സംഘിഭക്തിയും മോദിപ്രശംസയും അദ്ദേഹത്തിന്റെ ബ്ലോഗുകളിൽ അസഹനീയമായപ്പോൾ ഞാനൊരിക്കൽ മോഹൻലാലിനെ രൂക്ഷമായി വിമർശിച്ചു. 2017- ലായിരുന്നു അത്. ആ വിമർശനം സംഗതമായിരുന്നുവെന്ന് തന്നെയാണ് ഇപ്പോഴും തോന്നുന്നത്. കഴിഞ്ഞ ദിവസം എമ്പുരാൻ കണ്ട് പുറത്തിറങ്ങിയപ്പോൾ തന്റെ ഒരു പതിറ്റാണ്ടിലേറെ നീണ്ട സംഘസേവയ്ക്ക് മലയാളത്തിന്റെ മഹാനടൻ അറിഞ്ഞോ അറിയാതെയോ പ്രായശ്ചിത്തം ചെയ്തത് പോലെയാണ് അനുഭവപ്പെട്ടത്.
ബാലൻസൊപ്പിക്കാതെ, വേട്ടക്കാരനെ വെള്ളപൂശാൻ ഇരയെ കിരാതനാക്കി വാർപ്പ്മാതൃക സൃഷ്ടിക്കാതെ, വടക്കേ ഇന്ത്യയുടെ തെക്കിനോടുള്ള അവജ്ഞയും ചട്ടുകയുക്തിയും ഒട്ടും ഒളിക്കാതെ, കൃത്യമായ രാഷ്ട്രീയബോധ്യത്തോടെ നിർമ്മിച്ച ഒരു വാണിജ്യസിനിമയാണ് എമ്പുരാൻ. ആ അർത്ഥത്തിൽ, വിശേഷിച്ച് ഇന്ത്യയുടെ സമകാലിക സാഹചര്യത്തിൽ, വലിയൊരു സാഹസം കൂടിയാണീ സിനിമ. സെൻസർ ബോർഡിന്റെ ഭൂതക്കണ്ണാടിയെ ഇത് മറികടന്നത് സമർത്ഥമായ തിരക്കഥ കൊണ്ടും പലതും പറയാതെ പറയാനുള്ള മെയ് വഴക്കം കൊണ്ടുമാണ്. അതേസമയത്ത് പരസ്പരവിരുദ്ധമോ വൈവിധ്യമാർന്നതോ ആയ വ്യാഖ്യാനങ്ങളെ പ്രതിരോധിക്കുന്ന യുക്തിനിഷ്ഠതയും നൈതികസ്പഷ്ടതയും സിനിമയുടെ ഘടനയിൽ സന്നിവേശിപ്പിച്ചിട്ടുണ്ടുതാനും.
മുരളി ഗോപി ഇന്ത്യൻ വാണിജ്യസിനിമയിലെ ഏറ്റവും സെക്യുലറായ പടത്തിന് - അതും വിയോജന ശബ്ദങ്ങളെ ഭരണകൂടത്തിന്റെ മുഴുവൻ പീഡനോപാധികളുമുപയോഗിച്ച് അടിച്ചമർത്തുകയും ശിക്ഷിക്കുകയും ചെയ്യുന്ന കരാളകാലത്ത് - തിരക്കഥ രചിക്കുന്നുവെന്നത് ഹൃദയാവർജ്ജകമായ കാര്യമാണ്. മലയാളത്തിലെ ഏറ്റവും ജനപ്രിയ യുവതാരങ്ങളിരൊരാൾ - പൃഥ്വിരാജ് - അത് സംവിധാനം ചെയ്യുകയും ഗുജറാത്ത് നരഹത്യയിൽ കൂട്ടക്കൊല ചെയ്യപ്പെട്ട ഒരു മുസ്ലിം കുടുംബത്തിലെ സായിദ് മസൂദ് എന്ന ഏക അതിജീവിതനായി വേഷമിടാൻ ഒരുമ്പെടുകയും ചെയ്തത് എല്ലാ അർത്ഥത്തിലും ഒരു സാഹസമാണ്. ഫാഷിസത്തോട് അനുരഞ്ജനം വഴി പലതും നേടാനുള്ള സുവർണാവസരം ഉള്ളപ്പോഴും തങ്ങളുടെ കാലത്തിന്റെ ആത്യന്തിക നൈതികതയുടെ ചാവേറുകളാകാൻ തുനിഞ്ഞിറങ്ങിയ ഇരുവരും പ്രശംസ അർഹിക്കുന്നുണ്ട് - പ്രത്യേകിച്ച് സ്വന്തം കലയെ ഫാഷിസത്തിന്റെ അൾത്താരയിൽ നിവേദ്യമായി സമർപ്പിക്കുന്ന വിഭവസമ്പന്നരുടെ എണ്ണം കുതിച്ചുയരുന്ന ഈ കെട്ട കാലത്ത്. ഇന്ത്യൻ മുസ്ലിമിന്റെ ഭൂതവർത്തമാനങ്ങളെ നാടിന്റെ ചരിത്രത്തിലെ വില്ലൻസ്ഥാനത്ത് നിർത്തുന്ന സിനിമകളുടെ മലവെള്ളപ്പാച്ചിൽ സംഭവിക്കുന്ന ഇന്നത്തെ സന്ദർഭത്തിൽ ഇതിനെ അത്യുക്തിയുടെ ഭാഷയിൽ മാത്രമേ വിശേഷിപ്പിക്കാനാവൂ. സെക്യുലർ ഇന്ത്യൻ പൗരരിൽ ബഹുസ്വരതയെ മാനിക്കുന്ന മലയാളികളിൽ എമ്പുരാൻ ഉണ്ടാക്കുന്നത് വലിയ പ്രതീക്ഷയാണ്. ഈ കുറിപ്പ് അതുകൊണ്ടുതന്നെ നന്ദിപ്രകാശനം മാത്രമാണ് - സിനിമാനിരൂപണമോ വിലയിരുത്തലോ അല്ല.

തന്റെ കുടുംബത്തെ മൊത്തം വർഗ്ഗീയഭ്രാന്തോടെ കൊന്നുതള്ളിയ ബജ്‌രംഗിയെന്ന ഹിന്ദു ഫാഷിസ്റ്റിനെ കാലപുരിയ്ക്കയക്കുന്നതിന് തൊട്ടുമുമ്പ് തന്നെ കൊല്ലാൻപോകുന്ന ഈ ‘മലബാരി’ ആരാണെന്ന് അയാൾ അമ്പരക്കുന്നുണ്ട്. അതിന് ഖുറേഷി അബ്രാം എന്ന മോഹൻലാൽ പറയുന്ന മറുപടിയിൽ വലിയ അർത്ഥങ്ങളുണ്ട്: ‘സായിദ് മസൂദ് എന്ന ഹിന്ദുസ്ഥാനി’ ഇന്ത്യനോ ഭാരതീയനോ അല്ല ഹിന്ദുസ്ഥാനിയാണയാൾ. നമ്മുടെ ബഹുസ്വരഭൂതകാലത്തിന്റെ ഏറ്റവും വാചാലമായ താക്കോൽപദമാണ് ഹിന്ദുസ്ഥാനി.
മതസ്വത്വമൊന്നു കൊണ്ടുമാത്രം സ്വന്തമായ എല്ലാം നഷ്ടപ്പെട്ടവന്റെ പ്രതികാരവാഞ്ഛയുടെ സ്വാഭാവിക വികാരമാണ്, ജിഹാദിന്റെയും അള്ളാഹു അക്ബറിന്റേയും അകമ്പടിയോടെ കൃത്രിമമായി സിനിമകളിൽ കാണിക്കുന്ന ശത്രുതയല്ല ഇന്ത്യൻ മുസ്ലിമിന്റെ തീവ്രപ്രതികരണങ്ങൾക്ക് പോലും കാരണമാവുന്നതെന്നും അതിനെയാണ് അയൽരാജ്യം ആയുധവൽക്കരിക്കുന്നതെന്നും എമ്പുരാൻ പറഞ്ഞുവെക്കുന്നുണ്ട്. തീവ്രവാദികളുടെ ക്യാമ്പിൽ ഇൻതിഖാം (പ്രതികാരം) സിന്ദാബാദ് എന്നാണ്, ജിഹാദ് സിന്ദാബാദ് എന്നല്ല ഉയർന്നുകേൾക്കുന്നത്. ഇങ്ങനെയൊരു മുദ്രാവാക്യം മുമ്പെവിടെയും കേട്ടതോർക്കുന്നില്ല.
സിനിമ ഇറങ്ങിയ ആദ്യ ദിനം തന്നെ ഇത് ഞങ്ങളെക്കുറിച്ചാണെന്ന് ഹിന്ദു വർഗ്ഗീയവാദികൾക്ക് തോന്നിയതിൽ ഒട്ടും അത്ഭുതമില്ല. 2002 എന്ന് കേൾക്കുമ്പോഴേ അവർക്കറിയാം അതിന്റെ പ്രസക്തി എന്താണെന്ന്. തങ്ങളുടെ ഹൃദയസമ്രാട്ടിന്റെ കാർമികത്വത്തിലോ മുന്നറിവോടെയോ ആയിരക്കണക്കിന് നിസ്സഹായരും നിഷ്കളങ്കരുമായ ഇന്ത്യൻ പൗരരെ കൊന്നൊടുക്കിയതിന്റെ, ഗർഭിണികളായ സ്ത്രീകളുടെ ഭ്രൂണം കുത്തിക്കീറി ശേഷം അവരെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നതിന്റെ അക്കത്തിലുള്ള ചുരുക്കപ്പേരാണ് 2002 എന്നവർക്ക് നന്നായറിയാം. അതവരെ അഭിമാനപൂരിതരാക്കുമ്പോഴും അതിനെക്കുറിച്ച് പരസ്യപരാമർശം കേൾക്കുന്നതിൽ അവർക്ക് ഇപ്പോഴും വിപ്രതിപത്തിയുണ്ട്. വിശ്വഗുരുവിനെ വിശ്വകളങ്കനായി ലോകം കാണരുതല്ലോ! കലാപകാപാലികതയുടെ ആസുരമുഹൂർത്തത്തിൽ ബീഭൽസഭാവവും തദനന്തരം കനിവും വസുധൈവ കുടുംബക സാർവ്വജനീനഭാവങ്ങളുമുള്ള വിശ്വഗുരുവുമാവുന്ന ഒരു വൈരുധ്യത്തിന്റെ ഇന്ത്യൻപേരാകുന്നു സംഘി.

രാജ്യത്തെയും പ്രിയപ്പെട്ടവരെയുമൊക്കെ സന്ദിഗ്ദ്ധഘട്ടത്തിൽ രക്ഷിക്കാനെത്തുന്ന മഹാശക്തിമാൻ ലൂസിഫറെന്ന ഇരട്ടപ്പേരുകാരനാകുന്നത് പലരെയും പ്രകോപിപ്പിച്ചുകണ്ടു. ദൈവവുമായി ബന്ധപ്പെട്ട സകല കാര്യങ്ങളെയും പിശാചുവൽക്കരിക്കുകയും മതം പിശാചിന്റെ പണി മാത്രമാകണം ചെയ്യേണ്ടതെന്ന് വാശിപിടിക്കുകയും ചെയ്യുന്ന ചിലരാണ് ലൂസിഫർ വിരോധം മൂത്ത് കാലികയറുന്നവരിൽ മിക്കവരും. എന്തിനിത്ര മാത്രം ആത്മനിന്ദ എന്ന് അവരോട് ചോദിക്കുന്ന കുഞ്ചൻ നമ്പ്യാരുടെയും വി കെ എന്നിന്റെയും പിന്മുറക്കാരെ ധാരാളം സാമൂഹികമാധ്യമങ്ങളിലും കണ്ടു.
ലൂസിഫർ, പിശാച്, ഇബ്‌ലീസ്, ശൈത്താൻ, ചാത്തൻ എന്നതൊക്കെ നിത്യനൈതികകലഹിയുടെ പര്യായങ്ങളാണ്. ദൈവം അനുയായികളാൽ ബന്ദിയാക്കപ്പെടുമ്പോൾ ലൂസിഫർ രംഗത്തുവരുക അനിവാര്യമാകുന്നു. ആ വരവ് സിനിമയിൽ മാത്രം മതിയോ, ജീവിതത്തിലും വേണ്ടേ?

സിനിമയുടെ നിർമ്മാതാക്കൾ പേടിച്ചുവെന്നും 17 വെട്ടുകൾ വരാൻ പോകുന്നുവെന്നും ഇപ്പോൾ കേട്ടു. അത് ഇന്നത്തെ ഇന്ത്യയിൽ സെൻസർ ബോർഡിന് പുറത്താണ് ഏറ്റവും കൂടുതൽ സെൻസറിങ് നടക്കുന്നതെന്ന വസ്തുതയ്ക്ക് അടിവരയിടുന്നു. ഭയമാണ് സാംസ്കാരിക മണ്ഡലത്തിന്റെ കേന്ദ്രഭാവം. കാശ്മീർ ഫയൽസ് മുതൽ കേരള സ്റ്റോറി വരെയുള്ള വർഗ്ഗീയസിനിമകൾ ഔദ്യോഗിക - ആൾക്കൂട്ട സെൻസറിങിന് വിധേയമാകാതെ പ്രദർശിപ്പിക്കപ്പെടുന്ന സമയത്ത് രാജ്യത്തിന്റെ യഥാർത്ഥസ്ഥിതി കുറെയെങ്കിലും തുറന്നുകാണിക്കുന്ന സിനിമകൾ ആൾക്കൂട്ടഭയം കൊണ്ട് വെട്ടിമുറിക്കേണ്ടിവരുന്ന അവസ്ഥയാണ് കാണുന്നത്. കേരളത്തിൽ പോലും ഇതാണ് സ്ഥിതിയെങ്കിൽ എവിടെയെത്തി നാം?