ജഗദ്ദൽ: ലോഹത്തിൽ സാക്ഷാത്കരിക്കുന്ന ഏകാന്തത

‘അജാന്ത്രിക്’ നഷ്ടങ്ങളുടെ ആഴങ്ങളിൽ നിന്ന് പിടഞ്ഞുയരുന്ന പ്രതീക്ഷയുടെ ചലച്ചിത്രദർശനമാണ്. ഋത്വിക് ഘട്ടക്കിന്റെ ‘അജാന്ത്രിക്’ ചലച്ചിത്രത്തിന്റെ കാഴ്ച. ഡോ. എം. മുരളീധരൻ എഴുതുന്നു.

സീമാബദ്ധമല്ലാത്ത മനുഷ്യന്റെ സ്നേഹം ജീവജാലങ്ങളുടെ അതിരുകൾ കടന്ന് വസ്തുക്കളിലേക്കും വ്യാപിക്കുന്നു. കസേര, മരിച്ചുപോയ അച്ഛന്റെ ഇരിപ്പുചൂടും പഴയ വീട് ബാല്യത്തിന്റെ മിടിപ്പും ഉപയോഗിച്ചു തേഞ്ഞ പേന പ്രിയപ്പെട്ടവരുടെ വിരൽസ്പർശവും അവശേഷിപ്പിക്കുന്നതുപോലെ ഓർമ്മയുടെ നിരന്തരമായ സ്പർശത്തിലൂടെ വസ്തുക്കൾ മനുഷ്യന്റെ ആത്മചരിത്രത്തിൽ പ്രവേശിക്കുന്നു. ഋത്വിക് ഘട്ടക്കിന്റെ അജാന്ത്രിക് (1958) അത്തരമൊരു വസ്തുജീവിതത്തിന്റെ ചലച്ചിത്രകാവ്യമാണ്. ബിമൽ എന്ന ഏകാകിയായ മനുഷ്യൻ്റെ വികാരങ്ങളും ഓർമ്മകളും ഏറ്റുവാങ്ങുന്ന ജഗദ്ദൽ എന്ന പഴയ കാർ അയാളുടെ ജീവിതത്തിൻ്റെ അർത്ഥമായി മാറുന്ന കഥയാണ് ചലചിത്ര ഭാഷയുടെ മികച്ച പ്രയോഗങ്ങളൊന്നിൽ ഋത്വിക് ഘട്ടക്ക് സാക്ഷാത്കരിക്കുന്നത്.

സുബോധ് ഘോഷിന്റെ കഥയിൽ ഘട്ടക് കണ്ടെത്തിയത് ഒരു പക്ഷെ, യന്ത്രയുഗത്തിലേക്കു പ്രവേശിക്കുന്ന ഇന്ത്യയുടെ സാംസ്കാരികമായ Ambivalence ആവാം. യന്ത്രത്തെ ആത്മീയജീവിതത്തിന്റെ എതിരാളിയായി കണ്ട പരമ്പരാഗതബോധവും സാങ്കേതികവിദ്യയിൽ പുരോഗതിയുടെ വെള്ളിവെളിച്ചം ദർശിച്ച ആധുനികബോധവും ഇവിടെ മുഖാമുഖം നിൽക്കുന്നു. അവയ്ക്കിടയിൽ മനുഷ്യരും യന്ത്രവും പരസ്പരം ആത്മബന്ധം കൈമാറുന്ന മൂന്നാമതൊരു ഇടമാണ് ഘട്ടക് സൃഷ്ടിക്കുന്നത്. യാന്ത്രികമല്ലാത്തത് എന്ന അർഥത്തിലേക്കു തുറക്കുന്ന അജാന്ത്രിക് എന്ന ശീർഷകം, ലോഹത്തിനുള്ളിൽ മനുഷ്യർക്ക് മാത്രം നിക്ഷേപിക്കാനാവുന്ന സ്നേഹത്തെക്കുറിച്ചുള്ള ഇതിഹാസമായി മാറുന്നു.

സുബോധ് ഘോഷിന്റെ കഥയിൽ ഘട്ടക് കണ്ടെത്തിയത് ഒരു പക്ഷെ, യന്ത്രയുഗത്തിലേക്കു പ്രവേശിക്കുന്ന ഇന്ത്യയുടെ സാംസ്കാരികമായ Ambivalence ആവാം.
സുബോധ് ഘോഷിന്റെ കഥയിൽ ഘട്ടക് കണ്ടെത്തിയത് ഒരു പക്ഷെ, യന്ത്രയുഗത്തിലേക്കു പ്രവേശിക്കുന്ന ഇന്ത്യയുടെ സാംസ്കാരികമായ Ambivalence ആവാം.

ചക്രങ്ങളിൽ സഞ്ചരിക്കുന്ന വീട്

ഛോട്ടാനാഗ്പുരിന്റെ പാറനിറഞ്ഞ ഭൂപ്രദേശത്ത് ടാക്സിയോടിച്ചു ജീവിക്കുന്ന ബിമൽ പുറമേ പരുക്കനും ഉള്ളിൽ അതിരറ്റ ഏകാകിയുമാണ്. ഇളകിയാടുന്ന ലോഹഭാഗങ്ങളും കീറിപ്പോയ ഇരിപ്പിടങ്ങളും ക്ഷീണിച്ച എൻജിനുമുള്ള പഴയ ഷെവർലെയാണ് ജഗദ്ദൽ. നാട്ടുകാരിൽ ചിരിയുണർത്തുന്ന ആ വാഹനം ബിമലിന്റെ സ്വന്തം ലോകത്ത് സുഹൃത്തും കുടുംബവും വീടും ജീവിതപങ്കാളിയുമാണ്. അയാൾ അതിനോടു സംസാരിക്കുന്നു, അതിന്റെ മുരൾച്ചകളിൽ മറുപടി കേൾക്കുന്നു, ശകാരിക്കുന്നു, അനുനയിപ്പിക്കുന്നു, സ്നേഹത്തോടെ തഴുകുന്നു. പരസ്പരം അഭയം കണ്ടെത്തുന്ന രണ്ടു ഏകാന്ത ജീവിതങ്ങളുടെ സഹവാസമാണ് അവരുടെ ബന്ധത്തിന്റെ കാതൽ.

ജഗദ്ദലിലെ യാത്രികരുടെ ജീവിതത്തിന്റെ ചെറുനാടകങ്ങളായിട്ടാണ് ഘട്ടക്ക് അവരുടെ യാത്രകളെ അവതരിപ്പിക്കുന്നത്. വ്യാപാരികളും കുടുംബങ്ങളും കാമുകരും വഴക്കിടുന്ന ദമ്പതികളും ആദിവാസികളും അതിൽ കയറുകയും ലക്ഷ്യസ്ഥാനങ്ങളിലെത്തി യാത്ര പറയുകയും ചെയ്യുന്നു. ഓരോ യാത്രക്കാരും ബിമലിന്റെ ജീവിതത്തിലൂടെ ക്ഷണികദൃശ്യം പോലെയാണ് കടന്നുപോകുന്നത്. എല്ലാവരെയും വീടുകളിലെത്തിക്കുന്ന ബിമലിന് പക്ഷേ, സ്വന്തമായൊരു വീടില്ല. ജഗദ്ദൽ അയാളുടെ ചക്രങ്ങളുള്ള വാസസ്ഥലമാകുന്നു.വഴികൾ അതിന്റെ വരാന്തകളും യാത്രകൾ ജീവിതത്തിന്റെ മുറികളുമായി മാറുന്നു.

ജഗദ്ദലിന്റെ ജീവചൈതന്യം ഏറ്റവും സാന്ദ്രമായി അനുഭവപ്പെടുന്നത് ശബ്ദവിന്യാസത്തിലാണ്. എൻജിന്റെ ഞരക്കം, ബ്രേക്കിന്റെ കരച്ചിൽ, ഹോണിന്റെ സ്വരവ്യതിയാനം, ഇളകിയ ലോഹഭാഗങ്ങളുടെ താളം എന്നിവ ദീർഘശ്വാസം, പിണക്കം, വേദന തുടങ്ങിയ വൈകാരികമൂല്യങ്ങൾ ആർജിക്കുന്നുണ്ട്.

ഈ ബന്ധത്തിൽ ഉപജീവനത്തിന്റെ യാഥാർഥ്യവും ഓർമ്മയുടെ ആർദ്രതയും വേർപെടുത്താനാവാതെ നിൽക്കുന്നു. വിറ്റോറിയോ ഡി സീക്കയുടെ ബൈസിക്കിൾ തീഫ്സിൽ അന്റോണിയോയുടെ സൈക്കിൾ ജോലി നിലനിർത്താനും കുടുംബത്തിൻ്റെ അതിജീവനത്തിനും ആവശ്യമായ ഉപാധിയാണ്. അത് നഷ്ടപ്പെടുന്നതോടെ അയാളുടെ സാമ്പത്തികജീവിതത്തിന്റെ അടിത്തറ തകരുന്നു. ജഗദ്ദലും ബിമലിന്റെ വരുമാനമാർഗമാണെങ്കിലും ദീർഘകാല സഹവാസം അതിനെ ഉപകരണത്തിൽ നിന്ന് ജീവിതസാക്ഷിയാക്കി പരിവർത്തനം ചെയ്തിരിക്കുന്നു. അന്റോണിയോ, സൈക്കിൾ തേടുന്നത് കുടുംബത്തിന്റെ അടിത്തറ വീണ്ടെടുക്കാനാണ്. ബിമൽ ജഗദ്ദലിനെ സംരക്ഷിക്കുന്നതാവട്ടെ സ്വന്തം ഏകാന്തതയുടെ സാക്ഷിയെ നിലനിർത്താനാണ്. ആദ്യചിത്രത്തിൽ വസ്തു സാമൂഹികവിധിയുടെ അടയാളമാകുമ്പോൾ, ഘട്ടക്കിന്റെ ജഗദ്ദൽ ഉടമയുടെ ജീവചരിത്രരേഖയായി മാറുന്നു.

ജഗദ്ദൽ ഒരു വാഹനമെന്നതിലുപരി ബിമലിന്റെ അബോധമനസ്സിന്റെ കണ്ണാടിയായി രൂപാന്തരം പ്രാപിക്കുന്നത് കാണാം.
ജഗദ്ദൽ ഒരു വാഹനമെന്നതിലുപരി ബിമലിന്റെ അബോധമനസ്സിന്റെ കണ്ണാടിയായി രൂപാന്തരം പ്രാപിക്കുന്നത് കാണാം.

ജഗദ്ദലിന്റെ ജീവചൈതന്യം ഏറ്റവും സാന്ദ്രമായി അനുഭവപ്പെടുന്നത് ശബ്ദവിന്യാസത്തിലാണ്. എൻജിന്റെ ഞരക്കം, ബ്രേക്കിന്റെ കരച്ചിൽ, ഹോണിന്റെ സ്വരവ്യതിയാനം, ഇളകിയ ലോഹഭാഗങ്ങളുടെ താളം എന്നിവ ദീർഘശ്വാസം, പിണക്കം, വേദന തുടങ്ങിയ വൈകാരികമൂല്യങ്ങൾ ആർജിക്കുന്നുണ്ട്. കഥാലോകത്തിനുള്ളിൽ നിന്നുയരുന്ന ഈ ഡൈജറ്റിക് ശബ്ദങ്ങൾ (Diegetic Sounds) ബിമലിന്റെ മനസ്സിലും മറ്റൊരു പ്രഭവകേന്ദ്രമായി മാറുന്നു. എൻജിൻ മുരളുമ്പോൾ യന്ത്രവും മനുഷ്യരും ഒരുമിച്ചാണ് സംസാരിക്കുന്നത്. ക്യാമറ ലോഹശരീരം കാണിച്ചുതരുമ്പോൾ ശബ്ദം അതിന്റെ അന്തഃകരണത്തിൻ്റെ കിളിവാതിൽ തുറക്കുന്നു.

ആൽബർട്ട് ലമോറിസിന്റെ ദി റെഡ് ബലൂണിൽ (1956) പാസ്കലിനൊപ്പം സഞ്ചരിക്കുന്ന ബലൂണിന് കുട്ടിയുടെ ഭാവന വ്യക്തിത്വം നൽകുന്നുണ്ട്. സംഭാഷണം കുറഞ്ഞ ആ ചിത്രത്തിൽ ചുവപ്പുനിറം നഗരത്തിന്റെ മങ്ങിയ പശ്ചാത്തലത്തിൽ വേറിട്ടുനിൽക്കുന്നു. നിറവിന്യാസവും ദൃശ്യങ്ങളുടെ ക്രമീകരണവും ലോകത്തെ കുട്ടിയുടെ കാഴ്ചയിലൂടെ അനുഭവിക്കാൻ പ്രേക്ഷകരെ സഹായിക്കുന്നുണ്ട്. അവിടെ വസ്തുവിന് ജീവൻ നൽകുന്നത് കുട്ടിയുടെ ഭാവനയും ചിത്രത്തിന്റെ കാവ്യാത്മകമായ ദൃശ്യഭാഷയുമാണ്. ജഗദ്ദലിന് ജീവൻ ലഭിക്കുന്നതാകട്ടെ ബിമലിന്റെ ഏകാന്തതയും കാറിന്റെ യഥാർഥ യന്ത്രശരീരവും തമ്മിലുള്ള അസാധാരണമായ ഇഴയടുപ്പമുള്ള ബന്ധത്തിൻ്റെ ഉണ്മയിലാണ്. ബലൂൺ പാസ്കലിന്റെ സ്വകാര്യലോകത്തിന്റെ ദൃശ്യചിഹ്നമാകുമ്പോൾ, ജഗദ്ദലിന്റെ ഞരക്കവും ഹോണും ബിമലിന്റെ വാക്കുകൾക്കപ്പുറത്തെ വികാരങ്ങളുടെ ശബ്ദരൂപങ്ങളാകുന്നു.

അജാന്ത്രിക് നഷ്ടങ്ങളുടെ ആഴങ്ങളിൽ നിന്ന് പിടഞ്ഞുയരുന്ന പ്രതീക്ഷയുടെ ചലച്ചിത്രദർശനമാണ്.
അജാന്ത്രിക് നഷ്ടങ്ങളുടെ ആഴങ്ങളിൽ നിന്ന് പിടഞ്ഞുയരുന്ന പ്രതീക്ഷയുടെ ചലച്ചിത്രദർശനമാണ്.

ഒരു യുവതിയുടെ വരവ് ബിമലിന്റെയും ജഗദ്ദലിന്റെയും ആത്മപര്യാപ്തമായ ലോകത്തിൽ പുതിയൊരു വൈകാരിക ജാലകമാണ് തുറക്കുന്നത്. അവളെ ഡാക് ബംഗ്ലാവിലെത്തിക്കുന്ന യാത്രയിൽ ബിമലിന്റെ പരുക്കൻ പുറന്തോടിനടിയിൽ ഉറങ്ങിക്കിടന്ന മൃദുത്വം പിടഞ്ഞുണരുന്നത് അതിസാന്ദ്രമായിട്ടാണ് ഘട്ടക്കിൻ്റെ ഫ്രെയിമുകൾ സാക്ഷാത്കരിക്കുന്നത്. പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ അവളെ വീണ്ടും കണ്ടപ്പോൾ അയാൾ ചോര പൊടിയുന്ന ഹൃദയത്തോടെ അവളെ റെയിൽവേ സ്റ്റേഷനിലെത്തിക്കുന്നു. വാക്കുകളിലേക്കോ പ്രണയനിവേദനത്തിലേക്കോ പരാവർത്തനം ചെയ്യപ്പെടാൻ എന്തു കൊണ്ടോ മടിച്ചു നിന്ന ആകർഷണത്തിൻ്റെ സ്വരഭേദങ്ങൾ മൂടൽ മഞ്ഞു പോലെ ആ രംഗങ്ങളെ പൊതിയുന്നുണ്ട്. ട്രെയിൻ അവളെ കൊണ്ടുപോകുമ്പോൾ ബിമലിന്റെ മുന്നിൽ തുറന്നുവന്നൊരു സ്വപ്നസാന്നിദ്ധ്യം ദൂരത്തിലേക്കു മറയുകയാണ്. അതിനുശേഷമാണ് ജഗദ്ദലിന്റെ ശരീരത്തിൽ ക്ഷയോന്മുഖതയുടെ കമ്പനം ശക്തമാകുന്നത്. എൻജിന് ശ്വാസംമുട്ടുന്നു, കാർ വഴിയിൽ ഉടക്കി നിൽക്കുന്നു; ഹോൺ പരിഭവസ്വരത്തിൽ മുഴങ്ങുന്നു. യന്ത്രത്തിന്റെ തകരാറുകൾ ഘട്ടക്കിന്റെ ആഖ്യാനത്തിന് വൈകാരിക നിഗൂഢത പകരുന്നു. ജഗദ്ദൽ അസൂയപ്പെടുന്നു എന്നത് സിനിമയുടെ നേരിട്ടുള്ള പ്രഖ്യാപനമല്ല മറിച്ച് ബിമലിന്റെ അനുഭവവും ശബ്ദസംവിധാനവും ചേർന്ന് തുറക്കുന്ന ഒരു ദൃശ്യശ്രാവ്യ വായനയാണ്. പതെറ്റിക് ഫാലസി (pathetic fallacy) - മനുഷ്യവികാരങ്ങളെ പ്രകൃതിയിലേക്കോ നിർജീവവസ്തുക്കളിലേക്കോ പകരുന്ന ആഖ്യാനരീതി. ഇവിടെ ബന്ധങ്ങളുടെ മനഃശാസ്ത്രസമീപനമായി മാറുന്നു. യുവതിയെ നഷ്ടപ്പെട്ട ബിമലിന്റെ അദൃശ്യമായ ആന്തരിക മുറിവുകൾ കാറിന്റെ ശരീരത്തിലേക്കും പകരുന്നതായി കാണികൾക്ക് അനുഭവപ്പെടുന്നു.

ഋത്വിക് ഘട്ടക്ക്
ഋത്വിക് ഘട്ടക്ക്

ഈ ഘട്ടത്തിൽ ജഗദ്ദൽ ഒരു വാഹനമെന്നതിലുപരി ബിമലിന്റെ അബോധമനസ്സിന്റെ കണ്ണാടിയായി രൂപാന്തരം പ്രാപിക്കുന്നത് കാണാം. ബിമലിന് വാക്കുകളിലാക്കാനാവാത്ത മനസ്തോഭങളാണ് കാറിൻ്റെ മുരൾച്ചയിൽ അസ്തിത്വം നേടുന്നത്. അയാൾ ഒളിപ്പിക്കുന്ന നഷ്ടബോധം അതിന്റെ എൻജിൻ പരാജയമായി പ്രത്യക്ഷപ്പെടുന്നു. ജോൺ കാർപെന്ററുടെ ക്രിസ്റ്റീനിൽ (Christine - 1983) കാർ മനുഷ്യരെ കീഴടക്കുന്ന ഭീകരശക്തിയായി മാറുന്നുണ്ട്. അജാന്ത്രിക്കിൽ ജഗദ്ദലിന് അസൂയയും പിണക്കവും ഉണ്ടെന്നു തോന്നുന്നതും ദൃശ്യവും ശബ്ദവും ചേർന്ന് സൃഷ്ടിക്കുന്ന അനുഭവങ്ങളിലൂടെയാണ്. ഇവിടെ യന്ത്രത്തിന്റെ സ്വയംഭരണം ക്രിസ്ററീനിലുള്ളതുപോലെ ഭീതിയല്ല, മനുഷ്യരോടുള്ള അടുപ്പത്തിന്റെ തെളിവായിട്ടാണ് മാറുന്നത്.

ഒരു യുവതിയുടെ വരവ് ബിമലിന്റെയും ജഗദ്ദലിന്റെയും ആത്മപര്യാപ്തമായ ലോകത്തിൽ പുതിയൊരു വൈകാരിക ജാലകമാണ് തുറക്കുന്നത്.
ഒരു യുവതിയുടെ വരവ് ബിമലിന്റെയും ജഗദ്ദലിന്റെയും ആത്മപര്യാപ്തമായ ലോകത്തിൽ പുതിയൊരു വൈകാരിക ജാലകമാണ് തുറക്കുന്നത്.

ദിനൻ ഗുപ്തയുടെ ഛായാഗ്രഹണം ജഗദ്ദലിന് മനുഷ്യമുഖം നൽകുന്നതിൻ്റെ രഹസ്യം ഒരു ചലചിത്ര വിദ്യാർത്ഥിയുടെ പാഠപുസ്തകമാണ്. ഹെഡ്‌ലൈറ്റുകൾ കണ്ണുകളായും റേഡിയേറ്റർ വായായും വളഞ്ഞ ബോണറ്റ് ക്ഷീണിച്ച നെറ്റിയായും ദൃശ്യപ്പെടുന്നു. ലോഹശരീരത്തിലേക്കു നീങ്ങുന്ന ക്ലോസ്-അപ്പുകൾ കാറിന്റെ ഭാവപ്രപഞ്ചത്തിക്കുള്ള രഹസ്യ കോഡുകളാണ്. ഛോട്ടാനാഗ്പുരിലെ പാറകളും കുന്നുകളും ആദിവാസി നൃത്തങ്ങളും ജഗദ്ദലിന്റെ ജീവിതപരിസരമാണ്. നൃത്തത്തിന്റെ താളവും എൻജിന്റെ മുരൾച്ചയും ചിത്രസംയോജനത്തിലൂടെ ഒന്നാവുന്നത് കാണാം. പ്രാചീനജീവിതതാളത്തിനും ആധുനികയന്ത്രത്തിനും ഇടയിൽ ഘട്ടക് കണ്ടെത്തുന്ന ഈ അപൂർവ സാഹോദര്യം, ഫ്രിജോഫ് കാപ്രയുടെ പുകഴ്പെറ്റ പുസ്തകത്തിലെ നടരാജനൃത്തത്തിൻ്റേയും അറ്റോമിക് സങ്കല്പങ്ങളുടേയും സിനർജിയെ ഓർമ്മിപ്പിക്കുന്നു.

അജാന്ത്രിക് നഷ്ടങ്ങളുടെ ആഴങ്ങളിൽ നിന്ന് പിടഞ്ഞുയരുന്ന പ്രതീക്ഷയുടെ ചലച്ചിത്രദർശനമാണ്. ജഗദ്ദൽ ബിമലിന്റെ ഏകാന്തതയുടെ സാക്ഷിയും ഓർമ്മയുടെ പാത്രവും അയാളുടെ സ്നേഹം എഴുതിയ ആത്മകഥയുമാകുന്നു.

ബി.വി. കാരന്തിന്റെ ചോമന ദുഡി (1975)യിൽ ചെണ്ട സാമൂഹികമായി കഴുത്തുഞെരിക്കപ്പെട്ട മനുഷ്യരുടെ മൗനത്തോടടുത്ത ശബ്ദമാണ്. ഭൂമിയില്ലാത്ത ദലിത് കർഷകനായ ചോമന്റെ ആഗ്രഹങ്ങളെ ജാതിയുടെയും ഭൂവുടമസ്ഥതയുടെയും അധികാരഘടന തടയുന്നു. ചെണ്ടയിലൂടെ അവൻ തന്റെ വിദ്ധ്വംസകമായ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു, അതിന്റെ രൗദ്ര താളത്തിൽ വ്യക്തിയുടെ ആത്മാഭിമാനവും സമൂഹത്തിന്റെ അടക്കിവെച്ച രോഷവും ഓർമ്മയും ഒരുമിക്കുന്നു. ജഗദ്ദലിന്റെ ഹോൺ ബിമലിന്റെ ഏകാന്തതയെ പുറത്തുകൊണ്ടുവരുന്നതുപോലെ, ചോമന്റെ ചെണ്ട അവന്റെ മൗനത്തിന് സാമൂഹികമായ ശബ്ദത്തിൻ്റെ അധികമാനം നൽകുന്നുണ്ട്. രണ്ടിടത്തും വസ്തുവിന്റെ ശബ്ദം അലങ്കാരമല്ല, മറിച്ച് മനുഷ്യന് പറയാനാവാത്തതോ പറയാൻ അനുവദിക്കാത്തതോ ആയ അനുഭവമാണ് അതിലൂടെ പുറത്തുവരുന്നത്. ചോമന്റെ ചെണ്ട ജാതിയുടെയും ഭൂമിയുടെയും കഠിനയാഥാർഥ്യത്തിൽ വേരൂന്നുമ്പോൾ, ജഗദ്ദലിന്റെ ശബ്ദം ബിമലിന്റെ സ്വകാര്യലോകത്തിൽനിന്ന് പിടഞ്ഞുയരുന്നു.

യാന്ത്രികമല്ലാത്തത് എന്ന അർഥത്തിലേക്കു തുറക്കുന്ന അജാന്ത്രിക് എന്ന ശീർഷകം, ലോഹത്തിനുള്ളിൽ മനുഷ്യർക്ക് മാത്രം നിക്ഷേപിക്കാനാവുന്ന സ്നേഹത്തെക്കുറിച്ചുള്ള ഇതിഹാസമായി മാറുന്നു.
യാന്ത്രികമല്ലാത്തത് എന്ന അർഥത്തിലേക്കു തുറക്കുന്ന അജാന്ത്രിക് എന്ന ശീർഷകം, ലോഹത്തിനുള്ളിൽ മനുഷ്യർക്ക് മാത്രം നിക്ഷേപിക്കാനാവുന്ന സ്നേഹത്തെക്കുറിച്ചുള്ള ഇതിഹാസമായി മാറുന്നു.

പിന്നീടയാൾ സമ്പാദ്യമെല്ലാം ചെലവഴിച്ച് ജഗദ്ദലിനെ പുതുക്കിപ്പണിയുന്നുണ്ട്. പഴയ ഓർമ്മകളിൽനിന്ന് ഒരു പുതുജീവിതം കെട്ടിപ്പടുക്കാൻ അയാൾ മോഹിക്കുന്നുണ്ട്. പുതിയ ചായം പൂശിയ കാർ അല്പകാലത്തേക്ക് പുനരുത്ഥാനത്തിന്റെ മായികശോഭ കൈവരിച്ചെങ്കിലും, പുറംമോടിക്കടിയിലെ ക്ഷയോന്മുഖത വീണ്ടും അതിനെ കീഴടക്കുന്നു. വഴിമധ്യേ ജഗദ്ദൽ നിശ്ചലമാകുമ്പോൾ ബിമലിന്റെ അവസാനത്തെ അഭയസ്ഥാനവും തകരുകയാണ്. കമ്പോളത്തിന്റെ കണ്ണിൽ ഉപയോഗശേഷി നഷ്ടപ്പെട്ട കാറിന് ഇരുമ്പുവില മാത്രമേയുള്ളൂ. ബിമലിന്റെ ഓർമ്മയിലാവട്ടെ അത് പകരംവെയ്ക്കാനാവാത്ത സ്വപ്നസഞ്ചയമാണ്. കമ്പോളം വസ്തുക്കളെ പരസ്പരം മാറ്റിവെയ്ക്കാവുന്ന ചരക്കുകളായി കാണുമ്പോൾ, ഓർമ്മയും സ്പർശവും ഓരോ വസ്തുവിനും അതുല്യമായ ചരിത്രം നൽകുന്നു. സിനിമയിലെ അവസാന രംഗത്തോടടുത്ത് ജഗദ്ദലിന്റെ ഹോൺ ഒടുവിൽ ഒരു കുട്ടിയുടെ കൈയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ആത്മനിർവൃതി നൽകുന്ന ആ പരിചിതസ്വരം പുനർജനി നേടുമ്പോൾ ബിമലിന്റെ മുഖത്ത് തെളിയുന്ന പുഞ്ചിരിയിൽ ആഹ്ളാദവും ആശ്വാസവും ഒരുമിച്ചു സ്പന്ദിക്കുന്നത് ജഗദ്ദലിന്റെ ശരീരം ലോഹക്കഷണങ്ങളായി ചിതറിയെങ്കിലും അതിന്റെ ശബ്ദം കൈമാറി അനന്തമായി നീളുന്നവരും തലമുറകളുടെ ജീവിത ബാല്യത്തിലേക്ക് പ്രവേശിച്ചിരിക്കുന്നു എന്ന് ബിമൽ കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ്.

അജാന്ത്രിക് നഷ്ടങ്ങളുടെ ആഴങ്ങളിൽ നിന്ന് പിടഞ്ഞുയരുന്ന പ്രതീക്ഷയുടെ ചലച്ചിത്രദർശനമാണ്. ജഗദ്ദൽ ബിമലിന്റെ ഏകാന്തതയുടെ സാക്ഷിയും ഓർമ്മയുടെ പാത്രവും അയാളുടെ സ്നേഹം എഴുതിയ ആത്മകഥയുമാകുന്നു. സൈക്കിൾ ഉപജീവനത്തിന്റെയും ബലൂൺ ബാല്യഭാവനയുടെയും ചെണ്ട അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദത്തിന്റെയും മറ്റൊരു കാറിന്റെ രൂപം ഭീതിജനകമായ സ്വയംഭരണത്തിന്റെയും അടയാളമാണ്, പക്ഷേ ജഗദ്ദൽ ഒറ്റ അർഥങ്ങളിൽ മാത്രം ഒതുങ്ങുന്ന ബിംബമല്ല. അത് ഒരേസമയം യന്ത്രവും കഥാപാത്രവും, ഉപജീവനവും അഭയവും ആയി പല ജന്മങൾ നേടുന്ന നാനാർത്ഥമാണ്. അതിന്റെ എൻജിനിൽ ഇന്ധനത്തോടൊപ്പം ബിമലിന്റെ നീറുന്ന അനുഭവങ്ങളും കത്തുന്നുണ്ട്. ഹോണിൽ യന്ത്രത്തിന്റെ ശബ്ദത്തോടൊപ്പം മുഴങ്ങുന്നത് ഉപേക്ഷിക്കപ്പെട്ട മനുഷ്യരുടെ നിലവിളി കൂടിയാണ്. സ്നേഹത്തിന്റെ സ്പർശം ലഭിച്ച വസ്തു ജഡത്വത്തിന്റെ പഴയ നിലയിലേക്ക് ഒരിക്കലും മടങ്ങുന്നില്ല. മാംസം വെടിഞ്ഞാൽ തീരുന്നില്ലീ പ്രണയ ജടിലം ദേഹിതൻ ദേഹബന്ധം എന്ന് ആശാൻ. അമരമായ ആ ബന്ധമാണ് അജാന്ത്രിക്.

Comments