ഒരു നിറം മറ്റൊരു നിറത്തെ ഭരിച്ച കാലത്തിന്റെ ഫോട്ടോ സിനിമ

ബ്രിട്ടീഷ് ഇന്ത്യയുടെ കാലം ഇത്രത്തോളമുണ്ടായിരുന്നില്ലല്ലോ എന്ന് റൗളിന്റെ സിനിമ കാണുന്ന ഇന്ത്യൻ കാണി താരതമ്യം ചെയ്യാനിടയുണ്ട്. നമ്മുടെ ഉടലുകളേക്കാൾ മനസ്സുകളെ തന്നെ പല തട്ടുകളാക്കിയ കാര്യത്തിൽ 'വിദേശി'കളോ ബ്രാഹ്മണിസ്റ്റുകളോ മുന്നിൽ? രണ്ടിനു പകരം നമുക്കെത്രയോ തട്ടുകൾ... 2023-ൽ പുതിയ ഇന്ത്യൻ പാർലമെന്റ് കെട്ടിടം ജന്മബ്രാഹ്മണർ സെക്കുലറായി പൂജിച്ചാണ് നമ്മൾ തുടങ്ങിയത്.

രു ഡോക്ക്യുമെന്ററി സിനിമക്ക് ഒന്നേമുക്കാൽ മണിക്കൂർ തിരുവനന്തപുരം കൈരളി പോലെ ഒരു വലിയ തീയേറ്ററിലെ കാഴ്ചക്കാരെ മുഴുവൻ കസേരയിലിരുത്താൻ കഴിയുന്നു. രാജ്യാന്തര ഡോക്കുമെന്ററി, ഹ്രസ്വ ചലച്ചിത്ര മേളയുടെ തുടക്ക ചിത്രമായ ഏനസ്റ്റ് കോൾ: ലോസ്റ്റ് ഏന്റ് ഫൗന്റിന് അതു കഴിഞ്ഞു. ചിത്രത്തിലാകെ കോൾ എടുത്ത നിശ്ചല ചിത്രങ്ങളാണ്, ചലന ചിത്രങ്ങൾ കുറവാണ്. സാന്ദ്രവേദനകൊണ്ട് നിശ്ചലമായ പടങ്ങൾ.

കോളെടുത്ത അറുപതിനായിരത്തോളം സ്റ്റില്ലുകളിൽ ചിലതാണ് റൗൾ പെക് മനുഷ്യരെന്ന ജീവിവർഗത്തെ ആത്മനിന്ദപ്പെടുത്തിക്കൊണ്ട് തിരശ്ശീലയിൽ വെക്കുന്നത്. നമ്മുടെ ഉള്ളിനെ വല്ലാതെ ചലിപ്പിക്കുന്ന ഈ ഫോട്ടോഗ്രാഫുകൾ സ്ക്രീനിൽ ചലന ചിത്രങ്ങളായി അനുഭവിപ്പിക്കുന്നത് റൗളിന്റെ കലയാണ്. മനുഷ്യരെന്ന ജീവിവർഗം തന്നെ പരസ്പരം പറഞ്ഞുണ്ടാക്കിയതാണ് മനുഷ്യത്വം എന്ന സങ്കല്പം. ഈ ഡോക്ക്യുമെന്ററിക്കപ്പുറവും ഇപ്പുറവുമിരുന്ന് കഴിഞ്ഞകാലത്തെയോർത്തുള്ള സ്വയംനിന്ദ സംവിധായകനും നമ്മളും പങ്കുവെക്കുന്നു. ഇന്നത്തെ നമ്മൾ അതു മറികടന്നവരാണെന്ന ആശ്വാസവും നമ്മൾ ഗൂഢമായി പറയാൻ ശ്രമിക്കുന്നുണ്ടോ? നിന്ദയെ അഭിമാനമാക്കി മറിച്ചിടാനുള്ള ഈ അഭ്യാസത്തിന്റെ ലാഘവത്തിലിരിക്കാൻ 'ഏനസ്റ്റ് കോൾ: നഷ്ടമായതും കണ്ടെത്തിയതും' പക്ഷേ ഒരു നിമിഷവും നമ്മെ അനുവദിക്കുന്നില്ല.

ഒരു പുറം കറുപ്പും ഒരു പുറം വെളുപ്പും പൂശിയ മതിലായിരുന്നു ബ്രിട്ടീഷ് സൗത്ത് ആഫ്രിക്ക. യൂറോപ്യൻമാർക്കു മാത്രം ഇവിടെയിരിക്കാം, ഇവിടെ നടക്കാം, ഇവിടെ കടക്കാം, യൂറോപ്പിതരർക്കുള്ള വണ്ടിയിതാണ്, അവർക്ക് വഴിയിതേ പറ്റൂ, വീടുകളും കടകളുമിവിടെ മാത്രം എന്നൊക്കെയുള്ള ബോർഡുകളുടെ കറുപ്പും വെളുപ്പിലുമാണ് റൗൾ പെക് അടുക്കി വച്ച ഏനസ്റ്റ് കോൾ പടങ്ങൾ തുടങ്ങുക.
ഒരു പുറം കറുപ്പും ഒരു പുറം വെളുപ്പും പൂശിയ മതിലായിരുന്നു ബ്രിട്ടീഷ് സൗത്ത് ആഫ്രിക്ക. യൂറോപ്യൻമാർക്കു മാത്രം ഇവിടെയിരിക്കാം, ഇവിടെ നടക്കാം, ഇവിടെ കടക്കാം, യൂറോപ്പിതരർക്കുള്ള വണ്ടിയിതാണ്, അവർക്ക് വഴിയിതേ പറ്റൂ, വീടുകളും കടകളുമിവിടെ മാത്രം എന്നൊക്കെയുള്ള ബോർഡുകളുടെ കറുപ്പും വെളുപ്പിലുമാണ് റൗൾ പെക് അടുക്കി വച്ച ഏനസ്റ്റ് കോൾ പടങ്ങൾ തുടങ്ങുക.

ഒരു പുറം കറുപ്പും ഒരു പുറം വെളുപ്പും പൂശിയ മതിലായിരുന്നു ബ്രിട്ടീഷ് സൗത്ത് ആഫ്രിക്ക. യൂറോപ്യർക്കു മാത്രം ഇവിടെയിരിക്കാം, ഇവിടെ നടക്കാം, ഇവിടെ കടക്കാം, യൂറോപ്പിതരർക്കുള്ള വണ്ടിയിതാണ്, അവർക്ക് വഴിയിതേ പറ്റൂ, വീടുകളും കടകളുമിവിടെ മാത്രം എന്നൊക്കെയുള്ള ബോർഡുകളുടെ കറുപ്പും വെളുപ്പിലുമാണ് റൗൾ പെക് അടുക്കി വച്ച ഏനസ്റ്റ് കോൾ പടങ്ങൾ തുടങ്ങുക. മേൽ ഫലകങ്ങൾ യൂറോപ്പിലല്ല, തെന്നാഫ്രിക്കയെന്ന കറുത്ത മനുഷ്യരുടെ സ്വന്തം ജന്മരാജ്യത്തായിരുന്നു. ചരിത്രം അറിയാതെ പോയവരെയും മറന്നു പോയവരെയും പറഞ്ഞു കേട്ടവരെയും സിനിമ ചരിത്രത്തിലേക്കിറക്കി നിർത്തുന്നു. തൊലിക്കറുപ്പും തൊലിവെളുപ്പുമുള്ള മനുഷ്യരെ കറുപ്പിലും വെളുപ്പിലുമുള്ള ബോർഡുകളിൽ തരംതിരിക്കുന്ന, ഈ കറുപ്പിലും വെളുപ്പിലുമുള്ള ചിത്രഭാഗങ്ങൾ കാൺകെ, കറുപ്പ് ദുഖ:ത്തിന്റെ നിറമായതെങ്ങനെ?, ആരതങ്ങനെയാക്കി മനസ്സിൽ പതിപ്പിച്ചെടുത്തു എന്നും ചിന്തിക്കാം. ഇന്ത്യാക്കാർക്ക് ആളുകളെ നിലനിലയായി വേർതിരിച്ചു നിർത്താനും നടത്താനും ബോർഡുകൾ പോലും ആവശ്യമില്ലായിരുന്നു എന്നും ഈ സിനിമ ഇന്ത്യാക്കാരോട് മാത്രമായി പറയുന്നുണ്ട്. സംവരണം ചെയ്യപ്പെടാത്ത മണ്ഡലങ്ങളിൽ നിന്ന് ദലിത് സ്ഥാനാർഥിയെ വിജയിപ്പിക്കരുതെന്ന് വർത്തമാനകാലത്തും ഇന്ത്യാക്കാർക്കറിയാൻ ഫലകങ്ങളുടെയോ നിയമങ്ങളുടെയോ ആവശ്യമില്ല. നമ്മുടെ രാഷ്ട്രീയ കക്ഷികൾക്കുമതറിയാം. സംവരണ പട്ടികയിൽ പെടാത്ത ഒരുപാട് പിന്നാക്ക സമുദായങ്ങളിൽ പെടുന്നവരെ സഭകളിലേക്ക് മത്സരിപ്പിക്കാതിരിക്കാനും നമുക്കു ചട്ടങ്ങൾ ആവശ്യമില്ല.

ഡോക്യുമെന്ററിയില്‍ നിന്നും
ഡോക്യുമെന്ററിയില്‍ നിന്നും

ഏനസ്റ്റ് കോളെടുത്ത അറുപതിനായിരം പടങ്ങളുടെ നെഗറ്റീവുകൾ 2017 ൽ സ്റ്റോക്ഹോമിലെ ബാങ്ക് ലോക്കറിൽ നിന്നാണ് കണ്ടെത്തിയത്. എങ്ങനെ ഇതവിടെത്തി, ആരവിടെ ഏല്പിച്ചു എന്നിവയുടെ രേഖകൾ എന്തുകൊണ്ടോ സ്വീഡിഷ് ബാങ്ക് രഹസ്യമാക്കി വെക്കുന്നു. രാജ്യത്തെ നിറവിവേചനത്തിന്റെ കടും അനുഭവങ്ങൾ 'ഹൗസ് ഓഫ് ബോൻഡേജ്' എന്ന പുസ്തകമായി എഴുതിയ കോളിനെ ഇരുപത്തിയേഴാം വയസ്സിൽ സൗത്താഫ്രിക്ക നാടുകടത്തി. സിനിമയിൽ കോൾ തന്റെ കഥ പറയുകയാണ്. കോളിന്റെ കുറിപ്പുകളെ ആസ്പദമാക്കി റൗൾ പെക് തയ്യാറാക്കിയ തിരക്കഥയിൽ കോളിനായി ലകീത് സ്റ്റാൻഫീൽഡ് ശബ്ദം നൽകി. തന്റെ മരണവും മരണാനന്തരവുമൊക്കെ കോൾ തന്നെ ശബ്ദധാരയിലൂടെ പറയുന്ന ഇന്റിമേറ്റ് സങ്കേതത്തിലെ റൗളിന്റെ വിജയം നാളെ 'ഏനസ്റ്റ് കോൾ: ലോസ്റ്റ് ഏന്റ് ഫൗന്റി'നെ ഒരു ഡോക്കുമെന്ററി ക്ലാസിക് ആക്കിയേക്കാം.

എരിവെയിലിലുള്ള പണികൾ, എല്ലാത്തരം പരിചാരക തൊഴിലുകൾ, ഭാരം ചുമക്കലുകൾ തുടങ്ങിയവയ്ക്കായി മാത്രം വെള്ളക്കാരുടെ ഇടങ്ങളിൽ കറുത്തവർക്ക് പ്രവേശിക്കാം. അത്തരം ജോലികൾ കറുത്തവർക്ക് മാത്രമായി റിസർവ് ചെയ്തിരിക്കുന്നത് കോൾ നിരന്തരം കാമറയിലാക്കി. ബീച്ചുകളും പാർക്കുകളും തീയേറ്ററുകളും യൂറോപ്യർക്ക്. അദ്ദേഹം നാടുകടത്തപ്പെടുന്ന 27-ാം വയസ്സിനു മുമ്പ് അറുപതിനായിരം തിരഞ്ഞെടുക്കപ്പെട്ട പടങ്ങളെടുക്കണമെങ്കിൽ ആ കാമറയുടെ കണ്ണുകൾ എത്ര കുറച്ചാണ് ഉറങ്ങിയിട്ടുണ്ടാവുക! ഓരോ ക്ലിക്കിനും ഫിലിമിന്റെ വില ചെലവാകുന്ന കാലമാണത്. അധികാരത്തിന്റെ കണ്ണുകളെയും ലാത്തികളെയും തോക്കുകളെയും ഒളിച്ചു നിന്നാവണം ഒട്ടുമിക്ക ചിത്രങ്ങളും എടുത്തിട്ടുണ്ടാവുക.

കറുത്ത കുഞ്ഞുങ്ങൾക്കു മാത്രമല്ല, വലിയവർക്കും കീറാത്ത തുണികൾ കുറവാണ്. വെളുത്തവരുടെ ഇടങ്ങളെ വൃത്തിയാക്കിക്കൊണ്ടേയിരിക്കുന്ന കറുത്തവരുടെയിടങ്ങൾ 'വെളുക്കുന്നില്ല'. നാളെ പണിക്ക് വരാൻ മാത്രമുള്ള ആഹാരമേ കറുത്ത പെണ്ണിനും ആണിനും അനുവദിക്കപ്പെട്ടുള്ളു. ചളുങ്ങാത്ത ഒരു അലൂമിനിയം പാത്രം പോലും കോളെടുത്ത തീൻ ചിത്രങ്ങളിലില്ല. എങ്കിലും കുഞ്ഞുങ്ങൾക്ക് ലോകത്തെ മുഴുവൻ വെളുപ്പിക്കുന്ന ചിരിയുണ്ട്, അവരുടെ കീറപ്പന്തു തട്ടിക്കളിക്കുമ്പോൾ. സ്വകാര്യ നിമിഷങ്ങളിൽ മുതിർന്നവരും തങ്ങളിൽ തന്നെ ആഹ്ലാദിക്കുന്നതിൽ കോളിന്റെ കാമറയ്ക്ക് വിസ്മയം.

ഡോക്യുമെന്ററിയുടെ സംവിധായകന്‍ റൗള്‍ പെക്ക്‌
ഡോക്യുമെന്ററിയുടെ സംവിധായകന്‍ റൗള്‍ പെക്ക്‌

"ആരു ചവിട്ടിത്താഴ്ത്തിലും അഴലിൻ

പാതാളത്തിലൊളിക്കിലുമേതോ

പൂർവസ്മരണയിലാഹ്ലാദത്തിൻ

ലോകത്തെത്തും ഹൃദയം

പാവം മാനവഹൃദയം".

കറുത്ത ആയമാരോടൊപ്പം വെളുത്ത കുഞ്ഞുങ്ങൾ ഉല്ലസിക്കുന്നുണ്ട്. ആ ബാല്യം മുതിരുമ്പോൾ മറക്കാനുള്ളതാണവർക്കെന്ന് കൗൾ പറയുന്നു. ആണിനെ ചുംബിക്കുന്ന ആണിനെ കോളിന്റെ കാമറ അന്നുതന്നെ കുറ്റപ്പെടുത്താതെ കാണുന്നു. എന്നല്ല, പ്രണയസുന്ദരമായി തന്നെ വരച്ചു വയ്ക്കുന്നുണ്ട്. പ്രേമചിത്രങ്ങൾ ചിലപ്പോൾ നിറഭേദവും മായ്ക്കുന്നതു കാണാം.

ഡോക്യുമെന്ററിയില്‍ നിന്നും
ഡോക്യുമെന്ററിയില്‍ നിന്നും

തെന്നാഫ്രിക്കയിലുണ്ടായിരുന്നപ്പോഴും പുറത്തായിരുന്നപ്പോഴും കറുത്ത ജനതയോടൊപ്പമായിരുന്ന കോളിനെ അമ്പതാം വയസ്സിൽ കാൻസർ വന്നു കൂട്ടിക്കൊണ്ടു പോയി. നെൽസൻ മണ്ഡേലയെ ജയിലിൽ നിന്നു വിട്ട 1990-ൽ ഏനസ്റ്റ് കോൾ മരിച്ചു. ഒരു നിറം മറ്റൊരു നിറത്തെ ഭരിച്ച കാലം മായുന്നത് കോളിന്റ കാമറ മരണാനന്തമാണ് കണ്ടത്. നാലു കൊല്ലം കഴിഞ്ഞ് തൊണ്ണൂറ്റി നാലിൽ നെൽസൻ മണ്ഡേലയും ആഫ്രിക്കൻ നാഷണൽ കോൺഗ്രസും സ്വയം ഭരണം തുടങ്ങി. മുപ്പത് കൊല്ലം പിന്നിട്ട ഇന്ന്, ഇന്ത്യയോട് ടി-20 ഫൈനലിൽ കളിച്ച സൗത്ത് ആഫ്രിക്കൻ ക്രിക്കറ്റ് ടീമിലെ പതിനാലിൽ മൂന്നു കറുത്തവരേയുള്ളു. അത്ര ആഴത്തിലായിരുന്നു അന്നവരെ താഴ്ത്തിയിട്ടിരുന്നത്.

ബ്രിട്ടീഷ് ഇന്ത്യയുടെ കാലം ഇത്രത്തോളമുണ്ടായിരുന്നില്ലല്ലോ എന്ന് റൗളിന്റെ സിനിമ കാണുന്ന ഇന്ത്യൻ കാണി താരതമ്യം ചെയ്യാനിടയുണ്ട്. നമ്മുടെ ഉടലുകളേക്കാൾ മനസ്സുകളെ തന്നെ പല തട്ടുകളാക്കിയ കാര്യത്തിൽ 'വിദേശി'കളോ ബ്രാഹ്മണിസ്റ്റുകളോ മുന്നിൽ? രണ്ടിനു പകരം നമുക്കെത്രയോ തട്ടുകൾ... ബ്രിട്ടീഷുകാർക്ക് സായുധ അധികാരം ആവശ്യമായിരുന്നെങ്കിൽ ഇവിടത്തെ മനുഷ്യരെ അവരവരുടെ അറകളിലേക്ക് സ്വയം കടന്നിരിക്കാൻ ജാതി സമ്പ്രദായം പഠിപ്പിച്ചു. 2023-ൽ പുതിയ ഇന്ത്യൻ പാർലമെന്റ് കെട്ടിടം ജന്മബ്രാഹ്മണർ സെക്കുലറായി പൂജിച്ചാണ് നമ്മൾ തുടങ്ങിയത്.

നിറവിവേചന കാലത്തെ ദക്ഷിണാഫ്രിക്കയിലെ ബ്രിട്ടീഷ് ഭരണക്കാരെക്കുറിച്ച് ഏനസ്റ്റ് കോളിന്റ കുറിപ്പിൽ പറയുന്നത്, "പരാതിപ്പെടാതിരുന്നാൽ സന്തോഷമാണെന്നവരെടുക്കും. പ്രതിഷേധിച്ചാലവട്ടെ, നന്ദികേടായും".

ഭരണ മനസ്സ് പൊതുവെ അങ്ങനെയാണ് ഭരണീയരെ കാണുന്നതെന്നു തോന്നുന്നു. നെറ്റ്ഫ്ലിക്സ് കൂടി നിർമ്മാതാക്കളായ ഏനസ്റ്റ് കോൾ: ലോസ്റ്റ് ഏന്റ് ഫൗന്റിന് ഈ വർഷത്തെ കാൻ ഫെസ്റ്റിവലിൽ പ്രത്യേക പ്രദർശനമുണ്ടായിരുന്നു. ഡോക്കുമെന്ററി ചലച്ചിത്ര മേളകളുടെ പരിമിത വേദികൾക്ക് പുറത്തുള്ള മനുഷ്യയിടങ്ങളിലെത്താൻ റൗളിന്റെ സിനിമയെ നിർമ്മാതാക്കൾ സഹായിച്ചേക്കും.

ഡോക്യുമെന്ററിയില്‍ നിന്നും
ഡോക്യുമെന്ററിയില്‍ നിന്നും

തന്റെ ജനത തന്റെ നാട്ടിലെ മരുഭൂമിയിലനുഭവിച്ച യാതനയുടെയും സഹനത്തിന്റെയും ചില മണൽത്തരികൾ പകർത്തി വച്ചത് റൗളിന്റെ കാമറയിലൂടെ മഹാജനങ്ങൾ കാണുമെന്ന് കോളിന്റെ കാമറ പ്രതീക്ഷിച്ചിരുന്നോ?

" മറ്റെല്ലാം നഷ്ടമാവുമ്പോഴും പ്രതീക്ഷ ഒരതിശക്തിയുള്ള ആയുധമാണെന്നോർക്കുക " -നെൽസൻ മണ്ഡേല.

Comments