അതതുകാലത്തെ സമൂഹങ്ങളുടെ മാനസികാവസ്ഥയാണ് കലാസൃഷ്ടികളെ സ്വീകാര്യമാക്കുന്നത്, സിനിമയുടെ കാര്യവും ഇങ്ങനെത്തന്നെ. സിനിമ പോലെ ജനമധ്യത്തിലേയ്ക്ക് പരത്തിയിറക്കുന്ന കല സാർഥകമാകുന്നത്, പൊതുബോധത്തിന്റെ താത്പര്യങ്ങളെ മാനിച്ചാണ്. പ്രക്ഷുബ്ധമായ മനസിന് ആവശ്യമായ വിധത്തിൽ, കുളിർമയാർന്ന കലാംശങ്ങൾ കലർത്തേണ്ടതുണ്ട്. കോവിഡ് മഹാമാരി ഏറ്റവും ബാധിയ്ക്കപ്പെട്ട കല സിനിമ തന്നെ, ലോകമാസകലം. വാണിജ്യപരം കൂടിയായതിനാൽ ഇടിവുവന്ന വൻ വ്യവസായങ്ങളിലും മുൻപൻ. ഇന്ത്യയിലാണെങ്കിൽ പ്രധാന വിനോദോപാധി തന്നെ സിനിമയാണ്.
കോവിഡ്കാല സിനിമയിൽ പ്രധാനമായും ഊന്നൽ കൊടുക്കേണ്ടത് ശുഭാപ്തിവിശ്വാസം ഉറപ്പിക്കുന്നതും ശുഭോദർക്കമായ പരിണതി ഉദ്ദേശിച്ചുള്ളതും ആയ കഥയ്ക്കും ഉന്മേഷദ്യോതകമായ കഥാന്ത്യത്തിനും ആണെന്നത് സിനിമ നിർമിച്ചെടുക്കുന്നവർക്കുവേണ്ട മിനിമം അറിവാണ്. നിപ വൈറസ് ബാധയ്ക്കുശേഷം ആ വൈറസിന്റെ ഉറവിടവും പകർച്ചാചരിത്രവും കോഴിക്കോടുഭാഗത്ത് അതിനെ ചെറുക്കാൻ ചെയ്ത യത്‌നങ്ങളും എല്ലാം ചേർത്ത്, ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമ ഇറങ്ങിയിരുന്നു. ഇന്ന് അങ്ങനെയൊരു സിനിമ കോവിഡ് വൈറസിനെക്കുറിച്ച് ഇറങ്ങാൻ സാധ്യതയേ ഇല്ല. കോവിഡിന്റെ പ്രഹരം ആഴത്തിൽ പതിഞ്ഞതാണ്, അപരിമേയമായ കെടുതികളിൽ നിന്നുള്ള ആഘാതം ആരേയും വിട്ടുപോയിട്ടുമില്ല. 2021 പകുതിക്കുശേഷവും 2022-ലും ഇറങ്ങിയ സിനിമകൾ ഇത്തരം ആഖ്യാനങ്ങളിൽ നിന്ന് വിട്ടുനിന്നിട്ടുണ്ട്, പൊതുവേ. ചില അപവാദങ്ങൾ ഇല്ലെന്നല്ല. ഒരു വിനോദോപാധി എന്ന നിലയ്ക്കാണ് സിനിമയുടെ പൊതുസ്വീകാര്യത എങ്കിലും കലാംശം ഏറെ മുമ്പിൽ നിന്നേയ്ക്കാം പലപ്പോഴും. പക്ഷേ, ഒരു മഹാമാരി സമയത്തോ അതിനുശേഷമോ പ്രേക്ഷകർക്കുവേണ്ടത് ആനന്ദദായകവും ശുഭോദർക്കവും ആയ പ്രമേയദൃശ്യങ്ങളാണ്.
തിയറ്റർ അനുഭവത്തിൽനിന്ന് പുറത്തേക്ക്
2020-ൽ പൊടുന്നനേയാണ് പല സിനിമകളുടെയും ഷൂട്ടിങ് നിലച്ചത്. പലതിനും പിന്നീട് തുടരാൻ ഭാഗ്യം കിട്ടിയുമില്ല. തുടരാൻ സാധിച്ചവ മാറിയ പരിസ്ഥിതിയോട് ഇണങ്ങുംവിധം പെട്ടെന്ന് ചിട്ടപ്പെടുത്തുകയാണുണ്ടായത്. ഷൂട്ടിങ് ഇടങ്ങളുടെ പരിമിതിയിൽ രംഗങ്ങൾ മാറ്റിയെഴുതേണ്ടിവന്നിട്ടുണ്ട്, കഥാസന്ദർഭങ്ങളിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നിട്ടുണ്ട്. ചെറിയതും ഒതുങ്ങിയതുമായ ഇടങ്ങളിലേയ്ക്ക് കഥ മാറ്റപ്പെട്ടു, ആൾക്കൂട്ടവും തെരുവുസീനുകളും വേണ്ടെന്നുവെച്ചു. പല രംഗങ്ങളും രാത്രിയിലേയ്ക്കായി മാറ്റി. വി.എഫ്.എക്‌സ് എന്ന കമ്പ്യൂട്ടർ വിദ്യ അത്യാവശ്യമായി വന്നു, ദൃശ്യങ്ങളുടെ ഇല്ലായ്മ മറികടക്കാൻ.
മുകളിൽ നിന്നുള്ള ഏരിയൽ ഷോട്ടുകൾ കൂടുതലായി വന്നുവെന്നത് സത്യമാണെങ്കിലും രസാവഹമാണ്.
കുടുംബത്തിന്റെ ഇഴയടുപ്പവും ഊഷ്മളബന്ധങ്ങളുടെ ഗാഢതയും കൂടുതലായി ആഖ്യാനത്തിൽ വന്നുചേർന്നു. വലിയ ‘സ്‌പെക്റ്റക്കിൾ' അപ്രത്യക്ഷവും അനാവശ്യവുമായി, അവയില്ലാതെ പ്രേക്ഷകരെ പിടിച്ചിരുത്താമെന്ന് സംവിധായകർ തെളിയിച്ചു. തിയേറ്ററുകൾ അടച്ചതോടെ വലിയ വിവാദങ്ങളോടെ ഒ.ടി.ടി. റിലീസുകളിലേയ്ക്ക് സിനിമകൾ മാറി. സിനിമയുടെ ദൃശ്യപരതയിലുണ്ടായ മാറ്റങ്ങൾ വിപ്ലവാത്മകം കൂടിയായിരുന്നു. മൊബൈൽ ഫോണിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ സിനിമ കാണുക എന്ന നൂതനരീതിയോട് സമരസപ്പെട്ടു പ്രേക്ഷകർ. തിയേറ്ററിൽ സിനിമ കാണുന്നതിനുമുമ്പുള്ള മാനസിക തയാറെടുപ്പ് ഇല്ലാതായി. സിനിമയെ സമീപിക്കുന്ന രീതിയിൽ തന്നെ വൻ പരിവർത്തനങ്ങൾ അറിയാതെ വന്നുകയറി. നാം നോക്കുന്ന കമ്പ്യൂട്ടർ സ്‌ക്രീനിൽ മറ്റൊരു കമ്പ്യൂട്ടർ സ്‌ക്രീൻ പ്രത്യക്ഷപ്പെട്ട് കഥ പറയുന്ന ‘സീ യു സൂൺ' പോലെയുള്ള സിനിമ പ്രേക്ഷകപ്രീതി നേടിയത് ഈ മാറ്റങ്ങളെ സ്വാംശീകരിച്ചതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്.
തിയേറ്റർ അനുഭവം പലപ്പോഴും ദുരനുഭവവും ആകാറുണ്ട്. പാലഭിഷേകം പോലെ, ഫാൻ ക്ലബ്ബുകാരുടെ അതിരുകടന്ന ആഹ്ലാദപ്രകടങ്ങളും അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വലിയ വിഭാഗം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി സ്വന്തം ഇടങ്ങളിലെ കാഴ്ചക്കാരാക്കി മാറ്റുന്നു.
ശബ്ദത്തിന്റെ പ്രകടനപരമായ വിന്യാസം സൃഷ്ടിക്കുന്ന മായാജാലം, തിയറ്ററിലെ പ്രധാന ആകർഷണമാണ്. കൂട്ടായ ആഘോഷപ്രതീതി സൃഷ്ടിച്ച് ചെറുപ്പക്കാരെ കൂടുതലായി തിയേറ്ററിലെത്തിയ്ക്കുന്നു എന്നത് സാമ്പത്തിക വിജയത്തിന്റെ സുനിശ്ചിത ഘടകവുമാണ്. തിയേറ്ററോ ഒ.ടി.ടി.യോ എന്ന ദ്വന്ദം വിപരീതഭാവത്തോടെ ഉടലെടുക്കുന്നതും ഈ പര്യാലോചനയെ സംഘർഷത്തിലെത്തിക്കുന്നുമുണ്ട്. ദുൽഖർ സൽമാൻ നായകനായ ‘സല്യൂട്ട്’ ഒ.ടി.ടിയിൽ മാത്രമായി റിലീസ് ചെയ്യുന്നതുകൊണ്ട് തിയേറ്റർ സംഘടന ആ നടന്റെ ഒരു സിനിമയും തിയേറ്ററിൽ റിലീസ് ചെയ്യില്ല എന്ന വാശിയിലായത് ഉദാഹരണം.
തിയേറ്റർ അനുഭവം പലപ്പോഴും ദുരനുഭവവും ആകാറുണ്ട്. പാലഭിഷേകം പോലെ, ഫാൻ ക്ലബ്ബുകാരുടെ അതിരുകടന്ന ആഹ്ലാദപ്രകടങ്ങളും അമിതമായ മൊബൈൽ ഫോൺ ഉപയോഗവും വലിയ വിഭാഗം പ്രേക്ഷകരെ തിയേറ്ററിൽ നിന്ന് അകറ്റി സ്വന്തം ഇടങ്ങളിലെ കാഴ്ചക്കാരാക്കി മാറ്റുന്നു. തിയേറ്ററിനെ വീട്ടിലെത്തിക്കാൻ ഹോം തിയേറ്റർ സൗകര്യങ്ങളും വ്യാപകമാകുന്നു. സിനിമയുടെ ദൃശ്യപരതയെയും ആഖ്യാനരീതികളെയും ഒക്കെ ഇവ സ്വാധീനിച്ചുകഴിഞ്ഞു എന്നത് ലോങ് കോവിഡ് സിനിമകളിൽ തെളിഞ്ഞുകാണുന്നുണ്ട്. മൊബൈൽ ഫോണിലോ കമ്പ്യൂട്ടർ സ്‌ക്രീനിലോ പ്രദർശിപ്പിക്കുന്ന രംഗങ്ങൾക്ക് ഏകാഗ്രത നൽകേണ്ടത് അത്യാവശ്യമാണെന്ന് സംവിധായകർ നന്നായി പഠിച്ചും തുടങ്ങി.
അതിജീവിച്ച സിനിമകൾ
ഈ മാറ്റങ്ങളോട് എളുപ്പം ഇണങ്ങിയത് പുതിയ സംവിധായകരാണ്. ചിദംബരത്തിന്റെ ‘ജാൻ എ മൻ', സാനു ജോൺ വർഗീസിന്റെ ‘ആർക്കറിയാം’, സെന്ന ഹെഗ്ഡെയുടെ ‘തിങ്കളാഴ്ച നിശ്ചയം' എന്നിവ ചെറു സ്‌ക്രീനുകളോടോ കോവിഡ് പരിമിതികളോടോ ഇണങ്ങി എടുത്ത സിനിമകളാണ്. പ്രേക്ഷകരെ തൃപ്തിപ്പെടുത്താനും ഈ സംവിധായകർക്ക് കഴിഞ്ഞു. നവാഗതരായ അഷ്റഫ് ഹംസ (ഭീമന്റെ വഴി), വിഷ്ണു മോഹൻ (മേപ്പടിയാൻ), ഗിരീഷ് എ.ഡി. (സൂപ്പർ ശരണ്യ), ഷൈജു ഖാലിദ് (ലവ്) എന്നിവരൊക്കെ ഒരു സിനിമയുടെ മാത്രം പരിചയവുമായി വന്ന് സ്വീകരണശേഷിയുള്ള സിനിമകളെടുത്തവരാണ്. കോവിഡ് കാലത്തെ അതിജീവിച്ച സിനിമകൾ സംവിധാനം ചെയ്തവർ. വെല്ലുവിളികൾ സ്വാംശീകരിച്ച് രഞ്ചിത്ത് ശങ്കറും അമൽ നീരദും ബി. ഉണ്ണികൃഷ്ണനും ദിലീഷ് പോത്തനും മഹേഷ് നാരായണനും ജീത്തു ജോസഫും പൃഥ്വിരാജും ബേസിൽ ജോസഫും എത്തി. കൂടുതലും ഒരു കാർ ഓടിയ്ക്കുന്ന രംഗങ്ങളുള്ള‘നൈറ്റ് ഡ്രൈവു’മായി വൈശാഖും സാന്നിധ്യം അറിയിച്ചു.
കോവിഡ് കാലത്ത് തുടങ്ങി കോവിഡ് കാലത്തുതന്നെ അവസാനിക്കുന്ന കഥകൾ പ്രത്യാശയ്ക്ക് വഴിയുണ്ട് എന്ന് സൂചിപ്പിക്കുന്നവയാണ്. രഞ്ജിത് ശങ്കറിന്റെ ‘സണ്ണി' മഹാമാരിയുടെ എല്ലാ ദുരന്തങ്ങളും കെടുതികളും ഒരു മുറിയിൽ ഒരാൾക്ക് സംഭവിക്കുന്ന ദുർഘടങ്ങളിലൂടെ ആഖ്യാനം ചെയ്യുകയാണ്. പുറത്തുള്ള വലിയ സമൂഹത്തിന്റെ കെടുതികൾ ഒരാളിലേയ്ക്ക് ചുരുക്കി ആന്തരവൽകരിക്കപ്പെടുന്നു ഇവിടെ. ക്വാറൻറയിൻ കാലത്ത് സ്വന്തം ജീവിതത്തിലേയ്ക്ക് തിരിഞ്ഞുനോക്കേണ്ടതിന്റെ ആവശ്യകത ഓർമിപ്പിക്കുന്നതിനൊപ്പം ദൗർഭാഗ്യകാലത്ത് ശുഭോദർക്കമായ ചിന്തകൾ ആത്മസംസ്കരണത്തിന് വഴിവയ്ക്കുകയും ചെയ്യുമെന്ന് സിനിമ സൂചിപ്പിക്കുന്നു. ദാമ്പത്യേതര ബന്ധങ്ങളും സാമ്പത്തിക തിരിമറികളും മൂലം ഒറ്റപ്പെട്ട്, അതിനുമേൽ കോവിഡ് ഏകാന്തവാസം വിധിയ്ക്കുമ്പോൾ സണ്ണി ആത്മഹത്യക്കൊരുമ്പെടുകയാണ്. അയാൾക്കു വരുന്ന ഫോൺ വിളികൾ വഴിയാണ് സിനിമ കഥ പറയുന്നത്. കോവിഡ് അയാൾക്കുള്ള ശിക്ഷയാണ്, പക്ഷേ പാപമുക്തിയ്ക്ക് വഴിയുണ്ട്. ‘This too shall pass' എന്നൊരു സന്ദേശം അയാളുടെ ഫോണിൽ വരുന്നത് വ്യക്തമായി കാണിച്ച് സിനിമ ഉദ്ദേശ്യം വെളിവാക്കുന്നു എന്നുകരുതാം. കോവിഡ് ബാധയുടെ സമൂലകത സണ്ണിയുടെ മാനസികവ്യാപാരത്തിലൂടെ വിദിതമാകുന്നു. മാനസികാഘാതത്തിന് ഒരു ദാർശനികമാനം നൽകാനുള്ള ശ്രമമുണ്ടിവിടെ.
ആർക്കറിയാം
കോവിഡ് ഏൽപ്പിക്കുന്ന പരിക്കുകളുടെ പരിണതി ജീവിതസന്ദർഭങ്ങളെ എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ‘ആർക്കറിയാം' എന്ന സിനിമ കാണിച്ചുതരുന്നു. ടെലിവിഷനിൽ വരുന്ന കോവിഡ് വാർത്തകൾ പലപ്പോഴും ആഖ്യാനത്തിനുപയോഗിക്കുന്നുണ്ട്. പാൻഡെമിക് പകർന്നുതുടങ്ങുന്ന കാലഘട്ടമാണ്, മാസ്‌ക് ഉപയോഗം പ്രചാരത്തിൽ വന്ന് തുടങ്ങിയിട്ടുണ്ട്, കോവിഡ് പ്രചണ്ഡ തേർവാഴ്ച നടത്തിയിരുന്നപ്പോൾത്തന്നെയായിരുന്നു ഷൂട്ടിങ്ങും. എന്നാലും കാലഘട്ടത്തിന്റെ സൂചനക്കുവേണ്ടി മാത്രമല്ല കോവിഡ് വ്യാധിയെ ഉപയോഗിച്ചിരിക്കുന്നത്. കുടുംബബന്ധങ്ങളെ ഉറപ്പിച്ചുനിർത്താനുള്ള ഉപാധി എന്ന നിലയിലാണ്. പാപവും മുക്തിയും ഇവിടെയും ചർച്ച ചെയ്യപ്പെടുന്നുണ്ട്. കോവിഡ് കാലത്തെ ദുർഘടങ്ങൾ മാറിക്കിട്ടി സ്വസ്ഥജീവിതം തുടരുന്നു എന്ന ശുഭോദർക്ക സൂചനയോടെയാണ് സിനിമ അവസാനിക്കുന്നത്.
സീ യു സൂൺ
സൂക്ഷ്മ നിർമിതിയിലൂടെ മഹാമാരിക്കാലത്ത് ഉദ്ദിഷ്ടസിദ്ധിസാധകമായി പ്രേക്ഷകരോട് സംവദിച്ച സിനിമയാണ് മഹേഷ് നാരായണന്റെ ‘സീ യു സൂൺ'. കോവിഡ് കാലത്ത് സംഭവിക്കുന്ന കഥയല്ലിത്, എക്കാലവും നടക്കാവുന്ന ഒന്ന്. ആധുനിക സംവേദന സാധ്യതകളുപയോഗിച്ച് മനുഷ്യർക്ക് അടുത്തിടപഴകാൻ സാദ്ധ്യതയേറെയാണ് ഇക്കാലത്ത്. മൊബൈൽ ഫോൺ വഴി ബന്ധങ്ങൾ സൃഷ്ടിക്കപ്പെടുന്നതും ചതിയിൽ അകപ്പെടുന്നതും ബന്ധങ്ങൾ മുറിയുന്നതും സ്ഥിരം വാർത്തകളായ ഇക്കാലത്ത് അതിന്റെ ദൃശ്യപ്പെടുത്തൽ എങ്ങനെ സിനിമാറ്റിക്കാക്കി മാറ്റാമെന്ന വെല്ലുവിളിയാണ് സംവിധായകൻ ഏറ്റെടുത്തത്. പ്രതികൂലാവസ്ഥകളിലും സിനിമ എന്ന വിനോദോപാധി അനുസ്യൂതം തുടരാമെന്നുള്ളതിന്റെ തെളിവ്. മൊബൈൽ ഫോൺ ദൃശ്യങ്ങളും ലാപ്ടോപ്പിൽ തെളിയുന്ന പ്രതിഛായകളും മാത്രം ഉപയോഗിച്ചാണ് ആഖ്യാനം. പെരുമാറ്റങ്ങളും യാത്രകളും അന്യോന്യസംബന്ധങ്ങളും കണിശമായി പ്രതിബന്ധിതമാക്കപ്പെട്ട കാലത്ത് ഉദ്വേഗജനകമായ രംഗങ്ങൾ ഉൾപ്പെടുത്തി എങ്ങനെ സിനിമ നിർമിക്കാമെന്നതിന്റെ ഉദാത്ത ഉദാഹരണമാണ് ഈ സിനിമ. ബാംഗളൂരിലും ദുബായിയിലും കേരളത്തിലുമായി കഥ നടക്കുന്നു എന്ന് വിശ്വസിപ്പിക്കുന്നുണ്ട് പ്രേക്ഷകനെ. കമ്പ്യൂട്ടർ വിദ്യയുടെ ആൽഗൊരിതമുകൾ ഉപയോഗിച്ച് ഡിറ്റക്റ്റീവ് പണികൾ സാധിച്ചെടുക്കാമെന്ന് തെളിയിക്കപ്പെട്ട ഇക്കാലത്ത്, ദൂരെയിരുന്ന് ചെയ്തുതീർക്കാവുന്ന കാര്യങ്ങൾ നിരവധിയാണെന്ന് സിനിമ പറഞ്ഞുതരുന്നു. വില കൂടിയതും സങ്കീർണ സാങ്കേതികതാ നിബദ്ധവുമായ കാമറകൾ അത്ര അത്യാവശ്യമല്ലെന്നും മൊബൈൽ ഫോണോ ലാപ്ടോപ്പോ ഉപയോഗിച്ച് സിനിമാ ആലേഖനം സാദ്ധ്യമാണെന്നും കോവിഡ് വെല്ലുവിളികൾ പഠിപ്പിച്ചു തരുന്നു.
ലവ്
ഷൈജു ഖാലിദിന്റെ ‘ലവ്’ പരിമിതമായ ഒരിടത്ത്- ഒരു ഫ്ലാറ്റിനുള്ളിൽ-സംഭവിക്കുന്ന രീതിയിൽ രചിക്കപ്പെട്ടതാണ്. കോവിഡ്കാല പരിമിതികളെ മറികടക്കാൻ ഒരു പോംവഴി ഇതുതന്നെ- ചെറിയ ഒരിടം സൃഷ്ടിച്ച് അവിടെ വൻ നാടകീയതയും സംഘർഷാവസ്ഥയും സാധിച്ചെടുക്കുക. ഫ്ലാറ്റിൽ പ്രവേശിക്കാനുള്ള കതകും രണ്ട് മുറികളുടെയും കുളിമുറികളുടെയും കതകുകളും അടയ്ക്കുകയും തുറക്കുകയും ചെയ്ത് ഭ്രമാത്മകത സൃഷ്ടിക്കുന്നു. നായകന്റെ ഫാന്റസികളും ഇതിനോടുചേരുമ്പോൾ ഇടം എന്നതിന്റെ പരിമിതി വിസ്മൃതമാകുകയാണ്. കഥാപാത്രങ്ങളുടെ എണ്ണവും പരിമിതപ്പെടുത്തിയിട്ടുണ്ട്. ഒരു സമ്പൂർണ ലോക്ക്ഡൗൺ നിർമിത സിനിമ തന്നെയാണ് ‘ലവ്. ചടുലമായ ആഖ്യാനം തന്നെയാണ് ഈ സിനിമയ്ക്ക് വിശ്വസനീയത നൽകുന്നത്.
ദിലീഷ് പോത്തന്റെ ‘ജോജി'യും ഇടം ചുരുക്കിയെടുത്ത സിനിമയാണ്. ഒരു വീടും ചുറ്റുമുള്ള സ്ഥലങ്ങളും മാത്രം ദൃശ്യപ്പെടുത്തി ആഖ്യാനം അതിനനുസരിച്ച് വ്യവസ്ഥപ്പെടുത്തിയിരിക്കുന്നു. കുരുതി, ബ്രോ ഡാഡി, കോൾഡ് കേസ് ഒക്കെ കോവിഡ് കാലത്ത് അതിന്റേതായ ക്രമപ്പെടുത്തലോടേ ഷൂട്ട് ചെയ്തതാണ്.
മിന്നൽ മുരളി
ഒരു അതിമാനുഷൻ മനുഷ്യകുലത്തെ രക്ഷിക്കാൻ അവതരിക്കുന്നത് പാശ്ചാത്യസിനിമകളിൽ പണ്ടേ പ്രത്യക്ഷപ്പെട്ട പ്രമേയമാണ്. മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെ ഒരു സൂപ്പർ ഹീറോ. കോവിഡ് വ്യാപിക്കുന്നതിനു മുൻപേ നിർമാണം തുടങ്ങിയതാണ് ‘മിന്നൽ മുരളി’ എങ്കിലും കോവിഡ് കാലത്ത് പ്രധാന രംഗങ്ങൾ ചിത്രീകരിക്കേണ്ടിവന്നിട്ടുണ്ട്. സ്വീകാര്യതയോടെ ആഘോഷിക്കപ്പെട്ടു മിന്നൽ മുരളി. ദൈന്യതയും അരക്ഷിതാവസ്ഥയും മറികടക്കാനും പ്രസന്നവും സ്വച്ഛവും ആയ ഭാവി വാഗ്ദാനം ചെയ്യാനും ഒരു അതിമാനുഷൻ നമുക്കിടയിലേയ്ക്കിറങ്ങിവരുന്നു എന്ന സങ്കൽപം കോവിഡ് ആഘാതത്തിനുശേഷം അത്യാവശ്യവും അതിജീവനത്തിന് ഉത്തേജനം പകരുന്നതുമാണ്. ഒരു സാധാരണ തയ്യൽക്കാരനാണ് മിന്നൽ മുരളി ആയി രൂപാന്തരണം സംഭവിച്ച് ‘ധർമസംസ്ഥാപനം’ സാധിച്ചെടുക്കുന്നത്. അമേരിക്കയ്ക്കു പോകാൻ ഷർട്ട് തയ്പ്പിച്ച്കാത്തിരിക്കുന്നവൻ അത് വേണ്ടെന്നുവെച്ച് നമ്മോടൊപ്പം അതിശക്തിയോടെ നിൽക്കുമെന്ന് വാഗ്ദാനം ചെയ്യുന്നത് ആത്മഋണമുക്തിക്ക് വഴിതളിയ്ക്കുന്നു. മിന്നൽ മുരളിയുടെ സ്വീകാര്യതയുടെ പിന്നിൽ ഇത്തരം ശുഭചിന്തകളാണുള്ളത്. പൊതുവേ സന്തോഷാനുഭവ (feel good) സിനിമകൾക്കു തന്നെയാണ് ഇക്കാലത്ത് പ്രിയമേറുന്നത്.
ഭീമന്റെ വഴി, ജാൻ എ മൻ
വില്ലൻ ജീവിതത്തിന്റെ വഴിമുടക്കുമ്പോൾ അയാളെ മലർത്തിയടിച്ച് -അതും ഒരു സ്ത്രീ- മുന്നോട്ടുള്ള യാത്ര സുഗമമാക്കുക്ക പ്രമേയമാണ് ‘ഭീമന്റെ വഴി’. ഒരേ ഒരു ലൊക്കെഷനിൽത്തന്നെയാണ് ചിത്രീകരണം. ഇത് ഒരു പരിമിതിയായി തോന്നിപ്പിക്കുന്നതേയില്ല. ‘ജാൻ എ മൻ' ബന്ധങ്ങളുടെ പരിപാലനവും ഊഷ്മളതയും എത്രയും ആവശ്യമാണ് എന്ന് വെളിവാക്കുന്നു. നേരെ എതിരെയുള്ള രണ്ട് വീടുകളിൽ നടക്കുന്ന സംഭവങ്ങൾ മാത്രമായി ഇടങ്ങൾ ചുരുക്കപ്പെട്ടിരിക്കയാണ്. ചെറുപ്പക്കാരായ ചിദംബരവും സഹോദരൻ ഗണപതിയുമാണ് ഈ സിനിമയുടെ ആവിഷ്‌കർത്താക്കൾ. ഒറ്റപ്പെട്ടവരുടെയും വിഷാദരോഗത്തിലേക്ക് വഴുതിവീഴുന്നവരുടെയും ആനന്ദോൽക്കർഷങ്ങൾക്ക് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെയായി കൂട്ടുചേരൽ എത്ര അത്യാവശ്യമായിരിക്കുന്നു ഈ മഹാമാരിക്കാലത്ത് എന്ന് കൃത്യമായി രേഖപ്പെടുത്തുന്നു ‘ജാൻ എ മൻ'.
‘ഹോം' എന്ന സിനിമയും കുടുംബത്തിന്റെ ഇഴയടുപ്പം ആത്മനവീകരണത്തിനു തുണയേകുന്നതാണ് പ്രമേയമാക്കുന്നത്. ‘സൂപ്പർ ശരണ്യ'യുടെ പ്രേക്ഷകപ്രീതിക്കുപിന്നിലും ഇതേ തത്വം ഇഴപാകിയിട്ടുണ്ട്. കുറ്റം ചെയ്തവനാണെങ്കിലും കൊല്ലപ്പെട്ടവന്റെ ആത്മാവിനു നീതി കിട്ടട്ടെയെന്ന് ആശംസിക്കുന്ന രീതിയിൽ കഥാന്ത്യം വികസിപ്പിച്ചെടുത്ത ‘ദൃശ്യം 2' ഉം കോവിഡ് ബാധയിൽ നിന്ന് വിമുക്തി നേടിക്കൊണ്ടിരിക്കുന്ന സമൂഹത്തിന്ആശ്വാസമരുളിയിട്ടുണ്ട്. ‘അജഗജാന്തരം' കോവിഡ് ആഘാതത്തിനു മുൻപേ നിർമിച്ചതാണെങ്കിലും പരക്കെ സ്വീകരിക്കപ്പെട്ടു. യുക്തിരഹിതമായ ഹിംസയും ക്രൗര്യവും നിറഞ്ഞതാണെങ്കിലും ആൾക്കൂട്ട- ഉത്സവദൃശ്യങ്ങൾ ചില ഗൃഹാതുരത്വ നിറവേറ്റലുകൾ സാധിച്ചെടുത്തതാവണം ഈ പ്രീതിയുടെ പിന്നിൽ.
ഭീഷ്മപർവവും ആറാട്ടും: നിരാകരിക്കപ്പെടുന്ന സ്റ്റാർഡം
കാലഹരണപ്പെട്ടുതുടങ്ങിയ സൂപ്പർ സ്റ്റാർ സങ്കൽപം പുനഃസ്ഥാപിക്കാൻ സാധ്യമല്ലെന്ന് മനസ്സിലാക്കി പഴയ സംവിധായകർ തങ്ങളുടെ ദൈന്യത ഒരു ഓർമപ്പെടുത്തൽ പോലെ അവതരിപ്പിച്ചിരിക്കയാണ് ‘ഭീഷ്മപർവം’, ‘ആറാട്ട്’ എന്നീ സിനിമകളിലൂടെ. ‘ആറാട്ടി’ൽ അത് വളരെ വ്യക്തമാണുതാനും. ഫാൻപറ്റങ്ങളെ മേച്ചുനടന്ന സ്റ്റാറുകൾ പുതിയ ആസ്വാദകജനതയാൽ നിരാകരിക്കപ്പെടുന്നു എന്ന മാനസികാവസ്ഥയിലെത്തിയതിന്റെ ദൃഷ്ടാന്തമാണ് ഭീഷ്മപർവവും ആറാട്ടും. ബി. ഉണ്ണികൃഷ്ണൻ മോഹൻലാലിനെക്കൊണ്ട് ആറാട്ടിൽ ചെയ്യിച്ചതൊക്കെ മൺമറഞ്ഞുപോയ മാനറിസം പിടിച്ചുനിറുത്താനുള്ള ദയനീയശ്രമത്തിന് ഉദാഹരണമാണ്. മുണ്ട് വീശി മാടിക്കുത്തുന്നതും വാദ്യകോലാഹലത്തോടെ നടന്നടുക്കുന്നതും ഇനിയും ചിലരെ മോഹമുഗ്ധരാക്കും എന്ന് വിചാരിച്ചിരിക്കുന്നു പാവം സംവിധായകൻ.
ചെണ്ടകൊട്ടിയും പാലഭിഷേകം ചെയ്തും തിയേറ്റർ റിലീസ് ആഘോഷിക്കുന്ന ഭ്രാന്തൻ ഫാൻസിനെയല്ല ടാർഗറ്റ് ചെയ്യേണ്ടത് എന്ന് മറന്നുപോയോ ഇവർ? മമ്മൂട്ടിയോടൊപ്പം കൊച്ചുപയ്യനായി അഭിനയിച്ച ഗണപതി ഇന്ന് ഏറ്റവും മികച്ച സ്‌ക്രിപ്റ്റുമെഴുതി പ്രേക്ഷകരെ കൈയിലെടുത്ത കാലമാണിത്.
അമൽ നീരദ് ഒരേ റൂട്ടിലോടുന്ന ബസ് ആയിത്തീർന്നിരിക്കുന്നു എന്ന് സ്വയം വിളംബരം ചെയ്യുകയാണ്, മമ്മൂട്ടിയെക്കൊണ്ട് പണ്ട് ചെയ്യിച്ചതൊക്കെ വീണ്ടും വൃഥാ ആവർത്തിച്ച്. ഗോഡ്ഫാദർ അതേ എഫക്‌റ്റോടെ റിമേയ്ക്ക് ചെയ്ത്, മമ്മൂട്ടി കാലിന്മേൽ കാൽ കയറ്റിവെച്ച് സ്‌റ്റൈലിൽ സിഗററ്റ് വലിച്ചാൽ പ്രേക്ഷകർ ഇനിയും അതിൽ വീണുപോകും എന്ന് വിശ്വസിച്ചുപോയ നിഷ്‌കളങ്കമനസ്‌കൻ ആയിരിക്കുന്നു അമൽ നീരദ്. ചെണ്ടകൊട്ടിയും പാലഭിഷേകം ചെയ്തും തിയേറ്റർ റിലീസ് ആഘോഷിക്കുന്ന ഭ്രാന്തൻ ഫാൻസിനെയല്ല ടാർഗറ്റ് ചെയ്യേണ്ടത് എന്ന് മറന്നുപോയോ ഇവർ? കോവിഡനന്തര സിനിമ എന്താണെന്ന് ഈ സംവിധായകർ മനസ്സിലാക്കി വരുന്നതേയുള്ളൂ എന്ന് വിചാരിക്കേണ്ടിയിരിക്കുന്നു.
ചുരുങ്ങിവരുന്ന ഇടങ്ങൾ, ശക്തമാകുന്ന ബന്ധങ്ങൾ
പാൻഡെമിക്കിന്റെ വെല്ലുവിളികൾ അതിജീവിക്കാൻ, മലയാള സിനിമ ചില പ്രത്യേക മാറ്റങ്ങൾ സൃഷ്ടിച്ചെടുത്തു എന്നത് ശ്രദ്ധാർഹമാണ്. ഇടങ്ങളെ ചുരുക്കിയെടുക്കുക എന്നതാണതിൽ പ്രധാനം. ആഖ്യാനവേഗത വർധിപ്പിച്ചും സംഘർഷാത്മകതയ്ക്ക് ഊന്നൽ നൽകിയുമാണ് ഈ പരിമിതിയെ മറികടക്കുന്ന ആവിഷ്‌കാരതന്ത്രം ഒരുക്കിയത്. ഊഷ്മളബന്ധങ്ങൾ പുനഃസ്ഥാപിക്കുന്ന രീതിയിൽ കഥ വികസിപ്പിക്കുക, കുടുംബത്തിന്റെ സ്‌നേഹച്ചങ്ങലകൾ ദൃഢമാക്കുന്ന രീതിയിൽ രംഗങ്ങൾ ഒരുക്കുക എന്നിവയൊക്കെ മരണഭീതിയിലോ ദുരിതസങ്കടങ്ങളിലോ ആഴ്ന്നുപോയവർക്ക് ആശ്വാസമരുളും എന്ന് പെട്ടെന്നുതന്നെയാണ് സിനിമക്കാർ മനസ്സിലാക്കിയെടുത്തത്. ശുഭകരമായി സിനിമ അവസാനിപ്പിച്ച് പ്രേക്ഷകർക്ക് സന്തോഷം പകരുക എന്നത് ഒരു പ്രധാനോദ്ദേശ്യം തന്നെയായിരുന്നിരിക്കണം. ചെറുതല്ലാത്ത രീതിയിൽ അത് ജീവന് ഉത്സാഹം നൽകിയിട്ടുണ്ടാകണം, ധൈര്യം വീണ്ടെടുക്കാൻ സഹായിച്ചിരിക്കണം.
യുദ്ധങ്ങൾ എന്നും കലയെയും സാഹിത്യത്തെയും ബാധിച്ചിട്ടിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിനുശേഷം സിനിമ ആകപ്പാടെ മാറിയത് - സംവേദനത്തിലും ആസ്വാദനശീലങ്ങളിലും ആവിഷ്‌കാരപദ്ധതികളിലും- ചരിത്രം. പാൻഡെമിക്കിന്റെ ദുഷ്‌കൃതങ്ങളിൽ നിന്ന് സാവധാനം പുറത്തുകടക്കുന്ന ലോകജനതയുടെമേൽ യുദ്ധം എന്ന, വൈറസിനേക്കാൾ നാശകാരിയായ മനുഷ്യശീലം വൻ ആഘാതമാണുളവാക്കിയിരിക്കുന്നത്. യുക്രെയിനുമേലുള്ള റഷ്യൻ അധിനിവേശം, ക്രൗര്യമാണ് ഏറ്റവും വലിയ വിനാശകാരി എന്ന് വീണ്ടും തെളിയിക്കുന്നു. യുദ്ധം പഴഞ്ചൻ ആശയമെന്ന് തള്ളിക്കളയാൻ ഒരുമ്പെട്ടതാണ് ചിന്തകർ. പോസ്റ്റ് ഹ്യൂമനസിത്തിന്റെ കാലമാണെന്ന് തെറ്റിദ്ധരിച്ചു അവർ. കോവിഡ് അനുഭവം മനുഷ്യരെ ചില പാഠങ്ങൾ പഠിപ്പിച്ചു എന്നും മറ്റും വെറുതേ പ്രത്യാശിച്ചു പാവം മാനവഹൃദയം. സിനിമയുടെ ഉള്ളടക്കവും വിഷയങ്ങളും ആസ്വാദനപരതയും ഇനിയും മാറാൻ പോവുകയാണ്. വൈറസ് അല്ല മാനവരാശിയ്ക്ക് ഭീഷണി, മനുഷ്യർ തന്നെയാണ് എന്ന് വീണ്ടും ഓർമപ്പെടുത്തൽ ആഖ്യാനങ്ങളിൽ നിറഞ്ഞു നിന്നേയ്ക്കാം. സുരക്ഷിതരല്ല എന്ന ഭീതി സിനിമാആവിഷ്‌ക്കാരങ്ങളിൽ സ്വരൂപം മാറി ആവേശിച്ചേയ്ക്കാം. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.