കോടിക്കിലുക്കത്തിൻ്റെ താളമാണ് മലയാളസിനിമയുടെ യുവത്വത്തിന്. സ്ക്രീനിലും പ്രേക്ഷകരിലും ആക്ഷരികമായിത്തന്നെ യുവതയാണ് കളം നിറയുന്നത്. ഏറ്റവുമൊടുവിൽ 200 കോടി രൂപയുടെ കളക്ഷൻ വാർത്തകളുമായി ‘ലോക’ സിനിമയുടെ കുതിപ്പ് കാണുന്നു. ഒരു സ്ത്രീ കേന്ദ്രപാത്രമായ സിനിമയാണ് ഇത്തവണ വൻ വാണിജ്യനേട്ടത്തിലെത്തുന്നത് എന്ന പുതുമയും കൗതുകവുംകൂടി ഈ വിജയത്തിലുണ്ട്. അഥവാ അത്രയുമാണ് അതിൽ ആത്യന്തികമായി ഉള്ളത്.
ദുർഖർ സൽമാൻ്റെ വേഫെയറർ സിനിമാറ്റിക് യൂണിവേഴ്സ് നിർമ്മിച്ച, ഡൊമനിക് അരുൺ സംവിധാനം ചെയ്ത സിനിമ മലയാളസിനിമയുടെ ഗതി മാറ്റുന്നു എന്നാണ് സാമാന്യമായി പറഞ്ഞുകേൾക്കുന്നത്. മേക്കിങ്, ആക്ടിങ്, വിഷ്വൽ എക്സ്പീരിയൻസ് എന്നിങ്ങനെ സിനിമയുടെ മേഖലകളോരോന്നും പ്രകീർത്തിക്കപ്പെടുന്നുമുണ്ട്. പക്ഷെ പറഞ്ഞുപോകുന്നതിൽനിന്ന് മാറി വസ്തുനിഷ്ഠമായി വിശകലനം ചെയ്താൽ ‘ലോക’യുടെ മേന്മകൾ തുലോം കുറവാണ് എന്നുകാണാം. ഹോളിവുഡ് സിനിമകളുടെ കളർ ഗ്രേഡിങ്ങ്, ചില നിലവാരമുള്ള ഫ്രെയിമുകൾ എന്നിങ്ങനെ പരിമിതമായ മെറിറ്റുകൾക്കപ്പുറം വാണിജ്യരംഗത്തെ ഒരു പരീക്ഷണസിനിമ എന്നുമാത്രമോ വിപണിലക്ഷ്യങ്ങൾ മാത്രമുള്ള ഒരു സവിശേഷ ജോണർ സിനിമയെന്നു മാത്രമോ ആണ് നിലനിൽക്കാവുന്ന വാദങ്ങൾ. മലയാളത്തിൽ അത്രയൊന്നും പരീക്ഷിക്കപ്പെട്ടിട്ടില്ലാത്ത ജോണർ എന്ന നിലയിലാണ് ‘ലോക’ പുതുമയവകാശങ്ങളുള്ള ഒരു വർക്കാവുന്നത്.
‘ലോക’-യുടെ വിജയത്തെ അസ്വാഭാവികമോ അത്ഭുതമോ ആക്കുന്ന ഒരു ഘടകം നേരത്തേ സൂചിപ്പിച്ചു (സ്ത്രീകേന്ദ്രം) കഴിഞ്ഞു. മറ്റ് മേഖലകളിലേക്ക് വന്നാൽ പ്രതീക്ഷ നൽകുന്ന ഒന്നും മലയാളസിനിമയ്ക്ക് ‘ലോക’ സമ്മാനിക്കുന്നില്ല എന്നതാണ് വസ്തുത. മിത്തും ചരിത്രവും ഒന്നാണെന്നും വസ്തുതയാണെന്നുമുള്ള സമകാലിക ഇന്ത്യൻ രാഷ്ട്രീയത്തെ (ബാബറിപ്പള്ളി പൊളിച്ച ഭൂമി രാമൻ്റെ ജന്മസ്ഥലമാണ് എന്ന കോടതിവിധി ഓർക്കുക) കുറച്ചുകൂടി ശക്തമാക്കുകയാണ് സിനിമ ചെയ്യുന്നത്. ഹൈന്ദവതയുടെ വേരുകളുള്ള മിത്തിനോട് നിലവിൽ സംഘപരിവാർ താല്പര്യമുള്ള ക്രിസ്ത്രീയതകൂടി ചേർത്ത് നടപ്പുമാതൃകയിലൊരു മുന്നേറ്റമുണ്ടാക്കുകയാണ് സിനിമ സംഘപരിവാറിന് ചെയ്തുകൊടുക്കുന്നത്. ആവറേജ് തട്ടിക്കൂട്ട് മസാലകളായിട്ടും അഭൂതപൂർവമായ കയ്യടികളോടെ സിനിമ സ്വീകരിക്കപ്പെടുന്നതിന് മറ്റ് വലിയ കാരണങ്ങളൊന്നും കണ്ടെത്താനാവുന്നുമില്ല.

ചിലരെങ്കിലും പറയുന്നതുപോലെ കള്ളിയങ്കാട്ട് നീലിയുടെ (പാർശ്വവത്കൃത സ്വത്വത്തിൻ്റെ) പ്രതിരോധമോ പ്രതിനിധാനമോ ആണ് സിനിമയെങ്കിൽ അതിന് വിരുദ്ധമായി "ലോ പ്രൊഫൈൽ" കീപ്പ് ചെയ്യാൻ പറയുന്ന മൂത്തോൻ്റെ അടിമയായാണ് സിനിമയിൽ നീലി അഥവാ ചന്ദ്രയുള്ളത്. അതായത് നീലി തുടങ്ങിയേടത്തുതന്നെയാണ് ഇപ്പോഴും എന്നർഥം. അവൾ സ്വതന്ത്രയോ സ്വാശ്രയത്വമുള്ളവളോ അല്ല. അവൾക്ക് നിത്യവൃത്തിക്ക് തന്നെ മൂത്തോന്റെയോ മൂത്തോൻ ഏൽപ്പിക്കുന്ന സഹകാരികളുടെയോ സഹായം ആവശ്യമുണ്ട്. ഒരർത്ഥത്തിൽ ഒരു സ്ത്രീ സൂപ്പർ ഹീറോ(യിൻ) കഥാപാത്രമായി എത്തുമ്പോഴും അവളെ നിയന്ത്രിക്കുകയും നിർണയിക്കുകയും ചെയ്യുന്ന പുരുഷന്മാർ അവൾക്ക് മുകളിൽ ഉണ്ടാകുന്നു എന്നത് സിനിമയുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നുണ്ട്. നീലിയിൽ കാണാവുന്ന പാർശ്വവത്കൃതസ്വത്വം നൂറ്റാണ്ടുകൾക്കിപ്പുറവും അതിൻ്റെ കീഴാളനിലയെ ചോദ്യം ചെയ്യുന്നില്ല എന്നതാണ് സിനിമ തരുന്ന അനുഭവം. മൂത്തോൻ എന്ന എല്ലാ മൂർത്തികളുടേയും ബോസ് മറ്റേതോ യൂണിവേഴ്സിൽ എന്നവണ്ണം അയാളുടെ ഇംഗിതങ്ങൾ നടപ്പാക്കുകയാണ്. മൂത്തോനിലേക്കും 389 ശരിപ്പകർപ്പുകളുള്ള ചാത്തനിലേക്കും ഒക്കെ ക്രിസ്റ്റ്യാനിറ്റിയുടെ ചിഹ്നങ്ങൾകൂടി നിബന്ധിക്കുമ്പോൾ സിനിമ വാണിജ്യവിജയത്തിനുമാത്രമുള്ള, കുട്ടികൾക്കു രസിക്കാനുള്ള വെറുമൊരു ദൃശ്യരൂപമായല്ല സംവിധാനം ചെയ്യപ്പെടുന്നത് എന്ന് കാണാം.
ക്രിസ്റ്റ്യാനിറ്റിയുടെ ലോകസാഹചര്യവും അതിനോടുള്ള ഇന്ത്യയിലെ സംഘപരിവാർ സ്നേഹവുംകൂടി ചേർത്തുവായിച്ചാൽ കാര്യങ്ങൾ അത്ര കുട്ടിക്കളിയല്ല എന്ന് കാണാം. കത്തനാരും നീലിയെ സ്വന്തം താല്പര്യങ്ങൾക്ക് ഉപയോഗിക്കുകയാണ് സിനിമയിൽ എന്നും ഓർമ്മിക്കുക.
നീലിയുടെ കടിയേൽക്കുമ്പോൾ വൈറസ് ബാധയുണ്ടാകുന്നതും നീലിയുടെ ശക്തിതന്നെ വൈറസ് ബാധയാകുന്നതും മിത്തിനെ അട്ടിമറിക്കുകമാത്രമല്ല, കണ്ടുപഴകിയ എത്രയോ വിദേശഭാഷാചിത്രങ്ങളുടെ കേവലാനുകരണമായി വികലമാവുകയും ചെയ്യുന്നു. നീലിയുടെ ശക്തി, നീലിയുടെ വംശത്തിൻ്റെയോ വർഗ്ഗത്തിൻ്റെയോ പ്രതിരോധമല്ലെങ്കിൽപിന്നെ അത് എത്രമാത്രം ദുർബലമാണെന്നും അത് ആരെയാണ് സഹായിക്കുക എന്നും ആലോചിക്കേണ്ടതുണ്ട്. ഇന്നും സാമൂഹിക അസ്പൃശ്യത നിലനിൽക്കുന്ന ഒരു നാട്ടിൽ, ദുരഭിമാനക്കൊലകൾ നടക്കുന്ന ഒരു നാട്ടിൽ വൈറസ് ബാധിത കീഴാളരുടെ കടിയേറ്റാൽ രക്തത്തിൽ കലർപ്പുവരുമെന്ന ഗ്രാഫിക്സ് ഫലിതമുണ്ടാക്കുന്ന സൂക്ഷ്മരാഷ്ട്രീയം ആലോചിക്കേണ്ടതാണ്. അന്ധവിശ്വാസങ്ങളിൽനിന്നും അനാചാരങ്ങളിൽനിന്നും ഇനിയും മുക്തമായിട്ടില്ലാത്ത ഒരു ജനതയ്ക്കുമുമ്പിലേക്കാണ് അത്തരം ധാരാളം വിഷയങ്ങൾ തിരികെയെത്തിക്കുന്ന ഈ സിനിമയെത്തുന്നത് എന്നതും പ്രധാനമാണല്ലോ.

ഇംഗ്ലീഷിലും മറ്റും വിജയിച്ചിട്ടുള്ള ചില സിനിമകളുടെ ഫോർമുല നാട്ടിലെ ചില മിത്തുകളുടെ സഹായത്തോടെ മലയാളത്തിലും പരീക്ഷിച്ചുനോക്കാം എന്നതാണ് ലോകയുടെ വൺലൈൻ എന്നുകാണാം. എന്നാൽ അതിൽ യുക്തി വേണ്ടെന്നതുപോലെതന്നെ കുയുക്തി ഇല്ലാതിരിക്കുകയും വേണമെന്ന് സംവിധായകനോ നിർമ്മാതാവോ ശ്രദ്ധിച്ചില്ല എന്നതാണ് വസ്തുത. ഇവിടുത്തെ അന്ധവിശ്വാസങ്ങളെ സാധുവാക്കുന്നതിലും ബ്രാഹ്മണ്യാധിപത്യത്തെ പൊതുബോധമാക്കുന്നതിലും ഐതിഹ്യമാലപോലുള്ള പുസ്തകങ്ങൾ നിർവഹിച്ച പങ്ക് ചെറുതല്ല. അതിനെയും മറികടക്കുന്ന ആഖ്യാനമാണ് പുതുകാലബ്രാഹ്മണ്യമെന്ന് കാണാവുന്ന മറ്റ് പ്രത്യയശാസ്ത്രങ്ങളെ മൂത്തോൻരൂപത്തിൽ (മൂത്തോന് ഈശോ എന്ന കാഴ്ചസാധ്യതയാണ് സിനിമയുടെ ആദ്യഭാഗം തരുന്നത്.) അവരോധിക്കുന്നതിലൂടെ ‘ലോക’യും ‘ലോക’യിൽ പരാമർശിക്കുന്ന പുസ്തകവും സൂക്ഷ്മത്തിൽ ചെയ്തുവെക്കുന്നത്. ക്രിസ്റ്റ്യാനിറ്റിയുടെ ലോകസാഹചര്യവും അതിനോടുള്ള ഇന്ത്യയിലെ സംഘപരിവാർ സ്നേഹവുംകൂടി ചേർത്തുവായിച്ചാൽ കാര്യങ്ങൾ അത്ര കുട്ടിക്കളിയല്ല എന്ന് കാണാം. കത്തനാരും നീലിയെ സ്വന്തം താല്പര്യങ്ങൾക്ക് ഉപയോഗിക്കുകയാണ് സിനിമയിൽ എന്നും ഓർമ്മിക്കുക. സിനിമ തമസ്കരിക്കുന്ന വിഭാഗങ്ങൾ ഏതേത് താല്പര്യങ്ങളെയാണ് തൃപ്തിപ്പെടുത്തുക എന്നതും ശ്രദ്ധിക്കാതിരിക്കാൻ ആവില്ല.
പ്രേംനസീറിൻ്റെയും മറ്റും കാലത്ത് കണ്ടുമറന്ന യക്ഷിസിനിമകളിൽനിന്ന് ചേരുവകളിലോ പരിചരണത്തിലോ എന്തെങ്കിലുമൊരു പ്രോഗ്രസ് ലോകയ്ക്കുണ്ടോ എന്നതാണ് മറ്റൊരു ചോദ്യം. എത്രയോ തവണ കേട്ടതും പ്രതീക്ഷിക്കാവുന്നതുമായ തമാശകൾ ഇടയ്ക്കുചേർത്തുള്ള ആഖ്യാനവും ഗൗരവമോ പുതുമയോ ഇല്ലാത്ത തട്ടിക്കൂട്ട് മേക്കിങ്ങുമാണ് ഇപ്പോൾ ഭാഗ്യത്തിന് വിപണിയിൽ ക്ലിക്കായിരിക്കുന്നത്. യഥാർഥത്തിൽ മലയാളികളായ പ്രേക്ഷകരെ വിലകുറച്ചു കാണുകയാണ് ചിത്രം. അവരുടെ ആ ലോജിക്കിനെ വിജയിപ്പിച്ചു കൊണ്ട് പ്രേക്ഷകർ ഒപ്പം നിന്നു എന്നതും കാണണം.
അച്ഛൻ സലിംകുമാറിനെ ഇമിറ്റേറ്റ് ചെയ്യുന്ന മകൻ ചന്തുവിൻ്റെ മിമിക്രിയും പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാതെ സ്ഥിരം ഭാവപ്രകടനങ്ങൾമാത്രം ആവർത്തിച്ച് ഇടയ്ക്ക് ബോധംകെട്ടുവീഴുന്ന നസ്ലെനും തുടങ്ങീ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്ന കല്യാണിയ്ക്കുപോലും ചിത്രത്തിൽ ഒന്നും ചെയ്യാനില്ല എന്നതാണ് സത്യം. സാൻഡിയുടെ പ്രകടനവും പാത്രനിർമ്മിതിയുടെ പരിമിതികൊണ്ട് ശരാശരിയിലൊതുങ്ങി. VFX വർക്കുകളും ശോകമാണെന്ന് പറയാതിരിക്കാനാവില്ല. വർഷങ്ങൾക്കുമുമ്പ് ഇതിലും നന്നായി ടെലിവിഷനിൽ ശക്തിമാൻ കണ്ടത് ഓർമയിലെത്തി എന്നതാണ് സത്യം. (നിർമ്മാണച്ചെലവ് 30-33 കോടി എന്നൊക്കെ കേൾക്കുന്നു. അത്രയും പൈസ എവിടെയാണ് ചിലവഴിച്ചത് എന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല!) ബിൽഡിങ്ങിൻ്റെ മുകളിൽനിന്ന് ചാടുന്നതും ചാത്തൻ ടൊവിനോയുടെ (തമാശയ്ക്കുവേണ്ടി) പലരായുള്ള കുട്ടിക്കളിയുമൊക്കെ ഇപ്രകാരം ഉൾപ്പെടുത്തിയവരെ സമ്മതിക്കണം.

ഒരു സിനിമയിൽ മലയാളിയ്ക്ക് ഇതൊക്കെ മതി എന്ന ആ കോൺഫിഡൻസാണ് ഈ ചിത്രത്തിൻ്റെ വിജയത്തിലെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് പറയട്ടെ! വാണിജ്യസിനിമ എന്ന നിലയിൽ സിനിമയിലെ കലയോ ക്രാഫ്റ്റോ പുതുമയോ രാഷ്ട്രീയമോ അന്വേഷിക്കുന്നത് നിരർഥകമാണെന്നും ഇത് ആസ്വാദനത്തെയും വിപണിയെയും മാത്രമാണ് ലക്ഷ്യം വെക്കുന്നതെന്നും വാദിക്കുകയോ സമാധാനിക്കുകയോ ചെയ്യാവുന്നതാണ്. എങ്കിലും കുട്ടികളുടെ പോലും കാഴ്ചയെ പലവിധത്തിൽ വികലമാക്കാൻപോന്ന വിഷ്വലുകളും ഹിംസയും അന്ധവിശ്വാസവുമൊക്കെ കലാലേശമില്ലാതെ തീയറ്ററുകളിൽ നിറഞ്ഞു കളിക്കുമ്പോൾ, ഇനിയും ഇതിന് തുടർച്ചകളുണ്ടാകുമെന്ന് പറയുമ്പോൾ ഇത്രയും പറയാതിരിക്കുന്നതെങ്ങനെ? എല്ലാ ജോണറും നമുക്ക് വേണം. പക്ഷെ കളർഗ്രേഡിങ്ങിൽ മാത്രംപോര, വിഭാവനത്തിലും രാഷ്ട്രീയത്തിലുമൊക്കെ ശ്രദ്ധയോടെ നിബന്ധിക്കണം.
