An Occurrence at Owl Creek Bridge കൊലമരത്തിൽനിന്നുള്ള മോചനം, അതൊരു സ്വപ്‌നം മാത്രം

മോചനം ഇന്നും വിദൂര സ്വപ്നം മാത്രമായ മൂന്നാം ലോക രാഷ്ട്രങ്ങളിലെ ജനതക്ക് റോബർട്ട് എന്റിക്കോയുടെ 'ഇൻസിഡന്റ് അറ്റ് ഔൾസ് ക്രീക്ക് ' എന്ന ഹ്രസ്വ ചിത്രം ശ്രദ്ധിക്കാതിരിക്കാനാവില്ല

തൂക്കുകയറിന്റെ അസ്വാസ്ഥ്യമുണർത്തുന്ന നിഴൽപ്പാടിൽ ജീവിക്കുവാൻ വിധിക്കപ്പെട്ട ഏതൊരു ജനതയും അത്തരമൊരു പരിതസ്ഥിതിയെ ഉല്ലംഘിക്കുവാൻ നടത്തുന്ന രക്തവും, കണ്ണീരും കലർന്ന സമരങ്ങളുടെ ചിത്രങ്ങൾ ചരിത്ര പുസ്തകങ്ങളുടെ താളുകളിലുടനീളം തിളങ്ങിക്കിടക്കുന്നത് കാണാം. അത്തരമൊരു സമരത്തിന് നിയതമായൊരു രൂപരേഖയുണ്ടാവണമെന്നില്ല. കെറൻസ്‌കിയുടെ കൊസ്സാക്കുകളുടെ സുസജ്ജമായ പടയണിയെ ചരിത്രം അന്നുവരെ അറിഞ്ഞിട്ടില്ലാത്ത അസാധാരണമായ ഒരു പടനീക്കത്തിൽ തകർത്തെറിഞ്ഞത് കൈയിൽ കിട്ടിയതെല്ലാം ആയുധമാക്കിയ സോവിയറ്റ് റഷ്യയിലെ സാധാരണ മനുഷ്യരായിരുന്നു. വിമോചനത്തിന്റെ അവസാനത്തെ വാതിലും അടഞ്ഞു കഴിഞ്ഞപ്പോൾ സ്വന്തം രക്തത്തിന്റെ തർപ്പണത്തിലൂടെ പുതിയൊരു പാത അവർ വെട്ടിത്തുറന്നു. അത്തരമൊരു ആത്മബലി പോലും സാധ്യമാവാത്തവിധം തുറുങ്കിലടക്കപ്പെട്ട ഒരു ജനത, ഒരു മനുഷ്യൻ എങ്ങനെയാവും പ്രതികരിക്കുക? പീഡനത്തിന്റെ ഭൗതികതയ്ക്ക് മേൽ തലയുയർത്തി നിൽക്കുന്ന സ്വന്തം ചേതനയും വിമോചനത്തിന്റെ സ്വപ്നവും തമ്മിലുള്ള കൂടിക്കാഴ്ചകൾ, ഹോചിമിന്റെ കവിതയിലെന്നപോലെ, അവർക്ക് ആശ്വാസവും, പ്രതീക്ഷയുമാവുന്നു. ആ സ്വപ്നങ്ങളാവട്ടെ ഭാവിതലമുറകയ്ക്ക് മാർഗദർശിയായ രജത രേഖകളായി പരിണമിക്കുക വഴി അവയുടെ അസ്തിത്വത്തിന് നൈതികമായൊരു മാനം നേടിക്കൊടുക്കുകയുമാണ്. മോചനം എന്ന സ്വപ്നത്തിന്റെ അർത്ഥതലങ്ങൾ തേടിയുള്ള മാനുഷികത തുടിച്ചു നില്ക്കുന്ന അസാധാരണമായ ഒരു അന്വേഷണമാവുന്നത് കൊണ്ടാണ്. റോബർട്ട് എന്റിക്കോയുടെ "ഏൻ ഒക്കറൻസ് അറ്റ് ഔൾ ക്രീക്ക് ബ്രിഡ്ജ്‌' എന്ന ഹ്രസ്വ ചിത്രം നമ്മുടെ ശ്രദ്ധ പിടിച്ചു പറ്റുന്നത്. മോചനം ഇന്നും ഒരു വിദൂര സ്വപ്നം മാത്രമായ മൂന്നാം ലോക രാഷ്ട്രങ്ങളിലെ ജനതക്ക് എന്റിക്കോയുടെ ഈ ചിത്രം ശ്രദ്ധിക്കാതിരിക്കാനാവില്ല തന്നെ.

ഏകാന്തവും വിജനവുമായ ഒരു പ്രദേശത്തിന്റെ വിശദാംശങ്ങളിൽ മിഴിയൂന്നിക്കൊണ്ടാണ് ചിത്രമാരംഭിക്കുന്നത്. കുറ്റിക്കാടുകൾക്കിടയിലൂടെയും മരങ്ങൾക്കിടയിലൂടെയും പതുക്കെ നീങ്ങുന്ന ക്യാമറയുടെ കണ്ണുകൾ വളരെയകലെ ഒരുപറ്റം ഭടന്മാരെ നമുക്ക് കാണിച്ചു തരുന്നു.

ഔൾസ് ക്രീക്ക് പാലത്തിനടുത്ത് കൊലമരമുയരുകയാണ്. ആരോ ഒരാൾ തൂക്കിക്കൊല്ലപ്പെടുവാൻ പോവുന്നു. അവസാനത്തെ ഒരുക്കങ്ങൾ നടക്കുമ്പോൾ, ഒരു നിമിഷം അയാളുടെ മനസ്സ് കുതറിയോടുകയാണ്. ആ നിമിഷത്തിൽ അയാളുടെ സുന്ദരിയായ ഭാര്യയും ഊഞ്ഞാലാടുന്ന മകളുമൊക്കെ അവ്യക്തമായൊരു സ്വപ്നം പോലെ അയാളുടെ നീറുന്ന മനസ്സിനെ തഴുകി കടന്നുപോവുന്നു. തടവുകാരന്റെ മുഖം ക്ലോസപ്പിലേക്ക് വരുമ്പോൾ, ആഴമേറിയ ദുഃഖമുറഞ്ഞു നിൽക്കുന്ന കണ്ണുകളും പ്രാർത്ഥനയിലെന്നപോലെ ചലിച്ചു കൊണ്ടിരിക്കുന്ന ചുണ്ടുകളും അയാളുടെ അറ്റമെഴാത്ത വേദനയെ തീവ്രമായി സംഗ്രഹിക്കുന്നുണ്ട്. അയാളുടെ കഴുത്തിൽ കൊലക്കയർ വീഴുന്നത്, നദിയുടെ മുകളിലെ നിരാലംബതയിലേക്ക് അയാൾ വലിച്ചെറിയപ്പെടുന്നത് വലിഞ്ഞു മുറുകിയ ഞരമ്പുകളോടെയാണ് നാം കണ്ടിരിക്കുന്നത്. അപ്പോഴാണ് തീർത്തും അപ്രതീക്ഷിതമായി അത് സംഭവിക്കുന്നത്. കയർ പൊട്ടി അയാൾ നദിയിലേക്ക് താഴുന്നു. ഉദ്വേഗം നിറഞ്ഞ സംഭവങ്ങൾക്ക് തുടക്കം കുറിച്ചു കൊണ്ട് നദിയുടെ ആഴത്തിൽ വെച്ച് അയാൾ തന്റെ കഴുത്തിലേയും കൈയ്യിലേയും കെട്ടുകൾ എങ്ങിനെയൊക്കെയോ അഴിച്ചു മാറ്റുകയാണ്.

നദിയുടെ മുകൾപ്പരപ്പിലേക്ക് പിടഞ്ഞുയരുകയായി പിന്നീട് അയാൾ. തന്റെ തലയ്ക്കു നേരെ തിരിയുന്ന ഭീഷണമായ ആയുധങ്ങൾ പോലും കാണുന്നതിനു മുമ്പ് സംവിധായകൻ അയാളുടെ കാഴ്ചപ്പാടിലേക്ക് കൊണ്ടുവരുന്ന ദൃശ്യങ്ങൾ ശ്രദ്ധേയമാണ്. മഞ്ഞുതുള്ളികൾ വീണു നനഞ്ഞ ഇല, വല നെയ്യുന്ന ചിലന്തി, ഇലയ്ക്കു മീതെ ഇഴഞ്ഞു പോവുന്ന സെന്റിപ്പീഡ്. ഈ മൂന്നു ബിംബങ്ങളിലൂടെയാണ് ജീവിതത്തിനോടുള്ള അയാളുടെ അഗാധമായ പ്രണയവും അയാൾ അകപ്പെട്ടു പോവുന്ന ദാരുണമായ പരിതോവസ്ഥയും വളരെ നേർത്ത രക്ഷപ്പെടലും സൂചിപ്പിക്കപ്പെടുന്നതെന്നു തോന്നുന്നു. ഒരിക്കലും പ്രതീക്ഷിക്കാതെ അയാൾക്ക് ജീവിതം തിരിച്ചു കിട്ടുകയാണല്ലോ. അത്തരമൊരു അവസ്ഥയിൽ, നഷ്ടപ്പെട്ടു എന്നു കരുതിയ പ്രാപഞ്ചിക ജീവിത സന്ദർഭങ്ങളിലേക്ക് അയാളുടെ മിഴികൾ കുതറിയോടുകയാണ് എന്ന് ആ ദൃശ്യങ്ങളുടെ കാതലിലേയ്ക്ക് കടക്കാതെ പറയുകയും ചെയ്യാം.

ഒന്നു നേരെ ശ്വസിക്കുന്നതിനു മുമ്പു തന്നെ, പക്ഷേ വെടി മുഴങ്ങുകയായി. ബയണറ്റുകൾ തറച്ചു നിർത്തിയ തോക്കുകൾ, ജീവിക്കാനുള്ള അദമ്യമായ ത്വരയിൽ നീന്തിയകലുന്ന തടവുകാരന്റെ ശരീരത്തിലേക്ക് വെടിയുണ്ടകൾ വർഷിക്കുന്ന ദൃശ്യത്തിന് ശ്വാസം അടക്കിപ്പിടിച്ചിരുന്ന നാം ദൃക്‌സാക്ഷികളാവുന്നു. വെടിയുണ്ടകളുടെ മുന കൂർത്ത രക്തദാഹത്തിൽ നിന്ന് എങ്ങനെയെല്ലാമോ അയാൾ തെന്നിയകലുകയാണ്. നീന്തി നീന്തി ക്ഷീണിച്ചു തളർന്ന് ഒടുവിൽ ഏതോ തീരത്ത് അയാൾ അണയുന്നു. തുടർന്ന് ആസുരമായ ആഹ്ലാദ പ്രകടനമാണ് നടക്കുന്നത്. ജീവിതം വീണ്ടുകിട്ടിയെന്ന് അയാൾക്ക് വിശ്വസിക്കാനാവുന്നില്ല. കൈകളിൽ മണ്ണുവാരിയെടുത്ത്, ചളിയിൽ ഉരുണ്ടു മറിഞ്ഞ്, മണ്ണിനെ കെട്ടിപ്പിടിച്ച് ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് അയാൾ ആഘോഷിക്കുകയാണ്. ലോകത്തോട് മുഴുവൻ സ്‌നേഹം തോന്നിപ്പോയ ആ നിമിഷത്തിൽ ഒരു പുഷ്പത്തെ അയാൾ ചുംബിക്കാനായുന്നു. അപ്പോഴേക്കും പിന്നിൽ വീണ്ടും വെടിയുണ്ടകൾ കുതിച്ചെത്തുകയായി. തന്നെ പിന്തുടരുന്ന വെടിയൊച്ചകളുടെ പശ്ചാത്തലത്തിൽ ജീവനും കൈയ്യിലെടുത്തു കൊണ്ട് കരുത്തിന്റെ അവസാനത്തെ കണികയും ചോർത്തിയെടുത്ത് അയാൾ കുതിച്ചോടുന്നു. കല്ലും പാറക്കെട്ടും കുറ്റിക്കാടുകളും കടന്ന് മരണത്തിൽ നിന്ന് ജീവിതത്തിലേക്കുള്ള അന്ധമായൊരു പ്രയാണമായിരുന്നു അത്. പിന്നിൽ മരണം രോമമില്ലാത്ത കഴുത്തുമായി പറന്നെത്തുന്നുണ്ട് എന്ന ഭീതിദമായ സ്മരണയാണ് ഓരോ വീഴ്ചയിൽ നിന്നും അയാളെ പിടിച്ചെഴുന്നേല്പിക്കുന്നത്. ഓട്ടത്തിനിടയ്ക്ക് തികച്ചും സ്വാഭാവികമായി കടന്നുവരുന്ന ഒരു സീക്വൻസ് ശ്രദ്ധിക്കപ്പെടേണ്ടതുണ്ടെന്നു തോന്നുന്നു. ഇരുവശവും മരങ്ങൾ വളർന്നു നിൽക്കുന്ന ഒരു തോട്ടത്തിനു നടുവിലെ പാതയിലൂടെ തടവുകാരൻ ഓടി വരുന്ന ദൃശ്യം പതിവിൽ ഏറേ നേരം തിരശ്ശീലയിൽ തങ്ങുമ്പോൾ അത് സംവിധായകൻ മുന്നോട്ടു വെക്കുന്ന ദർശനമാണെന്ന് ‌നാം തിരിച്ചറിയുന്നുണ്ട്. തടവുകാരന്റെ മോചനം എന്ന സ്വപ്നത്തിന്റെ ദൃശ്യബിംബമാണ് ആ രംഗം. ഒരു കാനൽ ബിന്ദു പോലെ അങ്ങകലെ ആരംഭിക്കുന്ന ആ പാത അയാളുടെ ഓട്ടത്തിനിടയ്ക്ക് വലുതായി വലുതായി സ്‌ക്രീൻ നിറയുന്നുണ്ട്. മോചനത്തിന്റെ വെളിച്ചത്തിലേക്കുള്ള പീഡിതന്റെ പ്രയാണ ഗതി സാർഥകമായ ആ രംഗം കൊണ്ട് സാക്ഷാത്കരിക്കുവാൻ സംവിധായകന് കഴിഞ്ഞിരിക്കുന്നു.

ഓടിത്തളർന്ന് ക്ഷീണിച്ച് അവശനായി അയാൾ ഒടുവിൽ തന്റെ വീട്ടിന്റെ പരിസരത്ത് എത്തുകയാണ്. ഗേറ്റു കടന്ന് നീണ്ട വഴിത്താരയിലൂടെ കൈകൾ നീട്ടിപ്പിടിച്ച് ഇടയ്ക്കിടെ വീഴാനാഞ്ഞ് അയാൾ നീങ്ങുന്നു. അങ്ങുദൂരെ അയാളുടെ ഭാര്യ പുറത്തേക്കു വരുന്ന ദൃശ്യം ഒരു കിനാവിലെന്നോണമാണ് അയാൾ കാണുന്നത്. തന്റെ ഓമലാളുടെ ചാരത്ത് എത്രയും വേഗം അണയുവാനുള്ള മോഹമാവണം ഇടക്കിടെ എത്തി എന്നു തോന്നിച്ച് വീണ്ടും കുറേയേറെ ദൂരം കൂടി ബാക്കിയുണ്ട് എന്ന് സൂചിപ്പിക്കപ്പെടുന്നതിലൂടെ ദൃശ്യവൽക്കരിക്കുന്നത്.

നീട്ടിപ്പിടിച്ച കൈകളുമായി ഒടുവിൽ അയാൾ ഭാര്യയുടെ സമീപത്തെത്തുകയാണ്. ഒരു ആലിംഗനത്തിന് മുതിരവേ കരൾ നടുക്കുന്ന ആക്രന്ദനത്തോടെ അയാൾ വീഴുന്നതാണ് നമ്മൾ കാണുന്നത്. അടുത്ത ഷോട്ട് : പാലത്തിന് മുകളിലെ തൂക്കുമരത്തിൽ തൂങ്ങിയിടുന്ന രൂപം. തടവുകാരന്റെ മനസ്സിലൂടെ കടന്നുപോയ മോചനത്തിന്റെ സ്വപ്നമായിരുന്നു ആ ദൃശ്യങ്ങളെന്ന് അപ്പോഴാണ് തികഞ്ഞ അവിശ്വസനീയതയോടെ നാം മനസ്സിലാക്കുന്നത്.

എല്ലാ പ്രതിബന്ധങ്ങളും തകർത്ത് മോചനം എന്ന സ്വപ്നത്തെ അണച്ചു പുല്കാനുള്ള മനുഷ്യന്റെ അനിരുദ്ധമായ അഭിലാഷത്തെക്കുറിച്ചു മാത്രമാണോ ഈ ചിത്രം സംസാരിക്കുന്നത്.? അല്ലെന്ന് തോന്നുന്നു "പഴയൊരു കഥ' * കേട്ടിട്ടില്ലേ? പാമ്പുകൾ നിറഞ്ഞ പാഴ്ക്കിണറ്റിലേക്ക് വീണു പോയ ഒരാൾ അവസാനത്തെ ആശ്രയമായി ഒരു ചെടിയുടെ വേരിൽ കടന്നു പിടിക്കുന്നു. ഒരു എലി ആ വേരിന്റെ അടിഭാഗം കരളുന്ന കാഴ്ച അപ്പോഴാണ് അയാൾ കാണുന്നത്. മുകളിൽ അയാളുടെ രക്തത്തിന് ദാഹിച്ചു കൊണ്ട് ഭീകരനായ വ്യാഘ്രം കാത്തു നിൽപ്പുണ്ട് . താഴെയാകട്ടെ വിഷം ചീറ്റുന്ന സർപ്പങ്ങളാണ്. മുകളിലെ മരത്തിലെ തേനീച്ചക്കൂടിൽ നിന്ന് അപ്പോഴാണ് തേൻ തുള്ളി അയാളുടെ ചുണ്ടിൽ പതിക്കുന്നത്. തലയുയർത്തി ആ മധുകണം നുണഞ്ഞിരിക്കുകയായി അയാൾ. ഈയൊരു ജീവിതാഭിനിവേശം തുടികൊട്ടി നിൽക്കുന്ന രംഗങ്ങൾ സാഹിത്യത്തിലാവട്ടെ, സിനിമയിലാവട്ടെ നമുക്ക് വളരെ അപൂർവ്വമായേ കണ്ടെത്താനാവൂ. എന്റിക്കോയുടെ ഈ ചിത്രം അത്തരമൊരു ആസക്തിയുടെ ലാവണ്യത്തികവാർന്ന ചിത്രീകരണത്തിന്റെ സാഫല്യമാവുകയാണ്. ജീവിതത്തിന്റെ മാധുര്യത്തെ നെഞ്ചോടു ചേർത്ത് നുകരുവാനുള്ള മനുഷ്യന്റെ മോഹത്തിന്റെ മാനിഫെസ്റ്റോ തന്നെയാണ് ഈ ചിത്രം. മനുഷ്യ ജീവിതത്തെ നീർക്കുമിളയുടെ ക്ഷണികതയുമായി നിശ്ചയമായും മുഖാമുഖം നിർത്തുകയും ചെയ്യുന്നുണ്ട് ഈ ചിത്രം. ചിത്രത്തിന്റെ ദാരുണമായ ഒടുവിലത്തെ ഷോട്ട് നമ്മെ ഒരു നടുക്കത്തിന്റെ നിർദാക്ഷിണ്യത്തിലേക്ക് നിസ്സങ്കോചം വലിച്ചെറിയുന്നുണ്ട്. സ്വർണ്ണാഭമായൊരു പ്രതീക്ഷയുടെ സ്പന്ദനം നമ്മെ തഴുകിക്കടന്നുപോവുന്നുവെന്ന് വിശ്വസിച്ചു പോവുന്ന നിമിഷം തന്നെ അപാരമായ ദുരന്തത്തിന്റെ വാതിൽ തുറന്നിട്ടുകൊണ്ട് ഭുമിയിലെ മനുഷ്യ ജീവിതത്തെക്കുറിച്ച് ഗാഢമായ ഉൾക്കാഴ്ചകളിലേക്ക് ഉന്മുഖമാവുകയാണ് ഈ ചലചിത്രം.

അംബ്രോസ് ബ്രീസിന്റെ പ്രശസ്തമായ കഥയെ ആധാരമാക്കി ഒരൊറ്റ കഥാപാത്രത്തെ മാത്രം കേന്ദ്രീകരിച്ച് നിർമിച്ച മിനുട്ടുകളോളം മാത്രം നീണ്ടുനിൽക്കുന്ന ഈ ഫ്രഞ്ച് ചലച്ചിത്ര ശിൽപ്പം പ്രേക്ഷകനെ അസാധാരണമായൊരു അനുഭൂതി തീവ്രതക്ക് വിധേയമാക്കുന്നത്
അതിൽ തളിർത്ത് നിൽക്കുന്ന മാനുഷികതയും സാരള്യവും കൊണ്ടു തന്നെയാവണം. മണിക്കൂറുകൾ കൊണ്ടു പോലും നമ്മുടെ പല സംവിധായകർക്കും എത്തിപ്പിടിക്കാൻ കഴിയാത്ത കാര്യമാണ് ബ്ലാക്ക് ആന്റ് വൈറ്റിൽ മിനുട്ടുകൾ കൊണ്ട് മാത്രം വാക്കുകളും സംഭാഷണങ്ങളും മിക്കവാറും ഒഴിവാക്കിക്കൊണ്ട് എന്റിക്കോ സാധിക്കുന്നത് എന്നോർക്കുമ്പോഴാണ് നാം അത്ഭുതം കൂറിപ്പോവുന്നത്.

* സുഗത കുമാരിയുടെ കവിത

Comments