നവസാങ്കേതികവിദ്യയുടേയും യന്ത്രബൗദ്ധികതയുടേയും സമകാലം മനുഷ്യനെ യന്ത്രമാക്കി മാറ്റിയിരിക്കുന്നു. മനുഷ്യാനന്തരലോകത്തിന്റെ സംഘർഷങ്ങൾ അവതരിപ്പിച്ചുകൊണ്ട് സമകാലിക ആഗോളരാഷ്ട്രീയത്തോട് സംവദിക്കുന്ന മസ്തിഷ്കമരണം: എ ഫ്രാങ്കെൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് എന്ന ചലച്ചിത്രത്തെ മുൻനിർത്തി പോസ്റ്റ്ഹ്യൂമനിസത്തിന്റെ സാംസ്കാരികരാഷ്ട്രീയം വിശകലനം ചെയ്യാനാണ് ശ്രമിക്കുന്നത്.
സാങ്കേതികവിദ്യയും
മുതലാളിത്തവും
മനുഷ്യന്റെ ബൗദ്ധികപരിണാമങ്ങളെല്ലാം സാങ്കേതികവിദ്യാബദ്ധമാണ്. അധ്വാനത്തെ ലഘൂകരിക്കുന്നതിന് മനുഷ്യമസ്തിഷ്കം പ്രയോജനപ്പെടുത്തുന്നതിന്റെ ഉത്പന്നമായ സാങ്കേതികവിദ്യയാണ്, ഉത്പാദനവും ഉത്പാദനത്തിലെ വർഗ്ഗബന്ധങ്ങളും ഭരണകൂടവും ഉൾപ്പെടുന്ന സാമൂഹികസംഘാതത്തെ സൃഷ്ടിക്കുന്നത്. മനുഷ്യമസ്തിഷ്കം അഥവാ മനുഷ്യന്റെ ധൈഷണികത, സാങ്കേതികവിദ്യ, മുതലാളിത്തം എന്നിവ മൂന്നും ചരിത്രത്തിലുടനീളം പൂരകങ്ങളായി പ്രവർത്തിക്കുന്നതുകാണാം. സാങ്കേതികവിദ്യയിലുണ്ടാവുന്ന ഏതു മുന്നേറ്റവും വാസ്തവത്തിൽ മുതലാളിത്തത്തിന്റെ യുക്തികൾക്കുള്ളിൽ തന്നെയാണ് പ്രവർത്തിക്കുന്നത്. ഇവ ചേർന്ന് രൂപപ്പെടുത്തുന്ന ബൂർഷ്വാലിബറൽ ദാർശനികമൂല്യബോധ്യങ്ങളാണ് പൊതുബോധമായി വർത്തിക്കുന്നത്.
സാങ്കേതികവിദ്യയും മുതലാളിത്തവും തമ്മിലുള്ള പരസ്പരാശ്രയത്തെ ചരിത്രപരമായി ആലോചിക്കുമ്പോൾ, 18-ാം നൂറ്റാണ്ടിൽ യൂറോപ്പിൽ ആരംഭിച്ച യന്ത്രങ്ങളുടെ, വിശേഷിച്ചും ആവിയന്ത്രത്തിന്റെ കണ്ടെത്തലും ഉപയോഗവും ഉൾപ്പെടെയുള്ള യന്ത്രസാങ്കേതികതയുടെ വളർച്ച ഉത്പാദനവും ലാഭവും വർദ്ധിപ്പിക്കുകയും വ്യാവസായികമുതലാളിത്തത്തെ ബലപ്പെടുത്തുകയും ചെയ്തു. 19, 20 നൂറ്റാണ്ടുകളിൽ വൈദ്യുതി, ടെലിഫോൺ, റെയിൽവേ തുടങ്ങിയ സാങ്കേതികതകളുടെ വളർച്ച കോർപ്പറേറ്റ് ഉണർവുകളിലേക്കും ആധിപത്യത്തിലേക്കുമാണ് നയിച്ചത്. ഈ കാലഘട്ടങ്ങളുടെ സാമൂഹ്യദാർശികനബോധങ്ങൾ മനുഷ്യകേന്ദ്രിതമായ ആശയാവലികളായിരുന്നു. അവ മനുഷ്യനെ കേന്ദ്രസ്ഥാനത്ത് പ്രതിഷ്ഠിക്കുകയും അതിനെ ഒരു ദൈവികപ്രതിഭാസമെന്ന നിലയിൽ നിന്ന് ശാസ്ത്രപ്രതിഭാസമായി അംഗീകരിക്കുകയും ചെയ്തു.
സാങ്കേതികവിദ്യ സാംസ്കാരികവൈരുദ്ധ്യങ്ങളിൽ പ്രവർത്തിക്കുന്നത് എപ്രകാരമാണെന്ന് മസ്തിഷ്കമരണം അടിവരയിടുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിന്റെ സങ്കീർണതകൾ പ്രകടമാണെങ്കിലും, മനുഷ്യാനന്തര അനുഭവങ്ങളുടെ ലാവണ്യശാസ്ത്രവും രാഷ്ട്രീയയുക്തിയും പ്രതിഫലിക്കപ്പെട്ടിട്ടില്ല. ഈ അഭാവത്തെ പൂരിപ്പിക്കുന്ന ദൗത്യമാണ് ഈ സിനിമയുടേത്.
മനുഷ്യപരിണാമചരിത്രത്തെ അവതരിപ്പിച്ച ചാൾസ് ഡാർവിനും അബോധത്തിന്റെ അടിമയായി മനുഷ്യനെ അവരോധിച്ച ഫ്രോയ്ഡും മനുഷ്യസംഘാതങ്ങളെ ചരിത്രവത്കരിച്ച മാർക്സും, മനുഷ്യൻ എന്ന ജൈവികപ്രതിഭാസത്തേയും അവരുടെ സാമൂഹികാസ്തിത്വത്തേയും അംഗീകരിക്കുകയും മനസ്സിലാക്കുന്നതിന് സഹായകമായ സൈദ്ധാന്തിക വിചാരമാതൃകകൾ സംഭാവന ചെയ്തവരാണ്. എന്നാൽ ഇവരുടെ സംഭാവനകൾ അവയുടെ സാകല്യത്തിൽ മനുഷ്യ കേന്ദ്രിതത്വത്തിനപ്പുറമുള്ള ഒരു സമീപനത്തിന്റെയും അടിത്തറയാകുന്നുന്നുണ്ട്.
ഡാർവിൻ മനുഷ്യനെ പരിണാമത്തിന്റെ ചങ്ങലയിലെ കണ്ണിയാക്കിയതോടെ, സൃഷ്ടിവാദം പിൻവാങ്ങുകയും മനുഷ്യൻ പ്രകൃതിബദ്ധജൈവചരിത്രത്തിന്റെ ഭാഗമാവുകയും ചെയ്തു. മാർക്സ് ക്ലാസിക്കൽ രാഷ്ട്രീയസമ്പദ്ശാസ്ത്രത്തിലെ ബൂർഷ്വാ വ്യക്തിവാദം തുറന്നുകാട്ടുകയും സാമൂഹികതയിലല്ലാതെ മനുഷ്യകർതൃത്വം സ്വതന്ത്രമായി നിലനിൽക്കുന്നില്ലെന്നു കൃത്യമായി അടയാളപ്പെടുത്തുകയും ചെയ്തു. ഫ്രോയ്ഡ് ആവട്ടെ, മനുഷ്യകർതൃത്വത്തെ സാമൂഹികമായ സമ്മർദ്ദങ്ങളിൽപ്പെടുന്ന, അറിയപ്പെടാത്ത അബോധത്തിന്റെകൂടി ഉൽപ്പന്നമായി ചൂണ്ടിക്കാട്ടി. മനുഷ്യൻ ലിബറൽചിന്തയിലെ കേവലവ്യക്തിയാണെന്ന അസംബന്ധം ഈ സൈദ്ധാന്തിക മാതൃകകൾ ഇല്ലാതാക്കി.

“മനുഷ്യൻ എത്ര മനോഹരമായ പദ”മെന്ന റഷ്യൻ എഴുത്തുകാരനായ മാക്സിം ഗോർക്കിയുടെ ശകലം മനുഷ്യമഹത്വത്തേയും അന്തസിനേയും ഉയർത്തിക്കാട്ടുവാൻ നിരന്തരം ഉദ്ധരിക്കപ്പെടുന്നതാണല്ലോ. മനുഷ്യമഹിമയെ കേന്ദ്രസ്ഥാനത്ത് നിർത്തുന്ന സിദ്ധാന്തങ്ങളും ആശയങ്ങളും വ്യാവസായിക, കോർപറേറ്റ് മുതലാളിത്തത്തിന്റെ സൃഷ്ടികളായിരുന്നു. ബുദ്ധി, സ്വതന്ത്ര്യം, മനുഷ്യമഹിമ, സൃഷ്ടിപരത, ധാർമ്മികത, മൂല്യങ്ങൾ തുടങ്ങി യൂറോപ്യൻ നവോത്ഥാനാധുനികതയുടെ ബൂർഷ്വാ ലിബറൽ സങ്കല്പനങ്ങൾ യഥാർത്ഥത്തിൽ മുതലാളിത്തത്തിന്റെ നിയന്ത്രണയുക്തികൾ തന്നെയാണ്. സ്വകാര്യതയ്ക്കും വ്യക്തിസ്വാതന്ത്ര്യത്തിനും വേണ്ടി നിലകൊള്ളുമ്പോഴും മനുഷ്യനെ നിയന്ത്രിക്കുന്ന സംവിധാനമാണത്. ഫൂക്കോയുടെ ജൈവരാഷ്ട്രീയവിചിന്തനങ്ങളിലെ ‘പെനപ്റ്റിക്കോൺ’ മുതൽ അഷീൽ മേമ്ബെയുടെ ‘മൃത്യുരാഷ്ട്രീയം’വരെയുള്ള സങ്കല്പനങ്ങൾ ഈ സമീപനത്തെ അപനിർമ്മിക്കുന്നുണ്ട്.
ആഗോളചിന്തയുടെയും സാംസ്കാരികാവസ്ഥകളുടേയും ഭാഗമാവുക എന്ന ദൗത്യം നിർവഹിക്കുന്ന സിനിമകൾ പ്രസക്തമാവുന്നത് അവ പ്രാദേശികസിനിമയുടെ തലത്തിൽനിന്ന് ഭാഷാസിനിമയെ ഉയർത്തുന്നു എന്നതിനാലാണ്. മസ്തിഷ്കമരണം തീർച്ചയായും അത്തരമൊരു വിഭാഗത്തിൽപ്പെടുന്ന ഉന്നതമായ കലാസൃഷ്ടിയാണ്.
ഡിജറ്റൽ- പ്ലാറ്റ്ഫോം മുതലാളിത്തവും
പോസ്റ്റ്ഹ്യൂമൻ സങ്കീർണതകളും
ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദത്തിൽ കമ്പ്യൂട്ടർ, ഇന്റർനെറ്റ് എന്നിവ ഉൾപ്പടെ വിവരസാങ്കേതികവിദ്യയുടെ അഭൂതപൂർവ്വമായ വളർച്ചയുണ്ടായി. സാങ്കേതികവിദ്യയിലെ ഈ വളർച്ച മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള അതിർത്തികൾ ഇല്ലാതാക്കി. മനുഷ്യൻ എന്ന ജൈവികപ്രതിഭാസം പുനർവിചിന്തനങ്ങൾക്ക് വിധേയപ്പെടുന്ന പോസ്റ്റ് ഹ്യുമനിസം രാഷ്ട്രീയവും സൈദ്ധാന്തികവുമായ പുതിയ ചോദ്യങ്ങൾ ഉന്നയിക്കാൻ തുടങ്ങി. അണുവിസ്താരത്തിൽ പ്രവർ ത്തിക്കുന്ന സാങ്കേതികവിദ്യകൾ മനുഷ്യശരീരത്തിൽ പ്രവർത്തിച്ച്, ആരോഗ്യം മെച്ചപ്പെടുത്തുന്നതിലൂടെ ആയുസ്സും ശേഷിയും വർദ്ധിപ്പിക്കുന്ന നാനോ ടെക്നോളജിയും മനുഷ്യന്റെ സ്വഭാവം ജനിതക എഞ്ചിനിയറിംഗിലൂടെ മാറ്റുന്ന ബയോടെക്ടോളജിയും മനുഷ്യബുദ്ധിയുടെ ഏകാധിപത്യത്തെ തകർക്കാൻ ശേഷിയുള്ള കൃത്രിമബുദ്ധിയും മനുഷ്യശേഷിയെ സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മെച്ചപ്പെടുത്തുന്ന ട്രാൻസ്ഹ്യൂമനിസവും യന്ത്രവും മനുഷ്യനും സംഗമിക്കുന്ന പുതിയ രൂപമായ സൈബോർഗും മനുഷ്യന്റെ തിരിച്ചറിവും അനുഭവപരതകളും ഭൗതികശരീരത്തിൽ മാത്രം ഒതുക്കാത്ത വെർച്ച്വൽ റിയാലിറ്റിയും പോസ്റ്റ് ഹ്യുമനിസ്റ്റ് സമീപനത്തിന്റെ വിചാരമാതൃകയിൽ വിശദീകരിക്കപ്പെട്ടു.
മനുഷ്യന്റെ ശരീരവും ബുദ്ധിയും സ്വാഭാവികമായ പരിധികളിൽനിന്ന് കടന്നുപോകുവാൻ സഹായിക്കുന്ന സാങ്കേതികവിദ്യകൾ പോസ്റ്റ് ഹ്യുമനിസത്തെ ബലപ്പെടുത്തുന്നു. ഡോണ ഹരാവെ പങ്കുവെയ്ക്കുന്ന ‘സൈബോർഗ്’ എന്ന ആശയം ഇവിടെ വളരെ പ്രസക്തമാണ്. യന്ത്രവും മനുഷ്യനും സംഗമിക്കുന്ന പുതിയ രൂപങ്ങളാണവ. മനുഷ്യശരീരം സാങ്കേതികവിദ്യയിലൂടെ വിപുലീകരിക്കപ്പെടുകയാണിവിടെ.
“മനുഷ്യാസ്തിത്വത്തിനു പുറത്ത് മനുഷ്യരൂപം നൽകപ്പെട്ട ഒരു യന്ത്രത്തിൽ മനുഷ്യനെ കാണുകയല്ല, മറിച്ച് മനുഷ്യനെത്തന്നെ യന്ത്രമനുഷ്യസമന്വയത്തിന്റെ സ്ഥാനമായി അടയാളപ്പെടുത്തുകയാണ് സൈബോർഗ് ചെയ്യുന്നത്” (ശ്രീകുമാർ, ടി.ടി. പോസ്റ്റ് ഹ്യുമൻ വിചാരലോകങ്ങൾ: ശാസ്ത്രം, രാഷ്ട്രീയം, സൗന്ദര്യം, 2013:12).

മനുഷ്യനും സാങ്കേതികവിദ്യയും തമ്മിലുള്ള ബന്ധങ്ങളെ പുതുക്കി നിർമ്മിക്കുന്ന പോസ്റ്റ് ഹ്യുമൻ ദാർശനികതയാണ് ഡിജിറ്റൽ - ഫ്ലാറ്റ്ഫോം മുതലാളിത്തത്തിന്റെ താത്വിക അടിസ്ഥാനം. പോസ്റ്റ് ഹ്യുമനിസത്തിന്റെ ഈ അവസ്ഥയെ ഡിജിറ്റൽ- പ്ലാറ്റ്ഫോം മുതലാളിത്തം സാമ്പത്തികമായി ഉപയോഗപ്പെടുത്തുന്നു.
‘ഡേറ്റ’യും “ഓൺലൈൻ പ്ലാറ്റ്ഫോമു’കളും ലാഭത്തിന്റെ നിയന്ത്രണസംവിധാനങ്ങളാണ്. ഉപഭോക്താക്കളുടെ വ്യക്തിഗതവിവരം ശേഖരിച്ച് ആഗോള കോർപ്പറേറ്റുകൾ ലാഭം നേടുന്നു. മനുഷ്യാധ്വാനം, മനുഷ്യപെരുമാറ്റം, അൽഗോരിതമിക് നിയന്ത്രണം എന്നിവ ഡിജിറ്റൽ ക്യാപിറ്റലിസത്തിന്റെ ഉപാധികളായി വർത്തിക്കുന്നു. മേൽനിരീക്ഷണമുതലാളിത്തം എന്ന സംജ്ഞ കൊണ്ടാണ് സൂസന്ന സുബോഫ് ഈ സവിശേഷാവസ്ഥയെ വിശകലനം ചെയ്യുന്നത്. ദ എയ്ജ് ഓഫ് സർവേലെൻസ് ക്യാപിറ്റലിസം (2019) എന്ന പുസ്തകത്തിൽ മേൽനിരീക്ഷണമുതലാളിത്തം മനുഷ്യാനുഭവങ്ങളെ ഒരു അസംസ്കൃതവസ്തുവായി കണക്കാക്കുന്നു എന്ന് സൂസന്ന സുബോഫ് അഭിപ്രായപ്പെടുന്നു. മനുഷ്യാധ്വാനത്തിലുപരി, മനുഷ്യാനുഭവങ്ങളെ ഉപയോഗിക്കുക എന്നുള്ളത് ആഗോളമുതലാളിത്തത്തിന് വളരെ വേഗത്തിൽ സാധ്യമാണ്.
മനുഷ്യാനന്തര വെല്ലുവിളികൾ
പോസ്റ്റ് ഹ്യുമനിസവും ഡിജിറ്റൽ - പ്ലാറ്റ്ഫോം മുതലാളിത്തവും ചില നൈതികപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മനുഷ്യാധ്വാനത്തിന്റെ വിപണിവത്കരണം സാധ്യമാക്കുന്നതിലൂടെ തൊഴിൽ സങ്കീർണമാവുകയും സ്ഥിരജോലിയോ തൊഴിൽസുരക്ഷയോ ഇല്ലാത്ത ഗിഗ് സാമ്പത്തികക്രമം സംജാതമാകുകയും ചെയ്യുന്നു. ഇത് സാമ്പത്തിക അസമത്വത്തിന്റെ തോത് ക്രമാതീതമായി വർദ്ധിപ്പിക്കുകയും ഏകപക്ഷീയമായി അധികാരം കേന്ദ്രീകരിക്കുന്നതിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം രാഷ്ട്രീയസങ്കീർണതകളെക്കാൾ, വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും നേരിടുന്ന വെല്ലുവിളികൾ ഭയാനകമാണ്.
ഡിജിറ്റൽ മുതലാളിത്വം വ്യക്തിസ്വാതന്ത്ര്യത്തേയും സ്വകാര്യതയേയും പല മട്ടിൽ ഹനിക്കുന്നു. ഡേറ്റയുടെ ദുരുപയോഗം ഭരണകൂടങ്ങളുടേയും കോർപറേറ്റുകളുടേയും താൽപര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്തിയ പെഗാസസ് പോലുള്ള എത്രയോ വിഷയങ്ങൾ നമുക്ക് സുപരിചിതമായിരിക്കുമ്പോൾ, വ്യക്തിസ്വാതന്ത്ര്യത്തിന് അങ്ങേയറ്റം പ്രാധാന്യം കൊടുക്കുന്നുവെന്ന് അവകാശപ്പെടുന്ന മുതലാളിത്തത്തിൽ സ്വകാര്യതകളുടെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും കണിക പോലുമില്ല എന്നതു വ്യക്തം.
അൽഗോരിതമിക് നിയന്ത്രണത്തിലൂടെ, വ്യക്തിയുടെ പെരുമാറ്റങ്ങൾ, തിരിച്ചറിവ്, അനുഭവങ്ങൾ എന്നിവ നിരീക്ഷിക്കപ്പെടുക വഴി വ്യക്തിസ്വാതന്ത്ര്യവും സ്വകാര്യതയും ചൂഷണം ചെയ്യപ്പെടുന്നു. അംഗീകാരം ലഭിക്കാതെ പോലും ഡേറ്റ ഉപയോഗപ്പെടുത്തുക വഴി കൃത്രിമബുദ്ധിയുടെ അൽഗോരിതം മനുഷ്യതീരുമാനങ്ങളെ സ്വാധീനിക്കുന്നു. മനുഷ്യന്റെ പ്രകൃതിദത്തബോധം, സ്വതന്ത്ര ഇച്ഛാശക്തി എന്നിവ ഇല്ലാതാക്കി മനുഷ്യമസ്തിഷ്കത്തെ അസ്തമിപ്പിക്കുന്നു. മനുഷ്യന്റെ തിരിച്ചറിവ്, അനുഭവം, സ്വഭാവം, വികാരം, ബന്ധം, ധാർമ്മികത എന്നിവ സാങ്കേതികവിദ്യയുടെ പിടിയിലമരുകയും മനുഷ്യൻ എന്ന ജൈവികസത്ത ഇല്ലാതായി സൈർബോർഗായി മാറുകയും ചെയ്യുന്നു. സാമൂഹിക ഉത്തരവാദിത്വമില്ലാത്ത മാനവികത നഷ്ടപ്പെട്ട യന്ത്രമായി മനുഷ്യൻ പരിവർത്തനപ്പെടുന്നു.

‘മസ്തിഷ്കമരണം’:
സൈബോർഗ്യൻ സംഘർഷങ്ങൾ
രാഷ്ട്രീയ- സാംസ്കാരിക ചരിത്രാവസ്ഥകളോട് നിരന്തരം സമ്പർക്കത്തിലേർപ്പെടുന്ന ആവിഷ്ക്കാര ഉപാധി എന്ന നിലയിൽ, പോസ്റ്റ് ഹ്യുമൻ സങ്കീർണതകളും സിനിമയുടെ ലാവണ്യഭാവനകളിൽ പ്രതിനിധാനം ചെയ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ് ഹ്യുമൻ സിനിമകളെ കാലികമായി ക്രമപ്പെടുത്തുന്നതിനോ അതിന്റെ സൗന്ദര്യശാസ്ത്രവിശകലനത്തിനോ വേണ്ടിയുള്ള ശ്രമങ്ങളെക്കാൾ, അവയിൽ അവതരിപ്പിക്കപ്പെടുന്ന മനുഷ്യാനന്തര രാഷ്ട്രീയയുക്തികളുടെ വിശകലനങ്ങളാണ് പ്രസക്തം.
മനുഷ്യാനന്തര സമൂഹത്തെ മൂന്നാംലോകരാജ്യങ്ങളുടെ പരിപ്രേക്ഷ്യത്തിൽ അവതരിപ്പിച്ച ചലച്ചിത്രമായിരുന്നു റ്യാൻ ക്ലൂഗ്ലർ (2018) സംവിധാനം ചെയ്ത ബ്ലാക്ക് പാന്തർ. വൈബ്രെനിയം എന്ന ഒരു ലോഹം അന്യഗ്രഹത്തിൽനിന്ന് ആഫ്രിക്കൻ ഗോത്രജനതയുടെ ഇടയിൽ പതിക്കുന്നതും അതിന്റെ ഉടമസ്ഥതയ്ക്കുവേണ്ടി അവർ പരസ്പരം യുദ്ധം ചെയ്യുന്നതും ഒടുവിൽ പുറംലോകമറിയാതെ അവർ അതുപയോഗിച്ച് ആധുനിക സാങ്കേതികവിദ്യകൾ രൂപപ്പെടുത്തുന്നതുമാണ് സിനിമയുടെ പ്രമേയം. ആഫ്രിക്കൻ ജനത അതിനെ രഹസ്യമാക്കുന്നത് മുതലാളിത്ത ലോകത്തിന്റെ ദുരുപയോഗം ഭയന്നാണ്. മനുഷ്യാനന്തരലോകത്തിന്റെ ഭാവിനൈതികതയെ സിനിമ അടയാളപ്പെടുത്തുന്നു. ആഗോളമുതലാളിത്തത്തിനു ബദലായി വിഭവങ്ങളുടെ പുനർവിതരണം സാധ്യമാക്കുകയെന്ന ഭാവിപ്രതീക്ഷ സിനിമ പങ്കുവെയ്ക്കുന്നു.
റിഡ്ളെ സ്കോട്ടിന്റെ ബ്ലേഡ് റണ്ണർ (1982) എന്ന സിനിമയാകട്ടെ മനുഷ്യാനന്തരഭാവനകളെ സംബന്ധിക്കുന്ന ധാരണകളെ ആഴത്തിൽ സ്വാധീനിച്ച സിനിമയാണ്. ഡെനിസ് വില്ലിന്യൂവി സംവിധാനം ചെയ്ത ബ്ലേഡ് റണ്ണർ 2049 (2017) ഈ ചലച്ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ഈ ചലച്ചിത്രത്തെക്കുറിച്ച് സ്ലാവോ സിസേക് എഴുതിയ ബ്ലേഡ് റണ്ണർ 2049- എ വ്യൂ ഓഫ് പോസ്റ്റ് ഹ്യുമൻ ക്യാപിറ്റലിസം (2021) എന്ന ലേഖനം, ആഗോള മുതലാളിത്തത്തിന്റെ നൈതികപ്രതിസന്ധിയുമായി സിനിമ സംവദിക്കുന്നതെങ്ങനെയെന്ന് വിശദമാക്കുന്നുണ്ട്. ഇപ്പോഴത്തെ മനുഷ്യമുതലാളിത്തം അവസാനിക്കുകയും മനുഷ്യാനന്തരമുതലാളിത്തത്തിലേക്ക് മാറുകയും ചെയ്യുന്നതെപ്രകാരമാണെന്ന് സിനിമ അടിവരയിടുന്നു.

9, റെഡ് റെയ്ൻ എന്നീ ശാസ്ത്രാഖ്യാനസിനിമകൾ കൂടാതെ സമയം, സമാന്തരയാഥാർത്ഥ്യം എന്നിവയെ നിഗൂഢാഖ്യാനത്തിൽ അവതരിപ്പിച്ച ചുരുളി പോലുള്ള ചില ശാസ്ത്ര- സാങ്കേതിക സിനിമകളേ മലയാളത്തിൽ ഉണ്ടായിട്ടുള്ളൂ. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 (2019) എന്ന സിനിമയിൽ മനുഷ്യനും റോബോട്ടും തമ്മിലുള്ള വൈകാരിക സംഘർഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. സാങ്കേതികവിദ്യ സാംസ്കാരികവൈരുദ്ധ്യങ്ങളിൽ പ്രവർത്തിക്കുന്നത് എപ്രകാരമാണെന്ന് ഈ സിനിമ അടിവരയിടുന്നു. സാങ്കേതികവിദ്യയുടെ അതിപ്രസരത്തിന്റെ സങ്കീർണതകൾ ഇവിടെയെല്ലാം പ്രകടമാണെങ്കിലും, മനുഷ്യാനന്തര അനുഭവങ്ങളുടെ ലാവണ്യശാസ്ത്രവും രാഷ്ട്രീയയുക്തിയും പ്രതിഫലിക്കപ്പെട്ടിട്ടില്ല. ഈ അഭാവത്തെ പൂരിപ്പിക്കുന്ന ദൗത്യമാണ് കൃഷാന്ദ് സംവിധാനം ചെയ്ത മസ്തിഷ്കമരണം- എ ഫ്രാങ്കെൻബൈറ്റിംഗ് ഓഫ് സൈമൺസ് മെമ്മറീസ് (2026) എന്ന ചലച്ചിത്രം നിർവഹിക്കുന്നത്. സൈബോർഗ്യൻ യാഥാർത്ഥ്യങ്ങളുടെ ദൃശ്യാവിഷ്കാരമെന്ന നിലയിൽ, മലയാളചലച്ചിത്രചരിത്രത്തിൽ തന്നെ പ്രമേയത്തിലും ആവിഷ്കാരത്തിലും നവീന ചുവടുവെയ്പ്പായി ഈ സിനിമ മാറുന്നു.
ഡിജിറ്റൽ പ്ലാറ്റ്ഫോം മുതലാളിത്തവും പോസ്റ്റ് ഹ്യുമനിസവും ചേർന്ന് സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥകളെ മുൻനിർത്തി ചില നൈതികപ്രശ്നങ്ങൾ ഫ്യൂചറിസ്റ്റിക്ക് പശ്ചാത്തലത്തിൽ, ആക്ഷേപഹാസ്യരൂപേണ ദൃശ്യവത്കരിച്ചിരിക്കുന്ന ചലച്ചിത്രമാണ് മസ്തിഷ്കമരണം. സൈബോർഗ്യൻ സന്ദർഭങ്ങളിലെ സ്വതന്ത്ര്യത്തിന്റെയും നിയന്ത്രണത്തിന്റെയും സംഘർഷഭൂമികയാണ് സിനിമയുടെ പ്രമേയം. സൈബോർഗ്യനിസത്തിന്റെ അസന്നിഗ്ധമായ ദാർശനികസമസ്യകളെ ചില നൈതികവിഷയങ്ങളാക്കി സിനിമ അവതരിപ്പിക്കുന്നു. മനുഷ്യൻ യന്ത്രമായിരിക്കുന്നു; അവരുടെ ജൈവികസത്ത നഷ്ടപ്പെട്ടിരിക്കുന്നു.
വ്യക്തമായ സ്ത്രീപക്ഷരാഷ്ട്രീയം സിനിമയ്ക്കുണ്ട്. തന്നെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രൊഡ്യൂസറേയും മഞ്ഞപത്രക്കാരനേയുമാണ് ഫ്രിഡ കൊല്ലുന്നത്. സൈബോർഗ്യൻ കാലഘട്ടത്തിൽ കൊലപാതകം എങ്ങനെ വ്യാഖ്യാനിക്കാം എന്നത് വലിയൊരു വെല്ലുവിളിയാണ്.
അടിസ്ഥാനപരമായി സിനിമ സംവദിക്കുവാൻ ശ്രമിക്കുന്ന കേന്ദ്രാശയം ഇതാണ്. ചലച്ചിത്രത്തിന്റെ ശീർഷകം തന്നെ ഇതു വെളിപ്പെടുത്തുകയും വിശദീകരിക്കുകയും ചെയ്യുന്നു. മനുഷ്യന്റെ ജൈവികപ്രകൃതത്തെ നിലനിർത്തുന്നത്, അവരുടെ ചിന്തയേയും ബോധത്തേയും പ്രതിധാനം ചെയ്യുന്ന മസ്തിഷ്കമാണ്. അനുഭവം, പെരുമാറ്റം, ചിന്ത, ബോധം, വിവേചനബുദ്ധി, തിരിച്ചറിവ് ഇങ്ങനെയുള്ള മനുഷ്യാസ്തിത്വത്തെ നിലനിർത്തുന്ന ജൈവികപ്രകൃതങ്ങളുടെ ഉറവിടമായ മസ്തിഷ്കത്തെയും അതിന്റെ ശേഷിയേയും ഇല്ലാതാക്കി, പോസ്റ്റ് ഹ്യുമൻ സൈബോർഗ്യൻ യാന്ത്രികതയുടെ പതിപ്പായി മനുഷ്യൻ മാറിയിരിക്കുന്നു. "മനുഷ്യമസ്തിഷ്ക്കം മരിച്ചിരിക്കുന്നു”. ഈ മാനവാനാന്തരയാഥാർത്ഥ്യത്തിൽ വ്യക്തി, സമൂഹം, സ്വകാര്യത, സ്വാതന്ത്ര്യം, ലൈംഗികത, സത്യസന്ധത, മാനവികത, വൈകാരികത, അനുഭവം, പെരുമാറ്റം, ബന്ധങ്ങൾ, അധികാരം, ധാർമ്മികത തുടങ്ങിയ രാഷ്ട്രീയ- നൈതിക വിഷയങ്ങൾ എങ്ങനെ അഭിമുഖീകരിക്കപ്പെടുന്നു എന്നാണ് സിനിമ പറയാൻ ശ്രമിക്കുന്നത്.
2046-ൽ, അതായത് 20 വർഷങ്ങൾക്കുശേഷമുള്ള കൊച്ചിയിലാണ് കഥാപരിസരം വികസിക്കുന്നത്. കാലാവസ്ഥാവ്യതിയാനം മൂലം കടലെടുത്ത കൊച്ചിയിൽ സാമ്പത്തിക അസമത്വം വർദ്ധിക്കുകയും മാധ്യമങ്ങൾക്കും നിർമ്മിതബുദ്ധിയ്ക്കും പ്രത്യേക പ്രൊപ്പഗാണ്ട ഉണ്ടായിരിക്കുകയും അരാജകത്വവും അഴിമതിയും നിറയുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, സിനിമാതാരമായ ഫ്രിഡ സോമന്റെ സ്വകാര്യ വീഡിയോദൃശ്യങ്ങൾ മറ്റൊരാളുടെ മെമ്മറിയിൽനിന്ന് അടർത്തിമാറ്റി അനുഭവിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്തു എന്ന പരാതിയിൽ പ്രതികളാവുന്നവരും അതിൽ ഒരാൾക്ക് മാത്രം അനുഭവപ്പെടുന്ന കൊലപാതകത്തിന്റെ അനുഭവത്തിലൂടെ ഫ്രിഡ സോമൻ നടത്തുന്ന രണ്ടു കൊലപാതകങ്ങളുടെ അന്വേഷണവും വിചാരണയുമാണ് പ്രമേയപരിസരം. അരേഖീയവും ശകലിതവുമായ ആഖ്യാനമാണ് സിനിമ പിന്തുടരുന്നത്. കഥ പറയുവാൻ ക്രമരഹിതമായ സമയക്രമവും സ്പഷ്ടമല്ലാത്ത ഇടവേളകളും കഥാപാത്രങ്ങളുടെ പരിപ്രേക്ഷവും ഉപയോഗപ്പെടുത്തുന്നു. സിനിമയുടെ അവസാനം കഥയെ പൂരിപ്പിക്കുവാൻ പ്രേക്ഷകർക്ക് സാധിക്കും. ഈ ആഖ്യാനരീതി സിനിമയുടെ രാഷ്ട്രീയത്തെ ബലപ്പെടുത്തുന്നു.

20 വർഷങ്ങൾക്കുശേഷം കൊച്ചി സൈബോർഗ്യൻ കാലഘട്ടത്തിലേക്ക് പ്രവേശിക്കുമ്പോഴുള്ള ദൃശ്യങ്ങളാണ് സിനിമയിലുടനീളം. കൂറ്റൻ ഫ്ലാറ്റുകൾ, പറക്കുന്ന കാറുകൾ, ഡ്രോണുകൾ, റോബോട്ടുകൾ, പോലീസും ഭരണകൂടസംവിധാനവും ഉപയോഗപ്പെടുത്തുന്ന നൂതന ഡിജിറ്റൽ സാങ്കേതികവിദ്യകൾ എന്നിവയോടൊപ്പം അഭിനേതാക്കളുടെ വേഷവിധാനങ്ങളിൽ പോലും സൈബോർഗ്യൻ ഭാവിയുടെ അടയാളങ്ങൾ കാണാം.
അനുഭവങ്ങൾ, വ്യക്തി, സ്വകാര്യത -
ഡിജിറ്റൽ മുതലാളിത്തയുക്തി
പോസ്റ്റ് ഹ്യുമനിസത്തിന്റെയും ഡിജിറ്റൽ മുതലാളിത്തിന്റെയും യുക്തിയിൽ മനുഷ്യൻ യന്ത്രമായി മാറുന്ന കാഴ്ചകളാണ് സിനിമയിലുള്ളത്. മനുഷ്യാനുഭവങ്ങളും അവരുടെ വൈകാരികതകളുമാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത്. മകൾ മരിച്ചതിന്റെ ദുഃഖസ്മരണകൾ മസ്തിഷ്കത്തിൽനിന്നും നീക്കം ചെയ്യുന്ന അമ്മയും ആ ദുഃഖത്തെ നിയന്ത്രിക്കാനായി വെർച്ച്വൽ ഗെയിമുകളിൽ ഏർപ്പെടുന്ന അച്ഛനായ ബിമലും യുദ്ധം, മരണം, ലൈംഗികത തുടങ്ങി മറ്റുള്ളവരുടെ അനുഭവങ്ങളെ വെർച്ച്വൽ ഗെയിമിലൂടെ സ്വന്തം അനുഭവമായി മാറ്റുന്ന മറ്റു കഥാപാത്രങ്ങളും അത്തരം ഗെയിമിംഗിനായി സ്ഥാപനം നടത്തുന്ന ചാർളിയും ഇതിന്റെ നേർചിത്രണമാകുന്നു.
‘സ്വതന്ത്രനായ വ്യക്തി’ ഒരു ബൂർഷ്വാസങ്കല്പമാണെങ്കിലും മനുഷ്യാനന്തരഭാവിയൽ, ‘വ്യക്തി’ പോലും ഉണ്ടായിരിക്കുകയില്ല. ജൈവികപ്രകൃതത്തിലുള്ള മനുഷ്യൻ അസ്തമിക്കുകയും സാമൂഹ്യ ഉത്തരവാദിത്വമില്ലാത്ത നിരവധി സൈബോർഗുകൾ ഉണ്ടാവുകയും ചെയ്യും. സ്വകാര്യതയാണ് ഏറ്റവും വെല്ലുവിളി നേരിടുന്നത്.
സിനിമയിലെ കഥാപാത്രങ്ങളുടെ പെരുമാറ്റം, അനുഭവം എന്നിവയെ നിയന്ത്രിക്കുന്നത് അവരവരുടെ മസ്തിഷ്കമല്ല; ഡിജിറ്റൽ മുതലാളിത്തത്തിന്റെ പോസ്റ്റ് ഹ്യുമൻ യുക്തികളാണ്. അനിയന്ത്രിതമായ ഡേറ്റകളുടെ ഉപയോഗമാണ് ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാതൽ. മരിച്ചുപോയ കുഞ്ഞ് വാട്ടർ പ്യൂരിഫെയർ പരസ്യത്തിലും മരിച്ചു പോയ മുത്തശ്ശി മരുന്നിന്റെ പരസ്യത്തിലും വരുന്നത് സിനിമയിലുണ്ട്. മനുഷ്യനെ ആകമാനം നിർവചിക്കുകയും നയിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് അൽഗോരിതങ്ങളാണ്. മാത്രവുമല്ല, നെറ്റ് വർക്ക് ഉപഭോഗം വളരെ ചെലവേറിയ ഒന്നായി മാറുമെന്നുള്ള സൂചനകൾ സിനിമ നൽകുന്നുണ്ട്.
പോസ്റ്റ് ഹ്യുമൻ കാലത്തിൽ സാമ്പത്തിക അസമത്വത്തിന്റെ തോത് വളരെ കൂടുതലാണ്. സിനിമയിലെ ബിമൽ എന്ന കഥാപാത്രം ആളുകൾ ഇടുങ്ങി ജീവിക്കുന്ന ഫ്ലാറ്റ് / ചേരിയിൽ ജീവിക്കുന്നവനും നെറ്റ് വർക്ക് ഉപഭോഗത്തിൽ പലപ്പോഴും ക്ഷാമം നേരിടുന്നവനുമാണ്.
മനുഷ്യാനന്തരസന്ദർഭങ്ങൾ വ്യക്തി, സ്വകാര്യത എന്നിവയെ എപ്രകാരമാണ് ബാധിക്കുന്നതെന്നതിന്റെ നേർചിത്രണമാണ് ഈ സിനിമ. ‘സ്വതന്ത്രനായ വ്യക്തി’ ഒരു ബൂർഷ്വാസങ്കല്പമാണെങ്കിലും മനുഷ്യാനന്തരഭാവിയൽ, ‘വ്യക്തി’ പോലും ഉണ്ടായിരിക്കുകയില്ല. ജൈവികപ്രകൃതത്തിലുള്ള മനുഷ്യൻ അസ്തമിക്കുകയും സാമൂഹ്യ ഉത്തരവാദിത്വമില്ലാത്ത നിരവധി സൈബോർഗുകൾ ഉണ്ടാവുകയും ചെയ്യും. സ്വകാര്യതയാണ് ഏറ്റവും വെല്ലുവിളി നേരിടുന്നത്.
ഒരാളുടെ മസ്തിഷ്കത്തിൽനിന്ന് അനുഭവങ്ങൾ മാറ്റിയെടുത്ത് മറ്റുള്ളവർക്ക് അനുഭവവേദ്യമാക്കുന്നതാണ് സിനിമയിലെ സംഘർഷം. ഫ്രിഡയുമായുള്ള ലൈംഗികതയുടെ സ്മരണകൾ ഷാജിമോന്റെ മസ്തിഷ്കത്തിൽനിന്നും അടർത്തിമാറ്റി വിപണനം നടത്തിയവർക്കും പ്രചരിപ്പിച്ചവർക്കും അനുഭവിച്ചവർക്കും എതിരെയാണ് ഫ്രിഡ നിലനിൽക്കുന്നത്. ഇവിടെ സ്വകാര്യതയാണ് വിഷയം; വിശേഷിച്ച് സ്ത്രീയുടെ. എന്നാൽ ഫ്രിഡയുമായുള്ള ലൈംഗികവേഴ്ച ഷാജിമോന്റെ ഭാവന മാത്രമായിരുന്നു എന്ന് വെളിപ്പെടുത്തുന്നതിലൂടെ ആക്ഷേപഹാസ്യത്തിന്റെ സാധ്യത മാത്രമല്ല സിനിമയുടെ താൽപര്യം. മനുഷ്യഭാവന പോലും സ്വകാര്യമല്ല എന്ന മാനവാനന്തര യാഥാർത്ഥ്യത്തെ പ്രത്യക്ഷവത്കരിക്കുക കൂടിയാണ് സിനിമ ചെയ്യുന്നത്. ഇവിടെ യാഥാർത്ഥ്യമേതാണ് അയയഥാർത്ഥ്യമേതാണ് എന്ന സന്ദിഗ്ദ്ധത കൂടി വെളിപ്പെടുന്നുണ്ട്. കോടതിയിലെ വിചാരണരംഗത്തിനുശേഷം ഏറ്റവുമെടുവിൽ ഇവയെല്ലാം ബിമലിന്റെ വെർച്വൽ ഗെയിമായിരുന്നു എന്നിടത്താണ് സിനിമ അവസാനിക്കുന്നത്. മനുഷ്യനാനന്തരവിചാരങ്ങളിൽ യാഥാർത്ഥ്യം ഏറെക്കുറെ ഇപ്രകാരമായിരിക്കും.

സമകാലിക രാഷ്ട്രീയം
ഭാവിപരിപ്രേക്ഷ്യത്തിലുള്ളതാണെങ്കിലും സമകാലിക രാഷ്ട്രീയ യാഥാർത്ഥ്യങ്ങളുമായി സംവദിക്കുന്നു എന്നത് സിനിമയെ കാലികപ്രസക്തമാക്കുന്നു. സമകാലിക രാഷ്ട്രീയയാഥാർത്ഥ്യങ്ങളോട് സംവദിക്കുവാൻ ആക്ഷേപഹാസ്യത്തിന്റെ വഴികളാണ് സിനിമ സ്വീകരിക്കുന്നത്. ഒരു വ്യക്തിയുടെ വാക്കുകളെ എഡിറ്റിംഗിലൂടെ മാറ്റി മറ്റൊരു അർത്ഥം കെട്ടിച്ചമയ്ക്കുന്ന ദൃശ്യഭാഷാരീതിയായ ഫ്രാങ്കെൻബൈറ്റിംഗ് പിന്തുടരന്നു എന്ന് സിനിമ സ്വയം പറയന്നു. ആക്ഷേപഹാസ്യത്തിനായുള്ള നവീന ദൃശ്യഭാഷാരീതിയായി ഇതിനെ വിലയിരുത്താം.
ഒരേസമയം സാങ്കേതികബദ്ധമായ പ്രമേയത്തോടും സമകാലികരാഷ്ട്രീയത്തോടുമുള്ള സിനിമയുടെ വിനിമയങ്ങളെ ഇത് വേഗത്തിൽ സാധ്യമാക്കുന്നു. സമൂഹമാധ്യമങ്ങളുടെ അമിതോപയോഗവും മനുഷ്യവൈകാരികതയെ മൂലധനമാക്കി മാറ്റുന്ന മാധ്യമങ്ങളും അഴിമതിയും കെടുകാര്യസ്ഥതയും നിറഞ്ഞ ഭരണകൂട- നിയമസംവിധാനങ്ങളും പുരുഷാധിപത്യവ്യവസ്ഥക്കുള്ളിൽ സ്ത്രീകൾ നേരിടുന്ന ചൂഷണവും സിനിമയുടെ വിമർശനപരിധിയിൽ വരുന്നു.
ഫ്രിഡ സോമന്റെ കേസു നടക്കുമ്പോൾ, സമൂഹമാധ്യമങ്ങൾവഴി അഭിപ്രായം പറയുന്നവർ ഏറെയുണ്ട്. കോടതിമുറിയിലെ സംഭവവികാസങ്ങളെ എഴുതി തയ്യാറാക്കിയ സ്ക്രിപ്റ്റു പോലെ അവതരിപ്പിക്കുകയും റേറ്റിംഗ് കൂട്ടുവാനായി പരിശ്രമിക്കുകയും നിരന്തരം പരസ്യങ്ങൾക്കുവേണ്ടി നിലകൊള്ളുകയും ചെയ്യുന്ന മാധ്യമദൃശ്യങ്ങൾ സമകാല മാധ്യമസംസ്കാരത്തെ അപഹസിക്കുന്നു.
സ്ത്രീശരീരത്തോടുള്ള പുരുഷനോട്ടവും കാമനകളും അതിക്രമങ്ങളും സിനിമ അടയാളപ്പെടുത്തുന്നു. തന്റെ അവതാറിനെ ഉപയോഗിച്ച് ബിമലിന്റെ ഭാര്യയോട് ലൈംഗികതാൽപര്യത്തോടെ ചാർളി നടത്തുന്ന വിനിമയവും ആരാധകരുടെ കാമനകളെ പൂർത്തിയാക്കുന്ന ഫ്രിഡയുടെ ശരീരവും അവൾക്കു നേരിടേണ്ടിവരുന്ന ലൈംഗികാതിക്രമവും ഇതു വെളിപ്പെടുത്തുന്നു.
സിനിമയിൽ വൈരുധ്യങ്ങളുണ്ട്, പോസ്റ്റ്‌ഹ്യുമൻ യുക്തിയോടുള്ള സന്ദിഗ്ധതകളുണ്ട്. ഏതോ മോറലിസ്റ്റ് ജാഗ്രതകൾ സിനിമയിൽ പതിയിരുന്ന് പോസ്റ്റ്‌ഹ്യുമൻ യുക്തിയെ ഒരു സിനിക്കൽ ലെൻസിലൂടെമാത്രം കാണാൻ പ്രേക്ഷകരെ നിർബന്ധിക്കുന്നുണ്ട്.
ഫ്രിഡ സോമൻ കോടതിയിൽവെച്ച് നടത്തുന്ന സംഭാഷണത്തിൽ, തന്റെ ശരീരം ഒരു വസ്തുവാ ണെന്നും അതിന്റെ ഓരോ ഭാഗങ്ങളും വിപണചരക്കുകളുമാണെന്നും പറയുന്നു. പോസ്റ്റ് ഹ്യുമനിസത്തിന്റെയും ഡിജിറ്റൽ ക്യാപിറ്റലിസത്തിന്റെയും സവിശേഷ സാഹചര്യങ്ങൾ സ്ത്രീയെ ഉപഭോഗവസ്തുവാക്കുന്നത്തിൽ കൂടുതൽ തൽപരമാണ്. കൊലപാതസമയത്ത് ഭിത്തിയിൽ പാഞ്ചാലിയുടെ വസ്ത്രാക്ഷേപത്തിന്റെ ചിത്രവും കേടതിയിൽ ഫ്രിഡ സംസാരിക്കുമ്പോൾ സൂസന്ന ആൻഡ് എൽഡേഴ്സ് ചിത്രവും ഫോക്കസ് ചെയ്യപ്പെടുന്നുണ്ട്. പുരുഷാധിപത്യവ്യവസ്ഥയുടെ ഏതു ചരിത്രസന്ദർഭങ്ങളും സ്ത്രീകളെ വസ്തുവൽക്കരിക്കുന്നുവെന്ന് സിനിമ അടിവരയി ടുന്നു. പുരുഷസമൂഹത്തിന്റെ താൽപര്യങ്ങളെ ഫ്രിഡ ചോദ്യം ചെയ്യുമ്പോൾ സമാന്തരമായി വിഗ്രഹം ഉടയുന്നതിന്റെ ദൃശ്യങ്ങൾ സിനിമയിലുണ്ട്. സ്ത്രീകൾ വിഗ്രഹങ്ങളാക്കപ്പെടുകയും അവർ ചോദ്യം ചെയ്തു തുടങ്ങുമ്പോൾ വിഗ്രഹങ്ങൾ ഉടയുകയും ചെയ്യും.
വ്യക്തമായ സ്ത്രീപക്ഷരാഷ്ട്രീയം സിനിമയ്ക്കുണ്ട്. തന്നെ ശല്യം ചെയ്യാൻ ശ്രമിച്ച പ്രൊഡ്യൂസറേയും മഞ്ഞപ്പത്രക്കാരനേയുമാണ് ഫ്രിഡ കൊല്ലുന്നത്. സൈബോർഗ്യൻ കാലഘട്ടത്തിൽ കൊലപാതകം എങ്ങനെ വ്യാഖ്യാനിക്കാം എന്നത് വലിയൊരു വെല്ലുവിളിയാണ്.
ഫ്രിഡയുടെ അഭിഭാഷകൻ പറയുന്നുണ്ട്; മുൻപ് കൊലപാതകം ചെയ്യുമ്പോഴുണ്ടായിരുന്ന ആളല്ല ഇപ്പോഴുള്ളതെന്ന്. അവരുടെ ശരീരം നൂതന സാങ്കേതികവിദ്യങ്ങൾ ഉപയോഗിച്ച് പരിവർത്തനം ചെയ്തു. പഴയ ജൈവപ്രകൃതത്തിന്റെ പല ഘടകങ്ങളും മാറ്റി പുതിയത് സന്നിവേശിപ്പിച്ചിരിക്കുന്നു. മാനവാനന്തരസംഘർഷത്തിന്റെ നേർചിത്രണമാണിത്. മനുഷ്യനോ? യന്ത്രസംയുക്തമായ മറ്റെന്തോ എന്ന യാഥാർത്ഥ്യം സിനിമ ഉന്നയിക്കുന്നു.

സാങ്കേതികവിദ്യയിൽ ഉളവാകുന്ന നൂനതപ്രവണതകൾ ഒരു സമൂഹത്തിന്റെ ആഭ്യന്തരവൈരുദ്ധ്യങ്ങൾക്കുള്ളിലാണ് പ്രവർത്തിക്കുക. ധാർമ്മിക സദാചാരം പ്രസംഗിക്കുന്ന അധ്യാപകനും പൊങ്കാലയും പൂരവും ഒക്കെ വിഷയങ്ങളാകുന്നുണ്ടെങ്കിലും ജാതിയുടെ അസമത്വം പ്രത്യക്ഷത്തിലില്ല. സാമ്പത്തിക അസമത്വം പ്രകടവുമാണ്. സിനിമയിൽ വൈരുധ്യങ്ങളുണ്ട്, പോസ്റ്റ് ഹ്യുമൻ യുക്തിയോടുള്ള സന്ദിഗ്ധതകളുണ്ട്. ഏതോ മോറലിസ്റ്റ് ജാഗ്രതകൾ സിനിമയിൽ പതിയിരുന്ന് പോസ്റ്റ് ഹ്യുമൻ യുക്തിയെ ഒരു സിനിക്കൽ ലെൻസിലൂടെമാത്രം കാണാൻ പ്രേക്ഷകരെ നിർബന്ധിക്കുന്നുണ്ട്. എങ്കിലും പുതിയൊരു രാഷ്ട്രീയലാവണ്യത്തെ അടിസ്ഥാന സമീപനമാക്കുന്നു എന്നതിനാൽ അത്തരം വൈരുദ്ധ്യങ്ങളും പ്രമേയപരമായ ചില ഉപരിപ്ലവതകളും സാരമാക്കേണ്ടതില്ല.
കാരണം, ഈ സിനിമ പ്രേക്ഷകർക്ക് വലിയൊരു ബൗദ്ധിക സൗന്ദര്യമാണ് വാഗ്ദാനം ചെയ്യുന്നത്. സിനിമ പങ്കുവെച്ചുകൊണ്ടിരിക്കുന്ന നിരവധി പരസ്പരബന്ധിത സന്ദർഭങ്ങളിലേക്ക് പ്രേക്ഷകരുടെ ആലോചന ഒരേസമയം ചെന്നെത്തേണ്ടതുണ്ട് എന്നത് അത്ര നിസാരമല്ലെങ്കിലും തികച്ചും നീതീകരിക്കപ്പെടുന്ന വെല്ലുവിളിയാണ്. “സാഡ് ജീവിതം” മുതൽ “തൊറക്കൂല്ലടാ പട്ടി” വരെയുള്ള പാഠാന്തരബന്ധവും “ഇത്തിപ്പോരം” മുതൽ നീളുന്ന ഭാഷാഭേദങ്ങളും പ്രേക്ഷകരുടെ വിചാരശേഷിക്ക് വെല്ലുവിളിയാകുന്നുണ്ട്.
ഇത്തരം സിനിമകളാണ് ഒരർത്ഥത്തിൽ മലയാളസിനിമയുടെ മുന്നോട്ടുപോക്കിനെ അടയാളപ്പെടുത്തുന്നത്. ആഗോളചിന്തയുടെയും സാംസ്കാരികാവസ്ഥകളുടേയും ഭാഗമാവുക എന്ന ദൗത്യം നിർവഹിക്കുന്ന സിനിമകൾ പ്രസക്തമാവുന്നത് അവ പ്രാദേശികസിനിമയുടെ തലത്തിൽനിന്ന് ഭാഷാസിനിമയെ ഉയർത്തുന്നു എന്നതിനാലാണ്. മസ്തിഷ്കമരണം തീർച്ചയായും അത്തരമൊരു വിഭാഗത്തിൽപ്പെടുന്ന ഉന്നതമായ കലാസൃഷ്ടിയാണ്.
▮
റഫറൻസ്:
Foucault, M. 1995. Discipline and punish: The birth of the prison. New York: Vintage Books.
Mbembe, Achille. 2019. Necropolitics. Durham, NC: Duke University Press.
Neill, C 2021. Lacanian on Blade Runner 2049. Landon: Palgrave macmillan Landon
Zuboff, Shoshana. 2019. The Age of Surveillance Capitalism: The Fight for a Human Future at the New Frontier of Power. New York: PublicAffairs
ശ്രീകുമാർ, ടി. ടി. 2023. പോസ്റ്റ്‌ഹ്യുമൻ വിചാരലോകങ്ങൾ: ശാസ്ത്രം, രാഷ്ട്രീയം, സൗന്ദര്യം, കോഴിക്കോട്: പുസ്തകപ്രസാധകസംഘം
ശ്രീകുമാർ, ടി. ടി, പി. സോമൻ 2025. അൽഗോരിതം, അദ്ധ്വാനം, അധികാരം: നിർമ്മിതബുദ്ധിയും ഡിജിറ്റൽ മൂലധനവും, തിരുവനന്തപുരം: ചിന്ത പബ്ലിഷേഴ്സ്.
