ഗൊദാർദ്

ഗൊദാർദിന്റെ ഐച്ഛികമരണം:
​ധാർമികതയുടെ ചോദ്യങ്ങൾക്ക് ഒരു മറുപടി

മരണം ഏതായാലും ദൈന്യവും കഠിനതരവുമാണ്, അത് മയപ്പെടുത്തി ലഘൂകരിച്ച് സഹിക്കാൻ പറ്റുന്നതാക്കാൻ യുതനേഷ്യ വഴിതെളിയ്ക്കുകയാണ്. മരണം എത്രമാത്രം ആത്യന്തികമാണെന്ന് തീർപ്പുകൽപ്പിക്കുന്നത് ആധുനികശാസ്ത്രം തിരുത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, സ്വച്​ഛന്ദമൃത്യു എന്നത്​ പുതിയ ആലോചനകളിലേക്ക്​ നയിക്കുന്നു

വിഖ്യാത സിനിമാ സംവിധായകൻ ഗൊദാർദ് സ്വയം ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഡോക്​ടറുടെ സഹായത്തോടെയുള്ള ആത്മഹത്യ തന്നെയായിരുന്നു അത്. നിയമപരമായി ഇത് അനുവദിയ്ക്കുന്ന സ്വിറ്റ്‌സർലൻഡിൽ വെച്ചായിരുന്നു അദ്ദേഹം തന്നെ തെരഞ്ഞെടുത്ത മഹാപ്രയാണം. അദ്ദേഹത്തിന്റെ സിനിമകളിലെ വ്യക്തിനിഷ്ഠപരതയുടെ തുടർച്ചപോലെ.

‘തനിയാവർത്തനം' സിനിമയുടെ അവസാനം, ഭ്രാന്തനെന്ന് വിധിക്കപ്പെട്ട ബാലൻ മാഷിന്​ അമ്മ വിഷം കൊടുത്ത് മരണത്തിലേക്ക് നയിക്കുകയാണ്​. ‘വൺ ഹു ഫ്ലു ഓവെർ ദി കുക്കൂസ് നെസ്റ്റ്' എന്ന പ്രസിദ്ധ ഹോളിവുഡ് സിനിമയിലും പ്രതിരോധിയ്ക്കാനോ പ്രതികരിയ്ക്കാനോ കഴിവില്ലാതാക്കപ്പെട്ടവനായ റാൻഡിൽ മക്മർഫിയെ ബലവാനായ ‘ചീഫ്' തലയണ അമർത്തി ശ്വാസം മുട്ടിച്ച് കൊല്ലുകയാണ്. സമൂഹത്തിലെ ഭൂരിപക്ഷത്തെപ്പോലെ പെരുമാറാനും അവരുടെ നിയമങ്ങൾ അനുശാസിക്കാനും അപ്രാപ്തരെന്ന് വിധിയെഴുതപ്പെട്ടവരാണ് ഈ രണ്ട് കഥാപാത്രങ്ങളും. മരണമാണ് അവർക്ക് യോജിച്ചത് എന്ന് നമ്മളെയും വിശ്വസിപ്പിക്കാൻ ശ്രമിക്കുകയാണ് ഈ കഥാന്ത്യങ്ങൾ. ആ മരണങ്ങൾ അവർ സ്വമേധയാ തീരുമാനിക്കുന്നതല്ല, സമൂഹത്തിന്റെ പ്രതിനിധികൾ തീർപ്പാക്കുന്നതാണ്. ബാലന്​ ജന്മം നൽകിയ അമ്മയ്ക്ക് തീർച്ചയായും അയാളുടെ ജീവനെടുക്കാനും അവകാശമുണ്ടെന്ന് പരോക്ഷമായി സൂചിപ്പിക്കപ്പെടുകയാണ്. സുഗതകുമാരിയുടെ ‘കൊല്ലേണ്ടതെങ്ങനെ' എന്ന കവിതയിലും സമൂഹനീതികളോട് ചേരാൻ അപ്രാപ്തയായ, അതിന്റെ പ്രായോഗികതകളിൽ പങ്കുചേരാൻ പറ്റാത്തവളുമായ മകളെ അമ്മ തന്നെയാണ് ഇല്ലാതാക്കാൻ തീരുമാനിക്കുന്നത്.

‘കൊല്ലേണ്ടതെങ്ങനെ ചിരിച്ച മുഖത്തു നോക്കി അല്ലിൽ തനിച്ചിവിടെ അമ്മ തപസ്സിരിപ്പൂ... വല്ലാതെ നോവരുത് വേവരുത്, ഒന്നുമാത്രം എല്ലാം മറക്കുമൊരു ഉറക്കം'

എങ്ങനെയാണത് നടപ്പാക്കേണ്ടത് എന്നതിലേ ചിന്താക്കുഴപ്പമുള്ളൂ, അമ്മയ്ക്ക്.

‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയും കവിയൂർ​ പൊന്നമ്മയും
‘തനിയാവർത്തന’ത്തിൽ മമ്മൂട്ടിയും കവിയൂർ​ പൊന്നമ്മയും

ജീവന്റെ നൈരന്തര്യം ഏതു ജീവിയും കാംക്ഷിയ്ക്കുന്നു എന്നിരിക്കേ മരണം എന്നത് അനിവാര്യമെങ്കിലും അത് സ്വയമേ തെരഞ്ഞെടുക്കുന്നതോ സ്വാഭാവികമായി സംഭവിക്കുന്നതോ ആയിരിക്കണമെന്ന്​ പ്രകൃതിനിയമം മനുഷ്യമനസ്സിൽ തെര്യപ്പെടുത്തിവെച്ചിട്ടുണ്ട്. സ്വന്തം സ്പീഷീസിനെ കൊലചെയ്യുന്ന അപൂർവജീവിയാണ് മനുഷ്യൻ. അതുകൊണ്ട് മറ്റൊരാളെ കൊലചെയ്യുന്നതിന്റെ ധാർമികത ഇപ്പോഴും ഒരു ഐറണി എന്നപോലെ തന്നെ നിലനിൽക്കുന്നുണ്ട്, ബോധ/അബോധ മനസ്സിൽ.

ആധുനികകാലത്ത് വിഭവങ്ങൾക്കുവേണ്ടി മത്സരിക്കേണ്ടിവരുന്നില്ലെങ്കിലും അതിന്​ഹിംസ ആവശ്യമല്ലെങ്കിലും യുദ്ധം എന്ന നിരർഥക ചെയ്തിയിലൂടെ, രണ്ടാം ലോകമഹായുദ്ധത്തിൽ 56 മില്യൺ മനുഷ്യരെ കൊന്നവരാണ്​ നമ്മൾ. അതിന്റെ പരിണതിയെന്നോണം 26 മില്ല്യൺ പേർ വേറേ മരിച്ചിട്ടുണ്ട്. ലോക കോടതിയോ ശിക്ഷാവിധികളോ ധാർമികപദ്ധതികളോ ഈ കൊലപാതകത്തിന്​ ശിക്ഷ വിധിയ്ക്കുന്നില്ല. ഇപ്രകാരം മനുഷ്യന്റെ മരണം, കൊലപാതകം എന്നിവയ്ക്ക് പൊതു ധാർമികനിയമങ്ങൾ ഇല്ലെങ്കിലും ഒരു രാജ്യത്തെ പൗരരുടെ ജീവൻ സംരക്ഷിക്കാൻ ഭരണകൂടം പിന്നിലുണ്ടെന്ന് എഴുതപ്പെട്ട നിയമസംഹിതകൾ തെളിയിക്കുന്നുണ്ട്. ആരുടെ ജീവനാണ് സംരക്ഷിക്കപ്പെടേണ്ടത് എന്നത് ഒരു രാഷ്ട്രീയ/സാമ്പത്തിക പശ്ചാത്തലത്തിൽ തീരുമാനിക്കപ്പെടുക എന്നത് സംഗതമായി വരുന്നുണ്ടിവിടെ. കൊലപാതകത്തിന്​ ശിക്ഷിക്കപ്പെട്ട ആളെ അതേ കൊലപാതകം കൊണ്ട് ഇല്ലാതാക്കുക എന്നത് വൈചിത്ര്യമായി കണക്കാക്കപ്പെടുന്നില്ല. എന്നാൽ സ്വന്തം ജീവൻ എടുക്കാൻ ഒരാൾക്ക് അവകാശവുമില്ല; ആത്മഹത്യ കുറ്റകരമാണ്.

ജീവിക്കാൻ, അല്ലെങ്കിൽ ജീവൻ നിലനിർത്താൻ ഏവർക്കും അവകാശമുഉള്ളതുപോലെ മരിയ്ക്കാനും അവകാശമില്ലേ എന്ന ചോദ്യം ചോദിക്കപ്പെടുന്നില്ലെങ്കിലും അതിന് നീതീന്യായവ്യവസ്ഥക്കേ അവകാശമുള്ളൂ എന്നത് വിരോധാഭാസമായി നിലകൊള്ളുന്നു.

ആധുനികോത്തരകാലത്ത് ആരെയാണ് സമൂഹത്തിനു വേണ്ടത്?

ആധുനികതയുടെ കാലത്തെ ആശകളും സ്വപ്നങ്ങളും തൃഷ്ണകളും റദ്ദുചെയ്തുകൊണ്ടാണ് ഉത്തരാധുനികത മുദ്രണം ചെയ്യപ്പെട്ടത്. അസമത്വങ്ങളെ മുക്കിത്താഴ്ത്താനുള്ള സ്വപ്നങ്ങളൊക്കെ കൈവെടിയേണ്ടിവന്നു, സമൂഹത്തിന് ​പ്രദാനം ചെയ്യാനുള്ള എല്ല നന്മകളും വിഭവങ്ങളും എല്ലവർക്കും ലഭ്യമാക്കാനുള്ള ത്വരയും ശിഥിലീകരിക്കപ്പെട്ടു. സമൂഹസമത്വം എന്ന പഴയ ഉ​ട്ടോപ്യക്കുപകരം ആധുനികോത്തര യുക്തിപ്രാധാന്യവാദം നിലവിൽവന്നു. ജോലിയില്ലാത്തവരോ അതിനു പ്രാപ്തിയില്ലാത്തവരോ ഒരു റിസേർവ് എന്ന നിലയിൽനിന്ന് മാറി പുറംതള്ളപ്പെട്ടവരായിമാറി. അവർ ഉത്പാദകരോ ഉപഭോഗകരോ അല്ലാതായി, സാമ്പത്തികയുക്തിയിൽ ബഹിഷ്‌കരിക്കപ്പെട്ടവരായി. ഉത്തരാധുനികത, പ്രയോഗമേന്മ (utilitarian) യിൽ അധിഷ്ടിതമായി, അതിനുള്ള യോഗ്യതയോ പ്രാപ്തിയോ ഇല്ലാത്തവർ ജീവിതം കൈകാര്യം ചെയ്യാനുള്ളവരല്ലെന്ന് വിധിയെഴുതപ്പെട്ടു. സമൂഹത്തിന്​ ഒന്നും തിരിച്ചുകൊടുക്കാനില്ലാത്തവർ മരണപ്പെടേണ്ടവരാണോ എന്ന ചോദ്യവും ലളിതവത്കരിക്കപ്പെട്ടു.

വൺ ഹു ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന സിനിമയിലെ റാൻഡിൽ മക്മർഫിയ്ക്കിൻറെ മരണ രംഗം
വൺ ഹു ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന സിനിമയിലെ റാൻഡിൽ മക്മർഫിയ്ക്കിൻറെ മരണ രംഗം

തനിയാവർത്തനത്തിലെ ബാലൻ മാഷിനും വൺ ഹു ഫ്ലൂ ഓവർ ദി കുക്കൂസ് നെസ്റ്റ് എന്ന സിനിമയിലെ റാൻഡിൽ മക്മർഫിയ്ക്കും സുഗതകുമാരിയുടെ കവിതയിലെ മകൾക്കും മരണം വിധിയ്ക്കുന്നത്, അവർക്കിനി സമൂഹത്തിന്​ പ്രദാനംചെയ്യാൻ ഒന്നുമില്ലെന്നും അതുകൊണ്ട് അവരുടെ മരണം യുക്താനുശീലവും ആത്മസ്പർശിയല്ലാത്തതും ആകുന്നു എന്ന്​ ധ്വനിപ്പിച്ചുകൊണ്ടുതന്നെയാണ്. ജീവിതനൈരന്തര്യമോ മരണമോ അവർ സ്വയം തെരഞ്ഞെടുക്കേണ്ടതല്ലെന്നും അവരുടെ ജീവിതത്തെക്കുറിച്ച് മറ്റുള്ളവർക്കാണ് വിധികൽപ്പിക്കാൻ അവകാശവും അധികാരവുമുള്ളത് എന്നും തെര്യപ്പെടുത്തുന്നുമുണ്ട്. ഇവിടെയാണ് വ്യക്തിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ഘനീഭാവം കൈവരുന്നത്. മരിക്കാനോ ജീവിക്കാനോ ഉള്ള അവകാശം വ്യക്തികൾക്ക് നൽകണമെന്ന് സാമ്പത്തികശാസ്ത്രം അല്ല നിർദേശിക്കേണ്ടത്, ധാർമികതയുടെ ഉൾക്കാമ്പുകളാണ്.

സത് മൃത്യു; ധാർമികതയുടെ ചോദ്യങ്ങൾ

മരണം കാംക്ഷിയ്ക്കുന്നവർക്ക് അത് നൽകുന്ന ഏർപ്പാടിനെയാണ്​ യുതനേഷ്യ (Euthanasia) എന്നുപറയുന്നത്​. ‘അനായാസേന മരണം വിനാ ദൈന്യേന ജീവനം ദേഹി മേ കൃപയാ ' എന്ന് പ്രാർഥിച്ചുപോകുന്നത് ശരീരത്തിന്റെ ആവശ്യമായിട്ടാണ്, മോക്ഷപ്രാപ്തിക്കല്ല. യുതനേഷ്യ എന്ന ഗ്രീക് വാക്കിന്റെ അർഥം ‘നല്ല മരണം' (Good Death) എന്നാണ്. ദൈന്യജീവിതത്തിൽനിന്നുള്ള വിടുതൽ. ‘മരണം സുനിശ്ചിതം, യാതനകളും കൊടുംപീഡകളും നിരന്തരം, എന്നാൽ മരണം ഇപ്പോഴായിക്കൂടേ’ എന്നഭ്യർഥിക്കുന്ന വേളയിൽ അതിന്​സഹായിച്ചുകൊടുക്കുന്നതോ വഴിതെളിക്കുന്നതോ ധർമബോധത്തിന്റെ ഉത്തരവാദിത്തമാണെന്ന വാദമുണ്ട്. മരണം ഏതായാലും ദൈന്യവും കഠിനതരവുമാണ്, അത് മയപ്പെടുത്തി ലഘൂകരിച്ച് സഹിക്കാൻ പറ്റുന്നതാക്കാൻ യുതനേഷ്യ വഴിതെളിയ്ക്കുകയാണ്.

ഹിറ്റ്‌ലറുടെ കാലത്ത് നിർബന്ധിത യുതനേഷ്യ നടപ്പിലായിരുന്നു എന്നോർക്കുക. സമൂഹത്തിനാവശ്യമില്ലാത്തവരെ കൊല്ലുക അല്ലെങ്കിൽ അവരെ സ്വയം മരണത്തിലേക്ക് നയിക്കുക എന്നത് ഭരണകൂടനിയമമായ ചരിത്രവേള.

ജീവിക്കാൻ, അല്ലെങ്കിൽ ജീവൻ നിലനിർത്താൻ ഏവർക്കും അവകാശമുഉള്ളതുപോലെ മരിയ്ക്കാനും അവകാശമില്ലേ എന്ന ചോദ്യം ചോദിക്കപ്പെടുന്നില്ലെങ്കിലും അതിന് നീതിന്യായവ്യവസ്ഥക്കേ അവകാശമുള്ളൂ എന്നത് വിരോധാഭാസമായി നിലകൊള്ളുന്നു. മനുഷ്യൻ സൃഷ്ടിച്ച, മനുഷ്യരുൾപ്പെടുന്ന കൂട്ടായ്മയ്ക്ക് തീർപ്പുകൽപ്പിക്കാം, ഒരു വ്യക്തിയെ തൂക്കിക്കൊല്ലാൻ; പക്ഷേ വ്യക്തിക്ക് സ്വയം അത് പാടില്ല എന്നത് ഖണ്ഡനാത്മകവും പരസ്പരവിരോധിയുമാണ്. സമഗ്രാധിപത്യവ്യവസ്ഥയിൽ ഭരണകൂടമാണ് പരമവും ആത്യന്തികവുമായ വിധികേന്ദ്രം; യുതനേഷ്യയുടെ കാര്യത്തിൽ പല രാജ്യങ്ങളും ഇപ്രകാരമാണ് പെരുമാറുന്നത്. ഹിറ്റ്‌ലറുടെ കാലത്ത് നിർബന്ധിത യുതനേഷ്യ നടപ്പിലായിരുന്നു എന്നോർക്കുക. സമൂഹത്തിനാവശ്യമില്ലാത്തവരെ കൊല്ലുക അല്ലെങ്കിൽ അവരെ സ്വയം മരണത്തിലേക്ക് നയിക്കുക എന്നത് ഭരണകൂടനിയമമായ ചരിത്രവേള.

ഹിറ്റ്‌ലറുടെ കാലത്ത് നടപ്പിലാക്കിയ നിർബ്ബന്ധിത യുതനേഷ്യ പ്രോഗ്രാം. / Photo: encyclopedia.ushmm.org
ഹിറ്റ്‌ലറുടെ കാലത്ത് നടപ്പിലാക്കിയ നിർബ്ബന്ധിത യുതനേഷ്യ പ്രോഗ്രാം. / Photo: encyclopedia.ushmm.org

സമൂഹത്തിന്റെ ആവശ്യത്തിനുവേണ്ടിയാണോ മനുഷ്യന്റെ ജീവിതം എന്ന ചോദ്യം പല വേദാന്തികളും പണ്ടേ ചർച്ചചെയ്തുതുടങ്ങിയതാണ്. രോഗിയുടെ മരണനിശ്ചയം പ്രകൃതിനിയമങ്ങളുമായി ഇടഞ്ഞുനിൽക്കുന്നതിനെകുറിച്ച് ഇമ്മാനുവൽ കാൻറ്​ വാചാലനായപ്പോൾ, സമൂഹത്തിൽ പരാദമായിപ്പോയവരുടെ, ഡോക്​ടർമാരുടെയും യന്ത്രങ്ങളുടെയും അടിമയായിപ്പോയവരുടെ അഭിമാനക്ഷതപ്പെറ്റിയാണ്, അവരുടെ സ്വതന്ത്രചിന്താവകാശത്തെക്കുറിച്ചാണ്, സ്വത്വാധികാര (autonomy) ത്തെക്കുറിച്ചാണ്, നീത്​ഷേ ഓർമപ്പെടുത്തിയത്. കാന്റിനും സ്വാഭിമാനത്തെക്കുറിച്ചും അതിന്റെ ക്ഷതത്തെക്കുറിച്ചും ആശങ്കകൾ ധാരളമുണ്ട്. മരണം തെരഞ്ഞെടുക്കാനുള്ള സർവാധികാരം വ്യക്തിയുടേതുതന്നെ എന്ന് ഘോഷിക്കപ്പെടുന്നു, ഈ വേദാന്തസാരങ്ങൾ.

ജീവിതം വിരസമായിരിക്കുന്നു, സ്വത്വം നശിച്ചുതുടങ്ങിയിരിക്കുന്നു എന്നത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പല അസുഖങ്ങളുണ്ടായിരുന്നു എന്നതും സത്യമാണ്. എന്നാൽ ഒരു വീൽചെയറിൽ തളയ്ക്കപ്പെട്ട ജീവിതം ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല എന്ന് പണ്ടേ അറിയിച്ചിട്ടുമുണ്ട് ഗൊദാർദ്.

എളുപ്പമാക്കപ്പെടുന്ന മരണങ്ങൾ

ആധുനിക യന്ത്രവിദ്യകളാണ് ഇന്ന് മരണത്തിലേക്കുള്ള ദൂരം നീട്ടിയെടുക്കുന്നത്. നിർമിതബുദ്ധിയും ക്വാണ്ടം മെക്കാനിക്‌സുമൊക്കെ ഇന്ന് ആശുപത്രിക്കുള്ളിൽ സാങ്കേതികസഹായങ്ങളുമായി എത്തിയിട്ടുണ്ട്. തലച്ചോറ് മരിച്ചാലും ഹൃദയമിടിപ്പ് തുടർന്നെടുക്കാം, തകരാറിലായ കിഡ്‌നിയ്ക്ക് പണ്ടേ ഡയാലിസിസ് പ്രതിവിധിയായുണ്ട്. അവയവകൈമാറ്റങ്ങൾ പുതുമാനങ്ങൾ ആർജിച്ചിട്ടുണ്ട്.

യാന്ത്രികതയിൽ നിബദ്ധമായ ജീവന്​ ഒരു പ്രത്യേകതയുണ്ട്, അതേ യാന്ത്രികതയുടെ ഇല്ലായ്മ മരണം എളുപ്പമാക്കുന്നു എന്നത്. ഓക്‌സിജൻ ട്യൂബ് കൊണ്ടുമാത്രം ജീവൻ നിലനിർത്തപ്പെടുന്ന ഒരു രോഗിയുടെ മരണം സാധ്യമാക്കാൻ ആ ട്യൂബ് വലിച്ചാൽ മതി. തലച്ചോറിലേക്ക് പ്രവഹിക്കുന്ന അല്ലെങ്കിൽ ഹൃദയമിടിപ്പ് ക്രമപ്പെടുത്തുന്ന വൈദ്യുതി ഒരു സ്വിച്ച് കൊണ്ട് ഇല്ലാതാക്കാം, മരണം ഉടനടിയാണ്. ഐ.വി. (intravenous) ആയി കൊടുക്കുന്ന ദ്രാവകത്തിന്റെ കുപ്പി മാറ്റിയാൽ മതി, രോഗി മരണത്തിലേക്ക് വഴുതിവീണുകൊള്ളും. വാസ്തവത്തിൽ കൊലപാതകമാണെങ്കിലും അത് ലഘുവായ പ്രവർത്തിയായി മാറുന്നു. ഈ ചെയ്തിയുടെ തീക്ഷ്ണ​തയും കാഠിന്യവും കുറഞ്ഞിരിക്കുന്നതുകൊണ്ട് ഭീകരപ്രവൃത്തി എന്ന പൊതുബോധം മയപ്പെടുകയാണ്.

Photo : Pexels.com
Photo : Pexels.com

ഗൊദാർദിന്റെ ‘ആത്മഹത്യ' പല ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്. കാൻസറോ അതിമാരകമായ മറ്റ് അസുഖങ്ങളോ ജീവിതം അത്യന്തം ദുരിതത്തിൽ ആഴ്ത്തിയതുകൊണ്ടല്ല അദ്ദേഹം ഈ വഴി തെരഞ്ഞെടുത്തത്. ജീവിതം വിരസമായിരിക്കുന്നു, സ്വത്വം നശിച്ചുതുടങ്ങിയിരിക്കുന്നു എന്നത് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. പല അസുഖങ്ങളുണ്ടായിരുന്നു എന്നതും സത്യമാണ്. എന്നാൽ ഒരു വീൽചെയറിൽ തളയ്ക്കപ്പെട്ട ജീവിതം ഒരിയ്ക്കലും ഇഷ്ടപ്പെടുന്നില്ല എന്ന് പണ്ടേ അറിയിച്ചിട്ടുമുണ്ട് ഗൊദാർദ്. അത്യന്തം പ്രഭാവപൂർണവും കലാഭാവനാപ്രസരിതവും സീമാഭഞ്ജകനിദർശനകവുമായ ജീവിതത്തിനുശേഷം 91-ാം വയസ്സിൽ ഈ ലോകം വിട്ടുപോകാൻ തീരുമാനിയ്ക്കുമ്പോൾ അതിൽ വ്യാകുലത തെല്ലുമേ അദ്ദേഹത്തിനോ സ്വകുടുംബത്തിനോ തോന്നിയില്ല, നമുക്കും തോന്നേണ്ടതില്ല.

അമേരിക്കയിൽ ഒറിഗണിലെ ഒരു പഠനം തെളിയിച്ചത്, സാധാരണ രോഗികളേക്കാൾ എട്ടിരട്ടിയാണ് കാൻസർ രോഗികൾ യുതനേഷ്യ ആവശ്യപ്പെടുന്നത് എന്നാണ്. ബ്രിട്ടനിൽ ഡോക്​റുടെ സഹായത്തോടെയുള്ള ആത്മഹത്യയിൽ 41% കാൻസർ രോഗികളുടേതാണ്.

സ്വച്ഛന്ദമൃത്യു- സഹായത്തിനുള്ള വഴികൾ

ഇന്ന് പല നിർവചനങ്ങളാൽ വേർതിരിക്കപ്പെട്ടിട്ടുണ്ട്, മരണസഹായ പ്രവൃത്തികൾ.

ഇതിൽ പലതും ഇപ്പോഴും ധാർമികതയുടെ പേരിൽ തർക്കം ക്ഷണിച്ചുവരുത്തുന്നവയാണ്​. Physician assisted suicide (PAS) വ്യാപകമാണിന്ന്. അമേരിക്കയിൽ ഒറിഗണിൽ ഇത് നിയമപരമാണ്, ഒരുവർഷത്തിൽ 50-ൽ കൂടുതൽ രോഗികൾ ഈ വഴി തെരഞ്ഞെടുക്കുന്നുണ്ട്. ബെൽജിയത്തിൽ യുതനേഷ്യ നിയമപരമാണ്. സ്വിറ്റ്‌സർലൻഡിൽ പി.എ.എസ്.​ അനുവദനീയമാണ്. മറ്റു രാജ്യങ്ങളിൽ നിന്നെത്തുന്നവർക്കും ഇത് ലഭ്യമാണ്, ‘ഡിഗ്‌നിറ്റാസ്' എന്ന സംഘടന സഹായം നൽകുകയും ചെയ്യും. നെതർലൻഡ്സ്​, ലക്‌സംബെർഗ്, കാനഡ, കൊളംബിയ, വിക്‌റ്റോറിയ, പടിഞ്ഞാറൻ ആസ്​ട്രേലിയ എന്നിവയാണ്​ ഡോക്​റുടെ സഹായത്തോടെയുള്ള ആത്മഹത്യ അനുവദനീയമായ മറ്റ് രാജ്യങ്ങൾ. ആസ്​ട്രേലിയയുടെ മറ്റു ഭാഗങ്ങളിൽ ഉടൻ ഇത്​ നിയമപരമാകും. അമേരിക്കയിൽ അഞ്ച് സംസ്ഥാനങ്ങളിൽ യുതനേഷ്യയും പി.എ.എസും മേൽ പ്രസ്താവിച്ച നടപടികളും നിയമപരമാണ്. നെതർലൻഡ്സും കാനഡയും യുതനേഷ്യ അനുവദിച്ച രാജ്യങ്ങളാണ്. ഇംഗ്ലണ്ടിലും അയൽരാജ്യങ്ങളിലും ഒരുകാലത്ത് യുതനേഷ്യ പാടേ നിരോധിച്ചിരുന്നു, കൊലപാതക്കുറ്റമാണ് ചുമത്തിയിരുന്നത്.

Photo : @dignitas.ch, Fb
Photo : @dignitas.ch, Fb

കാൻസർ രോഗികളാണ് യുതനേഷ്യയ്ക്കും ഡോക്​റുടെ സഹായത്തോടെയുള്ള ആത്മഹത്യക്കും കൂടുതൽ തയാറാകുന്നത്. അമേരിക്കയിൽ ഒറിഗണിലെ ഒരു പഠനം തെളിയിച്ചത്, സാധാരണ രോഗികളേക്കാൾ എട്ടിരട്ടിയാണ് കാൻസർ രോഗികൾ യുതനേഷ്യ ആവശ്യപ്പെടുന്നത് എന്നാണ്. ബ്രിട്ടനിൽ ഡോക്​റുടെ സഹായത്തോടെയുള്ള ആത്മഹത്യയിൽ 41% കാൻസർ രോഗികളുടേതാണ്. ഇതിൽ ഏറ്റവും കൂടുതൽ ശ്വാസകോശാർബുദരോഗികളാണ്. നിയമങ്ങളെ വെല്ലുവിളിച്ച് രോഗികളെ സത്​മൃത്യവിന്​ അനുവദിച്ച ചില ഡോക്​ടർമാർ പിന്നീട് ഇതേച്ചൊല്ലി വിഷമിച്ചതായും രേഖകളുണ്ട്.

മരണം എന്നത് യഥേഷ്ടം തെരഞ്ഞെടുക്കാവുന്നത് എന്ന ആശയം പ്രബലമായാൽ, ഭാവിയിൽ ഒരു കാലത്ത് ജീവിച്ചാൽ മതി എന്ന് തീരുമാനിക്കാം. അസുഖം വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, അതിനൊക്കെ ചികിത്സ കണ്ടുപിടിയ്ക്കുന്ന കാലത്ത് തിരിച്ചെത്താം എന്ന തീരുമാനത്തിൽ സ്വച്ഛന്ദമൃത്യു കൈവരിക്കാം.

മരണം കഴിഞ്ഞു, പക്ഷേ കഴിഞ്ഞോ?

മരണം എത്രമാത്രം ആത്യന്തികമാണെന്ന് തീർപ്പുകൽപ്പിക്കുന്നത് ആധുനികശാസ്ത്രം തിരുത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ചുപോയ ജന്തുക്കളുടെ അവയവങ്ങൾ വീണ്ടും പ്രവർത്തനനിരതമാക്കാം എന്ന് അസന്നിഗ്ധമായി തെളിഞ്ഞിരിക്കയാണ് ഈയിടെ. ഹൃദയം, മസ്തിഷ്‌കം, കരൾ, കിഡ്‌നി ഒക്കെ മരണത്തിന്​ ഒരു മണിക്കൂറിനുശേഷം ജീവന്റെ തുടിപ്പ് വീണ്ടും ഏറ്റെടുക്കുന്നു, ചില പ്രത്യേക ദ്രാവകങ്ങളാൽ എന്നാണ്​ പന്നികളിലെ പരീക്ഷണങ്ങൾ തെളിയിച്ചത്. ഇത്തരം ഗവേഷണഫലങ്ങൾ ശുഭോദർക്കമാണ്, പക്ഷേ മനുഷ്യരിലെത്താൻ ഇനിയും ധാരാളം പരീക്ഷണങ്ങൾ വേണ്ടിവരും. ഇത്തരം പരീക്ഷണഫലങ്ങൾ മുൻകൂട്ടി കണ്ടി​ട്ടെന്നവണ്ണം മൃതദേഹങ്ങൾ ശീതീകരിച്ചുവെക്കുന്ന നടപടികൾ ചില രാജ്യങ്ങളിൽ തുടങ്ങിയിട്ടുണ്ട്. ഒരുനാൾ ആ ശരീരങ്ങളെ പുറത്തെടുത്ത് പുതുജീവൻ ഊതിക്കയറ്റാൻ സാധ്യത തെളിയുന്നുണ്ട്, പന്നികളിലെ പരീക്ഷണങ്ങളാൽ.

മരിച്ചവരിൽ അവയവങ്ങൾ പുനർജീവിപ്പിക്കുമ്പോൾ മരണം എന്നതിന്റെ നിർവചനം മാറിപ്പോകയാണ്. മരണം എന്നത് യഥേഷ്ടം തെരഞ്ഞെടുക്കാവുന്നത് എന്ന ആശയം പ്രബലമായാൽ, ഭാവിയിൽ ഒരു കാലത്ത് ജീവിച്ചാൽ മതി എന്ന് തീരുമാനിക്കാം. അസുഖം വരുന്നതിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയാൽ, അതിനൊക്കെ ചികിത്സ കണ്ടുപിടിയ്ക്കുന്ന കാലത്ത് തിരിച്ചെത്താം എന്ന തീരുമാനത്തിൽ സ്വച്ഛന്ദമൃത്യു കൈവരിക്കാം.

ഹൃദയം, മസ്തിഷ്‌ക്കം, കരൾ, കിഡ്‌നി ഒക്കെ മരണത്തിന്​ ഒരു മണിക്കൂറിനുശേഷം ജീവന്റെ തുടിപ്പ് വീണ്ടും ഏറ്റെടുക്കുന്നു, ചില പ്രത്യേക ദ്രാവകങ്ങളാൽ എന്നാണ്​ പന്നികളിലെ പരീക്ഷണങ്ങൾ തെളിയിച്ചത്. / Photo : Wikimedia Commons
ഹൃദയം, മസ്തിഷ്‌ക്കം, കരൾ, കിഡ്‌നി ഒക്കെ മരണത്തിന്​ ഒരു മണിക്കൂറിനുശേഷം ജീവന്റെ തുടിപ്പ് വീണ്ടും ഏറ്റെടുക്കുന്നു, ചില പ്രത്യേക ദ്രാവകങ്ങളാൽ എന്നാണ്​ പന്നികളിലെ പരീക്ഷണങ്ങൾ തെളിയിച്ചത്. / Photo : Wikimedia Commons

ഗൊദാർദിന്റെ ഐച്ഛികമരണം ധാർമികതയുടെ ചോദ്യങ്ങൾക്ക് മറുപടിയുമാണ്. ജീവിതം പല അസുഖങ്ങളാൽ ക്ലിഷ്​ടതരമായിരിക്കുന്നു, അതുകൊണ്ട് സ്വയം മരണം തെരഞ്ഞെടുക്കുന്നു എന്ന് ലോകം അറിയണമെന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. മതനിബന്ധനകളോ വേദാന്തനിഷ്‌കർഷകളോ അല്ല വ്യക്തിയുടെ ജീവിതാവകാശം തീരുമാനിക്കേണ്ടത് എന്ന വെളിപാടുമാണിത്. ദൈവം നമ്മളെ സൃഷ്ടിച്ചു, ദൈവം മാത്രമേ അത് തിരിച്ചെടുക്കാവൂ എന്ന പ്രബോധനത്തിന്റെ വില കുറഞ്ഞിരിക്കുന്നു, അതേസമയം ഉത്തരാധുനികതയുടെ നിബന്ധനകളിൽ നിന്ന് വ്യക്തി വിടുതൽ നേടുകയും ചെയ്യുന്നു. ​▮

Reference: Westphal E. R., Nowak W. S. and Krenchinski: C. V. Of philosophy, ethics and moral about euthanasia: The discomfort between modernity and postmodernity. Clin. Med. Rev. Case Rep. 6: 270, 2019​.


എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments