സന്യാസിമാരുടെ ധർമ സെൻസർബോർഡിന്​ ദേവതമാരെ ലഹരിമുക്തരാക്കാനാകുമോ?

കേരളത്തിലെ പ്രസിദ്ധ കാളീക്ഷേത്രമായ മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദേവിക്ക് വഴിപാടായി സമർപ്പിക്കുന്ന ദ്രവ്യങ്ങളിൽ ഏറെ പ്രധാനമാണ് വെറ്റിലയും പുകയിലയും. യഥാർത്ഥത്തിൽ ഹിന്ദുത്വർ പ്രചരിപ്പിക്കുന്ന കാളിയും ശിവനും ചരിത്ര വഴികളിൽ നാം കണ്ടുമുട്ടാനിടയില്ലാത്ത പുതിയ സൃഷ്ടികളാണ്.

ഴുത്തുകാരിയും കവിയും സംവിധായികയും അഭിനേത്രിയുമായ ലീനാ മണിമേകലൈ കാളിയെ ‘അപമാനകരമാം വിധം തെറ്റായി ' ആവിഷ്‌കരിച്ചു എന്ന് വ്യാഖ്യാനിച്ച്​ ഹിന്ദുത്വ ശക്തികൾ വിദ്വേഷ പ്രചാരണം അഴിച്ചുവിടുകയും അവർക്കെതിരായി മതവികാരം വ്രണപ്പെടുത്തൽ ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി നിയമനടപടി സ്വീകരിക്കുകയും ചെയ്തു. ഹിന്ദു ദൈവങ്ങളെയും സനാതനധർമത്തെയും അപമാനിക്കുന്നില്ലെന്നുറപ്പാക്കാൻ ഹിന്ദുത്വ സന്യാസിമാരുടെ കൂട്ടം ധർമ സെൻസർ ബോർഡ് സ്ഥാപിക്കുന്നതും ഇതിനോട് ബന്ധപ്പെടുത്തി പരിശോധിക്കേണ്ടതുണ്ട്.

ശിവനെയും കാളിയെയും സിഗരറ്റ്​ ഉപയോഗിക്കുന്ന രൂപത്തിൽ ചിത്രീകരിച്ചു എന്നതാണ് ഹിന്ദുത്വരെ പ്രകോപിപ്പിച്ചത്. ചരിത്രത്തിൽ ലഹരികളുമായി അശേഷം ബന്ധമില്ലാത്തവരായിരുന്നോ ഇത്തരം ദൈവസങ്കല്പങ്ങളെന്ന അടിസ്ഥാനപരമായ ചോദ്യം ഉന്നയിക്കേണ്ടിവരുന്ന സന്ദർഭം കൂടിയാണിത്. കർണാടക നൊളംബ വാടിയിലുള്ള കോലാരമ്മ ക്ഷേത്രത്തിലെ രാജേന്ദ്ര ചോളന്റെ പത്താം ഭരണ വർഷത്തിലുള്ള ശിലാശാസനത്തിൽ ദേവിക്ക് മദ്യം നിവേദിക്കുന്നത് ( മതിയ പാന) സംബന്ധിച്ചും ആടിനെ ബലി കഴിക്കുന്നതിനെ സംബന്ധിച്ചും വിവരിക്കുന്നുണ്ട്. ലഹരികളിലൊന്നായ മദ്യം വർജ്ജിച്ചവരായിരുന്നില്ല ഈ ദേവതകളെന്നാണ് ചോളശിലാശാസനം തെളിയിക്കുന്നത്. താന്ത്രിക ഗ്രന്ഥങ്ങളും ഈ തെളിവുകളെ സാധൂകരിക്കുന്നുണ്ട്. മാതംഗി എന്ന ദേവതയെ മദ്യം സേവിച്ച് മത്തയായവളെന്ന് തന്ത്രപാരമ്പര്യത്തിൽ അടയാളപ്പെടുത്തുന്നതും ശ്രദ്ധിക്കേണ്ടതാണ് (‘സുരാപാന മത്താം സരോജസ്ഥിതാംഘ്രി '). എന്തിനേറെപ്പറയുന്നു സോമം പാനം ചെയ്ത് മത്തനായിരിക്കുന്ന ഇന്ദ്രന്റെ വാങ്മയ ചിത്രങ്ങൾ ഋഗ്വേദത്തിൽ തന്നെ വേണ്ടുവോളമുണ്ട്. സോമം എന്ന മാദകദ്രവ്യം ഒരു ലഹരി വസ്തുവായിരുന്നു എന്ന് Frits Staal ന്റെ ഋഗ്വേദ പഠനങ്ങൾ തെളിയിക്കുന്നുമുണ്ട്. ധൂമപാനമെന്ന സംസ്‌കൃത പദം ചിത്രീകരിക്കുന്നത് ലഹരി വസ്തുക്കളുടെ ആസ്വാദനമല്ലാതെ മറ്റെന്തിനെയാണ്. മദ്യപാനവും ധൂമപാനവും ഹിന്ദുത്വർ വ്യവഹരിക്കുന്ന ‘സനാതന ധർമത്തിൽ' അസ്പൃശ്യമായിരുന്നില്ല എന്നാണിത് തെളിയിക്കുന്നത്.

ലീനാ മണിമേകലൈ / Photo: Leena Manimekalai Instagram

കേരളത്തിലെ പ്രസിദ്ധ കാളീക്ഷേത്രമായ മലയാലപ്പുഴ ഭഗവതി ക്ഷേത്രത്തിൽ ദേവിക്ക് വഴിപാടായി സമർപ്പിക്കുന്ന ദ്രവ്യങ്ങളിൽ ഏറെ പ്രധാനമാണ് വെറ്റിലയും പുകയിലയും. കേരളത്തിലെ കാളികാകാവുകളിൽ ഇതൊന്നും അത്ര പുതുമയുള്ള കാര്യവുമല്ല. ബഹുസ്വര ജീവിത സംസ്‌കാരത്തിലാണ്ടു കിടക്കുന്ന ജനസംസ്‌കാരത്തെ ഹിന്ദുത്വത്തിന്റെ ഏകാധിപത്യ ഏകശിലായുക്തിയിലേക്ക് പരിവർത്തനം ചെയ്യുന്നതിന്റെ ഭാഗമായാണ് ബഹുസ്വര - വൈവിധ്യ ജീവിതങ്ങളെ നിരസിക്കുന്ന ചില സ്ഥാപനയുക്തികൾ സൃഷ്ടിക്കാൻ ഹിന്ദുത്വർ പരിശ്രമിക്കുന്നത്. അതിന്റെ ഭാഗമായാണ് കാളിയെ അപമാനകരമായി ചിത്രീകരിച്ചു എന്ന പേരിൽ ലീനാ മണിമേകലൈയെ വേട്ടയാടുന്നത്.

Photo: costume-works.com

യഥാർത്ഥത്തിൽ ഹിന്ദുത്വർ പ്രചരിപ്പിക്കുന്ന കാളിയും ശിവനും ചരിത്ര വഴികളിൽ നാം കണ്ടുമുട്ടാനിടയില്ലാത്ത പുതിയ സൃഷ്ടികളാണ്. ശങ്കാരാചാര്യർ രചിച്ചതായി കരുതപ്പെടുന്ന ഒരു ദേവീസ്‌തോത്രത്തിന്റെ പേര് സൗന്ദര്യലഹരി എന്നാണെന്നത് ഹിന്ദുത്വർ ഓർക്കേണ്ടതാണ്. ഷാജഹാന്റെ സദസ്യനായിരുന്ന പണ്ഡിതരാജ ജഗന്നാഥൻ രചിച്ച കൃതികളിൽ ചിലതിന്റെ പേരുതന്നെ സുധാലഹരി, കരുണാലഹരി എന്നിങ്ങനെയായതും യാദൃച്​ഛികമല്ല. പലതരം ലഹരികളിൽ ആമഗ്‌നമായ സംസ്‌കാരിക പരിതോവസ്ഥകളാണ് ലഹരി പ്രമേയമായ കൃതികളെ സൃഷ്ടിക്കുന്നതും. ‘ജഗത് പിതാക്കളായ' പാർവതി പരമേശ്വരന്മാരുടെ രതിക്രീഡകൾ വർണിക്കുന്നതിന് കാളിദാസന് യാതൊരു ചാഞ്ചല്യവും ഉണ്ടായിരുന്നില്ല. ഇന്നായിരുന്നുവെങ്കിൽ എന്താകുമായിരുന്നു കാളിദാസന്റെ അവസ്ഥ! ആവിഷ്‌കാര സ്വാതന്ത്ര്യത്തിൽ അതിന്റെ പരമകാഷ്ഠയെ ആവിഷ്‌കരിച്ച കാളിദാസനില്ലാത്ത തടസം ലീനാ മണിമേകലൈക്ക് എന്തിന് കൽപിച്ച് കൊടുക്കണം?

Comments