He loved me his own way.
അയാൾക്ക് തോന്നിയപോലെ എന്നെ സ്നേഹിച്ചു.
മാർട്ടിൻ സ്കോർസെസെയുടെ സിനിമയിലെ സ്ത്രീകഥാപാത്രം മാത്രമല്ല ലോകത്തെവിടെയും സ്ത്രീകളുടെ Dialogue പലപ്പോഴും ഒന്നുതന്നെയാണ്. ലോകത്തെവിടെയും അങ്ങനെയാണ് ജീവിതവും.
‘എക്കോ’ (Ēkō) എന്ന, മലയാളത്തിലിറങ്ങിയ പാൻ ഇന്ത്യൻ ത്രില്ലർ മൂവീയിൽ സ്ത്രീകഥാപാത്രം പുരുഷകാമനകളുടെ ഓണർഷിപ്പ് തടവിലാണ്. അവൾക്ക് കാവലായി അഞ്ചാറു നായ്ക്കളുമുണ്ട്. (നായ എന്ന പ്രയോഗം തന്നെ ജൻഡർ പ്രശ്നമുണ്ടാക്കുന്നതാണ്. അച്ഛന്റെ നാടായ കോട്ടയത്ത് നായ എന്ന പ്രയോഗമില്ല. പട്ടിയാണ് ജനറൽ നാമം. തെളിച്ചു ചോദിച്ചാൽ ആൺപട്ടി, പെൺപട്ടി എന്നുപറയും).
സിനിമയിലെ പട്ടികൾ മലേഷ്യയിലെ കലർപ്പില്ലാത്ത സവിശേഷ ബ്രീഡുകളാണ്. പട്ടിക്കുഞ്ഞുങ്ങളെയും മ്ലാത്തിച്ചേടത്തിയെയും വർഷങ്ങൾക്കുമുമ്പ് കുര്യച്ചൻ മലേഷ്യയിൽ നിന്ന് പൊക്കിയതാണ്. കുര്യച്ചന് പട്ടികളോടുള്ള സ്നേഹം അവളെ സ്വന്തമാക്കാനുള്ള ത്വര കൂട്ടി. അവൾക്ക് കുര്യച്ചന്റെ പട്ടികളോടുള്ള സ്നേഹം ‘ക്ഷ’ പിടിച്ചിരിക്കണം. പ്രണയത്തിന് ഇങ്ങനെ സൂക്ഷ്മമായ ചില ബാർട്ടർ സമ്പ്രദായങ്ങളുണ്ട്. തടവും കാവലും അതിലൊന്നാണ്.

കേരളത്തിലെത്തി പട്ടിക്കുഞ്ഞുങ്ങളെ വളർത്തി പരിശീലിപ്പിച്ച് കുര്യച്ചൻ മ്ലാത്തിച്ചേടത്തിക്ക് കാവലിരുത്തുന്നു. (കുര്യച്ചന് പട്ടികളുടെ പരിശീലനം അറിയുമോ എന്ന ചോദ്യമില്ല. ക്ലൈമാക്സിൽ പറയും). ലോകത്തെവിടെയാണെങ്കിലും മ്ലാത്തിച്ചേടത്തിക്ക് ലക്ഷ്മണരേഖയാണ് പട്ടികൾ. സിനിമയിൽ ത്രില്ലടിപ്പിക്കുന്നത്, കാവലാരാണ് തടവിലാരാണെന്ന് തീർച്ചയില്ലാത്ത ചില ട്വിസ്റ്റുകളാണ്.
ഇതൊരു സ്ത്രീപക്ഷ സിനിമയാണെന്നും സ്ത്രീവിരുദ്ധ സിനിമയാണെന്നുമൊക്കെ ധരിച്ച് എഴുതിയവരുണ്ട്. സ്ത്രീപക്ഷം കിട്ടിയെങ്കിൽ നല്ലത്. ഡബിൾ ധമാക്ക. വസൂലായി. സ്ത്രീവിരുദ്ധ പരാമർശങ്ങളെക്കുറിച്ച് സൂചനകളാണ് സിനിമ പറയുന്നതെന്നു തോന്നി. സംരക്ഷണവും നിയന്ത്രണവും തിരിച്ചറിയാൻ പ്രയാസമാണ് എന്നൊക്കെയുള്ള പഞ്ച് (Punch) സ്ലോഗൻ (slogan) ലൈനുകൾ (Lines) പറയുന്നുണ്ട്. സംരക്ഷണം സ്ത്രീകൾ പണ്ടേ തള്ളിയ സേവനമാണ്. സുരക്ഷയാണ് വേണ്ടതെന്ന് ഊന്നി ഉറപ്പിച്ചിട്ടുള്ളതുമാണ്. പിന്നെയും സിനിമയിൽ കൺഫ്യൂഷൻ ഉണ്ടാക്കേണ്ട കാര്യമില്ല.
ഋതുപർണഘോഷ് സംവിധാനം ചെയ്ത റെയിൻകോട്ട് എന്ന സിനിമയുണ്ട്. ഐശ്വര്യറായിയും അജയ്ദേവ്ഗണുമാണ് താരങ്ങൾ. സ്ത്രീയുടെ ഉടമാവകാശം വീട്ടിലെ ആന്റിക്കുകളോടൊപ്പം അവളെ പുരുഷൻ എങ്ങനെ തടവിലാക്കുന്നു എന്ന് ആ സിനിമയിൽ വ്യക്തമായി കാണിക്കുന്നുണ്ട്. പടം ദേശീയ അവാഡ് നേടി.

ഇരയും വേട്ടക്കാരനും അഥവാ വേട്ടക്കാരൻ തന്നെ ഇരയുമാകുന്ന റിവേഴ്സ് തിയറിയാണ് 'എക്കോ' (Eko) യിലൂടെ സംവിധായകൻ ധിൻജിത്ത് അയ്യത്താനും എഴുതി ക്യാമറചെയ്ത ബാഹുൽ രമേഷും പങ്കുവക്കാൻ ശ്രമിച്ചെതെന്നു തോന്നുന്നു. ജയിൽ സെല്ലുകളിലെ തടവുകാരാണോ കാവൽ ജോലിചെയ്യുന്ന പോലീസുകാരാണോ തടവുകാർ എന്ന് തീർച്ചപ്പെടുത്താനാകാത്ത ജീവിത സന്ദർഭങ്ങളുണ്ട്. ചൂണ്ടയിടുന്ന മനുഷ്യനും, എയ്തു തൊടുക്കുന്ന വില്ലാളിയും തടവിലാണ്.
അപ്പോൾ ആർക്ക് ആരാണ് കാവൽ.
ആരാണ് വേട്ടക്കാർ?
വിൽഹെം ഡാഫൊ അഭിനയിച്ച ഈയടുത്ത് (2023) ഇറങ്ങിയ സിനിമയാണ് ഇൻസൈഡ് (INSIDE). ആന്റിക് മ്യൂസിയത്തിൽ ലോക്കായി പോകുന്ന കള്ളൻ ദിവസങ്ങളോളം അനുഭവിക്കുന്ന അസ്തിത്വ വേദനയാണ് സിനിമ.
മിറർ ന്യൂറോണുകൾ കൂടുതലുള്ളവരും, മെസൊക്കിസ്റ്റുകളുമാണ് സ്ത്രീകൾ എന്നു സമർത്ഥിക്കുകയാണെങ്കിലും കാവൽനായ്ക്കളുടെ വേട്ടവെറിയുടെ പരിശീലനതന്ത്രമർമ്മം അറിയാവുന്ന മ്ലാത്തിച്ചേടത്തി കുര്യച്ചനോടുകൂടെ പൊറുത്തത് നിഗൂഢതകളും, സാഹസികതകളും, പകയും നിറഞ്ഞാടുന്ന അധോലോകമാണയാൾ എന്നറിഞ്ഞാണ് എന്നറിയുമ്പോൾ പകവെറി പ്രേക്ഷകനെ ത്രില്ലടിപ്പിക്കും. തിയേറ്റർസിനിമ പ്രേക്ഷകനെ തടവിലാക്കുന്നുണ്ട്, തിയേറ്ററിൽ എൻഗേജ് ചെയ്യിപ്പിക്കുന്നുണ്ട്.

പകയിറുമ്മുന്ന പട്ടികളുടെ ദംഷ്ട്രഭാഷ്യം ഇടുക്കിയുടെ വന്യസുന്ദര പശ്ചാത്തലത്തിൽ മനോഹരമായി പകർത്തിയിട്ടുണ്ട്, സ്ക്രിപ്റ്റ് എഴുതുകയും സിനിമയുടെ ഡി ഒ പിയും കൂടിയായ ബാഹുൽ രമേഷ്. ദിൻജിത്ത് അയ്യത്താന്റെ സംവിധാനം ബാഹുലിന്റെ സ്ക്രിപ്റ്റിലെ കച്ചവടകലാ ഫോർമുലകളെ വിദഗ്ധമായി ആവിഷ്കരിച്ചിട്ടുണ്ട്.
സന്ദീപ് പ്രദീപ്, അശോകൻ തുടങ്ങി മറ്റു നടന്മാരുടെ കിടിലൻ പെർഫോമൻസ് മലയാള സിനിമക്ക് താങ്ങാനാവാത്ത സ്റ്റാർഡംബഡ്ജറ്റിന് ആശ്വാസമാണ്, മാറിചിന്തിക്കാവുന്ന കരുത്തുമാണ്.
കച്ചവട കലാമൂല്യങ്ങളെയും ആശയങ്ങളെയും ട്വിസ്റ്റുകളെയും മുൻനിർത്തി പ്രേക്ഷകരെ ‘മസാ ആ ഗയാ’ എന്നു പറയിപ്പിക്കാൻ സ്ക്രിപ്റ്റും ക്യാമറയും ചെയ്ത ബാഹുൽ രമേഷിന് കഴിഞ്ഞു എന്നതാണ് മലയാള സിനിമക്ക് അയാൾ തരുന്ന മിനിമം ഗ്യാരണ്ടി.
