡിസിൻ, വൈദ്യശാസ്ത്രത്തിന് അതിർവരമ്പുകൾ എന്ന പേരിൽ പരിഭാഷപ്പെടുത്തി. വിസമ്മതത്തിന്റെ കാതൽ, ഇക്കോളജി രാഷ്ട്രീയം തന്നെ (വിവർത്തനം) അടക്കം നിരവധി പുസ്തകങ്ങൾ.

Comments