ഭൗമ, ഹൊറർ ജോണറിൽ പുതിയൊരു പരീക്ഷണം

പേടിപ്പിക്കാൻ വേണ്ടി ഒരു പ്രത്യേക രൂപം സൃഷ്ടിക്കാനോ, വയലൻസ് കാണിക്കാൻ രക്തരൂഷിത സീനുകൾ അധികം ഉൾപ്പെടുത്താനോ ഒന്നും നിൽക്കാതെ ആ ഫീൽ പ്രേക്ഷകരിലേക്ക് കൈമാറ്റം ചെയ്യാൻ ഒരു പരിധി വരെ ഭൗമയ്ക്ക് കഴിയുന്നുണ്ട്. Film Review : ഹേമന്ദ് അയ്യപ്പൻമല

പലവിധത്തിൽ ഉള്ള ജോണറുകൾ, പല കാലങ്ങളിലായി വികാസം പ്രാപിച്ച സിനിമ ഇൻഡസ്ട്രിയാണ് മലയാളത്തിൻ്റേത്. എന്നാൽ മറ്റ് ജോണറുകൾ പോലെ, ഹൊറർ മിസ്റ്ററി ചിത്രങ്ങൾ എത്ര മാത്രം മലയാളത്തിൽ രൂപപ്പെടുന്നുവെന്ന ചോദ്യവും, ഉണ്ടാകുന്ന ത്രില്ലറുകൾ പ്രേക്ഷകരെ എത്രമാത്രം ത്രില്ലടിപ്പിക്കുന്നു എന്ന ചോദ്യവും നിരന്തരം ഉയർന്നു വരാറുണ്ട്.

2023-ൽ ഒരു ഫാൻ്റസി ത്രില്ലർ സിനിമയായ പെൻഡുലം എന്ന സിനിമയിലൂടെ മലയാള സിനിമ ലോകത്തേക്ക് അരങ്ങേറ്റം നടത്തിയ റെജിൻ. എസ്. ബാബു മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം രചനയും സംവിധാനവും നിർവഹിച്ച ഭൗമ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ഗോതിക് ഹൊറർ ജോണറിൽ ഉൾപ്പെടുത്താവുന്ന സിനിമ, മിസ്റ്ററി ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുത്താവുന്ന പല വിഷയങ്ങൾ പറഞ്ഞ് പോകുന്ന ഒന്നായാണ് അനുഭവപ്പെടുന്നത്.

പ്രേക്ഷകരുടെ ചിന്താശേഷിയെ പരീക്ഷിക്കുന്ന, അവസാനം വരെ ഇനി എന്ത് സംഭവിക്കും എന്ന ചോദ്യം നിലനിർത്തുന്ന സിനിമകൾക്ക് എന്നും മലയാളി പ്രേക്ഷകർക്ക് ഇടയിൽ വലിയൊരു സ്ഥാനമുണ്ടായിരുന്നു. മനുഷ്യരുടെ ഭയം, സംശയങ്ങൾ എന്നിവയെല്ലാം ചുറ്റിപ്പറ്റിയുള്ള പല കഥകളും മികച്ച സിനിമാനുഭവങ്ങൾ ആയി മാറുന്നതും കണ്ടു. ഭൗമയിലേക്ക് വരുമ്പോൾ ഇനി എന്താണ് സംഭവിക്കാൻ പോകുന്നെന്ന മിസ്റ്ററിയും ഒപ്പം, പ്രേക്ഷകരെ പേടിപ്പിക്കാൻ ഉള്ള ഘടകങ്ങൾ ചേർത്ത ഹൊറർ ചേരുവകളും ഒന്നിച്ച് ചേർക്കാൻ വേണ്ടിയാണ് സംവിധായകൻ ശ്രമിച്ചത്. പേടിപ്പിക്കാൻ വേണ്ടി ഒരു പ്രത്യേക രൂപം സൃഷ്ടിക്കാനോ, വയലൻസ് കാണിക്കാൻ രക്തരൂഷിത സീനുകൾ അധികം ഉൾപ്പെടുത്താനോ ഒന്നും നിൽക്കാതെ ആ ഫീൽ പ്രേക്ഷകരിലേക്ക് കൈമാറ്റം ചെയ്യാൻ ഒരു പരിധി വരെ ഈ സിനിമയ്ക്ക് കഴിയുന്നുണ്ട്. സിനിമയുടെ മേക്കിങ്, പ്രത്യേകിച്ച് സൗണ്ട് ഡിസൈൻ ഉൾപ്പടെ ഉള്ള വിഭാഗങ്ങൾ ഈ ഫീലിനെ പ്രേക്ഷകരിലേക്ക് എത്തിക്കാൻ നല്ല പോലെ സഹായിക്കുന്നുണ്ട്.

 റെജിൻ. എസ്. ബാബു
റെജിൻ. എസ്. ബാബു

മലയാളത്തിലെ ആദ്യ കാല ഹൊറർ സിനിമയായ ഭാർഗവി നിലയം മുതൽക്ക് തന്നെ ഒരു പ്രത്യേക സ്ഥലം, അല്ലെങ്കിൽ കെട്ടിടം എന്നിവയെ എല്ലാം കഥ പറയാനുള്ള നിഗൂഢത നിറച്ച സ്ഥലങ്ങൾ ആക്കി അവതരിപ്പിക്കാറുണ്ട്. ഭൗമ ഇതിനായി തിരഞ്ഞെടുത്തത് ഒരു എസ്റ്റേറ്റും, അതിനകത്ത് നിലനിൽക്കുന്ന ഒരു വില്ലയും ആണ്. സിനിമയുടെ കലാ സംവിധാനം വലിയ മടുപ്പില്ലാതെ കാണുന്ന പ്രേക്ഷകരെ പ്രേക്ഷകരെ ആ സെറ്റിലേക്ക് ഇൻ ചെയ്യുന്നതിൽ വിജയിക്കുന്നുണ്ട്. രണ്ട് കാലഘട്ടത്തിൽ നടന്ന കഥ, അങ്ങോട്ടും ഇങ്ങോട്ടും സ്വിച്ച് ചെയ്യുന്നതിലും സിനിമ വിജയിക്കുന്നുണ്ട്. രണ്ട് കാലഘട്ടവും രണ്ടായി തന്നെ അനുഭവപ്പെടുന്നുണ്ട്.

സിനിമയുടെ ഫീൽ നിലനിർത്താൻ ഇതിൻ്റെ ഛായാഗ്രഹണം, സംഗീതം, എഡിറ്റിങ് എന്നിവയ്ക്കും മറ്റെല്ലാ ടെക്നിക്കൽ സൈഡിനും സാധിച്ചിട്ടുണ്ട്. പെർഫോമൻസ് കൊണ്ട് എടുത്ത് പറയാവുന്ന പ്രകടനങ്ങളുടേത് അല്ല സിനിമ എങ്കിലും സിനിമയിൽ ഉള്ള അഭിനേതാക്കൾ അവരുടെ വേഷം നല്ല രീതിയിൽ തന്നെ അവതരിപ്പിക്കുന്നതായി അനുഭവപ്പെട്ടു. ദിലീഷ് പോത്തൻ, വിനീത് എന്നിവരുടെ പ്രകടനം കൂട്ടത്തിൽ കുറച്ച് കൂടെ നാച്ചുറൽ ആയി കാണുന്ന പ്രേക്ഷകരിലേക്ക് എത്തുന്നുന്നുണ്ട്. സിനിമ തിയേറ്ററിൽ കാണുന്ന പ്രേക്ഷകർക്ക്, ഇത്തരം ഒരു ജോണറിൽ നിന്ന് പ്രതീക്ഷിക്കാവുന്ന വൗ മൊമെൻ്റുകൾ ഈ സിനിമയിൽ ഒരുപാടുണ്ട്. പക്ഷേ അതിൽ പലതും ഇത്തരം ത്രില്ലറുകൾ കാണുന്ന ഒരാൾക്ക് പ്രവചിക്കാൻ പറ്റുന്ന ഒന്നാണ്. നമ്മൾ വിചാരിക്കുന്ന പോലെ തന്നെ ഇതെല്ലാം നടക്കണം എന്ന രീതിയിൽ കാണുന്ന പ്രേക്ഷകർക്ക് ഇതൊരു നല്ല അനുഭവവും ആയിരിക്കും.

ദിലീഷ് പോത്തൻ, വിനീത് എന്നിവരുടെ പ്രകടനം കൂട്ടത്തിൽ കുറച്ച് കൂടെ നാച്ചുറൽ ആയി കാണുന്ന പ്രേക്ഷകരിലേക്ക് എത്തുന്നുന്നുണ്ട്.
ദിലീഷ് പോത്തൻ, വിനീത് എന്നിവരുടെ പ്രകടനം കൂട്ടത്തിൽ കുറച്ച് കൂടെ നാച്ചുറൽ ആയി കാണുന്ന പ്രേക്ഷകരിലേക്ക് എത്തുന്നുന്നുണ്ട്.

സിനിമയുടെ മറ്റൊരു പ്രധാന ചർച്ചയാവാൻ സാധ്യതയുള്ളത് അതിൻ്റെ ക്ലൈമാക്സ് ആണ്. ഒരു സിനിമ എങ്ങനെ തീരണം, എല്ലാം പറഞ്ഞ് അവസാനിപ്പിക്കണോ, അതോ പ്രേക്ഷകർക്ക് ചർച്ച ചെയ്യാൻ വേണ്ടി എന്തെങ്കിലും ബാക്കി വെക്കണോ, ഇത് സിനിമാ ചർച്ചകളിൽ എപ്പോഴും ഉയർന്ന് കേൾക്കുന്ന ചോദ്യമാണ്. ഈ സിനിമയുടെ ക്ലൈമാക്സ് അത്തരത്തിൽ പല ചോദ്യങ്ങളും ബാക്കി വെക്കുന്നുണ്ട്. സിനിമയുടെ ഫൈനൽ കളക്ഷനും, പ്രേക്ഷക പ്രതികരണവും ഈ ക്ലൈമാക്സിനെ അടിസ്ഥാനമാക്കി ആവാനും സാധ്യതയുണ്ട്. എഴുത്തിൽ മാത്രം പുറകോട്ട് പോക്ക് അനുഭവപ്പെടുന്ന ടെക്നിക്കലി നല്ല സിനിമ അനുഭവം സമ്മാനിക്കുന്ന ഒന്ന് തന്നെയാണ് ഭൗമ.

Comments