മാരി സെൽവരാജ്​, ഫഹദ്​ ഫാസിൽ

മാരി സെൽവരാജിനും മേലെ,
ഫഹദിന്റെ രത്നവേൽ ?

‘മാമന്നൻ’ എന്ന സിനിമയിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ച രത്നവേൽ എന്ന കഥാപാത്രം പ്രതിനിധീകരിക്കുന്ന രാഷ്ട്രീയത്തെ കൊണ്ടാടുന്ന ചില പ്രൊഫൈലുകൾ, പോസ്റ്റുകൾ എന്നിവ പൊങ്ങിവരുന്നുണ്ട്. ചിലരാകട്ടെ, മാരി സെൽവരാജിന്​ കാര്യങ്ങൾ കൈവിട്ടുപോയെന്നും, സിനിമയിലൂടെ തന്റെ രാഷ്ട്രീയം പറയുന്ന അയാളുടെ രീതി ഇനിയെങ്കിലും നിർത്തണമെന്നും ആവശ്യപ്പെടുന്നു. ഫഹദ് എന്ന നടനുപകരം​ രത്നവേൽ എന്ന വില്ലനിലേക്ക്​ ആരാധന തെന്നിമാറുന്നത്​ പ്രതിലോമകരമായ ഒരു കാഴ്​ചയുടെ സൂചനയാണ്​.

‘ജയിലർ’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനെത്തിയ രമ്യ കൃഷ്ണൻ, താൻ ചെല്ലുന്ന വേദികളിലെല്ലാം പടയപ്പയിലെ ‘വയസ് ആണാലും...' എന്നുതുടങ്ങുന്ന ഹിറ്റ് ഡയലോഗ് തനിക്ക് ആവർത്തിക്കേണ്ടിവരാറുണ്ട് എന്ന് വെളിപ്പെടുത്തിയിരുന്നു. പുറത്തിറങ്ങി ഏകദേശം കാൽനൂറ്റാണ്ട് പൂർത്തിയാക്കുന്ന ഒരു സിനിമയിലെ വില്ലൻ കഥാപാത്രത്തിന് കിട്ടുന്ന സ്വീകരണമാണ്​ ഇതെന്നോർക്കണം.
രാവണൻ ഇല്ലാതെ രാമായണമോ, കൗരവർ ഇല്ലാതെ മഹാഭാരതമോ സങ്കൽപ്പിക്കാൻ സാധിക്കുമോ? കമ്പരാമായണത്തെ ആരാധിക്കുന്ന തമിഴ് മക്കളും തമിഴ് മണ്ണും നായകനൊപ്പമോ നായകനെക്കാൾ ഒരു പടി മുകളിലോ സ്കോർ ചെയ്യുന്ന പ്രതിനായക കഥാപാത്രങ്ങളെ, എന്നും ഇരുകൈ നീട്ടി സ്വീകരിച്ചിട്ടുണ്ട്.

പടയപ്പയിലെ നീലാംബരിയും, ബാഷയിലെ ആന്റണിയും, തനി ഒരുവനിലെ സിദ്ധാർഥ്​ അഭിമന്യുവുമൊക്കെ അടങ്ങുന്ന ആ ലിസ്റ്റിലേക്കുള്ള ലേറ്റസ്റ്റ് എൻട്രിയാണ് മാമന്നനിലെ ഫഹദിന്റെ രത്നവേൽ.

ഈ കുറിപ്പ് തുടർന്നുവായിക്കുന്നതിന് മുൻപായി, വെറുതെ ട്വിറ്റർ എടുത്ത് ഇപ്പോഴത്തെ ട്രെൻഡിങ് ഹാഷ് ടാഗ്സ് എന്തൊക്കെയെന്ന് ഒന്ന് നോക്കുക, ആ ലിസ്റ്റിന്റെ ആദ്യ പത്തിൽ ഒരു മലയാള നടന്റെ പേര് കാണാം; ഫഹദ് ഫാസിലിന്റെ.

ഫഹദ്​ ഫാസിൽ

മാമന്നൻ ഒ.ടി.ടി റിലീസായതുമുതൽ ഇതെഴുതുന്ന നേരം വരേക്കും അയാളുടെ പേര് ചേർത്തുള്ള ആയിരക്കണക്കിന് പുതിയ ട്വീറ്റുകളാണ് ചർച്ച ചെയ്യപ്പെടുന്നത്. ഇൻസ്റ്റ റീലുകൾ, ട്വീറ്റുകൾ, മീമുകൾ ഒക്കെ ആയി 'ഫഫ' റൂളിംഗ് ആണ്. ഏതാനും വർഷങ്ങൾക്ക് മുൻപ് 'നസ്രിയയുടെ ഭാഗ്യവാനായ ഭർത്താവ്' എന്ന കൊതി ചൊരിഞ്ഞ അതേ തമിഴ് മക്കൾ അയാളെ ഇപ്പോൾ വാഴ്ത്തുന്നു. പത്ത് തലയിലെ 'നീ സിംഗം താൻ' അടക്കമുള്ള പാട്ടുകളുടെ അകമ്പടിയോടെ തോളിലേറ്റുന്നു.

സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്ന രാഷ്ട്രീയം പൂർണമായി പ്രേക്ഷകരിലേക്ക്​ കൈമാറ്റം  ചെയ്യാൻ, അതിനുനേരെ വിപരീതദിശയിൽ സഞ്ചരിക്കുന്ന ഒരു പ്രതിനായക കഥാപാത്രം സിനിമ പോലെ ഒരു കലാരൂപത്തിന് കൂടിയേ തീരൂ. അങ്ങനെ നോക്കുകയാണെങ്കിൽ മാമന്നനിലെ ഫഹദിന്റെ രത്നവേൽ, തന്നെ ഏൽപ്പിച്ച ദൗത്യം ഭംഗിയായി നിർവഹിച്ചിട്ടുണ്ട്.

വില്ലൻ കഥാപാത്രത്തെ അവിസ്​മരണീയമാക്കിയ ഫഹദിന്റെ അഭിനയശേഷിക്കുമേൽ, അയാളുടെ കഥാപാത്രമായ രത്​നവേലിന്റെ ചെയ്​തികളെ സെലിബ്രേറ്റ്​ ചെയ്യുന്നു എന്നൊരപകടം കൂടി ഇപ്പോൾ സംഭവിക്കുന്നുണ്ട്​.

ഫഹദിന്റെ രത്നവേൽ...

വടിവേലുവിന്റെ ഡയലോഗ് കടമെടുത്താൽ 'അടിമുടി ജാതിവെറി പൂണ്ടലയുന്ന ഒരു നായ'യാണയാൾ.. സ്വന്തം സിംഹാസനം നഷ്ടമാകാതിരിക്കാൻ എന്തും ചെയ്യാൻ മടിക്കാത്ത, ജാതിപരമായ വേർതിരിവുകൾ അതേപടി നിലനിൽക്കണമെന്ന് ശഠിക്കുന്ന ഒരു മൃഗം.

''തന്നേക്കാൾ താഴ്ന്നവനോട് ഒരിക്കലും തോൽക്കരുത്'' എന്ന പിതാവിന്റെ ഉപദേശമാണ് അയാളുടെ ജീവിതത്തെ മുന്നോട്ട് നയിക്കുന്നതുതന്നെ. മേൽ- കീഴ് ജാതി തട്ടുകൾ അതേപടി നിലനിൽക്കണമെന്നാഗ്രഹിക്കുന്ന രത്നവേൽ, ചുറ്റുമുള്ളവരെ ഭയപ്പെടുത്തുന്നത് പ്രവാചനാതീത സ്വഭാവം കൊണ്ടാണ്. അയാൾ സ്‌ക്രീനിൽ എത്തുന്ന ഓരോ നിമിഷവും അടുത്ത് എന്താണ് അവൻ ചെയ്യുക എന്ന ആശങ്ക പ്രേക്ഷകരെ പൊതിയുന്നു. തന്റെ വീഡിയോ ഷൂട്ട്‌ ചെയ്തവനെ ക്രൂരമായി അടിച്ചു വേദനിപ്പിക്കുന്ന അയാൾ തൊട്ടടുത്ത നിമിഷം പറയുന്നത്, അവനെ ആശുപത്രിയിൽ കൊണ്ടുപോകൂ എന്നാണ്. (മുറിപ്പെടുത്തി സുഖപ്പെടുത്തുന്ന ദൈവമെന്ന് അയാൾക്ക് സ്വയം തോന്നിയിരിക്കാം).

വടിവേലു, മാരി സെൽവരാജ്​, ഉദയനിധി സ്​റ്റാലിൻ

ഇങ്ങനെ പൂർണമായും പ്രവചനാതീതമായ ഒരു കഥാപാത്രത്തെ കയ്യിൽ കിട്ടിയപ്പോൾ ഫഹദ് ഫാസിലിനെ പോലൊരു അസാധ്യ പെർഫോമർ അതിന്റെ പൂർണതയിൽ തന്നെ ആ കഥാപാത്രമായി മാറി.

മാമന്നനിൽ വടിവേലു -ഉദയനിധി -ഫഹദ് ത്രയം ഒരുമിച്ചു വരുന്ന ചില മൊമെന്റുകളുണ്ട്. അവിടെയൊക്കെ ഫഹദിന്റെ പെർഫോമൻസിനൊപ്പം എത്താൻ മറ്റു രണ്ടുപേരും നന്നേ പണിപ്പെടുന്നതായി കാണാം.
സി.എമ്മിനെ കണ്ടശേഷം കാറിൽ വച്ചുള്ള ആ ഭാഗം തന്നെ എടുക്കുക. വടിവേലുവിന്റെ ഗൺ പോയിന്റിൽ നിൽക്കുമ്പോഴും രത്നവേൽ നോക്കുന്ന ആ നോട്ടത്തിൽ പ്രേക്ഷകരടക്കം തളർന്നു പോകുന്നു. പക്ഷേ ദശാബ്ദങ്ങൾ നീണ്ട ഇൻഡസ്​ട്രി എക്സ്പീരിയൻസിന്റെ കരുത്തിൽ തന്റേതു മാത്രമായ ചിലയിടങ്ങളിൽ വടിവേലു നിവർന്നു നിൽക്കുന്നുമുണ്ട്.

ഇനിയും ഉപയോഗിക്കാൻ കഴിയുന്ന ജനാധിപത്യത്തിന്റെ സാദ്ധ്യതകൾ. പ്രതീകങ്ങളിലൂടെ തനിക്ക് പറയാനുള്ളത് പറഞ്ഞുപോകുന്ന മാരി സെൽവരാജ് രീതി ഈ സിനിമയിലുമുണ്ട്.

ഫഹദിനു പകരം രത്​നവേൽ?

എന്നാൽ, വില്ലൻ കഥാപാത്രത്തെ അവിസ്​മരണീയമാക്കിയ ഫഹദിന്റെ അഭിനയശേഷിക്കുമേൽ, അയാളുടെ കഥാപാത്രമായ രത്​നവേലിന്റെ ചെയ്​തികളെ സെലിബ്രേറ്റ്​ ചെയ്യുന്നു എന്നൊരപകടം കൂടി ഇപ്പോൾ സംഭവിക്കുന്നുണ്ട്​. ഫഹദ് എന്ന നടനേക്കാൾ അയാളുടെ രത്നവേലിനെ, അയാൾ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയത്തെ കൊണ്ടാടുന്ന ചില പ്രൊഫൈലുകൾ, പോസ്റ്റുകൾ എന്നിവ ഒന്നുരണ്ടു ദിവസങ്ങളിലായി പൊങ്ങിവരുന്നുണ്ട്. ചിലരാകട്ടെ മാരി സെൽവരാജിന്​ ഇക്കുറി കാര്യങ്ങൾ കൈവിട്ടുപോയെന്നും, സിനിമയിലൂടെ തന്റെ രാഷ്ട്രീയം പറയുന്ന അയാളുടെ രീതി ഇനിയെങ്കിലും നിർത്തണമെന്നും ആവശ്യപ്പെടുന്നു. സമൂഹത്തിന്റെ താഴെത്തട്ടിലേക്ക്​ കുരുക്കിയിടപ്പെട്ടവരുടെ അതിജീവനത്തിന്റെ കഥയാണ് മാരി സെൽവരാജ്, മാമന്നൻ അടക്കമുള്ള തന്റെ മൂന്നു സിനിമകളിലൂടെയും പറഞ്ഞിട്ടുള്ളത്. അടിച്ചമർത്തലുകളുടെയും പിരിച്ചകറ്റലുകളുടെയും മുൻപിൽ, നിസംഗതയോടെ പോരിനില്ലെന്നു പറയുന്നവനാണ് പരിയെറും പെരുമാളെങ്കിൽ അനീതിക്കെതിരെ ആയുധമെടുത്ത്​ വിലപ്പെട്ട പലതും നഷ്ടപ്പെടുന്നവനാണ് കർണ്ണൻ. എന്നാൽ   അക്രമത്തിന്റെ പാതയേക്കാൾ കരുത്ത് ജനാധിപത്യത്തിനുണ്ടെന്ന സുന്ദരബോധമാണ് മാമന്നനെ കൂടുതലും നയിക്കുന്നത്. 

കർണ്ണൻ സിനിമയില്‍ നിന്ന്

വടിവേലുവിന്റെ മാമന്നൻ നിയമനിർമ്മാണ സഭയിൽ സ്പീക്കർ പദവിയിലേയ്ക്ക് ഉയർത്തപ്പെടുമ്പോൾ അത്രയും കാലം അയാളെ ജാതിപ്പേരിൽ അധിക്ഷേപിച്ചിരുന്നവർ, അയാളെ സർ എന്ന് വിളിക്കാൻ  നിർബന്ധിതരാവുകയാണ്. അവർക്കുമുകളിലായി അയാൾ പ്രതിഷ്ഠിക്കപ്പെടുകയാണ്. സമൂഹത്തിൽ അടിക്കാടുകളായി ശേഷിക്കുന്ന ഉച്ചനീചത്വങ്ങളെ തുടച്ചുനീക്കാൻ ജനാധിപത്യത്തിനുള്ള പരിധികളില്ലാത്ത കരുത്ത് പ്രേക്ഷകർ അവിടെ തിരിച്ചറിയുന്നു. ഇനിയും ഉപയോഗിക്കാൻ കഴിയുന്ന ജനാധിപത്യത്തിന്റെ സാദ്ധ്യതകൾ. പ്രതീകങ്ങളിലൂടെ തനിക്ക് പറയാനുള്ളത് പറഞ്ഞുപോകുന്ന മാരി സെൽവരാജ് രീതി ഈ സിനിമയിലുമുണ്ട്.
പരിയെറും പെരുമാളിലെ നീല നിറം, ഒഴിഞ്ഞ ചായഗ്ലാസുകൾ, കർണനിലെ ആന, കാലുകൾ ബന്ധിക്കപ്പെട്ട കഴുത, സൂര്യൻ, കഥാപാത്രങ്ങളുടെ പേരുകൾ എന്നിവ പോലെ മാമന്നനിലും പ്രതീകങ്ങൾ, ബിംബങ്ങൾ എന്നിവ സജീവമാണ്. രത്നവേൽ അധികാരത്തിന്റെയും, മേൽക്കോയ്മയുടെയും പ്രതീകമായ നായകളെ ആണ് വളർത്തുന്നത് എങ്കിൽ, അതിവീരൻ പന്നിക്കുട്ടികളെയാണ് താലോലിക്കുന്നത്.

മേൽ - കീഴ് ജാതിപിരിവുകളെ ജനാധിപത്യത്തിന്റെ കരുത്തിൽ മറികടക്കുന്ന കഥ പറയുന്ന സിനിമയാണ് മാമന്നൻ. ചിറകുള്ള പന്നി, പന്നിക്കൂട്ടത്തെ ആക്രമിക്കുന്ന വേട്ടനായ്ക്കൾ, കഥാപാത്രങ്ങളുടെ കൈകളിലെ ടാറ്റൂ, മണ്ണിൽ നിന്ന്​ മാമന്നനിലേയ്ക്കുള്ള വടിവേലുവിന്റെ പേരുമാറ്റം തുടങ്ങിയവയിലൂടെ സിനിമ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളേക്കാൾ കൂടുതലായി അതിലെ വില്ലൻ സെലിബ്രേറ്റ് ചെയ്യപ്പെടുന്നത്, തലമുറതലമുറയായി അടിച്ചമർത്തപ്പെടുന്ന വലിയൊരു വിഭാഗം ജനതയോട് ചെയ്യുന്ന അനീതിയാണ്.

ഫഹദിന്റെ രത്നവേലിലേക്കുള്ള പരകായ പ്രവേശം, അയാൾ നടത്തിയ തയ്യാറെടുപ്പുകൾ, അതിനയാളെ സഹായിച്ച ഘടകങ്ങൾ എന്നിവ ആഘോഷിക്കുന്നതിൽ തെറ്റില്ല. പക്ഷേ, ഫഹദ് എന്ന നടനുപകരം​ രത്നവേൽ എന്ന വില്ലനിലേക്ക്​ ആരാധന തെന്നിമാറുന്നത്​ പ്രതിലോമകരമായ ഒരു കാഴ്​ചയുടെ സൂചനയാണ്​.

വടിവേലു

ഇതൊക്കെ കണക്കിലെടുക്കുമ്പോഴും നായകനേക്കാൾ ഉയരത്തിൽ തന്റെ കഥാപാത്രങ്ങളുടെ ചിറക് വിടർത്തി, സഹതാരങ്ങൾക്കുമേൽ നിഴൽ പടർത്തി പറക്കാൻ ഫഹദ് എന്ന നടനുള്ള കഴിവ് അംഗീകരിക്കുക തന്നെ വേണം. ഉറച്ച പേശികളും, ആറടി പൊക്കവുമടക്കം ഒരു ടിപ്പിക്കൽ വില്ലൻ കഥാപാത്രങ്ങൾക്ക് യോജിച്ച ആകാരം ഫഹദിനില്ല. നന്നേ മെലിഞ്ഞ, സാധാരണ ശരീരമാണ്​ അയാൾക്കുള്ളത്. ശാരീരിക ബലം വച്ചു നോക്കിയാൽ അല്ലു അർജുന്റെ പുഷ്പയേക്കാളും, ഉദയ്നിധിയുടെ അതിവീരനെക്കാളും ഏറെ പിന്നിലായാവും ഫഹദിന്റെ എസ്​.പി ഷെഖാവത്തും, രത്നവേലും നിൽക്കുക. പക്ഷേ തീക്ഷ്​ണമായ നോട്ടങ്ങളിലൂടെ, ഡയലോഗ് ഡെലിവെറിയിലൂടെ, തന്റേതുമാത്രമായ ചില മാനറിസങ്ങളിലൂടെ തനിക്കുള്ള പരിമിതികൾ മറികടക്കാൻ, ഉഗ്രൻ വില്ലനായി മാറാൻ ഫഹദ്​ ഫസിൽ എന്ന നടനു കഴിയുന്നു. അതോടെ സ്‌ക്രീനിൽ അയാൾ പ്രതി'നായകൻ' ആയി മാറുന്നു.

സായി തമിഴ് (സർപാട്ടയ് മീരൻ), അടുത്ത് നൽകിയ ഒരു ഇന്റർവ്യൂവിൽ, മാമന്നൻ ഷൂട്ടിംഗ് സമയത്തുണ്ടായ ഒരു സംഭവം വിവരിക്കുന്നുണ്ട്. ഫഹദ് അഭിനയിക്കുന്ന ഒരു രംഗം എടുത്തശേഷം സംവിധായകൻ മാരി സെൽവരാജ്​ സെറ്റിലുള്ള എല്ലാ ആളുകളോടും മോണിറ്ററിന്റെ മുൻപിൽ വരിയായി ഇരിക്കാൻ ആവശ്യപ്പെടുന്നു.
‘എന്തിന്​’ എന്ന അവരുടെ ചോദ്യത്തിന് മാരി നൽകുന്ന ഉത്തരം: ‘മാസ്റ്റർ നടിക്കിറാറ്, ഉക്കാർന്ത്‌ പാറുങ്കോ’ എന്നാണ്.
അതേ മാസ്റ്റർ നടിക്കിറാറ്, ഗംഭീരമാ നടിക്കിറാറ്… 

Comments