വീണ്ടും ഒരു സാധാരണ പൊലീസുകാരനാണ്. പേര് ഡൊമിനിക്. പക്ഷേ കണ്ണൂർ സ്ക്വാഡോ ക്രിസ്റ്റഫറോ പോലെയല്ല, മയമുണ്ട്. ഹ്യൂമറാണ്. ഹ്യൂമറെന്ന് പറഞ്ഞാൽ, ലൈറ്റ് ഹ്യൂമർ. സിനിമയിൽ എന്തേലും വർക്ക് ആയിട്ടുണ്ടെങ്കിൽ അത് ആ ഹ്യൂമർ മാത്രമാണ്.
ഡൊമിനിക് (മമ്മൂട്ടി) ഒരു മുൻ പൊലീസുകാരനാണ്. എന്നാൽ ഇപ്പോഴും സി.ഐ. ഡൊമിനിക് ആണ്. സി.ഐ എന്ന് പറഞ്ഞാൽ ചാൾസ് മകൻ ഈനാഷു ഡൊമിനിക് (ഏതാണ്ടിങ്ങനെയാണ് പേര്). ഈ പേരിൻറെയും പഴയ പൊലീസ് കാർഡിൻറെയും ബലത്തിൽ ഇപ്പോ ഒരു പ്രൈവറ്റ് ഡിറ്റക്ടീവ് സ്ഥാപനം നടത്തുകയാണ് ഡൊമിനിക്. കലൂരിലൊക്കെ നല്ല പേരാണെന്നാണ് ഡൊമിനിക് അവകാശപ്പെടുന്നത്. കേസന്വേഷണവും കേസന്വേഷണത്തെക്കുറിച്ചുള്ള യൂട്യൂബ് വ്ലോഗും നടത്തുന്നു. എന്നാൽ തൻറെ ബുദ്ധിക്കനുസരിച്ചുള്ള കേസുകൾ കിട്ടുന്നില്ലെന്നാണ് ഡൊമിനിക്കിൻറെ പരാതി. കിട്ടുന്നതാവട്ടെ, അവിഹിത ബന്ധങ്ങൾ പിടിക്കുക, സ്കാൻഡൽ ഉണ്ടാക്കി പണം വാങ്ങിക്കുക പോലുള്ള പരിപാടികളും. അതിനിടയ്ക്കാണ് തൻറെ വീട്ടുടമസ്ഥ, കളഞ്ഞു കിട്ടിയ ഒരു പേഴ്സിൻറെ ഉടമയെ അന്വേഷിക്കാൻ ഡൊമിനിക്കിനെ ഏൽപ്പിക്കുന്നത്. അതോടെ കഥ പ്രധാന കഥയിലേക്ക് കടക്കുകയായി.

ഒരു ഗംഭീര കോമഡി-ഇൻവസ്റ്റിഗേഷൻ ചിത്രത്തിനുള്ള സെറ്റപ്പുമായാണ് 'ഡൊമനിക് ആൻഡ് ദി ലേഡീസ് പേഴ്സ്' ചിത്രം തുടങ്ങുന്നത്. ഡൊമിനിക്കിനെ പരിചയപ്പെടുത്തുന്നത്, ഡൊമിനിക്കിന്റെ അസിസ്റ്റന്റ് വിക്കിയായെത്തുന്ന ഗോകുൽ സുരേഷിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഒക്കെ ഭയങ്കര രസകരമായിട്ടാണ്. സിറ്റുവേഷൻ കോമഡികൾ, മമ്മൂട്ടിയുടെ മാനറിസം, ഷെർലോക്-വാട്സൻ റെഫറൻസുകളുടെ സ്ഫൂഫ് ഒക്കെയായി പ്രോമിസിംഗ് ആയ തുടക്കമാണ് ഡൊമിനിക്ക് ആൻഡ് ദി ലേഡീസ് പേഴ്സ് നൽകുന്നത്. ആദ്യ പകുതിയെ കൊണ്ടുപോയത് മുഴുവൻ ഹ്യൂമറാണ്. ഇൻവസ്റ്റിഗേഷൻ ഒരു സൈഡിലൂടെ പോവുന്നു എന്ന് മാത്രം. സത്യത്തിൽ അതുമതി. മമ്മൂട്ടിയുടെ സിഗ്നേച്ചർ ആയ, 'മിനിമം ആക്ഷൻ-മിനിമം ഡാൻസ്' ഭംഗിയോടെ ചിത്രത്തിൽ വന്ന് പോവുന്നുണ്ട്.
രണ്ടാം പകുതിയോടെയാണ് കാര്യങ്ങൾ കോംപ്ലിക്കേറ്റഡ് ആവുന്നത്. ഡൊമിനിക് ഇൻവസ്റ്റിഗേഷനിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഹ്യൂമർ കൈവിട്ടു പോവുന്നു. എന്നാൽ ഇൻവസ്റ്റിഗേഷൻ എൻഗേജിങ്ങാവുന്നുമില്ല. ഹൈ-മൊമൻറുകളൊന്നുമില്ലാതെ എങ്ങോട്ടൊക്കെയോ അന്വേഷണത്തെ അലയാൻ വിടുന്നു. പുതിയ ആരൊക്കെയോ കടന്നു വരുന്നു. എന്നാൽ ക്ലൈമാക്സിൽ ഒരു ട്വിസ്റ്റ് കൊണ്ടുവന്ന് സിനിമയെ തിരിച്ചു പിടിക്കാൻ ഒരു ശ്രമം നടത്തുന്നുണ്ട്. പക്ഷേ അത് എല്ലാവർക്കും വർക്ക് ആയിക്കൊള്ളണമെന്നില്ല. ഐ മീൻ, എല്ലാവർക്കും അത് പുതുമയുള്ളതോ കൺവിൻസിംഗോ ആയിരിക്കണമെന്നില്ല. എങ്കിലും കൊള്ളാമായിരുന്നു എന്നേ പറയാനുള്ളൂ.

ചിത്രത്തിൽ ഏറ്റവും രസകരമായത് ഡൊമിനിക്കിൻറെ ക്യാരക്ടറൈസേഷൻ തന്നെയാണ്. ഒരു ഷെർലോക് സ്പൂഫ്. പറയുന്ന ഏത് കാര്യം വിശ്വസിക്കണമെന്ന് ഒരു പിടിയും കിട്ടില്ല. ഉദാഹരണത്തിന്, ഒരവസരത്തിൽ ഡൊമിനിക് എടുത്തുപയോഗിക്കുന്ന തോക്ക് ഡമ്മി തോക്ക് ആണെന്ന് പൊലീസ് സ്റ്റേഷനിൽ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിക്കുന്നു. പിന്നീട് സ്റ്റേഷനിൽ നിന്ന് ഇറങ്ങി വരുമ്പോൾ അസിസ്റ്റൻറിനോട് ഗൗരവത്തിൽ തന്നെ പറയുന്നു- ഒറിജിനലാണ്, പൊട്ടുമെന്ന്. ഇതേ തോക്ക് മറ്റൊരു നിർണായകഘട്ടത്തിൽ ഗോകുൽ സുരേഷ് ഉപയോഗിക്കാൻ ശ്രമിക്കുമ്പോൾ വീണ്ടും ഡമ്മിയാണെന്ന് പറയുന്നു. അങ്ങനെ ഫ്ലാഷ്ബാക്കിലും, പ്രസൻറിലും 'തള്ളും' യാഥാർഥ്യവും നിറഞ്ഞ ഒരു രസകരമായ കഥാപാത്രമാണ് ഡൊമിനിക്. മമ്മൂട്ടിക്ക് പറ്റിയ സ്റ്റൈലിലുള്ള ഹ്യൂമർ ആയിരുന്നു ചിത്രത്തിലേത്ത്. അത് മിക്കവാറും വർക്കായിട്ടുമുണ്ട്. ഗോകുൽ സുരേഷിൻറെ വിക്കി എന്ന കഥാപാത്രവും രസമായിരുന്നു. ദർബുക ശിവയുടെ സംഗീതവും എടുത്ത് പറയേണ്ടതാണ്.
ചിത്രത്തിലെ പ്രധാന കഥാപാത്രമായ നന്ദിതയായെത്തുന്നത് സുഷ്മിത ഭട്ടാണ്. എന്നാൽ മീഡോയോക്കോറായ പ്രകടനമാണ് സുഷ്മിത കാഴ്ചവച്ചത്. ലെന, സിദ്ധീഖ്, ഷൈൻ ടോം ചാക്കോ, വിജയ് ബാബു, വിനീത് ഒക്കെ സ്ക്രീനിൽ വന്നു പോകുന്നുണ്ടെങ്കിലും കാര്യമായൊന്നും ചെയ്യാനില്ലായിരുന്നു.
തിരക്കഥയിലാണ് ചിത്രം നിരാശപ്പെടുത്തിയത്. ഒരു ഇൻവസ്റ്റിഗേഷൻ ചിത്രമെന്ന നിലയിൽ ഫ്ലാറ്റ് ആണ് കഥാഗതി. അവസാനം വരെ ഒരു മൊമന്റോ ലെവൽ അപ്പോ ഉണ്ടാവുന്നില്ല. നായകൻറെ ബുദ്ധിയുടെ ഗംഭീര ഉപയോഗമോ, പ്രേക്ഷകരിൽ നിന്ന് മറഞ്ഞിരുന്ന ഒരു രഹസ്യത്തിൻറെ ചുരുളഴിയലോ, പ്രത്യേക നരേഷൻ രീതിയോ ഒന്നുമില്ലാതെ അതിസാധാരണമായ പ്ലോട്ട്. അതിന് സൈഡിലൂടെ ഹ്യൂമർ ഉപയോഗിച്ചതുകൊണ്ട് മാത്രം വാച്ചബിളായി.