‘സൂപ്പർ വുമൺ’ എന്ന ഫാമിലി സൂത്രം

‘‘സൂപ്പർ വുമൺ എന്നത് യാഥാസ്ഥിതിക പൊതുബോധം സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളാണെന്ന തിരിച്ചറിവിലേക്ക് ഇവിടുത്തെ സ്ത്രീകൾ ഒരുപരിധിവരെ എത്തിച്ചേർന്നിട്ടുണ്ട്. അതിന്റെ മാറ്റങ്ങൾ സമൂഹത്തിൽ പ്രകടവുമാണ്’’- ഫാലിമി എന്ന സിനിമയുടെ കാഴ്ച.

സ്വന്തമായി അധ്വാനിച്ച് കുടുംബത്തിന്റെ പ്രധാന വരുമാന സ്രോതസായി മാറുമ്പോഴും പുരുഷാധിപത്യ കുടുംബവ്യവസ്ഥയുടെ പിന്നിൽ മാത്രം നടക്കാൻ ‘വിധിക്കപ്പെട്ട’വരാണ് ഭൂരിഭാഗം സ്ത്രീകളും. അത്തരം സ്ത്രീകളുടെ പ്രതിനിധിയായി മാറുന്നുണ്ട് നിതീഷ് സഹദേവിന്റെ കന്നി സംവിധാനത്തിൽ പുറത്തിറങ്ങിയ ഫാലിമി എന്ന ചിത്രത്തിൽ മഞ്ജു പിള്ള അവതരിപ്പിച്ച രമ ചന്ദ്രൻ എന്ന കഥാപാത്രം. അച്ഛനും അമ്മയും അപ്പൂപ്പനും രണ്ട് ആൺമക്കളും അടങ്ങുന്ന മധ്യവർഗ മലയാളി കുടുംബത്തിന്റെ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ നർമത്തെ കൂട്ടുപിടിച്ചാണ് മുന്നോട്ട് പോകുന്നത്.

പ്രായമായ അച്ഛനും യു.കെയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന ഇളയമകനും ജോലിക്ക് പോകാത്ത ഭർത്താവും തുടങ്ങി ഉത്തരവാദിത്വങ്ങളുടെ വലിയ ബാധ്യത പേറിയാണ് രമ എന്ന സ്ത്രീയുടെ യാത്ര. ബേസിൽ ജോസഫ് അവതരിപ്പിച്ച ഡബ്ബിങ് ആർട്ടിസ്റ്റായ അനു എന്ന മൂത്ത മകനും രമയും ചേർന്നാണ് കുടുംബം മുന്നോട്ട് കൊണ്ടുപോകുന്നത്. എന്നാൽ സാമ്പത്തികമായി കുടുംബത്തിലേക്ക് ഒരുപോലെ സംഭാവന ചെയ്യുന്ന രമക്കും അനുവിനും പുരുഷ കേന്ദ്രീകൃത വ്യവസ്ഥ നൽകുന്ന പ്രിവിലേജ് ഒരു പോലെയല്ല. തൊഴിൽരഹിതനായ ഭർത്താവ് ചന്ദ്രനും താഴെയാണ് (ജഗദീഷ് അവതരിപ്പിക്കുന്ന കഥാപാത്രം) രമക്ക് ലഭ്യമായ സ്ഥാനം. ഇതൊരു സാമൂഹ്യയാഥാർഥ്യം കൂടിയാണ്.

ഫാലിമി സിനിമയിൽ മഞ്ജു പിള്ള

ഒരേസമയം ജോലിക്ക് പോവുകയും അടുക്കള ജോലി മുതൽ കുടുംബത്തിലെ മറ്റ് അംഗങ്ങളുടെ വസ്ത്രം അലക്കുന്നതുവരെയുള്ള ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ടിയും വരുന്ന സ്ത്രീകൾ സമൂഹത്തിന് ഒരു സ്വാഭാവികത മാത്രമാണ്. അതിലെ അസ്വഭാവികതയും ലിംഗ അസമത്വവും തിരിച്ചറിയാൻ ആരും ശ്രമിക്കുന്നില്ല. തിരിച്ചറിഞ്ഞാൽ തന്നെ അറിയാത്ത ഭാവം നടിക്കാൻ നമ്മുടെ സമൂഹം പാകപ്പെട്ടുകഴിഞ്ഞു. അത്തരം ഗതികെട്ട ജീവിതാവസ്ഥയിലൂടെ കടന്നുപോകുന്ന സ്ത്രീകളെ 'സൂപ്പർ വുമൺ' ടാഗ് ലൈനിൽ ചുരുക്കി വലുതാക്കി കാണിക്കാനുള്ള സ്ത്രീവിരുദ്ധശ്രമങ്ങൾ കാലകാലങ്ങളായി ഇവിടെ നടക്കുന്നുണ്ട്.

ആറ് കൈകളിലായി ഒരേ സമയം ചൂലും, തൂത്തുവാരിയും, ചട്ടുകവും കത്തിയും വേണമെങ്കിൽഒരു കുഞ്ഞിനെയും കൂടി നൽകി ദൈവിക ഭാവത്തിൽ സ്ത്രീകളെ അവതരിപ്പിക്കുക എന്ന അശ്ലീലം ഒരോ വനിതാദിനത്തിലും മാതൃദിനത്തിലും പുരുഷപ്രൊഫൈലുകൾ പടച്ചുവിടുന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്. സൂപ്പർ വുമൺ എന്നത് യാഥാസ്ഥിതിക പൊതുബോധം സ്ത്രീകൾക്കുമേൽ അടിച്ചേൽപ്പിക്കുന്ന മനുഷ്യത്വവിരുദ്ധമായ ഇടപെടലുകളാണെന്ന തിരിച്ചറിവിലേക്ക് ഇവിടുത്തെ സ്ത്രീകൾ ഒരുപരിധിവരെ എത്തിച്ചേർന്നിട്ടുണ്ട്. അതിന്റെ മാറ്റങ്ങൾ സമൂഹത്തിൽ പ്രകടവുമാണ്.

ആറ് കൈകളിലായി ഒരേസമയം ചൂലും, തൂത്തുവാരിയും, ചട്ടുകവും കത്തിയും വേണമെങ്കിൽ ഒരു കുഞ്ഞിനെയും കൂടി നൽകി ദൈവികഭാവത്തിൽ സ്ത്രീകളെ അവതരിപ്പിക്കുക എന്ന അശ്ലീലം ഒരോ വനിതാദിനത്തിലും മാതൃദിനത്തിലും പുരുഷ പ്രൊഫൈലുകൾ പെടച്ചുവിടുന്നത് സ്ഥിരം കാഴ്ചയായി മാറിയിട്ടുണ്ട്.

ഇനി ഫാലിമിയിലേക്ക് വരുമ്പോൾ, ഒരു ജോലിക്കും പോകാതെ, കാലത്തിനൊത്ത് പുരോഗമിക്കാതെ, തകർന്നുപോയ തന്റെ പ്രിന്റിംങ് പ്രസിനെ നെഞ്ചോട് ചേർത്ത് ജീവിക്കുന്ന സ്വയം ഗൃഹനാഥനെന്ന് അടയാളപ്പെടുത്തുന്ന അച്ഛൻ കഥാപാത്രമാണ് ജഗദീഷിന്റെ ചന്ദ്രൻ. ടിവിക്കു മുന്നിൽ നീട്ടിയിട്ട കസേരയിലിരുന്ന് രാവന്തിയോളം ചാനലുമാറ്റാനും ആവോളം ഉറങ്ങാനും പാകത്തിൽ പ്രിവിലേജ് അയാൾക്കുണ്ട്. എന്നാൽ രാവന്തിയോളം പണിയെടുത്ത് വീട്ടിൽ തിരിച്ചെത്തുന്ന രമയുടെ ജോലി വീണ്ടും അടുക്കളയിൽ തുടങ്ങുകയാണ്. ജോലി കഴിഞ്ഞെത്തുന്ന അനു ഭക്ഷണമുണ്ടാക്കാത്തതിന്റെ പേരിൽ രമയോട് കലഹിക്കുമ്പോഴും ടി.വിക്കുമുന്നിൽ മറുപടികളൊന്നും നൽകാതെ സ്വതന്ത്രനായിരിക്കാൻ അച്ഛന് കഴിയുന്നുണ്ട്. ഇത് സമൂഹം പുരുഷന് നൽകുന്ന പ്രിവിലേജാണ്. ജോലിക്ക് പോകുന്ന പുരുഷനും പോകാത്ത പുരുഷനും സമൂഹം നൽകുന്ന പ്രിവിലേജിന് എത്രയോ എത്രയോ താഴെയാണ് സ്ത്രീയുടെ സ്ഥാനം.

ഒരു കുടുംബത്തിൽ ദിനംതോറും സ്വാഭാവികമെന്നോണം നടക്കുന്ന സംഭവങ്ങളാണ് മേൽപറഞ്ഞതെല്ലാം. സമൂഹത്തിന്റെ പ്രതിഫലനമാകുന്ന സിനിമയിൽ പലയിടത്തും ഇത്തരം കാര്യങ്ങൾ ഉൾപ്പെടുത്താൻ തിരക്കഥാകൃത്തുകൂടിയായ സംവിധായകന് കഴിയുന്നുണ്ട്. വാരണാസിയിലേക്ക് കുടുംബം നടത്തുന്ന യാത്രയാണ് സിനിമയുടെ മുഖ്യപ്രമേയം. ഏതാണ്ട് സിനിമയുടെ ഭൂരിഭാഗവും സംഭവങ്ങളും നടക്കുന്നത് യാത്രാമധ്യേയാണ്. പടത്തലവനെ പോലെ മുന്നേ നടക്കുന്ന അച്ഛൻ കഥാപാത്രത്തെയും താനാണ് കുടുംബത്തെയും യാത്രയേയും നയിക്കുന്നതെന്ന ഭാവത്തിൽ അച്ഛനേക്കാൾ മുന്നേ നടക്കാൻ ശ്രമിക്കുന്ന മകനെയും സിനിമയിൽ കാണാൻ സാധിക്കും. ഇവർക്ക് പിന്നിലാണ് അമ്മയും ബാക്കി രണ്ട് കുടുംബാംഗങ്ങളും സഞ്ചരിക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫ്രെയിം അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയമായി മാറുന്നുണ്ട്.

ഫാലിമി എന്ന സിനിമയിൽ നിന്ന്

അങ്ങേയറ്റം പുരുഷകേന്ദ്രീകൃതവും സ്ത്രീവിരുദ്ധവുമായ ഒരു സാമൂഹ്യ സ്ഥാപനമാണ് കുംടുംബമെന്ന കാര്യത്തിൽ തർക്കമില്ല. പല ജോലികൾ ഒരേസമയം ചെയ്യേണ്ടിവരുന്ന സ്ത്രീകൾസൂപ്പർ വുമൺ അല്ലെന്നും അതൊരു സാമൂഹ്യഅനീതിയാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

Comments